സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, June 23, 2014

ഐ.ടി. കിഡ്സ്‌ (IT Kids)



കഴിഞ്ഞ പതിനഞ്ച്‌ കൊല്ലത്തിലധികമായി ഐ.ടി. ജോലിക്കുണ്ടായിട്ടുള്ള വര്‍ദ്ധനവും ആകര്‍ഷണവും ഒരു തലമുറയെ തന്നെ അതിനോട്‌ വിധേയപ്പെടുത്തുവാന്‍ വഴി വെച്ചിട്ടുണ്ട്‌. ഇതിനെത്തുടര്‍ന്ന് കുറച്ച്‌ കാലമായി, പെട്ടെന്ന് സാമ്പത്തിക കേമത്തവും അതിന്റെ വെട്ടിത്തിളക്കവും നല്ലൊരു ശതമാനം ചെറുപ്പക്കാരെയും ആവേശിച്ചിട്ടുമുണ്ട്‌.

സമൂഹത്തില്‍ പെട്ടെന്ന് ഒരു വലിയ സാമ്പത്തിക വിവേചനം ഇതുമൂലം സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്‌ നേരിട്ടല്ലാത്ത ഗുണഭോക്താക്കളെയും സൃഷ്ടിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ഈ ഐ.ടി. പ്രമാണികള്‍ മേഞ്ഞ്‌ നടന്ന് ഷോപ്പിങ്ങും മറ്റും നടത്തുന്നതിനാല്‍ മറ്റ്‌ ബിസിനസ്‌ സംരംഭകര്‍ക്കും ഗുണം ലഭിച്ചിട്ടുണ്ടെന്നര്‍ത്ഥം.
സാധങ്ങളുടെ വിലയെക്കുറിച്ച്‌ ഒരിക്കലും ഇത്തരക്കാര്‍ വ്യാകുലരല്ലാതിരിക്കുന്നു എന്ന് മാത്രമല്ല, വില കുറഞ്ഞാല്‍ മാത്രം അതില്‍ ഉല്‍ക്കണ്ഠയും തിരസ്കരണവും നടത്തുന്ന തരത്തില്‍ വരെ എത്തപ്പെട്ടിരിക്കുന്നു. വളരെ സാധാരണ കുടുംബങ്ങളില്‍ നിന്ന് വന്നവര്‍ പോലും ഈ മേഖലയില്‍ എത്തപ്പെട്ടതിനെത്തുടര്‍ന്ന് വന്നവഴി മറക്കുകയും ആര്‍ഭാടത്തില്‍ ആകൃഷ്ടരാകുകയും ചെയ്യുന്നു എന്നതാണ്‌ സത്യം.

ഐ.ടി. പാര്‍ക്കുകളില്‍ ലഭിക്കുന്ന വെള്ളിവെളിച്ചത്തിന്റെ ഉഗ്രപ്രഭയില്‍ ഇവര്‍ സ്വയം മറക്കുകയും അതിന്റെ ചാപല്യങ്ങള്‍ക്ക്‌ അടിമപ്പെടുകയും ചെയ്യുന്നത്‌ സ്വാഭാവികം. പക്ഷേ, ആ ചാപല്യങ്ങള്‍ നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും അവഗണിക്കുന്നതരത്തിലും ബഹുമാന്യരെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലും രൂപപ്പെടുന്നത്‌ അനഭിലഷണീയമാണ്‌.

ചെറുപ്രായത്തില്‍ കൈവന്ന സാമ്പത്തിക ആധിപത്യം മൂലം, സ്വന്തം വീടുകളില്‍ തന്നെ ഒരു സ്വാധീനശകതിയാവാന്‍ ഇവര്‍ക്ക്‌ സാധിക്കുന്നുണ്ടാവാം. അതുകൊണ്ട്‌ തന്നെ, അവരവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ബന്ധങ്ങള്‍ക്കും വിവാഹജീവിതത്തിനും കാര്യമായ എതിര്‍പ്പുകളില്ലാതെ എത്തിപ്പെടുന്നതിനും കഴിയുന്നുണ്ട്‌.

ഈ ഐ.ടി. മേഖലയിലെ തിളക്കത്തില്‍ കണ്ണ്‍ മഞ്ഞളിച്ച്‌ ജീവിക്കുമ്പോഴും അതിന്റെ സമ്പന്നതയില്‍ പല നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും വിലമതിക്കാന്‍ കഴിയാത്ത പലതും കൈമോശം വരുന്നത്‌ ഈ തലമുറ അറിയാതെ പോകുന്നുണ്ട്‌ എന്നതാണ്‌ ദുഖകരമായ സത്യം.

ജോലിയിലെ ഉന്നമനത്തിനും മറ്റ്‌ നേട്ടങ്ങള്‍ക്കുമായി വിദേശരാജ്യങ്ങളില്‍ പോയി തിരക്കുകളില്‍ നിന്ന് തിരക്കുകളിലേയ്ക്ക്‌ കൂപ്പ്‌ കുത്തുമ്പോഴും മക്കളെ ഉന്നതിയില്‍ എത്തിക്കാണാന്‍ അശ്രാന്തം പരിശ്രമിച്ച മാതാപിതാക്കള്‍ അവരുടെ വാര്‍ദ്ധക്യകാലത്തിലും അത്യാവശ്യകതകളിലും ഇവരുടെ സാമീപ്യമോ സാന്ത്വനമോ ലഭിക്കാതെ നിരാശപ്രകടിപ്പിക്കാതെ ജീവിതം തള്ളിനീക്കുന്നുണ്ട്‌. പക്ഷേ, ഈ മക്കളുടെ നേട്ടം കൊണ്ട്‌ തന്നെ ജീവിതനിലവാരവും സാഹചര്യങ്ങളും വന്‍ തോതില്‍ മെച്ചപ്പെട്ട മാതാപിതാക്കളും കുടുംബങ്ങളുമുണ്ട്‌ എന്ന സത്യവും വിസ്മരിക്കുന്നില്ല.

ഈ ഐ.ടി. തലമുറ ആഘോഷത്തിന്റെയും തിരക്കുകളുടേയും ഒരു കാലം അതിജീവിച്ച്‌ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തിലേക്ക്‌ കടക്കുമ്പോഴാണ്‌ പ്രധാനമായ ഒരു പ്രശ്നം ഉടലെടുക്കുന്നത്‌. ജോലിയിലെ കടുത്ത വെല്ലുവിളികള്‍ക്കിടയില്‍ അതിജീവനത്തിനായി ദിവസത്തിലെ ഭൂരിഭാഗം സമയവും നീക്കിവെച്ച്‌ മിച്ചം കിട്ടുന്ന വിരളമായ സമയത്തെ ദാമ്പത്യത്തിന്റെ മനോഹാരിതയില്‍ വിരിയുന്ന അടുത്ത തലമുറയാണ്‌ ശരിയ്ക്കുമുള്ള വെല്ലുവിളി നേരിടാന്‍ പോകുന്നത്‌.

ഒരു കുഞ്ഞ്‌ ജനിക്കുന്നതോടെ അതുവരെ ഉണ്ടായിട്ടുള്ള ജീവിത ശൈലിയും പരിസ്ഥിതികളും നിയന്ത്രിക്കാനാകാത്ത മാറ്റത്തിലേയ്ക്ക്‌ കടക്കുന്നു. ഭൂരിഭാഗം ദമ്പതികളും സ്വന്തം മാതാപിതാക്കളില്‍ നിന്നും തറവാട്ടില്‍ നിന്നും അകന്ന് പട്ടണങ്ങളുടെ ആര്‍ഭാടങ്ങളിലും സൗകര്യങ്ങളിലും ചേക്കേറിക്കഴിഞ്ഞതിനാല്‍ കുഞ്ഞ്‌ ജനിച്ചതിനോടനുബന്ധിച്ച്‌ സ്വന്തം കുടുംബങ്ങളില്‍ നിന്നുള്ള സഹായങ്ങളും വാല്‍സല്യവും ദീര്‍ഘകാലം ലഭിക്കുന്നതില്‍ പ്രയാസം നേരിടുന്നു. തങ്ങളുടെ മാതാപിതാക്കളുടെ നിരന്തരമായ നിര്‍ദ്ദേശങ്ങളും മേല്‍നോട്ടവും പുതുതായി ജനിച്ച കുഞ്ഞിന്റെ വളര്‍ച്ചയില്‍ സ്ഥിരമായി കിട്ടുന്നതില്‍ പലപ്പോഴും വെല്ലുവിളി നേരിടുന്നു. സ്വന്തം നാട്ടില്‍ നിന്ന് മാറി പട്ടണത്തില്‍ വന്ന് പേരക്കുട്ടികള്‍ക്ക്‌ വേണ്ടി ജീവിക്കുവാന്‍ പലപ്പോഴും പ്രായോഗിക തടസ്സങ്ങള്‍ കാരണമാകുന്നു.

ഇതിനെത്തുടര്‍ന്ന്, വിലപിടിപ്പുള്ള സൗകര്യങ്ങളുടെ സാന്നിദ്ധ്യത്തിലും ഈ കുഞ്ഞ്‌ പരിമിതമായി ലഭ്യമായ പരിചരണത്തില്‍ വളരാന്‍ നിര്‍ബന്ധിതമാകുന്നു. ചെറുപ്രായത്തിലേ തന്നെ വീട്ടില്‍ ഒരു ജോലിക്കാരിയുടേയൊ ആയയുടേയോ സംരക്ഷണത്തിലും പുറമേ ഒരു ഡേ കെ യര്‍ / പ്ലേ സ്കൂള്‍ സംവിധാനത്തിലും പകല്‍ സമയത്തിന്റെ ഭൂരിഭാഗവും ചിലവിടുവാന്‍ ഈ കുഞ്ഞ്‌ വിധിക്കപ്പെടുന്നു.

ജോലിഭാരത്തിന്റെ മാനസികവും ശാരീരികവുമായ അസ്വസ്ഥതയില്‍ രാത്രി വൈകി കുടുംബത്തെത്തുന്ന ഈ കുഞ്ഞിന്റെ മാതാപിതാക്കള്‍ കുഞ്ഞിനെ താലോലിക്കാനും അതിനെ പരിലാളിക്കാനും കഴിയാതെ ദിവസങ്ങള്‍ തള്ളി നീക്കുന്നു. പലപ്പോഴും ഈ ഒരു ന്യൂനതയെ ഓര്‍ത്ത്‌ മനസ്സ്‌ ചഞ്ചലപ്പെടുമ്പോള്‍ അതിനൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കുമെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം തന്നെ വിജയിക്കുകയും കുഞ്ഞ്‌ തുടര്‍ച്ചയായ തിരസ്കരണം നേരിടുകയും ചെയ്യുന്നു.

ജോലിയിലെ പരിചയസമ്പന്നതയും പ്രാഗത്ഭ്യവും കൂടുന്നതനുസരിച്ച്‌ വരുമാനത്തിനൊപ്പം ജോലിഭാരത്തിലും ഉത്തരവാദിത്വത്തിലും വലിയതോതില്‍ വര്‍ദ്ധനവുണ്ടാകുന്നതിനാല്‍ കുടുംബത്തോടൊപ്പം ചെലവിടുന്ന സമയത്തില്‍ സ്വാഭാവികമായ കുറവും സംഭവിക്കുന്നു.

അമ്മയും അച്ഛനും എത്തുന്നതിന്റെ ചലനങ്ങളും ശബ്ദങ്ങളും പ്രതീക്ഷയോടെ നോക്കി ഇരിക്കുന്ന കുഞ്ഞ്‌, അവരെത്തുമ്പോള്‍ ആര്‍ത്തിയോടെ ഓടിയടുക്കുമെങ്കിലും , അതിന്‌ വേണ്ടത്ര ലാളന കൊടുക്കാന്‍ കഴിയാതെ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഒരു മാതാപിതാക്കളുടെ തലമുറ രൂപപ്പെട്ട്‌ വരുന്നുണ്ട്‌.

എത്ര വിലകൊടുത്തും കുഞ്ഞിന്‌ വേണ്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റ്‌ സൗകര്യങ്ങളും നേടിക്കൊടുക്കുമ്പോഴും അതിനേക്കാല്‍ വലുതും പണം കൊണ്ട്‌ നേടാന്‍ കഴിയാത്തതുമായ പല നിര്‍ണ്ണായക അനുഭവസന്ദര്‍ഭങ്ങള്‍ ഈ കുഞ്ഞിന്‌ നഷ്ടപ്പെടുന്നത്‌ ഇവര്‍ അറിയാതിരിക്കുകയോ അറിഞ്ഞിട്ട്‌ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്നു.

തുടര്‍ന്ന് ഈ കുഞ്ഞ്‌ സ്കൂള്‍ വിദ്യാഭ്യാസത്തിലേയ്ക്ക്‌ പ്രവേശിക്കുമ്പോഴാണ്‌ അടുത്ത ഘട്ടം തുടങ്ങുന്നത്‌. സമൂഹത്തിലെ ഉന്നതിയുടെ വലുപ്പം നിശ്ചയിക്കുന്നത്‌ കുട്ടി പഠിക്കുന്ന സ്കൂളാണെന്ന നാട്ട്‌ നടപ്പ്‌ നിലവിലുള്ളതിനാല്‍ അതിനൊത്ത സ്കൂളില്‍ തന്നെ അഡ്മിഷന്‍ കിട്ടാന്‍ നെട്ടോട്ടമാണ്‌. അത്തരം സ്കൂളുകളിലെ പഠനരീതികളുടെ ഗുണദോഷങ്ങളൊന്നും ചിന്തിക്കലല്ല, മറിച്ച്‌ മറ്റുള്ളവര്‍ക്ക്‌ മുന്നില്‍ മേനി നടിക്കാവുന്ന സ്കൂള്‍ ലേബല്‍ മാത്രം ചിന്തിച്ചിട്ടാവും ഭൂരിഭാഗം പേരും ഈ പണിക്കിറങ്ങുന്നത്‌. പണവും മറ്റ്‌ സ്വാധീനവും കൊണ്ട്‌ ഇത്തരം ഒരു സ്കൂളില്‍ കുട്ടിക്ക്‌ സീറ്റ്‌ കണ്ടെത്തുന്നതോടെ പ്രധാന കടമ്പ കഴിഞ്ഞു.

നഴ്‌സറി ജീവിതം കഴിഞ്ഞ്‌ കുഞ്ഞ്‌ അടുത്ത ക്ലാസ്സുകളില്‍ പ്രവേശിച്ച്‌ ഒന്ന് രണ്ട്‌ വര്‍ഷം കഴിയുന്നതോടെ പഠനകാര്യങ്ങളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുന്നു. മാതാപിതാക്കളുടെ നിരന്തരമായ ശ്രദ്ധയോ സഹായമോ ഇല്ലാതെ ഒരു കുഞ്ഞും അതിജീവിക്കാന്‍ പറ്റാത്ത തരത്തില്‍ ഇത്തരം സ്കൂളുകളിലെ വിദ്യഭ്യാസരീതികള്‍ മാറിക്കഴിഞ്ഞു എന്ന സത്യം പലരും ഓര്‍ക്കുന്നില്ല. നിരന്തരം പ്രൊജക്റ്റുകളും ആക്റ്റിവിറ്റികളും പരീക്ഷകളുമായി കുട്ടിയുടെ സ്കൂള്‍ ജീവിതം മുന്നോട്ട്‌ പോകുമ്പോള്‍ അതില്‍ ഇടപെടാന്‍ കഴിയാതെ സ്വന്തം ജോലിയില്‍ ഉന്നതി കൈവരിക്കാന്‍ നെട്ടോട്ടമോടുന്ന ഈ രക്ഷിതാക്കള്‍ കുഞ്ഞിനെ വൈകാരികമായ നിരാശയിലേയ്ക്കും വിദ്യാഭ്യാസപരമായ പരാജയത്തിലേയ്ക്കും തള്ളിവിടുന്നു.

പലപ്പോഴും കുഞ്ഞിന്റെ നൈസര്‍ഗ്ഗികവാസനകളെ തിരിച്ചറിയാനും പ്രോല്‍സാഹിപ്പിക്കാനും കഴിയാതെ വരുന്നതിനാല്‍ ഒരു കുഞ്ഞിന്റെ പല കഴിവുകളും മുരടിച്ച്‌ ഒടുങ്ങുന്നു.

സ്വന്തം കുട്ടികള്‍ തങ്ങളുടെ അശ്രദ്ധയും പിന്തുണക്കുറവും മൂലം ക്ലാസ്സില്‍ വളരെ മോശപ്പെട്ട പ്രകടനം തുടരുന്നു എന്ന് തിരിച്ചറിയുമ്പോഴേയ്ക്കും വളരെ വൈകിയിരിക്കും. അത്‌ നേരത്തേ തിരിച്ചറിഞ്ഞാല്‍ പോലും തങ്ങള്‍ പെട്ടുപോയിരിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയാതെ പലരും തങ്ങളുടെ നിസ്സഹായാവസ്ഥയില്‍ തുടരുന്നു.

പക്ഷേ, ഒരു ഘട്ടതില്‍ ആ അനിവാര്യതയെ അവഗണിക്കാനാവാതെ ജോലി പോലും ഉപേക്ഷിച്ച്‌ കുഞ്ഞിനെ രക്ഷിച്ചെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുപാട്‌ പേരെ കാണാനാകും. പല സ്കൂളുകളിലും, മോശപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഇത്തരം സമയപരിമിതിയുള്ള ഉന്നതരായ ജോലിക്കാരുടെ കുട്ടികളാണെന്നുള്ളതാണ്‌ വസ്തുത.

അവരവരുടെ ഉന്നതിക്ക്‌ വേണ്ടി നിരന്തരം പരിശ്രമിച്ച്‌, എന്നും തിരക്ക്‌ പിടിച്ച്‌ ഓടിക്കൊണ്ടിരിക്കുന്ന ഈ മാതാപിതാക്കള്‍ അവരുടെ അടുത്ത തലമുറയ്ക്ക്‌ ലഭിക്കേണ്ട ഒരുപാട്‌ മൂല്ല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ പുതിയ തലമുറയ്ക്ക്‌ നവലോകത്തിന്റെ പല നേട്ടങ്ങളും കൈവരിക്കാന്‍ സാധിക്കുമെങ്കിലും, ഒരു പരിശീലനം കൊണ്ടും പണം കൊണ്ടും നേടാന്‍ സാധിക്കാത്ത ഒരുപാട്‌ അനുഭവങ്ങളും മാനസിക അടിത്തറയും സാംസ്കാരിക വിദ്യാഭ്യാസവും തുടര്‍ന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 'ഐ.ടി. കിഡ്സ്‌' എന്ന വരും തലമുറ ഈ നാടിനെ എങ്ങനെ സ്വാധീനിക്കുമെന്നത്‌ വരും കാലം തെളിയിക്കും.


0 Comments:

Post a Comment

<< Home