സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, July 31, 2006

ടീച്ചറുടെ സ്കൂട്ടര്‍ യാത്ര

എന്റെ വീടിന്റെ രണ്ട്‌ വീട്‌ അപ്പുറത്ത്‌ ഗ്രേസി ടീച്ചര്‍ താമസിച്ചിരുന്നു. വയസ്സ്‌ ഒരു 40-45 റേഞ്ചില്‍ വരും...

ഒരു ദിവസം ടീച്ചര്‍ ഒരു കൈനെറ്റിക്‌ ഹോണ്ട വാങ്ങിച്ചു. ('ടീച്ചര്‍ക്കെന്താ കൈനെറ്റിക്‌ ഹോണ്ട വാങ്ങിച്ചാല്‌?' എന്ന് നിങ്ങള്‍ക്ക്‌ തോന്നാം... പക്ഷെ, നാട്ടുകാരുടെ കാര്യം അതല്ലല്ലോ...)

ടീച്ചര്‍ പെട്ടെന്ന് ആ നാട്ടില്‍ ഹിറ്റായി...

രംഗം ഒന്ന്...

ടീച്ചറതാ.. പടിഞ്ഞാറു നിന്ന് കിഴക്കോട്ട്‌ എന്റെ വീടിനു മുന്നിലെ റോഡിലൂടെ ടീച്ചറുടെ വീട്ടിലേക്ക്‌ വണ്ടിയോടിച്ചു പോകുന്നു. എന്റെ വീട്‌ കഴിഞ്ഞ്‌ ഉടനെ വലത്തോട്ട്‌ ഒരു വളവുണ്ട്‌. ആ വളവ്‌ കഴിഞ്ഞാലാണ്‌ ടീച്ചറുടെ വീട്‌.

ഞാന്‍ നോക്കുമ്പോള്‍ ടീച്ചര്‍ വളവു തിരിയാതെ നെരെ വച്ചു പിടിക്കുന്നു. രണ്ട്‌ കാലും രണ്ട്‌ വശത്തായി കുത്തി കുത്തി വണ്ടിയില്‍ ഇരുന്നുകൊണ്ടൊരു ആമ നട....

പിന്നല്ലേ സംഭവം പിടി കിട്ടിയത്‌... ടീച്ചര്‍ വണ്ടി ഓടിക്കുകയല്ലാ... മറിച്ച്‌, ടീച്ചറെ മുകളിലിരുത്തി വണ്ടി പോകുകയാണ്‌ എന്ന്...

(ഇത്‌ വരാനിരിക്കുന്ന സംഭവപരമ്പരയുടെ ഒരു സൂചനയാണെന്ന് എനിക്ക്‌ മനസ്സിലായില്ല.)

രംഗം രണ്ട്‌

എന്റെ അമ്മാമന്റെ മകന്‍ ദീപു ചേനത്തുനാട്‌ വഴിയിലൂടെ 'മുക്കാല.. മുക്കാബലാ' പാട്ടും പാടി സൈക്കിള്‍ ചവിട്ടി പോരുന്നു.

പൊതുവെ തിരക്കൊഴിഞ്ഞ റോഡ്‌... പിന്നില്‍ നിന്നുമുള്ള സ്കൂട്ടറിന്റെ ശബ്ദം കേട്ട്‌ ദീപു സൈക്കിള്‍ പരമാവധി സൈഡാക്കി. ചവിട്ടാതെ തന്നെ സൈക്കിളിന്റെ സ്പീഡ്‌ കൂടുന്നു.. ഒരു പുഷിംഗ്‌ എഫ്ഫെക്റ്റ്‌... ടീച്ചറുടെ സ്കൂട്ടര്‍ തന്നെ വിടാതെ പുഷ്‌ ചെയ്ത്‌ പിടിച്ചിരിക്കുകയാണെന്ന് ദീപു ഇടക്കണ്ണിട്ട്‌ കണ്ടു.

ഒടുവില്‍ ഇടതുവശത്തെ സുരുച്ചേട്ടന്റെ മുള്ളുവേലിയില്‍ ഇടിച്ചു കയറ്റി തട്ടിമറിച്ചിട്ട്‌ ആ രംഗം ടീച്ചര്‍ അവസാനിപ്പിച്ചു.

രംഗം മൂന്ന്

ദീപു പതിവുപോലെ ട്യൂഷന്‍ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുന്നു. പിന്നില്‍ ദൂരെ ഒരു സ്കൂട്ടര്‍ ശബ്ദം..

ദീപു തിരിഞ്ഞു നോക്കി...

അതാ... ടീച്ചര്‍ വരുന്നു...

'എന്റെ കണ്ണമ്പുഴ ദേവീ..' എന്ന് വിളിച്ച്‌ ദീപു ചാടിയിറങ്ങി സൈക്കിള്‍ സ്റ്റാന്റിട്ട്‌ നിര്‍ത്തി. വലതു വശത്തെ തിലകന്‍ ചേട്ടന്റെ മതിലില്‍ ചാടിക്കയറി...

സൈഡ്‌ ഒതുക്കി സ്റ്റാന്റ്‌ ഇട്ടു വച്ചിരിക്കുന്ന സൈക്കിള്‍ ഒന്ന് 'സോഫ്റ്റ്‌ ടച്ച്‌' ചെയ്ത്‌ തട്ടി മറിച്ചിട്ട്‌ ടീച്ചര്‍ കടന്നു പോയി.

(ടീച്ചറുടെ സാഹസങ്ങള്‍ പെട്ടെന്ന് നാട്ടില്‍ ഹിറ്റായി... ജനം ജാഗരൂകരായി. ഞങ്ങളുടെ വാര്‍ഡ്‌ മെംബറുടെ ഒരു പരാതി കേട്ടപ്പോഴാണ്‌ സംഗതിയുടെ കിടപ്പ്‌ മനസ്സിലായത്‌...

'ഈ ടീച്ചറുടെ കേസുകള്‍ സോള്‍വ്‌ ചെയ്യലാണല്ലോ കര്‍ത്താവേ ഇപ്പോള്‍ എന്റെ പ്രധാന ജോലി..')

രംഗം നാല്‌ (ടീച്ചര്‍ എഫ്ഫക്റ്റ്‌)

എന്റെ വീടിനു മുന്‍പിലൂടെ കാലത്തു തന്നെ ആശുപത്രികവലയിലേക്ക്‌ സ്ഥിരമായി പോയിക്കൊണ്ടിരുന്ന ചുമട്ടു തൊഴിലാളി ചേട്ടന്മാരെ ഇപ്പോള്‍ കാണുന്നില്ല.

ഒരു ദിവസം ആശുപത്രി കവലയില്‍ വച്ച്‌ കണ്ടപ്പ്പോള്‍ ഞാന്‍ ജോര്‍ജ്‌ ചേട്ടനോട്‌ ചോദിച്ചു.

'ഇപ്പോള്‍ രാവിലെ ആ വഴി കാണാറില്ലല്ലോ..? എന്തു പറ്റി??'

'മോനേ... കാലത്ത്‌ ടീച്ചര്‍ ഇറങ്ങുന്ന സമയമാണ്‌... എന്റെ കുട്ടികള്‍ക്ക്‌ അപ്പനില്ലാതാവാതിരിക്കാന്‍ ഞാന്‍ റൂട്ട്‌ മാറ്റി... ഇത്തിരി ദൂരം കൂടിയാലും വേണ്ടില്ല, ഞാന്‍ അപ്പുറത്തെ വഴി വളഞ്ഞാ ഇപ്പൊ വരവ്‌'

(ആദ്യ ഭര്‍ത്താവിന്റെ മരണശേഷം ഒറ്റക്ക്‌ കഴിഞ്ഞിരുന്ന ടീച്ചറെ എറണാകുളത്തുള്ള ഒരു ബിസിനസ്സുകാരന്‍ വിവാഹം കഴിച്ച്‌ കൊണ്ടുപോയി.
ടീച്ചറെയും ടീച്ചറുടെ കൈനെറ്റിക്‌ ഹോണ്ടയേയും ഇപ്പോള്‍ നാട്ടുകാര്‍ ഒരുപാട്‌ 'മിസ്‌' ചെയ്യുന്നു.)

Thursday, July 27, 2006

മദ്രാസില്‍ ഒരു ബസ്‌ യാത്ര

എം.സി.എ. കോഴ്സിന്റെ ഭാഗമായ കോണ്ടാക്ട്‌ ക്ലാസ്സുകള്‍ക്കും പരീക്ഷകള്‍ക്കുമയി മദ്രാസ്സില്‍ ഇടക്കിടെ താമസിക്കുകയും പല തവണ അവിടെ ബസ്സില്‍ യാത്രചെയ്യുകയും വേണ്ടിവന്നിട്ടുള്ളതിനിടയില്‍ 'കിട്ടിയ' ചില അനുഭവങ്ങള്‍...

സീന്‍ ഒന്ന്...

കാലത്തെ തന്നെ കിട്ടുന്ന ഒരു കപ്പെങ്കില്‍ ഒരു കപ്പ്‌ കടുപ്പമുള്ള വെള്ളത്തില്‍ കുളിച്ച്‌ അലക്കി തേച്ച ലൈറ്റ്‌ കളര്‍ ഷര്‍ട്ടിട്ട്‌ ഇറങ്ങിയോ... എങ്കില്‍ കാര്യം കട്ട പുക...

നമ്മള്‍ നുഴഞ്ഞ്‌ കയറിപ്പറ്റുന്ന ബസ്സിനുള്ളിലെ ഫ്രഷ്‌ യാത്രക്കാരുടെ നല്ല വാട്ട മണം ആസ്വദിച്ച്‌ നിന്നാല്‍ മാത്രം പോരാ... അവരവരുടെ പൊക്കത്തിനനുസരിച്ച്‌ ശരീരത്തിലൊ ഷര്‍ട്ടിലോ നല്ല എണ്ണ മയമുള്ള കറുത്ത 'തല സീല്‍' പതിഞ്ഞു കിട്ടും...

(എന്റെ 6 അടി പൊക്കത്തെ ഞാന്‍ ശപിച്ച ദിനങ്ങള്‍... പല തലകളും കറക്ട്‌ എന്റെ വദനത്തില്‍ സ്പര്‍ശിച്ചങ്ങനെ... ഹോ... )

സീന്‍ രണ്ട്‌...

കോളേജ്‌ സ്റ്റോപ്പുകളില്‍ തമിഴ്‌ മന്നര്‍ ബസ്സില്‍ കയറുന്ന സ്റ്റൈല്‍ കണ്ട്‌ ഞങ്ങള്‍ മലയാളി കേമന്മാര്‍ രോമാഞ്ചം കൊള്ളാറുണ്ട്‌.

ഒരു ബസ്‌ വന്നു നില്‍ക്കുന്നു....

തമിഴ്‌ ചുള്ളന്മാര്‍ ഇത്‌ കാണാത്ത ഭാവത്തില്‍ പുറം തിരിഞ്ഞുനിന്ന് സംസാരിക്കുന്നു.

കയറേണ്ടവര്‍ കയറി ബസ്‌ നീങ്ങിത്തുടങ്ങുന്നു.... (ബസ്‌ ഒരു വിധം ഡീസന്റ്‌ സ്പീഡില്‍ എത്തുന്നു..)

പെട്ടെന്നതാ... പുറം തിരിഞ്ഞു നിന്നിരുന്ന ചുള്ളന്മാര്‍ ബസ്സിനു പിറകെ ഫുള്‍ സ്പീഡില്‍ ഓടി, ചാടിപ്പിടിച്ച്‌ തൂങ്ങിക്കയറിപ്പറ്റുന്നു.. (സ്പൈഡര്‍ മാന്‍ കോഴ്സ്‌ പാസ്സായവരണെന്ന് തോന്നുന്നു.)

'എവന്മാര്‍ക്കൊക്കെ വട്ടുണ്ടൊ..' എന്ന് ഞങ്ങള്‍ പലവട്ടം പരസ്പരം പറഞ്ഞിട്ടുണ്ട്‌.

(ഇവര്‍ക്ക്‌ വട്ടില്ല... മറിച്ച്‌, ഡീസന്റ്‌ ആയി കയറുന്ന എന്നെപ്പോലുള്ളവര്‍ക്കാണ്‌ വട്ട്‌ എന്ന് താഴെ പറയുന്ന സംഭവം എന്നെ മനസ്സിലാക്കിത്തന്നു)

സീന്‍ മൂന്ന്...

വൈകീട്ട്‌ കോളേജിനു മുന്‍പില്‍ പതിവു പോലെ ബസ്‌ കാത്ത്‌ നില്‍ക്കുന്നു...

കോളേജ്‌ പിള്ളേരെ കൂടാതെ മറ്റ്‌ തമിഴ്‌ ജനങ്ങളും നില്‍പ്പുണ്ട്‌...

അതില്‍ ഒരു സ്ത്രീ ഒരു കുട്ടിയെ ഒരു കൈയ്യില്‍ ഒക്കത്ത്‌ പിടിച്ചിട്ടുണ്ട്‌.. മറ്റേ കയ്യില്‍ ഒരു 'എമന്‍ഡക്കന്‍' (വലുപ്പമുള്ളത്‌ എന്നേ ഉദ്ദേശിച്ചുള്ളൂ) സഞ്ചി...

മുഖത്ത്‌ വളരെ ശാന്ത ഭാവം...

[ആനയെ വെല്ലുന്ന നിറവും, സ്വപ്നം ('പേടിസ്വപ്നം') കാണാവുന്ന അഴകും ഞാനിവിടെ വര്‍ണ്ണിക്കുന്നില്ല.]

ബസ്‌ വന്നു നിന്നതും എന്റെ ക്ലോസ്‌ ഗഡീസായ ബിനുവും സജിനും തിക്കി തിരക്കി ബസ്സിനുള്ളിലേക്ക്‌ ഒറ്റ കയറ്റം...

പിന്നേയും ഒരു പാട്‌ പേര്‍ കയറാന്‍ നില്‍ക്കുന്നു.. 'എന്തിന്‌ വെപ്രാളപ്പെടണം' എന്ന ചിന്തയില്‍ ഞാന്‍ പിന്നില്‍ നിന്നു.. (സ്കൂളിലും കോളേജിലും പഠിക്കുമ്പൊള്‍ പിള്ളേരെ കയറ്റാതെ പോകുന്ന ബസ്സുകളുടെ പിന്നാലെ ഓടി ചാടി കയറി തെറി വാങ്ങുന്ന എനിക്കല്ലെ ഈ ഊപ്പ തമിഴ്‌ ബസ്സില്‍ അവസാനം കയറാന്‍ പേടി...)

അപ്പൊഴാണ്‌ ഞാന്‍ മറ്റേ സ്ത്രീയെ ശ്രദ്ധിച്ചത്‌...

'രണ്ട്‌ കയ്യും ഫുള്ളി ഒക്കുപയ്ഡ്‌ ആയ ഇവരെങ്ങനെയാണാവൊ കയറിപ്പറ്റുന്നതെന്ന് എനിക്കൊന്ന് കാണണം' എന്ന് മനസ്സില്‍ ഓര്‍ത്ത്‌ തീരാന്‍ സമയം കിട്ടിയില്ല...

'കൊഞ്ചം ഹെല്‍പ്‌ പണ്ണുങ്കൊ... ഇത്‌ പിടുങ്കൊ..' എന്നൊ മറ്റോ പറഞ്ഞ്‌ ആ സഞ്ചിച്ചുമട്‌ എന്റെ കയ്യിലേക്ക്‌ കൈമാറിയിട്ട്‌ ആന്റി കുട്ടിയേയും വഹിച്ചുകൊണ്ട്‌ ബസ്സിനുള്ളിലേക്ക്‌ കയറി...

(ഞാന്‍ അറിഞ്ഞൊ അറിയാതെയോ ആ സഞ്ചി എന്റെ കയ്യിലായി)

ഇപ്പോ എനിക്കും തിരക്കായി...(പിന്നേ ഈ ഇടിമുട്ടന്‍ ലോഡുമായല്ലെ ചാടികയറുന്നെ...)

കുത്തി തിരുകി സഞ്ചിയുമായി കഷ്ടപ്പെട്ട്‌ ഞാന്‍ പിന്നാലെ കയറി... ഈ ആന്റി പോകുന്ന വഴിയെല്ലാം ബസ്സിനുള്ളിലൂടെ ഞാനും...

ഇത്‌ കണ്ട്‌ പൊട്ടിച്ചിരിച്ചുകൊണ്ട്‌ എന്റെ ക്ലോസ്‌ ഫ്രണ്ട്‌സ്‌ ('ദുഷ്ടന്മാര്‍') ചോദിച്ചു..

'എന്തൊരു മാച്ച്‌... ഈ സെറ്റപ്പ്‌ എപ്പൊ ഒപ്പിച്ചു ???'

ഒരുവിധത്തില്‍ ആ സഞ്ചി ആന്റിയുടെ സമീപം നിക്ഷേപിച്ച്‌ തിരിഞ്ഞു നടക്കുമ്പൊള്‍ ഞാന്‍ മനസ്സില്‍ ആശ്വസിച്ചു...

'സഞ്ചിയല്ലെ തന്നുള്ളൂ... കുട്ടിയെ കയ്യില്‍ തരാഞ്ഞത്‌ എന്റെ ഭാഗ്യം..'

Sunday, July 23, 2006

രസതന്ത്രം ലാബ്‌

'എന്റ്രന്‍സ്‌ പരീക്ഷ പാസ്സായിട്ട്‌ എനിക്ക്‌ എഞ്ജിനീയറിംഗിന്‌ പഠിക്കണ്ട' എന്ന് ശപഥം ചെയ്തതിനാലും (രണ്ടു പ്രാവശ്യം എന്റ്രന്‍സ്‌ എഴുതിയ ശേഷം എടുത്ത ശപഥം), പ്രീഡിഗ്രിക്ക്‌ വേണ്ടതിലധികം മാര്‍ക്കുണ്ടായിരുന്നതിനാലും ഞാന്‍ ഡിഗ്രി പഠിക്കാന്‍ കെമിസ്റ്റ്രി തെരെഞ്ഞെടുത്തു.

ആദ്യ വര്‍ഷം കഴിഞ്ഞപ്പൊഴേക്കും മിടുക്കുള്ള ചുള്ളന്മാര്‍ എന്റ്രന്‍സ്‌ കിട്ടി പോകുകയും, വീട്ടില്‍ കാശുള്ള ഗഡികള്‍ അതിന്റെ ബലത്തില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ പോയി ചേരലും കഴിഞ്ഞപ്പോള്‍ 'കെമിസ്റ്റ്രിയോളം സ്കോപ്‌ ഉള്ള സംഭവം വേറൊന്നുമില്ല' എന്ന് മനസ്സിലും തമ്മില്‍ തമ്മിലും പറഞ്ഞ്‌ ബാക്കിയുള്ള ഞങ്ങള്‍ പഠിപ്പ്‌ (സോറി.. ഡിഗ്രി) തുടര്‍ന്നു.

ഞങ്ങളുടെ ഗാങ്ങിലെ ഇടിവെട്ട്‌ മെംബറും ഭൂലോക ഉഴപ്പാളിയുമായ ഫ്രാന്‍സിസിനെ ഞനിവിടെ പരിചയപ്പെടുത്തട്ടെ...

അവസാന വര്‍ഷ ക്ലാസുകളില്‍ പോലും ഇടക്കിടെ മുടങ്ങാതെ ക്ലാസ്സില്‍ ലേറ്റ്‌ ആയി വരാനും കയറാതിരിക്കാനും ധൈര്യമുള്ളവന്‍ ഫ്രാന്‍സിസ്‌... (ഒരിക്കല്‍ സാറിനോട്‌ വരാതിരുന്നതിന്റെ കാരണം പറഞ്ഞത്‌ 'വരുന്ന വഴിക്ക്‌ ഒരു അമ്മൂമ്മ മരിച്ചു' എന്നാണ്‌)

പത്തിരുപത്‌ കോളേജ്‌ ഐഡന്റിറ്റി കാര്‍ഡുകള്‍ സ്വന്തമായുള്ളവന്‍ ഫ്രാന്‍സിസ്‌.... (ഒരിക്കല്‍ കോളേജില്‍ നിന്ന് ത്രിശ്ശൂരിലേക്ക്‌ സിനിമക്ക്‌ പോകാന്‍ ഇരിഞ്ഞാലക്കുട - ത്രിശ്ശൂര്‍ റൂട്ടില്‍ ബസ്‌ കണ്‍സഷന്‍ കിട്ടാനായി ഗാങ്ങിലുള്ള എട്ട്‌ പേര്‍ക്കും 5 മിനിട്ടു കൊണ്ട്‌ കാര്‍ഡ്‌ ഉണ്ടാക്കി തന്നത്‌ നന്ദിയോടെ സ്മരിക്കുന്നു)

അലമ്പുണ്ടാക്കാന്‍ നിസ്സാര സമയം മാത്രം ഇന്‍ വെസ്സ്‌ മെന്റ്‌ ഉള്ളവന്‍ ഫ്രാന്‍സിസ്‌... (പുള്ളി ലോക്കല്‍ ആയതിന്റെ അല്‍പം അഹങ്കാരം)

(വര്‍ണ്ണിച്ചാല്‍ തീരാത്ത ഇനിയും ഒരുപാട്‌ കഴിവുകള്‍ ഉണ്ടെങ്കിലും തല്‍ക്കാലം ഇതുകൊണ്ട്‌ നിര്‍ത്തുന്നു)

സംഭവ ബഹുലമായ മൂന്നു വര്‍ഷങ്ങള്‍ക്ക്‌ ശേഷം പ്രാക്ടിക്കല്‍ ലാബ്‌ പരീക്ഷ..ലാബിനുള്ളില്‍ ഒളിപ്പിച്ചു വച്ച പുസ്തകവും തുണ്ടു കടലാസുകളും റഫര്‍ ചെയ്ത്‌ പലതരം ലായനികളും ആസിഡുകളും തിരിച്ചും മറിച്ചും പല അളവുകളില്‍ ഒഴിച്ചു നോക്കി തന്നിരിക്കുന്ന അജ്നാത രാസവസ്തു ഏതെന്ന് കണ്ടുപിടിക്കുന്ന പരീക്ഷ...

എല്ലാവരും അവരവരുടെ ഐറ്റംസുമായി പടവെട്ടിക്കൊണ്ടിരിക്കുന്നു...

ഫ്രാന്‍സിസിന്റെ മാത്രം പരീക്ഷ പെട്ടെന്ന് തീര്‍ന്നു. പുള്ളിക്കാരന്‌ ഉത്തരവും കിട്ടി... രാസപദാര്‍ഥം കണ്ടുപിടിച്ചു... ഗ്ലൂക്കോസ്‌.... 100% ഗ്യാരണ്ടി...

വിജയശ്രീലാളിതനായി സാറിനടുത്തേക്ക്‌ പോകുന്ന ഫ്രാന്‍സിസിനെ ഞങ്ങള്‍ അസൂയയോടെ നോക്കി.

സമര്‍പ്പിച്ച ഉത്തരക്കടലാസില്‍ നോക്കിയ ശേഷം സാറ്‌ ഫ്രാന്‍സിസിന്റെ മുഖത്തേക്ക്‌ നോക്കി...
കണ്ടാലറിയാം ... നിഷകളങ്കന്‍... മിടുമിടുക്കന്‍...

ഫ്രാന്‍സിസിനോട്‌ സാറിന്റെ ചോദ്യം..

"ഏതൊക്കെ എക്ഷ്പിരിമന്റ്‌ ആണ്‌ ഇത്‌ കണ്ടുപിടിക്കാന്‍ ചെയ്തത്‌?"

ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ ചോദ്യം കേട്ട്‌ ഒരു മിനിട്ട്‌ കണ്ണും തള്ളി നില്‍ക്കുന്ന ഫ്രാന്‍സിസ്‌ തന്റെ ആത്മ ധൈര്യം വീണ്ടെടുത്തിട്ട്‌ വിക്കി വിക്കി പറഞ്ഞു തുടങ്ങി..

"ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ എടുത്ത്‌ ഒഴിച്ചിട്ട്‌... ...."

"ആ... പറയൂ... ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ എടുത്ത്‌ ഒഴിച്ചിട്ട്‌...??? " എന്നായി സാറ്‌...

"ഇത്തിരി സള്‍ഫൂരിക്കാസിഡ്‌ ഒഴിച്ച്‌..." ഫ്രാന്‍സിസ്‌ തുടരാന്‍ ശ്രമിച്ചു.

"ഉവ്വ്‌...സള്‍ഫൂരിക്കാസിഡ്‌ ഒഴിച്ച്‌..." എന്ന് ഉത്സാഹത്തൊടെ സാറ്‌.

'ഇനി ഇപ്പൊ എന്ത്‌ പറഞ്ഞ്‌ സാറിനെ വിശ്വസിപ്പിക്കും കര്‍ത്താവേ... എന്റെ കഴിവുകളെപ്പറ്റി സാറിനോട്‌ അറ്റന്‍ഡര്‍ വല്ലതും പറഞ്ഞുകൊടുത്തൊ ആവോ' എന്നൊക്കെ മനസ്സില്‍ പറഞ്ഞുകൊണ്ട്‌ നില്‍ക്കുന്ന ഫ്രാന്‍സിസിനെ നോക്കി സാറ്‌ പറഞ്ഞു.

"എടോ... മീശയില്‍ നിന്ന് ആ ഗ്ലൂക്കോസ്‌ പൊടി തൂത്തു കള... തിന്ന് നോക്കുമ്പോള്‍ വേറെ വല്ല വിഷമുള്ള സാധനമായിരുന്നേല്‍ താന്‍ ഇവിടെക്കിടന്ന് ചത്തു പോയാല്‍ ആരു സമാധാനം പറയുമെടോ???.." എന്ന് സാറിന്റെ ചോദ്യം കേട്ട്‌

'പിന്നേ... ആളു ചാവുന്ന സാധനങ്ങള്‍ ഉള്ള ഒരു ലാബേ..' എന്ന് മനസ്സില്‍ പറഞ്ഞ്‌ പൊടിയും തട്ടി ഫ്രാന്‍സിസ്‌ ഇളിച്ചു കൊണ്ട്‌ നിന്നു.

Friday, July 21, 2006

ഊര്‍ജ്ജതന്ത്രം ലാബ്‌

പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന കാലം... എഞ്ജിനീയറാവണമെങ്കില്‍ ഫസ്റ്റ്‌ ഗ്രൂപ്‌ പഠിക്കണമെന്നതിനാല്‍ തട്ടി മുട്ടി സീറ്റ്‌ ഒപ്പിച്ച്‌ ഞാനും പഠിക്കുന്നു. ഇതുപോലെ തട്ടി മുട്ടി കേറിപ്പറ്റിയവരില്‍ എന്റെ ഒരു സുഹൃത്തായ ആനന്ദും ഉണ്ടായിരുന്നു. അവന്റെ അച്ചന്‍ ഒരു വക്കീലായതിന്റെ അഹങ്കാരമാണോന്നറിയില്ല.. ക്ലാസ്സില്‍ കേറാന്‍ പുള്ളിക്കാരന്‌ വല്ല്യ വിഷമാ...

ഒരിക്കല്‍ പ്രാക്ടിക്കല്‍ മോഡല്‍ ലാബ്‌ പരീക്ഷ.. . ലാബിനു പുറത്ത്‌ വച്ചിരിക്കുന്ന ലിസ്റ്റില്‍ നിന്ന് കിലുക്കികുത്തി ഒരു പേപ്പര്‍ എടുത്താല്‍ അറിയാം ഏത്‌ കുന്ത്രാണ്ടം കൊണ്ടുള്ള എക്ഷ്പിരിമന്റ്‌ ആണ്‌ ചെയ്യേണ്ടതെന്ന്. ആദ്യം എടുക്കുന്ന നറുക്കില്‍ ഉള്ള സംഭവം പിടികിട്ടുന്നില്ലെങ്കില്‍ സാറിന്റെ കയ്യും കാലും പിടിച്ച്‌ ഒന്നു കൂടി നറുക്കെടുത്ത്‌ നോക്കാം. ഒരു മാതിരി ഭാവി എഞ്ചിനീയര്‍ മാരൊക്കെ അതു കൊണ്ട്‌ ത്രിപ്തി അടയും.

ഏത്‌ കുന്ത്രാണ്ടം കൊണ്ടുള്ള എന്തു എക്ഷ്പിരിമന്റ്‌ ആയാലും വെള്ളം പോലെ (വെള്ളത്തിലെ വരപോലെ എന്നും പറയാം) അറിയാവുന്ന ആനന്ദ്‌ തന്റെ ആദ്യ നറുക്കെടുത്തു.. ഏതോ സാധനം കൊണ്ട്‌ എന്തൊക്കെയോ ചെയ്ത്‌ കണ്ടുപിടിക്കണമത്രെ.

"ഹും.. എന്നോടാ കളി" എന്ന് മനസ്സില്‍ പറഞ്ഞ്‌ സാറിനെ നോക്കി അടുത്തത്‌ എടുക്കാനുള്ള ഇങ്കിതം അറിയിച്ചു.

"ഓ.. നീയല്ലേ... എടുത്തോ എടുത്തോ" എന്ന് സാറ്‌.

ഇതും മുന്‍പ്‌ എടുത്തതില്‍ നിന്നും ഒട്ടും വ്യത്യാസം തോന്നുന്നില്ല.

'പണ്ടാരമടങ്ങാന്‍.. എല്ലാം ഒന്നു തന്നെയാണൊ..' എന്ന് മനസ്സില്‍ ചോദിച്ചുകൊണ്ട്‌ സാറിനെ നോക്കി..

"എന്തേ...രക്ഷയില്ലേ.." എന്ന് പുഛസ്വരത്തില്‍ സാറ്‌.

(തൊലിക്കട്ടിക്ക്‌ ഒരു കുറവും ഇല്ലാത്തതിനാല്‍ വേണമെങ്കില്‍ സാറിന്‌ നാണം വെക്കണം.)

ഈ പ്രക്രിയ 3 വട്ടം കഴിഞ്ഞപ്പോള്‍ സഹികെട്ട്‌ സാറിന്റെ ചോദ്യം.
."തനിക്ക്‌ ഏതാണ്‌ വേണ്ടതെന്ന് പറ.. ഏതെങ്കിലും ഒന്ന് ചെയ്ത്‌ കണ്ടാല്‍ മതി എനിക്ക്‌"

ഉടനെ ആനന്ദ്‌ ലാബിനുള്ളിലേക്ക്‌ എത്തി നോക്കി..

'എല്ലാ ഐറ്റംസും കണ്ടിട്ടുണ്ട്‌.. പക്ഷെ എന്തിനാണെന്നൊ ഏതിനാണെന്നോ പിടിയില്ല. ഏതെങ്കിലും ചെയ്യാതെ പറ്റുകേം ഇല്ല.. പുലിവാല്‌'.

അവസാനം ലാബിനുള്ളിലേക്ക്‌ വിരല്‍ ചൂണ്ടി ആനന്ദ്‌ പറഞ്ഞു.
"ദാ ഇരിക്കുന്ന സാധനം മതി".

"ഏത്‌?" എന്നായി സാറ്‌. ('ഈ സാറിന്റെ ഒരു കാര്യം.' )

"ദാ... അവിടെ കിഴക്കു ഭാഗത്ത്‌"

ഇത്‌ കേട്ട്‌ സാറ്‌.. "എക്ഷ്പിരിമെന്റിന്റെയോ ഉപകരണങ്ങളുടെയൊ പേരു പോലും അറിയാതെയാണോടാ പുന്നാര മോനേ നീ ലാബ്‌ എക്സാം ചെയ്യാന്‍ ഇറങ്ങിയത്‌"
എന്ന് ചോദിച്ച്‌ ആശീര്‍വദിച്ച്‌ ലാബിനുള്ളിലേക്ക്‌ യാത്രയാക്കി.

ചെന്നു പെട്ട സാധനം എന്താണെന്ന് അടുത്ത്‌ നില്‍ക്കുന്ന മിടുക്കനോട്‌ ചോദിച്ച്‌ മനസ്സിലാക്കി.

" 'ഇന്‍ഡക്ഷന്‍ മോട്ടോര്‍' പോലും"

കുറച്ചു സമയം തട്ടിയും മുട്ടിയും നോക്കിയിട്ടും രക്ഷയില്ല... പതുക്കെ ചുറ്റുമുള്ളവരോട്‌ ഇതിന്റെ പൊരുളും ഉത്തരവും ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പൊഴെക്ക്‌ അതാ വരുന്നു ശല്ല്യക്കാരന്‍ സാറ്‌.
സംഗതി പിടികിട്ടിയ സാറ്‌ ആനന്ദിനോട്‌ നിഷ്കളങ്കമായി ചോദിച്ചു..

"ഇന്‍ഡക്ഷന്‍ മോട്ടോറിന്റെ പ്രവര്‍ത്തനം ഒന്നു വിവരിച്ചേ.. കേക്കട്ടെ.."

ആകെ വീട്ടില്‍ ഉപയോകിക്കുന്ന മോട്ടോര്‍ പമ്പിന്റെ പ്രവര്‍ത്തനം മാത്രം കണ്ടിട്ടുള്ള അനുഭവം വച്ച്‌ ആനന്ദ്‌ കാച്ചി..

"ടിര്‍.. ടിര്‍ ര്‍... ടിര്‍.ര്‍ ര്‍.... ടിര്‍ ..ര്‍...ര്‍...ര്‍...."
(ഒരു ആരോഹണ ക്രമത്തില്‍...സൗണ്ട്‌ വാരിയേഷനില്‍.... ഒരു മിമിക്രി...)

അന്തം വിട്ടു നിന്ന സാറ്‌ ഇത്‌ കളിയാക്കുന്നതാണോ അതൊ ഈ മണ്ടന്‍ ശരിക്കും പറയുന്നതാണൊ എന്ന ശങ്കയില്‍ ദേഷ്യത്തോടെ അലറി...

"സ്റ്റോപ്‌ ഇറ്റ്‌"

ഉടനെ ആനന്ദ്‌

"ടിര്‍..ര്‍...ര്‍...ര്‍... ടിര്‍..ര്‍..ര്‍.. ടിര്‍..ര്‍.." എന്ന് അവരോഹണ ക്രമത്തില്‍ സൗണ്ട്‌ കുറച്ചു കൊണ്ടു വന്ന് നിര്‍ത്തി...

'ഹോ.. എന്തൊരു ഒറിജിനാലിറ്റി' എന്ന് ലാബിലുള്ള ഞങ്ങള്‍.

(ബാക്കി ഊഹിക്കാവുന്നതേയുള്ളൂ...)

Wednesday, July 19, 2006

ഹലോ...സുമിയുണ്ടൊ..

ഇപ്പോല്‍ മൊബൈല്‍ ഫോണിലൂടെ പലതരം പറ്റിക്കല്‍സ്‌ ഇറങ്ങിയിട്ടുണ്ട്‌... ഒരു നംബറിലേക്കു വിളിച്ചാല്‍ തമിഴ്‌ ന്യൂസ്‌, സിനിമാ ഡയലോഗ്‌, തെറിവിളി മുതലായവ കേള്‍പ്പിക്കലാണ്‌ നാട്ടുനടപ്പുള്ള ഐറ്റംസ്‌....ഇതില്‍ എല്ലാ കാറ്റഗറിയും അനുഭവിച്ച (അല്ലെങ്കില്‍ എന്നെക്കൊണ്ടു അനുഭവിപ്പിച്ച) തിന്റെ ഒരു അഹങ്കാരം കൊണ്ട്‌ ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഞാന്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആഗ്രഹിക്കുകയാണ്‌...

എന്റെ നാട്ടുകാരനും സുഹൃത്തുമായ കലാഭവന്‍ മണിയുടെ വലം കൈ (മാനേജര്‍ എന്നും ഞങ്ങല്‍ വിളിക്കും) ആയ എന്റെ ക്ലോസ്‌ ഫ്രണ്ട്‌ ജോബിയാണ്‌ ഒരു അനുഭവം സംഘടിപ്പിച്ചു തന്ന വ്യക്തി... ചെറുപ്പത്തിലെ കളിക്കൂട്ടുകാരായ ഞങ്ങല്‍ ഗോലി കളിക്കുന്നതിന്നിടയില്‍ അപ്പനുവിളി തുടങ്ങിയ തെറിവിളികളില്‍ അവന്റെ നൈപുണ്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. ഇപ്പൊ വലിയ സ്റ്റാന്‍ഡേര്‍ഡ്‌ പുലിയായതിനാല്‍ നേരെ വിളി നിര്‍ത്തി മറ്റു വഴിക്ക്‌ സംഘടിപ്പിച്ചു തരലിലേക്ക്‌ മാറിയെന്ന് തോന്നുന്നു.

മൊബൈല്‍ എടുത്ത്‌ 'ഞാന്‍ ഒരു നംബര്‍ ഡയല്‍ ചെയ്തു തരാം.. നീ സുമിയുണ്ടൊ എന്ന് ചോദിക്ക്‌..' എന്ന് പറയലും ഡയല്‍ ചെയ്ത്‌ എന്റെ കയ്യിലേക്ക്‌ തരലും കഴിഞ്ഞു.ഫോണ്‍ ചെവിയില്‍ വച്ച ഞാന്‍ റിംഗ്‌ ചെയ്യുന്ന കേള്‍ക്കുന്നതിനിടയില്‍ ജോബി എന്നൊട്‌ 'ആ പാട്ടുകാരിയില്ലേടാ.. സിനിമയില്‍ ഒക്കെ പാടുന്നത്‌.' എന്ന് പറഞ്ഞപ്പോള്‍ എനിക്കും അല്‍പം സുഖം തോന്നി..

ഫോണിന്റെ മറുതലക്കല്‍ നിന്ന് 'ഹലോ..' കേട്ട ഉടനെ ഞാന്‍ ചോദിച്ചു.. 'സുമിയുണ്ടൊ..'
'ആര്‌ സുമിയൊ... നിങ്ങളാരാ..' എന്ന് ഒരു ആണ്‍ സ്വരം...

ഞാന്‍ ആരാണെന്ന് വിശദീകരിക്കാന്‍ ഒരു ചെറിയ ഗാപ്‌...

അത്‌ കഴിഞ്ഞപ്പോല്‍ അപ്പുറത്ത്‌ നിന്ന് നല്ല കോഴിക്കോടന്‍ ശൈലിയില്‍ തുടങ്ങുന്ന തെറിവിളി... (കല്ല്യണപ്രായമായ മകളെ പൂവാലന്മാര്‍ നിരന്തരം ശല്യം ചെയ്യുമ്പൊല്‍ പ്രതികരിക്കുന്ന അല്‍പം സ്റ്റാന്‍ഡേര്‍ഡ്‌ കുറഞ്ഞ പിതാശ്രീയുടെ സ്നേഹമണ്‌ ഇതിന്റെ കാതല്‍)

'നിന്റെ ഉമ്മാന്റെ...' എന്ന് തുടങ്ങുന്ന കുശലം പറച്ചില്‍ മുഴുവന്‍ ആസ്വദിക്കാനാകാതെ ഞാന്‍ ഫോണ്‍ ജോബിക്ക്‌ നേരെ നീട്ടിയിട്ട്‌ 'നീ തന്നെ ചോദിച്ചോ' എന്നു പറഞ്ഞു. അവന്‍ നിന്ന് ചിരിച്ചുകൊണ്ട്‌ ഫോണ്‍ കട്ട്‌ ചെയ്തു. അപ്പോഴണ്‌ അവന്‍ ഗുട്ടന്‍സ്‌ പറഞ്ഞത്‌. അതൊരു റെക്കൊര്‍ഡഡ്‌ ഡയലൊഗ്‌ ആണെന്ന്. ക്രിത്യമായ ടൈം ഗാപ്‌ കൊടുത്ത്‌ നല്ല സീക്വന്‍സില്‍....


മറ്റുള്ളവരെ ഇത്‌ കേള്‍പ്പിക്കുമ്പൊല്‍ അവരുടെ മുഖത്ത്‌ വിരിയുന്ന ഭാവാഭിനയങ്ങളും പ്രതികരണങ്ങളും നമ്മെ ശരിക്കും പൊട്ടിച്ചിരിപ്പിക്കും എന്ന് അവന്‍ ഞങ്ങളുടെ നിഷ്കളങ്കനായ മറ്റൊരു സുഹൃത്തിലൂടെ കാട്ടി തന്നു. സിനിമാ രംഗത്തെ പല പ്രമുഖരും ഈ കൊച്ചുവര്‍ത്തമാനത്തിന്‌ ഇരയായിട്ടുണ്ടത്രെ. ചിരിച്ചുകൊണ്ട്‌ വിശദീകരിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ കിട്ടുന്ന തെറിവിളികള്‍ ഏറ്റെടുക്കുന്നവര്‍, തിരിച്ചും ശക്ത്മമായ ഭാഷയില്‍ പ്രതികരിക്കുന്നവര്‍, വെപ്രാളതോടെ ഫോണ്‍ കട്ട്‌ ചെയ്യുന്നവര്‍.. ഇങ്ങനെ പോകുന്നു പ്രകടനങ്ങള്‍.

ഒരു കൂട്ടം ബാംഗ്ലൂര്‍ മലയാളി പയ്യന്മര്‍ക്കാണ്‌ ഇതിന്റെ മുഴുവന്‍ സൗകുമാര്യവും ആസ്വദിക്കാനായത്‌. ആദ്യത്തെ ഡോസ്‌ കിട്ടിയപ്പോള്‍ അവര്‍ പുഛസ്വരത്തില്‍ 'ഇതൊക്കെ നമ്മള്‍ക്കറിയാം റെക്കോര്‍ഡിംഗ്‌ ആണെന്ന്. ഒന്നു കൂടി ഡയല്‍ ചെയ്ത്‌ തന്നേ, നോക്കട്ടെ..'

ജോബി ഒന്നു കൂടി ഡയല്‍ ചെയ്ത്‌ കൊടുത്തു. 'സുമിയുണ്ടൊ..' എന്ന് ചോദിച്ചു തുടങ്ങലും അപ്പുറത്ത്‌ നിന്ന് നല്ല വൈവിധ്യമുള്ള തെറികള്‍ ഇടതടവില്ലാതെ വരികയായി. ഒന്നു കൂടി കട്ട്‌ ചെയ്ത്‌ റീഡയല്‍ ചെയ്ത്‌ ഭാഷ ഹിന്ദിയിലാക്കി ചോദിച്ചപ്പോള്‍ തിരിച്ച്‌ നല്ല അസ്സല്‍ ഹിന്ദി തെറി.
പിന്നെ മാതാപിതാക്കളെ അഭിസംബോദന ചെയ്തുകൊണ്ടുള്ള ഡയലോഗ്സ്‌ ആയതിനാല്‍ അധികം സമയം കളയാതെ ഫോണും കട്ട്‌ ചെയ്ത്‌ അവര്‍ മൊഴിഞ്ഞു..

'മച്ചുനാ... ഈ സൈസ്‌ കേട്ടിട്ടില്ല.. ഇത്‌ ഒറിജിനലാ...'.


(കിട്ടിയ തെറികള്‍ തിരിച്ച്‌ കൊടുക്കാനും ഒറിജിനലാണൊ എന്ന് പരീക്ഷിക്കാനുമായി പലരും ഒന്നു കൂടി ഡയല്‍ ചെയ്ത്‌ കൊടുക്കാന്‍ ആവശ്യപ്പെടുന്നതിനാല്‍, പിടിക്കപ്പെടാതിരിക്കാന്‍ കണ്ടു വച്ച ഒരു മാര്‍ഗം ആണ്‌ ഇവിടെ പ്രയോജനപ്പെട്ടത്‌.

ഇവരുടെ സുഹൃത്തും സീരിയല്‍ രംഗത്തെ കോമഡി ആര്‍ട്ടിസ്റ്റുമായ ഗഫൂര്‍ക്കയാണ്‌ ഇവിടെ സഹായം.

"ഗഫൂര്‍ക്കാ... ആരെങ്കിലും വിളിച്ച്‌ സുമി ഉണ്ടൊ എന്ന് ചോദിച്ചാല്‍ വേണ്ട വിധത്തില്‍ കൊടുത്തോളണം" എന്ന നിര്‍ദ്ദേശമാണ്‌ പുള്ളി അക്ഷരം പ്രതി അനുസരിക്കുന്നത്‌.)

Monday, July 17, 2006

മിഠായി ഹീറൊ...

എന്റെ ഒരു സുഹൃത്തിനുണ്ടായ ഒരു മിഠായി സംഭവം....

പുള്ളി തുണി അലക്കുവാന്‍ ട്രെയിനിംഗ്‌ കൊടുക്കുകയും അത്യാവശ്യം അലക്കി കൊടുക്കുകയും ചെയ്യും.. പക്ഷെ, 'കഴുത്ത്‌ കോണാന്‍' (നെക്ക്‌ ടൈ എന്നും പറയാം) കെട്ടിയിട്ടേ ചെയ്യൂ എന്ന് മാത്രം... ജ്വാലി ഒരു ഫേമസ്‌ വാഷിംഗ്‌ മെഷീന്‍ കമ്പനിയില്‍ സെര്‍വിസ്‌ എങ്ങിനീയര്‍ ആണെന്ന ഒരു കുറവേ ഉള്ളൂ... (ഇപ്പൊ പുള്ളി സ്വന്തമായി സെര്‍വിസ്‌ ഫ്രാഞ്ചൈസി നടത്തുന്ന വല്ല്യ പുലിയാണു കേട്ടോ...)

ഓരു ദിവസം, ഇദ്ദേഹം അലക്കുപണി കഴിഞ്ഞ്‌ വീട്ടിലേക്കു പോകാനായി ഒരു ബസ്സില്‍ കയറിപ്പറ്റി... സാമാന്യം വേണ്ടപ്പെട്ട തിരക്കുള്ളതിനാല്‍ പുള്ളിക്കാരന്‍ മുകളിലത്തെ കമ്പിയില്‍ വലിഞ്ഞ്‌ എത്തിപ്പിടിച്ച്‌ (ഉയരക്കൂടുതല്‍ കൊണ്ടാണേ എത്തിപ്പിടിച്ച്‌ നില്‍ക്കുന്നത്‌... അമിതാബ്‌ ബച്ചനെ തോല്‍പ്പിക്കുന്നാ പൊക്കം... അതായത്‌ ഒരു 4-4.5 അടി കാണും). അപ്പോഴതാ അടുത്ത സീറ്റില്‍ ഒരു കുട്ടി അലറിക്കരയുന്നു....കുട്ടിയുടെ പാരെന്റ്സ്‌ പല നയതന്ത്ര കുതന്ത്രങ്ങളും പയറ്റുന്നു... അതെല്ലാം 'മുടിയെറ്റി'നു (അപൂര്‍വ്വ വസ്തുവായിക്കൊണ്ടിരിക്കുന്ന ഒരു കലാരൂപം) കാളിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത്‌ ദേഷ്യം പിടിപ്പിക്കുന്ന എഫ്ഫെക്റ്റ കുട്ടിയില്‍ ഉണ്ടാക്കിയുള്ളൂ.. അലര്‍ച്ച സഹിക്കവയ്യാതെ ചുറ്റുമുള്ള പല വിദഗ്ദരും പല നംബറുകളുമായി അവരുടേതായ ശ്രമങ്ങല്‍ നടത്തി വിജയകരമായി പരാജയമടഞ്ഞു... സൗണ്ട്‌ കണ്ഡ്രോള്‍ കംബ്ലൈന്റ്‌ ആയാ റേഡിയോയുടെ വോള്യം കൂട്ടാന്‍ ശ്രമിച്ച ഒരു എഫ്ഫെക്റ്റ്‌...ഡോള്‍ബി സൗണ്ട്‌ എഫ്ഫെക്റ്റ്‌ സഹിക്കവയ്യാതെ ആളുകള്‍ ചെവി പൊത്തി നിന്നു ആസ്വദിക്കുന്നൂ... വീഴാതെ പിടിച്ചു നില്‍ക്കലും ചെവി പൊത്തലും കൂടി ഒരുമിച്ച്‌ മാനേജ്‌ ചെയ്യാന്‍ കഷ്ടപ്പാടായതിനാല്‍ എന്റെ സുഹൃത്ത്‌ തന്റെ ഉൂഴം പയറ്റാന്‍ തീരുമാനിച്ചു...എപ്പോഴോ ബാഗില്‍ കയറിപ്പറ്റിയ ഒരു മിഠായി പുറത്തെടുത്ത്‌ കുട്ടിയുടെ നേരെ നീട്ടി...

പെട്ടെന്ന് ഒരു നിശബ്ദത..യാത്രക്കാര്‍ പതുക്കെ റിലാക്സ്ഡ്‌ മൂഡില്‍ ചെവിയില്‍ നിന്നും 'വിരല്‍സ്‌' ഉൂരി എന്റെ സുഹൃത്തിനെ ആദരപൂര്‍വ്വം നോക്കി. നായികയെ കുത്താന്‍ പാഞ്ഞടുത്ത കാളയെ കയറില്‍ ചവിട്ടി ഫുള്‍ ബ്രേക്കില്‍ നിര്‍ത്തിയിട്ട്‌ നമ്മുടെ സ്വന്തം രജനികാന്ത്‌ അണ്ണന്‍ നില്‍ക്കുന്ന പോലെ മന്തസ്മിതം പൊഴിഞ്ഞുകൊണ്ടു നമ്മുടെ മിഠായി ഹീറൊ... കാണികളുടെ അഭിവാദ്യങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു അധിക സമയം നില്‍ക്കാന്‍ കഴിയുമ്പൊഴെക്ക്‌ അതാ... ചിന്നന്‍ വിളി പോലെ നേരത്തേതിന്റെ ഒരു 4 ഇരട്ടി (ഉറപ്പായിട്ട്‌ ഒരു 1-1.5 ഇരട്ടി ഉണ്ട്‌) സൗണ്ടില്‍ കൊച്ച്‌ തന്റെ സാധകം പുനരാരംഭിച്ചു...ജനം വീണ്ടും പഴയ ഫിറ്റിംഗ്‌ പോസില്‍.... പക്ഷെ ഹീറൊയെ നോക്കുമ്പൊഴുള്ള എക്സ്പ്രെഷെനില്‍ എന്തോ ഒരു ചെയിഞ്ച്‌.. എന്താണ്‌ ആ ചെയിഞ്ച്‌ എന്ന് മനസ്സിലാക്കാന്‍ നില്‍ക്കാതെ തന്റെ stop എത്തിയ ഒരു ഭാവത്തോടെ കക്ഷി ഏതോ ഒരു stoppil ഇറങ്ങിപ്പോയി...

Tuesday, July 11, 2006

വാനിഷിംഗ്‌ ഗുലാബ്ജാം

എന്റെ ഭാര്യക്ക്‌ പറ്റിയ ഒരു 'വാനിഷിംഗ്‌ ഗുലാബ്ജാം' സംഭവമാണ്‌ താഴെ പ്രതിപാദ്യവിഷയം.(എന്റെ ഭാര്യയകുന്നതിനും വളരെ മുന്‍പ്‌) പുള്ളിക്കാരത്തി ട്രിഛിയില്‍ 'എം.സി.എ.' പഠിക്കുന്ന കാലം... അവിടെ വല്ലപ്പൊഴും വീക്‌ എന്‍ഡ്സില്‍ ആന്റിയുടെ (അഛന്റെ കസിനെ.. ഒരു സ്റ്റയ്‌ലിനു 'ആന്റി' എന്നാക്കിയെന്നേയുള്ളൂ..) വീട്ടില്‍ പോകാറുണ്ട്‌.. ആന്റിയുടെ മൂന്നു മക്കളില്‍ 2 പെണ്‍കുട്ടികള്‍ ഇരട്ടകളാണ്‌. രണ്ടും റബര്‍ പാല്‍ കുടിച്ച പോലുള്ള ഒരു പ്രക്രുതം... എപ്പൊഴും തുള്ളി തുള്ളി നില്‍ക്കും... ഏന്നാല്‍ റബര്‍ ബോളിന്റെ ഷൈപ്‌ ഒട്ട്‌ ഇല്ല താനും... ആതെന്തുമാകട്ടെ... ആന്റി ഒരു പാത്രത്തില്‍ ഗുലാബ്ജാം കൊണ്ടു വന്നു ഇവള്‍ക്ക്‌ കൊടുത്തു... എന്നിട്ട്‌ മക്കള്‍ കേള്‍ക്കെ പറഞ്ഞു 'അവരൊക്കെ വയറു നിറച്ചു കഴിച്ചതാ... ഇനി കഴിക്കാന്‍ പറ്റാത്തത്ര വയര്‍ നിറഞ്ഞിരിക്കുകയാണ്‌'... ഇതും പറഞ്ഞ്‌ ആന്റി അടുക്കളയിലേക്കു പോയി... ഗ്ഗുലാബ്ജാം അല്‍പം വീക്നെസ്സ്‌ ആയ എന്റെ പത്നി, അതില്‍ നിന്നും 'ഒരെണ്ണം എടുത്ത്‌ കഴിച്ചുകളയാം' എന്നു മനസ്സില്‍ വിചാരിച്ചു തുടങ്ങുന്നതിനു മുന്‍പെ ഒരു 'റബര്‍ പാല്‍ കിടാവു' (ആറാം ക്ലസ്സില്‍ പഠിക്കുന്ന കിടാവ്‌) പാത്രം എടുത്തു കപ്പലഡി തിന്നുന്ന പോലെ മുഴുവന്‍ തിന്നു തീര്‍ത്തിട്ടു പാത്രം മുന്‍പിലേക്കു വച്ചു കൊടുത്തിട്ട്‌ കളിക്കാനായി പുറത്തെക്കോടിപ്പോയി....പാത്രത്തിലേക്ക്‌ എത്തി നോക്കിയ ഇവളുടെ ഉള്ളില്‍ 'ആയ്യൊ എന്റമ്മേ..' എന്നുള്ള വിളി ഉടക്കിക്കിടന്നു... വിയര്‍ക്കുന്നതിന്നിടയിലും ഒന്നു ചിന്തിക്കാന്‍ പോലും സമയം കിട്ടുമ്പൊഴെക്കും, ആന്റി അടുക്കളയില്‍ നിന്നും ബാക്കി വിശേഷങ്ങള്‍ സംസാരിക്കാന്‍ പുറത്തെത്തി... "നക്കി വച്ച പാത്രം കണ്ട്‌ അന്തിച്ചിരിക്കുന്ന ആന്റി...""ഞാനല്ല, ആന്റിയുടെ ഒരു മുതല്‍ തിന്നും കുടിച്ചും കൊണ്ട്‌ ഓടിപ്പോയതാണ്‌" എന്ന് പറയാനും കഴിയാതെ അസ്തപ്രജ്നയറ്റ്‌ മരവിച്ചിരിക്കുന്ന എന്റെ ഭാര്യയും മാത്രം സീനില്‍...