മദ്രാസിലെ ചപ്പാത്തി
ഒരു പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്.... ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി (ഭാരമായി) മദ്രാസില്‍ കുറച്ച് കാലം താമസിക്കേണ്ടിവന്നിട്ടുണ്ട്. തമിഴ് മക്കളുടെ സ്നേഹവും ആത്മാര്‍ത്ഥതയും ഒരുപാട് കാണാനും അനുഭവിക്കാനും ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്.
സ്നേഹവും ആത്മാര്‍ത്ഥതയും എന്ന് ഉദ്ദേശിച്ചത് വേറൊന്നുമല്ല, അവരുടെ ആ സഹായ മനസ്ഥിതി തന്നെ.
എങ്ങോട്ടെങ്കിലും പോകേണ്ട വഴി ഒന്ന് ചോദിക്കേണ്ട ആവശ്യമേയുള്ളൂ, എന്തൊരു ആത്മാര്‍ത്ഥതയോടെയാണ് പറഞ്ഞുതരിക എന്നറിയാമോ? പിന്നെന്താ പ്രശ്നം... ഒരുത്തനെ മാത്രം വിശ്വസിച്ചാല്‍ കാര്യം കട്ടപ്പൊക....
എന്നാല്‍ ഒന്നില്‍ കൂടുതല്‍ പേരോട് ചോദിച്ചാലോ... എല്ലാവരും വേറെ വേറെ വഴി പറഞ്ഞുതരും. അങ്ങനെ വഴിചോദിച്ച നമ്മള്‍ അന്തം വിട്ട് തെക്ക് വടക്ക് (കിഴക്ക് പടിഞ്ഞാറും പെടും) നടന്ന് ക്ഷീണിക്കും, അത്ര തന്നേ.
അതൊക്കെ പോട്ടെ... അവിടെ ഒരു മലയാളി ലോഡ്ജിലാണ് ചിലപ്പോള്‍ താമസം. അതിനോടടുത്തായി ഒരു റെസ്റ്റോറന്റ് ഉണ്ട്. ഫുഡിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചാമനോഭാവം പണ്ടേ ഇല്ലാത്തതിനാല്‍ ആ റെസ്റ്റോറന്റ് എന്റെ ഒരു സ്ഥിരം നോട്ടപ്പുള്ളിയായിരുന്നു. ആ റെസ്റ്റോറന്റ് എനിക്ക് പിടിക്കാന്‍ കാരണം, അതും മലയാളികള്‍ നടത്തുന്നതായിരുന്നു എന്നത് തന്നെ. മാത്രമല്ല, അവര്‍ക്ക് നമ്മളെ ഇച്ചിരി ബഹുമാനവും.. (നാട്ടില്‍ കിട്ടാത്ത ബഹുമാനം അവിടെ നിന്ന് കിട്ടുമ്പോള്‍ സ്വാഭാവികമായും ഒരു ചാഞ്ചാട്ടം ആര്‍ക്കും ഉണ്ടാവാമല്ലോ?)
ഒരു ദിവസം രാത്രി.... പതിവുപോലെ ചപ്പാത്തിയും മുട്ടക്കറിയും കഴിക്കാനായി അവിടെ കയറി.
ഫുഡ് കണ്ടാല്‍ എനിയ്ക്ക് 'ഒരല്‍പ്പം ആര്‍ത്തിയാണെന്ന് തോന്നും' എന്ന് പല നല്ല സുഹൃത്തുക്കളും (കല്ല്യാണശേഷം ഭാര്യയും) സൂചിപ്പിച്ചിരുന്നു. ഞാന്‍ ആര്‍ത്തി കാണിച്ചിട്ടല്ലെങ്കിലും എന്റെ ഭാവവും പ്രവൃത്തിയും കണ്ടാല്‍ അങ്ങനെയേ തോന്നൂ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഈ ആര്‍ത്തീഭാവം വരാതിരിക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്.
ചപ്പാത്തി സ്റ്റീല്‍ പ്ലേറ്റിലാണ് വച്ചിരിക്കുന്നത്. പ്ലേറ്റില്‍ അവസാനത്തെ ചപ്പാത്തി....
ചുരുട്ടി മടക്കി വായില്‍ കുത്തിക്കേറ്റണ്ടല്ലോ എന്ന് വിചാരിച്ച്, ആര്‍ത്തിയില്ലാത്ത ഭാവം മുഖത്ത് മാത്രം പോരല്ലോ, പ്രവര്‍ത്തിയിലും വേണമല്ലോ എന്ന് വിചാരിച്ച് , ചപ്പാത്തിയെ പ്ലേറ്റില്‍ ഒന്ന് അമര്‍ത്തി വിരല്‍കൊണ്ട് പൊട്ടിച്ചെടുക്കാനുള്ള ഒരു ശ്രമം നടത്തി.....
മാര്‍ബില്‍ മേശമേല്‍ ഇരുന്ന് സ്ലിപ്പ് ആയ സ്റ്റീല്‍ പ്ലേറ്റ്, അതിന്റെ അതിര്‍ത്തി ലംഘിച്ച് നിലത്തെയ്ക്ക് ഒരൊറ്റ ചാട്ടം...
"ക്ലിം.. ......... ക്ലിം........ ക്ലിം.....ക്ലിം... ക്ലിംക്ലിംക്ലിംക്ലിം............"
പ്ലേറ്റ് നിലത്ത് കിടന്ന് ഒരു ആര്‍മ്മാദം...
"ക്ലിം..." എന്ന് ഒറ്റ ശബ്ദത്തില്‍ ഒതുക്കാമായിരുന്ന ആ സംഭവത്തെ ആ പ്ലേറ്റ് നിലത്ത് കിടന്ന് ഉരുണ്ട് പിരണ്ട് ആകെ ബഹളമയമാക്കി.
ആ റെസ്റ്റോറന്റിലെ ആളുകളെല്ലാം ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി....
ഞാനാരാ മോന്‍... ചപ്പാത്തി നിലത്ത് പോകാതെ എന്റെ കൈപ്പിടിയില്‍ തന്നെ .... അതും കയ്യില്‍ വച്ച് വിജയശ്രീലാളിതനെപ്പോലെ ഞാന്‍... (അവിടെ എന്നെ അറിയുന്നവരാരുമില്ലല്ലോ എന്റെ സ്വഭാവഗുണം അറിഞ്ഞ് പെണ്ണ്‍ കെട്ടിച്ചുതരാന്‍.. അതുകൊണ്ട് ചമ്മല്‍ ഞാന്‍ ഒരു വിഷയമാക്കിയില്ല)
അവിടുത്തെ വെയിറ്റര്‍ പയ്യന്‍ വേഗം പോയി മറ്റൊരു പ്ലേറ്റ് എടുത്ത് കൊണ്ടുവന്ന് തരുന്നവരെ 'അമ്പ് പെരുന്നാളിന് കുടപിടിച്ച പോലെ' ആ ചപ്പാത്തി കയ്യില്‍ വച്ച് ഞാന്‍ നിന്നു.
(പിന്നീട് ചപ്പാത്തി കഴിക്കുമ്പോള്‍ ചപ്പാത്തിയില്‍ മാത്രം ഉണ്ടായിരുന്ന ആ ഭീകരശ്രദ്ധ അല്‍പം പ്ലേറ്റിലേയ്ക്കും വ്യാപിപ്പിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രമിച്ചിരുന്നു)
6 Comments:
മദ്രാസില്‍ വച്ചുണ്ടായ ഒരു ചപ്പാത്തി സംഭവം...
നല്ല കിണ്ണന്‍ കളറുതന്നെ. പെട്ടെന്ന് തമിഴ്നാടിന്റെ ഓര്മ്മ വന്നു കാണും അല്ലേ? അതാണു ഫ്ലൂറസന്റ് പച്ച. കമന്റ് പോസ്റ്റ് ചെയ്യനുള്ള കമന്റ് തപ്പി കുറച്ചു നടക്കേണ്ടി വന്നു.
തമിഴ്നാട്ടില്‍ പൊറോട്ട കൊണ്ടു വച്ചാല്‍ ഉടനേ അതിനെ മുകളില്‍ ചാടി വീണു പൊത്തിപ്പിടിച്ചോളണം. ഇല്ലെന്കില്‍ സപ്ലയറു കശ്മലന്‍ നമ്മുടെ മുന്നില്‍ വച്ചു തന്നെ അതിനെ വലിച്ചു കീറി കഷണം കഷണമാക്കി പ്ലേറ്റിലിട്ടു തരും.
"ക്ലിം.. ......... ക്ലിം........ ക്ലിം.....ക്ലിം... ക്ലിംക്ലിംക്ലിംക്ലിം............"
തമിഴനാടന്‍ പോറോട്ടയും സപ്ലൈയറും കൊള്ളാം
:)
ഹ ഹ. അവസാനത്തെ ചപ്പാത്തി എടുക്കുമ്പോള്‍ എപ്പോഴും സൂക്ഷിയ്ക്കണം. സ്റ്റീല്‍ പ്ലേറ്റ് ആയതു ഭാഗ്യം!
കുതിരവട്ടന്‍ മാഷ് പറഞ്ഞതു ശരിയാ... തമിഴ്‌നാട്ടില്‍ പൊറോട്ട വേണമെന്നു പറഞ്ഞാല്‍ ആ കശ്മലന്മാര്‍ പൊറോട്ട് കീറിപ്പറിച്ച് ഒരു പരുവമാക്കിയിട്ടേ തരൂ...
ചാത്തനേറ്:“ചപ്പാത്തിയില്‍ മാത്രം ഉണ്ടായിരുന്ന ആ ഭീകരശ്രദ്ധ ” --- ഭീകരശ്രദ്ധ!!!!! പാവം ചപ്പാത്തി
Post a Comment
<< Home