സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, June 01, 2009

ചെല്ലക്കിളികള്‍ ചുമയ്ക്കുമ്പോള്‍

പഴയകാല പ്രകടനങ്ങളുടെ വെളിച്ചത്തില്‍ കോപ്പിയടിയില്‍ ഞാന്‍ കേമനാണെന്ന എന്റെ അഹങ്കാരത്തെ ഒരല്‍പ്പം ഇടിവു വീഴ്ത്തുന്നതിന്‌ എന്റെ എം.ബി.എ. പരീക്ഷാ സംരംഭം സഹായിച്ചു.

പ്രശ്നങ്ങള്‍ സൃഷ്ടിച്ച കോണ്ടാക്റ്റ്‌ ക്ലാസ്സുകള്‍ക്കും മറ്റു ചില നിര്‍ബന്ധിത പീഢനങ്ങള്‍ക്കും (അസൈന്‍മന്റ്‌, പരീക്ഷാ അപേക്ഷ, ഫീസ്‌..... etc) ശേഷം പരീക്ഷ എഴുതേണ്ട ഘട്ടം വന്നുചേര്‍ന്നു.

ജോലിക്കിടയില്‍ ലീവ്‌ എടുത്ത്‌ പരീക്ഷ എഴുതുക എന്നത്‌ വലിയ ബുദ്ധിമുട്ടാണെന്നൊക്കെപ്പറഞ്ഞ്‌ രക്ഷപ്പെടാമെന്ന്‌ വിചാരിച്ചാല്‍ ഇത്തവണ രക്ഷയില്ലെന്ന്‌ മനസ്സിലായി. കാരണം, എന്റെ സഹധര്‍മ്മിണിയും ഈ സംരംഭത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഈ മാന്യദേഹത്തെ പരീക്ഷാഹോളില്‍ എത്തിക്കേണ്ടിവരുമെന്നതും 'എങ്കില്‍ പിന്നെ ആ പരീക്ഷാഹോളില്‍ കയറിയിരുന്ന്‌ എഴുതിക്കൂടേ' എന്ന മാന്യമായ ചോദ്യം ഉദിക്കുന്നതിനാലും ഞാനും ഈ അങ്കത്തിന്‌ തയ്യാറായി.

പരീക്ഷയുടെ തലേ ദിവസം മാത്രം പരീക്ഷയുടെ സബ്ജറ്റും അതിന്റെ പുസ്തകവും ഭാര്യയുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി മനസ്സിലാക്കുകയും ആ പുസ്തകം സാക്ഷിയാക്കി ടി.വി. പരിപാടികളും, ട്വന്റി ട്വന്റി മത്സരങ്ങളും ആസ്വദിക്കുന്നതും കണ്ട്‌ സഹധര്‍മ്മിണി എന്നെ നോക്കി ദീര്‍ഘനിശ്വാസം വിടുകയും 'പഠിക്കുന്നകാലത്ത്‌ കാര്‍ന്നോന്മാരെ തീ തീറ്റിച്ചിട്ടുണ്ടാവുമല്ലോ ഈശ്വരാ..' എന്ന്‌ ഞാന്‍ കേള്‍ക്കാനായി ആത്മഗതം പറയുകയും ചെയ്തത്‌ എനിക്ക്‌ കൂടുതല്‍ കോണ്‍ഫിഡന്‍സ്‌ നല്‍കിയതേയുള്ളൂ.

പഠനലഹരിയും പരീക്ഷാകാലാവസ്ഥയും തനിയ്ക്ക്‌ ഉന്മാദാവസ്ഥ പ്രദാനം ചെയ്യുമെന്നും മെന്റല്‍ ബാലന്‍സ്‌ തെറ്റി വയലന്റായി ചിലപ്പോള്‍ പെറുമാറിക്കളയുമെന്നും പത്നി തന്നെ എനിയ്ക്ക്‌ മുന്‍ കരുതല്‍ തന്നിരുന്നതിനാല്‍ ഞാന്‍ അവര്‍കളെ യാതൊരുതരത്തിലും ശല്യപ്പെടുത്താതെ എന്റെ കര്‍മ്മങ്ങളില്‍ തന്നെ മുഴുകി.

പാതിരാനേരം വരെ പുസ്തകം കയ്യിലെടുത്തുകൊണ്ട്‌ പുലമ്പുകയും വെളുപ്പാന്‍ കാലത്ത്‌ ഒരു 3 മണിമുതല്‍ പലതരത്തിലുള്ള അലാര്‍മുകളും മുഴക്കി ഉണരുകയും ചെയ്ത്‌ അവള്‍ പരീക്ഷാതയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത്‌ എനിയ്ക്കും കുറച്ചു ഗുണം ചെയ്തു. കോഴ്സിനു ചേരുന്നതും ഒരുമിച്ചായിരുന്നതിനാല്‍ ഞങ്ങളുടെ റോള്‍ നമ്പറുകള്‍ തൊട്ട്‌ തൊട്ട്‌ ആയതിനാല്‍ പരീക്ഷയ്ക്കും ഞങ്ങളുടെ ഇരിപ്പിടങ്ങള്‍ മുന്നിലൊ പിന്നിലൊ ഒക്കെയായിതന്നെയായിരുന്നു. അതുകൊണ്ട്‌, അത്യാവശ്യം വേണ്ട പോയിന്റ്സ്‌ ഞാന്‍ എത്തിനോക്കിയും കുത്തിനോവിച്ചും കരസ്ഥമാക്കുകയും ബാക്കി എന്റെ മനോധര്‍മ്മമനുസരിച്ച്‌ എഴുതി പൊലിപ്പിക്കുകയും ചെയ്തുപോന്നു.

ക്ലാസ്സില്‍ സൂപ്പര്‍വിഷന്‌ വരുന്നവര്‍ക്ക്‌ സംശയം തോന്നാതിരിക്കാന്‍ ക്ലാസ്സില്‍ കയറുമ്പോള്‍ യാതൊരു പരിചയഭാവവും കാണിക്കരുതെന്ന്‌ ഞാന്‍ ഭാര്യയെ വിലക്കുകയും ശത്രുതാമനോഭാവം മുഖത്ത്‌ വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

എന്തായാലും ഇത്രയൊക്കെയേ എഴുതാന്‍ പറ്റൂ എന്നതും എത്രയൊക്കെ എഴുതിയാലും അവര്‍ ഇത്രയൊക്കെയേ മാര്‍ക്ക്‌ തരൂ എന്ന്‌ തോന്നിയതിനാലും ഞാന്‍ പരീക്ഷാസമയങ്ങളില്‍ ഇടയ്ക്കിടയ്ക്ക്‌ റസ്റ്റ്‌ എടുക്കുകയും പരീക്ഷ എഴുതുന്നവരുടെ ഭാവപ്രകടനങ്ങളും അഭ്യാസമുറകളും വീക്ഷിച്ചുപോരുകയും ചെയ്തു. പലതരം കോഴ്സുകളുടെ പരീക്ഷകളും നടക്കുന്നതിനാല്‍ നാനാവിധത്തിലുള്ള പരീക്ഷാപ്രേമികള്‍ ഈ ചടങ്ങില്‍ പങ്കെടുത്ത്‌ പോന്നിരുന്നു.

തമിഴ്‌നാട്‌ യൂണിവേര്‍സിറ്റികളിലൊക്കെ സ്കെച്ച്‌ പെന്നും മറ്റ്‌ ചിത്രരചനാപാടവവുമാണ്‌ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക്‌ നല്‍കുന്നത്‌ എന്നൊരു ശ്രുതി കേട്ടിരുന്നു. അതുകൊണ്ട്‌ തന്നെ പലരും പോയിറ്റ്‌ സിന്റെ അടിയില്‍ സ്കെച്ച്‌ പെന്‍ കൊണ്ട്‌ വരയ്ക്കുകയും പടം വരകള്‍ തകൃതിയായി നടത്തുകയും ചെയ്യുന്നത്‌ കാണാമായിരുന്നു. അത്‌ കണ്ട്‌ ഞാനും പേനകൊണ്ടെങ്കിലും പോയിറ്റ്‌ സിന്റെ അടിയില്‍ വരയിടാമെന്ന്‌ ആഗ്രഹിച്ചെങ്കിലും 'എന്തിനാ വെറുതേ തെറ്റുകള്‍ അടിയില്‍ വരച്ച്‌ ശ്രദ്ധയില്‍ പെടുത്തുന്നത്‌' എന്ന്‌ മനസ്സ്‌ മന്ത്രിക്കുന്നത്‌ കേട്ട്‌ ആ മോഹം ഷിഫ്റ്റ്‌ ഡിലീറ്റ്‌ ചെയ്ത്‌ കളയുകയും ചെയ്തു.

ഒരു ദിവസം, പരീക്ഷാഹോളില്‍ ഭയങ്കര ചുമ. ഈ ചുമയ്ക്കുന്നതാണെങ്കില്‍ 2-3 പെണ്‍കുട്ടികളും.. പെണ്‍കുട്ടികള്‍ എന്നൊന്നും പറയാന്‍ പറ്റില്ല... തലയില്‍ കുങ്കുമച്ചെപ്പ്‌ മറിഞ്ഞ്‌ വീണലക്ഷണവും മറ്റ്‌ ശാരീരിക പ്രൊജക്‌ ഷനുകളും വച്ച്‌ നോക്കിയാല്‍ ആന്റിമാര്‍ അല്ലെങ്കില്‍ അമ്മായിമാര്‍ എന്നൊക്കെയുള്ള ഗണത്തില്‍ പെടുത്താവുന്ന ചെല്ലക്കിളികള്‍...

അതില്‍ ഒന്ന്‌ രണ്ട്‌ പേര്‍ ചുമയോട്‌ ചുമ. വില്ലന്‍ ചുമയാണോ കള്ളന്‍ ചുമയാണോ എന്നൊന്നും അറിയാന്‍ പറ്റാത്ത തരത്തിലുള്ള പ്രകടനം... ഈ ചുമയുടെ ഒരു ജ്യോഗ്രഫി വച്ച്‌ നോക്കിയപ്പോള്‍ ഇതെന്താ ഇവര്‍ക്ക്‌ മൂന്നുപേര്‍ക്കും ഒരുപോലെ ചുമ വന്നത്‌ എന്ന്‌ സംശയം തോന്നുകയും ഇവരുടെ ചേഷ്ടകളെ ഒന്ന്‌ വീക്ഷിക്കാമെന്ന്‌ തീരുമാനിക്കുകയും ചെയ്തു (നമുക്ക്‌ പരീക്ഷ എഴുതിയിട്ട്‌ വല്ല്യ അത്യാവശ്യമൊന്നും ഇല്ലല്ലോ...).

അങ്ങനെ വീക്ഷിച്ച്‌ കൊണ്ടിരുന്നപ്പോഴാണ്‌ ഒരു ചെല്ലക്കിളിയുടെ കയ്യിലെ ടവ്വല്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്‌. പാവം.. കയ്യില്‍ ടവ്വല്‍ ഒക്കെ കൊണ്ടുവന്നിട്ടുണ്ട്‌.. അത്‌ വച്ച്‌ വായ പൊത്തിയിട്ടാണ്‌ ചുമയ്ക്കുന്നത്‌... വെരി ഹയ്ജീനിക്ക്‌..

ചുമയ്ക്കുന്ന മറ്റേ ചെല്ലക്കിളികളെ നോക്കിയപ്പോഴും അതാ അവരും ഹയ്ജീനിക്ക്‌...

ഈ യൂണിഫൊര്‍മിറ്റി എന്റെ ഇന്ററസ്റ്റ്‌ വര്‍ദ്ധിപ്പിക്കുകയും ഞാന്‍ കൂടുതല്‍ ശ്രദ്ധകേന്റ്രീകരിക്കുകയും ചെയ്തു. അപ്പോഴാണ്‌ മറ്റൊരു കാര്യം മനസ്സിലായത്‌... ചെല്ലക്കിളികള്‍ സൂപ്പര്‍വിഷന്‌ വന്നിരിക്കുന്ന ടീച്ചര്‍ എവിടെയാണെന്ന്‌ ഇടയ്ക്കിടയ്ക്ക്‌ നോക്കുകയും ടവ്വല്‍ ഇടയ്ക്കിടയ്ക്ക്‌ തുറന്ന്‌ നോക്കുകയും പെട്ടെന്ന്‌ എന്തോ വെളിപാടുണ്ടായത്‌ പോലെ ഉത്തരക്കടലാസില്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്നു.

വല്ലപ്പോഴും ഒന്ന്‌ രണ്ട്‌ കഷണം കടലാസുകള്‍ പോക്കറ്റില്‍ തിരുകി പണ്ട്‌ പരീക്ഷയെഴുതിയിരുന്ന എനിയ്ക്ക്‌ ലജ്ജ ജനിപ്പിച്ചുകൊണ്ട്‌ ഞാന്‍ ആ സത്യം മനസ്സിലാക്കി... ഈ ചുമയ്ക്കുന്ന ചെല്ലക്കിളികളുടെ ടവ്വലിനുള്ളില്‍ കെട്ട്‌ കണക്കിന്‌ കടലാസുകഷണങ്ങള്‍ ദര്‍ശനസുഖം പ്രതീക്ഷിച്ച്‌ ഇരിപ്പുണ്ടെന്ന്‌....

4 Comments:

At 8:30 PM, Blogger സൂര്യോദയം said...

പരീക്ഷാ ഹോളില്‍ ചെല്ലക്കിളികള്‍ ചുമയ്ക്കുമ്പോള്‍...

 
At 9:04 PM, Blogger ശ്രീ said...

അപ്പോ ചെല്ലക്കിളികളും മോശമല്ല അല്ലേ?

പിന്നെ, തമിഴ്‌നാട്ടിലെ കാര്യം പറഞ്ഞത് ശരിയാണ് ട്ടോ. കുറേ കെട്ട് കണക്കിന് കടലാസുകള്‍ എഴുതിയെന്ന് വരുത്തി, കുറെകളറുകള്‍ കൊണ്ടൊക്കെ വരച്ച് വച്ചാല്‍ അവിടെ വല്യ സംഭവമായി.

 
At 1:06 AM, Blogger abhi said...

ഈ രീതി ആദ്യായിട്ടാ കേള്‍ക്കണേ :)

 
At 2:03 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒബ്ജക്റ്റീവ് ചോദ്യങ്ങളുണ്ടേല്‍ ചുമ വഴി ഒരു മോഴ്‌സ് കോഡ് ഉത്തരം കണ്ടെത്താമായിരുന്നു.

 

Post a Comment

<< Home