സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Friday, November 30, 2007

ക്രീം ബിസ്കറ്റ്‌

ഒന്നാം ക്ലാസ്സ്‌ പഠനകാലത്തെ ആകെ ഓര്‍മ്മയുള്ള ഒരു സംഭവം.... പരീക്ഷാ സമയം....

എല്ലാ പരീക്ഷയ്കും 50/50 വാങ്ങിയാല്‍ ഒരു വലിയ ടിന്‍ ക്രീം ബിസ്കറ്റ്‌ വാങ്ങിത്തരാം എന്ന ഓഫര്‍ പ്രഖ്യാപിച്ചു. (ഇന്നും ക്രീം ബിസ്കറ്റ്‌ എന്നത്‌ എന്റെ വീക്ക്നസ്‌ ആയതിനാല്‍ അന്നത്തെ കാര്യം ഊഹിക്കാമല്ലോ..)

ഒന്നാം ക്ലാസ്സില്‍ എല്ലാ വിഷയത്തിനും (വിഷയമെന്ന് വിളിക്കാമോ ആവോ) 50/50 വാങ്ങുക എന്നത്‌ വല്ല്യ സംഭവമാണ്‌ എന്ന തെറ്റിദ്ധാരണ എനിയ്ക്കുണ്ടായി
(മിക്കവാറും എല്ലാവര്‍ക്കും അതായിരിയ്കും എന്ന് മുതിര്‍ന്ന ശേഷം മനസ്സിലായി).

അങ്ങനെ പരീക്ഷ തുടങ്ങി...

ആദ്യത്തെ പരീക്ഷയ്ക്ക്‌ 50/50...

രണ്ടാം ദിവസവും 50/50...

ഇനി ഒരു പരീക്ഷകൂടിയേ ബാക്കിയുള്ളൂ...അപ്പോഴേയ്ക്കും എന്റെ അച്ഛനും അമ്മയ്ക്കും ഏകദേശം ഉറപ്പായി... 'എല്ലാ കുട്ടികള്‍ക്ക്‌ 50/50 ഫ്രീ ആയി കൊടുക്കുകായിരിയ്ക്കും... ഇനി വെയ്റ്റ്‌ ചെയ്തിട്ട്‌ കാര്യമില്ലാ...'

അങ്ങനെ എന്നോട്‌ പരസ്യമായി പറഞ്ഞില്ലേലും ബിസ്കറ്റ്‌ വീട്ടില്‍ റെഡി...

അവസാനത്തെ പരീക്ഷ... കണക്ക്‌....

കണക്ക്‌ പരീക്ഷയ്ക്ക്‌ ഒരു കണക്കിന്‌ എനിയ്ക്ക്‌ 38 മാര്‍ക്ക്‌ കിട്ടി....

50/50 കിട്ടാത്തതില്‍ എന്തോ ഒരു വേദന മനസ്സില്‍ തോന്നിയതായി ഇന്നും ഞാന്‍ ഓര്‍ക്കുന്നു..... പക്ഷെ, ബിസ്കറ്റ്‌ വീട്ടില്‍ റെഡിയാണല്ലോ എന്ന സന്തോഷം വച്ച്‌ നോക്കുമ്പോള്‍ ആ വേദന വെറും തൃണം.... (പുല്ലേ.. പുല്ല്ല്..)...

തുള്ളിച്ചാടി ഞാന്‍ വീട്ടിലെത്തി സ്ലേറ്റ്‌ അമ്മയ്ക്ക്‌ കൈമാറി ബിസ്കറ്റ്‌ ടിന്നിനെ ലക്ഷ്യമാക്കി നടന്നു (ഓടിയിട്ടുണ്ടാവും.. നടന്നു എന്നത്‌ അല്‍പം ഡീസന്റ്‌ ആയതാ..)

അന്ന് അച്ഛനും അമ്മയ്ക്കും എന്ത്‌ തോന്നിയിരിയ്ക്കും എന്ന് ഇപ്പോ ആലോചിക്കുമ്പോള്‍ പിടി കിട്ടി.... പാവങ്ങള്‍...