സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, June 23, 2014

മുഖപുസ്തകം – ആത്മപ്രശംസാമാനിയ


എല്ലാ മനുഷ്യരിലും അന്തര്‍ലീനമായിക്കിടക്കുന്ന ഒരു അസുഖമാണ്‍ ആത്മപ്രശംസാമാനിയ.  പക്ഷേ, ഇത് പുറത്ത് വരുന്ന രീതി പലരിലും പല തരത്തിലായിരിക്കുമെന്ന് മാത്രം. ഈ രോഗം പ്രകടീപ്പിക്കുന്നവര്‍ അതിന്‍റെ തീവ്രത അറിയാതിരിക്കുകയും മറ്റുള്ളവര്‍ അത് ശരിയ്ക്ക് മനസ്സിലാക്കുകയും ചെയ്യും എന്നതാണ്‍ ഈ രോഗത്തിന്‍റെ ഒരു പ്രത്യേകത.
താന്‍ ചെയ്ത ചില വീരകര്‍മ്മങ്ങള്‍ വിവരിക്കുക, തന്‍റെ വളരെ വേണ്ടപ്പെട്ടവരുടെ ഔന്നത്യത്തെക്കുറിച്ച് വര്‍ണ്ണിക്കുക തുടങ്ങിയവയാണ്‍ വളരെ സാധാരണമായി കണ്ടുവരുന്ന പ്രകടനങ്ങള്‍.

അവനവന്‍റെ കുട്ടിയെക്കുറിച്ച്,  അവര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് വാ തോരാതെ മറ്റുള്ളവരോട് സംസാരിക്കുക എന്നത് ഒരു പൊതുലക്ഷണം ആണ്‍.  അറിയാതെ ഒരു എക്സൈറ്റ് മെന്‍റ് ലെവലില്‍ എത്തുന്നത് അവര്‍ സ്വയം അറിയുന്നില്ലെങ്കിലും കേള്വിക്കാര്‍ ആ ഒരു പ്രകടനം ശ്രദ്ധിച്ച് പോകും.  പലപ്പോഴും അത് അയ്യേ എന്ന് തോന്നുന്ന തരത്തില്‍ എത്തുകയും ചെയ്യും.

കുറച്ച് കാലമായി ഈ അസുഖം ഒരു പുതിയ മാധ്യമം കണ്ടെത്തിയിട്ടുണ്ട്.  ഫേസ് ബുക്ക് എന്ന ഗംഭീരവും ജനപ്രിയവുമായ മാധ്യമം.

ഈ മേഖലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ കൌതുകത്തോടുകൂടി വീക്ഷിച്ചാല്‍ മേല്‍പ്പറഞ്ഞ അസുഖത്തിന്‍റെ തീവ്രത  മനസ്സിലാകും.  സ്വയം വിമര്‍ശനാത്മകവുമായ വിശകലനവും നന്ന്.
ഈ മാധ്യമത്തിന്‍റെ നിരവധി ഗുണഗണങ്ങളെ കാണാതെയല്ല ഇനി വിവരിക്കാന്‍ പോകുന്ന സംഗതികള്‍ എന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ.

ഫോട്ടോ പ്രദര്‍ശനം എന്ന ചടങ്ങാണ്‍ അസുഖത്തിന്‍റെ ഈ മാധ്യമത്തിലൂടെ പ്രകടമാകുന്ന പ്രധാന ഐറ്റം.  ഈ ഫോട്ടോകള്‍ പല തരത്തിലുണ്ട്.  അവനവന്‍ തന്നെ പല പോസുകളില്‍ എടുത്തതും നാട്ടുകാരുടേയും വീട്ടുകാരുടേയും സഹായത്താല്‍ എടുത്തതും അതിലെ ഒരു വിഭാഗമാണ്‍.  അത് കഴിഞ്ഞാല്‍ അടുത്ത ഐറ്റം തന്‍റെ ഭാര്യ, കുട്ടികള്‍ എന്നിവരുടെ വിവിധ ഫോട്ടോകള്‍ എന്നതാകുന്നു. 
ഈ ഫോട്ടോ പ്രദര്‍ശിപ്പിച്ച് വെറുതേ സായൂജ്യം അടയുകയല്ല ഉദ്ദേശം.  ആ ഫോട്ടോയ്ക്ക് എത്ര ലൈക് കിട്ടി എന്നത് മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന ഘടകമാണ്‍.  

കിട്ടിയ ലൈക്കുകളുടെ എണ്ണക്കുറവുകൊണ്ട് പലര്‍ക്കും ഡിപ്രഷന്‍ വരെ സംഭവിക്കുന്നു എന്നതാണ് സത്യം.

സ്വന്തം ഭാര്യയുടെയും കുട്ടിയുടേയും ഒക്കെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് നാട്ടുകാരുടെ ലൈക് മേടിക്കേണ്ടിവരുന്നതിന്‍റെ ഒരു സുഖം എന്താണെന്ന് ആലോചിച്ചാല്‍തന്നെ ഈ അസുഖത്തിന്‍റെ സ്വാധീനം വ്യക്തമാകും.

ഇനി ലൈക് കൂടുതല്‍ കിട്ടാന്‍ കുറേ മാര്‍ഗ്ഗങ്ങളുണ്ട്.  പണ്ട് ബ്ലോഗുകള്‍ എഴുതുന്നവര്‍ക്കിടയില്‍ കൂടുതല്‍ കമന്‍റ്  കിട്ടാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.  നാട്ടുകാരുടെ എല്ലാ ബ്ലോഗുകളിലും കയറി വായിച്ചാലും ഇല്ലെങ്കിലും നല്ല പോസ്റ്റ്... നല്ല ലേഖനം, നന്നായിട്ടുണ്ട് എന്നൊക്കെ കമന്‍റ് ഇട്ടുകൊണ്ടിരിക്കുക. പിന്നീട് അവനവന്‍റെ ബ്ലോഗ് പോസ്റ്റ് വരുമ്പോള്‍ അവരൊക്ക് തനിക്കും നല്ല കമന്‍റുകള്‍ സമ്മാനിക്കുമല്ലോ എന്നതാണ്‍ അതിന്‍റെ പിന്നിലെ ആശയം.
ഈ പരിപാടിക്ക് പരസ്പരം പുറം ചൊറിഞ്ഞ് കൊടുക്കല്‍ എന്നാണ്‍ പറയുക.

ഈ പുറം ചൊറിഞ്ഞ് കൊടുക്കലിന്‍റെ വകഭേദം തന്നെയാണ്‍ ഈ ലൈക്ക് അടിക്കുന്നതിന്‍റെ പിന്നിലും കുറെയൊക്കെ എന്നാണ്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ഒരു ഒമ്പത് വയസ്സുകാരി കുട്ടി, തന്‍റെ ഫോട്ടോ അമ്മ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്യം അറിഞ്ഞിട്ട് പിന്നീട് ചോദിച്ച് ചോദ്യം കേട്ടപ്പോആ അമ്മ ഞെട്ടി.  അമ്മേ... എന്‍റെ ഫോട്ടോയ്ക്ക് എത്ര ലൈക് കിട്ടി?’

ഫേസ് ബുക്കിന്‍റെ ഇത്തരം പ്രശംസനീയമായ ഇടപെടലുകള്‍ വരുത്തി വെക്കുന്ന മറ്റ് ചില പ്രശ്നങ്ങളുണ്ട്.  തന്‍റെ കൂടെ പഠിച്ചവരും മറ്റും ഇപ്പോള്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍  എങ്ങനെ ജീവിക്കുന്നു എന്ന് ഫേസ് ബുക്കിലൂടെ കണ്ടെത്തിക്കഴിയുമ്പോള്‍, തന്‍റെ ഇപ്പോഴത്തെ ജീവിതവുമായി അതിനെ താരതമ്യം ചെയ്ത് ഡിപ്രഷന്‍ അടിക്കുന്ന വിഭാഗവുമുണ്ട് എന്ന് മനസ്സിലാകുന്നു.  

ഫേസ് ബുക്കിലൂടെ എല്ലാവരും പൊതുവേ അവരുടെ നല്ല കാര്യങ്ങള്‍ മാത്രമേ വിളംബരം ചെയ്യൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഫേസ് ബുക്കില്‍ കാണുന്ന വേറെ ഒരു വിഭാഗം സ്വയം പൊങ്ങികളുണ്ട്.  ഇരിക്കുന്ന പൊസിഷനില്‍ നിന്ന് എന്ത് മാറ്റം സംഭവിച്ചാലും അത് നാട്ടുകാരെ അറിയിക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍.  
ഇവരുടെ വിചാരം എല്ലാവരും താന്‍ എന്ത് ചെയ്യുകയാണെന്ന് നോക്കിക്കൊണ്ട് ഇരിക്കുകയാണെന്നാണ്‍.

അത്തരക്കാരുടെ ചില ഫേസ് ബുക്ക് ചിത്രങ്ങളോടൊപ്പമുള്ള സന്ദേശങ്ങളുടെ ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ഞാനിപ്പോ എയര്‍പോര്‍ട്ടില്‍’, ഫ്ലൈറ്റ് എത്തി’, ഞാനിപ്പോ ടോയ് ലറ്റില്‍ കയറി (ബാക്കി പറയുന്നില്ല)

‘I am feeling sad’, ‘I am feeling lonely’ etc (ഇതറിഞ്ഞ് സഹായം ഉടനെ എത്തും എന്നാണ്‍ പ്രതീക്ഷ)

ഞാനിപ്പോ കള്ള് ഷാപ്പില്‍ കപ്പയും കഞ്ഞിയും കഴിക്കുന്നു.. നിങ്ങള്‍ക്ക് വേണോ?’  (ദിവസവും ബര്‍ഗ്ഗറും പിസ്സയും കഴിക്കുന്നവരായതുകൊണ്ട് ഒരു ചേഞ്ചിന്‍ കയറിയതാണേ)

ഇത് കൂടാതെ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ വിവരണങ്ങളും അതിന്‍റെ ഫോട്ടോകളും എല്ലം ക്രിത്യമായി ലഭിക്കും.  (അഡ്വാന്സ്ഡ് കള്ളന്മാര്‍ക്ക് ഇപ്പോ കാര്യങ്ങള്‍ എളുപ്പമാണ്‍. വീട്ടില്‍ ആളില്ലാത്ത കാര്യമെല്ലാം ക്രിത്യമായി ഫേസ് ബുക്ക അപ്ഡേറ്റ് വഴി ലഭിക്കുമല്ലോ)
വേറെ ഒരു കൂട്ടരുണ്ട്.  

തന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍ കമന്‍റ് എഴുതിയ ഓരോരുത്തര്‍ക്കും കമന്‍റിലൂടെ തന്നെ മറുപടി കൊടുത്തുകൊണ്ടിരിക്കും.  അപ്പോള്‍ തന്‍റെ ഈ പോസ്റ്റ് വീണ്ടും വീണ്ടും നാട്ടുകാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുമല്ലോ...   

ഇതൊക്കെ സഹിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്‍.
ഈ അസുഖം വല്ലാതെ കൂടുന്നതിനുമുന്പ് ആളുകള്‍ സ്വയം കരുതലെടുത്ത് മുന്നോട്ട് പോയില്ലെങ്കില്‍  മാനസികാവസ്ഥ വളരെ മോശപ്പെടുമെന്നാണ്‍ വിദഗ്ദരായ ഡോക്ടര്‍മാരുടെ അഭിപ്രായം.  J

ഈ അസുഖം തിരിച്ചറിഞ്ഞതിനാലും ലഭിച്ച പല ദുരനുഭവങ്ങളുടേയും വെളിച്ചത്തില്‍  ഫേസ് ബുക്ക് അക്കൌണ്ട്  തന്നെ നശിപ്പിച്ച് രക്ഷപ്പെടുന്നവരും ധാരാളം.  പക്ഷേ, അതൊക്കെ അത്ര സ്ഥായിയായതാണെന്ന് ഉറപ്പില്ലെന്ന് മാത്രം.

ഈ അസുഖം നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യം തോന്നുന്നുവെങ്കില്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കാവുന്നതാണ്‍.

    നാം വിളംബരം ചെയ്യുന്ന കാര്യങ്ങളെല്ലാം എല്ലാ നാട്ടുകാരും അറിയേണ്ടത് തന്നെയാണോ? 
     
            പലരുടെയും വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത് എല്ലാം നമ്മെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നതോ, നാം അറിഞ്ഞിരിക്കേണ്ടതോ ആണോ?
3  
        നമ്മെ നേരിട്ടോ അല്ലാതെയോ അറിയാത്ത നിരവധി പേര്‍ക്ക് വിവരങ്ങള്‍ ഷെയറ് ചെയ്യുക വഴി ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് നാം ആലോചിക്കാറുണ്ടോ?
4   
            ഈ മുഖപുസ്തകത്തില്‍ കയറി സമയം ചെലവിടുന്നതിനാല്‍ നമ്മുടെ ശരിയായ വ്യക്തിത്വം തന്നെ  മാറിപ്പോകുന്നുണ്ടോ? 
5
        നേരിട്ടുള്ള ഇടപെടലുകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും കുറവ് സംഭവിക്കുന്നതിനാല്‍ വ്യക്തിബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും പണ്ടത്തേതില്‍ നിന്ന് ജീര്‍ണ്ണിച്ച് അതിന്‍റെ ആത്മാവ് നഷ്ടപ്പെട്ട് വെറും ആലങ്കാരികവും നൈമിഷികവുമായി മാറുന്നുണ്ടോ?

ഇനിയും ആവശ്യാനുസരണം ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നത് നല്ലതാണ്‍.



1 Comments:

At 12:25 PM, Blogger മുക്കുവന്‍ said...

oh. man.. i just uploaded my photo in yahoo groups..

chalakudi kara.. chalakudiyil evidey aayi varum?

 

Post a Comment

<< Home