സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Thursday, August 19, 2010

ഓണസംശയങ്ങള്‍..ഓണാശംസകള്‍..!!!

സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ആണോ എന്ന് തോന്നാമെങ്കിലും സംഗതി അതല്ല... ഓണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ എന്നു തന്നെയാണ്‌ ഉദ്ദേശിച്ചത്‌..

ഓണത്തെക്കുറിച്ചുള്ള ഐതിഹ്യവും കഥകളും കുട്ടിക്കാലം മുതല്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ എവിടെയോ ഒരു വിഷാദം കലര്‍ന്ന സംശയം എപ്പോഴും ബാക്കിയായിരുന്നു. ഈ സംശയങ്ങളൊക്കെ ചോദിക്കുന്നത്‌ പാപമാണോ അതോ അധികപ്രസംഗമാണോ എന്നൊക്കെ സംശയമുണ്ടായിരുന്നതിനാലാവാണം വളരെ അടുപ്പമുള്ള കുറച്ചുപേരോട്‌ മാത്രമായി അതിനെക്കുറിച്ച്‌ സംസാരിച്ച്‌ അടക്കി വച്ചിരുന്നത്‌.

മഹാബലി അസുരചക്രവര്‍ത്തിയായിരുന്നെങ്കിലും വലിയ ഈശ്വരഭക്തനും പ്രജാതല്‍പരനുമായിരുന്നു എന്ന് ആര്‍ക്കും തര്‍ക്കമില്ല. അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ കള്ളവും ചതിവും അസൂയയും എന്തിനേറെ വര്‍ഗ്ഗീയതയും തീവ്രവാദവും ഒന്നുമില്ലാത്ത ഒരു സോഷ്യലിസ്റ്റ്‌ സംസ്കാരത്തില്‍ ജനങ്ങളെല്ലാം ആമോദത്തോടെ വസിച്ചിരുന്നു എന്നാണല്ലോ പറയുന്നത്‌.

പിന്നെ എന്തിനാണ്‌ ഇദ്ദേഹത്തെ ചവിട്ടിത്താഴ്തി നാടുകടത്തിയത്‌ എന്നതാണ്‌ ഒരു സംശയം.

മഹാബലിയ്ക്ക്‌ ഒരല്‍പ്പം അഹങ്കാരമുണ്ടായിരുന്നെന്നും അത്‌ മാറ്റിക്കൊടുക്കാന്‍ വേണ്ടി ചെയ്ത സംഭവമാണെന്നും ഒരു കാര്യം അറിയുകയുണ്ടായി. താന്‍ വലിയ ധര്‍മ്മിഷ്ഠനാണെന്നതും ദാനശീലനാണെന്നതും ഒരു അഹങ്കാരമാണോ? ഇനി അഥവാ അതൊരു അഹങ്കാരമാണെങ്കില്‍ കൂടി, അത്‌ മാറ്റാന്‍ ഒന്ന് വിളിച്ച്‌ ഉപദേശിച്ചാല്‍ പോരായിരുന്നോ? അതിനു പകരം, ഒരു ജനതയെ മുഴുവന്‍ നാശത്തിലേയ്ക്ക്‌ ചവിട്ടിത്താഴ്ത്തണമായിരുന്നോ?

മഹാബലിയുടെ ഭരണത്തിന്‍ കീഴില്‍ ജനങ്ങളെല്ലാം പൂര്‍ണ്ണ തൃപ്തിയോടെ ജീവിച്ചപ്പോള്‍ അവര്‍ക്ക്‌ ഈശ്വരനെ വിളിച്ച്‌ അപേക്ഷിക്കേണ്ടതരത്തിലുള്ള ആവശ്യങ്ങളോ യാതനകളോ ഇല്ലായിരുന്നത്രേ. അതുകൊണ്ട്‌ ദേവന്മാര്‍, ദൈവങ്ങള്‍ എന്നിവരുടെ പ്രസക്തി നഷ്ടപ്പെട്ടുതുടങ്ങി. അവരുടെ പ്രസക്തി വീണ്ടെടുക്കണമെങ്കില്‍ ജനങ്ങള്‍ വീണ്ടും യാതനാപൂര്‍ണ്ണമായ ജീവിതത്തിലേയ്ക്ക്‌ വരണം. ഈ അജന്‍ഡയാണോ മഹാബലിയെ ചവിട്ടിത്തേച്ചിട്ട്‌ നടപ്പിലാക്കിയത്‌?

പണ്ട്‌ മുതലേ പുരാണകഥകളും മറ്റും വായിക്കുമ്പോള്‍ എനിക്കെന്തോ ഈ ദേവന്മാര്‍ എന്ന ടീമിനോട്‌ ഒരു നീരസം തോന്നിയിരുന്നു. മൊത്തത്തില്‍ അസൂയക്കാരും അഹങ്കാരികളും സുഖലോലുപരുമായ ഒരു ക്രീമി ലെയര്‍ ആയാണ്‌ ഇവരെ തോന്നിയിരുന്നത്‌.

ഏതെങ്കിലും ഒരു അസുരന്‍ തപസ്സ്‌ ചെയ്ത്‌ കൂടുതല്‍ വരം നേടിയെടുക്കുന്നത്‌ ഇവര്‍ക്ക്‌ പിടിക്കില്ല. അതില്‍ മുഴുവന്‍ തെറ്റ്‌ പറയാനും പറ്റില്ല. കാരണം, ഈ അസുരന്‍ വിനാശകാരിയും ദുഷ്ടനുമാണെങ്കില്‍ അയാളെ തടസ്സപ്പെടുത്തുന്നത്‌ നല്ല കാര്യം തന്നെ. പക്ഷേ, അവിടേയും ഒരു സംശയം... ഈ വരം കൊടുക്കുന്ന ആളുകള്‍ക്ക്‌ ചോദിക്കുന്നവന്റെ ഉദ്ദേശം അറിയാമല്ലോ... അതുകൊണ്ട്‌ തന്നെ, വിവരം നേരിട്ട്‌ പറയാമല്ലോ... അതായത്‌, 'മോനേ.. നിന്റെ മനസ്സിലിരുപ്പ്‌ പിടികിട്ട്‌... അതുകൊണ്ട്‌ നീ വെറുതേ ഇവിടെ ഇരുന്ന് സമയം മെനക്കെടുത്തിയിട്ട്‌ കാര്യമില്ല... വണ്ടി വിട്ടോ' എന്ന് പറഞ്ഞാല്‍ അവര്‍ എഴുന്നേറ്റ്‌ പോയ്ക്കൊള്ളും.

അത്‌ പോട്ടെ, നമ്മുടെ വിഷയം ആ സംശയം അല്ല. ഈ മഹാബലിയുടെ കാര്യത്തില്‍ ആണ്‌.

മഹാബലി ഭരിച്ച്‌ ഭരിച്ച്‌ ജനങ്ങള്‍ക്ക്‌ ദൈവത്തെ ആവശ്യമില്ലാത്ത സ്ഥിതി വരും എന്ന ആശങ്ക വളരെ ബാലിശമായിപ്പോയി എന്നാണ്‌ എനിക്ക്‌ തോന്നിയത്‌. മഹാബലിക്ക്‌ എന്തായാലും പ്രപഞ്ച ശക്തിയാകാന്‍ കഴിയില്ലല്ലോ... അതുകൊണ്ട്‌ തന്നെ, മനുഷ്യര്‍ക്കിടയില്‍ ആ പ്രപഞ്ച ശക്തിയുടെ സ്വാധീനത്താലുണ്ടാകുന്ന പല കാര്യങ്ങളിലും ഇടപെടാനുമാകില്ല. എന്നിട്ടും ഈ പേടി എന്തിനായിരുന്നു?

മഹാബലിയുടെ ഭരണം കൊണ്ട്‌ അസുരന്മാര്‍ ദേവന്മാരുടെ അത്ര തന്നെ ശക്തിയും പ്രീതിയും കൈവരിച്ചാല്‍ പിന്നെ 'ദേവന്‍', 'അസുരന്‍' എന്നീ ചേരിതിരിവ്‌ തന്നെ ഉണ്ടാവില്ലെന്നും ദേവന്മാരുടെ സുന്ദരിമാരായ സ്ത്രീപ്രജകള്‍ അസുരന്മാരെ ഇഷ്ടപ്പെട്ട്‌ കുടുംബജീവിതം നയിച്ച്‌ 'ദേവാസുരന്മര്‍' ജന്മമെടുക്കുമല്ലോ എന്ന ഭയം കൊണ്ടും ആവാം.

അസുരന്മാര്‍ അങ്ങനെ ശക്തി പ്രാപിച്ച്‌ മഹാബലിയുടെ കാലശേഷം വീണ്ടും ദുഷ്‌ പ്രവര്‍ത്തികളിലേയ്ക്ക്‌ തിരിഞ്ഞാലോ എന്ന് ന്യായമായും തോന്നാം... അടുത്ത വര്‍ഷം വെള്ളപ്പൊക്കം വരുമെന്ന് അറിഞ്ഞാല്‍ ഇപ്പോഴേ മുണ്ട്‌ ഊരി കയ്യില്‍ പിടിക്കണോ?

അതായത്‌, അങ്ങനെ അസുരന്മാര്‍ ദുഷ്‌ പ്രവര്‍ത്തികളിലേയ്ക്ക്‌ തിരിയുമ്പോള്‍ സര്‍വ്വശകതനായ ദൈവത്തിനെ ഇടപെടീച്ചാല്‍ പോരായിരുന്നോ?

അപ്പോള്‍ മറ്റൊരു സംശയം.... മഹാബലിയുടെ കാലശേഷം എന്നത്‌ പ്രസക്തമാണോ? അദ്ദേഹത്തിന്‌ മരണമുണ്ടോ? മരിച്ചോ?

അദ്ദേഹം പരോളിലിറങ്ങി ഇപ്പോഴും പ്രജകളെ കാണാന്‍ വരുന്നു എന്നാണല്ലോ വിശ്വാസം... അതോ.. അങ്ങനെ കാണാന്‍ വന്നിരുന്നു എന്നതിന്റെ ഓര്‍മ്മപുതുക്കലാണോ ഓണം? അങ്ങനേയും പറയാം അല്ലേ....

എന്തൊക്കെ കാരണം പറഞ്ഞാലും, സര്‍വ്വസമ്മതനായ മഹാബലിയെ ചവിട്ടിത്താഴ്ത്തി, ഈ നാടിനെ ശോചനീയമായ ഇന്നത്തെ അവസ്ഥയിലേയ്ക്കെത്തിച്ചത്‌ ആരായാലും എനിയ്ക്ക്‌ പൊറുക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ ദുഖകരമായ ഒരു സത്യം....


എല്ലാവര്‍ക്കും സമൃദ്ധമായ ആ കാലഘട്ടത്തിന്റെ മാധുര്യവും നന്മയും മനസ്സില്‍ നിറയട്ടെ... ഓണാശംസകള്‍!

3 Comments:

At 9:39 PM, Blogger സൂര്യോദയം said...

ഓണാശംസകളോടൊപ്പം കുറച്ച്‌ ഓണസംശയങ്ങളും...

 
At 10:40 PM, Blogger Vadakkoot said...

അസൂയക്കരനായ ദേവേന്ദ്രനും പുള്ളീടെ താളത്തിന് തുള്ളുന്ന മഹാവിഷ്ണുവും... ദൈവങ്ങളും മനുഷ്യരല്ലേ, ക്ഷമിച്ചു കള..!

ആശംസകള്‍.. :)

 
At 2:40 AM, Blogger Naughtybutnice said...

ഈ ലിങ്ക് ഒന്ന് നോക്കിക്കേ അതോടെ സംശയം അല്ലം തീരും..
അഞ്ചാം അവതാരം ആയ വാമനന്‍ ആറാം അവതാരം ആയ പരശുരാമന്‍ ഉണ്ടാക്കിയ കേരളത്തില്‍ വന്നു മഹാബലിയെ ചവിട്ടി താഴ്ത്തി എന്ന്.

http://www.iloveindia.com/spirituality/gods/vishnu/vishnu-avatar.html

 

Post a Comment

<< Home