സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, March 16, 2010

അവൈവാ... അവ്വാ.. ഉവ്വാ..

അവൈവാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌.... ഈ സാധനത്തില്‍ തലവച്ചതിന്‌ കിട്ടിയ (പോയികിട്ടിയ) അനുഭവത്തില്‍ നിന്നുണ്ടായ ഒരു നിലവിളി...

സാധാരണഗതിയില്‍ നല്ലൊരുശതമാനം ആളുകളും ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നത്‌, ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ സ്നേഹശല്ല്യം സഹിക്കവയ്യാതാകുമ്പോഴാണെന്ന് തോന്നുന്നു.

ആദ്യകാലങ്ങളില്‍ LIC ഏജന്റുമാരുടെ ശല്ല്യം കൊണ്ട്‌ പിന്‍ വാതില്‍ വഴി രക്ഷപ്പെട്ട്‌ , ഒടുവില്‍ ഒരു പോളിസി തരപ്പെടുത്തി മറ്റുള്ള ഏജന്റുമാരില്‍ നിന്ന് രക്ഷ നേടുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു.

പിന്നീട്‌ ന്യൂ ജനറേഷന്‍ ഇന്‍ഷുറന്‍സ്‌ പുലികള്‍ (കടലാസ്‌ പുലികള്‍) ഇറങ്ങിയപ്പോള്‍ അതില്‍ ജോലി കിട്ടിയ ബന്ധുക്കളോ സുഹൃത്തുക്കളോ, അവരുടെ ജീവിതപ്രശ്നമാണീ ജോലി എന്ന് പറഞ്ഞ്‌ കാല്‌ പിടിച്ച്‌ വീട്‌ കയറിയപ്പോള്‍ അതിലും ചെന്ന് പലരും തലവച്ചുകൊടുക്കുന്ന ന്യൂ ജനറേഷന്‍ ഇടപാടും വ്യാപകമായി.

ഈ ന്യൂ ജനറേഷന്‍ പരിപാടി, വെറും കാലുപിടുത്തത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇവര്‍ ലാപ്‌ ടോപ്പുമൊക്കെയായി വീട്ടില്‍ വരും.. എന്നിട്ട്‌ ഈ പോളിസിയില്‍ ചേര്‍ന്നാല്‍ ഭാവിയില്‍ കിട്ടാന്‍ പോകുന്ന ലോഡ്‌ കണക്കിന്‌ പണത്തിന്റെ കണക്കുകള്‍ ഗ്രാഫുകളും കുറേ ഫോര്‍മുലകളുമായി കാണിച്ചുതരും... ഒന്നുകില്‍ കാണാനും മനസ്സിലാക്കാനും സമയമില്ലാത്തതിനാല്‍ ഈ ശല്ല്യം ഒന്നവസാനിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ എല്ലാം തലയാട്ടി സമ്മതിക്കും, അല്ലെങ്കില്‍ ഒന്നും മനസ്സിലായില്ലെങ്കിലും ഈ സെറ്റപ്പില്‍ നിന്നും വിവരണത്തില്‍ നിന്ന് ആകെ മനസ്സിലായ കിട്ടാന്‍ പോകുന്ന വലിയ തുകയെക്കുറിച്ചുള്ള ധാരണയുടെയും പേരില്‍ അതങ്ങ്‌ സമ്മതിക്കും...

ഈ പരിപാടിയില്‍ ചേരുന്ന സമയത്ത്‌ നമ്മള്‍ ചോദിക്കുന്ന ചില സംശയങ്ങള്‍ അവര്‍ വിവരിച്ച്‌ വെറും ബാലിശമാക്കിക്കളയും... അത്തരത്തില്‍ പെട്ട ഒരു ചെറിയ അനുഭവ ഉദാഹരണം താഴെ...

റിട്ടയര്‍മന്റ്‌ ജീവിതം സമാധാനമായി ജീവിച്ചുപോന്നിരുന്ന എന്റെ ഭാര്യയുടെ അച്ഛനമ്മമാരെ ഒരു ദിവസം ഇവരുടെ വളരെ പരിചയക്കാരിയായ ഒരു സ്ത്രീ വന്ന് കണ്ട്‌ ഒരുപാട്‌ വിഷമം പറഞ്ഞു. വീട്ടിലെ ദുരിതവും, ജീവിക്കാനുള്ള ബുദ്ധിമുട്ടും, മകന്‌ ഒരു നല്ല ജോലിയാകാത്തതിന്റെ വിഷമവും എല്ലാം ഈ വിവരണത്തിലുണ്ടായിരുന്നു.

മകന്‌ അവൈവാ ലൈഫ്‌ ഇന്‍ഷുറന്‍സില്‍ ജോലി കിട്ടിയിട്ടുണ്ടെങ്കിലും അത്‌ സ്ഥിരമാവാന്‍ കുറച്ച്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ എടുപ്പിച്ചാലേ സാധിക്കൂ എന്നതാണത്രേ ഇപ്പോഴത്തെ പ്രശ്നം. കരച്ചിലും പിഴിച്ചിലും വിഷമങ്ങളും കുറച്ച്‌ കേട്ടുകഴിഞ്ഞപ്പോള്‍ 'ഒരു ചെറുപ്പം പയ്യന്റെ ഭാവിയുടെ കാര്യമല്ലേ?' എന്നൊരു തോന്നല്‍ ജനിക്കുകയും മകളുടെ പേരില്‍ ഒരു പോളിസി എടുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു.

പിറ്റേന്ന് ആ സ്ത്രീയുടെ പുത്രന്‍ വീട്ടില്‍ റെഡി. ഈ പോളിസ്‌ വര്‍ഷം 6000 രൂപ വീതം അടക്കുവാനുള്ളതാണെന്നും, അത്‌ വളര്‍ന്ന് വലുതായി ഒരുപാട്‌ വല്ല്യ സംഖ്യ ആയിത്തീരുമെന്നും ഉള്ള പ്രഖ്യാപനം കേട്ട്‌ 'അത്രക്ക്‌ വലുതാവണ്ട മോനേ... ഇത്‌ മിനിമം എത്ര കൊല്ലം അടച്ചിട്ട്‌ പരിപാടി അവസാനിപ്പിക്കാം?' എന്നൊരു ചോദ്യം ഭാര്യാമാതാവ്‌ അങ്ങോട്ട്‌ ചോദിച്ചു.

"3 വര്‍ഷം അടച്ചാല്‍ മതി... അത്‌ കഴിഞ്ഞാല്‍ പിന്‍ വലിക്കാം.. അപ്പോള്‍ അതിന്റെ കൂടെ അപ്പോഴത്തെ വാല്യൂ അനുസരിച്ചുള്ള തുകയും കിട്ടും"

"3 വര്‍ഷം അടച്ചിട്ട്‌ അവസാനിപ്പിക്കാം എന്നത്‌ ഉറപ്പല്ലേ? ഞങ്ങള്‍ പെന്‍ഷനില്‍ നിന്ന് എടുത്ത്‌ അടക്കുന്നതാണ്‌... മോന്‌ ജോലി ശരിയാവണമെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതി മാത്രം.. 3 വര്‍ഷം കഴിഞ്ഞ്‌ അടച്ച കാശ്‌ തിരിച്ച്‌ കിട്ടിയാലും മതി" അമ്മ തന്റെ സ്റ്റാന്‍ഡ്‌ വ്യക്തമാക്കി.

"പിന്നേയ്‌.. ഒരു പ്രശ്നവുമില്ലാ... അടച്ച തുകയല്ലാ.. ഷുവര്‍ ആയിട്ടും അതില്‍ കൂടുതല്‍ കിട്ടും.." അവന്റെ ഒരു ഉറപ്പ്‌.

അങ്ങനെ ആദ്യവര്‍ഷത്തെ കാശ്‌ കൊടുത്തു.

രണ്ടാം വര്‍ഷമായപ്പോള്‍ കാശ്‌ അടക്കേണ്ട അറിയിപ്പ്‌ വന്നു. കഴിഞ്ഞ തവണ വീട്ടില്‍ വന്ന് വാങ്ങിയ പോലല്ല ഇത്തവണ.

ആ പയ്യന്‍ വേറെ എന്തോ ജോലി കിട്ടി നാട്‌ വിട്ടു. തപ്പിപ്പിടിച്ച്‌ പാലക്കാട്‌ അവൈവാ ഓഫീസില്‍ വിളിച്ച്‌ ചോദിച്ചപ്പോള്‍ 'വേണേല്‍ കൊണ്ട്‌ അടച്ചാല്‍ മതി, അല്ലെങ്കില്‍ കഴിഞ്ഞ തവണ അടച്ച്‌ കാശും നഹി നഹി..' എന്ന മറുപടി.

"ഇനി അടക്കുന്നില്ലേങ്കില്‍ എന്ത്‌ സംഭവിക്കും?" ഭാര്യാപിതാവ്‌ അന്വേഷിച്ചു.

"ഒന്നും സംഭവിക്കില്ല...പിന്നെ ഇങ്ങോട്ട്‌ വരണ്ടാ.." മറുപടി.

"അയ്യോ.. ഇത്‌ അടക്കുകാണെങ്കില്‍ എത്ര കൊല്ലം അടച്ചാല്‍ പരിപാടി അവസാനിപ്പിക്കാം?"

"3 കൊല്ലം അടച്ചാലേ പരിപാടി അവസാനിപ്പിക്കാന്‍ സാധിക്കൂ.."

അങ്ങനെ, രണ്ടാം വര്‍ഷം അവരുടെ ഓഫീസില്‍ പോളിസി തുക അടക്കാന്‍ ചെന്നു. ആദ്യവര്‍ഷം വലിയ ഓഫീസ്‌ സെറ്റപ്പ്‌ ആയിരുന്ന സ്ഥലത്ത്‌ ഇപ്പോള്‍ ജോലിക്കാര്‍ കാര്യമായില്ല. അവിടെ ഫോം പൂരിപ്പിച്ച്‌ കാശ്‌ വാങ്ങിയിട്ട്‌ ഒരു റെസീപ്റ്റ്‌ തരാന്‍ പോലും സംവിധാനമില്ല. ഒടുവില്‍ ഒരുത്തന്‍ കൂടെ ചെന്ന് ബാങ്കില്‍ വന്ന് DD എടുത്ത്‌ അതിന്റെ ഒരു കോപ്പി ഭാര്യാപിതാവിന്‌ കൊടുത്തിട്ട്‌ പറഞ്ഞു 'ഈ ഓഫീസിന്റെ പ്രവര്‍ത്തനം തൃശ്ശൂരിലേക്ക്‌ മാറ്റി.. ഇത്‌ അവിടെ അയച്ച്‌ കൊടുത്ത്‌ റെസീപ്റ്റ്‌ അവിടെ നിന്ന് വരണം..'

'ഓ ആയിക്കോട്ടെ... പെട്ടുപോയില്ലേ' എന്ന് പറഞ്ഞ്‌ അദ്ദേഹം തിരിച്ചുവന്നു.

മൂന്നാം വര്‍ഷം അടക്കാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ അവിടെ ഒരു സെക്യൂരിറ്റി മാത്രം.

വീണ്ടും പഴയ പടി എല്ലാം ചെയ്ത്‌ തൃശ്ശൂരിലേക്ക്‌ അയച്ചു. 'എന്തായാലും ഇതോടെ തീര്‍ന്നല്ലോ പരിപാടി' എന്നൊരു നെടുവീര്‍പ്പും.

ഈ പോളിസിയുടെ രേഖകളെല്ലാമായി ഭാര്യാപിതാവ്‌ എന്റെ അടുത്ത്‌ തന്നിട്ട്‌, ഇതവസാനിപ്പിച്ച്‌ കാശ്‌ വാങ്ങാന്‍ ആവശ്യപ്പെട്ടു.

'ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെയുള്ള പരിപാടികളല്ലേ.. ഇത്‌ എറണാകുളത്ത്‌ നിന്ന് വാങ്ങാവുന്നതേയുള്ളൂ' എന്ന് ഞാന്‍ അഹങ്കാരം പറഞ്ഞു.

എറണാകുളം അവൈവാ ഓഫീസിന്റെ നമ്പര്‍ അന്വേഷിച്ച്‌ തരപ്പെടുത്തി വിളിയോട്‌ വിളി.. ആര്‌ ഫോണ്‍ എടുക്കാന്‍? ജോലിത്തിരക്കിന്നിടയില്‍ ഓര്‍മ്മയും സമയവും ഒത്ത്‌ വരുമ്പോള്‍ ഫോണ്‍ വിളിച്ചു നോക്കും.. ആരും ഫോണ്‍ എടുക്കില്ല.

പിന്നീട്‌ അറിഞ്ഞത്‌ അവൈവാ ഇന്‍ഷുറന്‍സ്‌ ഓഫീസില്‍ സമരം നടക്കുന്നു എന്നതാണ്‌...

ഈ പുലിവാല്‌ കയ്യില്‍ പിണയുമോ എന്ന പേടികാരണം ഒരു സുഹൃത്തിനെ വിളിച്ച്‌ പറഞ്ഞ്‌ ഇതിന്റെ ഓഫീസ്‌ അന്വേഷിച്ച്‌ കണ്ടെത്തി. അവന്‍ അവിടെ ചെന്നപ്പോള്‍ കൊടിയും ചുവപ്പ്‌ മാലയും മുദ്രാവാക്യങ്ങളുമായി കുറേ ആളുകള്‍...

'ഇതീന്റെ ഉള്ളില്‍ കയറാന്‍ പറ്റുമോ മച്ചുനാ?' എന്ന ചോദ്യത്തിന്‌ കിട്ടിയ ഉത്തരം കടുപ്പമായിരുന്നു.

'ഈ സംഗതി പൂട്ടി.. ഇനി വല്ലതും കിട്ടാനുണ്ടെങ്കില്‍ കമ്പ്ലയിന്റ്‌ ചെയ്ത്‌ കോടതി വഴി വാങ്ങണം..'

ഇത്‌ കേട്ടപ്പോള്‍ ഒന്ന് ഞെട്ടിയെങ്കിലും എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല.

അവൈവായുടെ കോള്‍ സെന്ററില്‍ വിളിച്ച്‌ തൃശ്ശൂര്‍ ഓഫീസിന്റെ നമ്പര്‍ തരപ്പെടുത്തി. അവിടെ വിളിച്ച്‌ അന്വേഷിച്ചപ്പോള്‍ ഓഫീസിന്റെ അഡ്രസ്സ്‌ തന്നു. മനസ്സില്‍ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടി.

അവരോട്‌ സംസാരിച്ചപ്പോള്‍ പോളിസി രേഖകളുമായി ചെന്നാല്‍ പൈസ കിട്ടുമെന്ന് പറഞ്ഞു. മനസ്സില്‍ സന്തോഷത്തിന്റെ രണ്ടാമത്തെ ലഡ്ഡു പൊട്ടി.

അങ്ങനെ, ഒരു ശനിയാഴ്ച (ശനിയുടെ അപഹാരം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല), അവൈവാ ഓഫീസിലേക്ക്‌ പുറപ്പെട്ടു.

'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒക്കെയായിരുന്നു അവൈവായുടെ പരസ്യത്തില്‍ വന്നിരുന്നത്‌... അതുകൊണ്ട്‌ അത്ര മോശമാവാന്‍ വഴിയില്ല' ഭാര്യ തന്റെ കോണ്‍ഫിഡന്‍സ്‌ വെളിപ്പെടുത്തി.

മൂന്നു വര്‍ഷത്തെ തുകയായി 18000 രൂപയെങ്കിലും കിട്ടുമായിരിക്കും.. അതില്‍ കുറച്ചെടുത്ത്‌ അങ്ങനെ ചെയ്തിട്ടു ബാക്കി കുറച്ച്‌ ഇങ്ങനെ ചെയ്യാം... ഞാനും ഭാര്യയും കണക്കുകള്‍ കൊണ്ടൊരു കളി നടത്തിയാണ്‌ അവിടെ എത്തിയത്‌.

ഞങ്ങളുടെ തൊട്ട്‌ മുന്‍പ്‌ അവിടെ നിന്നിരുന്ന രണ്ടുപേര്‍ നിരാശയുടെ കണ്ണീര്‍പാടങ്ങള്‍ താണ്ടുന്ന കാഴ്ച ഞങ്ങള്‍ കണ്ടു... 3 കൊല്ലം കഴിയാതെ രക്ഷയില്ലെന്നും മറ്റും പറയുന്നതും ശ്രദ്ധിച്ചു. 'ഓ... നമ്മള്‍ 3 കൊല്ലം തികച്ചല്ലോ... പിന്നെന്താ? മാത്രമല്ല... സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍....' എന്ന് ഒരു ആശ്വാസവും.

ഞാന്‍ കൊടുത്ത പോളിസി രേഖകള്‍ നോക്കി, കമ്പ്യൂട്ടറില്‍ പരതിയിട്ട്‌ ആ മഹാന്‍ പറഞ്ഞു "3 വര്‍ഷം കൊണ്ട്‌ ക്ലോസ്‌ ചെയ്യുമ്പോള്‍ ക്ലോസിംഗ്‌ ചാര്‍ജസ്‌ വരും...."

"ഓ.. ആയിക്കോട്ടെ... എന്നാലും ആകെ എന്ത്‌ കിട്ടും?" നമുക്ക്‌ അറിയേണ്ടത്‌ അത്രയല്ലേയുള്ളൂ..

"ഒരു 6500 രൂപയോളം വരും..."

എനിക്ക്‌ അതത്ര ക്ലിയര്‍ ആയില്ല... "6500 രൂപ കുറയും എന്നാണോ?" ഞാന്‍ ചോദിച്ചു.

"ഇത്‌ ഇപ്പോള്‍ പിന്‍ വലിച്ചാല്‍ 6500 രൂപയോളമേ കിട്ടൂ"

അത്‌ മനസ്സിലാക്കാന്‍ എനിക്ക്‌ ഒരു 2 മിനിട്ട്‌ എടുത്തു... കിലുക്കം സിനിമയില്‍ ഇന്നസെന്റ്‌ ലോട്ടറി നമ്പര്‍ വായിച്ചു കേട്ടപ്പോള്‍ പ്രകടിപ്പിച്ച അതേ എക്സ്പ്രഷന്‍...

"എത്ര്യാന്നാ പറഞ്ഞേ?" ഞാന്‍ വീണ്ടും..

"അതല്ല സാര്‍.. 6500 രൂപയേ ആകേ കിട്ടൂ..."

"അപ്പോ ബാക്കി നിങ്ങള്‍ കട്ടോ?" ഞാന്‍ അറിയാതെ ചോദിച്ചുപോയി.

"ആദ്യത്തെ തുകയില്‍ നിന്ന് അഡ്മിനിസ്റ്റ്രേഷന്‍ കോസ്റ്റ്‌ എല്ലാം കഴിഞ്ഞ്‌ ബാക്കി തുക ഷെയറില്‍ നിക്ഷേപിക്കും.. അതിന്റെ വാല്യൂ കൂടി വരുന്നതനുസരിച്ച്‌..................." ആ പയ്യന്‍ പുസ്തകം കാണിച്ച്‌ എന്നെ പഠിപ്പിക്കാന്‍ ഒരു ശ്രമം.

"നിക്ക്‌ നിക്ക്‌... അതൊക്കെ പോട്ടെ.... എന്നാലും ഇതല്‍പ്പം കടന്ന കൈയ്യായിപ്പോയി... പാവം പിടിച്ച ആളുകള്‍ പെന്‍ഷനില്‍ നിന്നും മറ്റും എടുത്ത്‌ അടക്കുന്ന കാശാണ്‌ നിങ്ങള്‍ ...." ദേഷ്യവും വിഷമവും നാക്കില്‍ വന്ന് കുമിഞ്ഞ്‌ കൂടിയിട്ട്‌ എനിക്ക്‌ മുഴുമിപ്പിക്കാന്‍ ആയില്ല.

ഞാന്‍ ഭാര്യയെ നോക്കി.. "നിന്റെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍..."

ഭാര്യ ഇത്‌ കേട്ട്‌ കണ്ണും മിഴിച്ച്‌ നില്‍പ്പാണ്‌... ഉടനേ ഫോണില്‍ അമ്മയെ വിളിച്ച്‌ വിവരം ചോദിച്ചു. അവര്‍ വളരെ കൃത്യമായി പറഞ്ഞു... ഈ പോളിസി എടുപ്പിച്ചപ്പോള്‍ വ്യക്തമായി ചോദിച്ചതാണെന്ന്... 3 വര്‍ഷം അടച്ചാല്‍ തുക തിരികെ കിട്ടും എന്ന് ഉറപ്പ്‌ പറഞ്ഞിട്ടാണ്‌ ഈ പോളിസി എടുത്തതെന്ന്..

"അതൊക്കെ പഴയ കഥ... ഇനി ഇപ്പോള്‍ എന്ത്‌ ചെയ്യാന്‍ പറ്റും? കിട്ടിയതുമായി പരിപാടി അവസാനിപ്പിക്കട്ടേ?" ഞാന്‍ ചോദിച്ചു.

വേറെ എന്താ വഴിയെന്ന് പറഞ്ഞു തരാന്‍ ആര്‍ക്കാ കഴിയുക?

ഒടുവില്‍ ഞാന്‍ നിര്‍വ്വികാരതയില്‍ ഇരിക്കുന്ന അവിടത്തെ പയ്യനോട്‌ ഒരല്‍പ്പം കടുപ്പിച്ചു..
"സുഹൃത്തേ... ഒന്നുകില്‍ നിങ്ങളുടെ പോളിസി എടുപ്പിക്കാന്‍ വരുന്ന ഡോഗിന്റെ മക്കള്‍ക്ക്‌ യാതൊരു വിവരവുമില്ല... അതല്ലെങ്കില്‍ 'പറ്റിച്ചിട്ട്‌ വാടാ' എന്ന് പറഞ്ഞ്‌ പഠിപ്പിച്ച്‌ വിടുന്ന വഹ.... ഇതിലേതാടോ ശരി?"

ചെക്കന്‍ മിണ്ടുന്നില്ല...

ഇവനോട്‌ പറഞ്ഞിട്ട്‌ എന്താക്കാനാ.... എന്നാല്‍ പിന്നെ അവന്റെ അഭിപ്രായം കൂടി അറിഞ്ഞേക്കാം എന്ന് വിചാരിച്ച്‌ ചോദിച്ചു..
"ഈ സംഭവം അധികം കാശ്‌ പോകാതെ എത്ര കാലം അടച്ചാല്‍ കിട്ടും?"

"സാര്‍.. ഇത്‌ ലൈഫ്‌ ലോങ്ങ്‌ പോളിസിയാണ്‌..."

"എന്ന് വച്ചാല്‍ എന്റെ കാലം കഴിയുന്നതുവരെ ഞാന്‍ നിങ്ങള്‍ക്ക്‌ കാശ്‌ തന്നുകൊണ്ടിരിക്കണം എന്നോ?"

"അതല്ല സാര്‍... ഒരു 10 വര്‍ഷമൊക്കെ കഴിഞ്ഞ്‌ പിന്‍ വലിച്ചാല്‍ ചാര്‍ജസ്‌ കുറയും, വാല്യൂ കൂടും.. അപ്പോള്‍ നഷ്ടം വരില്ല.." അവന്‍ വിശദീകരിച്ചു.

"ദിവസം തോറും പൂട്ടിപ്പോകുന്ന ഓഫീസുകളുള്ള നിങ്ങളുടെ കയ്യില്‍ 10 വര്‍ഷം?..." ഞാന്‍ അവനെ നോക്കി കോക്രി കാട്ടി.

"എടോ ഭാര്യേ... കിട്ടിയതും വാങ്ങി നമുക്ക്‌ അവസാനിപ്പിക്കണോ.. അതോ 5-10 വര്‍ഷം ഭാഗ്യം പരീക്ഷിച്ച്‌ ഭണ്ടാരത്തില്‍ ഇടണോ?" ഞാന്‍ അഭിപ്രായം ചോദിച്ചു.

"കിട്ടിയതും കൊണ്ട്‌ അവസാനിപ്പിക്കാം..." അവള്‍ക്കും സമ്മതം.

അങ്ങനെ, ഉള്ളത്‌ തന്ന് സഹായിച്ച്‌ ഞങ്ങളെ വിടണമേ എന്ന് അപേക്ഷിച്ച്‌ ഒരു കടലാസ്‌ പൂരിപ്പിച്ച്‌ നല്‍കി.

"നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ.." എന്ന് പ്രാകണമെന്നുണ്ടായിരുന്നു. പക്ഷേ, ഇനി പ്രാകാന്‍ പാകത്തിന്‌ സെറ്റപ്പ്‌ ഈ കമ്പനിക്ക്‌ ഉണ്ടോ എന്നറിയാത്തതിനാലും, നമ്മുടെ പ്രാകല്‍ കൊണ്ട്‌ ഇതിലും കൂടുതല്‍ കാശ്‌ വേറെ ആളുകള്‍ക്ക്‌ നഷ്ടപ്പെടേണ്ടല്ലെ എന്ന് കരുതിയും ആ പ്രാക്ക്‌ ഞാനങ്ങ്‌ വിഴുങ്ങി.

ഭാര്യയോട്‌ ഈ പോളിസി എടുപ്പിച്ച പോഴന്‍ ചെക്കന്റെ നമ്പര്‍ തരപ്പെടുത്താന്‍ പറഞ്ഞു. അവനിട്ട്‌ രണ്ട്‌ കീറ്‌ കൊടുത്തെങ്കിലും സമാധാനിക്കാന്‍ വേണ്ടി മാത്രം. പക്ഷേ, അവന്‍ ഇപ്പോള്‍ മദ്രാസില്‍ ആണത്രേ...

"ഇനി അവനെ മദ്രാസില്‍ അന്വേഷിച്ച്‌ കണ്ടുപിടിച്ച്‌.. ഹോ.... പോട്ടെ....3 വര്‍ഷം കൊണ്ട്‌ 12000 രൂപ പോയന്നല്ലേയുള്ളൂ.... വല്ല അസുഖവും വന്ന് ചിലവായാല്‍ ഇതിലും കഷ്ടം അല്ലേ... നമ്മളേ പറ്റിച്ചിട്ടാണെങ്കിലും അല്ലെങ്കിലും അവന്‍ നന്നായെങ്കില്‍ അങ്ങനെ ആകട്ടെ....." ഇങ്ങനെയെല്ലാം പിറുപിറുത്ത്‌ ഞങ്ങള്‍ അവൈവായുടെ പടിയിറങ്ങി...

അപ്പോഴും മനസ്സിന്റെ അഗാധ ഗര്‍ത്തത്തിലെവിടെയോ ഒരു നിലവിളി തങ്ങി നിന്നു...
"അവൈവാ.. അവ്വാ.. ഉവ്വാ..."

6 Comments:

At 9:26 PM, Blogger സൂര്യോദയം said...

ഒരു അവൈവാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ അനുഭവ ഉല്‍പ്പന്നം...
നമ്മുടെ LIC യോളം വിശ്വസനീയമായ വേറൊന്നും ഇല്ല എന്ന തിരിച്ചറിവ്‌ ഉണ്ടായിരുന്നിട്ട്‌ പോലും....

 
At 11:18 PM, Blogger ശ്രീ said...

ഹോ... ഇതൊരു കടുപ്പം തന്നെ.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനും അമ്മയും കൂടി UTI ഇല്‍ ഇട്ട പണം അഞ്ച് വര്‍ഷം കഴിഞ്ഞ് കിട്ടിയപ്പോള്‍ 300 രൂപ മാത്രം അധികം. (എന്തായാലും ഇത്രയും അക്കിടി ആയില്ല എന്ന് സമാധാനം‌)

 
At 1:18 PM, Blogger Jijo said...

അങ്ങിനെ അനുഭവങ്ങൾ വന്നു തുടങ്ങി. നാലു കൊല്ലം മുൻപ് എന്റെ പിതാശ്രീയെ ഈ ചതിയിൽ നിന്നും രക്ഷിക്കാൻ നോക്കി മാനനഷ്ടം, ധനഹാനി മുതലായ കുത്സിത ഏർപ്പാടുകൽ വന്നു ഭവിച്ചിട്ടുണ്ട് ഈയുള്ളവന്. അവസാനം വലിയൊരു ഭൂതകണ്ണാടി വച്ച് ഫൈൻപ്രിന്റ് എന്നൊരു സാധനം മുഴുവൻ കഖഗഘങ വാ‍യിച്ച് കേപ്പിച്ച് ഒരു കണക്കിനാ പിതൃസ്വത്ത് സംരക്ഷിച്ചെടുത്തത്.

33000 രൂപ മൂന്ന് വർഷം കൊണ്ടടച്ചാൽ, 10ലക്ഷത്തിന്റെ ഇൻഷ്വറൻസും പിന്നെ കോടിക്കണക്കിന് രൂപയും (അത്രേമില്ല, ഞാൻ വെള്ളം ചേർത്തതാ). സത്യത്തിൽ, ആദ്യമടയ്ക്കുന്ന തുകയുടെ 65% കമ്മീഷനാ. പിന്നത്തേതിന്റെ 15%ഉം. ബാക്കി തുകയ്ക്ക് സ്റ്റോക് വാങ്ങി വെക്കും. അതിന്റെ ബോണസ് കൊണ്ട് പ്രീമിയം അടയ്ക്കും. പ്രീമിയം എത്രയാ ചേട്ടാ എന്ന് ചോദിച്ചാൽ “ഹേയ് അതെന്തിനാ നോക്കണേ? നമ്മൾ അതറിയണ്ട കാര്യമേയില്ല, എല്ലാം അവരടച്ചോളും” എന്നു പറയും. എത്ര ചോദിച്ചിട്ടും പ്രീമിയം എത്രയാണെന്ന് പറഞ്ഞേയില്ല.

ഈ പ്രീമിയം ഒരു 'പ്രീമിയം' തന്നാ. ഷെയർ മാർക്കെറ്റ് താഴെ പോയാൽ, പ്രീമിയം അടയ്ക്കാൻ ബോണസ് ഇല്ലാതെ വന്നാൽ, ഷെയർ വിറ്റ് അവർ പ്രീമിയം അടയ്ക്കും. അതും തീർന്നാൽ പോളിസി പാളീസ്. യുലിപ് എല്ലാം അങ്ങിനെ തന്നാണ്. പക്ഷേ ഉപഭോക്താവിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ച് റിസ്കെടുപ്പിക്കുന്നത് ശുദ്ധ തട്ടിപ്പാണ്.

 
At 12:27 AM, Blogger ഷൈജൻ കാക്കര said...

അവൈവിൽ ഭാഗ്യം പരീക്ഷിക്കാൻ സാധിച്ചില്ല പക്ഷെ അതിന്റെ സഹോദര സ്ഥാപനങ്ങളിൽ (ചതിക്കുന്ന കാര്യത്തിൽ) ലോട്ടറിയെടുത്തിട്ടുണ്ട്. അതിന്റെയൊക്കെ അവസ്ഥ അവൈവയുമായി വലിയ വിത്യാസമില്ല.

R.B.I, I.R.A, SEBI തുടങ്ങിയ സ്ഥാപനങ്ങളിൽ “അമിത” വിശ്വാസമുണ്ടായിരുന്നു. അടച്ച പണമെങ്ങിലും തിരിച്ച്‌ കിട്ടുമെന്ന്‌. അതാണ്‌ ഇപ്പോൾ ഗോപിയായത്‌! എന്തായാലും ആട് മാഞ്ചിയം തേക്ക് തുടങ്ങിയ തരികിടയൊന്നും എന്റെയടുത്ത്‌ ചിലവാകില്ല മോനെ ദിനേശാ... വല്ല ഹൈടെക്ക് പദ്ധതിയുമായി വരിക. ഹല്ല പിന്നെ....

 
At 11:19 PM, Blogger Venki said...

Hi Abhay,
It is shocking to see such things happen in India as well. I have seen the effects of the sub-prime mortgage bubble burst here, and we all know this pushed US and a large part of the global economy into a deep recession. I was under the impression that India, with all its regulations,is doing better. Shocking! Is there any way to increase awareness of such issues among both the agents (especially the under-qualified ones who try to sell insurance policies like rotten fish in the fish market) and the prospective victims of these scams?

 
At 8:28 AM, Blogger Kunjukkuttan said...

നല്ല അറിവുകള്‍ പങ്കുവച്ചത്ിനു നന്ദി . പണത്തിനു പിറകെ ഒഡിനാടന്നാല്‍ ജീവിതം അബാധങ്ങളില്‍ പെട്ടത് തന്നെ.

സ്നേഹത്തോടെ,

കുഞ്ചുക്കുട്ടന്‍, പെരുമ്പാവൂര്‍

 

Post a Comment

<< Home