സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, August 08, 2007

മദ്ധ്യസ്ഥം (ഒഴിവായിപ്പോയ തല്ല്)

പല കാര്യങ്ങള്‍ക്കും മദ്ധ്യസ്ഥം നില്‍ക്കുക എന്നത്‌ എന്റെ അവതാരലക്ഷ്യമല്ലെങ്കിലും എങ്ങിനെയൊക്കെയോ ആ പരിപാടി എന്റെ തലയില്‍ വന്ന് വീഴാറാണ്‌ പതിവ്‌. പിന്നെ പിന്നെ അതൊരു ശീലമായി...

ആറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന ഒരു സംഭവം....

വൈകീട്ട്‌ 6 മണിയായപ്പോള്‍ എന്റെ മൊബൈല്‍ ഫോണില്‍ ഒരു കോള്‍ വന്നു. ആശുപത്രിക്കവലയിലെ ബൂത്തില്‍ നിന്ന് ഒരു സുഹൃത്ത്‌ ജയന്‍ (എന്നെക്കാള്‍ 5-6 വയസ്സുവരെ താഴെയുള്ളവരും എന്റെ സുഹൃത്‌ ശ്രേണിയില്‍ ഉള്ളതിനാല്‍ അവരുടെയൊക്കെ ഒരു ഉപദേശക/രക്ഷക റോള്‍ എനിയ്ക്ക്‌ കിട്ടാന്‍ വല്ല്യ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല).

"ചേട്ടാ.. വേഗം ആശുപത്രിക്കവലയിലോട്ട്‌ വരണം.... ഇവിടെ ഭയങ്കര സംഘര്‍ഷാവസ്ഥയാണ്‌.."

"എന്താ... എന്തുപറ്റീ... നീ കാര്യം പറ..." ഞാന്‍ തിരക്ക്‌ കൂട്ടി.

"ഇവിടെ ജീയോ ലോഡിങ്ങിലെ ജോണിച്ചേട്ടനുമായി തല്ല് നടന്നു... ഇപ്പോ ആകെ ഭീകരാന്തരീക്ഷമാണിവിടെ..." ജയന്‍ പറഞ്ഞു.

"എന്നിട്ടെന്തായി? അയാള്‍ ജീയോവിനെ തല്ലിയോ?" ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.

"ചേട്ടന്‍ വേഗം വാ..." ഇത്രയും പറഞ്ഞ്‌ ജയന്‍ ഫോണ്‍ കട്ട്‌ ചെയ്തു (ഒരു രൂപാ കോയിന്റെ കപ്പാസിറ്റി തീര്‍ന്ന് കാണും).

ഞാന്‍ വേഗം ചാടിയിറങ്ങി എന്റെ മാരുതി ഒമിനിയില്‍ കയറി (പ്രധാനമായും കൂട്ടുകാര്‍ക്ക്‌ വേണ്ടി ടൂര്‍ പ്രോഗ്രാമുകള്‍ക്കും ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റുകള്‍ക്കും ഓടിയിരുന്ന വാഹനമാണ്‌ എന്റെ മാരുതി ഒമിനി. വീട്ടുകാര്‍ നേരത്തേ ബുക്ക്‌ ചെയ്ത്‌ വച്ചിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ അവര്‍ക്കും സേവനം ലഭിയ്ക്കും... അത്ര തന്നെ).

സിനിമാ സ്റ്റെയിലില്‍ മാരുതി വാന്‍ ആശുപത്രിക്കവല ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു. എന്റെ മനസ്സില്‍ പ്ലാനുകള്‍ മിന്നിമറഞ്ഞു. 'സാഹചര്യമറിയാതെ നേരെ ചെന്ന് കവലയില്‍ നിര്‍ത്തിയാല്‍ വല്ല കല്ലോ കട്ടയോ വണ്ടിയുടെ ഗ്ലാസ്സില്‍ തട്ടിയാല്‍???' എന്നതും, 'ആ കവലയില്‍ വെയ്റ്റ്‌ ചെയ്യുന്ന അടി, ആ വഴിചെന്നാല്‍ ഉഷാറാകുകയും എന്നെ ലക്ഷ്യമാക്കി വരുകയും ചെയ്യുമോ?' എന്നതും ആ മിന്നിമറഞ്ഞ ചിന്തകളില്‍ ചിലത്‌ മാത്രം....

ഒമിനി ആശുപത്രിക്കവലയില്‍ നിര്‍ത്താതെ അല്‍പം മുന്നോട്ട്‌ നീക്കി നിര്‍ത്തി.

അപ്പോഴെയ്ക്കും ടെലഫോണ്‍ ബൂത്തിന്നടുത്ത്‌ നിന്നിരുന്ന ജയന്‍ ഓടിയെത്തി. കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ടൈം കിട്ടാത്തതിനാല്‍ ഞാന്‍ വേഗം ആശുപത്രിക്കവലയിലേയ്ക്ക്‌ നടന്നു. അവിടെ ചെല്ലുമ്പോള്‍ ജീയോ തന്റെ അപ്പച്ചന്റെ പെട്ടിക്കടയുടെ മുന്നില്‍ നില്‍പ്പുണ്ട്‌.. ഒന്ന് രണ്ട്‌ പേര്‍ ജീയോയെ സമാധാനിപ്പിയ്ക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ വേഗം ജീയോയുടെ അടുത്ത്‌ ചെന്നു.

"എന്തുപറ്റിയെടാ???? നിന്നെ വല്ലതും ചെയ്തോ??" ഞാന്‍ ചോദിച്ചു.

"ഹേയ്‌... എനിയ്ക്കൊന്നും പറ്റിയില്ലാ... ശരിയ്ക്ക്‌ കൊടുത്തിട്ടുണ്ട്‌.. ഇനി വന്നാല്‍ ഒന്നുകൂടി കൊടുക്കാനുണ്ട്‌" ജീയോ പറഞ്ഞു. അപ്പോഴാണ്‌ ഞാന്‍ ജീയോയുടെ കയ്യിലുള്ള ഇഷ്ടിക ശ്രദ്ധിച്ചത്‌.

"അത്‌ ശരി... അപ്പോ കൊടുത്തിട്ടാണ്‌ നില്‍പ്പ്‌ അല്ലേ... " ഇത്രയും പറഞ്ഞ്‌ ഞാന്‍ അവിടെ കൂടി നില്‍ക്കുന്ന ഓട്ടോ ഡ്രൈവര്‍മാരായ ഞങ്ങളുടെ ചില സുഹൃത്തുക്കളുടെ അടുത്തേയ്ക്ക്‌ നടന്നു.

"നിങ്ങളൊക്കെ ഇവിടെ ഉണ്ടായിട്ട്‌ പ്രശ്നമുണ്ടാകാതെ പിടിച്ച്‌ മാറ്റാന്‍ കഴിഞ്ഞില്ലേ?" ഞാന്‍ ചോദിച്ചു.

"അതിന്‌ കാര്യങ്ങളൊക്കെ പെട്ടെന്നായിരുന്നു... പിടിച്ച്‌ മാറ്റിയതുകൊണ്ടാണ്‌ ഇവിടെ അവസാനിച്ചത്‌..." ഒരുത്തന്‍ പറഞ്ഞു.

"എന്നിട്ട്‌ ഇപ്പോ എന്താ സ്ഥിതി?" ഞാന്‍ ചോദിച്ചു.

"അവന്‍ ആ ജോണിച്ചേട്ടനെ അടിച്ച്‌ നിലം പരിശാക്കി... അയാളെ ചോരയൊലിപ്പിച്ച്‌ അങ്ങോട്ട്‌ കൊണ്ടുപോയിട്ടുണ്ട്‌... അയാള്‍ ഇനി പ്രശ്നമാക്കാന്‍ വേറെ ആള്‍ക്കാരെ കൂട്ടി വരും.. അതിനു മുന്‍പ്‌ സൂര്യോദയം ജീയോവിനെ വിളിച്ച്‌ കൊണ്ട്‌ വീട്ടില്‍ പോ.." അവര്‍ പറഞ്ഞു.

ജീയോയുടെ അപ്പച്ചന്‍ കടപൂട്ടി. ഞാന്‍ ജീയോയെ കൂട്ടി അവന്റെ വീട്ടിലേയ്ക്ക്‌ പോയി.

(ജീയോ എന്ന അന്നത്തെ 22 വയസ്സുകാരനെക്കുറിച്ച്‌ അല്‍പം വിവരണം........ 5 അടി 5 ഇഞ്ച്‌ ഉയരം.. വെളുത്ത നിറം.. നല്ല തടിച്ച ആരോഗ്യമുള്ള ശരീരം... ഇതിനെല്ലാം ഉപരി നല്ല ഉഗ്രന്‍ ചങ്കൂറ്റം... ഒരിയ്ക്കല്‍ ക്രൈസ്റ്റ്‌ കോളേജില്‍ പഠിയ്ക്കുന്ന ഒരു സുഹൃത്തുമൊന്നിച്ച്‌ കോളേജ്‌ ഡേയ്ക്ക്‌ അവിടെ ചെന്നപ്പോള്‍ ചില പിള്ളേരുമായി ചെറിയ കച്ചറയുണ്ടാകുകയും, അവിടെ നിന്ന് തിരിച്ച്‌ ചാലക്കുടി പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അതില്‍ ചിലര്‍ സംഘം ചേര്‍ന്ന് ഇവനെ ഒന്ന് തോണ്ടാന്‍ ശ്രമിക്കുകയും ചെയ്തു. കയ്യില്‍ രണ്ട്‌ കരിങ്കല്‍ ചീള്‌ എടുത്ത്‌ പിടിച്ച്‌ 4-5 പേരെ ഒറ്റയ്ക്ക്‌ ഓടിച്ചിട്ട്‌ അടിയ്ക്കുകയും ദേഹത്ത്‌ ചില നഖപ്രയോഗങ്ങളും കൈകളില്‍ ചെറിയ നീരുമായി വീട്ടിലെത്തുകയും ചെയ്തു. പിറ്റേന്ന് വിവരം ലഭിച്ചത്‌ പ്രകാരം, ഇടി കൊണ്ടതില്‍ ഒരുത്തന്റെ കൈ ഒടിഞ്ഞെന്നും ഒരുത്തന്റെ താടിയ്ക്ക്‌ 4 സ്റ്റിച്ച്‌ ഇട്ടിട്ടുണ്ടെന്നുമായിരുന്നു).

ആശുപത്രിക്കവലയില്‍ നടന്ന സംഭവം എന്തെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കിട്ടിയ സംഭവത്തിന്റെ ഫ്ലാഷ്‌ ബാക്ക്‌.....

ആശുപത്രിക്കവലയിലെ ജീയോയുടെ അപ്പച്ചന്റെ കടയില്‍ പലപ്പോഴും ബീഡിയും മറ്റും വാങ്ങിയിരുന്നെങ്കിലും അവന്റെ അപ്പച്ചനോട്‌ മോശമായി സംസാരിക്കുകയും പലപ്പോഴും കാശ്‌ പോലും കൊടുക്കാതിരിക്കുന്നതും ഒരു പതിവായിരുന്നു. അപ്പച്ചന്‍ ഇതൊന്നും ജീയോയെ അറിയിച്ചിരുന്നില്ല, കാരണം എവിടെ തല്ല് നടന്നിട്ടുണ്ടോ അവിടെയൊക്കെ എത്തിപ്പെടാന്‍ ജീയോയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നത്‌ തന്നെ.

വൈകീട്ട്‌ അപ്പച്ചന്റെ കടയുടെ മുന്നില്‍ ചില ഓട്ടോ ഡ്രൈവര്‍മാരായ സുഹൃത്തുക്കളുമായി സംസാരിച്ച്‌ നില്‍ക്കുമ്പോള്‍ 'കറുമ്പന്‍ ജോണി' എന്നറിയപ്പെടുന്ന പഴയകാലപ്രതാപിയായ ലോഡിംഗ്‌ കാരന്‍ ജോണിച്ചേട്ടന്‍ കടയില്‍ നിന്ന് എന്തോ വാങ്ങുകയും അപ്പച്ചനെ എന്തോ ചീത്ത വിളിയ്ക്കുകയും ചെയ്തു. ഇത്‌ കണ്ട്‌ ജീയോ അല്‍പം നീരസത്തോടെ ജോണിയെ നോക്കി.

ജീയോയുടെ നോട്ടം അത്ര ഇഷ്ടപ്പെടതെ ജോണിയുടെ ചോദ്യം..

"എന്താടാ ഒരു നോട്ടം??? നിനക്ക്‌ വല്ലതും തോന്നുന്നുണ്ടോ???"
ജീയോ ഒന്നും മിണ്ടിയില്ല.

"അത്രയ്ക്ക്‌ വളരട്ടെ... എന്നിട്ടാകാം കളി..." ജോണി തുടര്‍ന്നു. എന്നിട്ട്‌ അപ്പച്ചനോടുള്ള തര്‍ക്കം തുടര്‍ന്നു.

ഇത്രയുമായപ്പോള്‍ ജീയോ ആകെ അസ്വസ്ഥനായി. താനൊരു മോന്‍ ആണായി ഇവിടെയുണ്ടായിട്ട്‌ വയസ്സുകാലത്ത്‌ അപ്പച്ചനെ ഒരാള്‍ തെറിവിളിക്കുന്നു. നിസ്സഹായനായി നില്‍ക്കാന്‍ ജീയോയുടെ അഭിമാനം സമ്മതിച്ചില്ല.

"ഇനി അപ്പച്ചനെ ചീത്ത വിളിച്ചാല്‍ ശരിയാവില്ല.." ജീയോ പറഞ്ഞു.

"എന്താടാ ചീത്ത വിളിച്ചാല്‍??? നീ എന്ത്‌ ചെയ്യും??? നീ എന്നെ തല്ലുമോടാ???" ജോണിയുടെ ദേഷ്യത്തോടെയുള്ള ചോദ്യം.

"ങാ... ഇനി ചീത്തവിളിച്ചാല്‍ തല്ലും.." ജീയോ ഉറപ്പിച്ച്‌ പറഞ്ഞു.

"എന്നാല്‍ തല്ലെടാ... കാണട്ടെ നിന്റെ ധൈര്യം...." ഇത്രയും പറഞ്ഞ്‌ ജോണി ജീയോയുടെ നേരെ നടന്നതും വലതുമുഷ്ടി ഒന്ന് ആഞ്ഞ്‌ വീശി ജീയോ ജോണിയുടെ മുഖത്ത്‌ ഇടിച്ചതും ഒരുമിച്ച്‌.....(ആക്രമിക്കാന്‍ വരുന്ന ഒരാളെ അതിനു മുന്‍പ്‌ അങ്ങോട്ട്‌ ആക്രമിക്കുക എന്ന തത്വം ജീയോ മുമ്പേ എന്നോട്‌ പറഞ്ഞിരുന്നു)

സിനിമയില്‍ കാണുന്ന അതേ എഫ്ഫക്റ്റില്‍ ഇടികൊണ്ട ജോണി തെറിച്ച്‌ നടുറോഡില്‍...

ഓട്ടോ സ്റ്റാന്‍ഡിലെ ആളുകളും ആശുപത്രി കോമ്പൗണ്ടിലെ ആളുകളും നോക്കി നില്‍ക്കെ, വീണിടത്ത്‌ നിന്ന് എഴുന്നേറ്റ്‌ വരാന്‍ ശ്രമിക്കുന്നതിനുമുന്‍പ്‌ ജീയോ ഒരു പ്രഗല്‍ഭനായ ഫുഡ്ബോള്‍ കളിക്കാരനെപ്പോലെ ജോണിയെ റോഡിലിട്ട്‌ കാലുകൊണ്ട്‌ പെരുമാറി. (കിരീടം സിനിമയിലെ സംഘട്ടന രംഗത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ആ രംഗം കാണികള്‍ നിര്‍ന്നിന്മേഷരായി നോക്കിനില്‍ക്കുന്നു).

റോഡില്‍ നിന്ന് ഇനി എഴുന്നേറ്റ്‌ വരാന്‍ കപ്പാസിറ്റി തീരാറായി എന്നുറപ്പായപ്പഴെയ്ക്ക്‌ ചിലര്‍ ജീയോയെ പിടിച്ച്‌ മാറ്റി പിന്നോട്ട്‌ കൊണ്ടുപോയി. ചിലര്‍ ജോണിയെ താങ്ങിയെഴുന്നേല്‍പ്പിച്ച്‌ കൊണ്ടുപോയി.

അങ്ങനെ, ആ സംഭവം കഴിഞ്ഞ്‌ ജോണി തിരിച്ച്‌ വരുന്നതും കാത്ത്‌ കയ്യില്‍ ഇഷ്ടികയുമായി നില്‍ക്കുമ്പോഴാണ്‌ ഞാന്‍ അവിടെ എത്തിച്ചേരുന്നത്‌.....

സംഭവത്തിന്റെ വിവരണം കേട്ട്‌ ഞാന്‍ ചെറുതായൊന്ന് പുളകിതനായി. 'കിട്ടേണ്ടവന്‌ തന്നെയാണ്‌ കിട്ടിയത്‌' എന്നതായിരുന്നു കാരണം. പക്ഷെ, ഇനി വരാനുള്ളത്‌ ഓര്‍ത്തപ്പോള്‍ ആ പുളകം ഒരു ഉള്‍ക്കിടിലമായി മാറി. ജോണിയുടെ കൂടെയുള്ള ചിലര്‍ തനി കച്ചറകളാണ്‌. എപ്പോള്‍ വേണമെങ്കിലും അവര്‍ ഇവിടെ എത്താം.. ഒരു പ്രതികാര നടപടി ഉറപ്പ്‌...

ഇന്നത്തെപ്പോലെ എല്ലാ അണ്ടന്റെയും അടകോടന്റെയും കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ ഞങ്ങളുടെ സുഹൃത്തുക്കളിലെ കൈക്കരുത്തുള്ള ചിലരെ അന്വേഷിച്ചെടുക്കാന്‍ സമയം പോര... ജീയോയുടെ വീട്ടില്‍ ഞാനും പിന്നെ രണ്ട്‌ മൂന്ന് പാവം പിള്ളേരും മാത്രം.. ഇവരില്‍ ആര്‍ക്കും തല്ല് വാങ്ങുന്നതിലോ കൊടുക്കുന്നതില മുന്‍ കാല പരിചയമൊട്ടില്ലതാനും... പക്ഷെ, തല്ല് വല്ല്യ കാലതാമസമില്ലാതെ വന്നെത്തും എന്ന് ഗ്യാരണ്ടി....

ഒന്നുകില്‍ സ്വന്തം തടി രക്ഷിച്ച്‌ ഞങ്ങള്‍ക്ക്‌ സ്ഥലം കാലിയാക്കാം... അല്ലെങ്കില്‍ വരുന്നതെന്തും നേരിടാന്‍ രണ്ടും കല്‍പിച്ച്‌ അവിടെ നില്‍ക്കാം.... രണ്ടും കല്‍പിച്ച്‌ അവിടെ നില്‍ക്കുന്നത്‌ ഏറ്റവും അപകടകരമായ കാര്യമാണെന്നതാണ്‌ സത്യം... കാരണം, ഒരു തരത്തിലും എതിര്‍ക്കാന്‍ പറ്റുന്ന തരം ടീമുകളാവില്ല വരാന്‍ പോകുന്നത്‌ എന്ന് ഊഹിക്കാം.

പക്ഷെ, വീട്‌ വിട്ട്‌ പോരാന്‍ ജീയോ കൂട്ടാക്കിയില്ല.. അവിടെ നിന്ന് പോയാല്‍ അവര്‍ തന്റെ അപ്പച്ചനേയും അമ്മച്ചിയേയും ഉപദ്രവിച്ചാലോ എന്ന ഭയം അവനുണ്ടായിരുന്നു.

ഒടുവില്‍, എന്തും നേരിടാന്‍ ഞങ്ങള്‍ തയ്യാറായി. ക്രിക്കറ്റ്‌ കളിക്കാന്‍ കൊണ്ടുപോകുന്ന ബാറ്റും വിക്കറ്റുകളും ജീയോയുടെ വീട്ടിലാണ്‌ സൂക്ഷിക്കുക. അതെല്ലാം ഞങ്ങള്‍ പതുക്കെ പുറത്തെടുത്തു. ആ സമയം അവിടെയുണ്ടായിരുന്ന ജയനടക്കമുള്ള എന്റെ മറ്റ്‌ മൂന്ന് സുഹൃത്തുക്കളുടേയും അചഞ്ചലമായ പിന്തുണ എനിയ്ക്ക്‌ വല്ലാത്ത കോണ്‍ഫിഡന്‍സ്‌ നല്‍കി.

പെട്ടെന്ന് ജീയോയുടെ വീടിന്റെ പരിസരത്ത്‌ നിന്ന് അല്‍പം നീങ്ങി ഒരു ഓട്ടോറിക്ഷ വന്ന് നിന്നു. അതില്‍ നിന്ന് ജോണിയും കൂടെ ലോഡിങ്ങിലെ തന്നെ മറ്റൊരു ചട്ടമ്പിയായ ഷുക്കൂറും ഇറങ്ങി. 6 അടി 3 ഇഞ്ച്‌ ഉയരവും ഒത്ത ശരീരവുമുള്ള ഷുക്കൂര്‍ അത്യാവശ്യം കഞ്ചാവും അതിയായ മദ്യപാനവും കൈവശമുള്ള ഒരുവനായിരുന്നു.

ഓട്ടോയില്‍ നിന്ന് രണ്ടുപേരും ഇറങ്ങി നടന്ന് വരുന്ന കണ്ടപ്പോള്‍ എനിയ്ക്ക്‌ ഒരു കാര്യം ബോദ്ധ്യമായി. രണ്ടും നല്ലപോലെ മദ്യപിച്ചിട്ടുണ്ട്‌. അത്യാവശ്യം ഒരു അടി നടന്നാലും പിടിച്ച്‌ നില്‍ക്കാം...

അവര്‍ വരുന്നത്‌ കണ്ട ഉടനേ ജീയോ അകത്ത്‌ പോയി വെട്ടുകത്തി കൊണ്ടുവന്നു. സംഗതി കൈവിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത എനിക്ക്‌ മനസ്സിലായി. ജീയോയോടും അപ്പച്ചനോടും അകത്ത്‌ കയറി വാതിലടയ്ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു.

"ഇത്‌ ഞങ്ങള്‍ ഡീല്‍ ചെയ്തോളാം... ഞങ്ങള്‍ പറയാതെ നിങ്ങള്‍ പുറത്തിറങ്ങരുത്‌.." ഞാന്‍ പറഞ്ഞു. ഞങ്ങളുടെ നിര്‍ബദ്ധത്തിന്‌ മനസ്സില്ലാമനസ്സോടെ ജീയോ വഴങ്ങി.

"വിക്കറ്റും ബാറ്റും റെഡിയാക്കിക്കോ.... ഞാന്‍ ഒന്ന് തടഞ്ഞ്‌ നോക്കട്ടെ... നിവര്‍ത്തിയില്ലെങ്കില്‍ ഞാന്‍ പറയാം.... അപ്പോള്‍ അടി തുടങ്ങിക്കോ..." അവിടെയുള്ള മറ്റ്‌ സുഹൃത്തുക്കളോട്‌ ഞാന്‍ പറഞ്ഞു.

'ദൈവമേ... എന്റെ നാക്കിന്‌ ശക്തി പകരണേ...' എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാതെ തന്നെ ദൈവത്തിന്‌ കാര്യം മനസ്സിലായി. കാരണം, ശക്തി പകരാവുന്ന വേറൊന്നുമില്ലല്ലോ നമുക്ക്‌...

എന്നിട്ട്‌ ഞാന്‍ ജീയോയുടെ വീടിനെ ലക്ഷ്യമാക്കി നടന്ന് വരുന്ന ജോണിയുടേയും ഷുക്കൂറിനേയും നേരെ വേഗത്തില്‍ നടന്നു.

"ജോണിച്ചേട്ടാ... ഒന്ന് നില്‍ക്ക്‌.... ഒരു കാര്യം പറയട്ടെ???" ഞാന്‍ മുഖവുരയോടെ തുടങ്ങി.

"നീ എന്താ ഇവിടെ??? നീ ഇതില്‍ ഇടപെടരുത്‌...അവന്‍ ചെയ്ത്‌ വച്ചത്‌ കണ്ടോ??? എന്റെ മുഖം കണ്ടോ??" ചോരയൊലിക്കുന്ന വീര്‍ത്തുകെട്ടിയ മുഖം കാണിച്ച്‌ വേദനയോടെയും വിഷമത്തോടെയും ജോണി പറഞ്ഞു.

"നമുക്ക്‌ എല്ലാത്തിനും പരിഹാരമുണ്ടാക്കാം... ഇപ്പോ പ്രശ്നത്തിന്‌ നില്‍ക്കരുത്‌... " ഞാന്‍ പറഞ്ഞു.

അപ്പോഴെയ്ക്കും ഷുക്കൂര്‍.. "നീ ആരാ??? ഇതിലെന്തിനാ ഇടപെടുന്നേ...."

"എന്നെ മനസ്സിലായില്ലേ... മാഷുടെ...." ഞാന്‍ അച്ഛന്റെ സാമൂഹികരാഷ്ട്രീയ സ്വധീനം മുതലെടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.

"ങാ.... നിന്നെ അറിയാം... " ഷുക്കൂര്‍ പറഞ്ഞു.

"നിങ്ങള്‍ ഇപ്പോ ഇവിടെ നിന്ന് പോകണം... കൂടുതല്‍ പ്രശ്നമുണ്ടാക്കാന്‍ നോക്കരുത്‌..." ഞാന്‍ പറഞ്ഞു.

"അവനെ തല്ലാതെ പോകുന്ന പ്രശ്നമില്ല... ഇതുകണ്ടോ...." മുഖം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ജോണി വീണ്ടും..

"അവനെ തല്ലാന്‍ പറ്റില്ല... അതിന്‌ ഞങ്ങള്‍ സമ്മതിക്കില്ല....വെറുതേ പ്രശ്നം വഷളാക്കിയിട്ട്‌ കാര്യമില്ല..." ജോണിയുടെ കയ്യില്‍ പിടിച്ച്‌ ഞാന്‍ അല്‍പം തറപ്പിച്ച്‌ പറഞ്ഞു.

"ങാ... നീ പറഞ്ഞതുകൊണ്ട്‌ ശരി... പക്ഷെ, അവനെ ഞങ്ങള്‍ വെറുതേ വിടില്ല..... നിനക്കറിയോ എന്റെ മോന്റെ പ്രായമുള്ള അവന്‍ എന്നെ ഈ കാണിച്ച്‌ വച്ചത്‌ എന്താന്ന്.... ഇത്‌ നോക്ക്‌...." ജോണി വികാരഭരിതനായി വീണ്ടും മുറിവുകള്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങി.

ഞാന്‍ അനുകമ്പയോടെ ഡോക്ടറെ കാണാന്‍ പോകാമെന്നും നമുക്ക്‌ പരിഹാരമുണ്ടാക്കാമെന്നുമൊക്കെ പറഞ്ഞു രണ്ടു പേരെയും തിരികെ പറഞ്ഞയയ്ക്കാന്‍ അവരുടെ കൂടെ അല്‍പദൂരം നടന്നു.

അന്ന് രാത്രി ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ജീയോയുടെ കട മണ്ണെണ്ണയൊഴിക്കുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയും പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ പിടിച്ച്‌ കൊണ്ടുപോകുകയും ചെയ്തു. അപ്പോഴെയ്ക്കും വേണ്ട ഇടപെടലുകളിലൂടെ ഞങ്ങള്‍ പോലീസിലെ ചിലരെ കാര്യം ധരിപ്പിച്ചു.

സംഭവം ചോദിച്ചറിഞ്ഞ ഒരു പോലീസുകാരന്‍ ജീയോയോട്‌ പറഞ്ഞത്‌.. "ഇത്‌ പണ്ടേ കൊടുക്കേണ്ടതല്ലേ???" എന്നാണ്‌....

"എന്നാലും എന്തൊരു ഇടിയാടാ മോനെ നീ ഇടിച്ചത്‌.." എന്ന് അയാള്‍ തുടര്‍ന്ന് ചോദിച്ചത്‌ കേട്ട്‌ ജീയോ ലജ്ജയോടെ നഖം കടിച്ചു നിന്നു.

ജോണി ഒരു മാസക്കാലം ആശുപത്രിയും ചികില്‍സയുമായി കഴിഞ്ഞു. ഇനി പ്രശ്നത്തിനുപോയാല്‍ പിടിച്ച്‌ കൊണ്ടുപോരും എന്ന പോലീസ്‌ ഭീഷണിയില്‍ തല്‍ക്കാലം ക്ഷമിക്കാന്‍ ജോണിയ്ക്ക്‌ തീരുമാനിക്കേണ്ടിവന്നു.

സംഭവം കഴിഞ്ഞ്‌ പിറ്റേന്ന് എന്റെ ഒരു സുഹൃത്ത്‌ എന്നോട്‌ പറഞ്ഞു

"ആളുകള്‍ പറഞ്ഞ്‌ നടക്കുന്ന കേട്ടത്‌ സൂര്യോദയം കാരണം ഒരു നല്ല തല്ലിന്റെ ലൈവ്‌ ടെലിക്കാസ്റ്റ്‌ മിസ്സ്‌ ആയി എന്നാണ്‌"

"അതെങ്ങനെ??? അതിനവിടെ ആരും ഉണ്ടായിരുന്നില്ലല്ലോ ആ സമയത്ത്‌..???" ഞാന്‍ അല്‍ഭുതത്തോടെ ചോദിച്ചു.

"ആരു പറഞ്ഞു ഉണ്ടായില്ലെന്ന്??? അപ്പുറത്തെ പറമ്പില്‍ ഇരുട്ടത്ത്‌ ആളുകള്‍ തല്ല് കാണാന്‍ തിക്കും തിരക്കുമായിരുന്നത്രേ......"

'ദൈവമേ... ആരും കാണാനില്ലെന്ന ധൈര്യത്തില്‍ തല്ല് കൊള്ളാനിറങ്ങിയ ഞങ്ങളെ നാട്ടുകാരുടെ മുന്നില്‍ തല്ല് കൊള്ളാതെ രക്ഷിച്ചതിന്‌ നന്ദി' ഞാന്‍ മനസ്സില്‍ പറഞ്ഞു.