സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Thursday, April 23, 2009

അഭ്യര്‍ത്ഥന

പ്രിയപ്പെട്ടവരെ,

എന്റെ സുഹൃത്തും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി എന്റെ സഹപ്രവര്‍ത്തകനുമായ രഞ്ജിത്ത്‌ ശങ്കര്‍ തന്റെ ആദ്യ മലയാള സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുകയാണ്‌. ഒരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഒരു പക്ഷേ ആദ്യമായായിരിക്കും മലയാളം സിനിമയില്‍ ഇത്രയും പ്രധാനമായ ഒരു ചുമതല വഹിക്കുന്നത്‌.

6 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ (2003) ഏഷ്യാനെറ്റ്‌ ചാനലില്‍ സം പ്രേക്ഷണം ചെയ്ത 'American Dreams' എന്ന സീരിയലിലൂടെ ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള കേരള ഗവര്‍ണ്മെന്റിന്റെ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള ആളാണ്‌ രഞ്ജിത്ത്‌ ശങ്കര്‍.

കുറച്ചുകാലം സീരിയല്‍ രംഗത്ത്‌ സജീവമായിരുന്നെങ്കിലും, മലയാള സിനിമയോടുള്ള തീവ്രമായ അഭിനിവേശം മൂലം സീരിയല്‍ രംഗത്തെ സാമ്പത്തികമായ പല നേട്ടങ്ങളേയും അവഗണിച്ചുകൊണ്ട്‌ സീരിയല്‍ രംഗത്ത്‌ നിന്ന് വിട്ട്‌ നില്‍ക്കാന്‍ രഞ്ജിത്ത്‌ തീരുമാനിച്ചു. അങ്ങനെ, തന്റെ മനസ്സിലുള്ള കഥയെ പരുവപ്പെടുത്തിയെടുത്ത്‌ തിരക്കഥയാക്കുന്ന ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ പ്രാരംഭഘട്ടങ്ങളില്‍ തന്നെ ഞാനടക്കമുള്ള പല സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യുകയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നിരന്തരം ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഒരു ഡ്രാഫ്റ്റ്‌ സ്ക്രിപ്റ്റുമായാണ്‌ രഞ്ജിത്ത്‌ സിനിമാരംഗത്തെ പല പ്രശസ്ത താരങ്ങളേയും സമീപിച്ചത്‌. രഞ്ജിത്തിന്റെ സബ്ജറ്റ്‌ കേട്ട എല്ലാവരും തന്നെ ഇതില്‍ വളരെ തല്‍പരരാകുകയും വളരെയധികം വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

രഞ്ജിത്തിന്റെ സുഹൃത്തായ സംവിധായകന്‍ ലാല്‍ജോസ്‌ ആണ്‌ രഞ്ജിത്തിന്റെ കഴിവില്‍ നല്ല വിശ്വാസം പ്രകടിപ്പിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്ത ആളുകളില്‍ പ്രധാനി. അദ്ദേഹത്തിന്റെ ചില സിനിമാ ചിത്രീകരണസന്ദര്‍ഭങ്ങളില്‍ രഞ്ജിത്തിന്‌ ചെല്ലുവാന്‍ അവസരം നല്‍കുകയും സിനിമാനിര്‍മ്മാണത്തിനെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കുവാന്‍ സാഹചര്യം ഒരുക്കുകയും ചെയ്തിരുന്നു.

ശ്രീ. ലാല്‍ജോസ്‌ നിര്‍ദ്ദേശിച്ച പ്രകാരം ഈ സ്ക്രിപ്റ്റ്‌ ശ്രീ.ശ്രീനിവാസനുമായി സംസാരിച്ചപ്പോഴാണ്‌ ഈ സിനിമയുടെ സാക്ഷാല്‍ക്കാരത്തിനുള്ള പ്രധാന വഴിത്തിരിവായത്‌.

ഐ.ടി. മേഖലയില്‍ പാലിക്കുന്ന അതേ പ്രൊഫഷണലിസത്തോടെതന്നെ രഞ്ജിത്ത്‌ തന്റെ സിനിമാ പ്രവര്‍ത്തനത്തേയും സമീപിച്ചു. കമ്പ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്ത്‌ പ്രിന്റ്‌ എടുത്ത സ്ക്രിപ്റ്റ്‌ ഒരു ഫയലിലാക്കിയാണ്‌ രഞ്ജിത്ത്‌ ശ്രീ. മമ്മൂട്ടിയേയും, ശ്രീനിവാസനേയും സമീപിച്ചിരുന്നത്‌. മുന്‍ വിധികളുന്നുമില്ലാതെ രഞ്ജിത്തിന്റെ സ്ക്രിപ്പ്‌ കേട്ട ശ്രീനിവാസന്‍, വളരെ സന്തോഷത്തോടെ രഞ്ജിത്തിനെ അഭിനന്ദിക്കുകയും ഇത്‌ സിനിമയാക്കുന്നതിന്‌ രഞ്ജിത്തിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ്‌ നല്‍കുകയും ചെയ്തു.

ആരെല്ലാം അഭിനയിക്കുന്നു എന്നതിനേക്കാള്‍ ഈ സബ്ജറ്റ്‌ കൂടുതല്‍ നന്നാവുക എന്ന ഉദ്ദേശത്തോടെയുള്ള കാസ്റ്റിംഗ്‌ ആയിരുന്നു പിന്നീട്‌ നടന്നത്‌. ഈ സബ്ജറ്റ്‌ ശ്രീനിവാസന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീ. ദിലീപ്‌ എത്തുകയും അദ്ദേഹവും ഈ സിനിമ ചെയ്യുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട്‌ കാര്യങ്ങള്‍ വളരെ പെട്ടെന്ന് പുരോഗമിക്കുകയും ഒരു നല്ല സിനിമ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മ്മാതാവടക്കമുള്ള മികച്ച ഒരു ടീം രൂപപ്പെടുകയും ചെയ്തു.

നേരത്തേ സൂചിപ്പിച്ചപോലെ പാസ്സഞ്ചര്‍ എന്ന സിനിമയുടെ കഥയും തിരക്കഥയും രൂപപ്പെടുമ്പോള്‍ പലപ്പോഴും എന്റേതായ അഭിപ്രായങ്ങള്‍ ഞാനും രഞ്ജിത്തുമായി പങ്കുവച്ചിരുന്നു. അഭിപ്രായങ്ങളില്‍ നിന്ന് തന്റേതായ ശൈലിയില്‍ അതിനെ രൂപപ്പെടുത്തി എടുക്കുന്നതില്‍ രഞ്ജിത്ത്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പാസ്സഞ്ചര്‍ എന്ന ഈ സിനിമയുടെ ഷൂട്ടിംഗ്‌ തുടങ്ങുന്നതിനുമുന്‍പുള്ള പ്രിപ്പറേഷനുകളിലും ഷൂട്ടിംഗ്‌ ദിനങ്ങളിലും ശ്രീ. ശ്രീനിവാസനും ക്യാമറാമാന്‍ ശ്രീ. പി. സുകുമാറും രഞ്ജിത്തിനോടൊപ്പം വളരെ ക്രിയേറ്റീവ്‌ ആയും സപ്പോര്‍ട്ടീവ്‌ ആയും നില്‍ക്കുകയും ഒരു മികച്ച ടീം വര്‍ക്കിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആദ്യസിനിമയുടെ പിരിമുറുക്കങ്ങളൊന്നും പ്രകടിപ്പിക്കാതെ രഞ്ജിത്ത്‌ വളരെ ഉത്തരവാദിത്വത്തോടും പരിപൂര്‍ണ്ണ വിശ്വാസത്തോടും തന്നെ പ്രവര്‍ത്തിക്കുന്നത്‌ ഷൂട്ടിംഗ്‌ ലോക്കേഷനില്‍ വല്ലപ്പോഴും ചെന്നിരുന്ന എനിയ്ക്ക്‌ അനുഭവപ്പെട്ടു.

ഈ സിനിമ തീര്‍ച്ചയായും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയും മനസ്സിലെ നന്മയെ ഉദ്ദീപിപ്പിക്കുകയും ചെയ്യും എന്നതില്‍ സംശയമില്ല. ദിലീപ്‌ ശ്രീനിവാസന്‍ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്ന കോമഡി ഫാക്റ്ററിനുപരിയായി വളരെ ഫാസ്റ്റ്‌ ആയ ഒരു ത്രില്ലര്‍ ആയിരിക്കും ഈ സിനിമ എന്നതാണ്‌ മറ്റൊരു പ്രത്യേകത. ശക്തമായ ഒരു കഥാപാത്രത്തിലൂടെ മമത മോഹന്‍ ദാസിന്റെ അഭിനയമികവ്‌ വളരെ വ്യക്തമാക്കുന്നു ഈ ചിത്രം. ശ്രീ.ജഗതി ശ്രീകുമാര്‍, ശ്രീ.നെടുമുടി വേണു എന്നീ അഭിനയപ്രതിഭകളുടെ വളരെ വ്യത്യസ്തമായ ശൈലികളിലുള്ള കഥാപാത്രങ്ങളും ഫ്രഷ്‌ ആയ ഒരു വില്ലന്‍ കഥാപാത്രവും ഈ സിനിമയുടെ മറ്റ്‌ പ്രത്യേകതകളാണ്‌.

വ്യത്യസ്തമായ പല ദൃശ്യകോണില്‍ നിന്ന് നോക്കിയാല്‍ ഓരോ കഥാപാത്രത്തിനും കൂടുതല്‍ പ്രത്യേകതയോടെ പ്രാധാന്യം കൈവരുന്നതായി അനുഭവപ്പെടുന്നു എന്ന രീതിയിലുള്ള കഥയും തിരക്കഥയും കൊണ്ട്‌ ഈ ചിത്രം വളരെ ശ്രദ്ധിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.

ഐ.ടി. കമ്പനിയിലെ തന്റെ ജോലിയോടൊപ്പമാണ്‌ രഞ്ജിത്ത്‌ തന്റെ സീരിയല്‍ സിനിമാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്‌.

മലയാള സിനിമയില്‍ നല്ല സിനിമകള്‍ ഉണ്ടാവേണ്ടതിനായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പുതുതായി വരുന്ന കലാകാരന്മാര്‍ക്ക്‌ ഊര്‍ജ്ജം പകരാനായി, ഈ സിനിമയുടെ വിജയത്തിനായി നിങ്ങളുടെ പ്രാര്‍ത്ഥനകളും മറ്റ്‌ പ്രോല്‍സാഹനങ്ങളും നല്‍കണമെന്ന് ഞാന്‍ സ്നേഹത്തോടെ അപേക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍:
http://www.youtube.com/watch?v=x39D1jtZxyc

Sites Under Construction:
http://passengerthemovie.net
http://passengerthemovie.net/demo

29 Comments:

At 10:03 AM, Blogger സൂര്യോദയം said...

Please support and make this a grand success

 
At 10:29 PM, Blogger G.MANU said...

റിലീസിനു മുമ്പു തന്നെ ഈ ചിത്രം ചര്‍ച്ചാവിഷയം ആയിട്ടുണ്ട്, മീഡിയ ലോകത്ത്..

ഇതൊരു നല്ല ചിത്രം ആവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

രഞ്ജിത്തിനു ആശംസകള്‍

 
At 9:45 PM, Blogger സൂര്യോദയം said...

പാസ്സഞ്ചര്‍ എന്ന റിലീസ്‌ ആകാന്‍ പോകുന്ന മലയാളം സിനിമയുടെ പുതിയ പ്രൊമോ ഇപ്പൊള്‍
http://www.youtube.com/watch?v=feYH2-Ewz1w

 
At 8:32 AM, Blogger ഏറനാടന്‍ said...

സൂര്യോദയം, കണ്ടു ട്രയല്‍ കണ്ടു, പോസ്റ്റ് വായിച്ചു. കേട്ടേടത്തോളം ഇത് കാണാന്‍ കൊതിയായി ഇരിക്കുന്നു. റിലീസിംഗ് തീയ്യതി വരെ കാക്കണമല്ലോ. എല്ലാ ഭാവുകങ്ങളും സുഹൃത്തായ ഭാവി സിനിമാ വാഗ്ദാന പ്രതിഭയെ അറിയിക്കുമല്ലോ.. എല്ലാവിധ ആശംസകളും നേരുന്നു.

 
At 3:25 AM, Blogger സൂര്യോദയം said...

മനൂ ജീ.... , ഏറനാടന്‍.. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ഭാവുകങ്ങള്‍ക്കും നന്ദി... രഞ്ജിത്ത്‌ ഒരു ബ്ലോഗ്‌ വായനക്കാരന്‍ ആയതിനാല്‍ തന്നെ നിങ്ങളുടെ കമന്റുകള്‍ നേരിട്ട്‌ കൈപ്പറ്റുന്നതാണ്‌... :-)

 
At 8:42 PM, Blogger സൂര്യോദയം said...

സുഹൃത്തുക്കളേ... 'പാസ്സഞ്ചര്‍' ഇന്ന് റിലീസ്‌ ആകുന്നു...

 
At 2:14 AM, Blogger ശ്രീ said...

പാസഞ്ചറിനും തിരക്കഥാകൃത്ത് രഞ്ജിത് ശങ്കറിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

ഈ ചിത്രത്തോടെ മലയാള സിനിമാലോകത്തെ ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു നാമമായി അദ്ദേഹം അറിയപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. :)

 
At 11:35 AM, Blogger K.V Manikantan said...

പടം സൂപ്പര്‍ ആണെന്നു അഭിപ്രായം കണ്ടല്ലോ!

രഞിത്തിനു അഭിനന്ദനങ്ങള്‍!

 
At 11:35 AM, Blogger K.V Manikantan said...

This comment has been removed by the author.

 
At 7:38 PM, Blogger ശ്രീ said...

ചിത്രത്തെ പറ്റി വളരെ നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്. രഞ്ജിത് ശങ്കറിന് ആശംസകള്‍!!!


നമ്മുടെ ഹരീ ഇക്കാര്യം ചിത്രവിശേഷത്തില്‍ എഴുതിയിരിയ്ക്കുന്നത് കണ്ടില്ലേ?
:)

 
At 10:57 PM, Blogger Visala Manaskan said...

പാസഞ്ചര്‍ തകര്‍പ്പന്‍ പടമാണെന്നാണ് അറിഞ്ഞത്. നമ്മുടെ ഹരിയുടെ ചിത്രവിശേഷത്തിലും വായിച്ചു. അത് സൂര്യോദയത്തിന്റെ ഫ്രണ്ടാണെന്നറിഞ്ഞപ്പോള്‍ സന്തോഷം ഡബിളായി.

മലയാള സിനിമയിലെ എല്ലാ മേഖലകളിലും കഴിവുള്ള പുതിയ തലകള്‍ വരട്ടേ.

 
At 1:48 AM, Blogger ഏറനാടന്‍ said...

ചക്കിനു ചുറ്റും കറങ്ങുന്ന നുകം വെച്ച കാളകള്‍ ഭരിക്കുന്ന മലയാള സിനിമാ വ്യവസായത്തിന്‌ നല്ലൊരു ഉടച്ചുവാര്‍ക്കല്‍ വരുന്ന കാലം വിദൂരമല്ല എന്ന് ഈ പാസ്സഞ്ചറിലൂടെ നവാഗതപ്രതിഭ രഞ്ചിത്ത് ശങ്കര്‍ തെളിയിച്ചുകഴിഞ്ഞു.

ബൂലോഗത്തേയും ബൂലോഗനേയും പുച്ഛത്തോടെ കണ്ടിരുന്ന ചില ബുജികളുടെ സമീപനം മാറിവരുന്ന ഈ വേളയില്‍ ബൂലോഗത്തെ പ്രതിഭകളുടെ സാന്നിധ്യവും സിനിമാരംഗത്തെ പഴയ വസന്തകാലമായ തീയേറ്റര്‍ നിറയ്ക്കുന്ന ആരവങ്ങളും ജയഭേരികളുമായി പ്രേക്ഷകരെ തിരിച്ചെത്തിക്കുവാന്‍ സഹായകരമാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ആശംസകളോടെ...

 
At 4:35 AM, Blogger Pongummoodan said...

ഞാനിപ്പോൾ ദേ, ഈ സിനിമ കണ്ട് വന്നതേയ്യുള്ളു. വിശദമായി കുറിക്കുന്നുണ്ട്. :)

 
At 9:07 AM, Blogger ടി.സി.രാജേഷ്‌ said...

അയ്യയ്യോ... എനിക്കിതു കാണാന്‍ മുട്ടീട്ടിരിക്കാന്‍ മേലേ..... നാളെത്തന്നെ, ഒറപ്പ്‌...

 
At 4:36 AM, Blogger അരുണ്‍ കരിമുട്ടം said...

പാസഞ്ചര്‍ കണ്ടില്ല.
പക്ഷേ നല്ല സിനിമ ആണെന്ന് അഭിപ്രായം കിട്ടി.
തമിഴിലെ വെങ്കട്ട് പ്രഭുവിനെ പോലെ രഞ്ജിത്തും ശോഭിക്കട്ടെ

 
At 7:11 AM, Blogger Eccentric said...

hariyude site il ninnanu link kittiyayh..ranjith sankarinte blogilum poyi nokki..nammude ee IT thozhilalikalude koottathil ninnu oruthan ennu orthitt vallathoru santhosham :)
vyathyasthamaaya chithrangalum athinu venda chinthakalum varatte..

 
At 9:05 PM, Blogger സൂര്യോദയം said...

ശ്രീ... താങ്കളുടെ ആശംസകള്‍ക്കും കമന്റിനും നന്ദി..

സങ്കുചിതന്‍... പൊരുവേ വളരെ നല്ല അഭിപ്രായങ്ങളാണ്‌ ഈ ചിത്രത്തിന്‌ ലഭിക്കുന്നത്‌. താങ്കളും കണ്ട്‌ അഭിപ്രായം അറിയിക്കുമല്ലോ..

വിശാല്‍ജീ... താങ്കളുടെ പ്രോല്‍സാഹനത്തിന്‌ നന്ദി..

ഏറനാടന്‍.. പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി.

പോങ്ങുമ്മൂടന്‍.... താങ്കളുടെ റിവ്യൂ വായിക്കാന്‍ കാത്തിരിക്കുന്നു.

ടി.സി. രാജേഷ്‌, അരുണ്‍.. സിനിമ കണ്ടതിനുശേഷം അഭിപ്രായം അറിയിക്കുമല്ലോ..

Eccentric... ഐ.ടി. മേഖലയില്‍ നിന്ന് ഇനിയും നല്ല കലാകാരന്മാര്‍ ഉദയം ചെയ്യട്ടേ... :-)

പാസ്സഞ്ചര്‍ എന്ന സിനിമ കണ്ടതിനുശേഷം അതില്‍ ഏതെങ്കിലും സന്ദര്‍ഭങ്ങളെക്കുറിച്ച്‌ സംശയങ്ങളോ എതിര്‍ ചിന്തകളോ ഉണ്ടായാല്‍ ആ ചിത്രം വീണ്ടും കാണുമ്പോള്‍ അത്തരം സംശയങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കുമെന്ന് എനിയ്ക്ക്‌ ഉറപ്പിച്ച്‌ പറയാന്‍ സാധിക്കും. എല്ലാ ഡയലോഗുകളും സീനുകളും പെര്‍ഫക്റ്റ്‌ ആയി ലിങ്ക്‌ ചെയ്തിട്ടുണ്ടെന്നാണ്‌ 3 തവണ ഈ ചിത്രം കണ്ട എന്റെ അഭിപ്രായം.

ഈ ചിത്രത്തിന്റെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

 
At 8:15 AM, Blogger Faisal Mohammed said...

ബോസ്സ്, ഇതു ഷൂട്ട് ചെയ്യാന്‍ ഉപയോഗിച്ച ക്യാമറയും സ്റ്റോക്കും ഏതാണെന്നറിയാന്‍ വല്ല നിര്‍വ്വാഹവുമുണ്ടോ ? എസ്.എല്‍.2കെ ആണോന്നൊരു ഡൌട്ട് ?

 
At 9:33 AM, Blogger K.V Manikantan said...

പാച്ചു:
Meanwhile Aamir was shot in Arri 235 and ultra primes.And they used 40% steadycam on a 3.5 kg camera.Thats too much.Malayalam cinema certainly cant afford that.

I want to go with Arri3 and HAWK for passenger.Someone told me HAWK is not compatible with Arri3.Pritvi told me thats nonsense and he has worked on couple on movies with it.Maybe we will be needing 24 block lenses for a couple of days shoot.

ഇതു രെഞിത്തിന്റെ ബ്ലോഗില്‍നിന്നാണു http://ranjithsankar.wordpress.com/category/passenger/page/4/

 
At 9:04 PM, Blogger G.MANU said...

മാഷേ

അടുത്തിടെ കാണ്ടതില്‍ വച്ച് ഏറ്റവും നല്ല സിനിമ..
കണ്ടില്ലെങ്കില്‍ നഷ്ടമാവുന്ന ഒരു പടം..

ബെസ്റ്റ് ത്രില്ലറ്

 
At 9:17 PM, Blogger സൂര്യോദയം said...

പാച്ചു... Arre3 ക്യാമറ, Cinevision ലെന്‍സ്‌..

 
At 7:51 PM, Blogger ടി.സി.രാജേഷ്‌ said...

സൂര്യോദയം,
ഹരിയുടെ പോസ്‌റ്റിനിട്ട കമന്റില്‍ നിന്നും പ്രസക്തഭാഗങ്ങളും മറ്റുചില സംഗതികളും ഇവിടെ കുറിക്കട്ടെ. മലയാളസിനിമയില്‍ പത്രപ്രവര്‍ത്തന സിനിമകള്‍ ധാരാളം വന്നിട്ടുണ്ട്‌. പത്രക്കാരും എത്തിരി വന്നിട്ടുണ്ട്‌. പക്ഷെ, യഥാര്‍ഥ പത്രപ്രവര്‍ത്തനം പലതിലും വന്നിട്ടില്ല. ഇപ്പോഴും തുണ്ടുപേപ്പറില്‍ ഉത്തരം കുറിക്കുന്ന വിഡ്‌ഢിവേങ്ങളാണ്‌ സിനിമാക്കാര്‍ക്ക്‌ പത്രക്കാര്‍. പാസഞ്ചര്‍ അക്കാര്യത്തില്‍ കുറേ മാറ്റം വരുത്തിയെങ്കിലും ഒഴിവാക്കേണ്ടിയിരുന്ന ചിലത്‌ വന്നുകണ്ടതില്‍ വിഷമമുണ്ട്‌. അതിലാദ്യത്തേത്‌ എഴുന്നേറ്റു നിന്നു ചോദ്യം ചോദിക്കുന്നതാണ്‌.
പത്രപ്രവര്‍ത്തകര്‍ ലോകത്തൊരിടത്തും എത്ര ആവേശഭരിതരായാലും എഴുന്നേറ്റു നിന്നു ചോദ്യം ചോദിക്കാറില്ല. ഒരു ചടങ്ങിലേക്ക്‌ രാഷ്ട്രപതി കയറി വരുമ്പോള്‍പോലും എഴുന്നേല്‍ക്കാന്‍ തയ്യാറാകാത്ത ഒരേയൊരു വിഭാഗമാണ്‌ പത്രക്കാര്‍. ഇതിലും വലിയ അബദ്ധങ്ങള്‍ പത്രക്കാരെപ്പറ്റി പല സിനിമകളിലും കാണാറുണ്ട്‌. ഇതില്‍ വളരെക്കുറച്ചേയുള്ളുവെന്നതിലാശ്വസിക്കാം. മറ്റൊന്‌്‌ ഇത്ര പ്രമാദമായ ഇന്റര്‍വ്യൂവിന്‌ ചാനല്‍ ഓഫിസില്‍ നിന്ന്‌ (എറണാകുളത്തുനിന്ന്‌ കോട്ടയം വരെ) പോകുന്ന ന്യൂസ്‌ എഡിറ്റര്‍ക്ക്‌ ഒരിക്കലും ട്രെയിനിനു വേണ്ടി കാക്കേണ്ടി വരില്ല. കാരണം ഫുള്‍ യൂണിറ്റിനൊപ്പം കാറില്‍ ന്യൂസ്‌ എഡിറ്റര്‍ക്കു പോകാന്‍ സൗകര്യം ലഭിക്കും. മാത്രമല്ല, പ്രത്യേക കാരണങ്ങളില്ലാതെ കോട്ടയത്ത്‌ അവര്‍ക്കു തങ്ങേണ്ട കാര്യവുമില്ല.
ഇത്തരം ഗൗരവകരമായ എരു ഓപ്പറേഷന്‍ പ്‌ളാന്‍ ചെയ്യുമ്പോള്‍ അത്‌ ഒരിക്കലും ഒരു ലോഡ്‌ജ്‌ മുറിയിലിരുന്നായിരിക്കില്ല, മറിച്ച്‌ ചാനല്‍ ഓഫിസില്‍ വച്ച്‌ ലഭ്യമായ സൗകര്യങ്ങളെല്ലാമുപയോഗിച്ചായിരിക്കും. ഇനി ചിലതുകൂടി കേള്‍ക്കൂ,
ഒരു പത്രസ്ഥാപനവും തങ്ങളെത്തേടി വരുന്നവര്‍ക്കു മുന്നില്‍ ഗേറ്റ്‌ അടച്ചിടാറില്ല. ഇതില്‍ അനുരാധയെതേടി ചാനല്‍ ഓഫിസില്‍ സത്യനാഥ്‌ എത്തുമ്പോള്‍ ഗേറ്റ്‌ അടഞ്ഞുകിടക്കുന്നു.
എറണാകുളത്തു നിന്ന്‌ മന്ത്രിയെ ഇന്റര്‍വ്യൂ ചെയ്യാനായി ചാനല്‍ ന്യൂസ്‌ എഡിറ്റര്‍ കോട്ടയത്ത്‌ എത്തിയെന്നിരിക്കും. പക്ഷെ, കോട്ടയത്തെ പത്രസമ്മേളനത്തില്‍ അവര്‍ പങ്കെടുക്കാന്‍ യാതൊരു സാധ്യതയുമില്ല.
ആഭ്യന്തരമന്ത്രി വന്നിരിക്കാന്‍ പോകുന്ന മുറി മിനിട്ടുകള്‍ക്കു മുമ്പ്‌ ഒരു അന്യയുവാവ്‌ വന്ന്‌ കള്ളത്താക്കോലുപയോഗിച്ചു തുറക്കുക, അപരിചിതനായ ആ യുവാവിനെ നിഷ്‌പ്രയാസം പിടികൂടുക, ഗുണ്ടകള്‍ തോടുന്ന ചാനല്‍പ്രവര്‍ത്തക യാതൊരു ഭയവുമില്ലാതെ വഴിയരികില്‍ കാറു നിര്‍ത്തി ഒപ്പമുള്ളവരെ ലാപ്‌ടോപ്പില്‍ ദൃശ്യങ്ങള്‍ കാണിക്കുക, വിന്‍ഡോ ഗ്‌ളാസ്‌ ഉയര്‍ത്തിവയ്‌ക്കാതെ പുറത്തേക്കു തലയിട്ടു യാത്ര ചെയ്യുക, ഇപ്രകാരമാണെങ്കില്‍ കൈവശമുള്ള സ്‌കൂപ്പുമായി ഓഫിസിലെത്താന്‍ നിഷ്‌പ്രയാസം സാധിക്കുമെന്നിരിക്കെ അതിനു ശ്രമിക്കാതെ ഒളിച്ചു കളിക്കുക, രാത്രിവണ്ടിയുടെ ഒരു കൂപ്പയില്‍ രണ്ടേരണ്ടുപേര്‍ മാത്രം യാത്രചെയ്യുക, സ്റ്റേഷന്‍ വിജനമായിരിക്കുക... നോക്കിയാല്‍ യുക്തിരാഹിത്യങ്ങളേറെയുണ്ട്‌.
(പിന്നെ, ഒരു രഹസ്യം പറയാം. പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെയെല്ലാം ഫോണ്‍കോളുകള്‍ ചില രഹസ്യാന്വേഷണകേന്ദ്രങ്ങള്‍ നിരന്തരം ടാപ്പു ചെയ്യുന്ന പതിവുണ്ട്‌. ഇത്ര പ്രശ്‌സ്‌തയും പ്രശ്‌നക്കാരിയുമായ അനുരാധയുടേത്‌ തീര്‍ച്ചയായും. അപ്പോള്‍ ആ യുവാവുമൊത്തുള്ള ഓപ്പറേഷന്‍ ഫോണ്‍കോള്‍ വഴി അറേഞ്ചുചെയ്യാന്‍ യാതൊരു സാധ്യതയുമില്ല. അതുപിന്നെ പുറത്താര്‍ക്കും അധികം അറിയില്ലാത്തതിനാല്‍ പോട്ടെ.)
ഇനിയത്തെകാലത്ത്‌ അധികാരലഹരി നുണയാന്‍ വര്‍ഗീയകലാപമൊന്നുമായിരിക്കില്ല, ഇത്തരം ഹൈടെക്ക്‌ ആക്രമണങ്ങളും സംഭവങ്ങളുമായിരിക്കും ഉണ്ടാകുകയെന്ന സംവിധായകന്റെ ദീര്‍ഘദര്‍ശിത്വം നന്നായി ബോധിച്ചു. പിന്നെ, ഗുണ്ടാനേതാവിന്റെ പേര്‌ അണലി ഷാജിയെന്നാണ്‌. അയാളെ ഇക്കാ എന്നു വിളിപ്പിച്ച മുസ്‌ളീം ആക്കിയതു ശരിയായില്ല. ഇക്കാ എന്ന സംബോധന ഇല്ലായിരുന്നെങ്കില്‍ ഷാജിക്കു മതമേ ഉണ്ടാകുമായിരുന്നില്ല. ഗുണ്ടാവേര്‍ഷന്‍ നന്നായിത്തന്നെ കൈകാര്യം ചെയ്‌തിട്ടുണ്ട്‌.
നല്ല കഠിനാധ്വാനംതന്നെ ഈ ചിത്രത്തിന്റെ രചനയ്‌ക്കു പിന്നിലുണ്ടെന്ന്‌ വ്യക്തമാണ്‌. (അതുകൊണ്ടാണ്‌ ഇത്രയെങ്കിലും തെറ്റുകുറ്റങ്ങള്‍ നാം ശ്രദ്ധിച്ചതും ചര്‍ച്ച ചെയ്‌തതും. അല്ലെങ്കില്‍ ഇതിനൊക്കെ എവിടെ നേരം.) അതിന്റെ ഫലം സംവിധായകനു ലഭിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. മലയാളത്തില്‍ ഇതുവരെ കുറ്റവും കുറവുമില്ലാത്തൊരു സിനിമ കാണാന്‍ എനിക്കു സാധിച്ചിട്ടില്ല. ക്‌ളാസ്‌മേറ്റ്‌സില്‍പോലും യുകര്‌തിരാഹിത്യങ്ങള്‍ ഏറെയുണ്ടായിരുന്നു. സാധാരണപ്രേക്ഷകനു മുന്നില്‍ അത്തരം കാര്യങ്‌ഹള്‍ മറച്ചുവയ്‌ക്കാന്‍ കഴിയുമ്പോഴാണ്‌ സിനിമ വിജയിക്കുന്നത്‌. പാസഞ്ചറില്‍ രഞ്‌ജിത്ത്‌ ശങ്കറിന്‌ അതു സാധിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഇത്രയും കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കാന്‍ പലരും ശ്രമിക്കുന്നത്‌. അതിനെ പോസിറ്റീവായി എടുക്കുക. യുക്തിക്കനുസരിച്ച്‌ തിരക്കഥ തയ്യാറാക്കാന്‍ ശ്രമിച്ചാല്‍ സിനിമകളേ ഉണ്ടാകാന്‍ സാധ്യതയില്ല. എവിടെയങ്കിലുമൊക്കെ യുക്തിരാഹിത്യങ്ങളില്ലെങ്കില്‍ പിന്നെന്തു സിനിമ. എന്തായാലും ജഗതി ശ്രീകുമാര്‍ ഈ സിനിമയില്‍ കലക്കി എന്നു പറായതെ വയ്യ. ഇഷ്ടന്റെ ശ്രദ്ധിക്കപ്പെടുന്ന ആദ്യ വില്ലന്‍വേഷമായിരിക്കും ഇതെന്നു തോന്നുന്നു. കൃപയില്‍ ഫസ്റ്റ്‌ ഷോക്ക്‌ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ബാല്‍ക്കണി ഹൗസ്‌ ഫുള്‍. അത്‌ ദിലീപ്‌ ഫാന്‍സല്ല, സാധാരണക്കാരായ ക്‌ളാസ്‌ പ്രേക്ഷകര്‍. മൗത്ത്‌ പബ്‌ളിസിറ്റിയിലൂടെ സിനിമയ്‌ക്ക്‌ ആളെത്തുമ്പോഴേക്കും മാറ്റാതിരിക്കാന്‍ വേണ്ടതു ചെയ്യുക. പിന്നെ, തിരുവനന്തപുരത്തോ മറ്റോ പത്രക്കാരെ സിനിമ ഒന്നു കാണിച്ച്‌ ഒരു മീറ്റ്‌ ദി പ്രസ്‌ കൂടി നടത്തുന്നതു നന്നായിരിക്കും. കഴിയുന്നതും പെട്ടെന്ന്‌.

 
At 9:25 PM, Blogger സൂര്യോദയം said...

ടി.സി. രാജേഷ്‌... താങ്കള്‍ ചൂണ്ടിക്കാട്ടിയ വിമര്‍ശനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വളരെ വളരെ നന്ദി. രഞ്ജിത്ത്‌ തീര്‍ച്ചയായും ഇത്‌ വായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യും എന്ന് ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു.

എന്റെ മനസ്സമാധാനത്തിന്‌ ഒന്ന് രണ്ട്‌ വിശദീകരണം :-)

ഫുള്‍ യൂണിറ്റിനോടൊപ്പം പോകാന്‍ അവസരം ലഭിക്കുമെങ്കിലും അങ്ങനെ പോയിക്കൊള്ളണമെന്ന് നിര്‍ബദ്ധമില്ലല്ലോ.. അതിന്‌ ആ ദമ്പതികളുടെ സ്വകാര്യ കാരണങ്ങള്‍ കാണാം.. :-)

പിന്നെ, ഇത്ര വലിയ ഒരു ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തത്‌ വലിയ ഒരു സ്കൂപ്പ്‌ പ്രതീക്ഷിച്ചല്ല. ഒരു ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ചോദിക്കുന്നുണ്ട്‌ 'ഇത്തവണയും വല്ല എക്സ്‌ ക്ലൂസീവ്‌ ന്യൂസും സംഘടിപ്പിച്ചെടുക്കുമോ' എന്ന്. ഒരു വലിയ ഗൂഢാലോചന ഉറപ്പിച്ചിട്ടൊന്നുമല്ലായിരുന്നു അനുരാധയുടെ പ്ലാനിംഗ്‌... വല്ല രഹസ്യങ്ങളും കിട്ടുമോ എന്നറിയാനുള്ള ഒരു ശ്രമത്തിനിടയില്‍ വന്ന് കിട്ടിയത്‌ ബിഗ്‌ ഫിഷ്‌ ആണെന്ന് മാത്രം.. അത്‌ പത്ര ഓഫീസില്‍ നിന്ന് പ്ലാന്‍ ചെയ്യാതിരുന്നതും പെട്ടെന്ന് തീരുമാനിച്ചതുകൊണ്ട്‌ കൂടിയാണ്‌..

ആഭ്യന്തരമന്ത്രി വരാന്‍ പോകുന്ന മുറി ഒരു അന്യയുവാവ്‌ കള്ളത്താക്കോലിട്ട്‌ തുറന്ന കാര്യം... ഈ യുവാവ്‌ ഒരു കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്‌ കമ്പനി ജീവനക്കാരനാണെന്നും അന്നത്തെ ദിവസം അയാള്‍ക്ക്‌ കോട്ടയത്താണ്‌ വര്‍ക്ക്‌ എന്നതും കടപ്പുറത്ത്‌ വച്ച്‌ ദിലീപുമായി സംസാരിക്കുമ്പോള്‍ പറയുന്നുണ്ട്‌.. മാത്രമല്ല, കോട്ടയത്ത്‌ വച്ച്‌ അനുച്ചേച്ചിയെ കാണാമെന്ന് പറഞ്ഞിട്ടുണ്ട്‌ എന്നുള്ളതും.. ആ യുവാവ്‌ തന്നെയായിരിക്കാം അവരുടെ കമ്പനിയെ പ്രതിനിധീകരിച്ച്‌ അവിടുത്തെ കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്‌ ചെയ്യാന്‍ സ്ഥിരമായി പോകാറുള്ളത്‌.. അതുകൊണ്ട്‌ തന്നെ ഒരു കള്ളത്താക്കോല്‍ സംഘടിപ്പിക്കല്‍ അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പിന്നെ, ആ യുവാവ്‌ അവിടുത്തെ അധികൃതരെ സംബദ്ധിച്ചിടത്തോളം അന്യനുമല്ല. അതുകൊണ്ട്‌ തന്നെ അയാളെ പെട്ടെന്ന് കണ്ടെത്താന്‍ സാധിച്ചു എന്നതും ഒട്ടും അത്ഭുതം ജനിപ്പിക്കേണ്ടതില്ല.

അണലി ഷാജിയെ ഒരു മുസ്ലീം മതസ്തനായ ഗുണ്ട യായിത്തന്നെയാണ്‌ സംവിധായകന്‍ അവതരിപ്പിച്ചത്‌. അതിന്‌ ചില കാരണങ്ങളുണ്ടായിരുന്നു.. ചില ലിങ്കിംഗ്‌ കടപ്പുറവുമായി പ്ലാന്‍ ചെയ്തിരുന്നു, പിന്നീട്‌ ആ പ്ലാനില്‍ മാറ്റം വരുത്തിയതിനാലാണ്‌ ആ മുസ്ലീം നാമത്തിന്‌ പ്രസക്തിയില്ലാതായത്‌.. ക്ഷമിക്കണം... കൂടുതല്‍ വെളിപ്പെടുത്താനാവില്ല :-)


താങ്കള്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ രഞ്ജിത്തിനെ അറിയിച്ചിട്ടുണ്ട്‌. സിനിമ ആളുകള്‍ കണ്ട്‌ വരുമ്പോഴേയ്ക്ക്‌ മാറ്റാതിരിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്നും പത്രപ്രവര്‍ത്തകരെ കാണിച്ച്‌ പ്രസ്സ്‌ മീറ്റ്‌ നടത്താനും പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും അറിയുന്നു.

താങ്കളുടെ താല്‍പര്യങ്ങക്ക്‌ ഒരിക്കല്‍കൂടി നന്ദി.

 
At 11:44 PM, Blogger ടി.സി.രാജേഷ്‌ said...

സൂര്യോദയം
കൃത്യമായ ഒരു വിശദീകരണമൊന്നും ഇവിടെ ആവശ്യമില്ലെന്നേ, ചില കാര്യങ്ങള്‍ വെറുതേ ചൂണ്ടിക്കാട്ടിയെന്നുമാത്രം.... മനു ഹരിയുടെ ബ്‌ളോഗില്‍ കമന്റിട്ടതുപോലെ, ട്വന്റി ട്വന്രിയേയും ഹരിഹര്‍ നഗറിനേയുമൊന്നും ആരും ലോജിക്കലായി നേരിട്ടില്ലല്ലോ, ഇവിടയതുണ്ടായത്‌ പ്രമേയത്തിന്റെ ശക്തികൊണ്ടു മാത്രമാണ്‌. പിന്നെ, ഗുരുതരമായ മറ്റൊരു പിശക്‌ പറയാന്‍ മറന്നു. ന്യൂസ്‌ ചനലില്‍ ന്യൂസ്‌ എഡിറ്ററായ വ്യക്തി ഒരിക്കലും സീനിയര്‍ പ്രൊഡ്യൂസര്‍ക്ക്‌ മെറ്റീരിയല്‍ കൈമാറില്ല. പ്രൊഡ്യൂസര്‍ എന്ന തസ്‌തികയ്‌ക്ക്‌ ന്യൂസ്‌ ചാനലില്‍ പ്രസക്തിയില്ല... അവിടെ തലപ്പത്തു തീരുമാനമെടുക്കാന്‍ മറ്റു പലരുമാണുള്ളത്‌. (ഒരു യാദൃശ്ചികതകൂടി, ഒരു പ്രമുഖ ചാനലിന്റെ കൊച്ചിയിലെ അറിയപ്പെടുന്ന മുതിര്‍ന്ന റിപ്പോര്‍ട്ടറുടെ ഭര്‍ത്താവ്‌ വക്കീലാണ്‌. അതെങ്ങാനും മനസ്സിലുണ്ടായിരുന്നോ രഞ്‌ജിത്തിന്‌?)
അണലി ഷാജിക്ക്‌ കടപ്പുറം ബന്ധമുണ്ടാകുമെന്നു ഞാന്‍ സ്വാഭാവികമായും കരുതി. ആക്രമത്തെപ്പറ്റി നന്ദന്‍ മേനോന്‍ പറയുമ്പോള്‍ ഷാജിയുടെ മുഖഭാവവും പിന്നീട്‌ പെരുമാറ്റവും മാറുന്നത്‌ ശ്രദ്ധിച്ചിരുന്നു. അത്‌ കഥയില്‍ വരാതെ വന്നപ്പോള്‍ നിരാശയും തോന്നിയിരുന്നു... പിന്നെ, രഞ്‌ജിത്തിന്റെ ഫോണ്‍ നമ്പര്‍ ഒന്നു തരുമോ? ഒരു ഇന്റര്‍വ്യൂ തരപ്പെടുത്താനാണ്‌.... എന്റെ, 9656109657 എന്ന പോണ്‍ നമ്പറിലേക്ക്‌ മെസേജ്‌ ആയി അയച്ചാല്‍ മതി....

 
At 1:41 AM, Blogger സൂര്യോദയം said...

Ranjith's Number: 9846075995

 
At 5:42 PM, Blogger എതിരന്‍ കതിരവന്‍ said...

സിനിമ കാണാൻ കാത്തിരിക്കുന്നു. മലയാളസിനിമ നശിച്ചിട്ടില്ല, ആശ്വാസം.
ഈ രഞ്ജിത് തന്നെയല്ലെ “സമ്മർ ഇൻ അമേരിക്ക’ എന്ന സീരിയലിന്റെ സ്ക്രിപ്റ്റും സംഭാഷണവുമെഴുതിയത്? തൃശൂർ പടിഞ്ഞാറെക്കോട്ട താമസക്കാരൻ?

 
At 8:54 PM, Blogger സൂര്യോദയം said...

എതിരന്‍ കതിരവന്‍... അതെ.. രഞ്ജിത്‌ താങ്കള്‍ ഉദ്ദേശിക്കുന്ന ആള്‍ തന്നെ :-)

 
At 11:20 AM, Blogger indrasena indu said...

"മമത മോഹന്‍ ദാസിന്റെ അഭിനയമികവ്‌"

എപ്പോഴാ..ഉറങ്ങുമ്പോഴോ..
സ്വന്തം കഴിവ് കൊണ്ട് ഒരു രംഗം പോലും
ആ നായിക നന്നാക്കി എന്ന് പറയാന്‍ കഴിയില്ല.
.ഒന്നാംതരം കഥയും..നല്ല സംഭാഷണവും
..ദിലീപ് ,ശ്രീനി,വേണു
ഇവരുടെ അതി മനോഹരം ആയ അഭിനയവും..
നല്ല സംവിധാനവും..കഥ പറയുന്നതില്‍ ഉള്ള ശ്രെധയും..
പുതുമയും..
എല്ലാം ആണ് ആ സിനിമയുടെ മികവു

 
At 4:10 PM, Anonymous Anonymous said...

sooryodayamdiary.blogspot.com is very informative. The article is very professionally written. I enjoy reading sooryodayamdiary.blogspot.com every day.
payday loans vancouver payday

 

Post a Comment

<< Home