സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Thursday, April 23, 2009

അഭ്യര്‍ത്ഥന

പ്രിയപ്പെട്ടവരെ,

എന്റെ സുഹൃത്തും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി എന്റെ സഹപ്രവര്‍ത്തകനുമായ രഞ്ജിത്ത്‌ ശങ്കര്‍ തന്റെ ആദ്യ മലയാള സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുകയാണ്‌. ഒരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഒരു പക്ഷേ ആദ്യമായായിരിക്കും മലയാളം സിനിമയില്‍ ഇത്രയും പ്രധാനമായ ഒരു ചുമതല വഹിക്കുന്നത്‌.

6 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ (2003) ഏഷ്യാനെറ്റ്‌ ചാനലില്‍ സം പ്രേക്ഷണം ചെയ്ത 'American Dreams' എന്ന സീരിയലിലൂടെ ഏറ്റവും നല്ല തിരക്കഥാകൃത്തിനുള്ള കേരള ഗവര്‍ണ്മെന്റിന്റെ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള ആളാണ്‌ രഞ്ജിത്ത്‌ ശങ്കര്‍.

കുറച്ചുകാലം സീരിയല്‍ രംഗത്ത്‌ സജീവമായിരുന്നെങ്കിലും, മലയാള സിനിമയോടുള്ള തീവ്രമായ അഭിനിവേശം മൂലം സീരിയല്‍ രംഗത്തെ സാമ്പത്തികമായ പല നേട്ടങ്ങളേയും അവഗണിച്ചുകൊണ്ട്‌ സീരിയല്‍ രംഗത്ത്‌ നിന്ന് വിട്ട്‌ നില്‍ക്കാന്‍ രഞ്ജിത്ത്‌ തീരുമാനിച്ചു. അങ്ങനെ, തന്റെ മനസ്സിലുള്ള കഥയെ പരുവപ്പെടുത്തിയെടുത്ത്‌ തിരക്കഥയാക്കുന്ന ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ പ്രാരംഭഘട്ടങ്ങളില്‍ തന്നെ ഞാനടക്കമുള്ള പല സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യുകയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നിരന്തരം ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഒരു ഡ്രാഫ്റ്റ്‌ സ്ക്രിപ്റ്റുമായാണ്‌ രഞ്ജിത്ത്‌ സിനിമാരംഗത്തെ പല പ്രശസ്ത താരങ്ങളേയും സമീപിച്ചത്‌. രഞ്ജിത്തിന്റെ സബ്ജറ്റ്‌ കേട്ട എല്ലാവരും തന്നെ ഇതില്‍ വളരെ തല്‍പരരാകുകയും വളരെയധികം വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

രഞ്ജിത്തിന്റെ സുഹൃത്തായ സംവിധായകന്‍ ലാല്‍ജോസ്‌ ആണ്‌ രഞ്ജിത്തിന്റെ കഴിവില്‍ നല്ല വിശ്വാസം പ്രകടിപ്പിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്ത ആളുകളില്‍ പ്രധാനി. അദ്ദേഹത്തിന്റെ ചില സിനിമാ ചിത്രീകരണസന്ദര്‍ഭങ്ങളില്‍ രഞ്ജിത്തിന്‌ ചെല്ലുവാന്‍ അവസരം നല്‍കുകയും സിനിമാനിര്‍മ്മാണത്തിനെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കുവാന്‍ സാഹചര്യം ഒരുക്കുകയും ചെയ്തിരുന്നു.

ശ്രീ. ലാല്‍ജോസ്‌ നിര്‍ദ്ദേശിച്ച പ്രകാരം ഈ സ്ക്രിപ്റ്റ്‌ ശ്രീ.ശ്രീനിവാസനുമായി സംസാരിച്ചപ്പോഴാണ്‌ ഈ സിനിമയുടെ സാക്ഷാല്‍ക്കാരത്തിനുള്ള പ്രധാന വഴിത്തിരിവായത്‌.

ഐ.ടി. മേഖലയില്‍ പാലിക്കുന്ന അതേ പ്രൊഫഷണലിസത്തോടെതന്നെ രഞ്ജിത്ത്‌ തന്റെ സിനിമാ പ്രവര്‍ത്തനത്തേയും സമീപിച്ചു. കമ്പ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്ത്‌ പ്രിന്റ്‌ എടുത്ത സ്ക്രിപ്റ്റ്‌ ഒരു ഫയലിലാക്കിയാണ്‌ രഞ്ജിത്ത്‌ ശ്രീ. മമ്മൂട്ടിയേയും, ശ്രീനിവാസനേയും സമീപിച്ചിരുന്നത്‌. മുന്‍ വിധികളുന്നുമില്ലാതെ രഞ്ജിത്തിന്റെ സ്ക്രിപ്പ്‌ കേട്ട ശ്രീനിവാസന്‍, വളരെ സന്തോഷത്തോടെ രഞ്ജിത്തിനെ അഭിനന്ദിക്കുകയും ഇത്‌ സിനിമയാക്കുന്നതിന്‌ രഞ്ജിത്തിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ്‌ നല്‍കുകയും ചെയ്തു.

ആരെല്ലാം അഭിനയിക്കുന്നു എന്നതിനേക്കാള്‍ ഈ സബ്ജറ്റ്‌ കൂടുതല്‍ നന്നാവുക എന്ന ഉദ്ദേശത്തോടെയുള്ള കാസ്റ്റിംഗ്‌ ആയിരുന്നു പിന്നീട്‌ നടന്നത്‌. ഈ സബ്ജറ്റ്‌ ശ്രീനിവാസന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീ. ദിലീപ്‌ എത്തുകയും അദ്ദേഹവും ഈ സിനിമ ചെയ്യുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട്‌ കാര്യങ്ങള്‍ വളരെ പെട്ടെന്ന് പുരോഗമിക്കുകയും ഒരു നല്ല സിനിമ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മ്മാതാവടക്കമുള്ള മികച്ച ഒരു ടീം രൂപപ്പെടുകയും ചെയ്തു.

നേരത്തേ സൂചിപ്പിച്ചപോലെ പാസ്സഞ്ചര്‍ എന്ന സിനിമയുടെ കഥയും തിരക്കഥയും രൂപപ്പെടുമ്പോള്‍ പലപ്പോഴും എന്റേതായ അഭിപ്രായങ്ങള്‍ ഞാനും രഞ്ജിത്തുമായി പങ്കുവച്ചിരുന്നു. അഭിപ്രായങ്ങളില്‍ നിന്ന് തന്റേതായ ശൈലിയില്‍ അതിനെ രൂപപ്പെടുത്തി എടുക്കുന്നതില്‍ രഞ്ജിത്ത്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പാസ്സഞ്ചര്‍ എന്ന ഈ സിനിമയുടെ ഷൂട്ടിംഗ്‌ തുടങ്ങുന്നതിനുമുന്‍പുള്ള പ്രിപ്പറേഷനുകളിലും ഷൂട്ടിംഗ്‌ ദിനങ്ങളിലും ശ്രീ. ശ്രീനിവാസനും ക്യാമറാമാന്‍ ശ്രീ. പി. സുകുമാറും രഞ്ജിത്തിനോടൊപ്പം വളരെ ക്രിയേറ്റീവ്‌ ആയും സപ്പോര്‍ട്ടീവ്‌ ആയും നില്‍ക്കുകയും ഒരു മികച്ച ടീം വര്‍ക്കിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആദ്യസിനിമയുടെ പിരിമുറുക്കങ്ങളൊന്നും പ്രകടിപ്പിക്കാതെ രഞ്ജിത്ത്‌ വളരെ ഉത്തരവാദിത്വത്തോടും പരിപൂര്‍ണ്ണ വിശ്വാസത്തോടും തന്നെ പ്രവര്‍ത്തിക്കുന്നത്‌ ഷൂട്ടിംഗ്‌ ലോക്കേഷനില്‍ വല്ലപ്പോഴും ചെന്നിരുന്ന എനിയ്ക്ക്‌ അനുഭവപ്പെട്ടു.

ഈ സിനിമ തീര്‍ച്ചയായും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയും മനസ്സിലെ നന്മയെ ഉദ്ദീപിപ്പിക്കുകയും ചെയ്യും എന്നതില്‍ സംശയമില്ല. ദിലീപ്‌ ശ്രീനിവാസന്‍ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്ന കോമഡി ഫാക്റ്ററിനുപരിയായി വളരെ ഫാസ്റ്റ്‌ ആയ ഒരു ത്രില്ലര്‍ ആയിരിക്കും ഈ സിനിമ എന്നതാണ്‌ മറ്റൊരു പ്രത്യേകത. ശക്തമായ ഒരു കഥാപാത്രത്തിലൂടെ മമത മോഹന്‍ ദാസിന്റെ അഭിനയമികവ്‌ വളരെ വ്യക്തമാക്കുന്നു ഈ ചിത്രം. ശ്രീ.ജഗതി ശ്രീകുമാര്‍, ശ്രീ.നെടുമുടി വേണു എന്നീ അഭിനയപ്രതിഭകളുടെ വളരെ വ്യത്യസ്തമായ ശൈലികളിലുള്ള കഥാപാത്രങ്ങളും ഫ്രഷ്‌ ആയ ഒരു വില്ലന്‍ കഥാപാത്രവും ഈ സിനിമയുടെ മറ്റ്‌ പ്രത്യേകതകളാണ്‌.

വ്യത്യസ്തമായ പല ദൃശ്യകോണില്‍ നിന്ന് നോക്കിയാല്‍ ഓരോ കഥാപാത്രത്തിനും കൂടുതല്‍ പ്രത്യേകതയോടെ പ്രാധാന്യം കൈവരുന്നതായി അനുഭവപ്പെടുന്നു എന്ന രീതിയിലുള്ള കഥയും തിരക്കഥയും കൊണ്ട്‌ ഈ ചിത്രം വളരെ ശ്രദ്ധിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.

ഐ.ടി. കമ്പനിയിലെ തന്റെ ജോലിയോടൊപ്പമാണ്‌ രഞ്ജിത്ത്‌ തന്റെ സീരിയല്‍ സിനിമാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്‌.

മലയാള സിനിമയില്‍ നല്ല സിനിമകള്‍ ഉണ്ടാവേണ്ടതിനായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പുതുതായി വരുന്ന കലാകാരന്മാര്‍ക്ക്‌ ഊര്‍ജ്ജം പകരാനായി, ഈ സിനിമയുടെ വിജയത്തിനായി നിങ്ങളുടെ പ്രാര്‍ത്ഥനകളും മറ്റ്‌ പ്രോല്‍സാഹനങ്ങളും നല്‍കണമെന്ന് ഞാന്‍ സ്നേഹത്തോടെ അപേക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍:
http://www.youtube.com/watch?v=x39D1jtZxyc

Sites Under Construction:
http://passengerthemovie.net
http://passengerthemovie.net/demo