സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Thursday, September 27, 2007

സൂര്യാസ്തമയവിവാഹവും അനുബന്ധ സംഭവങ്ങളും

പെണ്‍ കുട്ടിയുടെ വീട്ടുകാര്‍ സഹകരിക്കാതെ തന്നെ വീട്ടുകാരെയും നാട്ടുകാരെയും ക്ഷണിച്ച്‌ വിവാഹ സല്‍ക്കാരം നടത്താന്‍ തീരുമാനിച്ചു. അതിന്റെ മുന്നോടിയായി വസ്ത്രങ്ങളെടുക്കാന്‍ അസ്തമയനും ഭാര്യയും എന്റെ വീട്ടുകാരും ഒരു സുഹൃത്തും കൂടി എറണാകുളത്തെത്തി.

വസ്ത്രങ്ങളുടെ പര്‍ച്ചേസ്‌ കഴിഞ്ഞ്‌ വേറെ അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ വനിതാസംഘം ഒരു ലേഡീസ്‌ ഷോപ്പില്‍ കയറിയപ്പോള്‍ പുറത്ത്‌ ഞങ്ങള്‍ കൂടി നിന്ന് അല്‍പം വിശകലനം നടത്തി.

അസ്തമയന്റെ ഭാര്യയുടെ വീട്ടിലെ അലമാര നിറയെ വില കൂടിയ ചുരിദാറുകളുണ്ടെന്നും എന്നിട്ട്‌ ഇപ്പോ വസ്ത്രങ്ങള്‍ വീണ്ടും വാങ്ങേണ്ടി വന്നു എന്നുമുള്ള കാര്യങ്ങളും ചര്‍ച്ചയില്‍ വന്നു.
അഭിമാനിയായ അസ്തമയന്‍ രണ്ട്‌ ദിവസം മുന്‍പ്‌ കാച്ചിയ ഡയലോഗിനെക്കുറിച്ച്‌ എന്റെ സുഹൃത്തിന്റെ ചോദ്യം

"അവളുടെ ഡ്രസ്സും മറ്റും വേണ്ടാ... ആ സര്‍ട്ടിഫിക്കറ്റ്‌ സ്‌ കിട്ടിയാല്‍ മതിയായിരുന്നു എന്ന് നീ പറഞ്ഞെന്നറിഞ്ഞു...?"

ഉടനെ അസ്തമയന്‍.. "ങ്‌ ഹാ... അങ്ങനെ പറഞ്ഞുപോയി... ഇപ്പോ ഡ്രസ്സിന്റെ വിലയെല്ലാം അറിഞ്ഞപ്പോള്‍ ഒരു ചെറിയ മാറ്റം ഉണ്ട്‌ അഭിപ്രായത്തില്‍..."

"അതെന്താ മാറ്റം?"

"സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയില്ലേലും കുഴപ്പമില്ല.. ആ ഡ്രസ്സ്‌ ഒക്കെ കിട്ടിയാലും മതി..."

ചിരിച്ചുകൊണ്ടുള്ള അസ്തമയന്റെ മറുപടി കേട്ട്‌ എല്ലാവര്‍ക്കും ചിരിവന്നു.

"അല്ലാ.. ആ കുട്ടിയുടെ അച്ഛന്‍ വിളിച്ചിരുന്നു എന്ന് കേട്ടു..." വീണ്ടും സുഹൃത്തിന്റെ ചോദ്യം..

"വിളിച്ചിരുന്നു... എന്റെ ബയോഡാറ്റാ അയച്ചുകൊടുക്കാന്‍ പറഞ്ഞു... പിന്നെ, അവളുടെ പേരില്‍ എത്രയും പെട്ടെന്ന് അക്കൗണ്ട്‌ തുടങ്ങിയിട്ട്‌ അതിന്റെ ഡീറ്റയില്‍സ്‌ പുള്ളിക്കാരന്‌ ഗള്‍ഫിലേയ്ക്ക്‌ അയച്ച്‌ കൊടുക്കാന്‍ പറഞ്ഞു..."

"എന്നിട്ട്‌??"

"ഹേയ്‌.. അതൊന്നും ശരിയാവില്ല... "

"എടാ.. നീ വല്ല്യ അഭിമാനോം വച്ചോണ്ട്‌ ഇരുന്നോ... ഒരു കാര്യം ചെയ്യ്‌... ഒന്നല്ല... എന്റെ രണ്ട്‌ മൂന്ന് അക്കൗണ്ട്‌ ഡീറ്റയില്‍സ്‌ തരാം.. അത്‌ കൊടുക്ക്‌... അല്ലാ പിന്നെ..." സുഹൃത്തിന്റെ കളിയാക്കല്‍ തുടര്‍ന്നു...

അങ്ങനെ ഷോപ്പിംഗ്‌ ദിനം അവസാനിച്ചു.

കല്ല്യാണ സല്‍ക്കാരം നടക്കാന്‍ തീരുമാനിച്ച ദിവസത്തിന്‌ രണ്ട്‌ ദിവസം മുന്‍പ്‌ അസ്തമയന്‌ ഭാര്യയേയും കൊണ്ട്‌ സെക്കന്‍ഡ്‌ ഷോ കാണാന്‍ ഒരു ആഗ്രഹം.. അതില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ച അമ്മയെ അസ്തമയന്‍ ഡയലോഗ്‌ പറഞ്ഞ്‌ ഒതുക്കി. അമ്മ വിവരം എനിയ്ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്തു.

ഞാന്‍ അസ്തമയനെ ഫോണില്‍ വിളിച്ചു..

"എടാ... നിങ്ങള്‍ സെക്കന്‍ഡ്‌ ഷോ കഴിഞ്ഞ്‌ വരുമ്പോള്‍ ആ കുട്ടിയുടെ വീട്ടുകാര്‍ വല്ലവരും ആ കുട്ടിയേ തട്ടിക്കൊണ്ട്‌ പോയാല്‍ എന്താവും സ്ഥിതി? അവരെ നാണം കെടുത്തിയതിന്‌ പകരമായി നമ്മള്‍ നടത്താന്‍ ഉദ്ദേശിച്ച ഫംഗ്ഷന്‍ കുളമാക്കാന്‍ അത്‌ പോരേ???"

അത്‌ കേട്ടപ്പോള്‍ അസ്തമയന്‍ ഒന്ന് പകച്ചു... "എന്നാപ്പിന്നെ സെക്കന്‍ഡ്‌ ഷോ പിന്നെയാവാല്ലേ??" എന്ന് പറഞ്ഞ്‌ ആ പദ്ധതി ഉപേക്ഷിച്ചു.

വിവാഹസല്‍ക്കാര ചടങ്ങ്‌ വീടിന്നടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ വച്ച്‌... 3 മണി മുതല്‍ 6 മണിവരെയായിരുന്നു പരിപാടി..

കൃത്യം 3 മണിയോടെ അസ്തമയനെയും ഭാര്യയെയും കൊണ്ട്‌ ഓഡിറ്റോറിയത്തില്‍ എത്തി. ഒരൊറ്റ മനുഷ്യനുമില്ലാതെ ശൂന്യമായ ഓഡിറ്റോറിയം... ആരേലും 3 മണിക്ക്‌ തന്നെ ഫുഡ്‌ അടിക്കാന്‍ വരുമോ?.... അങ്ങനെ അസ്തമയനും ഭാര്യയും ഞങ്ങളും ഓഡിറ്റോറിയത്തിനുപുറത്ത്‌ ക്ഷണിതാക്കളേയും പ്രതീക്ഷിച്ച്‌ കുറച്ച്‌ സമയം നിന്നു... നിന്ന് കാല്‌ കഴച്ചപ്പോള്‍ ഞാന്‍ അവരെ കൊണ്ടുപോയി സ്റ്റേജില്‍ ഇരുത്തി...

ഒരു നാല്‌ മണിയായപ്പോഴേയ്ക്കും ആളുകള്‍ എത്തിത്തുടങ്ങി. ഫങ്ങ്ഷന്‌ നാട്ടുകാരും വീട്ടുകാരും പങ്കെടുത്തു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളെ ക്ഷണിച്ചിരുന്നെങ്കിലും ആരും തന്നെ വന്നില്ല. പക്ഷെ, പരിപാടി കേമമായി തന്നെ നടന്നു. വീട്ടുകാരിലും നാട്ടുകാരിലുമുള്ള പലരും അസ്തമയനോട്‌ അവരുടെ അതിശയവും മറ്റും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

ബന്ധുക്കളിലെ വളര്‍ന്ന് വരുന്ന തലമുറയിലെ പിള്ളേര്‍ക്ക്‌ ഇതൊരു സന്തോഷദിനമായിരുന്നു. കാരണം, ഭാവിയില്‍ അവര്‍ക്ക്‌ ഇത്തരം ഒരു കുരുത്തക്കേട്‌ കാണിക്കാനുള്ള ഒരു സ്കോപ്പ്‌ ഒരു ഹിഡണ്‍ അജണ്ടയായി അവശേഷിച്ചു. പക്ഷെ, ഈ ഹിഡണ്‍ എക്സ്പ്രഷന്‍ മനസ്സിലാക്കിയ പല മുതിര്‍ന്ന കാരണവന്മാരുമുണ്ടായിരുന്നു എന്നതാണ്‌ മറ്റൊരു സത്യം...

ഞങ്ങളുടെ ഒരു മുത്തമ്മാമന്‍ (അമ്മയുടെ അമ്മാവന്‍) അദ്ദേഹത്തിന്റെ മകളുടെ മകളോട്‌ ഒരു ചെറിയ വാര്‍ണിംഗ്‌...

"അത്‌ കണ്ട്‌ മക്കള്‌ തുള്ളണ്ടാ.. അങ്ങനെ വല്ലതും പറഞ്ഞോണ്ട്‌ വന്നാല്‍ ശരിപ്പെടുത്തിക്കളയും..."

അത്‌ കേട്ട്‌ "ഹേയ്‌... ഈ മുത്തച്ഛന്‍ ഞാന്‍ മനസ്സില്‍ പറഞ്ഞത്‌ എങ്ങനെ കേട്ടു?" എന്ന് വേവലാതിപ്പെട്ട്‌ അന്ധാളിച്ചു നില്‍ക്കുന്നതിനിടയില്‍ അദ്ദേഹം തന്നെ ഒരു ഡയലോഗ്‌ കൂടി...

"ഇനി ഒരുത്തനെക്കൂടി എനിയ്ക്കൊന്ന് കാണാനുണ്ട്‌..."

പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ അദ്ദേഹത്തിന്റെ മറ്റൊരു മകളുടെ മകനെയാണ്‌... കാരണം, അവനും എന്തോ ചില ചുറ്റിക്കെട്ട്‌ ഉള്ളതായി പുള്ളി മനസ്സിലാക്കിയിരിക്കുന്നു.

അങ്ങനെ ഇതൊരു ട്രെന്‍ഡ്‌ സെറ്ററാകുമോ എന്ന് ഭയമുള്ള പല കാരണവന്മാര്‍ക്കും പുറമേ വല്ല്യ ലോഹ്യം നടിക്കുന്നുണ്ടെങ്കിലും അസ്തമയനെ അത്ര ബോധിച്ചിരിക്കാന്‍ ഇടയില്ല എന്ന സത്യം എനിയ്ക്ക്‌ മനസ്സിലായി.

അസ്തമയന്റെ വിവാഹജീവിതം തുടങ്ങി. വല്ല്യ താമസമില്ലാതെ ആ പെണ്‍കുട്ടിയ്ക്ക്‌ റിസര്‍ച്ച്‌ അസിസ്റ്റന്‍ഡായി ജോലി ലഭിച്ചു. വീട്ടില്‍ നിന്ന് തന്നെ 1 മണിക്കൂറില്‍ എത്താവുന്ന ദൂരം...

പെണ്‍കുട്ടിയുടെ അച്ഛന്‍ ഇടയ്ക്ക്‌ ഗള്‍ഫില്‍ നിന്ന് വിളിച്ച്‌ സുഖവിവരങ്ങള്‍ അന്വേഷിക്കും.. അദ്ദേഹത്തിന്റെ പരിഭവം മുഴുവന്‍ മാറിയിരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു...

ഒരു മാസമായപ്പോഴെയ്ക്കും പെണ്‍കുട്ടിയുടെ അമ്മയുമായും വല്ല്യ ലോഹ്യമായി... തനിക്ക്‌ മകളേക്കാള്‍ വലുതല്ല സഹോദരങ്ങളെന്ന് ആ അമ്മ പറഞ്ഞു അത്രേ...

ഒരു ദിവസം രണ്ടു പേരോടും കൂടി വീട്ടിലോട്ട്‌ ചെല്ലാന്‍ പറഞ്ഞത്‌ അസ്തമയന്‌ അത്ര ഇഷ്ടപ്പെട്ടില്ല. പിന്നെ, ഞങ്ങള്‍ നിര്‍ബദ്ധിച്ച്‌ ഒരു ദിവസം അങ്ങോട്ട്‌ അയച്ചു... പക്ഷെ, അവിടെ താമസിക്കാന്‍ അസ്തമയന്‍ കൂട്ടാക്കിയില്ല.. അതിന്‌ ഞങ്ങളാരും നിര്‍ബന്ധിച്ചുമില്ല..

ഓണത്തിന്‌ അസ്തമയനും ഭാര്യയ്ക്കും മറ്റും വസ്ത്രങ്ങളും കൊണ്ട്‌ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു.

ഒരു ദിവസം ഞങ്ങളെല്ലാം കൂടി അവരുടെ വീട്ടില്‍ ഒരു വിരുന്ന് സല്‍ക്കാരത്തിലും പങ്കെടുത്തു.

ഇപ്പോള്‍ പഴയ കലുഷിതമായ കാര്യങ്ങളെല്ലാം തെളിഞ്ഞ്‌ വിവാഹജീവിതത്തിന്റേതായ കലുഷിതമായ കുത്തൊഴുക്കിലൂടെ അസ്തമയനും ഭാര്യയും കടന്ന് പോകുന്നു. അസ്തമയനെക്കാള്‍ അസ്തമയന്റെ ഭാര്യയെ അച്ഛനും അമ്മയ്ക്കും ബോധിച്ചിരിക്കുന്നു. അതുകൊണ്ട്‌ തന്നെ ചെറിയ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും അസ്തമയന്റെ സ്വതസിദ്ധമായ ദേഷ്യപ്രകടനങ്ങളും ഉണ്ടായാല്‍ തന്നെ അസ്തമയന്‌ മാതാപിതാക്കളില്‍ നിന്ന് തരക്കേടില്ലാത്ത എതിര്‍പ്പ്‌ നേരിടേണ്ടിയും വരുന്നു.

Sunday, September 23, 2007

ഒരു ക്രിക്കറ്റ്‌ വീരകഥ

ഞങ്ങളുടെ ഏരിയയിലെ ചേട്ടന്മാരുടെ ക്രിക്കറ്റ്‌ അരങ്ങേറിയിരുന്നത്‌ തറവാടിന്റെ മുറ്റത്തായിരുന്നതിനാല്‍ ആ കളിയില്‍ ചെറുപ്പം മുതലേ (അഞ്ചാം ക്ലാസ്സ്‌ മുതല്‍) പങ്കെടുക്കാനും മുതിര്‍ന്നവരോടൊപ്പം കളിച്ച്‌ ധൈര്യം വരുവാനും എനിയ്ക്ക്‌ അവസരം ലഭിച്ചു. പതുക്കെ പതുക്കെ ചുറ്റുമുള്ള കൂട്ടുകാരെ സംഘടിപ്പിച്ച്‌ ഒരു ടീം ഉണ്ടാക്കി അവരുടെ നേതാവാകുന്നതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു.

ആദ്യമാദ്യം സ്ഥിരം മാച്ചുകള്‍ തോറ്റിരുന്ന ഞങ്ങളുടെ ടീം പതുക്കെ പതുക്കെ ടാലന്റുള്ള സുഹൃത്തുക്കളുടെ ബലത്തിലും കുറേ തോറ്റ്‌ കളിച്ച പരിചയത്തിലും മെച്ചപ്പെട്ടുതുടങ്ങി. ചേട്ടന്മാരുടെ ഫേമസ്സായ ക്രിക്കറ്റ്‌ ക്ലബ്ബില്‍ പതിനൊന്നാമനായി 4-5 തവണ മാച്ചുകള്‍ കളിക്കാന്‍ പോകാന്‍ സാധിച്ചതിനാല്‍ ഞാന്‍ ഒരു കേമനാണെന്ന് ജൂനിയര്‍ ടീമിലുള്ളവരുടെ ഇടയില്‍ ഒരു തെറ്റിദ്ധാരണ പരത്താന്‍ എനിയ്ക്ക്‌ സാധിച്ചു.

ക്യാപ്റ്റന്‍സി ഞാന്‍ സ്വയം ഏറ്റെടുക്കുകയാണ്‌ പതിവ്‌. ആദ്യ കാലഘട്ടങ്ങളില്‍ ഓപ്പണിംഗ്‌ ബോളിങ്ങും ഓപ്പണിംഗ്‌ ബാറ്റിങ്ങും ഞാന്‍ തന്നെ... മൊത്തത്തില്‍ ഞാന്‍ കഴിഞ്ഞേ ബാക്കി ടീമിലുള്ളവര്‍ക്ക്‌ എന്തെങ്കിലും റോളുള്ളൂ എന്ന സ്ഥിതി.. (എനിയ്ക്ക്‌ ബാലചന്ദ്രമേനോന്‍, മനോജ്‌ പ്രഭാകര്‍ തുടങ്ങിയവരെ വല്ല്യ ഇഷ്ടമാണ്‌.. അവരവരുടെ മേഖലകളില്‍ ഓള്‍ റൗണ്ടര്‍ ആയിട്ടുള്ളവരാണല്ലോ ഇവരൊക്കെ..)

സത്യം പറഞ്ഞാല്‍ ഞാനൊരു അഹങ്കാരിയും മുന്‍ കോപിയുമായ ക്യാപ്റ്റനായിരുന്നു. ഒരു ക്യാച്ച്‌ മിസ്സ്‌ ആകുകയോ, മിസ്സ്‌ ഫീല്‍ഡ്‌ ചെയ്യുകയോ ചെയ്താല്‍ പരിസരം നോക്കാതെ ചീത്ത വിളിക്കുക എന്നതായിരുന്നു എന്റെ രീതി... അതുകൊണ്ട്‌ തന്നെ ചീത്ത പേടിച്ച്‌ ടെന്‍ഷനടിച്ച്‌ തന്നെ മിസ്സ്‌ ഫീല്‍ഡ്‌ പതിവായി....പതുക്കെ പതുക്കെ ടീമില്‍ ടാലന്റ്‌ ഉള്ളവര്‍ എത്തിത്തുടങ്ങുകയും ഉള്ളവര്‍ സ്റ്റേബിള്‍ ആകുകയും ചെയ്തതതോടെ എന്റെ റോളിന്റെ 'കനം' ഒന്ന് കുറഞ്ഞു. ഇനി ഇപ്പോ ഓപ്പണിംഗ്‌ ബോളിംഗ്‌ ഞാന്‍ ചെയ്തില്ലേലും വേണ്ടില്ല എന്ന നടപടി ആദ്യം സ്വീകരിച്ചു. പിന്നെ, അത്‌ ഓപ്പണിംഗ്‌ ബാഗിങ്ങിനേയും ബാധിച്ചു...

അങ്ങനെ പ്രതാപകാലം ഒന്ന് മങ്ങി... എങ്കിലും ടീമിന്റെ അവിഭാജ്യഘടകമായി തന്നെ ഞാന്‍ നിലകൊണ്ടു. പക്വതയുള്ള ഒരു പ്ലെയര്‍ എന്ന നിലയിലേയ്ക്ക്‌ ഞാന്‍ പതുക്കെ പതുക്കെ രൂപാന്തരപ്പെട്ടു. ഇടക്കാലത്ത്‌ നഷ്ടപ്പെട്ട ക്യാപ്റ്റന്‍സി തിരിച്ച്‌ കിട്ടി. ക്യാച്ച്‌ മിസ്സ്‌ ആകുകയും മിസ്സ്‌ ഫീല്‍ഡ്‌ ചെയ്യുകയും സംഭവിച്ചാല്‍ അവരെ തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതുവരെ എത്തി കാര്യങ്ങള്‍... ഉയര്‍ത്തി അടിക്കാന്‍ ആരോഗ്യമില്ലെന്നും അങ്ങനെ അടിച്ച്‌ ബൗണ്ടറി കടത്താന്‍ എനിയ്ക്ക്‌ കഴിവില്ലെന്ന് ഞാന്‍ തന്നെ എന്നെ വിശ്വസിപ്പിച്ചിരുന്നതിനാല്‍ ആദ്യമൊക്കെ ഫോര്‍ അടിക്കുന്നതില്‍ മാത്രമേ ഞാന്‍ ശ്രദ്ധിച്ചിരുന്നുള്ളൂ... പിന്നീടെപ്പോഴോ ഒരിയ്ക്കല്‍ ബാറ്റ്‌ ഒന്ന് ആഞ്ഞ്‌ വീശിയപ്പോള്‍ അത്‌ സിക്സറായതില്‍ പിന്നെയാണ്‌ വല്ലപ്പോഴും അതും നമുക്ക്‌ പറ്റും എന്ന ബോദ്ധ്യം ഉണ്ടായിത്തുടങ്ങിയതും...

ബോളിങ്ങില്‍ ടീമിലുള്ളവരെ അവരുടെ കഴിവിനനുസരിച്ച്‌ ഉപയോഗപ്പെടുത്തുവാന്‍ ശ്രദ്ധിക്കുകയും അത്യാവശ്യഘട്ടങ്ങളിലോ അല്ലെങ്കില്‍ അഞ്ചാമത്തെ ബൗളറായോ ഞാന്‍ സ്വയം പരിണമിച്ചു. ബാറ്റിങ്ങിലും ടീമിന്റെ ആവശ്യകതയനുസരിച്ചുള്ള പൊസിഷനില്‍ ഇറങ്ങുകയും (മൂന്നാമത്തെ ബാറ്റ്‌ സ്‌ മാനു ശേഷം) ചെയ്തു. പലഘട്ടങ്ങളിലും ഒരു മാച്ച്‌ വിന്നര്‍ എന്ന നിലയില്‍ എന്റെ ഈ റോളുകള്‍ വിജയകരമാകുകയും ചെയ്തു എന്നതാണ്‌ സത്യം...

കുറേ കാലം കളി കണ്ട പരിചയവും കളിച്ച പരിചയവും പല മാച്ചുകളിലും നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്നെ സഹായിച്ചു. ഞങ്ങളുടെ ടീം പല ലോക്കല്‍ ടൂര്‍ണ്ണമെന്റുകളും വിജയിക്കുകയും ചെയ്തു.

(ഇത്രയും പറഞ്ഞതില്‍ നിന്ന് ഞാന്‍ ഒരു വല്ല്യ സംഭവമാണെന്ന് എല്ലാവര്‍ക്കും തോന്നിക്കാണും.. അത്‌ അങ്ങനെ തന്നെ ഇരിക്കട്ടെ... )

പല ടൂര്‍ണ്ണമെന്റുകളും കളിയ്ക്കാന്‍ 'ലോസ്സ്‌ ഓഫ്‌ പേ' ലീവ്‌ എടുക്കാന്‍ വരെ ഞാന്‍ തയ്യാറായി. പക്ഷെ, പലപ്പോഴും ആ സാമ്പത്തികനഷ്ടം ടൂര്‍ണ്ണമെന്റിന്റെ വിജയത്തില്‍ ലഭിക്കുന്ന ക്യാഷ്‌ പ്രൈസുകൊണ്ട്‌ കോമ്പന്‍സേറ്റ്‌ ചെയ്യാന്‍ സാധിച്ചു.

1999 ജനുവരി 10.... ചാലക്കുടി ഗവ.ബോയ്സ്‌ ഹൈസ്കൂള്‍ ഗ്രൗണ്ടിലെ ഒരു ടെന്നീസ്‌ ക്രിക്കറ്റ്‌ ടൂര്‍ണ്ണമന്റ്‌ ഫൈനല്‍....

എതിര്‍ ടീം ശക്തരായതിനാല്‍ ഞങ്ങളുടെ ടീമിലും ഭയങ്കരമാന പുലികളെ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിക്കുകയും സീനിയര്‍ ടീമില്‍ നിന്ന് രണ്ട്‌ ചീറ്റപ്പുലികളെത്തന്നെ കണ്ടെത്തുകയും ചെയ്തു. അതില്‍ ഒരാള്‍ 'രാജന്‍' എന്ന സീനിയര്‍ ടീമിലെ ഓള്‍ റൗണ്ടര്‍... ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും പുള്ളിക്കാരന്റെ ടാലറ്റ്‌ പൊടിതട്ടിയെടുത്താല്‍ തിളങ്ങാവുന്നതേയുള്ളൂ... വല്ല്യ ദൂരത്ത്‌ നിന്നൊന്നുമല്ലാതെ ഓടി വന്ന് പുഷ്പം പോലെ സ്വിംഗ്‌ ചെയ്യിച്ച്‌ ഫാസ്റ്റ്‌ ബൗള്‍ ചെയ്യുകയും നല്ല സ്റ്റ്രൊങ്ങ്‌ ഡ്രൈവുകള്‍ ബാറ്റില്‍ നിന്ന് ഉതിര്‍ക്കുകയും ചെയ്യുന്ന രാജന്‍ ടീമിലെല്ലാവരുടേയും ഇഷ്ടതാരമായിരുന്നു...

സീനിയര്‍ ടീമില്‍ നിന്ന് രണ്ടാമത്‌ ഞങ്ങള്‍ ഉള്‍പ്പെടുത്തിയ രാജേഷ്‌ ഒരു കിടിലന്‍ ബാറ്റ്‌ സ്‌ മാന്‍... സോണ്‍ ലെവല്‍ ടീമില്‍ കളിച്ചിട്ടുള്ള പുള്ളിക്കാരന്‍ ഒരു ഹാര്‍ഡ്‌ ഹിറ്റര്‍ എന്ന റോളില്‍ അറിയപ്പെടുന്ന ഒരാള്‍... (പണ്ടൊരിക്കല്‍ ഒരു മാച്ചില്‍ നോണ്‍ സ്റ്റ്രൈക്കര്‍ എന്റില്‍ നില്‍ക്കുന്ന ആളോട്‌ രഹസ്യം പറയുന്ന പോലെ ബൗളര്‍ കേള്‍ക്കാവുന്ന തരത്തില്‍ 'ഷോട്ട്‌ ബോള്‍ എറിയാതിരുന്നാല്‍ മതിയായിരുന്നു...' എന്ന് പറയുകയും അത്‌ കേട്ട ബൗളര്‍ ഷോട്ട്‌ ബോളെറിയുകയും പന്ത്‌ ഗ്രൗണ്ടും കടന്ന് അപ്പുറത്തെ പാടത്ത്‌ പോയി പതിക്കുകയും ചെയ്തു അത്രേ)

സീനിയര്‍ ടീമില്‍ നിന്ന് ആളുകളുണ്ടെങ്കിലും ക്യാപ്റ്റന്‍ ഞാന്‍ തന്നെ... ടോസ്‌ നേടിയ ഞങ്ങള്‍ എതിര്‍ ടീമിനെ ബാറ്റ്‌ ചെയ്യാന്‍ അയച്ചു... 15 ഓവറാണ്‌ കളി..

ഞങ്ങളുടെ ടീമിലെ ഒരു സ്ഥിരം മെംബറായ 'സുധപ്പന്‍' (സുധാകരന്‍ എന്ന പേര്‌ പരിണമിച്ച്‌ സുധപ്പന്‍ എന്ന് പറഞ്ഞാലേ അറിയൂ) പൊതുവേ ആക്രാന്തം കൂടിയ പ്രകൃതമായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്യുകയോ ബൗള്‍ ചെയ്യുകയോ എന്നത്‌ പുള്ളിക്കാരന്‌ വല്ല്യ ആഗ്രഹമാണ്‌... മുഖത്തെ ആ ചിരി കണ്ടാല്‍ അറിയാം ഈ ആഗ്രഹം... പക്ഷെ, പലപ്പോഴും ഈ ആഗ്രഹം ഞങ്ങള്‍ കളിയാക്കലിലൂടെ നിരസിക്കുകയാണ്‌ പതിവ്‌... സുധപ്പന്റെ ഫുള്‍ടോസ്‌ ബോളുകളും ഡക്ക്‌ ഔട്ടുകളും ഇത്തരം സാഹചര്യങ്ങളില്‍ നിരവധി കണ്ടിട്ടുള്ളതിനാലാണ്‌ ഇത്‌.....

ക്യാച്ചുകള്‍ മിസ്സ്‌ ചെയ്യാറില്ല എന്ന കാരണത്താല്‍ പലപ്പോഴും ലോങ്ങ്‌ ഓഫ്‌ അല്ലെങ്കില്‍ ലോങ്ങ്‌ ഓണ്‍ ആയിരുന്നു എന്റെ ഫീല്‍ഡിംഗ്‌ പൊസിഷന്‍... മാത്രമല്ല ബൗളറെ ഉപദേശിച്ച്‌ വശക്കേടാക്കാനും ഈ പൊസിഷന്‍ തരക്കേടില്ല....

ആദ്യ സ്പെല്‍ ഓപ്പണിംഗ്‌ ബൗളേര്‍സ്‌ കാര്യമായ റണ്‍സ്‌ ഒന്നും കൊടുക്കാതെ അവസാനിപ്പിച്ചു. പക്ഷെ, വിക്കറ്റൊന്നും കിട്ടിയില്ലെന്ന് മാത്രം....

ആദ്യത്തെ സ്പെല്ലിനുശേഷം സുധപ്പന്‌ ഒരു ഓവര്‍ ബൗള്‍ ചെയ്യാന്‍ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുറച്ച്‌ വിസ്താരമുള്ള ഗ്രൗണ്ട്‌ ആയതിനാല്‍ സിക്സര്‍ അടിക്കുക അത്ര എളുപ്പമല്ല എന്നതായിരുന്നു ഒരു കാരണം... മാത്രമല്ല പലപ്പോഴും സുധപ്പന്റെ ബൗളിംഗ്‌ മാരകമാകാറുമുണ്ട്‌... അടി കിട്ടിയാല്‍ കോണ്‍ഫിഡന്‍സ്‌ പോകുമെന്ന് മാത്രം....

ഓരോ ബോളിലും സുധപ്പനോടൊപ്പം ചെന്ന് പറഞ്ഞ്‌ പറഞ്ഞ്‌ മാക്സിമം കോണ്‍ഫിഡന്‍സ്‌ കൊടുത്തത്‌ ഗുണം ചെയ്തു. ആദ്യ വിക്കറ്റ്‌ സുധപ്പന്‌...

'ഇന്ന് നിന്റെ ദിവസമാണ്‌.... സ്പീഡ്‌ അധികം വേണ്ട... ജസ്റ്റ്‌ ലങ്ങ്ത്ത്‌ കീപ്പ്‌ ചെയ്ത്‌ ഓഫ്‌ സൈഡില്‍ ബോള്‍ എറിഞ്ഞ്‌ കൊണ്ടിരിക്കുക..' ഞാന്‍ എല്ലാ ബോളിലും പറഞ്ഞുകൊണ്ടിരുന്നു...

സുധപ്പന്റെ രണ്ടാമത്തെ ഓവറില്‍ രണ്ട്‌ വിക്കറ്റ്‌...

കളി തുടര്‍ന്നു...സുധപ്പന്റെ ലാസ്റ്റ്‌ ഓവര്‍... എതിര്‍ ടീമിന്റെ ക്യാപ്റ്റനും ഹാര്‍ഡ്‌ ഹിറ്ററുമായ ബാറ്റ്‌ സ്‌ മാന്‍ ക്രീസില്‍...ഒരു ഓവര്‍പിച്ച്‌ ബോള്‍ പുള്ളിക്കാരന്‍ ലോഫ്റ്റ്‌ ചെയ്തു....

"സൂര്യോദയം.....പിടിച്ചോ....." സുധ വിളിച്ചു......

"ദൈവമേ... എനിയ്ക്കിട്ടാണല്ലോ..." എന്ന് മനസ്സില്‍ വിചാരിച്ച്‌ ഞാന്‍ ബൗണ്ടറി ലൈനിന്റെ തൊട്ട്‌ മുന്നില്‍ നില കൊണ്ടു... തലയ്ക്ക്‌ മുകളില്‍ രണ്ട്‌ കയ്യും ഉയര്‍ത്തി ആ ബോള്‍ ഞാന്‍ ക്യാച്ച്‌ ചെയ്തു....

സുധപ്പന്റെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു... പല മാച്ചുകളിലും നിത്യവൈരിയായിരുന്ന ആ ബാറ്റ്‌ സ്‌ മാന്റെ വിക്കറ്റ്‌ സുധയ്ക്ക്‌ ഒരു ആഗ്രഹമായിരുന്നു എന്ന് എനിയ്ക്ക്‌ അറിയാമായിരുന്നു...

എതിര്‍ ടീമിന്റെ ബാറ്റിംഗ്‌ 58 റണ്‍സിന്‌ അവസാനിച്ചു...

വല്ല്യ ടെന്‍ഷനില്ലാതെ കളിച്ച്‌ ജയിക്കാവുന്ന സ്കോര്‍ എന്ന് ഞങ്ങള്‍ വിലയിരുത്തി....

ഞങ്ങളുടെ ടീം ബാറ്റിങ്ങിനിറങ്ങി...

ഓപ്പണിംഗ്‌ ബാറ്റ്‌ ചെയ്യാന്‍ പോയ രണ്ട്‌ ബാറ്റ്സ്മാന്‍ മാര്‍ ആദ്യ ഓവര്‍ കഴിഞ്ഞപ്പോഴേ തിരിച്ചെത്തി.... എതിര്‍ ടീമിന്റെ ഒരു ബൗളരുടെ ബൗള്‍ ഭയങ്കര മൂവ്‌ മെന്റ്‌ എന്നതായിരുന്നു നിഗമനം...

മൂന്നാമതായി രാജേഷ്‌ ബാറ്റ്‌ ചെയ്യാനിറങ്ങി... രാജേഷ്‌ ഡക്ക്‌ ഔട്ട്‌....

പിന്നാലെ പോയ രാജന്‍ 10 റണ്‍സെടുത്തപ്പോഴെയ്ക്കും ഔട്ട്‌ ആയി... (നല്ല ഷോര്‍ട്ട്‌ സൈറ്റ്‌ ഉണ്ടെങ്കിലും അത്‌ പ്രകടിപ്പിക്കാനുള്ള മടികാരണം പുള്ളിക്കാരന്‍ കണ്ണട ഉപയോഗിക്കാത്തതാണെന്ന് വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക്‌ മാത്രം അറിയുന്ന രഹസ്യം... ഔട്ട്‌ ആയതിന്റെ കാരണം ബോള്‍ ശരിക്ക്‌ കാണാത്തതിനാല്‍ ജഡ്ജ്‌ ചെയ്യാന്‍ പറ്റാത്തതിനാലാണെന്ന് രാജന്‍ എന്നോട്‌ പറയുകയും ചെയ്തു)

പതുക്കെ പതുക്കെ കളി കൈ വിട്ടു തുടങ്ങിയോ എന്ന് ഒരു സംശയം...
8 ഓവര്‍ കളി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ 6 വിക്കറ്റിന്‌ 25

ഇനി പ്രതീക്ഷയര്‍പ്പിക്കാവുന്ന തരത്തിലുള്ള ആരും ഇല്ലെന്നുള്ളതിനാല്‍ അടുത്തത്‌ ഞാന്‍ ബാറ്റ്‌ ചെയ്യാന്‍ ഇറങ്ങാന്‍ നിര്‍ബന്ധിതനായി ക്രീസിലെത്തി....പൊതുവേ വിക്കറ്റ്‌ പോകാതെ സിങ്കിള്‍സ്‌ എടുത്ത്‌ കളിക്കുന്ന എനിയ്ക്ക്‌ ഒരു ഹാര്‍ഡ്‌ ഹിറ്റര്‍ റോള്‍ വല്ല്യ ബുദ്ധിമുട്ടാണ്‌... പക്ഷെ, ക്രീസില്‍ ഒന്ന് സ്റ്റേബിള്‍ ആയിക്കഴിഞ്ഞാല്‍ എല്ലാവരെയും പോലെ ഞാനും ചെറിയ ഒരു പുലിയായി മാറും...

ഇത്തവണ, വിക്കറ്റ്‌ പോകാതെ ബാറ്റ്‌ ചെയ്യുക എന്ന് മാത്രമായിരുന്നു എന്റെ ലക്ഷ്യം... റണ്‍സ്‌ സാവധാനം വന്നുകൊള്ളും....

മൂവ്‌ മെന്റ്‌ ഉള്ള ബോള്‍ എന്ന് കൂട്ടുകാര്‍ വാര്‍ണിംഗ്‌ തന്ന ബൗളര്‍ ബോള്‍ ചെയ്യുന്നു...എന്റെ ക്രിക്കറ്റ്‌ എക്സ്പീരിയന്‍സില്‍ ഏറ്റവും മാരകമായ ബൗളിംഗ്‌ ഞാന്‍ അന്നാണ്‌ കണ്ടത്‌.... ടെന്നീസ്‌ ബോള്‍ ഇത്ര നന്നായി സ്വിംഗ്‌ ചെയ്യുകയും ടേര്‍ണ്‍ ചെയ്യുകയും സംഭവ്യമെന്ന് ബോദ്ധ്യപ്പെട്ട ഓവര്‍... ആ ഓവറില്‍ 2 ബോള്‍ എനിയ്ക്ക്‌ തൊടാന്‍ സാധിക്കാതെ കടന്നു പോയപ്പോള്‍ ഞാന്‍ അപകടം മനസ്സിലാക്കി. ആ ഓവര്‍ വിക്കറ്റ്‌ പോകാതെ പിടിച്ചു നില്‍ക്കുകയേ നിവര്‍ത്തിയുള്ളൂ... 'വാശി നാശം' എന്ന തിരിച്ചറിവും എനിയ്ക്കങ്ങനെ ചെയ്യാന്‍ പ്രേരണയേകി. ആ ഓവര്‍ സ്ലിപ്പില്‍ ഒരു ക്യാച്ചില്‍ നിന്ന് ഞാന്‍ കഷ്ടിച്ച്‌ രക്ഷപ്പെട്ടു.

അടുത്ത ഓവറില്‍ പതുക്കെ പതുക്കെ റണ്‍സ്‌ വന്ന് തുടങ്ങി. പക്ഷെ, മറുവശത്ത്‌ വിക്കറ്റ്‌ വീണു തുടങ്ങി....ഏഴാമത്തെ വിക്കറ്റ്‌ വീണുകഴിഞ്ഞപ്പോള്‍ ബാറ്റിങ്ങിനെത്തിയത്‌ അസ്തമയന്‍ (എന്റെ അനിയന്‍ തന്നെ). പൊതുവേ അല്‍പം വെപ്രാളമുള്ള അസ്തമയന്‍ വല്ല്യ അടികള്‍ക്ക്‌ മുതിരുമെന്ന് അറിയാമായിരുന്ന ഞാന്‍ സിങ്കിള്‍സ്‌ മാത്രം മതിയെന്ന് ഓരോ ബോളിലും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ കൂട്ടുകെട്ട്‌ കരപറ്റുമെന്ന് തോന്നിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അസ്തമയന്‍ ആക്രാന്തത്താല്‍ ഉയര്‍ത്തി അടിക്കുകയും ഔട്ട്‌ ആകുകയും ചെയ്തു... അങ്ങനെ എട്ടാമത്തെ വിക്കറ്റും വീണു...

അടുത്തതായി ഞങ്ങളുടെ കീപ്പര്‍ ആയ കൊച്ചുപയ്യന്‍ സജീവ്‌... അത്യാവശ്യം പിടിച്ച്‌ നില്‍ക്കാവുന്ന കപ്പാസിറ്റിയുണ്ടെങ്കിലും അപ്പോഴത്തെ പ്രഷര്‍ പുള്ളിക്കരന്‌ താങ്ങാവുന്നതിലും അധികമാണെന്ന് എനിയ്ക്ക്‌ മനസ്സിലായി.

സജീവ്‌ ഒരു ക്യാച്ച്‌ അപ്പീലില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടു... ബോള്‍ കാലില്‍ കൊണ്ടതാണെന്ന് കാണിക്കാന്‍ സജീവും ഞാനും തിമിര്‍ത്ത്‌ അഭിനയിച്ചത്‌ കണ്ട്‌ അമ്പയര്‍ കനിഞ്ഞു....

ഇനി 4 ഓവര്‍ ബാക്കിയുണ്ട്‌... ജയിയ്ക്കാന്‍ 18 റണ്‍സ്‌ വേണം....ഇനി തട്ടി മുട്ടി നിന്നാല്‍ ഓള്‍ ഔട്ട്‌ ആകാനുള്ള സാദ്ധ്യത ഞാന്‍ മുന്നില്‍ കണ്ടു.

അടുത്ത ഓവര്‍ രണ്ട്‌ ബോള്‍ ഞാന്‍ വാച്ച്‌ ചെയ്തു... ഓവര്‍ പിച്ച്‌ ബോളുകളാണ്‌ അധികവും... മൂന്നാമത്തെ ബോള്‍ ഫ്രണ്ട്‌ ഫൂട്ടില്‍ ലോങ്ങ്‌ ഓഫില്‍ ഒരു സിക്സര്‍....
നാലാമത്തെ ബോള്‍ അതേ പൊസിഷനില്‍ വീണ്ടും ഉയര്‍ത്തി അടിച്ചു.. പക്ഷെ, ബോള്‍ ഫീല്‍ഡര്‍ ക്യാച്ച്‌ ചെയ്തു... ഭാഗ്യത്തിന്‌ ക്യാച്ച്‌ എടുത്തത്‌ ബൗണ്ടറി ലൈനിന്‌ പുറത്ത്‌...

അഞ്ചാമത്തെ ബോള്‍ അതേ പൊസിഷനില്‍ വീണ്ടുമൊരു ശ്രമം നടത്തിയെങ്കിലും ബാറ്റില്‍ കൊള്ളാതെ പോയി..... 'അയ്യോ..' എന്നൊരു നിലവിളി ടീമംഗങ്ങളുടെ ഏരിയയില്‍ നിന്ന് കേട്ടു...

സജീവിന്റെ അടുത്ത്‌ ചെന്ന് എന്ത്‌ വന്നാലും ലാസ്റ്റ്‌ ബോള്‍ റണ്‍ ഓടണമെന്ന് ഞാന്‍ രഹസ്യം പറഞ്ഞു...ബൗളര്‍ ബോള്‍ കയ്യില്‍ നിന്ന് വിടേണ്ട താമസം.. സജീവ്‌ ഓടി ഇപ്പുറത്തെത്തി... അങ്ങനെ ലാസ്റ്റ്‌ ബോള്‍ ക്രീസില്‍ തട്ടിയിട്ട്‌ സിങ്കിള്‍...

അടുത്ത ഓവര്‍...ആദ്യ രണ്ട്‌ ബോളും ഡിഫന്‍ഡ്‌ ചെയ്തു...മൂന്നാമത്തെ ബോള്‍ കിട്ടിയത്‌ ഷോര്‍ട്ട്‌ ബോള്‍... ലെഗ്‌ സൈഡില്‍ പുള്‍ ചെയ്ത്‌ സിക്സര്‍.....

ടീം വിജയിച്ചിരിയ്ക്കുന്നു... എനിയ്ക്ക്‌ ആഹ്ലാദം അടക്കാനായില്ല... ഞാന്‍ ഒരു പ്രത്യേക വികാരത്തില്‍ നില്‍ക്കുമ്പോഴേയ്ക്ക്‌ ഗ്രൗണ്ടില്‍ കൂട്ടുകാര്‍ ഓടിവന്ന് എന്നെ കെട്ടിപ്പിടിയ്ക്കുന്നു, പലരും ഉമ്മ വയ്ക്കുന്നു... അന്ന് വരെ എന്നോട്‌ അത്ര അടുപ്പം പോലും ഇല്ലാതിരുന്ന, എന്നെ അത്ര പരിചയമില്ലാതിരുന്ന പലരും.......

ഒരു ചെറിയ സ്ഥലത്തെ ഒരു ചെറിയ ടൂര്‍ണ്ണമെന്റായിരുന്നു എങ്കില്‍ പോലും കൂട്ടുകാരുടെ സ്നേഹവും സന്തോഷവും ഏറ്റവും അനുഭവിച്ചറിഞ്ഞ ഒരു മധുരമായ സന്ദര്‍ഭം...

അപ്പോഴാണ്‌ മറ്റൊരു വിവരം അറിഞ്ഞത്‌... ലാസ്റ്റ്‌ ബാറ്റ്‌ ചെയ്യാന്‍ ഇറങ്ങേണ്ടിയിരുന്ന സുനില്‍ ടെന്‍ഷന്‍ കാരണം തലകറക്കം വന്ന് ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു എന്ന്... അവന്‍ ഓടി വന്ന് കെട്ടിപ്പിടിച്ചത്‌ സജീവിനെ... കാരണം, അവനെ ബാറ്റ്‌ ചെയ്യാന്‍ ഇറങ്ങാതെ സംരക്ഷിച്ചതിന്‌...

എതിര്‍ ടീമിന്റെ ക്യാപ്റ്റനും കൂട്ടരും ആകെ നിരാശരായിരുന്നു.. ഞാന്‍ അവിടെ ചെന്ന് അവരെ സമാധാനിപ്പിച്ചു....

അന്നത്തെ സമ്മാനദാനം ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു...മാന്‍ ഓഫ്‌ ദ മാച്ച്‌ ആയി സുധപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു....എനിയ്ക്ക്‌ ജനുവരി 3 ന്‌ നടന്ന സെമിഫൈനലിലെ പ്രകടനത്തിന്‌ (ബാറ്റിങ്ങില്‍ 24 റണ്‍സ്‌, ബോള്‍ ചെയ്ത്‌ 2 വിക്കറ്റ്‌) മാന്‍ ഓഫ്‌ ദ സെമിഫൈനല്‍ സമ്മാനിച്ചു. മാത്രമല്ല, ഒരു സിക്സറിന്‌ 6 രൂപ എന്ന ഒരു പ്രത്യേക സമ്മാനമുണ്ടായിരുന്നതിനാല്‍ 18 രൂപയും...

ടീമിന്റെ സമ്മാനത്തുകയായ 2001 രൂപയും ട്രോഫിയും വാങ്ങി ഞങ്ങള്‍ ആര്‍മ്മാദിച്ച്‌ പ്രകടനമായി വീട്ടിലേയ്ക്ക്‌...

പിറ്റേന്ന് തന്നെ ആ കാശ്‌ ഒരു ഹോട്ടലില്‍ എല്ലാവരും ചേര്‍ന്ന് ഫുഡ്‌ അടിച്ച്‌ ചെലവഴിയ്ക്കുകയും അതിന്നടുത്ത ദിവസം വയറിളക്കം പിടിച്ച്‌ കഷ്ടപ്പെടുകയും ചെയ്തു...

Wednesday, September 05, 2007

എന്‍ ട്രന്‍സ്‌ കോച്ചിംഗ്‌

ഫസ്റ്റും സെക്കന്റും ഗ്രൂപ്പ്‌ എടുത്ത്‌ പ്രീഡിഗ്രി പഠിക്കുന്നവരെല്ലാം ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ആകാനുള്ളവരാണെന്നുള്ള വിശ്വാസം പുലര്‍ത്തിയിരുന്നതിനാല്‍ 'എഞ്ചിനീയറാവാന്‍' ഞാനും ഒരു വിധത്തില്‍ ഫസ്റ്റ്‌ ഗ്രൂപ്പ്‌ ഒപ്പിച്ചു.

വെറുതേ ഫസ്റ്റ്‌ ഗ്രൂപ്പ്‌ പഠിച്ചാല്‍ പോരാ എന്നും എന്‍ ട്രന്‍സ്‌ കോച്ചിംഗ്‌ എന്നൊരു സംഭവമുണ്ടെന്നും പിന്നീടാണറിഞ്ഞത്‌. അതിനെപ്പറ്റി ഒരുവിധം വിവരമായി വന്നപ്പോഴേയ്ക്കും സമയം ഇച്ചിരി വൈകി. മിക്കവന്മാരും ഈ കോച്ചിംഗ്‌ ക്ലാസ്സുകള്‍ക്ക്‌ ചേര്‍ന്ന് കഴിഞ്ഞു. തൃശ്ശൂരിലെ ഒരു പ്രൊഫസര്‍ നടത്തുന്ന കോച്ചിംഗ്‌ ക്ലാസ്സുകളാണ്‌ ഏറ്റവും പ്രമാദമെന്നും അവിടെ പഠിക്കുന്ന ഭൂരിപക്ഷം പേരും എന്‍ ട്രന്‍സ്‌ പരീക്ഷ പാസ്സാവുമെന്നും അറിഞ്ഞപ്പോള്‍ 'എന്നാല്‍ അതൊന്ന് കാണണമല്ലോ' എന്ന് വിചാരിച്ച്‌ ഞാനും അവിടെത്തന്നെ ചേരുവാന്‍ തീരുമനിച്ചു.

അവിടെ അഡ്മിഷന്‍ കിട്ടണമെങ്കില്‍ പത്താം ക്ലാസ്സില്‍ മാര്‍ക്ക്‌ കേമമായിരിക്കണമെന്ന് നിര്‍ബദ്ധം. റാങ്ക്‌ കിട്ടേണ്ടിയിരുന്ന (എത്രാമത്തെ എന്ന് ചോദിക്കരുത്‌) ജന്മമാണിതെന്നും ഭാഗ്യദേവതയുടെ ശ്രദ്ധക്കുറവുകൊണ്ട്‌ മാത്രമാണ്‌ ഡിസ്റ്റിങ്ങ്ഷന്‌ തൊട്ടു താഴെ മാര്‍ക്ക്‌ ഇടിച്ച്‌ നിന്നതെന്നും ആ പ്രൊഫസറെ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ അഡ്മിഷന്‍ തരമാക്കി.

പക്ഷെ, അഡ്മിഷന്‍ കിട്ടിയത്‌ വെക്കേഷന്‍ ബാച്ചിന്‌... അതായത്‌ ഓണം, ക്രിസ്തുമസ്‌ തുടങ്ങിയ വെക്കേഷനുകളില്‍ കാലത്ത്‌ മുതല്‍ വൈകീട്ട്‌ വരെ കോച്ചിംഗ്‌....

അങ്ങനെ ഓണം, ക്രിസ്തുമസ്‌ വെക്കേഷനുകളില്‍ കാലത്തേ 6 മണിക്ക്‌ ബസ്സ്‌ കയറും... 8 മണിയ്ക്ക്‌ ക്ലാസ്സ്‌ തുടങ്ങിയാല്‍ 12.30 വരെ... 1:30 മുതല്‍ 5.30 വരെ.....എന്റെ ജീവിതത്തിലെ ഏറ്റവും കരിഞ്ഞ കാലഘട്ടം... സുഖമായി തെണ്ടിത്തിരിഞ്ഞ്‌ അടിച്ച്‌ പൊളിച്ച്‌ നടക്കേണ്ട വെക്കേഷനുകള്‍ ഞാന്‍ മിണ്ടാനും അനങ്ങാനും പറ്റാതെ എന്റ്രന്‍സ്‌ കോച്ചിംഗ്‌ ക്ലാസ്സില്‍ അനുഭവിച്ച്‌ തീര്‍ക്കേണ്ട ഗതി.

ഫിസിക്സ്‌ ആയിരുന്നു എന്നെ വല്ലാതെ ഹരം കൊള്ളിച്ചത്‌. സ്റ്റഡി മറ്റീരിയലായി തന്ന് വിട്ടിട്ടുള്ള പേപ്പര്‍ കെട്ടുകള്‍ ക്ലാസില്‍ മേശമേല്‍ എടുത്ത്‌ വയ്ക്കാനേ സമയം കിട്ടൂ... ഒരു പേപ്പര്‍ നമ്പറും അതില്‍ ഏതെങ്കിലും ഒരു ചോദ്യ നമ്പറും വിളിച്ച്‌ പറഞ്ഞിട്ട്‌ പ്രൊഫസര്‍ അതിന്റെ ഉത്തരം ബോര്‍ഡില്‍ എഴുതിത്തുടങ്ങും...പേപ്പര്‍ കെട്ടിന്നിടയില്‍ നിന്ന് ആ പേപ്പര്‍ തപ്പിയെടുത്ത്‌ അതില്‍ നിന്ന് പുള്ളിക്കാരന്‍ വിളിച്ചുപറഞ്ഞ ചോദ്യനമ്പര്‍ അരിച്ചെടുക്കുമ്പോഴെയ്ക്കും ആ ഉത്തരം തീര്‍ന്ന് അദ്ദേഹം ഇതുപോലെ വേറെ ഏതെങ്കിലും പേപ്പറിലെ ഒരു ചോദ്യനമ്പര്‍ വിളിച്ച്‌ പറഞ്ഞ്‌ അതിന്റെ ഉത്തരം എഴുതിത്തുടങ്ങിയിട്ടുണ്ടാകും...

ഈ പരിപാടി തുടര്‍ന്നപ്പോള്‍ ഇത്‌ എന്നെക്കൊണ്ട്‌ കൂട്ടിയാല്‍ കൂടുന്ന കാര്യമല്ല എന്ന് എനിയ്ക്ക്‌ പിടികിട്ടി. പിന്നീടങ്ങോട്ട്‌ ചിത്രരചനയായിരുന്നു...... ബോര്‍ഡില്‍ കാണുന്നത്‌ അതേ പോലെ വരച്ചെടുക്കും. ബാക്കിയൊക്കെ പിന്നെയാവാം എന്നതായിരുന്നു ചിന്ത.

എന്റെ സുഹൃത്തുക്കളും എന്റെ അതേ റേഞ്ച്‌ മാത്രം ഉണ്ടായിരുന്ന ഷാജിയോടും ജിന്‍സിനോടും ഞാന്‍ എന്റെ കഷ്ടപ്പാട്‌ വിവരിച്ചപ്പോള്‍ അവര്‍ ദീര്‍ഘനിശ്വാസം വിടുന്നകണ്ട്‌ എനിയ്ക്കും ഒരു കുളിര്‍ നിശ്വാസം വന്നു. "സേം പിച്ച്‌" എന്ന് പരസ്പരം പറഞ്ഞ്‌ ഞങ്ങള്‍ ഈ പ്രക്രിയ തുടര്‍ന്നു.

എന്നാല്‍, ഞങ്ങളേപ്പോലെയല്ലാത്ത പലരും ക്ലാസ്സിലുണ്ടെന്നത്‌ ഒരു നഗ്നസത്യമായിരുന്നു. നഗ്നം എന്ന് ആ സത്യത്തിന്റെ കൂടെ ഉപയോഗിക്കാന്‍ കാരണം അത്‌ ഞങ്ങളില്‍ അല്‍പം ജാള്യത സൃഷ്ടിച്ചു എന്നത്‌ തന്നെ. ഇവന്മാര്‍ ഇതെങ്ങനെ ഒപ്പത്തിനൊപ്പം ചോദ്യത്തിന്റെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലും മറ്റും സജീവമായി പങ്ക്‌ കൊള്ളുന്നു എന്ന് കൂലം കഷമായി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ മറ്റൊരു സത്യം (നഗ്നമല്ല) മനസ്സിലാക്കി. ഇവന്മാര്‍ വെക്കേഷന്‍ ക്ലാസ്സിന്‌ വരുന്നതിനുമുന്‍പ്‌ തന്നെ ഈ കെട്ട്‌ പേപ്പറുകളെല്ലാം പരിശോധിച്ച്‌ ഉത്തരം കണ്ടുപിടിച്ച്‌ വളരെ പ്രിപ്പറേഷനോടെ എത്തുന്നവരാണെന്ന സത്യം. വീട്ടില്‍ കൊണ്ടുപോയ ആ കെട്ട്‌ കോച്ചിംഗ്‌ ക്ലാസ്സില്‍ വരുന്നതിനു മുന്‍പ്‌ തപ്പിയെടുക്കുമ്പോള്‍ മാത്രം കാണുന്ന എന്നെപ്പോലുള്ളവര്‍ ക്ലാസ്സിലിരുന്ന് ബോര്‍ഡ്‌ നോക്കി ചിത്രം വരച്ചെടുക്കുന്നതില്‍ ഒട്ടും അതിശയിക്കാനില്ലെന്നത്‌ എന്റെ അപകര്‍ഷതാബോധം അല്‍പം കുറയ്ക്കുന്നതിന്‌ ഉപയോഗമായി. എന്നിരുന്നാലും ഞാനെന്റെ പതിവ്‌ തെറ്റിക്കാന്‍ തയ്യാറായില്ല.

അങ്ങനെ, ഉല്ലാസപ്രദമാകേണ്ട വെക്കേഷനുകളില്‍ മാനസികപീഠനവും കഷ്ടപ്പാടും അനുഭവിച്ചതിന്‌ എന്റ്രന്‍സ്‌ പരീക്ഷയുടെ റിസല്‍ട്ട്‌ വന്നപ്പോള്‍ ഒരു തീരുമാനമായി. റാങ്ക്‌ ലിസ്റ്റില്‍ അരിച്ച്‌ പെറുക്കി നോക്കിയിട്ടും എന്റെ നമ്പര്‍ കാണുന്നില്ല. ഇനി ഒരു പേപ്പറില്‍ വിട്ടുപോയതായിരിക്കും എന്ന് വിചാരിച്ച്‌ വേറെ പേപ്പറുകളിലും നോക്കിയെങ്കിലും വല്ല്യ ഗുണമുണ്ടായില്ല.

'ഹും... ആര്‍ക്ക്‌ വേണം എഞ്ചിനീയര്‍?' എന്ന് മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ ഡിഗ്രിക്ക്‌ ചേര്‍ന്നു. ഡിഗ്രി ആദ്യവര്‍ഷം ഒരൊറ്റ പേപ്പര്‍ പോലും എഴുതാതെ ഞാന്‍ എന്റ്രന്‍സ്‌ പരീക്ഷയെഴുതി. 'എന്റ്രന്‍സ്‌ എങ്ങാനും കിട്ടിയാല്‍ ഡിഗ്രിയ്ക്ക്‌ എഴുതിയ പേപ്പറുകള്‍ വേസ്റ്റ്‌ ആയിപ്പോകില്ലേ' എന്ന വിചാരമായിരുന്നു. പക്ഷെ, എന്റ്രന്‍സ്‌ കറക്കിക്കുത്തില്‍ റിസല്‍ട്ട്‌ ഒരു മാറ്റവുമില്ലതെ നിലകൊണ്ടു.

അങ്ങനെ, എഞ്ചിനീയര്‍ മോഹം ചവിട്ടിത്തേച്ച്‌ ഞാന്‍ ഡിഗ്രി തുടര്‍ന്നു. ഒരു ഗുണം കിട്ടിയതെന്തെന്നാല്‍ ഡിഗ്രി രണ്ടാം വര്‍ഷം ആദ്യവര്‍ഷത്തെ പേപ്പറുകളടക്കം ഒരുപാട്‌ പരീക്ഷയെഴുതാന്‍ കഴിഞ്ഞു.

അന്നത്തോടെ ഞാനൊരു ശപഥം ചെയ്തു. ഇനി ജീവിതത്തില്‍ ഒരു കോഴ്സിനും എന്റ്രന്‍സ്‌ പരീക്ഷയെഴുതില്ല എന്ന്. ദൈവാനുഗ്രഹത്താല്‍ ഇപ്പോഴും ആ ശപഥം തെറ്റാതെ തുടരുന്നു.

Sunday, September 02, 2007

ചോറ്റാനിക്കര ക്ഷേത്രദര്‍ശനം

ഈശ്വരവിശ്വാസിയാണെങ്കിലും പള്ളി, അമ്പല വിശ്വാസിയല്ലാത്ത എനിയ്ക്ക്‌ പലപ്പോഴും മറ്റുള്ളവര്‍ക്ക്‌ കൂട്ടായി ഈ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ നിയോഗം ലഭിക്കാറുണ്ട്‌.


കഴിഞ്ഞ ആഴ്ച ഭാര്യയുടെ അച്ഛനും അമ്മയും ഞങ്ങളെ സന്ദര്‍ശിക്കാന്‍ വരുന്ന ഉദ്ദേശത്തിന്റെ കൂട്ടത്തില്‍ 'ചോറ്റാനിക്കര ക്ഷേത്രദര്‍ശനം കൂടി ഉള്‍പ്പെടുത്താമോ' എന്നൊരു റിക്വസ്റ്റ്‌ കം ഓര്‍ഡര്‍ ഭാര്യ എനിയ്ക്ക്‌ കൈമാറി. കഴിഞ്ഞ 8 കൊല്ലമായി (അതായത്‌ സ്വന്തമായി കാര്‍ വാങ്ങിയ കാലം മുതല്‍) കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി ഡ്രൈവര്‍ ജോലി എനിയ്ക്ക്‌ പട്ടയമായി പതിച്ച്‌ കിട്ടിയിരുന്നു.


അങ്ങനെ ശനിയാഴ്ച ആലുവ റെയില്‍ വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഭാര്യാ പിതാവിനെയും മാതാവിനെയും കൊണ്ട്‌ നേരെ ചോറ്റാനിക്കരയിലേയ്ക്ക്‌........


ചോറ്റാനിക്കരയിലെത്തി കാര്‍ പാര്‍ക്ക്‌ ചെയ്യുന്നാ സ്ഥലത്ത്‌ ചെന്നപ്പോള്‍ അവിടെ പാര്‍ക്കിംഗ്‌ സ്പേസ്‌ വളരെ കുറവ്‌.... ഒടുവില്‍ പാര്‍ക്ക്‌ ചെയ്യാന്‍ ഒരു ചെറിയ ഗ്യാപ്‌ കിട്ടി. ഒന്ന് രണ്ട്‌ വട്ടം കാര്‍ മുന്നോട്ടും പിന്നോട്ടുമെടുത്ത്‌ അവിടെ കറക്റ്റ്‌ ആയി പാര്‍ക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്ന കണ്ടിട്ട്‌ ഒരു വയസ്സായ അമ്മാവന്‍ കൈ കൊണ്ട്‌ 'സ്റ്റോപ്പ്‌' ആക്‌ ഷന്‍ കാണിച്ചു. എന്നിട്ട്‌ അമ്മാവന്‍ തൊട്ടപ്പുറത്ത്‌ കിടന്നിരുന്ന കാറിന്റെ അടുത്തേയ്ക്ക്‌ നടന്നു. ആ കാറിന്റെ ഡ്രൈവര്‍ ആയിരുന്നു ആ അമ്മാവന്‍ എന്ന് അപ്പോഴാണ്‌ മനസ്സിലായത്‌. അമ്മാവന്റെ കാര്‍ കിടന്നിരുന്നത്‌ ഒരു 'വശപ്പെശക്‌' സെറ്റപ്പിലായിരുന്നു. അതായത്‌, രണ്ട്‌ കാറുകളുടെ നടുവില്‍ രണ്ട്‌ വശവും നല്ല ഗ്യപ്പ്‌ ഇട്ട്‌ 'ഇനി ഒരു വണ്ടി ഇതിന്നിടയില്‍ അനുവദനീയമല്ല' എന്ന ഒരു സ്റ്റൈല്‍.


അമ്മാവന്റെ കാര്‍ ഒന്ന് സൈഡ്‌ ഒതുക്കി എന്റെ കാറിനുള്ള സ്ഥലം തരാം എന്ന് ആംഗ്യത്തിലൂടെ എന്നെ ബോദ്ധ്യപ്പെടുത്തി.


'ഓ.. അങ്ങനെ ആയിക്കോട്ടെ' എന്ന് വിചാരിച്ച്‌ ഞാന്‍ എന്റെ കാര്‍ അല്‍പം മുന്നോട്ടെടുത്ത്‌ അമ്മാവന്റെ ഡ്രൈവിംഗ്‌ അഭ്യാസത്തിന്‌ വഴിയൊരുക്കി.


വളരെ എക്സ്‌ പീരിയന്‍സ്ഡ്‌ ആയ ഒരു ഡ്രൈവറെ ആ അമ്മാവനില്‍ സങ്കല്‍പ്പിച്ച എനിയ്ക്ക്‌ വല്ല്യ കാലതാമസമില്ലാതെ ആ വിചാരം ക്യാന്‍സല്‍ ചെയ്യേണ്ടിവന്നു. എന്റെ കാറിന്‌ പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലമുണ്ടാക്കാനുള്ള അഭ്യാസത്തിന്നൊടുവില്‍ അമ്മാവന്‍ അമ്മാവന്റെ കാര്‍ നേരത്തേ കിടന്ന പൊസിഷനില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ അഡ്ജസ്റ്റ്‌ ചെയ്ത്‌ പാര്‍ക്ക്‌ ചെയ്തു. മാത്രമല്ല, 'ഇനി പാര്‍ക്ക്‌ ചെയ്തോളൂ' എന്ന സിഗ്നലും അമ്മാവന്‍ എനിയ്ക്ക്‌ തന്നു.


ഞാന്‍ അല്‍പം ബുദ്ധിമുട്ടി എന്റെ കാര്‍ ഉള്ള സ്ഥലത്ത്‌ പാര്‍ക്ക്‌ ചെയ്തു.

കാറില്‍ നിന്നിറങ്ങിയപ്പോള്‍ അമ്മാവന്റെ വക ഒരു കമന്റ്‌...

"വെറുതേ സ്റ്റിയറിംഗ്‌ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചിട്ട്‌ കാര്യമില്ല. ഹൈവേയില്‍ വെറുതേ വണ്ടി ഓടിച്ചാല്‍ ഡ്രൈവിംഗ്‌ ആവില്ല... വളവുകളില്‍ കൃത്യതയോടെ എടുക്കാന്‍ പഠിക്കണം..."


സാധാരണ ഇത്തരം വര്‍ത്തമാനം കേട്ടാല്‍ തിരിച്ച്‌ നാല്‌ വര്‍ത്തമാനം പറഞ്ഞ്‌ മനസ്സും വയറും നിറച്ചിട്ട്‌ അടങ്ങാറുള്ള എനിയ്ക്ക്‌ ഇത്‌ കേട്ട്‌ ചിരി വന്നു. 'വാദി പ്രതിയാകുക' എന്നത്‌ ഇതാ അനുഭവിക്കാനാകുന്നു. എട്ട്‌ കൊല്ലമായി സ്ഥിരമായി വണ്ടി ഓടിക്കുകയും അത്ര വല്ല്യ ആക്സിഡന്റുകളിലൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അത്യാവശ്യം തട്ടും മുട്ടും ഉരച്ചിലും നടത്തിയിട്ടുള്ള എന്റെ ഡ്രൈവിങ്ങിനെപ്പറ്റി അമ്മാവന്‍ പറയുന്ന കേട്ടാല്‍ തോന്നും ഞാന്‍ ഇപ്പോ ലൈസന്‍സ്‌ എടുത്ത്‌ നേരെ വരുന്ന വഴിയാണെന്ന്.


പക്ഷെ, ആ അമ്മാവനോട്‌ ഒന്നും എതിര്‍ത്ത്‌ പറയാന്‍ തോന്നിയില്ല. ഞാന്‍ ആ അമ്മാവനെ നോക്കി ചിരിച്ചുകൊണ്ട്‌ ചോദിച്ചു.

"ഈ കാര്‍ ഇവിടെ കിടന്നത്‌ കൊണ്ട്‌ അമ്മാവന്റെ വണ്ടി എടുക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ?"


"ഹേയ്‌ ഇല്ല.."


"ങാ.. എന്നാല്‍ അതവിടെ കിടന്നോട്ടെ..." ഇതും പറഞ്ഞ്‌ ഞാന്‍ ചിരിച്ചുകൊണ്ട്‌ നടന്നു.


എന്റെ വരവ്‌ കണ്ട്‌ മുന്നില്‍ നടന്നിരുന്ന ഭാര്യ കാര്യം ആരാഞ്ഞു. ഇത്തരം ഘട്ടങ്ങളില്‍ നല്ല മുട്ടന്‍ വഴക്ക്‌ കഴിഞ്ഞ്‌ വരാറുള്ള എന്നെ ചിരിച്ചുകൊണ്ട്‌ കണ്ടതിലായിരുന്നു അവള്‍ക്ക്‌ അത്ഭുതം.


"പാവം... അങ്ങേരോട്‌ എന്ത്‌ പറയാനാ???" ഞാന്‍ പറഞ്ഞു.


"നന്നായി ഒന്നും പറയാഞ്ഞത്‌.. അങ്ങേര്‍ക്ക്‌ ആ ആനന്ദം അങ്ങനെ നില്‍ക്കട്ടെ.." ഇത്‌ കേട്ട്‌ നിന്നിരുന്ന അച്ഛന്‍ പറഞ്ഞു.


അമ്പലത്തിന്റെ കോമ്പൗണ്ടില്‍ കയറി കുറച്ച്‌ കഴിഞ്ഞപ്പോള്‍ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ച്‌ ഞാന്‍ ഭാര്യയോട്‌ പറഞ്ഞു.


"നീ ഒന്ന് നോക്കിയേ... ഇവിടെ വരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഉണ്ട്‌... മാനസികമായ ഒരു മിസ്സിംഗ്‌.."


"ദേ... വെറുതേ ദൈവദോഷം പറയണ്ടാട്ടോ..." ഭാര്യയുടെ ഭീഷണി.


"അല്ലാന്നേ...നീ ഒന്ന് ആളുകളെ സൂക്ഷിച്ച്‌ നോക്ക്‌.. അപ്പോ മനസ്സിലാവും..." ഇതും പറഞ്ഞ്‌ ഞാന്‍ രണ്ട്‌ മൂന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തു.


"ശരിയാ... അങ്ങനെയുള്ളവര്‍ ധാരാളം വരുന്ന സ്ഥലമാ ഇത്‌.." അച്ഛന്‍ വിശദീകരിച്ചു.


അപ്പോഴെയ്ക്കും അമ്മ കൗണ്ടറില്‍ നിന്ന് വഴിപാടുകളുടെ രസീതിയുമായെത്തി.


"ഹായ്‌.. കമ്പ്യൂട്ടര്‍ പ്രിന്റൗട്ട്‌..." രസീതി നോക്കി ഞാന്‍ പറഞ്ഞു. ആ പ്രിന്റില്‍ വന്ന പേരുകള്‍ ഞാന്‍ വായിച്ചപ്പോള്‍ എന്റെയും ഭാര്യയുടേയും പേരുകള്‍ തെറ്റിയാണ്‌ പ്രിന്റ്‌ ചെയ്തിരിക്കുന്നത്‌.


"ദേ.. അമ്മ ഈ വഴിപാട്‌ വേറെ ആര്‍ക്കോ വേണ്ടിയാണല്ലോ നടത്തുന്നത്‌.." ഞാന്‍ പറഞ്ഞു.


"ഹേയ്‌.. അതില്‍ നാളും എഴുതിയിട്ടുണ്ട്‌.." ഭാര്യയുടെ വിശദീകരണം.


"ഈ പേരില്‍ ഈ നാളുള്ള എത്ര പേര്‍ കാണും.. എന്തായാലും ഈ വഴിപാടിന്റെ കാശ്‌ അമ്മ മുടക്കിയിട്ട്‌ അത്‌ വേറെ ആര്‍ക്കോ വേണ്ടി ആയിപ്പോയെന്ന് മാത്രം.." ഞാന്‍ തുടര്‍ന്നു.


"ദേ.. വെറുതേ അമ്മയെ ടെന്‍ഷന്‍ ആക്കണ്ടാട്ടോ..." ഭാര്യയ്ക്കും ടെന്‍ഷന്‍..


"ഹേയ്‌.. അതൊന്നും സാരമില്ല... നമ്മള്‍ വഴിപാട്‌ ചെയ്യുന്നു എന്നേയുള്ളൂ... പേര്‌ തെറ്റിയാലൊന്നും കുഴപ്പമില്ല.." അമ്മ ആശ്വസിക്കാന്‍ ശ്രമിച്ചു.


അപ്പോഴാണ്‌ 'വഴിപാട്‌' എന്നതിന്റെ അര്‍ത്ഥം എനിയ്ക്ക്‌ ശരിയ്ക്ക്‌ മനസ്സിലായത്‌. പണ്ടൊക്കെ പഠിക്കുന്ന കാലത്ത്‌ അമ്മയെ ബൊധിപ്പിക്കാന്‍ പുസ്തകം എടുത്ത്‌ കയ്യില്‍ വച്ച്‌ ടി.വി. യുടെ മുന്നിലിരിയ്ക്കുമ്പോള്‍ അമ്മ പറയുന്ന കേട്ടിട്ടുണ്ട്‌.. "നീ ഇങ്ങനെ വഴിപാട്‌ കഴിയ്ക്കാനായി പുസ്തകം നിവര്‍ത്തി വയ്ക്കേണ്ട.." എന്ന്. ആ പറഞ്ഞ വഴിപാടിന്റെ ശാസ്ത്രീയമായ അടിസ്ഥാനം ഇപ്പോഴാണ്‌ മനസ്സിലായത്‌.


"അതേയ്‌.. ഇത്‌ അവര്‍ വെബ്‌ ബേസ്ഡ്‌ സോഫ്റ്റ്‌ വെയറില്‍ ആയിരുന്നു ഡാറ്റാ എന്റ്രി ചെയ്തിരുന്നതെങ്കില്‍ ഈ വഴിപാടുകളുടെ കണക്ക്‌ ദൈവത്തിന്‌ നേരെ ആക്സസ്‌ ചെയ്യാമായിരുന്നില്ലേ??" ഞാന്‍ ഒരു സംശയം ഭാര്യയോട്‌ ചോദിച്ചു.


"എന്ത്‌??" എന്നെ ഒരല്‍പം വിചിത്രമായ ഒരു നോട്ടത്തോടെ ഭാര്യ ചോദിച്ചു.


"അല്ലാ... ഇത്‌ ദിവസവും വൈകീട്ട്‌ ഈ കൗണ്ടറിലെ ഡാറ്റാ ദൈവത്തിന്റെ സെര്‍വര്‍ മെഷീനിലോട്ട്‌ അപ്‌ ലോഡ്‌ ചെയ്യണ്ടി വരില്ലേ എന്നതുകൊണ്ട്‌ ചോദിച്ചതാ??"


ഇത്തവണ ഭാര്യ ഒരല്‍പം നീങ്ങിയിട്ട്‌ മാനസികവൈകല്ല്യമുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുമാറ്‌ ഒന്ന് നോക്കി. എന്നിട്ട്‌ വേഗം മുന്നോട്ട്‌ നടന്നു. അവളെ പ്രകോപിപ്പിക്കുക എന്ന എന്റെ ലക്ഷ്യം വിജയം കണ്ട സന്തോഷത്തില്‍ ഞാന്‍ പിന്നാലെ നടന്നു.


ഭാര്യയും അച്ഛനും അമ്മയും അമ്പലത്തിന്റെ ഉള്ളിലേയ്ക്ക്‌ കടക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഭാര്യ എന്നോട്‌ ചോദിച്ചു..


"ഉള്ളിലേയ്ക്ക്‌ വരുന്നുണ്ടോ??"


"ഹേയ്‌ ഇല്ല... ആണുങ്ങളുടെ മാത്രമായുള്ള ബോഡി ഷോ എനിയ്ക്ക്‌ താല്‍പര്യമില്ല..." ഞാന്‍ പറഞ്ഞു.


ഇനി കൂടുതല്‍ കേള്‍ക്കാന്‍ വയ്യെന്ന എക്സ്പ്രഷനോടെ അവള്‍ വേഗം ഉള്ളിലേയ്ക്ക്‌ നടന്നു. പോകുന്ന പോക്കില്‍ മോളുടെ തൊപ്പിയും പോപ്പി കുടയും എന്നെ ഏല്‍പ്പിച്ചു.


ആ തൊപ്പിയും ചെറിയ പോപ്പി കുടയും പിടിച്ച്‌ നടന്നപ്പോള്‍ എനിയ്ക്ക്‌ തന്നെ ഒരു കൗതുകം തോന്നി. നടക്കുന്നതിന്നിടയില്‍ മഴപെയ്ത്‌ വെള്ളം കെട്ടിക്കിടക്കുന്ന ഒരു സ്ഥലം എത്തിയപ്പോള്‍ ഞാന്‍ അത്‌ ചാടിക്കടക്കുകയും ചെയ്തു. ഉടനെ എനിയ്ക്ക്‌ 'മണിച്ചിത്രത്താഴ്‌' എന്ന സിനിമയില്‍ പപ്പു വെള്ളം ചവിട്ടാതെ ചാടി ചാടി നടക്കുന്ന സീന്‍ ഓര്‍മ്മ വന്നു. ഒരു ചെറു ചിരിയോടെ ഞാന്‍ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ അല്‍പം നീങ്ങിയുള്ള വിശ്രമസ്ഥലത്ത്‌ ഇരിക്കുന്ന ചിലര്‍ എന്നെ കൗതുകത്തോടെ നോക്കുന്ന വിവരം എനിയ്ക്ക്‌ ബോദ്ധ്യപ്പെട്ടു. അവിടെ ഒരാള്‍ അയാളുടെ ഭാര്യയ്ക്ക്‌ എന്നെ ചൂണ്ടിക്കാട്ടി എന്തോ വിശദീകരിച്ച്‌ കൊടുക്കുന്നു. ഞാന്‍ എന്റെ ഭാര്യയ്ക്ക്‌ വിശദീകരിച്ച്‌ കൊടുത്തത്‌ എന്തോ അത്‌ തന്നെയാവും ഇപ്പോള്‍ അയാളും ചെയ്യുന്നതെന്ന് മനസ്സിലാവാന്‍ വല്ല്യ ബുദ്ധിമുട്ടുണ്ടായില്ല. 'കണ്ടോ.. ചെറിയ കുട്ടിയുടെ പ്രകൃതം... എന്താ ചെയ്യാ... പാവം...' എന്നായിരിയ്ക്കും അവിടുത്തെ ചര്‍ച്ച.


ഞാന്‍ ആക്‌ ഷന്‍സ്‌ പരമാവധി കുറച്ച്‌ അല്‍പം നീങ്ങി ഒതുങ്ങി നിന്നു.


തൊട്ടപ്പുറത്ത്‌ കൂടി നില്‍ക്കുന്ന ഒരു ഫാമിലിയോട്‌ ഒരു വല്ല്യമ്മയുടെ നിര്‍ത്താതെയുള്ള വിശേഷം പറച്ചില്‍. കുറച്ച്‌ കഴിഞ്ഞിട്ടും വളരെ സത്യസന്ധമായ ഈ വിശേഷം പറച്ചില്‍ തീരാത്തതെന്താണെന്നറിയാന്‍ തിരിഞ്ഞ്‌ നോക്കിയ ഞാന്‍ കണ്ടത്‌ ആ വല്ല്യമ്മ തന്നെ കണ്ണടച്ച്‌ നിന്ന് അത്യുത്സാഹത്തില്‍ വിശേഷം പറയുന്നതാണ്‌. നേരത്തേ അടുത്ത്‌ നിന്നിരുന്നവരോടല്ല അവര്‍ ഇത്ര നേരം സംസാരിച്ചതെന്ന് എനിയ്ക്കപ്പോഴാണ്‌ മനസ്സിലായത്‌. എന്നാലും അവര്‍ വളരെ സന്തോഷവതിയായി മനസ്സുതുറക്കുന്നത്‌ കണ്ട്‌ അനുകമ്പയാണോ വിഷമമാണോ തോന്നിയതെന്നറിയില്ല.


അപ്പോഴെയ്ക്കും ദൈവത്തിന്റെ തൊട്ടടുത്ത്‌ ചെന്ന് വിവരം പറഞ്ഞതിന്റെ നിര്‍വൃതിയോടെ ഭാര്യയും സംഘവും തിരിച്ചെത്തി.


ഇനി അടുത്ത ഭാഗത്തേയ്ക്ക്‌....... പോകുന്ന വഴിയില്‍ കാണുന്ന വല്ല്യമ്മമാരെല്ലാം കൈ നോട്ടക്കാരും ലക്ഷണം പറച്ചിലുകാരും...


"മോനേ.. ഒരു മാറ്റം വരാനുണ്ട്‌..." ഒരു വല്ല്യമ്മ എന്നെ ഒന്ന് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു.


"ഉവ്വ്‌ വല്ല്യമ്മേ... മാറ്റമുണ്ട്‌... ഇന്ന് ശനിയാഴ്ച... അത്‌ നാളെ മാറി ഞായറാഴ്ചയാവും.." ഞാന്‍ പറഞ്ഞുകൊണ്ട്‌ മുന്നോട്ട്‌ നടന്നു.


ഭാര്യയും സംഘവും വീണ്ടും അടുത്ത സെക്‌ ഷനിലേയ്ക്ക്‌ കടന്നപ്പോള്‍ ഞാന്‍ പതിവുപോലെ പുറത്ത്‌ കാവല്‍...


(ഇങ്ങനെ പല സ്ഥലത്ത്‌ വച്ചും ഈ കൈനോട്ടക്കാരെ ഞാന്‍ അവരറിയാതെ നിരീക്ഷിക്കാറുണ്ട്‌. സ്ത്രീകളെ പെട്ടെന്ന് പ്രലോഭിപ്പിച്ച്‌ കൈ നോട്ടത്തില്‍ കൊണ്ടെത്തിക്കാന്‍ സാധിക്കും. "മോളേ... മോള്‍ക്ക്‌ ഒരു വിഷമമുണ്ടല്ലോ.... അത്‌ മാറാന്‍ സമയമായിരിയ്ക്കുന്നു.." എന്നോ "ഒരു മാറ്റം സംഭവിയ്ക്കാന്‍ പോകുന്നു... ഒരു കാര്യം കാശില്ലാതെ പറയാം .. ഒന്ന് നില്‍ക്ക്‌ മോളേ.." എന്നോ പറഞ്ഞ്‌ പിന്നാലെ കൂടുമ്പോള്‍ ചിലരെങ്കിലും ഒന്ന് സംശയിയ്ക്കും. അങ്ങനെ ഒരു സംശയം തോന്നിക്കിട്ടിയാല്‍ അവരെ കസ്റ്റമര്‍ ആക്കിയെടുക്കുന്ന കാര്യം പെട്ടെന്ന് കഴിയും.)


"ദേ.. ഈ മോന്റെ ഒരു കാര്യം പറയാനുണ്ട്‌..." എന്ന് പറഞ്ഞ്‌ ഒരു ഫാമിലിയിലെ ഒരു കുട്ടിയുടെ കയ്യില്‍ പിടിച്ച്‌ നിര്‍ത്തി ഒരു കൈനോട്ടക്കാരി വല്ല്യമ്മ മുഖവുരയിട്ടു. ആ കൊച്ചിന്റെ അമ്മ വന്ന് കുട്ടിയുടെ കൈ പിടിച്ച്‌ വലിച്ച്‌ മുന്നോട്ട്‌ വീണ്ടും നടന്നു. പോകുന്ന പോക്കില്‍ വല്ല്യമ്മയോട്‌ ഒരു കമന്റും "ഇത്‌ മോനല്ല.. മോളാ... ഈ വല്ല്യമ്മയുടെ ഒരു കാര്യം..."


വല്ല്യമ്മയുടെ മുഖലക്ഷണം അതിന്റെ ബേസിക്‌ പോയിന്റില്‍ തന്നെ പരാജയപ്പെട്ടത്‌ കണ്ട്‌ എനിയ്ക്ക്‌ ചിരിവന്നു. പക്ഷെ, അവര്‍ക്കതൊരു പ്രശ്നമല്ല.. അവര്‍ അടുത്ത ആളുടെ അടുത്തേയ്ക്‌ നീങ്ങി...


അങ്ങനെ അവിടുത്തെ കാര്യപരിപാടികളെല്ലാം കഴിഞ്ഞ്‌ ഭാര്യയും അച്ഛനും അമ്മയും മിന്നുവും തിരിച്ചെത്തി.


വണ്ടി പാര്‍ക്ക്‌ ചെയ്തിരിക്കുന്ന സ്ഥലത്ത്‌ എത്തിയപ്പോള്‍ ആ അമ്മാവന്‍ തന്റെ കാര്‍ വീണ്ടും മാറ്റി പ്രതിഷ്ഠിച്ചിരിക്കുന്നു. എന്നെ നോക്കി അദ്ദേഹം ചിരിച്ചുകൊണ്ട്‌ തലയാട്ടി. ഞാനും ചിരിച്ചു. നേരത്തേ ആ അമ്മാവനോട്‌ ദേഷ്യപ്പെടാതിരുന്നത്‌ എത്ര നന്നായി എന്ന് എനിയ്ക്ക്‌ തോന്നി.


ആ അമ്മാവന്‍ പറഞ്ഞ ഡയലോഗ്‌ ചിരിച്ചുകൊണ്ട്‌ കേട്ടതിനാല്‍ ഇതാ ഇപ്പോഴും അയാള്‍ സന്തോഷവാനായി ഇരിയ്ക്കുന്നു... യാത്രയാക്കുന്നു...


പ്രകോപനങ്ങളെ പുഞ്ചിരിച്ചുകൊണ്ട്‌ അഭിമുഖീകരിക്കുന്നതിന്റെ സുഖം മനസ്സിലാക്കിത്തന്ന ഒരു ചെറിയ സംഭവം കൂടിയായിരുന്നു അത്‌.