സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Friday, November 11, 2011

മലയാളിയുടെ ആത്മനിര്‍വ്വൃതി

ചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങളിലേയ്ക്ക്‌ കണ്ണോടിച്ചപ്പോള്‍ തോന്നിയ ഒരു അഭിപ്രായമാണ്‌ 'മലയാളിയുടെ ആത്മനിര്‍വ്വൃതി' എന്ന ഈ ഒരു ലേഖനം എഴുതാന്‍ പ്രേരണയായത്‌. പലതരം കാര്യങ്ങളിലൂടെ ജീവിതത്തില്‍ മനുഷ്യര്‍ ആത്മനിര്‍വ്വൃതി കൊള്ളുന്നുണ്ട്‌. പക്ഷേ, ഒട്ടും പോസിറ്റീവ്‌ അല്ലാത്ത ചില മാനസികവികാരങ്ങളിലൂടെയും പ്രവര്‍ത്തികളിലൂടെയും നല്ലൊരു വിഭാഗം ആളുകള്‍ മാനസികോല്ലാസം കണ്ടെത്തുന്നുണ്ട്‌ എന്നതാണ്‌ മനസ്സിലാക്കാന്‍ സാധിച്ചത്‌. ഇതിന്റെ പ്രവര്‍ത്തികളില്‍ പങ്കെടുക്കുന്നില്ലെങ്കിലും അത്‌ കണ്ട്‌ രസിച്ചും നല്ലൊരു വിഭാഗം ആളുകള്‍ സായൂജ്യമടയുന്നുണ്ട്‌. 'മലയാളി'യുടെ ആത്മനിര്‍വ്വൃതി എന്ന് പറയാന്‍ കാരണം, എന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും നല്ലൊരുശതമാനവും മലയാളിലേ അര്‍പ്പിക്കാന്‍ സാധിച്ചുള്ളൂ എന്നൊരു ന്യൂനതകൊണ്ട്‌ കൂടിയാണ്‌. അതിനുള്ള അനുഭവജ്ഞാനവും അവസരവുമേ ലഭിച്ചിട്ടുള്ളൂ എന്നും കരുതാവുന്നതാണ്‌.

ഒരു സഹജീവിയെ പരിഹസിക്കുന്നതിനോ ആ പരിഹാസത്തെ കണ്ട്‌ ആനന്ദിക്കുന്നതിനോ വളരെയധികം ഉത്സാഹം നല്ലൊരുശതമാനം മലയാളികള്‍ക്കുണ്ട്‌ എന്നതാണ്‌ പ്രധാനനിരീക്ഷണം. ഈ സഹജീവി എന്നത്‌ ഏതെങ്കിലും തരത്തില്‍ നമ്മെക്കാള്‍ ഒരല്‍പ്പം കഴിവ്‌ കൂടുതലോ, കഴിവ്‌ കുറവോ, കൂടുതല്‍ ജനശ്രദ്ധയോ ഉള്ളതാണെങ്കില്‍ കാര്യങ്ങള്‍ ഗംഭീരമായി, ആഘോഷമായി.

ഒരാള്‍ക്ക്‌ ഒരു അബദ്ധം സംഭവിക്കുമ്പോള്‍ പെട്ടെന്ന് ചിരിവരുക എന്നത്‌ ഒരു പാപമായി കരുതാനാവില്ല. അത്‌ ആ അപ്രതീക്ഷിതസംഭവത്തിന്റെ ഒരു സ്വാഭാവിക പ്രതികരണം മാത്രമാണ്‌. ഇത്തരം സന്ദര്‍ഭങ്ങള്‍ മലയാള സിനിമയിലും മറ്റ്‌ കലാരൂപങ്ങളിലും ധാരാളം ഉണ്ടാകുകയും പ്രേക്ഷകരെ ഒരുപാട്‌ ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്‌. പക്ഷേ, അതില്‍ നിന്ന് വിഭിന്നമായി, ആളുകളെ തിരഞ്ഞ്‌ പിടിച്ച്‌ പൊതുമധ്യത്തില്‍ പരിഹാസ്യനാക്കി ആനന്ദസായൂജ്യം അടയാനും അത്‌ കണ്ട്‌ നിര്‍വൃതി നേടാനുമുള്ള ഒരുപാട്‌ ശ്രമങ്ങളും സംഭവങ്ങളും കുറച്ചുകാലമായി വളരെയധികം അരങ്ങേറുന്നുണ്ടെന്ന് തോന്നുന്നു.

ആദ്യമായി, ടി.വി. പരിപാടികളിലെ റിയാലിറ്റി ഷോ തന്നെ എടുക്കാം.

മല്‍സരാര്‍ത്ഥിക്ക്‌ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച്‌ കൊടുക്കാനും നേര്‍വഴി പറഞ്ഞുകൊടുക്കാനും പല വിധികര്‍ത്താക്കളും പല വഴികളും അവലംബിക്കുന്നുണ്ട്‌. അതില്‍ ചിലതെല്ലാം നര്‍മ്മവും പരിഹാസവും കലര്‍ന്നിട്ടുണ്ടെന്‍ങ്കിലും ഒരു പരിധിവരെ സഹനീയമാണ്‌. പക്ഷേ, 'അപകടമേഖല' (Danger Zone) അല്ലെങ്കില്‍ എലിമിനേഷന്‍ എന്ന ഒരു ഘട്ടം സൃഷ്ടിച്ച്‌ മല്‍സരാര്‍ത്ഥികളെയും പ്രേക്ഷകരേയും ഒരേപോലെ പിരിമുറുക്കത്തില്‍ നിര്‍ത്തി, ഭാവാഭിനയത്തിലൂടെ വിഡ്ഢികളാക്കുന്ന ഒരു പ്രക്രിയ മിക്കവാറും എല്ലാ റിയാലിറ്റി ഷോ കളുടേയും പ്രത്യേകതയാണ്‌.

ഏതൊരു മല്‍സരത്തിന്റേയും പരീക്ഷയുടേയും ഫലം ഒരു വിധിപ്രഖ്യാപനത്തിലൂടെ പുറത്തുവരേണ്ടതാണ്‌. അതിനുമുന്‍പുള്ള നാടകവും മാനസികപീഠനവും മനുഷ്യത്വത്തോടുള്ള അവഹേളനമാണെന്നതാണ്‌ എന്റെ അഭിപ്രായം. പ്രത്യേകിച്ചും കുട്ടികളോട്‌ ഇത്‌ ചെയ്യുന്നത്‌ ക്രൂരതയാണ്‌. കുറച്ച്‌ കുട്ടികളെ സ്റ്റേജില്‍ വിളിച്ച്‌ നിര്‍ത്തിയിട്ട്‌ അവതാരകയും കൂടെ ഒരു സ്പെഷല്‍ അവതാരവും വന്നു നിന്നിട്ട്‌ കുട്ടികളോട്‌ ചോദിക്കും 'എന്ത്‌ തോന്നുന്നു? ഔട്ട്‌ ആയാല്‍ എന്ത്‌ ചെയ്യും?'. പാവങ്ങള്‍, എന്ത്‌ ചെയ്യാന്‍? ഔട്ട്‌ ആയാല്‍ ഇറങ്ങിപ്പോകാതെ പറ്റുമോ?

ഇനി, ഇതൊന്നും കേട്ട്‌ കാര്യമായി തളരാതെ നില്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ കുത്തി കുത്തി ചോദിച്ചും ഭാവാഭിനയവും കോപ്രായങ്ങളും കാണിച്ച്‌ കരയിപ്പിക്കാന്‍ പരമാവധി ശ്രമിക്കും. എന്നിട്ടും കരയാത്ത കുട്ടികളെ അറിയാതെ ഹീല്‍ ഉള്ള ചെരിപ്പ്‌ കൊണ്ട്‌ കാല്‍ വിരലില്‍ അമര്‍ത്തി ഞെരിച്ച്‌ കരയിപ്പിക്കും... ആ കരച്ചില്‍ കണ്ട്‌ അവതാരകരും അവതാരങ്ങളും പ്രേക്ഷകലക്ഷങ്ങളും ആനന്ദലബ്ധിയില്‍ ആറാടും.

മലയാള സിനിമാരംഗം തന്നെ മറ്റൊരു ഉദാഹരണമായി എടുക്കാം. പുതുമുഖങ്ങള്‍ (പ്രത്യേകിച്ചും ചെറുപ്പക്കാര്‍) സിനിമാരംഗത്തേയ്ക്ക്‌ വരുന്നത്‌ ഒരല്‍പ്പം അസഹിഷ്ണുതയോടെയാണോ മലയാളികള്‍ നോക്കിക്കാണുന്നതെന്ന് പരിശോധിക്കേണ്ടതാണ്‌. മറ്റ്‌ ഭാഷകളില്‍ (പ്രത്യേകിച്ചും തമിഴ്‌ സിനിമകളില്‍) പുതുമുഖങ്ങളുടെ സിനിമകളെ നല്ല പ്രോല്‍സാഹനത്തോടെയാണ്‌ പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്‌. മലയാളി പ്രേക്ഷകരാകട്ടെ, 'ഒരുത്തന്‍ അങ്ങനെ വന്ന് ഒറ്റയടിക്ക്‌ കേമനാവണ്ട' എന്നൊരു മനോവിചാരത്തോടെയാണോ ഇതിനെ നോക്കിക്കാണുന്നതെന്ന് തോന്നും. 'ഒരുത്തന്‍ അങ്ങനെ ചുമ്മാ വന്ന് ഷൈന്‍ ചെയ്ത്‌ ഹീറോ ആകണ്ടാ...' പകരം , അല്‍പസ്വല്‍പം കോമാളിത്തവും പരാധീനതകളുമൊക്കെയായി വന്ന് പയ്യെ പയ്യെ വേീണമെങ്കില്‍ ഹീറോ ലെവലിലൊക്കെ ആയാല്‍ മതി എന്നൊരു രഹസ്യ അജന്‍ഡ മനസ്സിലുള്ളപോലെയാണ്‌ സ്ഥിതിഗതികള്‍.

ഇനി ആ മനോഭാവം പോകട്ടെ... ഒരുത്തന്‍ കുറച്ച്‌ കഷ്ടപ്പെട്ട്‌ പ്രതിസന്ധികളെ ഒരുവിധം തരണം ചെയ്ത്‌ നായകപദവിയില്‍ എത്തിപ്പെട്ടാലോ, പിന്നെ അവരെ എങ്ങനെ താറടിക്കാന്‍ അവസരം കിട്ടും എന്ന് പാത്ത്‌ നോക്കി ഇരിപ്പാണ്‌. അതിന്‌ കാരണം ഉണ്ടാക്കിക്കൊടുക്കാന്‍ ഇവരും മിടുക്കരാണ്‌.

ഉദാഹരണത്തിന്‌, പൃഥ്യിരാജിനെ തന്നെ എടുക്കാം. ഈ ഉദാഹരണം വിവരിക്കുന്നതിനുമുന്‍പ്‌ തന്നെ ഞാന്‍ ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. ഞാന്‍ ഒരു നടന്റെയും അന്ധമായ ആരാധകനല്ല. മലയാളസിനിമ ഉള്‍പ്പെടെ എല്ലാ ഭാഷകളിലേയും ഒരുവിധം നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്ത്‌ പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന എല്ലാ നടന്മാരെയും എനിക്ക്‌ ഇഷ്ടമാണ്‌. അതുപോലെ തന്നെ ഇവര്‍ പലപ്പോഴും തെരെഞ്ഞെടുക്കുകയോ കൈകാര്യം ചെയ്യുകയോ ആകുന്ന പല സിനിമകളുടെയും ഗുണനിലവാരക്കുറവുകൊണ്ട്‌ അതേ അളവില്‍ തന്നെ നീരസവും തോന്നാറുണ്ട്‌. ഇനി പൃഥ്യിരാജിലേയ്ക്ക്‌ വരാം...
ഇദ്ദേഹത്തിന്റെ അഭിനയനിലവാരമോ കഴിവുകളോ വിശകലനം ചെയ്യുന്നില്ല. ഇദ്ദേഹം ചില ഇന്റര്‍വ്യൂകളിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങളും അതിലെ ധ്വനിയും ചില പ്രവര്‍ത്തികളും എടുത്ത്‌ കാട്ടി ഇദ്ദേഹത്തെ താറടിച്ച്‌ ക്രൂശിക്കാന്‍ ഒരു കൂട്ടം ആളുകള്‍ കാണിച്ച വ്യഗ്രത കണ്ട ആര്‍ക്കും തോന്നാവുന്ന ഒരു അല്‍ഭുതമുണ്ട്‌. എത്രയോ സമയവും അധ്വാനവും പൈസയും ബുദ്ധിയും ഒരാളെ അവഹേളിക്കാനായി ആളുകള്‍ ചിലവാക്കുന്നു എന്നത്‌ തന്നെയാണ്‌ ആ അത്ഭുതം. ഇന്റര്‍വ്യൂകളില്‍ നിന്ന് അടര്‍ത്തിയെടുത്ത്‌ സാഹചര്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തി വാക്കുകളെയും സംഭാഷണങ്ങളെയും തെറ്റായും ശരിയായും വ്യാഖ്യാനിച്ച്‌ നിരന്തരമായി പ്രചരിപ്പിച്ച്‌ ആനന്ദക്കടലില്‍ ആറാടുന്ന ആ വികാരത്തെ എന്ത്‌ വിളിക്കും നമ്മള്‍? ഈ പ്രക്രിയയ്ക്ക്‌ നല്ലൊരു ശതമാനം ആളുകളുടെ പിന്തുണയും ആസ്വാദനവും ലഭിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ കാര്യങ്ങള്‍ വിവിധ തലങ്ങളിലേയ്ക്ക്‌ വ്യാപിച്ചു. ഈമെയിലുകള്‍, വീഡിയോകള്‍, മൊബെയില്‍ സന്ദേശങ്ങള്‍ തുടങ്ങിയ പലവിധതലങ്ങളിലൂടെ വ്യാപരിച്ച്‌ ജനങ്ങള്‍ക്ക്‌ മാനസികതൃപ്തി സമ്മാനിച്ചു എന്ന് വേണമെങ്കില്‍ പറയാം. എന്ത്‌ നേടി? ആനന്ദനിര്‍വ്വൃതി...

ഇതേപോലെ മറ്റൊരു ചങ്ങാതിയുണ്ട്‌... ഇന്ത്യന്‍ ക്രിക്കറ്റില്‍ മലയാളിയുടെ സാന്നിധ്യം ഉച്ഛത്തില്‍ ഉദ്‌ ഘോഷിച്ച ഈ മലയാളിയാണ്‌ ശ്രീശാന്ത്‌. ഇദ്ദേഹത്തിനും അല്ലറ ചില്ലറ വൈകല്ല്യങ്ങളില്ലാതില്ല. പൊതുജനമദ്ധ്യത്തിലും കളിക്കളത്തിലും ഒരല്‍പ്പം സഭ്യതയ്ക്ക്‌ പുറത്തേയ്ക്ക്‌ ഇദ്ദേഹത്തിന്റെ തീവ്രത വ്യാപിച്ചിട്ടില്ലെന്ന് പറയാനാകില്ല. പക്ഷേ, അതിന്റെ പേരില്‍ ഒരാളെ ഇത്രയും ക്രൂശിക്കാമോ? ഇദ്ദേഹത്തിന്റെ പല നേട്ടങ്ങളിലും മനസുകൊണ്ട്‌ സന്തോഷിച്ചിട്ടുളവര്‍ ഇദ്ദേഹത്തിന്റെ വീഴ്ചകളിലും ഒരേപോലെ ആനന്ദിച്ചിട്ടുണ്ടെന്ന് തോന്നുന്നു. കളിക്കളത്തില്‍ ഒരിക്കല്‍ ഒരു സഹകളിക്കാരനില്‍ നിന്ന് അടി വാങ്ങിയത്‌ കണ്ട്‌ അതില്‍ ഒരുപാട്‌ സന്തോഷിക്കുന്ന മലയാളിയില്‍ നമ്മള്‍ എന്ത്‌ വികാരമാണ്‌ ദര്‍ശിക്കേണ്ടത്‌... അതും ഒരു ആത്മനിര്‍വ്വൃതി....

ഒടുവിലായി ഇതാ ഒരു കേമന്‍.. സന്തോഷ്‌ പണ്ടിറ്റ്‌ എന്ന ഒരു അഭ്യാസി.... ഇദ്ദേഹം ഒരു കടും കൈ ചെയ്തു എന്നത്‌ സത്യമാണ്‌. അതിന്റെ പേരില്‍ ഇദ്ദേഹത്തെ തെറികൊണ്ട്‌ സ്തോത്രം ചൊല്ലി മലയാളി ആസ്വദിക്കുകയാണ്‌. ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചും ഇന്റര്‍നെറ്റിലെ അഭിപ്രായപ്രകടനങ്ങളിലൂടെയും സ്തുതിക്കുന്നവര്‍ തെറിപ്രയോഗങ്ങളുടെ പുതിയ മാനങ്ങള്‍ തേടുകയാണ്‌. എന്തൊരു രസം ഒരുത്തനെ തെറിവിളിക്കാന്‍... ഇതും നിര്‍വ്വൃതി...

ഇദ്ദേഹത്തിന്റെ സിനിമ കാശും സമയവും ചിലവാക്കി തീയ്യറ്ററില്‍ പോയി കണ്ട്‌ തെറിപ്പാട്ടോടെ ആസ്വദിക്കുമ്പോള്‍ അത്‌ കേട്ട്‌ ആസ്വദിക്കുന്ന ഒരു വിഭാഗവും തീയ്യറ്ററില്‍ ഉണ്ട്‌. പണവും സമയവും മുടക്കി ഇദ്ദേഹത്തിന്റെ വലിയ പോസ്റ്ററുകള്‍ പതിച്ചും ഇദ്ദേഹത്തിന്‌ ജയ്‌ വിളിച്ചും ആനന്ദിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ എന്ത്‌ വികാരമാണ്‌ പ്രകടിപ്പിക്കുന്നത്‌? എന്തെങ്കിലും വൈകല്ല്യമുള്ള ഒരാളേ വെറുതേ വിടുന്നതിനുപകരം ആ വൈകല്ല്യത്തെ മുതലെടുത്ത്‌ ആനന്ദിക്കുന്നത്‌ എന്തിന്റെ പേരിലാണാവോ? അതും പോരാഞ്ഞ്‌, ഇദ്ദേഹത്തെ എല്ലാ ചാനലുകളും വിളിച്ച്‌ ഇരുത്തി ഇന്റര്‍വ്യൂ എന്ന വ്യാജേന പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ കോമാളിവേഷം കെട്ടിയാടാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രേക്ഷകരുടെ മേല്‍പ്പറഞ്ഞ ആത്മനിര്‍വ്വൃതി വികാരത്തെ ചൂഷണം ചെയ്ത്‌ കാശുണ്ടാക്കാന്‍ മാധ്യമങ്ങളും പരമാവധി അദ്ധ്വാനിക്കുന്നുണ്ടെന്ന് വ്യക്തം. ഒരു ചാനലാകട്ടെ, പ്രേക്ഷകര്‍ക്ക്‌ നേരിട്ട്‌ തെറി വിളിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുക വഴി മലയാളിയുടെ ആത്മഹര്‍ഷത്തിന്‌ ഉശിര്‌ കൂട്ടി. ഹാവൂ.. എന്തൊരു നിര്‍വ്വൃതി...

ചുരുക്കിപ്പറഞ്ഞാല്‍ ഒരല്‍പ്പം വൈകല്ല്യം നിറഞ്ഞ, നെഗറ്റീവ്‌ സ്വഭാവമുള്ള ഒരു ആസ്വാദനവും അതുകൊണ്ടുണ്ടാകുന്ന നിര്‍വ്വൃതിയും സത്യസന്ധമായി സംഭവിക്കുന്നുണ്ട്‌. അത്‌, മലയാളിയുടെ മനസ്സിണ്റ്റെ നന്‍മയെ വികലപ്പെടുത്തുകയും സഹജീവികളോടുള്ള സഹിഷ്ണുതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.

5 Comments:

At 10:51 AM, Blogger പടിപ്പുര said...

ഒരു ചെറിയ സംസ്ഥാനം എന്ന നിലയിൽ കേരളീയർ വളരെ കംഫർട്ട് സോണിൽ നിൽക്കുന്നവരാണ്. ചരിത്രം നോക്കുമ്പോൾ വിദേശാക്രമണങ്ങളോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുണ്ടാവുന്നത് പോലെയുള്ള വൻ പ്രകൃതി ദുരന്തങ്ങളോ നമ്മുടെ നാടഞ്ഞിട്ടില്ല.കമ്യൂണിസവും ഗൾഫ് പണവും നമ്മളെ ഹുങ്കുള്ളവരാക്കി.തൊഴിലിന് എന്നും മാന്യമായ കൂലി ലഭിച്ചു. മുതലാളിയും തൊഴിലാളിയും (തൊഴിലാളി സ്ഥിരമായിട്ടല്ല എങ്കിൽ പോലും) സ്റ്റാർ ഹോട്ടലിൽ തന്നെ വെള്ളമടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന് മുൻ തൂക്കം നൽകിയതുകൊണ്ട് നമ്മൾ 100% സാക്ഷരരായി. ഇങ്ങനെ അടിസ്ഥാന കാര്യങ്ങളിൽ സ്വയം പര്യാപ്തരായപ്പോൾ നമ്മൾ ഇപ്പറഞ്ഞ ആത്മനിർവൃതിയുടെ ‘പരിവാടികൾ’ തുടങ്ങി...:)

(ഞാൻ കാടുകയറിയോ?)

 
At 12:05 AM, Blogger സൂര്യോദയം said...

പടിപ്പുര... താങ്കളുടെ നിരീക്ഷണങ്ങളോട്‌ യോജിക്കുന്നു... കാട്‌ കയറിയിട്ടില്ല... ഇപ്പോഴും നാട്ടില്‍ തന്നെ :)

നാട്‌ കാടായാല്‍ ഇറങ്ങിപ്പോകാന്‍ പറ്റില്ലല്ലോ അല്ലേ? :)

 
At 12:31 AM, Blogger മുകില്‍വര്‍ണ്ണന്‍ said...

ശ്രീശാന്ത്, പ്രിത്വിരാജ്, സന്തോഷ്‌ പണ്ഡിറ്റ്‌ മൂന്നും മലയാളിയ്ക്ക് അഭിമാനിയ്ക്കാന്‍ തക്ക വ്യക്തിത്വങ്ങള്‍ അല്ലേ അല്ല. ഒരുത്തന്‍ റോഡില്‍ ഇറങ്ങി നിന്ന് പബ്ലിക്‌ ആയി കോമാളിത്തരം കാണിച്ചാല്‍ ആളുകള്‍ പരിഹസിച്ചു എന്ന് വരും. മൂന്നില്‍ ഏറ്റവും വലിയ കോമാളി നമ്മുടെ ഗോപുമോന്‍ എന്നാ ശ്രീശാന്ത് തന്നെ. ശരിയാണ് അവന്‍ കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമിനെ പ്രതിനിധാനം ചെയ്തു നല്ല കാര്യം. അതിനു ശേഷം എന്താണ് ഉണ്ടായത്? മര്യാദയ്ക്‌ കളിയ്ക്കുന്നതിനു പകരം ഗ്രൗണ്ടില്‍ കോപ്രായങ്ങള്‍ കാണിച്ചു കൂട്ടി. കോപ്രായം എന്നൊക്കെ പറഞ്ഞാല്‍ അതൊരു തരാം കൂതറ കോപ്രായം എന്ന് തന്നെ പറയേണ്ടി വരും. മലയാളി എന്നാ ലേബലില്‍ അവന്‍ ഈ കോപ്രായങ്ങള്‍ കാണിച്ചു കൂട്ടുമ്പോള്‍ അപമാനിയ്ക്കപ്പെടുന്നത് മൊത്തം മലയാളികള്‍ തന്നെയാണ്. എന്റെ മലയാളികള്‍ അല്ലാത്ത സഹപ്രവര്‍ത്തകര്‍ പലരും ഇവന്റെ കോപ്രായങ്ങള്‍ കണ്ടു പരിഹസിക്കുകായും അത് ഞങ്ങള്‍ മലയാളികളോട് വിവരിക്കുന്നതും കേട്ടിട്ട് പലപ്പോഴും തൊലിയുരിഞ്ഞു പോയിട്ടുണ്ട് ഇവനെ ഓര്‍ത്തു. ഇവന്റെ അതേ കാലഘട്ടത്തില്‍ അല്ലെങ്കില്‍ അതിനു ശേഷം ടീമിലെത്തിയ ഇഷാന്ത് ശര്‍മ, മുനാഫ് പട്ടേല്‍, ഉമേശ യാദവ്, പ്രവീണ്‍ കുമാര്‍, ഇര്‍ഫാന്‍ പത്താന്‍ എന്തിനു പറയുന്നു ആര്‍ പി സിങ്ങിനു പോലും പിന്നിലാണ് ഇവന്റെ സ്ഥാനം. കോമാളികള്‍ നിര്‍ത്തി കളിയില്‍ ഒരല്പം ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ സഹീര്‍ ഖാനെ പോലും പിന്തള്ളി മുന്‍നിരയില്‍ എത്താന്‍ അവനു കഴിഞ്ഞേനെ മാഷേ. ഇവന്റെ പെര്‍ഫോര്‍മന്‍സ് കണ്ട ഒരു തമിഴ് സുഹൃത്ത്‌ എന്നോടെ പറഞ്ഞത് " ഉങ്ക പയ്യന്‍ ഒരു ശരിയാന പൈതിക്കാരന്‍ താന്‍" ഇത് കേട്ടാല്‍ മലയാളിയ്ക്ക് അഭിമാനം അല്ല തോന്നുക വേറെ വല്ലതും ഒക്കെയാണ്. അത് കൊണ്ട് തന്നെയാണ് ഹര്‍ഭജന്റെ കയ്യില്‍ നിന്നും അടി കിട്ടിയപ്പോള്‍ "അയ്യോ പാവം അന്യായം" എന്ന് പറയാതെ "കിട്ടണ്ടതു കിട്ടി" എന്ന് പറഞ്ഞത്.

 
At 2:24 AM, Blogger shajitha said...

മുകില്‍വര്‍ണ്ണന്‍ ഇപ്പൊ പറഞ്ഞതു തന്നെയാണ്‍ സൂര്യോദയം ഉദ്ദേശിച്ച മലയാളികളുടെ ആത്മനിര്‍വ്ര്രുതി

 
At 4:14 AM, Blogger മുകില്‍വര്‍ണ്ണന്‍ said...

@shajitha
ഇപ്പൊ ലവനെ spot fixing നു കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അതിന്റെ ഉത്തരവാദിത്വം കൂടി മൊത്തം മലയാളികളുടെ തലയിൽ കെട്ടി വെയ്ക്കുന്നോ അതോ അതെങ്കിലും അവന്റെ കൊള്ളരുതായ്മ എന്ന് സംമാതിയ്ക്കുന്നോ?

 

Post a Comment

<< Home