ഇനിയും തീരാത്ത പ്രവാസിജീവിതം - 1
സൗദി അറേബ്യയിലെ റിയാദില്‍ ഒരാഴ്ചത്തെ ഒഫീഷ്യല്‍ വിസിറ്റ് കഴിഞ്ഞ് തിരികെ പോരാനായി എയര്‍പോര്‍ട്ട് ലോഞ്ചില്‍ വെയിറ്റ് ചെയ്യുമ്പോഴാണ് ഞാന്‍ മദ്ധ്യവയസ്കനായ ഒരാളെ ശ്രദ്ധിച്ചത്. ശ്രദ്ധിക്കാന്‍ കാരണം, അയാള്‍ മുന്‍ പരിചയമില്ലാത്ത പലര്‍ക്കും പല സംശയങ്ങള്‍ ദൂരീകരിച്ചുകൊടുക്കുകയും ഇടപെടുന്നതും കണ്ടതിനാലാണ്. അദ്ദേഹത്തിന്റെ പേര് മോഹനന്‍ എന്നാണെന്ന് ഞാന്‍ മനസ്സിലാക്കി. കൂടെയുള്ള രണ്ടുപേര്‍ മോഹനേട്ടനെ ആ ടീമിന്റെ ലീഡറായി അംഗീകരിച്ചതുപോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിച്ചുകൊണ്ടും സംശയങ്ങള്‍ ചോദിച്ചുകൊണ്ടും ഇരിക്കുന്നു.
റിയാദില്‍ നിന്നും ബഹറിനില്‍ ചെന്ന് അവിടെ 7 മണിക്കൂറിനുശേഷമാണ് കൊച്ചിയിലേയ്ക്കുള്ള കണക് ഷന്‍ ഫ്ലൈറ്റ്.
ബഹറിന്‍ എയര്‍പോര്‍ട്ടിലെത്തിയശേഷം എങ്ങനെ 7 മണിക്കൂര്‍ സമയം വിനിയോഗിക്കണം എന്നതായിരുന്നു എന്റെ ചിന്ത. എയര്‍പോര്‍ട്ടില്‍ വയര്‍ലസ് ഇന്റര്‍നെറ്റ് കണക് ഷന്‍ കിട്ടുമെന്നതിനാലും, എന്റെ കയ്യില്‍ ഒരു ലാപ് ടോപ്പ് ഉണ്ടായിരുന്നതിനാലും, ഈ മേഖലകളെ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു എന്റെ പ്ലാന്‍.
ഒരു റൗണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കഴിഞ്ഞപ്പോള്‍ മോഹനേട്ടനും ടീമും എതിരെ വരുന്നത് കണ്ടു. റിയാദ് എയര്‍പോര്‍ട്ടില്‍ കണ്ടപരിചയം മാത്രം വച്ച് മോഹനേട്ടന്‍ എന്നോട് ചോദിച്ചു..
"ഭക്ഷണം കഴിച്ചോ?"
"ഇല്ല.. എവിടെയാണ് ലഞ്ച് കഴിക്കാന്‍ പോകേണ്ടതെന്ന് നോക്കാനിറങ്ങിയതാ.." ഞാന്‍ പറഞ്ഞു.
"ഞങ്ങള്‍ പോയി അന്വേഷിച്ചു... കഴിക്കാറായെങ്കില്‍ വാ നമുക്ക് ഒരുമിച്ച് പോകാം..."
മോഹനേട്ടന്റെ കൂടെയുള്ള രണ്ടുപേര്‍ക്കും സമ്മതം തന്നെ.
ഞാന്‍ എന്റെ പേരുപറഞ്ഞ് പരിചയപ്പെടുത്തി. അവരും പേരും നാടും മറ്റും പറഞ്ഞ് എന്നേയും ടീമിലെടുത്തിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന മുഖഭാവം പ്രകടിപ്പിച്ചു.
ഞങ്ങള്‍ മോഹനേട്ടന്റെ നേതൃത്വത്തില്‍ ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തി, ഭക്ഷണം കഴിക്കാനിരുന്നു.
മോഹനേട്ടന്റെ വാക്കുകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും ആള്‍ക്ക് വിദേശയാത്രകളിലും എയര്‍പോര്‍ട്ട് സംബദ്ധമായ നടപടികളിലും ഒരുപാട് മുന്‍ കാല പരിചയമുണ്ടെന്ന് മനസ്സിലായി.
"സൗദിയില്‍ എത്ര കാലമായി?" ഞാന്‍ ചോദിച്ചു.
"15 വര്‍ഷത്തോളമായി...."
"ഓഹോ, അപ്പോ ഈ പോക്കും വരവും കുറേ ആയതാണല്ലേ..." എന്റെ ചിരിച്ചുകൊണ്ടുള്ള ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.
"കഴിഞ്ഞ തവണ എപ്പോഴാ പോയത്??"
"ഞാന്‍ ഒരുമാസമേ ആയുള്ളൂ വന്നിട്ട്... ടാക്സി ഡ്രൈവറാണ്... ലീവ് കഴിഞ്ഞ് വന്നപ്പോള്‍ ഞാന്‍ ഓടിക്കുന്ന വണ്ടി റിപ്പയറിന് കയറ്റിയിരിക്കുകയാ.. ഒരു മാസത്തോളമെടുക്കും കിട്ടാന്‍.. അതുവരെ ഇവിടെ വെറുതേ നില്‍ക്കേണ്ടല്ലോ.. അതുകൊണ്ട് 2 മാസത്തെയ്ക്ക് കൂടി ലീവ് വാങ്ങി പോകുവാണ്..." മോഹനേട്ടന്‍ പറഞ്ഞു.
പുഴുങ്ങി വച്ച കോഴിയും ഫ്രൈഡ് റൈസും വിശപ്പിന്റെ ആധിക്യത്താല്‍ കഴിക്കേണ്ടിവന്നു.
ഹോട്ടലില്‍ നിന്നിറങ്ങി ബാക്കി കുറച്ച് സമയം ഡ്യൂട്ടി പെയ്ഡ് ഏരിയായില്‍ ഷോപ്പിംഗ് നടത്താം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ നടന്നു.
ആ ഏരിയ മൊത്തം നടന്നുകണ്ട് വിലവിവരങ്ങള്‍ നോക്കുകയും അതിനെയെല്ലാം ഇന്ത്യന്‍ രൂപയിലേയ്ക്ക് കണ്‍ വെര്‍ട്ട് ചെയ്ത് കണ്ണ്‍ മിഴിക്കുകയും ചെയ്തതല്ലാതെ എനിയ്ക്ക് പ്രത്യേകിച്ചൊന്നും പര്‍ച്ചേസ് ചെയ്യാനുണ്ടായിരുന്നില്ല.
ഭാര്യയ്ക്കും മിന്നൂസിനോടും ഓഫര്‍ ചെയ്തിരുന്ന ചോക്കലേറ്റ് സ് വാങ്ങിയില്ലെങ്കില്‍ വീട്ടില്‍ ചെല്ലുമ്പോളുള്ള പുകില് ഓര്‍ത്ത് രണ്ട് പയ്കറ്റ് ചോക്കലേറ്റ് സ് വാങ്ങി (ഒരു പായ്കറ്റ് എടുത്താല്‍ ഒരു പായ്ക്കറ്റ് ഫ്രീ എന്ന ഒരു ഓഫറില്‍ ഞാന്‍ ചാടി വീണു)
എന്റെ ഷോപ്പിംഗ് തീര്‍ന്നപ്പോള്‍ ഞാന്‍ അല്‍പനേരം കൂടി കറങ്ങി നടന്ന ശേഷം മോഹനേട്ടനോടും കൂട്ടരോടും പറഞ്ഞ് വെയിറ്റിംഗ് ലോഞ്ചിലേയ്ക്ക് നടന്നു.
ലാപ് ടോപ്പ് കണക്റ്റ് ചെയ്യാനും മോബെയില്‍ ചാര്‍ജ് ചെയ്യാനുമൊക്കെയുള്ള പ്ലഗ് പോയിന്റുകള്‍ അവിടെ പല തൂണുകളിലും കണ്ടെങ്കിലും എന്റെ ലാപ് ടോപ്പിന്റെ കണക്റ്റര്‍ ആ പ്ലഗ് പോയിന്റുമായി യാതൊരു ചേച്ചയുമില്ല. ആകെ ഒരു തലതിരിവ്...
എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനിയും 5 മണിക്കൂറില്‍ കൂടുതലുണ്ട്. ഈ സമയം മുഴുവന്‍ എങ്ങനെ വെറുതേ ഇരിക്കും എന്നതായിരുന്നു എന്റെ പ്രശ്നം.
45 മിനിട്ട് ഉപയോഗിച്ച് കഴിഞ്ഞപ്പോഴേയ്ക്കും ലാപ് ടോപ്പ് തന്റെ കപ്പാസിറ്റി തീര്‍ന്നതായി പ്രഖ്യാപിച്ചു.
ഇതിന്നിടയില്‍ മോഹനേട്ടന്‍ വന്ന് തന്റെ ലഗേജ് എന്റെ അടുത്ത് വച്ചിട്ടും വീണ്ടും അടുത്ത പര്‍ച്ചേസിങ്ങിനായി പോയി.
വെടി തീര്‍ന്ന ലാപ് ടോപ്പ് ഞാന്‍ കെട്ടിപ്പൂട്ടി എടുത്ത് വച്ചു.
അല്‍പസമയത്തിനകം മോഹനേട്ടനും കൂട്ടരും തിരിച്ചെത്തി. 5 കുപ്പി മദ്യവും 4-5 പായ്ക്കറ്റ് ചോക്കലേറ്റ് സും മോഹനേട്ടന്‍ വാങ്ങിയിട്ടുണ്ട്.
മദ്യക്കുപ്പികളില്‍ രണ്ടെണ്ണം സ്യൂട്ട് കേസിലേയ്ക്ക് മാറ്റി ഒതുക്കി വച്ചു.
"ഇവിടെ നിന്ന് ഞാന്‍ ചെല്ലുമ്പോള്‍ നല്ല ബ്രാന്‍ഡ് മദ്യം കഴിക്കാന്‍ കാത്തിരിക്കുന്ന നാട്ടിലെ കുറച്ച് ഫ്രണ്ട്സ് ഉണ്ട്. അവര്‍ക്ക് വേണ്ടിയാ ഇത്.. ഞാന്‍ കഴിക്കില്ല..." മോഹനേട്ടന്‍ പറഞ്ഞു.
"മോഹനേട്ടന്റെ വീട്ടില്‍ ആരൊക്കെയുണ്ട്?" ഞാന്‍ ചോദിച്ചു.
എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരുന്ന് സമയം കളയാമല്ലോ എന്നതായിരുന്നു എന്റെ ചിന്ത.
"വീട്ടില്‍ എല്ലാവരും ഉണ്ട്... പിള്ളേര്‍ക്ക് ചോക്കലേറ്റ് സ് ഒരുപാട് വേണം, അതാണ് ഇത്രേം വാങ്ങിക്കൂട്ടിയത്..."
"കുട്ടികള്‍ എത്ര പ്രായമായി"
"ഒരാള്‍ 6 ലേയ്ക്ക്... താഴെ മോള്‍ ആണ്, ഒന്നാം ക്ലാസ്സ് കഴിഞ്ഞു..."
പിന്നീട് ഞാന്‍ അടുത്ത ചോദ്യം ചോദിക്കുമ്പോഴെയ്ക്ക് മോഹനേട്ടന്‍ തുടര്‍ന്നു..
"മറ്റ് കാര്യങ്ങളൊന്നും കുഴപ്പമില്ല, പക്ഷെ, കല്ല്യാണം മാത്രം പരാജയമായിപ്പോയി..."
"അതെന്തു പറ്റി? ഭാര്യ??" ഞാന്‍ അല്‍പം സംശയത്തോടെ ചോദിച്ചു.
"ങാ... അതാ പറഞ്ഞത്... അത് മാത്രം ശരിയായില്ല..."
"എന്നു വച്ചാല്‍? ഇപ്പോ ഭാര്യയും മക്കളും ഒരുമിച്ചല്ലേ നാട്ടില്‍?"
"അതെ.. എല്ലാം ഒരു അഡ് ജസ്റ്റ് മെന്റില്‍ പോകുന്നു..."
"അതെല്ലാ വിവാഹജീവിതത്തിലും ഉണ്ടാകും മോഹനേട്ടാ... പ്രത്യേകിച്ചും രണ്ട് ജീവിതസാഹചര്യങ്ങളില്‍ നിന്നും വരുന്നവരാകുമ്പോള്‍ പല കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും വിട്ടു വീഴ്ചകള്‍ ചെയ്ത് മനസ്സിലാക്കി മുന്നോട്ട് പോകേണ്ടി വരും.." ഞാന്‍ എന്റെ പതിവ് ഉപദേശസ്വഭാവം പുറത്തെടുത്തു.
അപ്പോഴെയ്ക്കും മോഹനേട്ടന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരും ഇതില്‍ വല്ല്യ താല്‍പര്യമില്ലാത്ത തരത്തില്‍ നീങ്ങിയിരുന്ന് അവരുടേതായ വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെട്ടു. ഞാനും മോഹനേട്ടനും തമ്മില്‍ എന്തോ ഒരു അടുപ്പം തോന്നുകയും തുറന്ന് സംസാരിക്കാന്‍ മോഹനേട്ടനും അഭിപ്രായങ്ങള്‍ പറയാന്‍ എനിയ്ക്കും യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല.
പിന്നീടങ്ങോട്ട് മോഹനേട്ടന്‍ തന്റെ ജീവിതകഥ എന്നോട് പറയുകയായിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും ചില ചോദ്യങ്ങളും കമന്റുകളും പറയേണ്ടിവന്നതൊഴിച്ചാല്‍ 2 മണിക്കൂറില്‍ കൂടുതല്‍ മോഹനേട്ടന്‍ എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു.
(തുടരും...)
5 Comments:
1.5 മാസങ്ങള്‍ക്ക് മുന്‍പ് അവിചാരിതമായി കണ്ടുമുട്ടിയ ഒരു പ്രവാസി, മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചു... ജീവിതത്തിന്റെ കുത്തൊഴുക്കില്‍ പതറാതെ, സ്വന്തമായി ഒന്നും അനുഭവിക്കാതെ, നാട്ടിലും വീട്ടിലുമുള്ളവര്‍ക്കായി പ്രവാസജീവിതം തുടരുന്നു.
അദ്ദേഹത്തെ ഒരുപാട് സ്നേഹത്തോടും ബഹുമാനത്തോടും ഓര്‍മ്മിച്ചുകൊണ്ട്....
മോഹനേട്ടന്റെ പ്രവാസജീവിതം വായിക്കാന്‍ ധൃതിയായി.
ഉടനെ പോസ്റ്റുമല്ലോ?
പോരട്ടെ.. കാത്തിരിക്കുന്നു..
ബാക്കി കൂടി പോരട്ടെ...
മോഹനേട്ടനെ പോലെ രസമുള്ള എത്ര കഥാപാത്രങ്ങളെ നമ്മുടെ ചുറ്റുപാടു നിന്നും നമ്മുക്ക്
കണ്ടെടുക്കാന്‍ സാധിക്കും.ബാക്കി പോരട്ടെ സൂര്യാ
Post a Comment
<< Home