സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, October 22, 2008

ഐ.ടി. കുട്ടപ്പന്റെ കത്ത്‌

പ്രിയപ്പെട്ട ബാബു,

ഞാന്‍ ഇങ്ങനെ ഒരു എഴുത്ത്‌ എഴുതുമെന്ന് നീ വിചാരിച്ചുകാണില്ല... ഞാന്‍ പോലും വിചാരിച്ചതല്ല, പക്ഷേ, 'ആഗോളമാന്ദ്യം' എന്ന സംഗതി എന്നെ മാതൃഭാഷ പൊടിതട്ടിയെടുക്കാനും അത്‌ ഒരു പേപ്പറില്‍ എഴുതാനും പ്രേരിപ്പിച്ചു, ഒരു മെയില്‍ ഐഡി പോലും ഇല്ലാത്തതിന്റെ പേരില്‍ നിന്നെ ഞാന്‍ പണ്ട്‌ കളിയാക്കിയപ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ ക്ലാര്‍ക്കായ എനിക്കെന്തിനാടാ ഈമെയില്‍ ഐഡി എന്ന് നീ എന്നോട്‌ ചോദിച്ച ഓര്‍മ്മയുള്ളതുകൊണ്ട്‌ പ്രത്യേകിച്ചും...

ഇപ്പോഴും പോസ്റ്റ്‌ മാന്‍ എന്ന ജീവി നാട്ടിലൊക്കെ ഉണ്ടാകും എന്ന വിശ്വാസത്തോടെയാണ്‌ ഞാന്‍ ഈ എഴുത്ത്‌ എഴുതുന്നത്‌.

ഈ എഴുത്ത്‌ എഴുതാനുള്ള കാരണം എന്തെന്നാല്‍ ആഗോളമാന്ദ്യം എന്ന ഒരു സംഭവം ഈയിടെ ഇറങ്ങിയിട്ടുണ്ട്‌. അതിന്റെ പേരില്‍ ഐ.ടി. കമ്പനികളും മറ്റും ആളുകളെ യാതൊരു ദാക്ഷിണ്യവും കാണിക്കാതെ ജോലിയില്‍ നിന്ന് പറഞ്ഞ്‌ വിട്ടുകൊണ്ടിരിക്കുകയാണ്‌. എന്റെ കമ്പനിയില്‍ തന്നെ ഞങ്ങളുടെ ശമ്പളം പകുതി കുറച്ചു. ഉടനേ കുറേപേരെയെങ്കിലും പറഞ്ഞ്‌ വിടുമെന്ന് പറയുന്ന കേള്‍ക്കുന്നു. അതുകൊണ്ട്‌ തന്നെ ആരുടേയും കണ്ണില്‍ പെടാതെ ഒളിച്ചും പാത്തുമാണ്‌ ഓഫീസില്‍ ഇരിക്കുന്നത്‌. എങ്ങാനും കണ്ടാല്‍, 'ങാ.. നീ ഇതുവരെ പോയില്ലേ...' എന്ന് ചോദിച്ച്‌ പറഞ്ഞ്‌ വിട്ടാലോ എന്ന ഭയം എന്നെ വല്ലാതെ പിടികൂടിയിട്ടുണ്ട്‌. ഇന്നല്ലെങ്കില്‍ നാളെ എന്റെ ജോലി തെറിക്കും.

എന്റെ പൂര്‍വ്വകാല പ്രവര്‍ത്തികളും വാക്കുകളും നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നീ എന്നോട്‌ ക്ഷമിക്കണം. അത്തരം വേദനിപ്പിച്ച സംഗതികളില്‍ ചിലത്‌ എന്റെ മനസ്സില്‍ തികട്ടി വരുന്നത്‌ ഞാന്‍ സൂചിപ്പിക്കാം. (ഭക്ഷണം കഴിക്കാത്തതുകൊണ്ട്‌ വയറ്റില്‍ നിന്നുള്ള തികട്ടി വരവ്‌ ഇപ്പോഴില്ല)

1. ഞാന്‍ ബി.ടെക്‌. പഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ എനിക്ക്‌ കാമ്പസ്‌ റിക്രൂട്ട്‌ മെന്റ്‌ നടക്കുമ്പോള്‍ ഞാന്‍ നിന്നോട്‌ പറഞ്ഞ വാക്കുകള്‍...
"മിനിമം മുപ്പതിനായിരം രൂപ ശമ്പളം ഇല്ലെങ്കില്‍ ഒരുത്തന്റേയും ജോലി എനിയ്ക്ക്‌ വേണ്ട" എന്ന് ഞാന്‍ പറഞ്ഞ്‌ അഹങ്കരിച്ചിരുന്നു. അന്ന് എനിയ്ക്ക്‌ ജോലി കിട്ടിയപ്പോള്‍ നീ പി.എസ്‌.സി. ടെസ്റ്റ്‌ എഴുതി നടക്കുകയായിരുന്നു. "സര്‍ക്കാര്‍ ജോലി ചെയ്യാന്‍ നാണമില്ലേ?" എന്നൊക്കെ ചോദിച്ച്‌ ഞാന്‍ നിന്നെ ഒരുപാട്‌ കളിയാക്കിയിട്ടുണ്ട്‌... നീ അതൊക്കെ മറന്നുകാണും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു... അഥവാ ഇപ്പോള്‍ ഓര്‍ത്തെങ്കില്‍ പെട്ടെന്ന് മറക്കണം...

2. അന്ന് ഞാന്‍ അവധിക്ക്‌ നാട്ടില്‍ വന്നപ്പോള്‍ നമ്മള്‍ ഒരുമിച്ച്‌ അപ്പു അണ്ണന്റെ ഹോട്ടലില്‍ കയറി. പിസ്സായും ബര്‍ഗറും ഇല്ല എന്ന കാരണത്താല്‍ ഞാന്‍ ഒന്നും കഴിച്ചില്ലെങ്കിലും നീ അന്ന് പുട്ടും കടലയും കഴിച്ചു. ഒരു ചായ കുടിക്കാന്‍ നീ നിര്‍ബദ്ധിച്ചെങ്കിലും 'പെപ്സിയോ , കോക്കോ ഇല്ലാത്ത എന്ത്‌ ഭക്ഷണം' എന്ന് പറഞ്ഞ്‌ ഞാന്‍ നിന്റെ നിര്‍ബദ്ധത്തെ അവഗണിച്ചു. അപ്പു അണ്ണനേയും ഈ സംഭവം വേദനിപ്പിച്ചുകാണും. ഇനി ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അപ്പുവണ്ണനോടും ക്ഷമ ചോദിച്ചുകൊള്ളാം.. പാവം, നല്ല മനസ്സുള്ള ഇത്തരം മനുഷ്യരെ മറക്കരുത്‌ എന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌. പുട്ടും കടലയ്ക്കും ഇപ്പോഴും നല്ല ടേസ്റ്റ്‌ ആയിരിയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.

3. ഒരു LIC പോളിസി ചേരാന്‍ നീ നിര്‍ബദ്ധിച്ചപ്പോള്‍ ഞാന്‍ നിന്നെ വല്ലാതെ അവഹേളിച്ചു. മോഡേര്‍ണ്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ ഞാന്‍ 4-5 ഇന്‍ഷുറന്‍സുകള്‍ എടുത്തിട്ടുണ്ടെന്നും "LIC പോലത്തെ പഴഞ്ചന്‍ കാര്യങ്ങളുമായി നടക്കാന്‍ നാണമില്ലേ..?" എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. അതൊക്കെ നീ പൊറുക്കണം.. ഞാന്‍ ഇത്രനാളും അടച്ച കാശെല്ലാം ആ കമ്പനികള്‍ മുക്കി എന്നാണ്‌ തോന്നുന്നത്‌. ഇനി അഥവാ ആ കമ്പനികള്‍ പൂട്ടിയില്ലെങ്കിലും കാലാവധി കഴിയുമ്പോള്‍ (20 കൊല്ലം), അത്‌ അടച്ച തുകയുടെ പകുതിപോലും കാണില്ല എന്നും കേള്‍ക്കുന്നുണ്ട്‌. അടയ്ക്കുന്നത്‌ നിര്‍ത്തിയാല്‍ ഇത്‌ വരെ അടച്ചതല്ലേ പോകൂ എന്നും പലരും അഭിപ്രായപ്പെട്ടു. അതുകൊണ്ട്‌ എന്ത്‌ ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. ജോലി പോയാല്‍ പിന്നെ കണ്‍ഫിയൂഷന്‍ ഇല്ലല്ലോ, അടവ്‌ താനേ നിന്നോളും.

4. വിലക്കുറവിന്‌ നാട്ടില്‍ കുറച്ച്‌ സ്ഥലം കണ്ടപ്പോള്‍ അത്‌ വാങ്ങി ഒരു വീട്‌ വയ്ക്കാന്‍ നീ എന്നെ ഉപദേശിച്ചു. ഈ ഗ്രാമത്തില്‍ വന്ന് ആരെങ്കിലും സ്ഥലം വാങ്ങി വീട്‌ പണിയുമോ എന്ന് ചോദിച്ച്‌ ഞാന്‍ നിന്ന കളിയാക്കി. എന്നിട്ട്‌, ഞാന്‍ ഒരു ഫ്ലാറ്റ്‌ വാങ്ങി. അന്ന് പലിശ 7 ശതമാനമായിരുന്നത്‌ ഇപ്പോള്‍ 11.5 ശതമാനത്തോളമായെങ്കിലും ഞാന്‍ ബുദ്ധിമുട്ടില്ലാതെ ഇന്‍സ്റ്റോള്‍മന്റ്‌ അടച്ച്‌ പോന്നിരുന്നു. ഇപ്പോള്‍ ശമ്പളം കുറച്ചപ്പോള്‍ ലോണ്‍ അടയ്ക്കാന്‍ വലിയ ബുദ്ധിമുട്ടായി. അടച്ചില്ലെങ്കില്‍ അവന്മാര്‍ ലോണ്‍ തരാന്‍ കാണിച്ച ശുഷ്‌ കാന്തിയോടെ തന്നെ പലിയ കണക്കാക്കലും മറ്റും ചെയ്യും എന്നാണ്‌ അറിഞ്ഞത്‌. ഇനിയിപ്പോള്‍ ജോലി പോയാല്‍ ഫ്ലാറ്റ്‌ ബാങ്ക്‌ എടുത്തോളും. പോയത്‌ പോയി.. ഇനി പറഞ്ഞിട്ടെന്താ...

5. നീ ഒരു ബൈക്ക്‌ വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാര്‍ വാങ്ങിയ കാര്യം പറഞ്ഞ്‌ അതിന്റെ ഫീച്ചേര്‍സ്‌ വിവരിച്ച്‌ നിന്നെ അവഗണിച്ചു. 'കുറഞ്ഞ പലിശയ്ക്ക്‌ പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണോ ലോണ്‍ എടുത്തത്‌ ?' എന്ന് ചോദിച്ചതിന്‌ ഞാന്‍ നിന്നെ പരിഹസിച്ചു. 'പിന്നാലെ നടന്ന് ലോണ്‍ തരാന്‍ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ ഉള്ളപ്പോള്‍ ആരെങ്കിലും പലിശ കുറവിനായി ബുദ്ധിമുട്ടുമോ' എന്ന് ഞാന്‍ നിന്നോട്‌ ചോദിച്ചിരുന്നു.
ഇപ്പോള്‍ കാര്‍ ലോണിന്റെ മാസ അടവ്‌ തീരാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ്‌. കാര്‍ലോണ്‍ അടച്ചില്ലെങ്കില്‍ കാര്‍ അവര്‍ കൊണ്ടുപോകുമായിരിയ്ക്കും. അപ്പോള്‍ ഇത്‌ വരെ അടച്ചതില്‍ വല്ലതും ബാക്കി തന്നാല്‍ അതുകൊണ്ട്‌ കുറച്ച്‌ നാള്‍ തെണ്ടിത്തിരിഞ്ഞ്‌ ജീവിക്കാമായിരുന്നു.

മേല്‍ പ്രസ്താവിച്ച സംഗതികളില്‍ എനിയ്ക്ക്‌ വല്ലാത്ത കുറ്റബോധം ഉണ്ട്‌. അതില്‍ ഏതെങ്കിലും നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിച്ച്‌ കളയൂ.. നീ അതൊന്നും കാര്യമാക്കിയിട്ടുണ്ടാവില്ല എന്ന് എനിക്കറിയാം.. എന്നാലും...

പിന്നെ, എന്റെ അനിയന്‍ MCA കഴിഞ്ഞ്‌ കമ്പസ്‌ റിക്രൂട്ട്‌ മെന്റും കിട്ടി ചില സുഹൃത്തുക്കളോടൊപ്പം ഇവിടെ എന്റെ ഫ്ലാറ്റില്‍ വന്ന് താമസിക്കുന്നുണ്ട്‌. ഈ ഒറ്റയെണ്ണത്തിനും അടുത്തെങ്ങും ജോലിയില്‍ പ്രവേശിക്കാന്‍ പറ്റില്ല എന്ന് ഏകദേശം തീരുമാനമായി. ഇവിടെക്കിടന്ന് ആര്‍മ്മാദിക്കല്‌ നിര്‍ത്തി നാട്ടില്‍പോയി വല്ല പച്ചക്കറികൃഷിയോ മറ്റോ ചെയ്ത്‌ ജീവിക്കാന്‍ ഞാന്‍ അവറ്റകളെ ഒരുപാട്‌ ഉപദേശിച്ചു. എനിയ്ക്ക്‌ പണ്ട്‌ പറ്റിയതരം ആര്‍ഭാടങ്ങളും അഹങ്കാരങ്ങളും നാട്ടില്‍ കാണിച്ച്‌ നടന്നതിനാല്‍ ഒരെണ്ണത്തിനും നാട്ടില്‍ പോകാന്‍ മനസ്സ്‌ വരുന്നില്ല. കുറച്ച്‌ നാള്‍ പട്ടിണി കിടക്കുമ്പോള്‍ നാണക്കേടൊക്കെ മാറി അങ്ങ്‌ വന്നുകൊള്ളും.


ഇതൊക്കെ ഞാന്‍ പറഞ്ഞത്‌ എന്തിനെന്നാല്‍, നാട്ടില്‍ വന്നാല്‍ ജീവിച്ച്‌ പോകാന്‍ പറ്റിയ വല്ല പണിയും നീ വിചാരിച്ചാല്‍ സംഘടിപ്പിച്ച്‌ തരാന്‍ കഴിയും എന്ന് എനിയ്ക്ക്‌ ഉറപ്പുണ്ട്‌. നീ നാട്ടില്‍ അത്യാവശ്യം സാമൂഹ്യപ്രവര്‍ത്തനവും പിടിപാടും ഉള്ള ആളാണെന്നും എനിയ്ക്കറിയാം.

ജോലിയില്‍ പറ്റാവുന്നത്ര കാലം പിടിച്ച്‌ നില്‍ക്കുകയും, അത്‌ കഴിഞ്ഞാല്‍ പറ്റാവുന്നത്ര കാലം ഉള്ള ആര്‍ഭാടത്തില്‍ ജീവിക്കുകയും ചെയ്തിട്ട്‌ ഒരു പുതിയ മനിതനായി ഞാന്‍ അങ്ങ്‌ വരും... നീ എന്നെ നിരാശപ്പെടുത്തില്ല എന്ന് എനിയ്ക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌. നാട്ടില്‍ ഉള്ള ആ ചെറിയ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ പോയപ്പോള്‍ നീ ഒരുപാട്‌ എതിര്‍ത്തതുകൊണ്ട്‌ മാത്രം ഞാന്‍ അന്ന് വിറ്റില്ല. എന്തായാലും അത്‌ നന്നായി. കയറി കിടക്കാന്‍ ഒരു ഇടമുണ്ടല്ലോ ഇപ്പോഴും...

ഉടനേ നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ...

നിന്റെ കൂട്ടുകാരന്‍ കുട്ടപ്പന്‍... (പേര്‌ ഭാഗ്യത്തിന്‌ ഞാന്‍ മാറ്റിയിട്ടില്ല)

Monday, October 06, 2008

ഫോണ്‍ ഫ്രീക്വന്‍സി ടെസ്റ്റ്‌

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചേര്‍ത്തലയ്ക്കടുത്തുള്ള ഒരു പ്രദേശം.... വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ എന്ന് പറഞ്ഞാല്‍ ടെലഫോണ്‍ സര്‍വ്വസാധാരണമാകുന്ന കാലത്തിനും മുന്‍പ്‌. ടെലഫോണ്‍ കണക്‌ ഷനുകള്‍ കിട്ടിത്തുടങ്ങിയ കാലഘട്ടം...

പ്രദേശവും കാലഘട്ടവും മൗത്ത്‌ ലുക്കിംഗ്‌, കലുങ്ക്‌ സിറ്റിംഗ്‌, കമന്റ്‌ ബീറ്റിംഗ്‌, ഷുഗര്‍ ചാറ്റിംഗ്‌ എന്നീ പൂവാല ആക്റ്റിവിറ്റീസിന്‌ ബാധകമല്ല എന്ന കാരണത്താല്‍ തന്നെ, മേല്‍ പ്രസ്താവിച്ച പ്രദേശത്തേയും സ്ഥിതി വിഭിന്നമല്ല.

വൈകുന്നേരങ്ങളില്‍ റോഡരികിലെ കലുങ്കില്‍ കുത്തിയിരുന്ന് ആ വഴി പോകുന്ന തരുണീമണികളുടെ റേറ്റിംഗ്‌ നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട രണ്ട്‌ മൂന്ന് സുഹൃത്തുക്കള്‍ അവരുടെ പതിവ്‌ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ദിനേശനാണ്‌ ഇതില്‍ കൂടുതല്‍ സജീവം.

അപ്പോഴാണ്‌ ആ വഴി ദാമുവേട്ടന്റെ മകള്‍ ബീന ട്യൂഷന്‍ കഴിഞ്ഞ്‌ വരുന്നത്‌. ബീനയെ മൈന്‍ഡ്‌ ചെയ്തില്ലെങ്കില്‍ ദാമുവേട്ടന്‌ വിഷമമാവുമല്ലോ എന്ന് വിചാരിച്ച്‌ അങ്ങോട്ട്‌ ട്യൂണ്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌ ദാമുവേട്ടന്റെ വരവ്‌.

ദാമുവേട്ടന്റെ വക ഇഷ്ടം പോലെ കിട്ടി. ഇതിലും ഭേദം തല്ല് കൊള്ളുന്നതായിരുന്നു എന്ന് തോന്നത്തക്കവിധത്തിലുള്ള ഹൈ റേഞ്ച്‌ ചീത്തവിളികള്‍. കുടുംബക്കാരെയെല്ലാം ടച്ച്‌ ചെയ്തുകൊണ്ട്‌ തെറിവിളികള്‍ ഡെഡിക്കേറ്റ്‌ ചെയ്ത്‌ പോയിക്കൊണ്ടിരുന്നു.

"നാണം കെട്ട വകകള്‍... നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ..." എന്ന് അനുഗ്രഹിച്ചുകൊണ്ട്‌ പുള്ളിക്കാരന്‍ ഉപസംഗ്രഹിച്ചു.

കിട്ടേണ്ടത്‌ കിട്ടിയപ്പോള്‍ നാണം തോന്നിയില്ലെങ്കിലും ഒരല്‍പം പ്രതികാരദാഹം പിള്ളേര്‍ക്ക്‌ തോന്നുകയും അപ്പുറത്തെ വര്‍ക്കിച്ചേട്ടന്റെ കടയില്‍ നിന്ന് ഓരോ ഉപ്പ്‌ സോഡ കുടിച്ച്‌ ആ ദാഹം തല്‍ക്കാലും ഒതുക്കുകയും ചെയ്തു.

പക്ഷേ, ഉപ്പ്‌ സോഡയിലൊന്നും ഒതുങ്ങുന്ന ദാഹമായിരുന്നില്ല അതെന്ന് തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചു.

ദാമുവേട്ടന്റെ വീട്ടിലേയ്ക്ക്‌ ടെലഫോണ്‍ കണക്‌ ഷന്‍ കൊടുക്കാനായി ആള്‌ വന്നത്‌ കവലയില്‍ നിന്ന് അറിഞ്ഞ ലവന്മാര്‍ ദാമുവേട്ടന്റെ വീട്ടിലെ നമ്പര്‍ സംഘടിപ്പിച്ചു.

പിറ്റേന്ന് ഒരു ടെലഫോണ്‍ ബൂത്തില്‍ കയറി ദാമുവേട്ടന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തു.

"ഹലോ... ഇത്‌ ******** നമ്പര്‍ അല്ലേ?"

"അതേ... ആരാണ്‌ ?" ദാമുവേട്ടന്റെ മറുപടി.

"ഇത്‌ ടെലഫോണ്‍ എക്സ്ചേഞ്ചില്‍ നിന്നാണ്‌. ഞങ്ങള്‍ ഫോണിന്റെ ഫ്രീക്വന്‍സി ഒന്ന് ടെസ്റ്റ്‌ ചെയ്യാന്‍ വേണ്ടി വിളിച്ചതാ."

"ഫോണിന്റെ??? ഫ്രീക്വന്‍സീന്ന് വച്ചാല്‍?" ദാമുവേട്ടന്‌ കാര്യം വല്ല്യ പിടികിട്ടിയില്ല.

"ഈ ഫോണ്‍ കണക്‌ ഷന്‍ കൊടുക്കുമ്പോള്‍ ഞങ്ങള്‍ അതിന്റെ ഫ്രീക്വന്‍സി ഒന്ന് ടെസ്റ്റ്‌ ചെയ്യും, അത്‌ കറക്റ്റ്‌ ആണോന്ന് നോക്കാനാ.."

"ങാ.. ശരി, ചെയ്തോളൂ.." ദാമുവേട്ടന്‍ സമ്മതിച്ചു.

"ഞാന്‍ പറയുന്ന പോലെ ഒന്ന് സൗണ്ട്‌ ഉണ്ടാക്കണം.. ഫ്രീക്വന്‍സി ഞാന്‍ ചെക്ക്‌ ചെയ്തോളാം.."

"ശരി..." അതും ദാമുവേട്ടന്‌ സമ്മതം.

"പൂ ഹൂ........യ്‌................" ദിനേശന്‍ നല്ല ഒരു താളത്തില്‍, ഫ്രിക്വന്‍സിയില്‍ ഒന്ന് കൂവി.

അപ്പുറത്ത്‌ നിന്ന് ഒരു നിശബ്ദത. ദാമുവേട്ടന്‍ ഒന്ന് ശങ്കിച്ചു.

"ഹലോ... കേള്‍ക്കുന്നില്ലേ?" ദിനേശന്‍ വീണ്ടും.

"ങാ... ഉവ്വ്‌..." ദാമുവേട്ടന്റെ മറുപടി.

"ഞാന്‍ പറഞ്ഞ പോലെ ഒന്ന് ശബ്ദമുണ്ടാക്കൂ.. ഞങ്ങള്‍ക്ക്‌ വേറെ പണിയുള്ളതാ.. ഇത്‌ ടെസ്റ്റ്‌ ചെയ്ത്‌ കഴിഞ്ഞിട്ട്‌ വേണം ബാക്കി..." ദിനേശന്‍ ഒരല്‍പ്പം കടുപ്പിച്ചു.

"പൂ....ഹൂ.......യ്‌......" അപ്പുറത്ത്‌ നിന്ന് ദാമുവേട്ടന്റെ ശബ്ദം.

"ങാ... ഓ കെ യാണല്ലോ.... ഇനി ഒരു ഫീമെയില്‍ വോയ്സ്‌ ടെസ്റ്റ്‌ ചെയ്യണമല്ലോ.."

"അല്ലാ.. അത്‌... ഭാര്യ അടുക്കളയിലാ.. " ദാമുവേട്ടന്‌ ഒരു വൈക്ലബ്യം.

"ഇതും കൂടി മതി... വേഗമാവട്ടെ... പിന്നേയ്‌, ഫീമെയില്‍ വോയ്സ്‌ അധികം പ്രായമില്ലാത്തവരുടെയാകും നല്ലത്‌... വേറെ ആരെങ്കിലും?" ദിനേശന്‍ തിരക്ക്‌ കൂട്ടി.

"ങാ... മോളുണ്ട്‌ കൊടുക്കാം.."

ദാമുവേട്ടന്‍ മോള്‍ക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്‌ കേള്‍ക്കാം.

"ഹലോ.." അപ്പുറത്ത്‌ നിന്ന് ഫീമെയില്‍ വോയ്സ്‌.

"കുട്ടീ.. ഞാന്‍ പറഞ്ഞു തരുന്ന ഫ്രിക്വന്‍സിയില്‍ ഒന്ന് ശബ്ദമുണ്ടാക്കൂ പ്ലീസ്‌...

"ശരി..." മോള്‍ക്കും സമ്മതം.

"പൂ.....ഹൂ.......യ്‌.........." ദിനേശന്‍ നല്ല താളത്തില്‍ രാഗം ഇട്ടുകൊടുത്തു.

അപ്പുറത്ത്‌ നിന്ന് ഒരല്‍പ്പം ലജ്ജയോടെ പതിഞ്ഞ സ്വരത്തില്‍ ഫീമെയില്‍ വോയ്സ്‌. "പൂ.....ഹൂ.......യ്‌.........."

"ങാ.. മതി.. താങ്ക്സ്‌ ...ഫ്രിക്വന്‍സി കറക്റ്റാണെന്ന് കുട്ടി അച്ഛനോട്‌ പറഞ്ഞേക്കൂ.. താങ്ക്യൂ..." ദിനേശന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

**************************

പിറ്റേന്ന് ട്യൂഷന്‍ കഴിഞ്ഞ്‌ ദാമുവേട്ടന്റെ മകള്‍ വരുന്നതും നോക്കി ദിനേശനും കൂട്ടരും ഹൃദയമിടിപ്പോടെ കാത്തിരുന്നു. ആ കുട്ടി കടന്ന് പോയപ്പോള്‍ ദിനേശന്‍ നീട്ടി ഒരു വിളി...
"പൂ.....ഹൂ.......യ്‌.........."

*************************

ആ ഫ്രീക്വന്‍സി ടെസ്റ്റിന്റെ ഫലമായി ദാമുവേട്ടന്‍ മോളെ മദ്രാസില്‍ ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തി തുടര്‍ പഠനം നടത്തേണ്ടിവന്നു എന്നത്‌ വെറും ഔപചാരികം മാത്രം.