സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, April 22, 2007

പൂരം നടത്തിപ്പ്‌

അത്യാവശ്യം വരുമാനമുള്ള ജോലിയും തെണ്ടാനൊരു വണ്ടിയും ആയ കാലം മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ 'ഈ തൃശ്ശൂര്‍ പൂരം എന്ന സംഭവം അറ്റന്‍ഡ്‌ ചെയ്യാതിരുന്നാല്‍ അതില്‍പരം നാണക്കേടെന്തുണ്ട്‌ ' എന്ന ചിന്താഗതിയോടെ സംഭവം കൃത്യമായി കവര്‍ ചെയ്യാന്‍ എത്തുമായിരുന്നു.

നല്ല മൂത്ത്‌ പഴുക്കുന്ന വെയിലത്ത്‌ നിന്ന് ഇലഞ്ഞിത്തറ മേളം കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സിലായി, ഇതില്‍ നമ്മുടെ സര്‍ഗ്ഗവാസന ഒതുങ്ങുന്നതല്ല എന്ന്. അങ്ങനെ ഈ പരിപാടി അടുത്ത വര്‍ഷം മുതല്‍ അജണ്ടയില്‍ നിന്ന് മാറ്റി.

എന്നാപ്പിന്നെ 'കുടമാറ്റം എന്ന സംഭവം കേമമല്ലേ' എന്ന് കരുതി ഒരറ്റത്ത്‌ നിന്ന് ആര്‍പ്പ്‌ വിളികളോടെ അത്‌ ആസ്വദിച്ച്‌ കുറേ കഴിഞ്ഞപ്പോള്‍ അതിലും കമ്പം തീര്‍ന്നതിനാല്‍ ആ പരിപാടിയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കട്ട്‌ ചെയ്യാന്‍ തീരുമാനിച്ചു (ഈ തീരുമാനിച്ചു എന്ന് പറയുന്നത്‌ ഞങ്ങളുടെ ഗ്യാങ്ങിലെ മെയിന്‍ സ്പിരിറ്റ്‌ ഗഡീസാണ്‌....)

കഴിഞ്ഞ 4-5 വര്‍ഷങ്ങളായി രാത്രിയാകുമ്പോഴെയ്ക്കും അങ്ങ്‌ ചെല്ലുക എന്ന തത്ത്വം പൊതുവേ അംഗീകരിക്കപ്പെട്ടു.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പത്തെ ഒരു പൂരം രാത്രി.............

മുന്‍ കൂട്ടി ബുക്ക്‌ ചെയ്ത ഹോട്ടല്‍ റൂമില്‍ അത്യാവശ്യം വേണ്ട സ്പിരിറ്റും ടച്ചിംഗ്‌ സുമായി ഞങ്ങള്‍ എത്തി.

അത്യാവശ്യം സ്പിരിറ്റ്‌ മനസ്സില്‍ ബാധിച്ചുകഴിഞ്ഞാല്‍ മാത്രമേ ഇവന്മാര്‍ പുറത്തേക്കിറങ്ങാന്‍ സമ്മതിയ്ക്കൂ.

'ദൈവമേ... ഇവന്മാര്‍ക്കടികൊണ്ടാലും കൂടെ നടക്കുന്ന നമുക്കിട്ട്‌ കിട്ടാതെ കാത്തോളണേ ...' എന്ന് പ്രാര്‍ത്ഥിച്ച്‌ കൂട്ടത്തില്‍ സ്പിരിറ്റില്ലാത്ത ഞാനും എന്റെ മറ്റൊരു സുഹൃത്തും ഇവര്‍ക്കൊപ്പം ഇറങ്ങി.

അങ്ങനെ വഴിയില്‍ കാണുന്നവരോടൊക്കെ സ്നേഹം പ്രകടിപ്പിച്ച്‌ അവരെ കൈ വീശി അഭിവാദ്യം ചെയ്തുകൊണ്ട്‌ മുന്നേറി, റൗന്‍ഡിലെത്തിയപ്പോഴാണ്‌ പഞ്ചവാദ്യം വരുന്ന കണ്ടത്‌.

പെട്ടെന്ന് എല്ലാവരുടേയും മനസ്സിലെ പഞ്ചവാദ്യമോഹം അണപൊട്ടിയൊഴുകുകയും അത്‌ ഒഴുകിപ്പോകുന്നതിനുമുന്‍പ്‌ ആ വാദ്യഘോഷത്തിന്റെ അടുത്തെത്തുകയും ചെയ്തു.

ആസ്വാദനം മൂത്ത്‌ മൂത്ത്‌ കൂടെയുള്ള ക്രിസ്ത്യാനികളായ ബിജുവും ജിജോയും തിക്കിത്തിരക്കി അതാ മുന്നോട്ട്‌ പോയിക്കൊണ്ടിരിയ്ക്കുന്നു.

'ടാ... ചെക്കാ... വേണ്ട്രാ... അതിന്റെ ഇടയില്‍ പോയി തല്ല് വാങ്ങണ്ട്ര...' എന്ന എന്റെ വിളികളൊന്നും ആ മേളത്തിമിര്‍പ്പില്‍ ഞാന്‍ പോലും കേട്ടില്ല.

ഇവന്മാരെ നിരീക്ഷിക്കാനായി ഒരു സൈഡ്‌ പിടിച്ച്‌ നടന്ന ഞാന്‍ കുറച്ചുകഴിഞ്ഞപ്പോള്‍ കണ്ട കാഴ്ച വളരെ കൗതുകമുണര്‍ത്തുന്ന ഒന്നായിരുന്നു.

അതാ, പഞ്ചവാദ്യം നയിക്കുന്നത്‌ ബിജുവും ജിജോയും.... തലയാട്ടി, വായുവില്‍ കൈ ഉയര്‍ത്തി പ്രോല്‍സാഹിപ്പിച്ചുകൊണ്ട്‌ ഇതിന്റെ നടത്തിപ്പുകാര്‍ അവരാണെന്ന് തോന്നുമാറുള്ള പ്രകടനം. തിക്കിത്തിരക്കുന്ന ആളുകളെ ബലം പ്രയോഗിച്ച്‌ നീക്കുന്ന പോലീസുകാര്‍ പോലും ഇവരെ നടത്തിപ്പുകാരായി അംഗീകരിച്ച ഒരു പ്രതീതി. ബിജു അതാ പോലീസുകാര്‍ക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നുമുണ്ട്‌.

കുറേ ദൂരം ചെന്നപ്പോഴെയ്ക്കും സ്പിരിറ്റ്‌ തീര്‍ന്ന ഇവന്മാര്‍ തിരക്കില്‍ നിന്ന് ഇറങ്ങി സൈഡിലേക്ക്‌ വന്നു.

'എന്തൂട്ടാ പഞ്ചവാദ്യം.... എന്ത്‌ കലക്കാ കലക്ക്‌ ണേ... പക്ഷെ, ആ പന്തത്തിന്റെ ചൂടിലും ഭേദം പോലീസിന്റെ തല്ല് തന്ന്യാ...' ബിജുവിന്റെ കമന്റ്‌...

Labels:

Wednesday, April 18, 2007

മൈസര്‍ ജെ. (ബസ്‌ ചാര്‍ജ്ജ്‌)

പൊതുവേ സുഹൃത്തുക്കളൊരുമിച്ചുള്ള യാത്രകളില്‍ 'ജെ' യുടെ യാത്രാച്ചിലവ്‌ മറ്റുള്ളവര്‍ വഹിക്കുക എന്നത്‌ ഒരു നാട്ടുനടപ്പായിരുന്നു എന്നു മാത്രമല്ല, അങ്ങനെയല്ലാത്ത ഒരു ഓപ്ഷന്‍ പുള്ളിക്കാരന്റെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല.

ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിന്റെ തലേന്നുള്ള ഒരു ചെറിയ മദ്യപാനവിരുന്ന്....

'മിസ്റ്റര്‍ ജെ' എന്താണ്‌ എത്താത്തത്‌ എന്നതില്‍ ആരോ അത്ഭുതം പ്രകടിപ്പിച്ചു.
അപ്പോഴാണ്‌ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്‌ ഒരു സുഹൃത്തിന്റെ കമന്റ്‌..
"ഒരു അത്ഭുതം സംഭവിച്ചു. ജെ കഴിഞ്ഞ ആഴ്ച എന്റെ ബസ്‌ ചാര്‍ജ്ജ്‌ കൊടുത്തു..."

"എന്ത്‌.... വെറുതെ തമാശ പറയാതെ....അങ്ങനെ ഒരു സംഭവം നടക്കില്ല.... എത്ര കാലമായി ജെ യെ നമുക്കറിയുന്നതാ..." കേട്ടുകൊണ്ടിരുന്നവരില്‍ ഒരാള്‍.

മറ്റുള്ളവര്‍ ഇതില്‍ ഒട്ടും വിശ്വസിക്കാത്ത ഒരു പുച്ഛം കലര്‍ന്ന ഫേസ്‌ എക്സ്പ്രഷനില്‍ ഇരുന്നു.

"അല്ല... സത്യമായിട്ടും നടന്ന സംഭവമാണ്‌..."

"ഒന്നു പോടേയ്‌...വെറുതെ നുണപറയാതെ.."

"നിങ്ങള്‍ സംഭവം മുഴുവന്‍ കേള്‍ക്ക്‌... ട്രെയിന്‍ മിസ്സ്‌ ആയപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച്‌ എറണാകുളത്തുനിന്ന് ബസ്സില്‍ ചാലക്കുടിയ്ക്ക്‌ പോരുവാന്‍ തീരുമാനിച്ചു. ആലുവ ബസ്സില്‍ കയറി, കണ്ടക്ടര്‍ എത്തിയപ്പോള്‍ 'ജെ' പെട്ടെന്ന് ചാടിക്കയറി രണ്ടുപേര്‍ക്കുമുള്ള ടിക്കറ്റ്‌ എടുത്തു. ആലുവ വരെ ബസ്‌ ചാര്‍ജ്ജ്‌ രണ്ടുപേര്‍ക്കും കൂടി 10 രൂപയോളം വരും. എനിക്ക്‌ ജെ യെക്കുറിച്ച്‌ ഇത്തിരി മതിപ്പ്‌ കൂടിയോ എന്ന് സംശയം. "

"എന്നിട്ട്‌...???" എല്ലാവര്‍ക്കും ബാക്കി അറിയാന്‍ ആകാംക്ഷയായി.

"എന്നിട്ടെന്താ ആലുവ മുതല്‍ ചാലക്കുടി വരെയുള്ള ബസ്‌ ചാര്‍ജ്ജ്‌ ഞാന്‍ കൊടുക്കേണ്ടി വന്നു. രണ്ടുപേര്‍ക്കും കൂടി 30 രൂപ.."

ഇത്‌ പറഞ്ഞ്‌ കഴിഞ്ഞതും എല്ലാവരും ആശ്വാസത്തോടെ സീറ്റില്‍ ഇറങ്ങിയിരുന്നു.

"ങാ... അങ്ങനെ വരട്ടെ... അല്ല, ഞാന്‍ വിചാരിച്ചു പുള്ളിക്കാരനിതെന്തു പറ്റീ എന്ന്.." കേള്‍വിക്കാരിലൊരാളുടെ കമന്റ്‌.

Labels:

Sunday, April 15, 2007

ബൗ ബൗ കണ്ണന്‍

7 കൊല്ലം മുന്‍പ്‌ വരെ, ചാലക്കുടി എറണാകുളം റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ ഓടിച്ചിട്ട്‌ പിടിച്ചിരുന്ന സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരനായിരുന്ന ഞാന്‍, ഈ കാലഘട്ടത്തില്‍ കുറേ നല്ല സുഹൃത്തുക്കളെ സമ്പാദിച്ചു. അങ്ങനെ പരിചയപ്പെടുകയും വളരെ ഇഷ്ടപ്പെടുകയും ചെയ്ത ഒരു വ്യക്തിയാണ്‌ കണ്ണന്‍. എപ്പോഴും വളരെ ഉല്ലാസവാനായും തമാശകള്‍ പറഞ്ഞ്‌ പൊട്ടിച്ചിരിച്ചും ഞങ്ങളുടെ യാത്രകളെ സന്തോഷകരമാക്കുന്നതില്‍ കണ്ണനും വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

പക്ഷെ, കണ്ണന്‍ എന്ന പര്‌ പറഞ്ഞാല്‍ ആരും ഇദ്ദേഹത്ത അറിയുമായിരുന്നില്ല. കാരണം, മൂന്ന് പേരെങ്കുലും ഇതേ പേരില്‍ ഞങ്ങളുടെ അറിവില്‍ തന്നെയുണ്ടായിരുന്നു. 'ബൗ ബൗ കണ്ണന്‍' എന്ന ഓമനപ്പേരില്‍ മാത്രമേ കണ്ണനെ ആളുകള്‍ അറിയുമായിരുന്നുള്ളൂ.

'ബൗ ബൗ' എന്ന ഈ അലങ്കാരത്തിന്റെ കാരണം അധികമാര്‍ക്കും അറിയുമായിരുന്നില്ലെന്ന് മാത്രമല്ല ആരും അത്‌ ചൂഴ്‌ന്ന് അന്വേഷിച്ചിരുന്നുമില്ല. മൊബൈല്‍ ഫോണിന്റെ കോണ്ടാക്റ്റ്‌ ലിസ്റ്റില്‍ പോലും 'ബൗ ബൗ' എന്ന പേരിലാണ്‌ പുള്ളിക്കാരന്റെ നമ്പര്‍ ഞാന്‍ പോലും ഫീഡ്‌ ചെയ്തിരുന്നത്‌.

ഈ 'ബൗ ബൗ' എന്ന ബഹുമതി പേരിനോടൊപ്പം കിട്ടാനുള്ള കാരണം എന്താണെന്ന ജിജ്ഞാസ ഞാന്‍ കണ്ണന്റെ വളരെ അടുത്ത ചില സുഹൃത്തുക്കളോട്‌ ഒരിക്കല്‍ ചോദിച്ചപ്പോഴാണ്‌ ആ മഹാസംഭവത്തിന്റെ ചുരുളഴിഞ്ഞത്‌.

ചിലദിവസങ്ങളില്‍ സുഹൃത്തുക്കളുമൊത്ത്‌ ബാര്‍ലിവെള്ളം (ബാറിലെ വെള്ളം തന്നെ) കുടിയ്ക്കാന്‍ അവര്‍ ഒരുമിച്ച്‌ കൂടാറുണ്ടായിരുന്നുവത്രെ. ഒരിക്കല്‍ ഈ കലാപരിപാടി കഴിഞ്ഞപ്പോള്‍ സമയം ഒത്തിരി ഓവറായതോടൊപ്പം ആളും ഇച്ചിരി ഓവറായി.

ഒന്നുരണ്ട്‌ സുഹൃത്തുക്കള്‍ ചേര്‍ന്ന് പുള്ളിക്കാരനെ വീട്ടില്‍ കൊണ്ട്‌ ചെന്നാക്കാന്‍ പുറപ്പെട്ടു.

'എനിക്ക്‌ വിശന്നിട്ടുവയ്യ... വീട്ടില്‍ ചെന്നിട്ട്‌ ചോറുണ്ണണം... അമ്മ എടുത്ത്‌ വച്ചിട്ടുണ്ടാകുമോ ആവോ' എന്ന് കണ്ണന്‍ ആവലാതി പറയുന്നുണ്ടായിരുന്നു.

സമയം 12 മണി കഴിഞ്ഞിട്ടുണ്ടായിരുന്നതിനാലും ആ നേരത്ത്‌ വീട്ടുകാരുടെ കുശലാന്വേഷണങ്ങള്‍ വെറുതേ കേള്‍ക്കേണ്ടല്ലോ എന്നും വിചാരിച്ച്‌ അവര്‍ കണ്ണനെ ഗെയ്റ്റ്‌ കടത്തിവിട്ടിട്ട്‌ തിരിച്ചുനടന്നു.

കുറച്ചുദൂരം തിരിച്ചുനടന്ന് കഴിഞ്ഞപ്പോഴാണ്‌ അവര്‍ക്ക്‌ കണ്ണന്‍ ഉള്ളില്‍ കയറി സേഫ്‌ ആയതിനുശേഷം പോകുന്നതല്ലേ നല്ലത്‌ എന്ന സ്നേഹം മനസ്സില്‍ കലശലായത്‌. അവര്‍ മതിലിന്റെ അപ്പുറത്ത്‌ നിന്ന് കണ്ണന്റെ അടുത്ത നടപടികള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.

വരാന്തയില്‍ ഇരുന്ന് അല്‍പം റസ്റ്റ്‌ എടുത്ത ശേഷം എഴുന്നേറ്റ്‌ നിന്ന് കോളിംഗ്‌ ബെല്ലടിയ്ക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട കണ്ണന്‍ വരാന്തയില്‍ തന്നെ ഇരിപ്പായി.

അല്‍പം കഴിഞ്ഞ്‌ പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ട്‌ കണ്ണന്റെ അമ്മ വാതില്‍ തുറന്നപ്പോള്‍ കണ്ടത്‌ കണ്ണന്‍ വരാന്തയില്‍ കെട്ടിയിരുന്ന നായയുടെ പ്ലേറ്റില്‍ നിന്ന് ബാക്കിയുള്ള ചോറ്‌ വാരി വാരി കഴിയ്ക്കുന്നതാണത്രേ.....

ആത്മാര്‍ത്ഥതയുള്ള ആ സുഹൃത്തുക്കള്‍ ആ ഹോട്ട്‌ ന്യൂസ്‌ പിറ്റേന്ന് തന്നെ റിലീസ്‌ ചെയ്യുകയും ജീവിതകാലം മുഴുവന്‍ അറിയപ്പെടാനുള്ള ആ നാമകരണം നിര്‍വ്വഹിയ്ക്കുകയും ചെയ്തു.

Labels:

Monday, April 09, 2007

മൈസര്‍ ജെ.

നല്ല ഉയരം (നാലടിയോളം വരും), അമീര്‍ഖാന്റെ രൂപമാണെന്ന ഭാവം, നല്ല വെളുത്ത നിറം, ആരെയും കളിയാക്കാന്‍ പോന്ന ആത്മവിശ്വാസം, പിന്നെ നല്ല അത്യുഗ്രന്‍ പിശുക്കും ചേര്‍ന്നാല്‍ 'ജെ' എന്ന വ്യക്തിയുടെ നിര്‍വ്വചനമാകും.

ഉയരത്തെക്കുറിച്ച്‌ ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ ചില ഉദാഹരണവിശേഷണങ്ങള്‍ പ്രചാരത്തിലുണ്ട്‌.

അതില്‍ ചില വിശേഷണങ്ങളും ഉദാഹരണങ്ങളും ഇതാ...

'ഓട്ടോറിക്ഷയില്‍ കാല്‍ ആട്ടി ആട്ടി ഇരിയ്ക്കാന്‍ കഴിയുന്നവന്‍' (കാല്‌ നിലത്ത്‌ മുട്ടാത്തതിനാല്‍ ലഭിച്ച ഭാഗ്യമാണത്രെ)

'ഹോട്ടലുകളില്‍ കുട്ടികള്‍ക്കുള്ള സീറ്റില്‍ ഇരിയ്ക്കാനും കുട്ടികള്‍ക്കുള്ള വാഷ്‌ ബെയിസിന്‍ ഉപയോഗിക്കാനും കഴിയുന്നവന്‍' (മറ്റുള്ളവര്‍ ക്ഷണിച്ചാല്‍ മാത്രമേ ഹോട്ടലില്‍ കയറൂ എങ്കിലും ഈ ഫെസിലിറ്റിയുള്ള ഹോട്ടലുകളേ തിരഞ്ഞെടുക്കൂ)

ഒരിക്കല്‍ 'ജെ.' യെ കാണാന്‍ വൈകീട്ട്‌ ഓഫീസില്‍ ചെന്ന ഒരു സുഹൃത്ത്‌ പിറ്റേന്ന് ജെ യുടെ ഉയരത്തെക്കുറിച്ച്‌ പറഞ്ഞ കമന്റ്‌..

'ഞാന്‍ നോക്കുമ്പോള്‍ ഷട്ടര്‍ പകുതി അടച്ചിട്ടിരിയ്ക്കുകയായിരുന്നു. ജെ അതിന്നടിയിലൂടെ കൂളായി നടന്നുവന്നു എന്ന് മാത്രമല്ല കൈയ്യിലുണ്ടായിരുന്ന ചുരുട്ടിയ കടലാസ്‌ തലയ്ക്ക്‌ മുകളിലൂടെ എറിഞ്ഞ്‌ കളയുകകൂടി ചെയ്തു'

ഈ ഉയരത്തിന്റെ മാറ്റ്‌ കൂടുന്നത്‌ മിസ്റ്റര്‍ ജെ യുടെ പിശുക്കിന്റെ കാഠിന്ന്യത്തിലാണ്‌.

കൂട്ടുകാര്‍ക്കിടയില്‍ തന്റെ പേരിന്റെ മഹിമ വര്‍ദ്ധിപ്പിച്ച്‌ 'മൈസര്‍ ജെ.' എന്ന നാമകരണം ചാര്‍ത്തിക്കിട്ടാന്‍ മിസ്റ്റര്‍ ജെ യ്ക്ക്‌ അധിക സമയം വേണ്ടിവന്നില്ല.

മൊബൈല്‍ ഫോണ്‍ വെറുതെ കിട്ടിയ സാഹചര്യത്തിലാണെന്ന് തോന്നുന്നു പുള്ളിക്കാരന്‍ അത്‌ ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചത്‌. പക്ഷെ, ഇന്നുവരെ ഒരു ഔട്ട്‌ ഗോയിംഗ്‌ കോള്‍ കണക്റ്റ്‌ ചെയ്യുവാനുള്ള ഭാഗ്യം ആ ഫോണിനുണ്ടായിട്ടില്ല എന്നതാണ്‌ സത്യം. ഇന്‍ കമിംഗ്‌ കോളുകളില്‍ മാത്രമേ ആ ഫോണിന്‌ ജെ യുടെ വര്‍ത്തമാനം സഹിയ്ക്കേണ്ടിവന്നിട്ടുള്ളൂ.

ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ഫീച്ചര്‍ 'മിസ്സ്ഡ്‌ കോള്‍'

ഇതനുഭവിയ്ക്കേണ്ടി വന്ന സുഹൃത്തുക്കള്‍ പലപ്പോഴും ഒരുമിച്ചിരുന്ന് കളിയാക്കിയിട്ടും യാതൊരു കൂസലുമില്ലാതെ മൈസര്‍ ജെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചു.

ഇപ്പോള്‍ പ്രചാരത്തിലിരിയ്ക്കുന്ന ഒരു മിസ്സ്ഡ്‌ കോള്‍ സംഭവം...

'മൈസര്‍ ജെ യുടെ വീടിന്‌ തീ പിടിച്ചപ്പോള്‍ അവന്‍ ഫയര്‍ ഫോര്‍സിന്‌ മിസ്സ്ഡ്‌ കോള്‍ അടിച്ച്‌ വെയ്റ്റ്‌ ചെയ്തു അത്രെ... '

Labels: