സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, September 13, 2009

മിസ്സ്ഡ്‌ കോള്‍

ഞങ്ങളുടെ അടുത്ത സുഹൃത്തായ **വിജയന്‍ സുഹൃത്തുക്കളുടെ ബാഹുല്ല്യം കൊണ്ട്‌ ആഴ്ചയില്‍ 7 ദിവസം എന്നത്‌ തികയാത്തതിനാല്‍ ഒരു ദിവസം അടുത്ത ആഴ്ചയില്‍ നിന്ന്‌ കടം എടുത്ത്‌ കഷ്ടപ്പെട്ട്‌ ജീവിക്കുന്നവനാണെന്നതാണ്‌ സത്യം. കടമെടുത്തിട്ടാണെങ്കിലും സ്ഥിരമായി ഇങ്ങനെ അഡീഷണല്‍ ആയി ആഴ്ചയില്‍ ഓരോ ദിവസം വീതം കിട്ടിക്കൊണ്ടിരിക്കുന്നതിനാല്‍ തന്നെ വിജയന്റെ പ്രായവും മുപ്പത്തിയഞ്ചിന്‌ അപ്പുറവും ഇപ്പുറവുമായി ബാലന്‍സ്‌ ചെയ്ത്‌ പോയിക്കൊണ്ടിരിക്കുന്നു.

വിജയന്റെ ഈ വലിയ സുഹൃത്‌ വലയത്തിന്‌ കാരണം വിജയന്റെ ആ തങ്കപ്പെട്ട സ്വഭാവം തന്നെയാണ്‌. വിജയന്റെ സാന്നിദ്ധ്യം ഏതൊരു സാഹചര്യത്തിലും വളരെ രസകരവും ആസ്വാദ്യവുമാണെന്നതാണ്‌ വിജയനെ സുഹൃത്തുക്കള്‍ക്കിടയില്‍ ഇത്രയധികം സ്വീകാര്യനാക്കുവാനുള്ള മൂലകാരണം. സുഹൃത്തുക്കള്‍ എവിടേയ്ക്കെങ്കിലും ടൂര്‍ പോകാന്‍ മുട്ടി നിള്‍ക്കുമ്പോള്‍ വിജയനെ ഒന്ന്‌ വിളിച്ചാല്‍ മതി, ഉടനെ സുഹൃത്തുക്കളുടെ സന്തോഷത്തിനായി പുള്ളിക്കാരന്‍ റെഡി. ഇങ്ങനെ ഇടയ്ക്കിടയ്ക്ക്‌ ടൂര്‍ പോകുന്നതിനാല്‍ അത്‌ വീട്ടില്‍ പറയാനും സ്വയം പറയാനും വിജയന്‌ തന്നെ നാണം വന്നുതുടങ്ങിയപ്പോള്‍ ഇത്തരം യാത്രകളെ 'ഒഫീഷ്യല്‍ ട്രിപ്പ്‌' എന്ന ഓമനപ്പേരിട്ട്‌ വിളിച്ച്‌ ആ വൈക്ലബ്യം മാറ്റി. ഇപ്പോള്‍ വീട്ടുകാരുടെ വിചാരം വിജയന്‍ വല്ല്യ ഓഫീസറാണെന്നാണത്രേ... കാരണം, മിക്കവാറും ഒഫീഷ്യല്‍ ട്രിപ്പ്‌ അല്ലേ...

അതുപോലെ തന്നെ, മദ്യക്കുപ്പിയുടെ അടപ്പ്‌ തുറക്കാന്‍ ഏതെങ്കിലും കൂട്ടുകാര്‍ വിഷമം നേരിടുന്നതായി അറിയിച്ചാലുടന്‍ വിജയന്‍ തന്റെ നിറസാന്നിദ്ധ്യം കൊണ്ട്‌ നിറഞ്ഞ കുപ്പികളെ കാലിയാക്കുന്നതില്‍ വേണ്ട സഹായം ഉത്സാഹത്തോടെ നിര്‍വ്വഹിക്കും. ചില അവധിദിവസങ്ങളില്‍ വിജയനെ കമ്പനികൂടാന്‍ കിട്ടാതെ വന്നാല്‍ വിജയനെ നേരത്തേ ബുക്ക്‌ ചെയ്ത്‌ കൊണ്ടുപോയവരെ കിട്ടാത്തവര്‍ ഫോണില്‍ തെറിവിളി നടത്തുന്നത്‌ വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍ എന്നാണറിഞ്ഞത്‌. കൂട്ടുകാരുടെ സ്നേഹത്തിനുമുന്നില്‍ എതിരുപറയാനോ ഒഴിഞ്ഞ്‌ മാറാനോ സാധിക്കാത്തതിനാല്‍ തന്നെ, വിജയന്‍ എത്ര ആഗ്രഹിച്ചിട്ടും മദ്യസേവയില്‍ നിന്ന്‌ പൂര്‍ണ്ണമായി ഒഴിഞ്ഞ്‌ നില്‍ക്കാനും കഴിയുന്നില്ല. ഈ പാവനമായ പരിപാടിയുടെ ഫലമായി വിജയന്‌ വീട്ടില്‍ ചെന്ന് കയറുന്ന പ്രക്രിയ ഒരല്‍പ്പം കഠിനമായി. അതിനെക്കുറിച്ച്‌ വിജയനോട്‌ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി... "അതിന്‌ വീട്ടില്‍ ചെന്ന് കയറിയാല്‍ ചെസ്സ്‌ കളിയല്ലേ?" എന്നാണ്‌.

"ചെസ്സ്‌ കളിയോ?" ഒരല്‍പ്പം ആകാംഷയോടെ ചോദിച്ച ഞങ്ങള്‍ സുഹൃത്തുക്കളോട്‌ വിജയന്റെ മറുപടി.. "ങാ... അമ്മ അടുത്തേയ്ക്ക്‌ വരുമ്പോള്‍ ഞാന്‍ വീടിന്റെ മറ്റേ മൂലയിലേയ്ക്ക്‌ പോകും... അച്ഛന്‍ വരുമ്പോള്‍ അവിടെന്ന് വേറെ ഏരിയയിലേയ്ക്ക്‌ മാറും.. അങ്ങനെ അങ്ങനെ ചെസ്സ്‌ കളിച്ച്‌ ജീവിക്കുന്നു.."

ഞങ്ങള്‍ കൃതാര്‍ത്ഥരായി.


പുര നിറഞ്ഞ്‌ തല ചിമ്മിനിയിലൂടെ പുറത്തേയ്ക്ക്‌ വന്നിട്ടും ഒരു കല്ല്യാണം കഴിച്ച്‌ തനിക്ക്‌ ഒരു സ്വഭാവദൂഷ്യം വരുത്താന്‍ വിജയന്‍ തയ്യാറായിട്ടില്ല. എങ്കിലും കല്ല്യാണ ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ്‌ കേട്ടുകേള്‍വി.

വിജയന്റെ ചേട്ടന്മാരും ചേച്ചിയുമെല്ലാം കല്ല്യാണം കഴിഞ്ഞ്‌ അവരുടെ കുട്ടികള്‍ക്ക്‌ കല്ല്യാണം അന്വേഷിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍ വിജയന്റെ കാര്യവും പരിഗണിക്കുമോ എന്തോ... പ്രായം ചെന്ന അച്ഛനും അമ്മയ്ക്കും വിജയന്റെ കല്ല്യാണം കാണാനുള്ള കപ്പാസിറ്റിയും കാലാവധിയും ഉണ്ടാവില്ലെന്നറിഞ്ഞ്‌ അവര്‍ വിജയനോട്‌ ഏതെങ്കിലും ഇഷ്ടപ്പെട്ട പെണ്‍കുട്ടികളുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി, അത്‌ നടത്തിക്കൊടുക്കാം എന്നൊരിക്കല്‍ പറയുകയുണ്ടായി.

പലപ്രാവശ്യം ഈ ഓഫര്‍ കേട്ടപ്പോള്‍ വിജയന്‍ പറഞ്ഞു "ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ട്‌.. പക്ഷേ, ബോംബേയിലാണ്‌.."

"ഉവ്വോ... എന്താ കുട്ടീടെ പേര്‌?" വിജയന്റെ അമ്മയുടെ നിഷ്കളങ്കമായ ചോദ്യം.

"ഐശ്വര്യ റായ്‌... എന്താ നടത്തിത്തരുമോ?"

"എന്തായാലും വിരോധല്ല്യാ... ആ കുട്ടീടെ വീട്ടുകാരുമായി സംസാരിച്ച്‌ വേണ്ടത്‌ ചെയ്യൂ.." പാവം അമ്മയുടെ അനുമതിയും കിട്ടി.

അങ്ങനെ ഐശ്വര്യറായുമായി വരെ കല്ല്യാണം ആലോചിക്കാന്‍ വിജയന്‌ സാധിച്ചു.


വിജയന്‌ ബുക്കിംഗ്‌ ഇല്ലാത്ത ഒരു അവധിദിവസം വൈകീട്ട്‌ വിജയന്‍ ഒരു സുഹൃത്തിന്റെ കടയിലെത്തി. ആ കടയുടെ പുറകുവശത്തെ റൂമില്‍ ആ സുഹൃത്തിന്റെ വേറെ ചില കൂട്ടുകാര്‍ മദ്യക്കുപ്പിയും ഗ്ലാസ്സും വായയുമായുള്ള ബന്ധത്തിന്റെ ഗൂഢവശങ്ങളെക്കുറിച്ച്‌ വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്‌ അറിഞ്ഞപ്പോള്‍ വിജയനും തന്റെ അനുഭവസമ്പട്ടും പ്രതിഭയും പുറത്തെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 'ക്ലാസ്സ്‌ മേറ്റ്‌ സിനേക്കാള്‍ വലുതാണ്‌ ഗ്ലാസ്സ്‌ മേറ്റ്‌ സ്‌' എന്ന തത്വം അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ പെട്ടെന്ന്‌ വിജയനും അവരുടെ ഉറ്റ സുഹൃത്താവാന്‍ അധികസമയം എടുത്തില്ല.

ആ സ്നേഹം മൂത്ത്‌ കഴിഞ്ഞപ്പോള്‍ സുഹൃത്തിന്‌ തന്റെ കേമത്തം വിജയനെ ബോധ്യപ്പെടുത്തുവാനുള്ള ആഗ്രഹം ജനിച്ചത്‌.

"വിജയാ.. നിനക്ക്‌ പൃത്ഥ്യിരാജിന്റെ ഫോണ്‍ നമ്പര്‍ വേണോ? ഇതാ... കണ്ടോ" തന്റെ മൊബെയില്‍ ഫോണ്‍ നീട്ടിക്കൊണ്ട്‌ ഫ്രണ്ട്‌.

വിജയനിലെ മഹാകേമിക്ക്‌ ഉണരുവാന്‍ വലിയ താമസമുണ്ടായില്ല.

"നിനക്ക്‌ റോമയുടെ നമ്പര്‍ വേണോ?"

വിജയന്റെ പെട്ടെന്നുള്ള ഓഫര്‍ കേട്ട്‌ സുഹൃത്ത്‌ ഞെട്ടി.

"വിളിച്ച്‌ എപ്പോഴും ശല്ല്യം ചെയ്യരുത്‌.... രാത്രി വിളിച്ചാല്‍ മതി.." വിജയന്റെ ഈ ഉപദേശവും കൂടി ആയപ്പോള്‍ സുഹൃത്തിന്റെ മുഖത്ത്‌ വിജയനോട്‌ ഒരു ചെറിയ വീരാരാധന തോന്നിയോ എന്ന്‌ വിജയന്‌ തന്നെ സംശയം.

വിജയന്‍ ഫോണ്‍ നമ്പര്‍ പറഞ്ഞ്‌ കൊടുക്കുകയും സുഹൃത്ത്‌ അത്‌ മൊബെയില്‍ ഫോണില്‍ ഫീഡ്‌ ചെയ്യുകയും ചെയ്തു.

വീരശൂരകഥകള്‍ പരസ്പരം തട്ടിവിട്ട്‌ അന്നത്തെ കാര്യപരിപാടി കഴിഞ്ഞ്‌ പരസ്പരം യാത്ര പറഞ്ഞ്‌ എല്ലാവരും പുറത്തേയ്ക്ക്‌ നടന്നു.

വിജയന്‍ വെറുതേ മൊബെയില്‍ ഫോണില്‍ എടുത്ത്‌ നോക്കിയപ്പോള്‍ അതില്‍ രണ്ട്‌ മിസ്സ്ഡ്‌ കോള്‍..

നമ്പര്‍ പരിചയമില്ല.

പെട്ടെന്നാണ്‌ വിജയന്‍ ഒരു കാര്യം ഓര്‍ത്തത്‌. കഴിഞ്ഞ ദിവസം പെണ്ണുകാണാന്‍ പോയ സ്ഥലത്ത്‌ പെണ്‍കുട്ടിക്ക്‌ തന്റെ മൊബെയില്‍ ഫോണ്‍ നമ്പര്‍ വിജയന്‍ കൊടുത്തിരുന്നു. ആ വിളി വരും എന്ന്‌ പ്രതീക്ഷിച്ച്‌ മതിയും കൊതിയും കെട്ട്‌ ഇരിക്കുമ്പോഴാണ്‌ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്‌.

"അതെ... ഇത്‌ അവള്‍ തന്നെ..." വിജയന്റെ കാമുകഹൃദയം തുടിച്ചു, ഹൃദയം തബല കൊട്ടി.... മനസ്സില്‍ 'ചിങ്ങമാസം വന്നു ചേര്‍ന്നാല്‍..' എന്ന ഗാനം ഫുള്‍ വോള്യത്തില്‍ തകര്‍ത്ത്‌ തുടങ്ങി... നെറ്റിയില്‍ വിയര്‍പ്പ്‌ പൊടിഞ്ഞു...

"ഐ ലവ്‌ യൂ.. എന്ന് ഇങ്ങോട്ട്‌ പറഞ്ഞാല്‍ തിരിച്ച്‌ എന്ത്‌ പറയും?" എന്ന് വിജയന്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല.

"എന്തായാലും തിരിച്ച്‌ വിളിക്കുക തന്നെ.." മനസ്സിലുറപ്പിച്ചുകൊണ്ട്‌ വിജയന്‍ സുഹൃത്തുക്കളുടെ ഇടയില്‍ നിന്ന് പതുക്കെ സ്കൂട്ട്‌ ആയി ഒരല്‍പ്പം വേഗത്തില്‍ നടന്ന് ഒരു സൈഡിലേയ്ക്ക്‌ ഒതുങ്ങി നിന്നു. വേറെ ഒന്നുകൊണ്ടും അല്ല... തന്റെ പ്രേമസല്ലാപം മറ്റുള്ളവരെ അറിയിക്കേണ്ടല്ലോ...

വിജയന്‍ ആ നമ്പറിലേയ്ക്ക്‌ തിരിച്ച്‌ വിളിച്ചു.

തന്റെ ശബ്ദത്തില്‍ പഞ്ചസാരയും തേനും സമാസമം ചേര്‍ത്ത്‌ വിജയന്‍ മൊഴിഞ്ഞു... "ഹലോ..." വായില്‍ നിന്ന്‌ കുറച്ച്‌ തേന്‍ ഒലിച്ച്‌ താഴെ വീഴുകയും ചെയ്തു.

വിജയനെ നിരാശനാക്കിക്കൊണ്ട്‌ മറുതലയ്ക്കല്‍ നിന്ന്‌ ഒരു വൃത്തികെട്ട പുരുഷശബദം.. "ഹലോ... ആരാ?"

വിജയന്റെ സകല കണ്ട്രോളും നഷ്ടപ്പെട്ടു. തനിക്ക്‌ മിസ്സ്ഡ്‌ കോള്‍ തന്നിട്ട്‌ തിരിച്ച്‌ വിളിച്ചപ്പോളുള്ള ഒരു ചോദ്യം...

"താനാരാന്ന്‌ പറ..... എന്നെ വിളിച്ചിട്ട്‌ എന്നോടാണോ ചോദിക്കുന്നത്‌ ആരാണെന്ന്‌?"

"ഒന്ന്‌ പോടാ തെണ്ടീ... നീയല്ലേടാ ഇങ്ങോട്ട്‌ വിളിച്ചേ.... " മറുതലയും ഒട്ടും മോശമല്ല.

"എടാ.. ഡോഗിന്റെ സണ്ണേ... നീ ആരാടാ %&***#@" സം സ്‌ കൃതത്തില്‍ ബിരുദാനന്തരബിരുദമുള്ള വിജയനോടാ കളി.

പിന്നീട്‌ അങ്ങോട്ട്‌ സം സ്‌ കൃതത്തിന്റെ കാണാപ്പുറങ്ങള്‍ കടന്നുള്ള പ്രയാണമായിരുന്നു ഇരുവരും....

ഫോണും കട്ട്‌ ചെയ്ത്‌ വിയര്‍ത്ത്‌ കുളിച്ച്‌ വിജയന്‍ തിരിച്ച്‌ കൂട്ടുകാരുടെ ഇടയിലേയ്ക്ക്‌ എത്തി.

അവിടെ എത്തിയപ്പോള്‍ അതാ ലാല്‍ സലാം പറഞ്ഞുപോയ മറ്റേ സുഹൃത്തും തിരിച്ചെത്തിയിരിക്കുന്നു.

"ഇപ്പോള്‍ തന്നെ ഞാന്‍ ഒരുത്തനെ ഫോണിലൂടെ വയറ്‌ നിറച്ച്‌ തെറിവിളിച്ചു.." വിജയന്‍ കൂട്ടുകാരോടായി ഒരു നിര്‍വൃതിയോടെ പറഞ്ഞു.

"എന്നെ ഒരുത്തന്‍ ഇപ്പോള്‍ തന്നെ ഫോണില്‍ വിളിച്ച്‌ വെറുതേ കുറേ തെറി പറഞ്ഞു....." അത്ഭുതത്തോടെ സുഹൃത്തും.

ചെറുതായിട്ട്‌ തലയ്ക്ക്‌ പിടിച്ച കളര്‍ വാട്ടറിന്റെ സ്വാധീനത്തിന്നിടയിലൂടെ വിജയന്റെ കുശാഗ്രബുദ്ധി പതുക്കെ എത്തിനോക്കി.... ഒന്ന്‌ ശങ്കിച്ച്‌ തിരിച്ച്‌ നടന്ന വിജയന്റെ അടുത്തേയ്ക്ക്‌ വന്ന വിജയന്റെ കടയിലുള്ള സുഹൃത്തിന്റെ ഒരു ചോദ്യം...

"വിജയാ... നീയെന്നാ റോമയായത്‌?"

പെട്ടെന്നൊരു മിന്നല്‍പിണര്‍ പോലെ കാര്യങ്ങള്‍ വിജയന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

ഫ്ലാഷ്‌ ബാക്ക്‌
------------
വിജയന്‍ ഫ്രണ്ടിന്‌ റോമയുടെ നമ്പര്‍ പറഞ്ഞ്‌ കൊടുക്കുന്നു. ഫ്രണ്ട്‌ ഫോണ്‍ നമ്പര്‍ ഫീഡ്‌ ചെയ്ത്‌ കുറച്ച്‌ കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ്‌ പുറത്തേയ്ക്ക്‌ ആരോടോ ഫോണ്‍ ചെയ്യാനായി നടക്കുന്ന കണ്ടു...

വിജയന്റെ ഫോണില്‍ ഒരു കോള്‍ വരുന്നു.. വിജയന്‌ പരിചയമുള്ള നമ്പര്‍ അല്ല... 'ഇത്‌ കഴിഞ്ഞ ആഴ്ച ഗള്‍ഫില്‍ നിന്ന് വന്ന സുഹൃത്ത്‌ ഏതെങ്കിലും ബാര്‍ലി വെള്ളം (ബാറിലെ വെള്ളം) കുടിക്കുന്നിടത്ത്‌ സംഘം ചേര്‍ന്നിരുന്ന് വിളിക്കുന്നതാവും' എന്ന ഊഹത്തോടെ മൊബെയില്‍ ഫോണ്‍ സൈലന്‍സ്‌ മോഡില്‍ ഇടുന്നു.

ഫ്ലാഷ്‌ ബാക്ക്‌ കഴിഞ്ഞപ്പോഴേയ്ക്കും വിജയന്‌ കാര്യങ്ങളുടെ കിടപ്പ്‌ ബോധ്യപ്പെട്ടു.

റോമയുടെ നമ്പര്‍ ആണെന്ന്‌ പറഞ്ഞ്‌ വിജയന്‍ ഫ്രണ്ടിന്‌ കൊടുത്തത്‌ വിജയന്റെ നമ്പര്‍ തന്നെയായിരുന്നു.

'ദൈവമേ.. കുറച്ച്‌ മുന്‍പ്‌ ഒരല്‍പ്പം മാറിനിന്ന് താന്‍ വിളിച്ച തെറിയെല്ലാം കേട്ടത്‌ ഇവന്‍ ആണോ? പാവം... റോമയാണ്‌ തിരിച്ച്‌ വിളിക്കുന്നതെന്ന് വിചാരിച്ച്‌ ആക്രാന്തത്തോടെ ഫോണുമെടുത്ത്‌ അവനും നടന്നുകാണും...'

വിജയന്‍ വീട്ടിലേയ്ക്കുള്ള നടപ്പിന്റെ വേഗത കൂട്ടി.

പിന്‍ കുറിപ്പ്‌: ഈയിടെയായി വിജയനെ സുഹൃത്തുക്കള്‍ ഫോണില്‍ നിരന്തരമായി വിളിച്ച്‌ ശല്ല്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌. എല്ലാവരും ചോദിക്കുന്നത്‌ ഒരേ ഒരു കാര്യം മാത്രം.. "വിജയാ... ആ റോമയുടെ നമ്പര്‍ ഒന്ന് താടാ..."

**വിജയന്‍ - ഈ പേര്‌ ഒറിജിനല്‍ അല്ല. കാരണം, പേര്‌ മാറ്റിപ്പറഞ്ഞാല്‍ തന്നെ ഈ സുഹൃത്തിനെ ചാലക്കുടിക്കാരെല്ലാം അറിയും.. എന്റെ ദാരുണവധം ഉറപ്പായി. ഇനി പേരും കൂടി പറഞ്ഞ്‌ അത്‌ ഇരട്ടക്കൊലപാതകമാക്കേണ്ടല്ലോ എന്ന് വിചാരിച്ചാണ്‌..

Labels:

3 Comments:

At 6:26 AM, Blogger സൂര്യോദയം said...

ഒരു സുഹൃത്തിണ്റ്റെ വീരഗാഥ.... ആളുടെ പേര്‌ പറയില്ല, പക്ഷേ, തൊട്ട്‌ കാണിക്കാം എന്ന് പറഞ്ഞ പോലെയായി എഴുതിവന്നപ്പോള്‍...

 
At 4:17 AM, Blogger Raman said...

ishtayi

 
At 10:20 AM, Blogger സൂര്യോദയം said...

Raman.. Thanks for the comment :-)

 

Post a Comment

<< Home