സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, October 06, 2008

ഫോണ്‍ ഫ്രീക്വന്‍സി ടെസ്റ്റ്‌

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചേര്‍ത്തലയ്ക്കടുത്തുള്ള ഒരു പ്രദേശം.... വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ എന്ന് പറഞ്ഞാല്‍ ടെലഫോണ്‍ സര്‍വ്വസാധാരണമാകുന്ന കാലത്തിനും മുന്‍പ്‌. ടെലഫോണ്‍ കണക്‌ ഷനുകള്‍ കിട്ടിത്തുടങ്ങിയ കാലഘട്ടം...

പ്രദേശവും കാലഘട്ടവും മൗത്ത്‌ ലുക്കിംഗ്‌, കലുങ്ക്‌ സിറ്റിംഗ്‌, കമന്റ്‌ ബീറ്റിംഗ്‌, ഷുഗര്‍ ചാറ്റിംഗ്‌ എന്നീ പൂവാല ആക്റ്റിവിറ്റീസിന്‌ ബാധകമല്ല എന്ന കാരണത്താല്‍ തന്നെ, മേല്‍ പ്രസ്താവിച്ച പ്രദേശത്തേയും സ്ഥിതി വിഭിന്നമല്ല.

വൈകുന്നേരങ്ങളില്‍ റോഡരികിലെ കലുങ്കില്‍ കുത്തിയിരുന്ന് ആ വഴി പോകുന്ന തരുണീമണികളുടെ റേറ്റിംഗ്‌ നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട രണ്ട്‌ മൂന്ന് സുഹൃത്തുക്കള്‍ അവരുടെ പതിവ്‌ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ദിനേശനാണ്‌ ഇതില്‍ കൂടുതല്‍ സജീവം.

അപ്പോഴാണ്‌ ആ വഴി ദാമുവേട്ടന്റെ മകള്‍ ബീന ട്യൂഷന്‍ കഴിഞ്ഞ്‌ വരുന്നത്‌. ബീനയെ മൈന്‍ഡ്‌ ചെയ്തില്ലെങ്കില്‍ ദാമുവേട്ടന്‌ വിഷമമാവുമല്ലോ എന്ന് വിചാരിച്ച്‌ അങ്ങോട്ട്‌ ട്യൂണ്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌ ദാമുവേട്ടന്റെ വരവ്‌.

ദാമുവേട്ടന്റെ വക ഇഷ്ടം പോലെ കിട്ടി. ഇതിലും ഭേദം തല്ല് കൊള്ളുന്നതായിരുന്നു എന്ന് തോന്നത്തക്കവിധത്തിലുള്ള ഹൈ റേഞ്ച്‌ ചീത്തവിളികള്‍. കുടുംബക്കാരെയെല്ലാം ടച്ച്‌ ചെയ്തുകൊണ്ട്‌ തെറിവിളികള്‍ ഡെഡിക്കേറ്റ്‌ ചെയ്ത്‌ പോയിക്കൊണ്ടിരുന്നു.

"നാണം കെട്ട വകകള്‍... നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ..." എന്ന് അനുഗ്രഹിച്ചുകൊണ്ട്‌ പുള്ളിക്കാരന്‍ ഉപസംഗ്രഹിച്ചു.

കിട്ടേണ്ടത്‌ കിട്ടിയപ്പോള്‍ നാണം തോന്നിയില്ലെങ്കിലും ഒരല്‍പം പ്രതികാരദാഹം പിള്ളേര്‍ക്ക്‌ തോന്നുകയും അപ്പുറത്തെ വര്‍ക്കിച്ചേട്ടന്റെ കടയില്‍ നിന്ന് ഓരോ ഉപ്പ്‌ സോഡ കുടിച്ച്‌ ആ ദാഹം തല്‍ക്കാലും ഒതുക്കുകയും ചെയ്തു.

പക്ഷേ, ഉപ്പ്‌ സോഡയിലൊന്നും ഒതുങ്ങുന്ന ദാഹമായിരുന്നില്ല അതെന്ന് തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചു.

ദാമുവേട്ടന്റെ വീട്ടിലേയ്ക്ക്‌ ടെലഫോണ്‍ കണക്‌ ഷന്‍ കൊടുക്കാനായി ആള്‌ വന്നത്‌ കവലയില്‍ നിന്ന് അറിഞ്ഞ ലവന്മാര്‍ ദാമുവേട്ടന്റെ വീട്ടിലെ നമ്പര്‍ സംഘടിപ്പിച്ചു.

പിറ്റേന്ന് ഒരു ടെലഫോണ്‍ ബൂത്തില്‍ കയറി ദാമുവേട്ടന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തു.

"ഹലോ... ഇത്‌ ******** നമ്പര്‍ അല്ലേ?"

"അതേ... ആരാണ്‌ ?" ദാമുവേട്ടന്റെ മറുപടി.

"ഇത്‌ ടെലഫോണ്‍ എക്സ്ചേഞ്ചില്‍ നിന്നാണ്‌. ഞങ്ങള്‍ ഫോണിന്റെ ഫ്രീക്വന്‍സി ഒന്ന് ടെസ്റ്റ്‌ ചെയ്യാന്‍ വേണ്ടി വിളിച്ചതാ."

"ഫോണിന്റെ??? ഫ്രീക്വന്‍സീന്ന് വച്ചാല്‍?" ദാമുവേട്ടന്‌ കാര്യം വല്ല്യ പിടികിട്ടിയില്ല.

"ഈ ഫോണ്‍ കണക്‌ ഷന്‍ കൊടുക്കുമ്പോള്‍ ഞങ്ങള്‍ അതിന്റെ ഫ്രീക്വന്‍സി ഒന്ന് ടെസ്റ്റ്‌ ചെയ്യും, അത്‌ കറക്റ്റ്‌ ആണോന്ന് നോക്കാനാ.."

"ങാ.. ശരി, ചെയ്തോളൂ.." ദാമുവേട്ടന്‍ സമ്മതിച്ചു.

"ഞാന്‍ പറയുന്ന പോലെ ഒന്ന് സൗണ്ട്‌ ഉണ്ടാക്കണം.. ഫ്രീക്വന്‍സി ഞാന്‍ ചെക്ക്‌ ചെയ്തോളാം.."

"ശരി..." അതും ദാമുവേട്ടന്‌ സമ്മതം.

"പൂ ഹൂ........യ്‌................" ദിനേശന്‍ നല്ല ഒരു താളത്തില്‍, ഫ്രിക്വന്‍സിയില്‍ ഒന്ന് കൂവി.

അപ്പുറത്ത്‌ നിന്ന് ഒരു നിശബ്ദത. ദാമുവേട്ടന്‍ ഒന്ന് ശങ്കിച്ചു.

"ഹലോ... കേള്‍ക്കുന്നില്ലേ?" ദിനേശന്‍ വീണ്ടും.

"ങാ... ഉവ്വ്‌..." ദാമുവേട്ടന്റെ മറുപടി.

"ഞാന്‍ പറഞ്ഞ പോലെ ഒന്ന് ശബ്ദമുണ്ടാക്കൂ.. ഞങ്ങള്‍ക്ക്‌ വേറെ പണിയുള്ളതാ.. ഇത്‌ ടെസ്റ്റ്‌ ചെയ്ത്‌ കഴിഞ്ഞിട്ട്‌ വേണം ബാക്കി..." ദിനേശന്‍ ഒരല്‍പ്പം കടുപ്പിച്ചു.

"പൂ....ഹൂ.......യ്‌......" അപ്പുറത്ത്‌ നിന്ന് ദാമുവേട്ടന്റെ ശബ്ദം.

"ങാ... ഓ കെ യാണല്ലോ.... ഇനി ഒരു ഫീമെയില്‍ വോയ്സ്‌ ടെസ്റ്റ്‌ ചെയ്യണമല്ലോ.."

"അല്ലാ.. അത്‌... ഭാര്യ അടുക്കളയിലാ.. " ദാമുവേട്ടന്‌ ഒരു വൈക്ലബ്യം.

"ഇതും കൂടി മതി... വേഗമാവട്ടെ... പിന്നേയ്‌, ഫീമെയില്‍ വോയ്സ്‌ അധികം പ്രായമില്ലാത്തവരുടെയാകും നല്ലത്‌... വേറെ ആരെങ്കിലും?" ദിനേശന്‍ തിരക്ക്‌ കൂട്ടി.

"ങാ... മോളുണ്ട്‌ കൊടുക്കാം.."

ദാമുവേട്ടന്‍ മോള്‍ക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്‌ കേള്‍ക്കാം.

"ഹലോ.." അപ്പുറത്ത്‌ നിന്ന് ഫീമെയില്‍ വോയ്സ്‌.

"കുട്ടീ.. ഞാന്‍ പറഞ്ഞു തരുന്ന ഫ്രിക്വന്‍സിയില്‍ ഒന്ന് ശബ്ദമുണ്ടാക്കൂ പ്ലീസ്‌...

"ശരി..." മോള്‍ക്കും സമ്മതം.

"പൂ.....ഹൂ.......യ്‌.........." ദിനേശന്‍ നല്ല താളത്തില്‍ രാഗം ഇട്ടുകൊടുത്തു.

അപ്പുറത്ത്‌ നിന്ന് ഒരല്‍പ്പം ലജ്ജയോടെ പതിഞ്ഞ സ്വരത്തില്‍ ഫീമെയില്‍ വോയ്സ്‌. "പൂ.....ഹൂ.......യ്‌.........."

"ങാ.. മതി.. താങ്ക്സ്‌ ...ഫ്രിക്വന്‍സി കറക്റ്റാണെന്ന് കുട്ടി അച്ഛനോട്‌ പറഞ്ഞേക്കൂ.. താങ്ക്യൂ..." ദിനേശന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

**************************

പിറ്റേന്ന് ട്യൂഷന്‍ കഴിഞ്ഞ്‌ ദാമുവേട്ടന്റെ മകള്‍ വരുന്നതും നോക്കി ദിനേശനും കൂട്ടരും ഹൃദയമിടിപ്പോടെ കാത്തിരുന്നു. ആ കുട്ടി കടന്ന് പോയപ്പോള്‍ ദിനേശന്‍ നീട്ടി ഒരു വിളി...
"പൂ.....ഹൂ.......യ്‌.........."

*************************

ആ ഫ്രീക്വന്‍സി ടെസ്റ്റിന്റെ ഫലമായി ദാമുവേട്ടന്‍ മോളെ മദ്രാസില്‍ ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തി തുടര്‍ പഠനം നടത്തേണ്ടിവന്നു എന്നത്‌ വെറും ഔപചാരികം മാത്രം.

12 Comments:

At 3:18 AM, Blogger സൂര്യോദയം said...

ഒരു ഫോണ്‍ ഫ്രീക്വന്‍സി ടെസ്റ്റ്‌.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചു എന്ന് അവകാശപ്പെടുന്ന ഒരു സംഭവം... പേരുകള്‍ സാങ്കല്‍പ്പികം മാത്രം.

 
At 4:40 AM, Blogger ശ്രീ said...

ഇതിനു സമാനമായ സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടല്ലോ...
:)

 
At 9:04 AM, Blogger smitha adharsh said...

കാലമാടന്മാര്‍!!
ചിരിച്ചു കേട്ടോ..

 
At 9:45 AM, Blogger ഭൂമിപുത്രി said...

അപ്പോൾ കഥയുടെ ഗുണപാഠം?
പെൺകുട്ടികളുടടുത്ത് തോന്ന്യാസം പറഞ്ഞാൽ ചോദ്യം ചെയ്യരുത്...
ചെയ്തുപോയാൽ അവൾ നാടുകടത്തപ്പെടും,അല്ലേ?
എന്തൊരു ഹീറോയിസം!

 
At 10:07 PM, Blogger പിരിക്കുട്ടി said...

ee dineshanakum suryodyayavum alle?
mone dinesha...

 
At 1:18 AM, Blogger Anil cheleri kumaran said...

ഫ്രീക്വന്‍സി കലക്കി.

 
At 2:18 AM, Blogger കുതിരവട്ടന്‍ | kuthiravattan said...

ഫ്രീക്വന്സി കൊള്ളാം. ഫെമിനിസ്റ്റുകൾ കഥാക്രൃത്തിന്റെ കൊങ്ങക്കു പിടിക്കാനുള്ള എല്ലാ ലക്ഷണവും കാണുന്നുണ്ട്. ഇമ്മാതിരി പുരുഷപക്ഷരചനകളും കൊണ്ട് മേലാൽ ബ്ലോഗിൽ കണ്ടേക്കരുത്. ഞാനിവിടെ വന്നിട്ടുമില്ല, കഥ നന്നായെന്നു പറഞ്ഞിട്ടുമില്ല :-)

 
At 2:30 AM, Blogger സൂര്യോദയം said...

ശ്രീ.. സമാനമായ സംഭവങ്ങള്‍ ??? എന്തേലും ആവട്ടെ.. :-)

smitha aadharsh.. കാലമാടന്മാര്‍.. അല്ലാ പിന്നെ.. ;-)

ഭൂമിപുത്രീ.... ഇതിലൊരു ഗുണപാഠവും ഇല്ലാട്ടോ... കഥയുമല്ലാ... നടന്ന സംഭവമാണെന്നാ പറയുന്നേ... ഹീറോയിസം മാഹാ ബോറ്‌... പക്ഷേ, അതിലെ കോമഡി എനിക്ക്‌ ശ്ശി പിടിച്ചു എന്നേയുള്ളൂ...

പിരിക്കുട്ടി... ഞാന്‍ ആ ടൈപ്പ്‌ അല്ലേ അല്ല... സത്യായിട്ടും :-)

കുമാരന്‍... :-)

കുതിരവട്ടാ.. നീ അലമ്പുട്ടാക്കാന്‍ ഇറങ്ങിയിരിക്ക്യാ അല്ലേ? ഇതിനില്ലാത്ത ആഖ്യാനങ്ങളും ആന്തരാര്‍ത്ഥങ്ങളും തപ്പിപ്പിടിച്ച്‌ ആരേലും ഈ വഴി വന്നാല്‍....(പ്ലീസ്‌... വരല്ലേ...) :-)

പിന്നേയ്‌.. ഇത്‌ കഥയല്ലാ എന്ന് എത്ര വട്ടം പറഞ്ഞു. അതുകൊണ്ട്‌ തന്നെ എഴുതിയ ആളെ ക്രൂശിക്കരുത്‌... :-))

 
At 4:58 AM, Blogger എതിരന്‍ കതിരവന്‍ said...

ഈ കഥയുടെ ഫ്രീക്വെന്‍സി ഒന്നു റ്റെസ്റ്റു ചെയ്യാന്‍ വന്നതാ.
പൂ....ഹൂ...യ്

കുഴപ്പമില്ല.

 
At 4:36 AM, Blogger krish | കൃഷ് said...

പൂ‍...ഹൂ...യ്....!!
ആ മതി മതി.. തിരിച്ച് വേണ്ട.
ബ്ലോഗിന്റെ ഫ്രീക്വന്‍സി ഓക്കെ.
സെര്‍ട്ടിഫൈഡ്.

:)

 
At 7:56 PM, Blogger പൊറാടത്ത് said...

തലക്കെട്ട് കണ്ട്, ഇതെന്താ പുതിയ സംഭവം എന്നറിയാൻ ഓടി വന്നതാ.. എന്തായാലും സംഭവം കൊള്ളാം...

“കുടുംബക്കാരെയെല്ലാം ടച്ച്‌ ചെയ്തുകൊണ്ട്‌ തെറിവിളികള്‍ ഡെഡിക്കേറ്റ്‌ ചെയ്ത്‌ പോയിക്കൊണ്ടിരുന്നു..” നന്നായിരിയ്ക്കുന്നു..:)

 
At 12:49 AM, Blogger രായപ്പന്‍ said...

"പൂ.....ഹൂ.......യ്‌.........."

 

Post a Comment

<< Home