സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, December 21, 2009

ദുബായിലെ പീഢനകാലം

നാട്ടില്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ അത്യാവശ്യം പ്രൊജക്റ്റ്‌ മാനേജ്‌ ചെയ്ത്‌ ജീവിച്ചുപോരുമ്പോഴായിരുന്നു ദുബായില്‍ ഒരു പ്രൊഡക്റ്റ്‌ ഡെവലപ്പ്‌ ചെയ്ത്‌ ബിസിനസ്‌ കൂടുതല്‍ വികസിപ്പിക്കാന്‍ കമ്പനിയ്ക്ക്‌ അവസരം കൈ വന്നത്‌. അങ്ങനെ യുദ്ധകാലാടിസ്ഥാനത്തില്‍ ഡെവലപ്‌മന്റ്‌ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ആ ടീമിനെ സഹായിക്കാന്‍ ഞാന്‍ നിയുക്തനായത്‌. വലിയ കാലതാമസമില്ലതെ, ഞാനും അതിന്റെ ഭാഗഭാക്കായിത്തീര്‍ന്നു. രണ്ട്‌ മൂന്ന്‌ ടീം മെമ്പേര്‍സ്‌ ദുബായിലേയ്ക്ക്‌ പോയിക്കഴിഞ്ഞപ്പോഴും ഇവിടെ പ്രൊഡക്റ്റ്‌ ഡെവലപ്‌മന്റ്‌ തകര്‍ത്ത്‌ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പിന്നീടങ്ങോട്ട്‌ ഊണും ഉറക്കവും ഇല്ലാതെയുള്ള ജോലിയായിരുന്നു.

കൂടുതല്‍ ബാങ്കുകളില്‍ ഒര്‍ഡറുകള്‍ ലഭിക്കുകയും കൂടുതല്‍ ആളുകള്‍ ദുബായിലേയ്ക്ക്‌ പോകുകയും ചെയ്തു.

അധികദിവസം കഴിയുന്നതിനുമുമ്പ്‌ എനിയ്ക്ക്‌ പെട്ടെന്ന്‌ ദുബായിയ്ക്ക്‌ കയറിപ്പോകണമെന്ന നിര്‍ദ്ദേശം വന്നു. പൊതുവേ വീടും നാടും വിട്ട്‌ പുറത്ത്‌ ജോലി ചെയ്യുന്നത്‌ ഇഷ്ടമല്ലാത്തതിനാല്‍ ഞാന്‍ ആദ്യം എതിര്‍ത്തെങ്കിലും ആ സാഹചര്യത്തില്‍ പോകേണ്ടത്‌ അത്യാവശ്യമായിത്തീര്‍ന്നു. ദുബായിലെ ചില ബാങ്കുകളില്‍നിന്ന്‌ ഇറങ്ങി വീട്ടില്‍ പോകാനൊ ഉറങ്ങാനോ കഴിയാതെ അവിടെയുള്ള പ്രൊജക്റ്റ്‌ മാനേജറും ഡെലിവറി മാനേജറും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിവരം ഫോണിലൂടെ കേട്ടപ്പോള്‍ അടുത്ത ബന്ദിയായി ഞാന്‍ ചെന്നേ തീരൂ എന്നൊരു ആവശ്യം കമ്പനിയ്ക്ക്‌ നേരിട്ടപ്പോള്‍ എന്റെ തരളിത ഹൃദയം ഒന്ന്‌ അലിഞ്ഞുപോയി എന്നൊരു തെറ്റേ എനിയ്ക്ക്‌ പറ്റിയുള്ളൂ..

രണ്ട്‌ ദിവസത്തിനുള്ളില്‍ ദുബായില്‍...

8 ബാങ്കുകളിലെ ഒര്‍ഡര്‍ ലഭിച്ചിരിക്കുന്നതിനാല്‍ ഞങ്ങളുടെ കമ്പനിയില്‍ നിന്ന്‌ ഒരു 10 പേരോളം ദുബായിലുണ്ട്‌. ഫ്ലൈറ്റ്‌ ഇറങ്ങി നേരെ താമസിക്കുന്ന വില്ലായില്‍ ചെന്ന്‌ കുളിച്ച്‌ റെഡിയായി പ്രശ്നബാധിതമായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു ബാങ്കിലേയ്ക്ക്‌ യാത്രയായി. പോകുന്ന വഴിയ്ക്ക്‌ ദുബായിലെ ടെലഫോണ്‍ സിം കാര്‍ഡ്‌ വാങ്ങി എന്റെ മൊബെയിലില്‍ ഇടുകയും ചെയ്തു.

ബാങ്കില്‍ ചെന്ന്‌ കയറി എന്നെ കൊണ്ട്‌ ചെന്ന്‌ ഡെലിവറി മാനേജര്‍ അവിടെയുള്ള ബാങ്കിന്റെ പ്രൊജക്റ്റ്‌ മാനേജര്‍ക്ക്‌ പരിചയപ്പെടുത്തി..

"ദിസ്‌ ഇസ്സ്‌ മിസ്റ്റര്‍ സൂര്യോദയം... പ്രൊജക്റ്റ്‌ മാനേജര്‍... ഹി കാന്‍ ഹെല്‍പ്‌ ദ ടീം ടെക്നിക്കാലി ആള്‍സൊ..."

അവിടെയുള്ള പ്രൊജറ്റ്‌ മാനേജറുടെ ഉത്തരം വന്നു... 'ഓ... ഇതാണോ പുതിയതായി തല്ല്‌ കൊള്ളാന്‍ വന്ന മാനേജറ്‌?" എന്ന്‌ അര്‍ഥമാക്കുന്ന രീതിയില്‍ "വെല്‍ക്കം ടു ദ ഫയര്‍ പ്ലെയ്സ്‌..."

മലയാളിയെങ്കിലും ജനിച്ച്‌ വളര്‍ന്നത്‌ കേരളത്തിനു വെളിയില്‍ ആയതിനാല്‍ പുള്ളിക്കാരന്റെ മലയാളം ഒരല്‍പ്പം കൊലയാളം ആയിരുന്നു.

അതിനു മുന്‍പ്‌ അവിടെ ഉണ്ടായിരുന്ന ഞങ്ങളുടെ ഒരു തടിച്ച്‌ കൊഴുത്ത പ്രൊജക്റ്റ്‌ മാനേജറെ ചീത്ത വിളിച്ച്‌ കണ്ണ്‌ പൊട്ടിച്ച്‌ ഓടിച്ച്‌ വിട്ടിട്ട്‌ 'ഇനി ആരാടാ അടുത്തത്‌?' എന്ന്‌ നോക്കി ഇരിക്കുന്ന അങ്ങേരുടെ മുന്നിലേയ്ക്കാണ്‌ എല്ലും തോലുമായ എന്നെ കൊണ്ട്‌ ഇട്ടിരിക്കുന്നത്‌.

പിന്നീടങ്ങോട്ട്‌ കണ്ടകശനിയുടെ അപഹാരം പോലെ അങ്ങേരുടെ ശല്യം അനുഭവിക്കേണ്ടിവന്നു.

ദിവസവും നല്ല മുട്ടന്‍ തെറിവിളി.... എന്ത്‌ ചെയ്താലും ചെയ്തില്ലെങ്കിലും എന്തെങ്കിലും കാരണമുണ്ടാക്കി ചീത്തവിളിക്കുക എന്നത്‌ ഒരു സ്ഥിരം പരിപാടിയായിത്തീര്‍ന്നു. പൊതുവേ ചീത്തവിളിച്ച്‌ മാത്രം പരിചയമുള്ള ഞാന്‍ അവന്റെ ചീത്തവിളി കേട്ട്‌ ഇളിച്ച്‌ നില്‍ക്കേണ്ട ഗതികേട്‌... ഈ ഗതികേടിനൊരു കാരണമുണ്ട്‌... 'പ്രൊഡക്റ്റ്‌ റെഡിയാണേ... വാങ്ങാനാളുണ്ടോ..." എന്ന്‌ പറഞ്ഞ്‌ പ്രൊഡക്റ്റിന്റെ ഒരു വീഡിയോ ഡെമോയുമായായിരുന്നു ഞങ്ങളുടെ ഡെലിവറി മാനേജര്‍ ദുബായിലേയ്ക്ക്‌ വണ്ടികയറിയത്‌.. ആ സമയത്ത്‌ ബാങ്കുകളില്‍ നിര്‍ബന്ധമായി ഉപയോഗിക്കേണ്ട ഒരു അത്യാവശ്യ സംഭവമായതിനാല്‍ ഈ പ്രൊഡക്റ്റ്‌ പെട്ടെന്ന്‌ ബാങ്കുകള്‍ വാങ്ങാന്‍ തയ്യാറായി.

ബാങ്കുകളില്‍ ചെന്ന്‌ ഞങ്ങളുടെ ടീം മെമ്പേര്‍സ്‌ സംഭവം ഇമ്പ്ലിമന്റ്‌ ചെയ്ത്‌ തുടങ്ങിയപ്പോഴാണ്‌ പറഞ്ഞും കണ്ടും കേട്ടതിന്റെ അത്ര പൊലിപ്പ്‌ ഇതിനില്ലെന്ന്‌ അവര്‍ക്ക്‌ തോന്നിയത്‌. മാത്രമല്ല, വളരെ വലുതും പ്രധാനപ്പെട്ടതുമായ ഒരു ബാങ്കായതിനാല്‍ ഈ ബാങ്കില്‍ ഞങ്ങാളുടെ കമ്പനി അവര്‍ക്ക്‌ വേണ്ട രീതിയില്‍ ടേര്‍ംസ്‌ സമ്മതിക്കുകയും ചെയ്തിരുന്നു. അങ്ങനെ അവര്‍ നമ്മുടെ തലയില്‍ കയറി ഇരിക്കാനുള്ള വേണ്ടത്ര സാഹചര്യം നമ്മള്‍ തന്നെ ചെയ്ത്‌ കൊടുത്തു.

ഈ പശ്ചാത്തലത്തിലാണ്‌ യാതൊരു ഉളുപ്പുമില്ലാതെ ബാങ്കിലെ പ്രൊജറ്റ്‌ മാനേജറുടെ തെറി കേള്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതമായത്‌.

അവന്റെ മുഖത്ത്‌ നിന്ന്‌ കൈ എടുക്കാന്‍ തോന്നാത്ത സ്വഭാവമാണെങ്കിലും അവന്റെ തെറി കേട്ട്‌ പറ്റാവുന്നത്ര സംയമനത്തില്‍ നിന്നേ തീരൂ എന്ന സ്ഥിതി. 23 മണിക്കൂര്‍ വരെ പണിയെടുക്കേണ്ടി വന്ന ദിനങ്ങള്‍.... അത്രയും കഴിഞ്ഞിട്ടും 'പോവല്ലേ... ദേ.. ഇതും കൂടി തീര്‍ന്നിട്ട്‌ പോയാല്‍ മതി...' എന്ന നിര്‍ബന്ധവും...

എങ്ങനെ ഇത്ര ക്ഷമ എനിയ്ക്ക്‌ കിട്ടി എന്ന്‌ ഞാന്‍ തന്നെ അത്ഭുതപ്പെട്ട്‌ നില്‍ക്കാറുണ്ടെങ്കിലും പലപ്പോഴായി അല്‍പ്പാല്‍പം ഉരസലുകള്‍ തുടങ്ങിയിരുന്നു.

ഇവനിട്ട്‌ രണ്ട്‌ കീറിയിട്ട്‌ ദുബായില്‍ നിന്ന്‌ ഒരു ബാനും വാങ്ങി നാട്ടില്‍ പോയാലോ എന്ന്‌ വരെ ആലോചിച്ചു.

ഫോണ്‍ ചെയ്തപ്പോള്‍ ഭാര്യയോട്‌ ഇവിടെ കിട്ടിക്കൊണ്ടിരിക്കുന്ന ഡോസിന്റെ കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്ക്‌ അല്‍പം സന്തോഷമുണ്ടായോ എന്നൊരു സംശയം... കാരണം അവള്‍ ചോദിച്ച ഒരു ചോദ്യം തന്നെ.. "ഇപ്പോ മനസ്സിലായോ മറ്റുള്ളവരെ ചീത്ത വിളിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കുണ്ടാകുന്ന വിഷമം?...."

ഞാന്‍ ചെന്നതുകൊണ്ട്‌ ഗുണമുണ്ടായ കുറച്ച്‌ പേരുണ്ട്‌...
മുന്‍പ്‌ ആ ബാങ്കില്‍ പോയിരുന്ന എന്റെ സഹപ്രവര്‍ത്തകനായ പ്രൊജക്റ്റ്‌ മാനേജര്‍ക്ക്‌ സുരക്ഷിത ഇടങ്ങളിലായി മാറി മാറി ജീവിക്കാന്‍ സാഹചര്യം ലഭിച്ചു.
അതു വരെ ഉറക്കം കളഞ്ഞ്‌ ബാങ്കുകളില്‍ ബന്ദിയായി ഇരിക്കേണ്ടി വന്ന ഡെലിവറി മാനേജര്‍ക്ക്‌ അല്‍പം വിശ്രമവും ഉറക്കവുമായി.
ബാങ്കിലെ പ്രൊജക്റ്റ്‌ മാനേജറുടെ തെറി നേരെ വാങ്ങിയിരുന്ന ടീം മെമ്പേര്‍സ്‌ തെറി കിട്ടാതെ ജോലി ചെയ്ത്‌ തുടങ്ങി... കാരണം , വരുന്ന തെറി മുഴുവന്‍ ഞാന്‍ വാങ്ങിയിട്ട്‌ ബാക്കിയുണ്ടായിട്ട്‌ വേണ്ടേ അവര്‍ക്ക്‌ കിട്ടാന്‍?... വല്ല പൊട്ടും പൊടിയും എന്നെ കവര്‍ ചെയ്യാതെ പോകുന്നത്‌ മാത്രം കിട്ടി അവര്‍ക്ക്‌ ജീവിക്കാറായി...

ഒന്ന്‌ ഉറങ്ങാന്‍ കൊതിയാകുന്ന ദിവസങ്ങള്‍... രാവെന്നോ പകലെന്നോ ഇല്ലാതെ ജോലിയും തെറിയും മാത്രം തുടര്‍ന്ന്‌ കൊണ്ടേയിരുന്നു...

ഒരു 2 ആഴ്ച കൊണ്ട്‌ ജീവിതം തന്നെ മാറി മറിഞ്ഞു.

നാട്ടിലെ ഒരു സുഹൃത്തിനെ വിളിക്കാനായി ഫോണ്‍ മെമ്മറിയിലില്ലാത്തതിനാല്‍ എന്റെ നാട്ടിലെ സിം കാര്‍ഡ്‌ നോക്കിയപ്പോഴാണ്‌ ഞാനൊരു സത്യം മനസ്സിലാക്കിയത്‌... എന്റെ ബി എസ്‌ എന്‍ എല്‍ സിം കാണുന്നില്ല.... അത്‌ ദുബായില്‍ വന്നിറങ്ങിയ ആദ്യ ദിവസം ഞാന്‍ പുതിയ സിം കാര്‍ഡ്‌ ഇട്ടപ്പോള്‍ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു... എങ്ങനെ നഷ്ടപ്പെട്ടെന്ന്‌ യാതൊരു ഒര്‍മ്മയുമില്ല.... എന്തായലും സംഭവം നഹി...

പിന്നീട്‌ സുഹൃത്തിനെ ഇത്‌ അറിയിച്ചപ്പോള്‍ അവന്റെ ചോദ്യം... "ഫോണ്‍ നഷ്ടപ്പെട്ടു എന്ന്‌ കേട്ടിട്ടുണ്ട്‌... ഇതിന്റെ ഉള്ളിലിരിക്കുന്ന സിം കാര്‍ഡ്‌ മാത്രമായി നീ എങ്ങനെ നഷ്ടപ്പെടുത്തി?"

ഉറക്കമില്ലാത്ത രാവുകളും ഒടുക്കമില്ലാത്ത ഒടുക്കത്തെ ജോലിയുമായി ജീവിതം തുടരുമ്പോള്‍ ഞങ്ങള്‍ക്ക്‌ പലതരം അവസ്ഥകള്‍ നേരിടേണ്ടി വന്നു.

കഴിയ്ക്കുന്ന ഭക്ഷണത്തെപ്പോലും പേടിയായിത്തുടങ്ങി. കാലത്ത്‌ കഴിയ്കുന്ന ഭക്ഷണം പലതും ഞങ്ങള്‍ മാറ്റി പരീക്ഷിച്ചു തുടങ്ങി... അതായത്‌, തെറിയും ചീത്തയുമായി സാമ്യമുള്ള ഐറ്റംസ്‌ പതുക്കെ വര്‍ജിച്ചുതുടങ്ങി.... ഉദാഹരണത്തിന്‌, പൂരിമസാല, ഇടിയപ്പം, മുട്ട റോസ്റ്റ്‌....

എന്നിട്ടും തെറിയ്ക്ക്‌ കാര്യമായ കുറവൊന്നും സംഭവിക്കുന്നുമില്ല...

വസ്ത്രവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി നോക്കി.. അതായത്‌, പല കോമ്പിനേഷന്‍സ്‌ പരീക്ഷിച്ചുനോക്കി... കഴുകി വൃത്തിയാക്കിയ ഡ്രസ്സ്‌, വാഷ്‌ ചെയ്യാത്ത ഡ്രസ്സ്‌, കളര്‍ ചേഞ്ച്‌.. എല്ലാം... എന്ന് വച്ചാല്‍, ഇല്ലാത്ത പല അന്ധവിശ്വാസങ്ങളും മനസ്സില്‍ കയറിക്കൂടിയോ എന്ന് സംശയം...

പലപ്പോഴും നമ്മുടേതല്ലാത്ത തെറ്റുകള്‍ക്കാണ്‌ ചീത്ത കേള്‍ക്കുന്നത്‌ എന്നത്‌ ഒരു സ്ഥിരം സംഭവമായിത്തീര്‍ന്നു. ഞങ്ങള്‍ ചെയ്യുന്ന പ്രൊഡക്റ്റ്‌ കസ്റ്റമൈസേഷന്റെ ഭാഗമായി മറ്റ്‌ ചില പ്രൊഡക്റ്റുമായി ഇന്റഗ്രേഷനും വേണ്ടിവന്നിരുന്നു. ആ പ്രൊഡക്റ്റുകളില്‍ പ്രശ്നങ്ങളും ഞങ്ങാളുടേതാണെന്ന ധാരണയില്‍ പലപ്പോഴായി ഞങ്ങള്‍ക്ക്‌ ചീത്ത കിട്ടിക്കൊണ്ടിരുന്നു. 2-3 മണിക്കൂര്‍ നേരത്തെ പരിശോധനയില്‍ നിന്നായിരിക്കും പ്രശ്നം ഞങ്ങളുടേതല്ലെന്ന്‌ മനസ്സിലാകുന്നത്‌. അപ്പോഴേയ്ക്കും കിട്ടാനുള്ളത്‌ കിട്ടിക്കഴിഞ്ഞിരിക്കും.

ഇതിന്നിടയിലും ചിലര്‍ സ്വയം ആശ്വസിക്കുന്നതിനായി പിറുപിറുക്കുന്നത്‌ കേട്ടു... "ഇതിലും വലുത്‌ എന്തോ വരാനിരുന്നതാ.... ഇതുകൊണ്ട്‌ തീര്‍ന്നു എന്ന്‌ വിചാരിച്ചാല്‍ മതി.."

'ഇതിലും വലുത്‌ ഇനി എന്ത്‌ വരാനാടാ മോനേ..?' എന്ന് പിറുപിറുക്കുക എന്നതല്ലാതെ എന്ത്‌ ചെയ്യാന്‍..

ഒരു ദിവസം രാത്രി ടാക്സിയില്‍ മടങ്ങുമ്പോള്‍ അതില്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന മ്യൂസിക്ക്‌ അത്ര സുഖകരമായി തോന്നിയില്ല.

തെറി കേട്ട്‌ മാത്രം ശീലമായ ചെവികള്‍ക്ക്‌ ഒരു ചേയ്ഞ്ച്‌ ആവട്ടെ എന്ന്‌ കരുതിയാവണം ഞങ്ങളുടെ കൂട്ടത്തിലെ ഒരുവന്‍ ഡ്രൈവറോട്‌ പറഞ്ഞു.. "കാന്‍ യു ചേയ്‌ഞ്ച്‌ ദാറ്റ്‌ സോങ്ങ്‌?"

ലവന്‍ ഒന്ന്‌ കലിപ്പിച്ച്‌ ടേപ്പ്‌ റെക്കൊര്‍ഡറിലേയ്ക്ക്‌ വിരല്‍ ചൂണ്ടിയിട്ട്‌ പറയുന്നു... "ദിസ്‌ ഈസ്‌ നോട്ട്‌ എ സോങ്ങ്‌.. ദിസ്‌ ഈസ്‌ ഖുറാന്‍..."

തൃപ്തിയായി.... ഞങ്ങള്‍ കാശ്‌ കൊടുത്ത്‌ സഞ്ചരിക്കുന്ന കാറില്‍ അവന്‍ ഇഷ്ടമുള്ള പാട്ട്‌ വയ്ക്കും... നമ്മള്‍ അത്‌ കേട്ടോളണം... അത്‌ മാറ്റാന്‍ പറഞ്ഞാല്‍ അവന്റെ വായില്‍ ഇരിക്കുന്നതും കേട്ടോളണം...

ഞങ്ങളുടെ കാലം നല്ലതല്ലാത്തതിനാല്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു... "നമുക്ക്‌ ഇത്‌ കിട്ടണം... ഇവന്‍ ഫ്രീയായിട്ടാണല്ലോ നമ്മളെ ഡ്രോപ്പ്‌ ചെയ്യുന്നത്‌.... കാശ്‌ കൊടുത്ത്‌ തെറിവാങ്ങാനും നമുക്ക്‌ യോഗം..."

പതുക്കെ പ്രൊഡക്റ്റ്‌ സ്റ്റബിലൈസ്‌ ആയിത്തുടങ്ങി..... ജോലിസമയത്തില്‍ ഒരല്‍പ്പം ഇളവൊക്കെ കിട്ടിത്തുടങ്ങി....

എങ്കിലും തെറിവിളിയില്‍ കാര്യമായ കുറവൊന്നുമില്ല...

അത്‌ ബാങ്കില്‍ നിന്നായാലും പുറത്ത്‌ നിന്നായാലും...

ഒരു ദിവസം ബാങ്കില്‍ നിന്നിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്യാനായി വെയ്റ്റ്‌ ചെയ്യുമ്പോള്‍ ചൈനീസ്‌ മോഡല്‍ രണ്ട്‌ പെണ്‍കുട്ടികള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെ നോക്കി പൊരിഞ്ഞ തെറി... മനസ്സിലാകാത്ത ഭാഷയും നമുക്ക്‌ തെറിയാണല്ലോ.... അവന്‍ അവരെ നോക്കി പിറുപിറുക്കുന്ന കേട്ടു... "ലേലു അല്ലി... ലേലു അല്ലി...ലേലു അല്ലി..."

പിന്നീടാണ്‌ സംഗതി പിടികിട്ടിയത്‌... അവര്‍ നമ്മളെ തെറിവിളിച്ചതല്ലായിരുന്നു... അവര്‍ പരസ്പരം എന്തോ സംസാരിച്ചതാണ്‌... തെറിവിളി കൊള്ളാനുള്ള യോഗം ഉത്തമത്തില്‍ നില്‍ക്കുന്നതിനാല്‍ അത്‌ നമ്മളെ തന്നെയായിരിക്കും എന്ന്‌ ഞങ്ങള്‍ക്ക്‌ തോന്നിയതാണ്‌...

ഒരു അവധിദിവസം ഞങ്ങള്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കുന്നു. എന്റെ സഹപ്രവര്‍ത്തകനായ മറ്റേ പ്രൊജക്റ്റ്‌ മാനേജറും ഇവിടെയുണ്ട്‌.

ഒരു ഫോണ്‍ അറ്റന്‍ഡ്‌ ചെയ്ത്‌ തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഞാന്‍ കാണുന്നത്‌ ഒരു പ്രായം ചെന്ന സ്ത്രീ തിരിച്ച്‌ നടന്ന്‌ വന്ന്‌ ഈ പ്രൊജറ്റ്‌ മാനേജറെ ചീത്തവിളിക്കുന്നു. 'ഇതെന്ത്‌ പണ്ടാരം.... ഹോട്ടലില്‍ വന്നാലും വെറുതേ വിടുകേലേ?' എന്ന്‌ അന്തം വിട്ടിരിക്കുന്ന എനിയ്ക്ക്‌ കുറച്ച്‌ കഴിഞ്ഞാണ്‌ കാര്യം മനസ്സിലായത്‌. ആ സ്ത്രീ ഇരിക്കുന്ന ടേബിളിനു മുന്നിലെ ഒരു ചെയര്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുവന്‍ പോയി എടുത്ത്‌ കൊണ്ടുവന്നിരുന്നു. ആ സ്ത്രീ പോകുന്ന വഴിയ്ക്ക്‌ ആ പയ്യനോട്‌ വന്ന്‌ 'ചോദിക്കാതെ എടുത്തത്‌ മര്യാദയായില്ല' എന്ന്‌ പറയുകയും 'സോറി' എന്ന വാക്ക്‌ ഉച്ഛരിച്ച്‌ അവന്‍ പരിപാടി അവസാനിപ്പിക്കുകയും ചെയ്തതായിരുന്നു. കാര്യം മനസ്സിലാക്കാന്‍ നില്‍ക്കാതെ ആ സ്ത്രീയോട്‌ അങ്ങോട്ട്‌ ചെന്ന്‌ തര്‍ക്കിക്കാന്‍ പോയതിനാണ്‌ ഇദ്ദേഹം മേടിച്ച്‌ പറ്റിയിരിക്കുന്നത്‌ എന്നത്‌ മറ്റുള്ളവര്‍ പറഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌. വെയിറ്ററാണ്‌ ചെയര്‍ കൊണ്ട്‌ ഇട്ട്‌ തന്നത്‌ എന്നാണ്‌ ഇദ്ദേഹം വിചാരിച്ചത്‌. മാത്രമല്ല, തന്റെ ടീം മെംബറെ അങ്ങനെ വല്ലവരും വന്ന് ചീത്തവിളിക്കാമോ?

എന്തായാലും കിട്ടിയതും വാങ്ങി തട്ടിയിട്ട്‌ അവിടെ നിന്നിറങ്ങി..

ഇതിനുശേഷം ആരെ കണ്ടാലും പേടിയാണ്‌.... ടാക്സിക്കാര്‍, റോഡ്‌ യാത്രക്കാര്‍, കടയിലെ സെയില്‍സ്‌ മാന്‍... കാരണം, തെറിവിളി കൊള്ളാന്‍ ജന്മമെടുത്തവരാണ്‌ നമ്മള്‍ എന്ന്‌ ഞങ്ങള്‍ക്ക്‌ തന്നെ തോന്നിത്തുടങ്ങിയിരുന്നു. ആര്‌ നമ്മെ നൊക്കിയാലും നമുക്ക്‌ ഉറപ്പാണ്‌... 'അത്‌ നമ്മളെ എന്തോ ചീത്ത വിളിക്കാനാണ്‌..' എന്ന്‌...

ചിലപ്പോള്‍ വിചാരിച്ച പോലെ ചീത്ത വിളി കിട്ടാതെ വന്നാല്‍ ഒരു അമ്പരപ്പാണ്‌... "ഡാ... ദേ... തെറിവിളിക്കാതെ പോകുന്നു..." എന്ന്‌...

ചിലര്‍ക്ക്‌ ബാങ്കില്‍ നിന്ന്‌ ചീത്തവിളി കേള്‍ക്കാത്ത ദിവസം ഒരു വല്ലാത്ത വിഷമമാണ്‌.. "ഛേ... ഇന്ന്‌ ഒന്നും കിട്ടിയില്ലല്ലോ.." എന്ന നിരാശ.

ചില സമയങ്ങളില്‍ ഞങ്ങള്‍ ബാങ്കില്‍ ക്ലീനിങ്ങിനായി വരുന്ന പയ്യന്മാരെ അസൂയയോടെ നോക്കും... അതുപോലെ തന്നെ പലയിടത്തും നില്‍ക്കുന്ന സെക്യൂരിറ്റി, ഹോട്ടല്‍ ജീവനക്കാര്‍ തുടങ്ങിയവരൊക്കെ ഞങ്ങളുടെ അസൂയയ്ക്ക്‌ പാത്രമായി... കാരണം വേറൊന്നുമല്ല, 'നമ്മുടെ കാര്യം വച്ച്‌ നോക്കുമ്പോള്‍ ഇവര്‍ക്കൊക്കെ എന്ത്‌ സുഖമാ ജീവിതം..' എന്ന ചിന്ത തന്നെ.

ഒരു മാസം കൊണ്ട്‌ പ്രശ്നങ്ങള്‍ എല്ലാം ഒന്ന് ഒതുണ്ടി മനസ്സമാധാനത്തോടെ ജീവിക്കാന്‍ തുടങ്ങി. ഇനിയും വല്ല ദുരന്തമേഖലയിലേയ്ക്ക്‌ നിയോഗിക്കപ്പെടാതിരിക്കാനായി കമ്പനി മാനേജുമെന്റുമായി തല്ല് പിടിച്ച്‌ റിട്ടേര്‍ണ്‍ ടിക്കറ്റ്‌ തരപ്പെടുത്തി ദുബായില്‍ നിന്ന് രക്ഷപ്പെട്ടു.

അങ്ങനെ ജീവിതത്തിലെ ഒരു കടുത്ത ഓണ്‍ സൈറ്റ്‌ അദ്ധ്യായത്തിന്‌ പരിസമാപ്തിയായി... ഇനിയും എന്തൊക്കെ വരാനിരിക്കുന്നു ആവോ?

5 Comments:

At 9:25 AM, Blogger സൂര്യോദയം said...

ജോലിയുടെ ഭാഗമായി ദുബായില്‍ ചെന്നതിനുശേഷം അനുഭവിക്കേണ്ടിവന്ന ചില സാഹചര്യങ്ങളുടെ ഒരു അവലോകനം.... എഴുതാന്‍ ബാക്കിയുണ്ടായത്‌ ഭാഗ്യം...

 
At 1:34 AM, Blogger ഞാന്‍ ആചാര്യന്‍ said...

സൂപ്പര്‍ എഴുത്ത് മാഷെ, ഒറ്റ ശ്വാസത്തില്‍ വായ്ച്ചു. ദുബായിലെ സകല പ്രോജക്ടുകളും മാഷിനു തന്നെ ആശംസിക്കുന്നു

 
At 5:35 AM, Blogger :: VM :: said...

അപ്പോള്‍ നിങ്ങളാണല്ലേ “ഇമേജിന്റെ” ആള്‍ക്കാരു :)

 
At 9:59 AM, Blogger കണ്ണനുണ്ണി said...

ശ്ശൊ ഞങ്ങക്ക് ദുബായ് യില്‍ പ്രൊജക്റ്റ്‌ ഒന്നും ഇല്ലാതെ പോയി. അല്ലെ ഇത്രേം experiance ഉള്ള മാഷ്‌ ക്ക് ഒരു ഡയറക്റ്റ് എന്‍ട്രി ഒപ്പിച്ചു താരമായിരുന്നു

 
At 4:44 AM, Blogger തറവാടി said...

ഓ! അപ്പോ ഇതാണല്ലെ ദുബായ്!

 

Post a Comment

<< Home