കോണ്ടാക്റ്റ് ക്ലാസ്സിന്റെ അന്ത്യം
ക്ലാസ്സില്‍ കയറിയപ്പൊഴല്ലേ പുകില്... ഇരിയ്ക്കാന്‍ സീറ്റില്ല... അതായത് എന്നെപ്പൊലുള്ള കേമന്മാര്‍ സാധാരണ ഇരിയ്ക്കാറുള്ള ഏരിയയിലൊന്നും സീറ്റില്ല.. അവിടെയൊക്കെ എന്നെക്കാള്‍ കേമന്മാരായവര്‍ നേരത്തേ എത്തി സീറ്റുറപ്പിച്ചു.
'നമ്മളിതെത്ര കണ്ടതാ?' എന്ന ഭാവത്തില്‍ ഏറ്റവും മുന്നിലെ ബഞ്ചില്‍ ഞാന്‍ കയറി ഇരുന്നു.
വേറ ഒരുത്തന്‍ കൂടി ഇരിപ്പുണ്ട് ആ ബഞ്ചില്‍...
'എന്നെക്കാള്‍ മുന്‍പ് എത്തിയ ഹതഭാഗ്യനായിരിയ്ക്കും.. ഗതികേടുകൊണ്ടാവും മുന്നില്‍ തന്നെ ഇരിക്കേണ്ടിവന്നത്...' ഞാന്‍ ഊഹിച്ചു.
ആ സാറിനെ അല്‍പ സമയത്തിനകം എനിയ്ക്ക് ബോധിച്ചു. ക്ലാസ്സിലിരിയ്ക്കുന്നവരൊട് പുള്ളിക്കാരന് നല്ല റെസ്പെക്റ്റ്..
"നിങ്ങളൊക്കെ ആവശ്യത്തിന് വിദ്യാഭ്യാസവും വിവരവും ഉള്ളവരാണെന്ന് എനിയ്ക്കറിയാം... അതുകൊണ്ട് നിങ്ങളൊക്കെ ഈ കോഴ്സ് സുഖമായി പാസ്സാവും. പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് പറഞ്ഞു തരിക എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ.. അല്ലാതെ, വിശദമായ ഒരു പഠനത്തിനുള്ള സമയവും ഇല്ലല്ലൊ.." ഇതൊക്കെയാണ് പുള്ളിക്കാരന്‍ പറഞ്ഞതിന്റെ സാരാംശം.
ഇടയ്ക്കിടയ്ക്ക് ചില പ്രധാന പോയിന്റ്സ് എഴുതിക്കോളൂ എന്ന് സാര്‍ പറയുന്നുണ്ട്. ഞാന്‍ എവിടെ എഴുതാന്‍? ഇടം കണ്ണിട്ട് ഞാന്‍ എന്റെ പത്നിയെ ഒന്ന് നോക്കി. 'നിനക്കിത് തന്നെ വേണമെടാ..' എന്ന ഒരു പുഞ്ചിരി ഭാവം മുഖത്ത്...
ഞാന്‍ അടുത്തിരിയ്ക്കുന്ന സുഹൃത്തിനോട് രണ്ട് പേപ്പര്‍ അങ്ങേരുടെ ബുക്കില്‍ നിന്ന് കീറിത്തരാമോ എന്ന് ചോദിക്കുകയും പുള്ളിക്കാരന്‍ കീറിത്തരികയും ചെയ്തു.
അധികമൊന്നും എഴുതേണ്ടി വന്നില്ല. അപ്പൊഴേയ്ക്കും ആ ക്ലാസ്സ് തീര്‍ന്നു. പ്ലാനിങ്ങിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന സാര്‍ ക്ലാസ്സ് നിര്‍ത്തിയപ്പൊള്‍ ഒരു ഡയലൊഗ്..
"നിങ്ങള്‍ ഇപ്പൊള്‍ മുങ്ങാന്‍ പ്ലാന്‍ ചെയ്യേണ്ടാ.. അറ്റന്‍ഡന്‍സ് കുറച്ച് കഴിഞ്ഞ് കൊണ്ടുവരും.. അത് നാ് ദിവസവും തുടര്‍ച്ചയായി കിട്ടിയാലേ നാലാം ദിവസം അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കൂ.."
പത്ത് മിനിട്ട് ഇന്റര്‍വെല്‍...
ഞാന്‍ പൊയി ഒരു ബുക്ക് വാങ്ങി. ഇനി അതിന്റെ കുറവില്ലാതെ നമ്മള്‍ മോശക്കാരനാവണ്ടല്ലോ... പുസ്തകം വാങ്ങി ക്ലാസ്സ് എത്തിയപ്പോഴാണ് അതിന്റെ പുറം ചട്ട ശ്രദ്ധിച്ചത്.. 'കരീനാ കപൂര്‍... ' ബെസ്റ്റ്...
അതും പിടിച്ച് വീണ്ടും ക്ലാസ്സില്‍...
ഇത്തവണ ക്ലാസ്സ് എടുക്കാന്‍ വന്നത് ഒരു ചെറുപ്പം ടീച്ചര്‍ ആയിരുന്നു. മൊത്തത്തില്‍ തടിച്ച് ഉരുണ്ട് ടാറിന്‍ പാട്ടയുടെ ബോഡി കളറുമായി ഒരു ടീച്ചര്‍... മാര്‍ക്കറ്റിംഗ് ആണത്രേ പുള്ളിക്കാരത്തി വച്ച് കീച്ചാന്‍ പോകുന്നത്.
സ്റ്റഡി മറ്റീരിയല്‍ തുറന്ന് വച്ച് ടീച്ചര്‍ അവിടുന്നും ഇവിടുന്നും വായന തുടങ്ങി. എല്ലാവരും അന്തം വിട്ട് ഇരിക്കുന്ന കണ്ടപ്പോള്‍ ടീച്ചര്‍ അല്‍പം വിശദീകരണങ്ങള്‍ ഒക്കെ നടത്താന്‍ നോക്കി. എവിടെ.. ആകെ ഒരു അങ്കലാപ്പ് എല്ലാവരുടേയും മുഖത്ത്...
ഇംഗ്ലീഷില്‍ വല്ല്യ സ്കൊപ്പില്ലെന്ന് തോന്നിയതുകൊണ്ടാണെന്ന് തോന്നുന്നു, ടീച്ചര്‍ ഭാഷ സെലക്റ്റ് ചെയ്യാന്‍ ഓപ്ഷന്‍ തന്നു..
"തമിഴ് വേണമാ, മലയാളം വേണമാ... തമിഴ് എനക്ക് തെരിയും.. മലയാളം കൊഞ്ച കൊഞ്ചം തെരിയും..."
'അതായത് ഇംഗ്ക്ലീഷ് തെരിയാത്' അതാണ് പറഞ്ഞ് വരുന്നത്.
"അമ്മാ.. എതാവത് ഭാഷയില് ശൊല്ലി മുടിയ്ക്കമ്മാ..' എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ആരും ഒന്നും തീരുമാനം പറഞ്ഞില്ല. അതുകൊണ്ട് അവര്‍ മൂന്ന് ഭാഷയുടേയും ഒരു മിക്സ് സ്വയം സെലക്റ്റ് ചെയ്ത് ക്ലാസ്സ് തുടങ്ങി.
ക്ലാസ്സ് എന്തായാലും മുതലായി...മണ്ടത്തരങ്ങളും കോമഡികളും കൊണ്ട് സമ്പുഷ്ടം...
'വുമണ്‍സ്, മെന്‍സ്, ചില്‍ഡ്രന്‍സ്... എന്നീ പദപ്രയോഗങ്ങള്‍ പലവട്ടം കേള്‍ക്കേണ്ടിവന്നു.
ചില ഇംഗ്കീഷ് വാക്കുകളൊടൊപ്പം തമിഴ് ഫിനിഷിംഗ് ...
പ്രൊഡക്റ്റ് റേഞ്ചിന് എക്സാമ്പിള്‍ പറഞ്ഞത്... 'അപ് റ്റു 10-20 ഏജ് വരേക്ക് പണ്ണലാം, 20-40 ഏജ് വരേക്കും പണ്ണലാം...' ഞാന്‍ ചെവി പൊത്തി.
ആ ക്ലാസ്സിനിടയില്‍ അറ്റന്‍ഡന്‍സ് ഷീറ്റ് കൊണ്ടുവന്നു. അത് ക്ലാസ് മുഴുവന്‍ കറങ്ങിത്തിരിഞ്ഞ് എന്റെ കയ്യില്‍ കിട്ടിയപ്പോഴാണ് എനിയ്ക്ക് അന്ന് വരാതിരുന്ന എന്റെ സുഹൃത്തുക്കളോട് സ്നേഹം തോന്നിയത്.
എന്നാ പിന്നെ അവരുടെ അറ്റന്‍ഡന്‍സ് കൂടെ ഇട്ടേക്കാം എന്ന് വിചാരിക്കുകയും എന്റെ ഭാവനയനുസരിച്ച് ബിജുവിന്റെയും ഗോപിയുടേയും അറ്റന്‍ഡന്‍സ് കോളങ്ങളിലും ഞാന്‍ ഒപ്പങ്ങ് വച്ച് കാച്ചി. എന്നിട്ട് ക്ലാസ്സിലിരുന്ന് അവര്‍ക്ക് ഓരോ SMS വിട്ടു.
'നന്ദി' പ്രകടിപ്പിച്ചുകൊണ്ട് അവറുടെ റിപ്ലേ വരികയും ചെയ്തു.
ഈ പരിപാടി തരക്കേടില്ലല്ലോ എന്ന് എനിക്കു തോന്നി. അപ്പോ അവര്‍ വരുന്ന ദിവസങ്ങളില്‍ എനിയ്ക്കും മുങ്ങാലോ.. അവര്‍ ഒപ്പിട്ട് കൊള്ളുമല്ലോ... പ്രത്യുപകാരം ചെയ്യാതെ അവരെ സഹായിച്ചാല്‍ അവര്‍ക്ക് വിഷമമാവും തീര്‍ച്ചാ...
ലഞ്ച് ബ്രേക്.... ഞാനും പത്നിയും വീട്ടിലേയ്ക്ക് തിരിച്ചു... മിന്നൂസിനെ പ്ലേ സ്കൂളില്‍ നിന്ന് കൊണ്ടുവരണം.. ഒന്ന് ഓഫീസ് വരെ പോകണം.. അങ്ങനെ ഒരുപാട് പരിപാടികളുള്ളതല്ലേ...
എന്തായാലും അറ്റന്‍ഡന്‍സിന്റെ ഗുട്ടന്‍സ് പിടി കിട്ടി. കാലത്തും വൈകീട്ടും രണ്ടാമത്തെ പിരീഡ് ആകുമ്പോഴേ ഇത് കൊണ്ടുവരൂ... അല്ലെങ്കില്‍ എല്ലാവരും ഒപ്പിട്ടിട്ട് മുങ്ങുമെന്ന് വളരെ നിശ്ചയം.
ഉച്ച കഴിഞ്ഞ് ഭാര്യയോട് വീട്ടിലിരുന്നോളാന്‍ ഞാന്‍ പറഞ്ഞു. അവളുടെ ഒപ്പ് അവളെക്കാള്‍ നന്നായി ഇടാന്‍ അറിയാവുന്ന ഞാനുള്ളപ്പോള്‍ വെറുതേ എന്തിന് ക്ലാസ്സ് അറ്റന്‍ഡ് ചെയ്യണം?
ഉച്ച കഴിഞ്ഞ് കോളേജില്‍ എത്തിയപ്പോള്‍ ഞാന്‍ ഞങ്ങളുടെ സ്റ്റഡി സെന്ററിലെ സ്റ്റാഫിനെ കാണുകയുണ്ടായി. ലീവ് എടുത്താണ് ക്ലാസ്സ് അറ്റന്‍ഡ് ചെയ്യുന്നതെന്നും എങ്ങനെയെങ്കിലും അറ്റന്‍ഡന്‍സ് അഡ്ജസ്റ്റ് ചെയ്യാന്‍ മാര്‍ഗ്ഗമുണ്ടോ എന്ന് അങ്ങേരോട് ചോദിക്കുകയും ചെയ്തു.
'ഹേയ്.. അറ്റന്‍ഡന്‍സ് നിര്‍ബദ്ധമാണ്... ക്ലാസ്സ് അറ്റന്‍ഡ് ചെയ്യുകയല്ലാതെ വേറെ വഴിയൊന്നുമില്ല..' പുള്ളിക്കാരന്‍ കൈ മലര്‍ത്തി (മലര്‍ത്തിയോ കമിഴ്ത്തിയോ എന്നതല്ല പ്രശ്നം.. പുള്ളിക്കാരന്‍ സമ്മതിക്കില്ല അത്ര തന്നെ)
ഉച്ച കഴിഞ്ഞ് 2.30 ന് ഞാന്‍ വീണ്ടും ക്ലാസ്സില്‍ കയറി... ദേ പിന്നേം ആ ടീച്ചര്‍ തന്നെ...
ഇത്തവണ ക്ലാസ്സില്‍ ഇരിയ്ക്കാന്‍ ബുദ്ധിമുട്ടായിരുന്നു... മേല്‍ക്കൂരയും ചുവരുകളും പാട്ട കൊണ്ട് നിര്‍മ്മിതമായ ആ ക്ലാസ്സ് റൂം ചുട്ടു പഴുത്ത് ഞങ്ങളെ വേവിച്ചുകൊണ്ടിരിക്കുന്നു... ഇത് അവര്‍ കരുതിക്കൂട്ടി തന്നെ ചെയ്തതാവും... MBA ഇ- ബിസിനസ്സ് എന്നതിന് ചേര്‍ന്നിരിക്കുന്നവരില്‍ മിക്കവാറും പേര്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ അത്തരക്കാര്‍ക്ക് പൊതുവേ അഹങ്കാരം കൂടുതലായിരിക്കും എന്നതിനാലും അവരെ ഒതുക്കാന്‍ ചെയ്ത പണി പോലെ തന്നെയുണ്ട്.
ഇപ്രാവശ്യവും അറ്റന്‍ഡന്‍സ് വന്നപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കളുടെ അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്തു ...
പിറ്റേ ദിവസം 10.30 ന് എത്തിയ ഞങ്ങള്‍ രണ്ടാമത്തെ പിരീഡ് ആയപ്പോഴേയ്ക്ക് ക്ലാസ്സില്‍ കയറുകയും അറ്റന്‍ഡന്‍സ് പരിപാടി തുടരുകയും ചെയ്തു. അന്ന് വൈകീട്ട് വരെ ഗതികേടുകൊണ്ട് ക്ലാസ്സിലിരുന്നു. (15 കിലോമീറ്ററോളം വീട്ടില്‍ വന്ന് തിരിച്ച് പോകുക അത്ര എളുപ്പമല്ല.. അതും എറണാകുളത്തെ വിജനമായ വീഥികളിലൂടെ.. 'വിജനം' എന്നാല്‍ വിത്ത് ജനം എന്നാണ് ഉദ്ദേശിച്ചത്)
യൂണിവേര്‍സിറ്റിയുടെ നോട്ടീസില്‍ പ്രത്യേകം പറഞ്ഞിരുന്നത് എന്തെന്നാല്‍ 'കോണ്ടാക്റ്റ് ക്ലാസ്സ് അറ്റന്‍ഡ് ചെയ്യാതെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല' എന്നതായിരുന്നു. 'മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ മറ്റോ പ്രയോജനകരമല്ലെ'ന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നോട്ടിഫിക്കേഷന്റെ കാരണം അപ്പോഴാണ് മനസ്സിലായത്... പിടിച്ച് കെട്ടിയിട്ടാലല്ലാതെ ആരും ആ ക്ലാസ്സുകള്‍ മുഴുവന്‍ അറ്റന്‍ഡ് ചെയ്യാന്‍ യാതൊരു സാദ്ധ്യതയുമില്ല.. അത്രയ്ക്ക് കേമം..
ശനി, ഞായര്‍ ദിവസങ്ങളില്‍ ബിജുവും ഗോപിയും അറ്റന്‍ഡ് ചെയ്യാം എന്ന് അറിയിച്ചതിനാല്‍ എനിയ്ക്ക് അന്ന് സൗകര്യം പോലെ എത്തിയാല്‍ മതി എന്ന ആശ്വാസം തോന്നി.
അങ്ങനെ മൂന്നാം ദിവസം (ശനിയാഴ്ച) ഗോപി നേരത്തേ ക്ലാസ്സില്‍ എത്തുകയും എന്റെയും എന്റെ ഭാര്യയുടേയും ഒപ്പിടുന്നതില്‍ വിജയം കൈവരിക്കുകയും ചെയ്തതായി അറിയിച്ചു. ബിജു എത്താന്‍ അല്‍പം ലേറ്റ് ആയതിനാല്‍ ബിജുവിന്റെ ഒപ്പും ഗോപി തന്നെ ഇട്ടിരുന്നു.
സംഭവം ഗോപി ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലെ ക്വാളിറ്റി മാനേജര്‍ ആണെങ്കിലും ഇത്തരം ഒപ്പിടല്‍ പരിപാടികളില്‍ ക്വാളിറ്റി ഒട്ടും തന്നെ ഇല്ല എന്ന് മനസ്സിലാക്കിത്തരുന്നതായിരുന്നു തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍.
കാലത്തെ സെഷന്‍ തീരാറായപ്പോള്‍ അറ്റന്‍ഡര്‍ വന്ന് ഞങ്ങള്‍ നാലു പേരുടേയും പേര് വിളിച്ചിട്ട് കോ ഓര്‍ഡിനേറ്ററെ കാണാന്‍ ആവശ്യപ്പെട്ടു. അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഇട്ടിരുന്ന ഒപ്പുകളുടെ ആ മിഴിവും മികവും തന്നെ കാരണം...
എന്റെ തുടര്‍ച്ചയായ 4 ഒപ്പുകള്‍ക്ക് ശേഷം വന്നിരിക്കുന്ന ഒപ്പ് (ഗോപി ഇട്ടത്) അമിതാബ് ബച്ചനും വെട്ടൂര്‍ പുരുഷനും പോലത്തെ സാമ്യം...
കോ ഓര്‍ഡിനേറ്ററും കൂട്ടരും ചേര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഗോപി വിവരം പറഞ്ഞു..
"ദേ.. ബിജുവിന്റെ ഒപ്പ് ഞാനാണ് ഇട്ടത്.. പുള്ളിക്കാരന്‍ വരാന്‍ ലേറ്റ് ആയതാണ്.. ദേ വന്നല്ലോ... പ്രശ്നം തീര്‍ന്നേ.. ഇനി, മറ്റ് രണ്ട് പേര്‍ ഓണ്‍ ദ വേ ആണ്.. ഇപ്പോ എത്തും..."
"നല്ല ന്യായീകരണം..." എന്ന് പറഞ്ഞ് അവര്‍ യാതൊരു കോമ്പ്രമൈസിനും തയ്യാറല്ല...
അപ്പോഴേയ്ക്കും എനിയ്ക്ക് മെസ്സേജ് വന്നു... "കം ഫാസ്റ്റ് ... സം പ്രോബ്ലം..." ഇതായിരുന്നു മെസ്സേജ്..
കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും ഗോപി എന്നെ ഫോണില്‍ വിളിച്ചു.
"ഇവിടെ ആകെ പ്രശ്നമായി മോനേ.. വേഗം വാ... എന്റെയും ബിജുവിന്റെയും കാര്യം പോക്കാ.. നീ വന്ന് നിന്റെയും ഭാര്യയുടേയും അറ്റന്‍ഡന്‍സ് ശരിയാക്കാന്‍ നോക്ക്.. നിങ്ങള്‍ കഴിഞ്ഞ 2 ദിവസം അറ്റന്‍ഡ് ചെയ്തതല്ലേ..."
"എന്താ ഇപ്പോഴത്തെ സിറ്റുവേഷന്‍?" ഞാന്‍ ചോദിച്ചു.
"ഞാനാണ് 4 ഒപ്പും ഇന്ന് ഇട്ടതെന്ന് ഞാന്‍ സമ്മതിച്ചു.. അത് എന്റെ കയ്യക്ഷരവും പേനയുടെ മഷിയും വച്ചു നോക്കിയാല്‍ ക്ലിയര്‍ ആണ്.. പിന്നെ, എന്റെ റിയല്‍ ഒപ്പ് കമ്പയര്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ എന്റെ കയ്യില്‍ ഐഡന്റിറ്റി കാര്‍ഡ് ഇല്ല... ബിജുവിന്റെ ഇതുവരെയുള്ള നീ ഇട്ടിരിയ്ക്കുന്ന ഒപ്പ് അവന്റെ ഐഡന്റിറ്റി കാര്‍ഡിലേതുമായി കമ്പയര്‍ ചെയ്തപ്പോള്‍ ഒരു ബന്ധമേയില്ലാ.... അതുകൊണ്ട് 4 പേരുടേയും അറ്റന്‍ഡന്‍സ് ക്യാന്‍സല്‍ ചെയ്തു എന്നാണ് അവര്‍ പറയുന്നത്.."
"അതെങ്ങനെ ക്യാന്‍സല്‍ ചെയ്യും.. നമുക്ക് പറഞ്ഞു നോക്കാം..."
"നീ വന്ന് നിങ്ങളുടെ കാര്യം ശരിയാക്കാന്‍ നോക്ക്.. അത് കഴിഞ്ഞിട്ടാകാം ഞങ്ങളുടെ കാര്യം... നീ വരുന്ന വരെ ഞങ്ങള്‍ നിക്കണോ അതോ പോണോ...."
"പോകല്ലേ... ഞാന്‍ വന്നുകൊണ്ടിരിയ്ക്കയാണ്.... നമുക്ക് എന്തേലും വഴിയുണ്ടോന്ന് ചോദിച്ച് നോക്കാം..." ഞാന്‍ പറഞ്ഞു.
കാറിലിരുന്ന് ഭാര്യയുടെ വേവലാതികള്‍ തുടര്‍ന്നു...
"നിങ്ങളെയൊക്കെ വിശ്വസിച്ച് ആവശ്യമില്ലാത്ത പണിയ്ക്ക് നിന്നതാ പ്രശ്നം... ഞാനല്ലാതെ ഇങ്ങനത്തെ തരികിടകളുടെ കൂടെ ഇതൊക്കെ പഠിയ്ക്കാന്‍ ചേരുമോ?... ദൈവമേ... എല്ലാവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ... ഞാന്‍ ക്ലാസ്സിലേയ്ക്കില്ല... എനിയ്ക്ക് വയ്യ അവരുടെ ചീത്ത കേള്‍ക്കാന്‍..."
"നീയൊന്ന് സമാധാനപ്പെട്... ആരുടേയും സ്വത്തും മുതലും ഒപ്പിട്ട് മേടിച്ചതൊന്നുമല്ലല്ലോ... അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒരു സഹായം ചെയ്യാനായി ഒപ്പിട്ടു, അത്രേ ഉള്ളൂ... അതിന് ഇവര്‍ ഇത്ര പ്രശ്നമാക്കേണ്ട എന്തിരിയ്ക്കുന്നു... നമുക്ക് ചോദിക്കാം..."
"നിങ്ങള്‍ക്ക് അതൊക്കെ പറയാം.. എനിയ്ക്ക് വയ്യാ നാണം കെടാന്‍..." ഭാര്യ തുടര്‍ന്നു.
"എന്ത് നാണം കെടാന്‍? എല്ലാവരും ജോലിയും മറ്റ് കാര്യങ്ങളുമൊക്കെ ഉള്ളവരാണ്.. അപ്പോള്‍ ക്ലാസ്സ് മുഴുവന്‍ അറ്റന്‍ഡ് ചെയ്യാന്‍ ഇത്തിരി ബുദ്ധിമുട്ടൊക്കെ സ്വാഭാവികം.. അതൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടേ... എന്തായാലും അവിടെ ചെല്ലട്ടേ... നീ കിടന്ന് പിടയാതെ..."
കാര്‍ അവിടെ എത്തിയപ്പോഴെയ്ക്ക് ഞങ്ങളെക്കാത്ത് ബിജുവും ഗോപിയും സുസ്മേരവദനരായി നില്‍പ്പുണ്ടായിരുന്നു.
"ഞങ്ങള്‍ ഇവിടെ നില്‍ക്കാം... നിങ്ങള്‍ ചെന്ന് പറഞ്ഞ് നോക്ക്.." ഗോപി പറഞ്ഞു.
ഞങ്ങള്‍ അവിടെ കോ-ഓര്‍ഡിനേറ്ററും മറ്റും ഇരിയ്ക്കുന്ന റൂമിലേയ്ക്ക് ചെന്നു. അവിടെയിരിയ്ക്കുന്ന ഒരാളോട് വിവരം പറഞ്ഞു.
"ഞങ്ങള്‍ ഇന്നലെ വരെ ക്ലാസ്സ് അറ്റന്‍ഡ് ചെയ്തതാണ്. ഇന്ന് അല്‍പം ലേറ്റ് ആയി. എന്റെ ഫ്രണ്ട്‌സിനോട് ലേറ്റ് ആവുമെന്ന് അറിയിച്ചപ്പോള്‍ അവര്‍ അറ്റന്‍ഡന്‍സ് ഷീറ്റില്‍ സൈന്‍ ചെയ്തു. "
"ഓ.. ഷോ മി യുവര്‍ ഐഡന്റിറ്റി കാര്‍ഡ്സ്.."
ഒപ്പ് മാച്ചിംഗ് ആണോ എന്ന് നോക്കാനാണെന്ന് നമുക്കറിയില്ലേ...
ഞങ്ങള്‍ രണ്ടുപേരും ഐഡന്റിറ്റി കാര്‍ഡ് കൊടുത്തു. ഞങ്ങളോട് അപ്പുറത്തെ റൂമില്‍ നിന്ന് അറ്റന്‍ഡന്‍സ് ഷീറ്റ് വാങ്ങി വരാന്‍ അയാള്‍ ആവശ്യപ്പെട്ടു.
അവിടെ സ്റ്റഡി സെന്ററിലെ സ്റ്റാഫ് ആയ തലേന്ന് ഞാന്‍ ചെന്ന് അറ്റന്‍ഡന്‍സ് റിക്വസ്റ്റ് ചെയ്ത ചെറുപ്പക്കാരന്‍ ഇരിപ്പുണ്ട്.
അങ്ങേരോട് ഞാന്‍ വിവരം പറഞ്ഞപ്പോഴേയ്ക്ക് ആള്‍ ആകെ വല്ല്യ ചൂട്..
"ഹേയ്.. ഇനി ഒന്നും നടക്കില്ല.. അറ്റന്‍ഡന്‍സ് ക്യാന്‍സല്‍ ചെയ്തു.. കോ-ഓര്‍ഡിനേറ്റര്‍ കണ്ടുപിടിച്ചു... ഇനി ഒന്നും ചെയ്യാനില്ല.."
"അതെന്താ സുഹൃത്തേ അങ്ങനെ... ഞങ്ങള്‍ കഴിഞ്ഞ രണ്ടുദിവസവും ഇവിടെ വന്നത് താങ്കളും കണ്ടതല്ലേ...??"
"കണ്ടതൊക്കെ ശരിതന്നെ... പക്ഷേ, നിങ്ങളുടെ സമ്മതമില്ലാതെ മറ്റ് ആരെങ്കിലും ഒപ്പിടുമോ?" അങ്ങേര്‍ വാദപ്രദിവാദത്തിനു തന്നെ.
"എന്തായാലും വരും.. അപ്പോള്‍ അറ്റന്‍ഡന്‍സ് മിസ്സ് ആവണ്ടല്ലോ എന്ന് വിചാരിച്ച് ഇട്ടതയിരിയ്ക്കും.." ഞാന്‍ പറഞ്ഞു നോക്കി.
"അതിനിങ്ങനെയാണോ? എന്നോട് വന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒപ്പിടാന്‍ സമ്മതിക്കുമായിരുന്നല്ലോ..."
"ഹേയ്.. ഇന്നലെ വന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അങ്ങനെയല്ലല്ലോ പറഞ്ഞത്.... "
"അത്....., പലരും അങ്ങനെ ആവശ്യപ്പെടും.. പക്ഷേ, വളരെ ജനുവിന്‍ കേസ് ആണെങ്കില്‍ ഞങ്ങള്‍ സമ്മതിക്കുന്നതേയുള്ളൂ..."
"എന്തായാലും സംഭവിച്ചുപോയില്ലേ.. ഇതിപ്പോ ഞങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസവും വന്നതാണ്.. ഇന്നും എത്തിയിട്ടുണ്ട്.. അപ്പോള്‍ ഞങ്ങള്‍ക്ക് അറ്റന്‍ഡന്‍സ് തന്ന് പ്രൊസീഡ് ചെയ്യാന്‍ അനുവദിച്ചുകൂടേ??"
"ഹേയ്.. അത് പറ്റില്ലാ.. നിങ്ങള്‍ ബിജുവിന്റെ കോളത്തില്‍ കഴിഞ്ഞ രണ്ട് ദിവസം ഒപ്പിട്ടില്ലേ... അത് ചീറ്റിംഗ് അല്ലേ...??"
"സുഹൃത്തേ... ഒരു അറ്റന്‍ഡന്‍സ് ഒപ്പിടുന്നതാണോ ഇത്ര വല്ല്യ ചീറ്റിംഗ്... ഞാന്‍ ആരുടേയും വീടും പറമ്പും ഒന്നും ഒപ്പിട്ടെടുത്തതല്ലല്ലോ... കള്ള ചെക്ക് ഒപ്പിട്ടതുമല്ലാ... ഒരു സുഹൃത്തിന് വരാന്‍ കഴിയാഞ്ഞപ്പോള്‍ ഒന്ന് സഹായിച്ചു... അതിനിത്ര പ്രശ്നമാക്കാന്‍ എന്തിരിക്കുന്നു.... ഒന്ന് അഡ്ജസ്റ്റ് ചെയ്യാവുന്നതല്ലേയുള്ളൂ..." ഞാന്‍ വീണ്ടും പറഞ്ഞു നോക്കി.
"ഒരു രക്ഷയുമില്ല.. നിങ്ങള്‍ ചെയ്തത് ശരിയായില്ല.. ആദ്യമായാണ് ഇവിടെ അങ്ങനെ ഒപ്പിടുന്നത്.. ഇങ്ങനെ സമ്മതിച്ചാല്‍ ഇത് എല്ലാവരും ചെയ്യില്ലേ??"
"പറ്റിയത് പറ്റി.. ഇനി അങ്ങനെ സംഭവിക്കാതിരുന്നാല്‍ പോരേ..."
"വേണമെങ്കില്‍ ഒരു കാര്യം ചെയ്യാം... ഞാന്‍ പറഞ്ഞ് നിങ്ങളുടെ വൈഫിന്റെ അറ്റന്‍ഡന്‍സ് ശരിയാക്കാം.. നിങ്ങളുടെ കാര്യം രക്ഷയില്ലാ..."
പകുതി ആശ്വാസമായെങ്കിലും ബാക്കി പകുതി കൂടി ശരിയാക്കാനായി എന്റെ ശ്രമം..
"ശരി... എന്തായാലും ഞാന്‍ കോ-ഓര്‍ഡിനേറ്ററോട് ഒന്ന് പറഞ്ഞു നോക്കട്ടെ..നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്തില്ലേലും എതിര്‍പ്പ് പറയാതിരുന്നാല്‍ മതി.."
"അത് ശരിയാവില്ല... ഞാന്‍ അങ്ങേരെ കണ്ട് നിങ്ങളുടെ ഭാര്യയുടെ അറ്റന്‍ഡന്‍സ് ശരിയാക്കാം.. പക്ഷേ, നിങ്ങള്‍ സംസാരിക്കാന്‍ നില്‍ക്കരുത്... " അയാള്‍ക്ക് നിര്‍ബദ്ധം.
"അതെന്താ.. ഞാനൊന്ന് പറഞ്ഞ് നോക്കട്ടെ..."
"അതൊന്നും ശരിയാവില്ലാ..." എന്നും പറഞ്ഞു പുള്ളിക്കാരന്‍ അവിടെ നിന്ന് പോയി.
ഞാന്‍ നോക്കിയപ്പോള്‍ എന്റെ ഭാര്യ അവിടെ നിന്ന് ദൂരെ മാറി നില്‍പ്പുണ്ട്. ഇവളെ കൂടെ കൂട്ടി ഒരു സഹതാപതരംഗം വര്‍ക്ക് ഔട്ട് ചെയ്യാന്‍ നോക്കിയ എന്നെ വേണം പറയാന്‍..
"നീയെന്താ വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ഫീലിങ്ങോടെ നില്‍ക്കുന്നത്?..." ഞാന്‍ ചോദിച്ചു.
"പിന്നേ.. എനിയ്ക്ക് ഇങ്ങനെ കുറ്റം ചാര്‍ത്തി ചോദ്യം ചെയ്യുന്ന തരത്തിലൊന്നും ഇതിനുമുന്‍പ് നില്‍കേണ്ടിവന്നിട്ടില്ല... ഇതൊന്നും ശീലവുമില്ല... നിങ്ങളുടെ കൂടെ കൂടിയശേഷമാ ഇങ്ങനെയൊക്കെ... ഞാനില്ല ഒന്നിനും.."
"നീ ഒന്ന് അടങ്ങ്.. പറഞ്ഞ് നോക്കട്ടെ.. ഇപ്പോ നിന്റെ അറ്റന്‍ഡന്‍സ് ശരിയാക്കാം എന്ന് ഏറ്റിട്ടുണ്ട്.. അതെങ്കില്‍ അത്.. ബാക്കി നോക്കാം.." ഞാന്‍ പറാഞ്ഞു..
എന്നെ ഞെട്ടിച്ച് കൊണ്ട് എന്റെ ഭാര്യയുടെ മറുപടി വന്നു. "അത് വേണ്ടാ...അങ്ങനെ അങ്ങേരുടെ ഔദാര്യം വേണ്ടാ.. നമുക്ക് അയാളുടെ അറ്റന്‍ഡന്‍സ് വേണ്ടാന്നേ..."
'ഹോ.. എന്തൊരു ഇന്റഗ്രിറ്റി.. എനിയ്ക്ക് കിട്ടാത്ത അറ്റന്‍ഡന്‍സ് അവള്‍ക്കും വേണ്ട...' എന്നൊക്കെ മനസ്സില്‍ വിചാരിച്ച് ഒരല്‍പ്പം ആരാധനയോടെ നോക്കിയപ്പോഴേയ്ക്ക് അവള്‍ ബാക്കി കൂടി പറഞ്ഞു.
"എന്തായാലും ഞാന്‍ ഈ കൊല്ലം പരീക്ഷയൊന്നും എഴുതാന്‍ പോകുന്നില്ലാ.. പിന്നെന്തിനാ അറ്റന്‍ഡന്‍സ്..?? അത് അടുത്ത കൊല്ലം അറ്റന്‍ഡ് ചെയ്യാലോ.."
"ഓഹോ.. അത് തരക്കേടില്ലാ... എന്നാപ്പിന്നെ അങ്ങനെയാവട്ടെ അല്ലേ.." എനിയ്ക്കും ആ ഐഡിയ ബോധിച്ചു. മാത്രവുമല്ല, ഇതങ്ങോട്ട് കഴിഞ്ഞ് ചെന്നാല്‍ നേരേ MD ആക്കാമെന്നൊന്നും ആരും ഓഫര്‍ തന്നിട്ടും ഇല്ലല്ലോ...
"എന്നാല്‍ പിന്നെ അടുത്ത കൊല്ലം അറ്റന്‍ഡ് ചെയ്ത് അറ്റന്‍ഡന്‍സ് ശരിയാക്കിയാല്‍ മതിയോ എന്ന കാര്യങ്ങള്‍ ആ കോ-ഓര്‍ഡിനേറ്ററോട് ചോദിച്ചറിഞ്ഞാലോ?" എന്ന് ഞാന്‍ പറഞ്ഞ് കഴിഞ്ഞതും അതാ അങ്ങേര്‍ എത്തിക്കഴിഞ്ഞു.
ഞങ്ങള്‍ അടുത്തെത്തി.. കഴിഞ്ഞ രണ്ട് ദിവസവും വന്നിരുന്നെന്നും ഇന്ന് ലേറ്റ് ആയെന്നുമൊക്കെ മുഖവുരയോടെ തുടങ്ങിയപ്പോള്‍ ഞങ്ങളെ ക്ലാസ്സില്‍ കണ്ട കാര്യം പുള്ളിക്കാരന്‍ സ്ഥിരീകരിച്ചു, എന്നിട്ട് ഇന്നത്തെ അറ്റന്‍ഡന്‍സ് ശരിയാക്കാം എന്ന ഭാവത്തോടെ സംസാരിച്ച് തുടങ്ങിയപ്പോഴേയ്ക്ക് അവിടെ നിന്നിരുന്ന അറ്റന്‍ഡര്‍ ഇടപെട്ടു..
"സാര്‍.. അത് ആ സിഗ് നേച്ചര്‍ പ്രോബ്ലം ഇല്ലയാ... ആ കേസ് താന്‍..."
"ഓ.. അത് താനാ.... സാറി....അത് യുവര്‍ സ്റ്റഡി സെന്റര്‍ പേര്‍സണ്‍ താന്‍ കണ്ട് പുടിച്ചത്... ഐ ആം റെഡി റ്റു ഹെല്‍പ് യു..... യു ഡിസ് കസ് വിത്ത് ഹിം...."
അപ്പോഴല്ലേ സംഗതികളുടെ കിടപ്പ് പിടികിട്ടിയത്. ഇങ്ങേര്‍ക്കല്ല പ്രശ്നം... എത്ര നല്ലവനായ അയല്‍ സംസ്ഥാനക്കാരന്‍... പുള്ളിക്കാരന്‍ മുല്ലപ്പെരിയാര്‍ പ്രശ്നമൊന്നും അറിഞ്ഞിട്ടില്ലാ.. പാവം...
പ്രശ്നം നമ്മ സ്വന്തം ആള് താന്‍...
ഞാന്‍ ബിജുവിന്റെ അടുത്തേയ്ക്ക് ചെന്ന് വിവരം പറഞ്ഞു.
"ങാ.. ശരിയാണെന്നേ... ഞാനും ആദ്യം സ്റ്റഡി സെന്ററിലുള്ളവനല്ലേ...., നമ്മളെ ഹെല്‍പ്പ് ചെയ്യുമല്ലോ എന്നൊക്കെ വിചാരിച്ച് അവന്റെ അടുത്ത് ചെന്ന് പറഞ്ഞു. അപ്പോള്‍ അവന്‍ ഭയങ്കര ചൂട്... അവനാണ് പ്രശ്നമെന്ന് എനിയ്ക്കും തോന്നി.. പക്ഷെ, അവന്‍ പറയുന്നത് കോ-ഓര്‍ഡിനേറ്റര്‍ ആണ് പ്രശ്നമ്മെന്ന്...."
"ഇവനെന്താ നമ്മോടിത്ര വൈരാഗ്യത്തിന് കാരണം??" ഞാന്‍ ചോദിച്ചു.
അപ്പോഴാണ് ബിജു ആ രഹസ്യം വെളിപ്പെടുത്തിയത്...
"ഞാന്‍ ഫീസ് അടയ്ക്കാന്‍ സ്റ്റഡി സെന്ററില്‍ ചെന്നപ്പോള്‍ ഇങ്ങേരാണ് അസ്സൈന്‍ മെന്റ് എഴുതാതെ കാശ് കൊടുത്തിട്ടുള്ള പരിപാടി പറഞ്ഞത്... അതായത് 4000 രൂപ കൊടുത്താല്‍ ഇക്കൊല്ലത്തെ എല്ലാ പേപ്പറിന്റെയും അസ്സൈന്‍ മെന്റ് അങ്ങേര് അറേഞ്ച് ചെയ്ത് കൊടുക്കാം എന്ന് പറഞ്ഞിരുന്നു..."
ബിജു ഈ കാര്യം എന്നോടും നേരത്തേ സൂചിപ്പിച്ചിരുന്നു. ഇത്രയും കാശ് കൊടുത്ത് ഇത് എഴുതിപ്പിക്കുന്ന കാര്യത്തില്‍ എനിയ്ക്കും ഗോപിയ്ക്കും വല്ല്യ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. മാത്രമല്ല, ഈ കോണ്ടാക്റ്റ് ക്ലാസ്സ് തുടങ്ങുന്നതിനുമുമ്പ് തീരുമാനം പറഞ്ഞ് കാശ് കൊടുക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടിരുന്നു.
ഇവിടെ കോണ്ടാക്റ്റ് ക്ലാസ്സിന് വന്നപ്പോള്‍ അതിന്റെ മുന്നില്‍ വില്‍ക്കുന്ന ഗൈഡുകളില്‍ അസ്സൈന്‍ മെന്റ് ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളുടെ പേജ് നമ്പറുകളും വരെ കൃത്യമായി കൊടുത്തിരിയ്ക്കുന്നു. എല്ലാ സബ്ജക്റ്റിന്റെ ബുക്കുകളും ചേര്‍ന്ന് വില 630 രൂപ മാത്രം. ഇത് കണ്ടാല്‍ പിന്നെ ആരെങ്കിലും 4000 രൂപ മുടക്കി വേറെ എഴുതിപ്പിക്കുമോ... അതാണ്, ഈ ക്ലാസ്സ് തുടങ്ങുന്നതിനുമുമ്പ് കണ്‍ഫര്‍മേഷന്‍ പറഞ്ഞ് കാശ് കൊടുക്കണമെന്ന് അങ്ങേര് നിര്‍ബന്ധം പിടിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.
"അപ്പോള്‍ നമ്മള്‍ പുള്ളിക്കാരന് അസ്സൈന്‍ മെന്റ് ബിസിനസ്സ് ശരിയാക്കിക്കൊടുക്കാത്തതാണ് പ്രശ്നം അല്ലേ??" ഞാന്‍ ചോദിച്ചു.
"അത് തന്നെയാവണം..."ബിജു ഏതാണ്ട് ഉറപ്പിച്ചു.
"വാ.. നമുക്ക് ആ കോ-ഓര്‍ഡിനേറ്ററോട് അടുത്ത സെമസ്റ്ററിന് ഈ മിസ്സായ കോണ്ടാക്റ്റ് ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്താല്‍ മതിയോ എന്ന് ചോദിച്ചു നോക്കാം.." എന്റെ ഭാര്യയ്ക്ക് നിര്‍ബന്ധം.
ഞങ്ങള്‍ കോ-ഓര്‍ഡിനേറ്ററുടെ അടുത്തെത്തി.
"സാര്‍.. ഈഫ് അറ്റന്‍ഡന്‍സ് ഈസ് നോട്ട് പോസ്സിബിള്‍ നൗ... ഷാല്‍ വി അറ്റന്‍ഡ് ദിസ് ക്ലാസ് ഇന്‍ നെക്സ്റ്റ് ഇയര്‍?"
"അത് താന്‍ നല്ലത് അമ്മാ... അറ്റന്‍ഡന്‍സ് കറകറ്റ് പണ്ണത് റൊമ്പ കഷ്ടം.. അതെല്ലാം വിട്ടിടുങ്കോ... ഗൊ ഹോം ഹാപ്പിലി ആന്‍ഡ് അറ്റന്‍ഡ് നെക്സ്റ്റ് ടൈം... ഇതെല്ലാം ജസ്റ്റ് ഫോര്‍മാലിറ്റി... ഓണ്‍ലി തിംഗ് ഈസ് ദാറ്റ് യു പാസ്സ് ദ കോഴ്സ് ഇന്‍ ദ ടൈം ഫ്രയിം.." അദ്ദേഹം ഉപദേശിച്ചു.
"സര്‍... വി ഹാവ് 7 ഇയേര്‍സ് ടൈം ആസ് പെര്‍ യൂണിവേര്‍സിറ്റി ഗൈഡ് ലൈന്‍സ്..." എന്റെ ഭാര്യ നിഷ്കളങ്കമായി പറഞ്ഞു.
"അയ്യയ്യോ അമ്മാ... 7 ഇയേര്‍സാ..... പാസ്സ് ദിസ് കോഴ്സ് ഇന്‍ 2 ഇയേര്‍സ് ടേം എന്നത് താന്‍ മീന്‍ പണ്ണത്..."
ഒരു ചമ്മിയ ചിരിയോടെ അവള്‍ സംതൃപ്തിയടഞ്ഞു.
എനിയ്ക്ക് ചിരിവന്നു.
"നമ്മള്‍ എത്രകൊല്ലം കൊണ്ട് എഴുതി എടുക്കാന്‍ പോകുന്നു എന്നൊക്കെ ഇങ്ങേരോട് പറയാന്‍ നിക്കണോ, മണ്ടി... "
'എന്തായാലും ഈ കൊടും ചൂടത്ത് കത്തിയും കേട്ട് ഇരിയ്ക്കാതെ വീട്ടില്‍ പോയി കിടന്നുറങ്ങാമല്ലോ..' എന്ന ആശ്വാസമായിരുന്നു എനിയ്ക്ക്.
അങ്ങനെ ഒരു ജൂസും കുടിച്ച് കാറില്‍ കയറി വീട്ടിലേയ്ക്ക്...
കാറിലിരിയ്ക്കുമ്പോള്‍ എന്റെ മനസ്സില്‍ 'എങ്ങനെയൊക്കെ ആ സ്റ്റഡി സെന്ററിലെ അവനിട്ട് ഒരു പണികൊടുക്കാം..' എന്നതിന്റെ പദ്ധതികള്‍ മിന്നിമറയുകയായിരുന്നു...
അതേ സമയം, കാറിലിരുന്നുകൊണ്ട് ഭാര്യയുടെ ഒരു ആത്മഗതം ഇത്തിരി ഉച്ഛത്തിലായിപ്പോയി...
"ഏത് നശിച്ച സമയത്താണാവോ ഈ കുരുത്തക്കൊള്ളികളുടെ കൂടെ ഈ കോഴ്സിന് ചേരാന്‍ തോന്നിയത്..... വെറുതേ വേലീല്‍ കിടക്കണ പാമ്പിനെ...."
3 Comments:
കോണ്ടാക്റ്റ് ക്ലാസ്സിന്റെ രണ്ടാം ഭാഗം... കോണ്ടാക്റ്റ് ക്ലാസ്സിന്റെ അന്ത്യം....
അങ്ങനെ ചുരുക്കിപ്പറഞ്ഞാല്‍ കോണ്ടാക്റ്റ് ക്ലാസുമായുള്ള കോണ്ടാക്റ്റ് പോയീന്നര്‍ത്ഥം!
;)
MK universityക്ക് contact class ഇല്ലല്ലോ, എം കെയില്‍ ജോയിന്‍ ചെയ്താല്‍ പോരായിരുന്നോ?
ഈ പരിപാടിയിലേക്ക് കാലെടുത്തുവയ്ക്കാന്‍ പോകുന്ന എന്നെപോലെയുള്ളവ്ര്‍ക്ക് നല്ല പ്രയോജനമായിരുന്നു രണ്ടു പോസ്റ്റുകളും :)
Post a Comment
<< Home