സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, March 21, 2007

യെസ്‌ ... കം ഇന്‍...

എറണാകുളത്തേയ്ക്കുള്ള ട്രെയിന്‍ അങ്കമാലി സ്റ്റേഷനില്‍ വന്ന് നിന്നു.......
എറണാകുളം വരെ സ്ഥിരം കുറ്റികളായിരുന്ന ഞാനടക്കമുള്ള ചാലക്കുടി ഗ്യാങ്ങ്‌ അധികം തിരക്കില്ലാത്ത ആ ട്രെയിനിന്റെ ആ കമ്പാര്‍ട്ട്‌ മെന്റിലെ മുന്‍ഭാഗത്തെ ഡോറിനരികിലുള്ള ഏരിയ കവര്‍ ചെയ്ത്‌ ഇരുന്നുകൊണ്ട്‌ പതിവ്‌ പാര ബില്‍ഡിംഗ്‌ കം കറന്റ്‌ അഫ്ഫെയേര്‍സ്‌ ഡിസ്ക്കഷനില്‍ മുഴുകിയിരിയ്ക്കുന്നു.

വണ്ടി സ്റ്റേഷനില്‍ നിന്നപ്പോഴേയ്ക്കും ഓടിയടുക്കുന്ന സീസണ്‍ ടിക്കറ്റുകാരെ ഞങ്ങള്‍ പുച്ഛത്തോടെ നോക്കി അവര്‍ അടഞ്ഞു കിടക്കുന്ന ആ ഡോറിനു മുന്നിലെത്തി ബലപ്രയോഗം തുടങ്ങി. കൈ കൊണ്ടും കാലുകള്‍ കൊണ്ടും പരിശ്രമിച്ചിട്ടും വല്ല്യ പ്രയോജനം കാണാതായപ്പോഴാണ്‌ ജനലിലൂടെ ഞങ്ങളോട്‌ അഭ്യര്‍ത്ഥന വന്നത്‌...

'ആ ഡോര്‍ ഒന്ന് തുറക്കൂ... അകത്ത്‌ നിന്ന് ലോക്ക്‌ ആണെന്ന് തോന്നുന്നു...'

ഇത്‌ കേട്ട ഉടനെ ഞങ്ങളുടെ കൂടെയുള്ള ചന്ദ്രന്‍ ചേട്ടന്റെ മറുപടി..
'അത്‌ തുറക്കാന്‍ പറ്റില്ല...'

ഇത്‌ കേട്ട്‌ അല്‍പം ദേഷ്യത്തോടെ പുറത്തുനില്‍ക്കുന്നവര്‍ 'അതെന്താ തുറക്കാന്‍ പറ്റാത്തത്‌... ഒന്ന് തുറക്കെടോ...'

അപ്പോഴാണ്‌ ചന്ദ്രന്‍ ചേട്ടന്‌ ഉത്തരം ക്ലിയറാക്കാനുള്ള ബോധോദയം ഉണ്ടായത്‌...

'ആരു വിചാരിച്ചാലും ഇപ്പോ തുറക്കാന്‍ പറ്റില്ല ചേട്ടാ.... അത്‌ സ്റ്റക്ക്‌ ആയി ഇരിക്കുകയാണ്‌...' കാല്‌ തടവിക്കൊണ്ട്‌ ചന്ദ്രന്‍ ചേട്ടന്‍ പറഞ്ഞു.

പുറത്ത്‌ നില്‍ക്കുന്നവരില്‍ ചിലര്‍ പിറുപിറുത്തുകൊണ്ട്‌ അടുത്ത ഡോറിന്നടുത്തേക്ക്‌ നീങ്ങുമ്പോഴെയ്ക്ക്‌ അതാ വേറെ കുറേ പേര്‍ കൂടി...അവരും ഈ പ്രക്രിയ തുടര്‍ന്നു... അവരോടും വിവരം പറഞ്ഞ്‌ മടക്കിയയച്ചപ്പോഴെയ്ക്ക്‌ വീണ്ടും കുറേ പേര്‍ കൂടി....

ഇത്തവണ വന്നവര്‍ അല്‍പം ചോരത്തിളപ്പ്‌ കൂടുതലുള്ളവര്‍...

'ങാഹാ.. തുറക്കാന്‍ പറ്റില്ലേ... ഇന്ന് ശരിയാക്കിത്തരാം...' എന്ന് പറഞ്ഞ്‌ ഡോറില്‍ ആഞ്ഞ്‌ രണ്ട്‌ മൂന്ന് ഇടി..

'ടക്‌ ടക്‌ ടക്‌..'

ഉത്തരം പറഞ്ഞ്‌ മടുത്ത ചന്ദ്രന്‍ ചേട്ടന്‍ കേള്‍ക്കാത്ത ഭാവത്തിലിരുന്നപ്പോള്‍ രാജന്റെ കമന്റ്‌..

'യെസ്‌... കം ഇന്‍....'

ഫ്ലാഷ്‌ ബാക്ക്‌.......(30 മിനുട്ടുകള്‍ക്ക്‌ മുന്‍പ്‌............)
ട്രെയിന്‍ ചാലക്കുടി സ്റ്റേഷനില്‍ വന്ന് നില്‍ക്കുന്നു.... ഞാനടക്കമുള്ള സീസണ്‍ ടിക്കറ്റ്‌ ഗ്യാങ്ങ്‌ തിരക്ക്‌ കുറഞ്ഞ ഒരു കമ്പാര്‍ട്ട്‌ മെന്റിന്റെ അടഞ്ഞ്‌ കിടക്കുന്ന വാതിലിനു മുന്നിലെത്തി...

ഓരോരുത്തര്‍ മാറി മാറി തങ്ങളുടെ ശക്തി പരീക്ഷിച്ചിട്ടും ലവലേശം ഭാവമാറ്റമില്ലാതെ ആ ഡോര്‍ നിലകൊണ്ടു.

എല്ല് മാത്രം ശരീരത്തില്‍ സമ്പാദ്യമായുള്ള ചന്ദ്രന്‍ ചേട്ടന്റെ കാലുകൊണ്ടുള്ള ഒരു സൈഡ്‌ കിക്ക്‌ പോലും ആ ഡോറിന്‌ സഹിയ്ക്കേണ്ടി വന്നു.

ഇനിയും കഴിവ്‌ തെളിയിയ്ക്കാന്‍ നിന്നാല്‍ അടുത്ത ട്രെയിന്‌ പോകേണ്ടി വരും എന്നതിനാല്‍ ആ കമ്പാര്‍ട്ട്‌ മെന്റിന്റെ അടുത്ത ഡോറിലേക്ക്‌ ഓടിക്കയറി ഞങ്ങള്‍ ഈ അടഞ്ഞു കിടക്കുന്ന ഡോറിന്റെ ഏരിയ ലക്ഷ്യമാക്കി നടന്നു (അവിടെ പൊതുവേ തിരക്ക്‌ കുറവായിരുന്നത്‌ തന്നെ കാരണം).

അവിടെ എത്തിയപ്പോഴാണ്‌ ചന്ദ്രന്‍ ചേട്ടന്റെ വേദനകലര്‍ന്ന ആത്മഗതം ഇത്തിരി ഉച്ഛത്തില്‍ ആയിപ്പോയത്‌

'ഓഹ്‌... ഈ ട്രെയിന്റെ ഇരുമ്പിന്‌ എന്താ ഒരു ബലം .... '

Labels:

Sunday, March 18, 2007

പത്താം തരം പരീക്ഷാ സഹായം

പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലം...

സിനിമാ തിയ്യറ്ററില്‍ ബാക്ക്‌ സീറ്റാണ്‌ കേമന്മാര്‍ക്കുള്ള ഇരിപ്പിടം എന്ന പോലെ ക്ലാസ്സിലും കേമന്മാരായവരെ ബാക്ക്‌ സീറ്റ്‌ നല്‍കി തന്നെ ആദരിച്ചുപോന്നിരുന്നു. പക്ഷെ, സ്കൂളിന്റെ വിജയശതമാനം നിര്‍ണ്ണയിച്ചിരുന്നത്‌ ഇക്കൂട്ടര്‍ തന്നെ ആയിരുന്നതിനാല്‍ അവര്‍ക്ക്‌ വേണ്ടത്ര മുന്‍ ഗണന നല്‍കിയിരുന്നു.

എങ്ങനെയെങ്കിലും ഈ മിടുക്കന്മാരെ (തടിമിടുക്കാണ്‌ ഉദ്ദേശിച്ചത്‌) ഒന്ന് പരീക്ഷ പാസ്സാക്കിയെടുക്കുക എന്നതായിരുന്നു അദ്ധ്യാപകരുടെ ഒരു പ്രധാന വെല്ലുവിളി. ഈ വെല്ലുവിളി അവര്‍ സ്വയം ഏറ്റെടുക്കാതെ അതിനെ ഒന്ന് ജനകീയവല്‍ക്കരിച്ചു. അതായത്‌, ആ ചുമതല ക്ലാസ്സിലെ മുന്‍സീറ്റിലെ മിടുക്കന്മാര്‍ക്ക്‌ വീതം വച്ച്‌ കൊടുത്തു. കോങ്കണ്ണ്‍ ഇല്ലെങ്കിലും 'കുരുടന്‍ നാട്ടില്‍ കോങ്കണ്ണന്‍ കോന്തുണ്ണ്യാര്‌ രാജാവ്‌' എന്ന ചൊല്ലിനെ ഉദാഹരിക്കാന്‍ ഞാനും മുന്‍സീറ്റ്‌ അലങ്കരിച്ചിരുന്നു (ഇത്തിരി ആര്‍ഭാടമായി തന്നെ ഇരിയ്ക്കട്ടെ എന്റെ ഇരിപ്പിന്റെ വിവരണം)

അങ്ങനെ വീതം വച്ച കൂട്ടത്തില്‍ എനിയ്ക്കും കിട്ടി ഒരു കേമനെ.... ഡെന്നി....ആറടി പോക്കമുണ്ടെങ്കിലും ആ ബാക്ക്‌ ബഞ്ചുകാരുടെ കൂട്ടത്തിലെ ഏറ്റവും പാവമായ ഒരുവന്‍.... അദ്ധ്യാപകരില്‍ നിന്ന് ചീത്തയും അടിയും കിട്ടിയാലോ കൂട്ടുകാര്‍ കളിയാക്കിയാലോ ഒരു ശാന്തമായ ചിരിയോടെ എല്ലാം അഭിമുഖീകരിയ്ക്കുന്ന പ്രകൃതം..അവനെ പരീക്ഷയ്ക്ക്‌ പഠിപ്പിച്ച്‌ പാസ്സാക്കിയെടുക്കാന്‍ സഹായിയ്ക്കുക എന്നതാണ്‌ ദൗത്യം....

ആദ്യത്തെ കുറച്ച്‌ ദിവസത്തെ പരിശ്രമപരാക്രമങ്ങളില്‍ നിന്ന് തന്നെ എന്റെ കാര്യം പോക്കാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.

കുടം കമിഴ്ത്തിവച്ച്‌ വെള്ളമൊഴിയ്ക്കുക, ഐസ്‌ കട്ടയില്‍ പെയിന്റ്‌ ('പൈ ന്റ്‌ ' അല്ല) അടിയ്ക്കുക, വെള്ളത്തില്‍ ആണിയടിയ്ക്കുക തുടങ്ങി അന്ന് പ്രചാരത്തിലിരുന്ന ചൊല്ലുകളെ അന്വര്‍ത്ഥമാക്കുന്ന പ്രകടനം....

സ്ഥിരമായി ചോദിയ്ക്കാറുള്ള ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ എഴുതിക്കൊടുത്തിട്ട്‌ ഞാന്‍ പറഞ്ഞു...

'പറ്റുമെങ്കില്‍ പഠിക്ക്‌... ഇല്ലെങ്കില്‍ എഴുതി വയ്ക്ക്‌... ചോദ്യം മനസ്സിലായാല്‍ നോക്കി എഴുതാനെങ്കിലും ശ്രമിയ്ക്ക്‌...'

അങ്ങനെ വിശ്വപ്രസിദ്ധമായ പത്താം ക്ലാസ്സ്‌ പരീക്ഷ.....

ആദ്യത്തെ കുറേ ചോദ്യങ്ങള്‍ താഴെകൊടുത്തിരിയ്ക്കുന്ന ഉത്തരങ്ങളില്‍ നിന്ന് ശരിയായവ തിരഞ്ഞെടുക്കുന്നവയാണ്‌...

ഈ ചോദ്യങ്ങളെ നടനകലകളിലെ മുദ്രകളും ഗോഷ്ടിചേഷ്ടകളും ഉപയോഗിച്ച്‌ പരസ്പരം അഭിനയിച്ച്‌ പ്രതിഫലിപ്പിച്ച്‌ ഉത്തരമെഴുതുന്ന സമ്പ്രദായമാണ്‌ നിലനിന്നിരുന്നത്‌...

ഡെന്നിയെ ജയിപ്പിച്ചെടുത്താല്‍ വല്ല്യ ക്രെഡിറ്റ്‌ ആകുമെന്നതിനാല്‍ എനിക്ക്‌ ശരിയെന്ന് തോന്നുന്ന ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ക്രമനമ്പര്‍ കൈ വിരല്‍ കൊണ്ട്‌ സിഗ്നല്‍ കൊടുത്ത്‌ ഞാന്‍ പ്രസരണം ചെയ്തു. ഇത്‌ കണ്ടിട്ടാവും പരീക്ഷാ ഹോളിലെ സാറിന്റെ ചോദ്യം...

'എന്താടോ... ഇത്‌ കണക്ക്‌ പരീക്ഷയൊന്നുമല്ലല്ലോ ഇങ്ങനെ വിരലുകള്‍ കൊണ്ട്‌ കൂട്ടിയും കുറച്ചും ഇരിയ്ക്കാന്‍...'

'മലയാളം പരീക്ഷ ഞാന്‍ കണക്കിലെഴുതിയാലും മാഷിനെന്താ...' എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും പത്താം ക്ലാസ്സ്‌ പരീക്ഷ പാസ്സാവാതെ കോളെജില്‍ പോകാന്‍ പറ്റില്ല (കുടുംബത്ത്‌ കേറാനും പറ്റില്ല) എന്ന ബോദ്ധ്യം കൊണ്ട്‌ ഞാന്‍ ഒരു ചമ്മിയ ചിരിയില്‍ എന്റെ വികാരം ഒതുക്കി.

അന്നത്തെ പരീക്ഷ കഴിഞ്ഞ്‌ പുറത്ത്‌ വന്ന ഞാന്‍ ഡെന്നിയുടെ അടുത്തെത്തി.

'എങ്ങനെയുണ്ട്‌... ആ കറക്കിക്കുത്ത്‌ ചോദ്യങ്ങള്‍ ശരിയാക്കിയാല്‍ തന്നെ ഒരുവിധം ഓ കെ യാകും...' ഞാന്‍ പറഞ്ഞു.

'അതെല്ലാം കാണിച്ച പോലെ തന്നെ എഴുതിയിട്ടുണ്ട്‌.... പക്ഷെ, ചിലതൊന്നും എനിയ്ക്ക്‌ മനസ്സിലായില്ല... രണ്ട്‌ പ്രാവശ്യം വീതം കാണിച്ചപ്പോള്‍ അതില്‍ ഏതാണ്‌ എന്ന് സംശയമായി...' ഡെന്നി വിഷമത്തോടെ പറഞ്ഞു.

ഞാന്‍ ഞെട്ടി.....

'രണ്ടു പ്രാവശ്യമോ.... അയ്യോ... അത്‌ ആദ്യം കാണിച്ചത്‌ ചോദ്യത്തിന്റെ നമ്പറും പിന്നെ കാണിച്ചത്‌ അതിന്റെ ഉത്തരത്തിന്റെ ക്രമനമ്പറുമാണെടാ ദുഷ്ടാ.... ഒന്നുമില്ലെങ്കിലും നാല്‌ ചോദ്യം കഴിഞ്ഞാലെങ്കിലും അത്‌ മനസ്സിലാക്കാമായിരുന്നല്ലോ.... നാലില്‍ കൂടുതല്‍ ഉത്തരം സെലക്ഷന്‍ ഉള്ള ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ലല്ലോ...'

ഇത്‌ കേട്ട്‌ തന്റെ സ്വത സിദ്ധമായ ആ ശാന്തമായ ചിരിയോടെ ഡെന്നി നിന്നു.

(പരീക്ഷയുടെ റിസല്‍ട്ട്‌ വന്നപ്പോള്‍ അല്‍ഭുതങ്ങള്‍ ഒന്നും നടന്നില്ല... ഉത്തരം വായിച്ച്‌ നോക്കി തന്നെയാണ്‌ മാര്‍ക്കിടുന്നതെന്ന് ബോദ്ധ്യമാകുകയും ചെയ്തു)

Labels:

Tuesday, March 06, 2007

കിട്ടും യാഹൂനും കൊട്ട്‌

ഇത്തിരി വൈകിയാണെങ്കിലും ഞാനും യാഹൂവിന്റെ ഫാദറില്ലായ്മത്തരത്തില്‍ ഒന്ന് പ്രതിഷേധിക്കട്ടെ...കട്ടതും പോര, കട്ടമുതല്‌ തന്നവനെ ചൂണ്ടിക്കാണിച്ച്‌ കയ്യൊഴിയാന്‍ നടത്തുന്ന വൃത്തികെട്ട പ്രവണതയും അവരുടെ അന്തസ്സില്ലായ്മയെ തിളക്കമേറ്റുന്നു.

ചെറുപ്പത്തില്‍ കേട്ടിട്ടുള്ള ഒരു കഥയാണ്‌ താഴെ... കൃത്യമായി ഓര്‍മ്മയില്ലെങ്കിലും അതിന്റെ രത്നച്ചുരുക്കം പറയാം...
************
ഒരു പാവപ്പെട്ട ഒരുവന്‌ ദൈവം അവന്റെ കഷ്ടപ്പാടില്‍ അനുകമ്പ തോന്നി ഒരു വരം കൊടുത്തു. ഒരു ആട്‌....

ആ ആടിനോട്‌... 'തൂറാടേ മൂന്നുകൊട്ട..' എന്ന് പറഞ്ഞാല്‍ അത്‌ മൂന്നു കൊട്ട ആട്ടിന്‍ കാട്ടമായി സ്വര്‍ണ്ണം നല്‍കും....

ഇത്‌ പണക്കാരനാണെങ്കിലും ദുഷ്ടനും കൊതിയനുമായ ഒരുവന്‍ ഒളിഞ്ഞ്‌ നിന്ന് കാണുന്നുണ്ടായിരുന്നു.
അന്ന് രാത്രി, ആ പാവം ഉറങ്ങാന്‍ കിടന്നപ്പോള്‍ ഈ ദുഷ്ടന്‍ വന്ന് ആ ആടിനെ മോഷ്ടിച്ച്‌ കൊണ്ടുപോയി...

പാവം മനുഷ്യന്‍... പിറ്റേന്ന് ആടിനെ കാണാതെ വിഷമിച്ചു... വീണ്ടും കഷ്ടപ്പാടും ദാരിദ്ര്യവും....

വീണ്ടും ദൈവം പ്രത്യക്ഷപ്പെട്ടു....

ഇത്തവണ ഒരു കുതിരയെ സമ്മാനിച്ചു...'തുമ്മ് കുതിരേ പന്തീരായിരം...' എന്ന് പറഞ്ഞാല്‍ കുതിര പന്തീരായിരം സ്വര്‍ണ്ണനാണയങ്ങള്‍ തുമ്മും...

ഇനിയും ഇയാള്‍ക്ക്‌ വല്ലതും കിട്ടുമോ എന്നറിയാന്‍ ആ ദുഷ്ടന്‍ എന്നും രാത്രി ഒളിഞ്ഞ്‌ വീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഈ സംഭവവും ഇയാള്‍ കാണാനിടയായി. അയാള്‍ രാത്രി വന്ന് ആ കുതിരയെ കട്ട്‌ കൊണ്ട്‌ പോയി.

ഇതെല്ലാം ദൈവം കാണുന്നുണ്ടല്ലോ....

അടുത്ത തവണ ദൈവം ആ പാവപ്പെട്ടവന്റെ മുന്നില്‍ വന്നിട്ട്‌ പറഞ്ഞു.
'നിനക്ക്‌ പലതും ഞാന്‍ തന്നു. എല്ലാം ആരോ മോഷ്ടിച്ചു. ഇനി ഞാന്‍ തരാന്‍ പോകുന്നത്‌ ഏറ്റവും വിശിഷ്ടമായ ഒന്നാണ്‌. ഇത്‌ മൂലം നിനക്ക്‌ പോയതിന്‌ തുല്ല്യമായത്‌ തിരികെ കിട്ടും'.

മറ്റേ കൊതിയനായ മനുഷ്യന്‍ ജനലിന്റെ അരികില്‍ ഒളിഞ്ഞ്‌ നില്‍ക്കുന്നത്‌ ദൈവം കണ്ടു.

ദൈവം ഒരു വടി ഈ പാവം മനുഷ്യന്‌ കൊടുത്തു. എന്നിട്ട്‌ പറഞ്ഞു...

'കൊട്ട്‌ വടി സ്വര്‍ണ്ണ വടി... എന്ന് പറഞ്ഞാല്‍ മതി. നിന്റെ സൗഭാഗ്യങ്ങള്‍ വന്ന് ചേരും. പക്ഷെ ഇന്ന് വേണ്ട... സാവധാനം മതി...'

ഇത്രയും പറഞ്ഞ്‌ ദൈവം അപ്രത്യക്ഷനായി.

അന്ന് രാത്രി മറ്റേ ദുഷ്ടന്‍ വന്ന് ആ വടി മോഷ്ടിച്ച്‌ കൊണ്ടുപോയി. അയാല്‍ വീട്ടില്‍ ചെന്നു.

കെട്ടിയിട്ടിരിയ്കുന്ന ആടിനെയും കുതിരയെയും അഭിമാനത്തോടെ നോക്കി.. 'എല്ലാം എന്റെ...' എന്ന് ആത്മകതം പറഞ്ഞു. എന്നിട്ട്‌ ആ വടിയെ കയ്യിലെടുത്തു.
'കൊട്ട്‌ വടി... സ്വര്‍ണ്ണ വടി..' എന്ന് പറഞ്ഞതും വടി നിര്‍ത്താതെ അയാളെ അടി തുടങ്ങി....

'അയ്യോ.. അയ്യോ..' എന്ന് നിലവിളിച്ചുകൊണ്ട്‌ ഓടിയിട്ടും വടി പിന്നാലെ വന്ന് അടിയോടടി... പൊരിഞ്ഞ അടി....

കുറച്ച്‌ സമയം തല്ല് കിട്ടിയപ്പോള്‍ അയാള്‍ക്ക്‌ വിവേകം വന്നു... താന്‍ മോഷ്ടിച്ചതിന്‌ ദൈവം തന്നതാണിതെന്ന് അയാള്‍ തിരിച്ചറിഞ്ഞു...

അയാള്‍ വേഗം തന്റെ വീട്ടില്‍ കെട്ടിയ ആടിനേയും കുതിരയേയും കൊണ്ട്‌ ഓടി ആ പാവം മനുഷ്യന്റെ വീട്ടില്‍ എത്തി. എന്നിട്ട്‌ കാല്‍ക്കല്‍ വീണ്‌ പറഞ്ഞു.... 'എന്നോട്‌ ക്ഷമിക്കണം... എനിക്ക്‌ തെറ്റുപറ്റീ..... എല്ലാം നിങ്ങളുടേതാണ്‌... എന്നെ ഈ അടിയില്‍ നിന്നൊന്ന് രക്ഷിക്കൂ....'

ഇത്രയും കഴിഞ്ഞപ്പോഴെയ്ക്ക്‌ അടി നിന്നു. വടി സ്വര്‍ണ്ണവടിയായി. അങ്ങനെ ആ പാവം മനുഷ്യന്‌ എല്ലാം തിരികെ കിട്ടി...
*****************
ഇവിടെ യാഹൂ ആ ദുഷ്ടനും കൊതിയനുമായ പണക്കാരനായ മനുഷ്യനില്‍ ആവേശിച്ചിരിയ്ക്കുന്നു. പാവപ്പെട്ട സാധാരണക്കാരുടെ സിദ്ധികളെ മോഷ്ടിച്ച്‌ കൊണ്ടുപോയി തന്റെ കുടുംബത്ത്‌ കയറ്റി സ്വന്തമായി അഭിമാനിയ്ക്കുന്നു. ദൈവം സഹിയ്ക്കുമോ.... കിട്ടും മോനേ യാഹൂ നിനക്കും അടി.... കാലം നിന്നെക്കൊണ്ട്‌ മാപ്പ്‌ പറയിയ്ക്കും... ഇല്ലെങ്കില്‍ ദൈവം തിരക്കിലായിരിയ്ക്കും... എപ്പോഴെങ്കിലും ഈ കേസ്‌ എടുത്ത്‌ ശിക്ഷ വിധിയ്ക്കും... പക്ഷെ, എല്ലാം കൂടി ചേര്‍ത്ത്‌ താങ്ങാന്‍ അന്നും ഉണ്ടാവണം...

Labels:

Sunday, March 04, 2007

മുത്തച്ഛനും ചാമ്പമരവും-ഓര്‍മ്മക്കുറിപ്പ്‌

വീടിന്റെ തൊട്ടുപുറകിലാണ്‌ അമ്മയുടെ തറവാട്‌. മുത്തച്ഛനും അമ്മൂമ്മയും ചെറിയമ്മയുടെ കുടുംബവുമായിരുന്നു താമസം. തറവാടിന്റെ വലതുവശത്തായി ഒരു ചാമ്പമരമുണ്ടായിരുന്നു. ഇത്ര ഫലസിദ്ധിയുള്ള ഒരു മരം അപൂര്‍വ്വമാണ്‌. കാരണം, നിറയെ ചുവന്നുതുടുത്ത ചാമ്പയ്ക്കകൊണ്ട്‌ സുന്ദരമായ മരവും അതിന്റെ ചുവട്ടില്‍ വീണ്‌ ചതഞ്ഞ്‌ കിടക്കുന്ന നിറയെ ചാമ്പയ്ക്കകളും ഒരു സ്ഥിരം കാഴ്ചയായിരുന്നു.

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലം....

ഈ ചാമ്പമരത്തെ ആക്രമിയ്ക്കാനും ചാമ്പയ്ക്കകള്‍ വാരിക്കൂട്ടാനുമായി പരിസരപ്രദേശങ്ങളില്‍ നിന്ന് പല കുട്ടികളും വന്നിരുന്നു. ഒരിയ്ക്കല്‍ അങ്ങനെ വന്നെത്തിയ കുട്ടികളുടെ പ്രകടനം എന്തുകൊണ്ടോ എനിയ്ക്ക്‌ പിടിച്ചില്ല. വന്ന നാലുപേരും നല്ല ചട്ടമ്പി ലുക്കും പ്രവൃത്തിയുമുള്ളവര്‍... ചിലര്‍ മരത്തില്‍ കയറി കുലുക്കുന്നു, ചിലര്‍ കല്ലെടുത്തെറിയുന്നു... അങ്ങനെ ആകെ ആ ഏരിയ തൂത്തുവാരിക്കൊണ്ടുപോകാനുള്ള ഒരു പുറപ്പാടാണെന്ന് എനിയ്ക്ക്‌ തോന്നി.

ഞാന്‍ അന്ന് വല്ല്യ സംഭവമല്ലെങ്കിലും നമ്മുടെ കുടുംബത്ത്‌ കേറി അതിക്രമം കണ്ടാല്‍ സഹിയ്ക്കുമോ... തിരിച്ച്‌ എനിയ്ക്കിട്ട്‌ കീറാന്‍ അവര്‍ മുതിരില്ലെന്ന ധൈര്യത്തില്‍ ഞാന്‍ അവരുടെ ഉദ്യമത്തെ എതിര്‍ത്തു... വിത്ത്‌ സപ്പോര്‍ട്ട്‌ ഫ്രം മൈ മുത്തച്ഛന്‍.... അതില്‍ ഒരാളോടു പോലും എന്റെ പോലുള്ള രണ്ട്‌ ആള്‍ക്കാര്‍ വിചാരിച്ചാല്‍ മുട്ടാന്‍ പറ്റില്ല, എങ്കിലും ആ സാഹചര്യം അവര്‍ക്കെതിരായതിനാല്‍ കുറച്ച്‌ നീരസത്തോടെ പറ്റാവുന്നത്ര ആ ഏരിയ ക്ലീനാക്കി അവര്‍ പോയി....

പിന്നീടാണ്‌ ആ ഗ്യാങ്ങിന്റെ ഫുള്‍ ഡീറ്റയില്‍സ്‌ എന്റെ കൂട്ടുകാരില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്‌... അവര്‍ പള്ളിസ്കൂളിലെ തോറ്റുപഠിയ്ക്കുന്ന കലിപ്പ്‌ ടീമുകളാണ്‌ എന്ന്...എല്ലാവരുടെയും പേരുകളുടെകൂടെ ഒരു കോമ്പിനേഷന്‍ പേരുകൂടി ചേര്‍ത്താലേ അവരെ അറിയൂ അത്രേ...

ഇല്ലിയ്ക്കല്‍ ഷിബു, ചുക്ക്‌ സാബു, ചിതലന്‍ ജയന്‍, അണ്ണന്‍ മുരുകന്‍...

മുരുകന്‍ ഒഴികെ ബാക്കി എല്ലാവരുടെയും വീട്ടുപേരാണ്‌ കൂടെ....

പിന്നെ, അന്ന് അത്ര വിവരമില്ലാത്ത കാരണം ആ ഗ്യാങ്ങ്‌ എന്റെ മനസ്സിനെ ഒട്ടും അലോസരപ്പെടുത്തിയുമില്ല.

ഒരു ദിവസം വൈകീട്ട്‌ സ്കൂള്‍ വിട്ട്‌ ഞാനും എന്റെ സന്തത സഹചാരിയായ ടൈറ്റസും വീട്ടിലേക്ക്‌ നടന്ന് വരുന്നു.

പെട്ടെന്നതാ ആ പഴയ ചട്ടമ്പി ഗ്യാങ്ങ്‌ മുന്നില്‍....

അവര്‍ എന്നെ വഴിയില്‍ തടഞ്ഞു... എന്റെ ചുറ്റും നിന്ന് അവര്‍ ഭീഷണി തുടങ്ങി..

'നിന്റെ വീട്ടില്‍ ചാമ്പയ്ക്ക പറിയ്ക്കാന്‍ വന്നാല്‍ നീ എന്ത്‌ ചെയ്യുമെടാ??... നീ വല്ല്യ ആളായല്ലോ അന്ന്... ഞങ്ങളോട്‌ നീ കളിയ്ക്കാറായോ.... ഒറ്റ ഇടി ഇടിച്ചാല്‍ നീ പപ്പടമാകും...' തുടങ്ങിയ കുറേ ഡയലോഗുകള്‍...

പേടിയുണ്ടെങ്കിലും പുറത്തുകാട്ടാത്ത പ്രകൃതം ഇന്നത്തെപ്പോലെ അന്നും ഉണ്ടായിരുന്നതിനാല്‍ ഞാന്‍ ഒട്ടും പേടി ഭാവിയ്ക്കാതെ അവരോട്‌ തര്‍ക്കിച്ചുനിന്നു. ഒടുവില്‍ എന്റെ തര്‍ക്കുത്തരം സഹിയ്ക്കാന്‍ പറ്റാതെ ഏതൊരാളും ചെയ്തുപോകുന്നപോലെ ഇല്ലിയ്ക്കല്‍ ഷിബു എന്റെ താടിയ്ക്കിട്ടൊന്ന് തേമ്പി...

അന്നൊക്കെ താടിയ്ക്ക്‌ തേമ്പുക എന്ന് വച്ചാല്‍ വല്ല്യ മാനക്കേടല്ലേ... ഇതിലും ഭേദം തല്ലി താഴെയിടുന്നതാ.... അവന്‍ താടിയ്ക്കിട്ട്‌ തേമ്പി എന്ന് വച്ച്‌ തിരിച്ച്‌ വല്ലോം ചെയ്യാന്‍ പറ്റ്വോ.... ഷിബുവിന്റെ താടിയ്ക്ക്‌ ഒന്ന് തൊടണമെങ്കില്‍ സ്റ്റുൂളിലോ മറ്റോ കയറി നിക്കണം.... അല്ലാതെ പേടികൊണ്ടല്ല....

കിട്ടിയ തോണ്ടും വാങ്ങിവച്ച്‌ ഞാന്‍ തര്‍ക്കം തുടര്‍ന്നു.... കൂട്ടത്തില്‍ വെല്ലുവിളിയും...

'നിങ്ങളെ ശരിയാക്കിത്തരാട്ടോ... എന്റെ വീടെത്തട്ടെ... ഞാനിന്ന് പറഞ്ഞ്‌ കൊടുക്കുന്നുണ്ട്‌...' എന്ന് വിഷമത്തിലും ദേഷ്യത്തിലും പറഞ്ഞുകൊണ്ട്‌ ഞാന്‍ നടന്നു.

അവര്‍ക്ക്‌ അവരുടെ വീട്ടിലേക്ക്‌ പോകണമെങ്കില്‍ എന്റെ വീടിന്റെ മുന്നിലുള്ള റോഡിലൂടെ വേണം പോകാന്‍. അല്ലെങ്കില്‍ ആശുപത്രിക്കവലയില്‍ നിന്ന് തിരിഞ്ഞ്‌ അല്‍പം ചുറ്റിയും പോകാം...ആശുപത്രിക്കവല എത്തിയപ്പോഴെയ്ക്ക്‌ അവര്‍ക്ക്‌ എന്റെ വീടിന്റെ മുന്നിലൂടെ പോയാലുള്ള റിസ്ക്ക്‌ ഫീല്‍ ചെയ്തു. അവര്‍ പതുക്കെ മറ്റേ വഴിയ്ക്ക്‌ തിരിഞ്ഞു.

ഞാന്‍ വിടുമോ... 'ധൈര്യമുണ്ടെങ്കില്‍ ഇതിലേ വാടാ പേടിത്തൊണ്ടന്മാരെ... പള്ളിസ്കൂളിലെ വല്ല്യ ഗുണ്ടകളാണെന്ന് പറഞ്ഞിട്ട്‌ പേടിച്ചോടുന്നു... വാടാ...' എന്റെ വെല്ലുവിളി.

'പേടിച്ചിട്ടൊന്നുമല്ലാ... ഞങ്ങള്‍ക്ക്‌ ഈ വഴി പോയിട്ട്‌ ഒരു കാര്യമുണ്ട്‌...' ജയന്‍ പറഞ്ഞു.

'അയ്യേ... നാണക്കേട്‌... പേടിത്തൊണ്ടന്മാര്‍...' ഞാന്‍ വെല്ലുവിളി തുടര്‍ന്നു.

എന്റെ കളിയാക്കല്‍ എത്ര സഹിയ്ക്കാം... അതും പള്ളിസ്കൂളിലെ മെയിന്‍ ദാദമാര്‍....

'എന്നാ വാടാ... നമുക്ക്‌ അവന്റെ വീടിന്റെ മുന്നിലൂടെ തന്നെ പോകാം...' നേതാവായ ഷിബു പറഞ്ഞു.

അങ്ങനെ എല്ലാവരും കൂടി എന്റെ കൂടെ നടന്നു.വീടെത്താറായപ്പൊഴെയ്ക്ക്‌ ഞാന്‍ ഓടി വീട്ടില്‍ ചെന്ന് അമ്മയോട്‌ കരഞ്ഞുകൊണ്ട്‌ വിവരം പറഞ്ഞു..

'ഷിബു എന്റെ ചെകിടത്തടിച്ചൂ....' എന്ന് പറഞ്ഞ്‌ മോങ്ങി.(അദ്ധ്യാപകരായ അഛനും അമ്മയ്ക്കും കുട്ടികളെ ചെകിടത്തടിയ്ക്കുക എന്ന് കേള്‍ക്കുന്നതുതന്നെ ദേഷ്യമുള്ള കാര്യമാണെന്ന് എനിയ്ക്കറിയാമല്ലോ...)

'ഓ... ചെകിടത്തടിച്ചോ... അങ്ങനെയെങ്കില്‍ ചോദിയ്ക്കണമല്ലോ...' എന്ന് പറഞ്ഞ്‌ അമ്മ വീടിന്റെ മുന്നില്‍ നിന്ന് ആ ഫുള്‍ ഗ്യാങ്ങിനെ വീടിന്റെ മുറ്റത്തേയ്ക്ക്‌ വിളിച്ചു.

അങ്ങനെ ക്രോസ്സ്‌ വിസ്താരം നടന്നുകൊണ്ടിരിയ്ക്കുമ്പോഴാണ്‌ മുത്തച്ഛന്‍ അവിടെ എത്തിയത്‌...എന്റെ കരച്ചിലും അവിടെയുള്ള ക്രോസ്സ്‌ വിസ്താരവും പിള്ളേരുടെ തര്‍ക്കങ്ങളും കണ്ട്‌ മുത്തച്ഛന്‍ ചോദിച്ചു...

'എന്താടാ... എന്തുപറ്റി...???'

'ദേ... ഇവനെന്റെ ചെകിടത്തടിച്ചൂ... ഹും.....' ഇതും പറഞ്ഞു കൊണ്ട്‌ ഞാന്‍ മോങ്ങല്‍ തുടര്‍ന്നു.

'ആര്‌... ആരാ നിന്നെ അടിച്ചേ...' എന്ന് മുത്തച്ചന്റെ ചോദ്യം...

ഞാന്‍ ഷിബുവിനു നേരെ വിരല്‍ ചൂണ്ടിയതും 'ഠപ്പേ...' എന്ന ശബ്ദത്തില്‍ മുത്തച്ഛന്റെ കൈ ഷിബുവിന്റെ കവിളില്‍ പതിഞ്ഞതും ഒരുമിച്ചായിരുന്നു.

അടിയുടെ സൗണ്ട്‌ എഫ്ഫക്റ്റില്‍ ഷോക്കായി നിന്ന അമ്മയും ഞാനും കണ്ടത്‌ നാലുവഴിയ്ക്ക്‌ പായുന്ന ഷിബുവടക്കമുള്ള ഗ്യാങ്ങിനെയാണ്‌... അതില്‍ ഷിബുമാത്രം ഓടുന്ന ഓട്ടത്തില്‍ എന്തോ ചീത്ത വിളി നടത്തുന്നുണ്ടായിരുന്നു. (അതിനുശേഷം പല സിനിമകളില്‍ മാത്രമേ ഇതുപോലെ ആളുകള്‍ അപ്രത്യക്ഷമാകുന്ന ഒരു സീന്‍ ഞാന്‍ കണ്ടിട്ടുള്ളൂ)

അന്ന് അമ്മ മുത്തച്ഛനോട്‌ നീരസത്തോടെ സംസാരിയ്ക്കുന്ന ഞാന്‍ കേട്ടു. 'അവര്‍ കുട്ടികളല്ലേ... അവര്‍ വല്ല തോന്ന്യവാസവും കാണിച്ചതിന്‌ അച്ഛനെന്തിനാ ആ കുട്ടിയെ അടിച്ചത്‌...??' എന്ന് അമ്മ ചോദിച്ചു. അതിന്‌ മറുപടി പറയാന്‍ നില്‍ക്കാതെ മുത്തച്ഛന്‍ ഒറ്റമുണ്ടും തോളത്തിട്ട്‌ റോഡിലേക്കിറങ്ങി...

അന്ന് മുത്തച്ഛന്റെ ആ സ്നേഹം എന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു...... ആ മുത്തച്ഛനെ അവസാനകാലം വരെ സ്നേഹിയ്ക്കാനും പരിചരിയ്ക്കാനും എനിയ്ക്ക്‌ വല്ലാത്ത ഒരു സന്തോഷമായിരുന്നു. പ്രായം ചെന്ന് കണ്ണ്‌ രണ്ടും കാണാതായപ്പോഴും മിക്കപ്പോഴും അടുത്ത്‌ ചെല്ലാനും കൈ പിടിച്ച്‌ കൊണ്ട്‌ നടക്കാനും ടിവിയില്‍ ക്രിക്കറ്റ്‌ കണ്ടുകൊണ്ടിരിയ്ക്കുമ്പോള്‍ മുത്തച്ഛന്‌ കളി വിവരിയ്ക്കാനും... അങ്ങനെ അങ്ങനെ.....

അനുബന്ധം...
ആ ഗ്യാങ്ങിലെ എല്ലാവരും ഞാനും അടുത്ത കൊല്ലം മുതല്‍ ഒരേ സ്കൂളിലാണ്‌ തുടര്‍ന്ന് പഠിച്ചത്‌.. ഞങ്ങള്‍ വല്ല്യ കൂട്ടുകാരായിത്തീര്‍ന്നു.... എന്നും ഒരുമിച്ച്‌ സ്കൂളില്‍പോക്കും വരവും കളികളും എല്ലാം... അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന ടൈറ്റസ്‌ ഇന്ന് ഫാദര്‍ ടൈറ്റസാണ്‌... ഇപ്പോല്‍ ഇറ്റലിയിലോ മറ്റോ ആണ്‌...ഇല്ലിയ്ക്കല്‍ ഷിബു ഇന്ന് ഡെല്‍ ഹി പോലീസില്‍ ജോലിചെയ്യുന്നു. ചിതലന്‍ ജയന്‍ സൗദിയിലും, മുരുകന്‍ ദുബായിലും ചുക്ക്‌ സാബു ചാലക്കുടിയില്‍ ഡ്രൈവറായും ജോലിചെയ്യുന്നു.

അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മുത്തച്ഛന്‍ മരിച്ചു.... തറവാട്ടിലാണ്‌ സംസ്കരിച്ചത്‌.... രണ്ട്‌ വര്‍ഷം മുന്‍പ്‌ തറവാടും സ്ഥലവും വിറ്റ്‌ ചെറിയമ്മയും കുടുംബവും ചെറിയച്ചന്റെ നാട്ടിലേക്ക്‌ മാറി... അത്‌ വാങ്ങിയവര്‍ അവിടെ ഒരു വലിയ മണിമാളിക പടുത്തുയര്‍ത്തുന്നു... ആ ചാമ്പമരവും നിലം പതിച്ചു....

തറവാടിന്‌ മുന്നിലെ സ്ഥലത്ത്‌ പുതുതായി പണിത എന്റെ വീടിന്റെ ഉമ്മറത്തിരുന്ന് ഞാന്‍ അവിടേയ്ക്ക്‌ നോക്കി സ്നേഹം നിറഞ്ഞ എന്റെ മുത്തച്ഛനേയും ഒരുപാട്‌ കാലം മനസ്സും വയറും നിറപ്പിച്ച ആ ചാമ്പമരത്തേയും ഓര്‍ക്കും.... മനസ്സിന്റെ തേങ്ങല്‍ കണ്ണു നീരായി രൂപാന്തരപ്പെടുന്നുണ്ടോ എന്ന് സംശയം തോന്നുമ്പോഴെയ്ക്ക്‌ ആധുനികതയുടെ സുഖദായകങ്ങളിലേക്ക്‌ ശ്രദ്ധ തിരിച്ച്‌ ഞാന്‍ പിന്മാറും....

Labels: