സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, June 26, 2007

കോവൈ തമിഴ്‌ എനക്ക്‌ പുടിക്കാത്‌

എഞ്ചിനീയറിംഗ്‌ പഠിയ്ക്കാതെ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയറായെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ 'ജോലി ചെയ്തുകൊണ്ട്‌ ഉന്നത പഠനം നടത്തുന്നവര്‍ കേമന്മാര്‍' എന്ന തത്ത്വം പൊളിയാണെന്ന് തെളിയിയ്ക്കാന്‍ ഞാനും MCA പഠിയ്ക്കാന്‍ തീരുമാനിച്ചു.

കോഴ്സിന്‌ ചേര്‍ന്ന് കഴിഞ്ഞപ്പോഴല്ലേ അറിയുന്നത്‌ ഉന്നത പഠനത്തിന്‌ ചേര്‍ന്നാല്‍ മാത്രം പോരാ... പാസ്സാവണം അത്രേ... എന്റെ ഉറ്റ സുഹൃത്തും *കുഴികാട്ടിയും കൂടെ ജോലിചെയ്തിരുന്നവനുമായ സജിന്റെ പ്രേരണയും കമ്പനിയുമാണ്‌ ഈ കോഴ്സിന്‌ ചേരുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചതെങ്കിലും അല്‍പദിവസങ്ങള്‍ക്കകം അവന്‍ ഒരു ഓണ്‍സൈറ്റ്‌ അസ്സൈന്‍ മെന്റുമായി ദുബായില്‍ പോയി.

അമ്പ്‌ പെരുന്നാളിന്‌ കുട പിടിച്ചപോലത്തെ ഒരു അവസ്ഥ...
'ഒരു കൊല്ലത്തെ ഫീസ്‌ അടച്ചും പോയല്ലോ കര്‍ത്താവേ.. ഇനിയെങ്ങനെ ഇതില്‍ നിന്ന് ഊരിപ്പോരും' എന്ന ധര്‍മ്മ സങ്കടത്തില്‍ പെട്ട്‌ ഞാന്‍ ഉഴലാന്‍ ശ്രമിച്ചെങ്കിലും അതിന്‌ ടൈം കിട്ടുന്നതിനുമുന്‍പ്‌ തന്നെ ആദ്യവര്‍ഷ പരീക്ഷാസൂചകവിവരം പോസ്റ്റല്‍ ആയി വീട്ടില്‍ വന്നു.

പരീക്ഷാ സെന്റര്‍ ചോയ്സ്‌ ഞാന്‍ വച്ചിരുന്നത്‌ കോയമ്പത്തൂര്‍ ആയിരുന്നു.

'എന്തായാലും പരീക്ഷയെഴുതി കാശ്‌ പോകും, എങ്കില്‍ പിന്നെ കോയമ്പത്തൂര്‍ വരെ പോയാല്‍ മതിയല്ലോ, അവിടെയാകുമ്പോള്‍ എന്റെ അമ്മാവനും കുടുംബവും താമസവുമുണ്ട്‌' എന്നതായിരുന്നു ആ തീരുമാനത്തിന്‌ കാരണം.

ഓഫീസില്‍ നിന്ന് 10 ദിവസത്തെ ലീവും എടുത്ത്‌ പരീക്ഷായജ്ഞവുമായി കോയമ്പത്തൂരിലെത്തി. പരീക്ഷാ സെന്ററായ PERKS സ്കൂളിലേക്ക്‌ പോകാന്‍ ഏത്‌ സ്റ്റോപ്പില്‍ ഇറങ്ങണം എന്നും അവിടെ നിന്ന് വീട്ടിലേയ്ക്ക്‌ എത്തേണ്ട വഴിയും വിശദമായി പറഞ്ഞ്‌ തന്നിരുന്നു.

പരീക്ഷാ സെന്ററായ PERKS സ്കൂളില്‍ ചെന്ന് അല്‍പസമയത്തിനകം എനിയ്ക്ക്‌ ആ സ്കൂളിനെക്കുറിച്ച്‌ ഒരു കാര്യം ബോദ്ധ്യപ്പെട്ടു. ഇംഗ്ലീഷിന്റെ പൊടിപോലുമില്ല കണ്ടുപിടിയ്ക്കാന്‍... കമ്പ്ലീറ്റ്‌ തമിഴ്‌.... പിന്നെന്താ... എനിയ്ക്ക്‌ നാട്ടില്‍ കുറേ തമിഴ്‌ നാട്ടുകാരെ അടുത്ത്‌ നിന്ന് കണ്ടുള്ള പരിചയമുള്ളതിനാല്‍ 'ഇങ്കെ എക്സാം ഷെഡ്യൂള്‍ ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡ്‌ എങ്ക ഇറുക്ക്‌..' എന്ന് കാണുന്നവരോടൊക്കെ നല്ല പച്ചയായ തമിഴ്‌ വച്ച്‌ പേശി പേശി ഞാന്‍ ഒടുവില്‍ നോട്ടീസ്‌ ബോര്‍ഡ്‌ കണ്ടുപിടിച്ചു.

അമ്മാവന്റെ വീട്ടില്‍ താമസവും തുടങ്ങി. നമ്മള്‌ വല്ല്യ പുലിയല്ലേ... വല്ല്യ പരീക്ഷ എഴുതാനും വന്നിരിയ്ക്കുന്നു... അവിടെ നല്ല ഫുഡും നല്ല പരിചരണവുമായി സുഖ ജീവിതം..PERKS സ്കൂളാണെങ്കില്‍ അവിടെ നിന്ന് ഒരു 5 കിലോമീറ്റര്‍ ദൂരമേയുള്ളൂ.... അമ്മാവന്റെ ഒരു ചേതക്‌ സ്കൂട്ടര്‍ പുള്ളിക്കാരന്‍ എനിക്ക്‌ പരീക്ഷയ്ക്ക്‌ പോകാന്‍ അനുവദിച്ച്‌ തരികയും ചെയ്തു.

പിറ്റേന്ന്, സ്കൂട്ടറില്‍ പരീക്ഷാസെന്ററില്‍ എത്തി...

എല്ലാവരും പുസ്തകക്കെട്ടുകളുമായി അവിടവിടെ ഇരുന്നും നടന്നും കിടന്നും ഭയങ്കരമാന പഠിപ്പ്‌. 'യെവന്മാര്‍ക്ക്‌ വീട്ടിലിരുന്ന് പഠിച്ചൂടേ..' എന്ന് മനസ്സില്‍ പറഞ്ഞ്‌ അവരെയൊക്കെ പുച്ഛഭാവത്തില്‍ നോക്കി ഞാന്‍ കയ്യും വീശി പരീക്ഷാഹോള്‍ ലക്ഷ്യമാക്കി നടന്നു.

പരീക്ഷാഹോളിന്റെ പരിസരത്ത്‌ അരമതിലില്‍ കയറി ഇരുന്ന് പഠിയ്ക്കുന്നവര്‍ എന്റെ കൈയ്യും വീശിയുള്ള വരവ്‌ കണ്ടപ്പോള്‍ മതിലില്‍ നിന്നിറങ്ങി അല്‍പം ഭവ്യതയോടെ നില്‍ക്കുന്ന കണ്ട്‌ ഞാന്‍ ചമ്മി. 'എന്നെ കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല' എന്ന എന്റെ വിചാരം തകര്‍ന്നടിയാന്‍ പോകുന്നതിനുമുന്‍പേ എനിയ്ക്ക്‌ കാര്യം മനസ്സിലായി..... ഞാന്‍ പരീക്ഷാ സൂപ്പര്‍വൈസര്‍ ആണെന്ന തെറ്റിദ്ധാരണയാണ്‌ കാരണം... പുസ്തകക്കെട്ടും പിറുപിറുക്കലും ഇല്ലാതെ നടന്നുപോകുന്ന ഏക വിദ്യാര്‍ത്ഥി ഞാന്‍ മാത്രമായിരുന്നു എന്ന സത്യം ഞാന്‍ മനസ്സിലാക്കി.

പരീക്ഷ തുടങ്ങി വല്ല്യ കാലതാമസമില്ലാതെ (അരമണിക്കൂറിനുള്ളില്‍) അറിയാവുന്നതൊക്കെ ഞാന്‍ എഴുതിത്തീര്‍ത്തു. എത്ര കഷ്ടപ്പെട്ടാണ്‌ ഒരു മണിക്കൂര്‍ അതിന്നകത്ത്‌ ചെലവഴിച്ചത്‌ എന്നെനിയ്കേ അറിയൂ...(സാറി.. പരീക്ഷാഹോളിലെ ടീച്ചര്‍ക്കും അറിയാം)... എങ്കിലും ഞാന്‍ രണ്ട്‌ പായ പേപ്പര്‍ പൂര്‍ത്തിയാക്കി പരീക്ഷ കഴിഞ്ഞ്‌ എഴുന്നേറ്റു.

നേരത്തേ പരീക്ഷ കഴിഞ്ഞ്‌ വീട്ടിലെത്തിയാല്‍ എന്നെക്കുറിച്ചുള്ള ഇമ്പ്രഷന്‍ പോകുമെന്ന ഭയത്താല്‍ ഞാന്‍ ആ സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെ ചുറ്റിത്തിരിഞ്ഞ്‌ നടന്നു. കുറേ നേരം പല മരത്തണലുകളില്‍ ചുറ്റുപാടും നയനമനോഹരങ്ങളായ കാഴ്ചകള്‍ ആഗ്രഹിച്ച്‌ വിശ്രമിച്ചു. ഉച്ചതിരിഞ്ഞുള്ള പരീക്ഷയെഴുതാന്‍ പിള്ളേര്‍ വന്ന് തുടങ്ങിയിരിയ്ക്കുന്നു. വീട്ടിലിരുന്ന് പഠിയ്ക്കാതെ ഇവിടെ വന്നിരുന്ന് കൂട്ടപ്പഠിത്തം (കമ്പയിന്‍ സ്റ്റഡി എന്നും പറയും) നടത്തുന്നവര്‍ ഏറെയും...

കുറച്ച്‌ കഴിഞ്ഞപ്പോഴെയ്ക്ക്‌ എനിക്ക്‌ വല്ലാത്ത മൂത്രശങ്ക... ടോയ്‌ലറ്റ്‌ കണ്ടുപിടിയ്ക്കാന്‍ വല്ല്യ ബുദ്ധിമുട്ടുണ്ടായില്ല. കാരണം, സ്കൂളുകളിലെ ടോയ്‌ലറ്റിന്റെ ആകൃതിയും പ്രകൃതിയും ആഗോളപരമായി ഒന്ന് തന്നെയാണ്‌ എന്നത്‌ തന്നെ.

പക്ഷെ, അതിന്നടുത്തെത്തിയപ്പോളാണ്‌ കണ്‍ഫിയൂഷന്‍ ആയത്‌... ഇടത്തോട്ടും വലത്തോട്ടുമായി രണ്ട്‌ വഴികളാണ്‌ ഈ ടോയ്‌ലറ്റിന്റെ രണ്ട്‌ സെക്‌ ഷനുകള്‍.... സാധാരണ 'പുരുഷന്മാര്‍ക്കുള്ള സെക്‌ ഷനില്‍ ഒരു പുരുഷന്റെ പടവും സ്ത്രീകള്‍ക്കുള്ള സെക്‌ ഷനില്‍ ഒരു സ്ത്രീ ചിത്രവും കാണും' എന്ന എന്റെ മുന്‍ ധാരണയെ തെറ്റിച്ചുകൊണ്ട്‌ പടമില്ലാത്ത തമിഴ്‌ മാത്രം എഴുതിയ ആ ചുമരുകള്‍ കണ്ട്‌ ഞാനൊന്ന് ഞെട്ടി.

ഇതില്‍ എന്റെ സെക്‌ ഷന്‍ ഏതെന്ന് എനിയ്ക്ക്‌ ഒരു പിടിയും കിട്ടിയില്ല.... ഐ മീന്‍ എനിക്ക്‌ പോകേണ്ട സൈഡ്‌..

'എന്നോടാ കളി... ഈ തമിഴ്‌ ഇന്റര്‍പ്രറ്റ്‌ ചെയ്ത്‌ ഞാന്‍ കണ്ടുപിടിച്ചിട്ട്‌ തന്നെ കാര്യം' എന്ന് വിചാരിച്ച്‌ ഞാന്‍ രണ്ടു ചുമരുകളിലും എഴുതിവച്ചിരിയ്ക്കുന്നത്‌ കൂലംകഷമായി വിശകലനം ചെയ്തു. രണ്ടിന്റെയും അവസാനത്തെ രണ്ട്‌ അക്ഷരങ്ങള്‍ ഒന്നുപോലെ തന്നെ... 'പുരുഷര്‍കള്‍' എന്നും 'പുരുഷികള്‍' എന്നും ആയിരിയ്ക്കും എന്ന് ഞാന്‍ ഊഹിച്ചു. (രണ്ട്‌ ചുവരുകളിലേയും അക്ഷരങ്ങളുടെ നീളവും വീതിയും വരെ ഏകദേശം തുല്ല്യം... അപ്പൊപ്പിന്നെ 'സ്ത്രീകള്‍' എന്നും 'പുരുഷന്മാര്‍' എന്നും ആവാന്‍ തരമില്ലല്ലോ)

ഒരു തീരുമാനമാകാതെ ഞാന്‍ വിഷമിച്ചു. ആ വഴിയ്ക്ക്‌ ഏതെങ്കിലും ഒരു ആണ്‍കുളന്തയോ പെണ്‍കുളന്തയോ വന്നിരുന്നെങ്കില്‍ അവര്‍ കയറുന്നത്‌ കണ്ട്‌ വിവരം മനസ്സിലാക്കാമെന്ന് വിചാരിച്ചെങ്കിലും ആ പ്രദേശത്തും നാട്ടിലുമുള്ളവര്‍ക്ക്‌ ആ സമയത്ത്‌ അങ്ങനെ ഒരു ശങ്ക ഉണ്ടാവാനുള്ള ഒരു സാദ്ധ്യതയും സാഹചര്യവും ഞാന്‍ കണ്ടില്ല.

രണ്ട്‌ ബോര്‍ഡും ഞാന്‍ ഒന്നുകൂടി വിശകലനം ചെയ്തു.... ചുറ്റും നോക്കി... ആ പരിസരത്ത്‌ ആരും ഇല്ല... ഇനി അഥവാ തെറ്റിക്കയറിയാലും ആരും കാണാതിരുന്നാല്‍ മതിയല്ലോ... എവിടെ കയറിയാലും ഔട്ട്‌ പുട്ട്‌ ഒന്ന് തന്നെയല്ലേ...

ഞാന്‍ എന്റെ തമിഴ്‌ വിജ്ഞാനം നറുക്കിട്ടെടുത്ത്‌ ഇടതുവശത്തെ സെക്‌ ഷനില്‍ കയറി...

അങ്ങനെ കാര്യസാദ്ധ്യത്തിന്റെ നിര്‍വൃതി അനുഭവിച്ചുകൊണ്ട്‌ നില്‍ക്കുമ്പോള്‍ പുറത്ത്‌ ചില സംസാരങ്ങള്‍ അടുത്ത്‌ വരുന്നതായി എനിക്ക്‌ തോന്നി... അതും പെണ്‍ മൊഴികള്‍.... (അന്ന് പിന്മൊഴികള്‍ നിലവിലില്ല)

എന്തായാലും ഒരു റിസ്ക്‌ എടുക്കേണ്ട എന്ന് വിചാരിച്ച്‌ കഷ്ടപ്പെട്ടാണെങ്കിലും ഞാന്‍ സംഗതി പൂര്‍ത്തിയാക്കാതെ കട്ട്‌ ഓഫ്‌ ചെയ്ത്‌ പെട്ടെന്ന് പുറത്തേയ്ക്ക്‌ ഇറങ്ങിവരലും 4-5 പെണ്‍കുട്ടികള്‍ ഉള്ളിലേയ്ക്ക്‌ കയറിവരുന്നതും ഒരുമിച്ച്‌.... ജസ്റ്റ്‌ മിസ്സ്ഡ്‌...

എന്നെ കണ്ട്‌ അവര്‍ ഞെട്ടി അലറാന്‍ തുടങ്ങുന്നതിന്‌ തൊട്ട്‌ മുന്‍പ്‌ ഞാന്‍ ഒന്ന് തൊഴുതു... എന്നിട്ട്‌ വളരെ ദയനീയമായി പറഞ്ഞു..

"i don't know Tamil... that's why.."

ഞാനെന്താണ്‌ പറഞ്ഞതെന്ന് എനിയ്ക്കോ, എന്താണ്‌ ഉദ്ദേശിച്ചതെന്ന് അവര്‍ക്കോ മനസ്സിലായോ എന്നെനിക്കറിയില്ലെങ്കിലും എന്റെ ദയനീയമുഖഭാവം അവര്‍ക്ക്‌ മനസ്സിലായിക്കാണണം...

അവരുടെ മുഖഭാവം എന്താണെന്ന് നോക്കാനുള്ള സമയവും സന്ദര്‍ഭവും ഇല്ലാതിരുന്നതിനാല്‍ ഞാന്‍ അവിടെ നിന്ന് ഇറങ്ങി നേരെ സ്കൂട്ടറിന്നടുത്തേയ്ക്ക്‌ സ്പീഡില്‍ നടന്നു.

'കണ്ട്രി പീപ്പിള്‍... ഒരു ടോയ്‌ലറ്റിന്റെ അവിടെയെങ്കിലും ഒരു ഇംഗ്ലീഷ്‌ ബോര്‍ഡോ ചിത്രമോ വച്ചുകൂടേ...' എന്ന് പിറുപിറുത്ത്‌ ഞാന്‍ സ്ഥലം കാലിയാക്കി.

ആകെയൊരു ആശ്വാസം ഉണ്ടായിരുന്നത്‌ എന്താണെന്ന് വച്ചാല്‍.... കാര്യം ഒരു തീരുമാനമായല്ലോ... നാളെമുതല്‍ ടെന്‍ഷനടിക്കേണ്ടല്ലോ...

*കുഴികാട്ടി - നാം കാണാതെ പോകുന്ന മുന്നിലുള്ള കുഴികളെ വീഴുന്നതിനുമുന്‍പ്‌ കാണിച്ച്‌ തരുന്നവന്‍ ആരോ അവന്‍....

Labels:

Sunday, June 17, 2007

ഇല്ലപ്പറമ്പും തെങ്ങിന്‍പട്ടയും

നാട്ടിലെ ഒരു നമ്പൂതിരി മനയോട്‌ ചേര്‍ന്ന് വിസ്തരിച്ച്‌ കിടക്കുകയാണ്‌ പറമ്പ്‌... നിറയെ തെങ്ങും വാഴയും പുല്ലും പാമ്പും എല്ലാം ചേര്‍ന്ന് ഒരുമയോടെ കിടക്കുന്ന സ്ഥലം...

നമ്പൂതിരിയുടെ മക്കളൊക്കെ പഠിപ്പും ജോലിയുമായി നാട്ടിന്‌ പുറത്തായതിനാല്‍ (ഇതൊരു കാരണമൊന്നുമല്ല, എങ്കിലും) ആ പറമ്പ്‌ ഫലഭൂയിഷ്ഠമായി വിളഞ്ഞ്‌ കിടന്നിട്ടും നമ്പൂതിരി ഫാമിലി വഹ അവിടെ കാര്യമായ കൃഷിയോ വിളവെടുപ്പോ നടന്നിരുന്നില്ല... ആയതിനാല്‍ ഇതില്‍ വിഷമം തോന്നിയ നാട്ടിലെ കുറെ പിള്ളേര്‍ രാത്രികാലങ്ങളില്‍ വിളവെടുപ്പ്‌ നടത്തുക പതിവായിരുന്നു. പാമ്പിനെ പേടിയുള്ളവര്‍ പാമ്പാവാനുള്ള സാധനം അല്‍പം അടിയ്ക്കും അത്ര തന്നെ.

ഈ വിളവെടുപ്പ്‌ എന്ന് പറഞ്ഞാല്‍ വല്ല്യ കാര്യമായ കലാപരിപാടികളൊന്നുമില്ല... വെറുതേ തെങ്ങിന്റെ മുകളില്‍ തളപ്പിട്ട്‌ കേറി കുറേ തേങ്ങ ഇടുക, കുല താങ്ങാന്‍ വയ്യാതെ മോഹന്‍ലാല്‍ സ്റ്റെയിലില്‍ സൈഡ്‌ ചെരിഞ്ഞ്‌ നില്‍ക്കുന്ന വാഴകള്‍ കണ്ടാല്‍ കുല വെട്ടിമാറ്റി വാഴയെ സംരക്ഷിയ്ക്കുക, വല്ല ജാതിക്കായയും വീണ്‌ കിടന്ന് ചീഞ്ഞുപോകാതിരിയ്ക്കാന്‍ പെറുക്കി എടുക്കുക... ഇത്രയൊക്കെ തന്നെ...

ഈ കലാപരിപാടികളില്‍ നമ്പൂതിരിയ്ക്ക്‌ വല്ല്യ വിരോധമൊന്നും തോന്നിയിരുന്നുമില്ല (അറിഞ്ഞോ ആവോ). പക്ഷെ, ഈ കലാപരിപാടി മൂര്‍ച്ഛിച്ച്‌ കരിക്കിട്ട്‌ അവിടെ ഇരുന്നു തന്നെ അല്‍പം മിക്സ്‌ ചെയ്ത്‌ അടിയ്ക്കലും (ദേവാസുരം മോഡല്‍) തുടങ്ങിയപ്പോള്‍ നമ്പൂതിരിയ്ക്ക്‌ ഒരു സുഖമില്ലായ്ക തോന്നുക സ്വാഭാവികം... അല്ല, ഈ ഓരിയിടലും താളം പിടിയ്ക്കലും പറമ്പില്‍ നിന്ന് കേട്ടാല്‍ ഉറക്കം പോകില്ലേ.. അതുകൊണ്ടാണേ... മാത്രമല്ല, ഇവന്മാര്‍ അവിടെക്കിടന്ന് ബഹളമുണ്ടാക്കി സ്വൈര്യമായി ജീവിക്കുന്ന ഇഴജന്തുക്കളെ അവിടെനിന്നോടിച്ച്‌ മനയില്‍ കയറ്റുമോ എന്ന പേടിയും കാണും..

പിന്നെന്താ, രാത്രി ടോര്‍ച്ചുമെടുത്ത്‌ പറമ്പിന്റെ അറ്റത്ത്‌ വന്ന് നോക്കാനൊന്നും നമ്പൂതിരിയെ കിട്ടില്ല... വെറുതേ കിടക്കുന്ന പാമ്പുകളെ (രണ്ടുതരവും) ചവിട്ടി കടിമേടിയ്ക്കണ്ട ഗതികേടൊന്നും വന്നിട്ടില്ലല്ലോ അങ്ങേര്‍ക്ക്‌...എങ്കിലും പുള്ളിക്കാരന്‍ പിന്‍ വശത്തെ വാതില്‍ സാക്ഷ തുറന്ന് ഒന്ന് ടോര്‍ച്ചടിച്ച്‌ നോക്കും പുറത്തേയ്ക്ക്‌ ('ഒച്ചേം ബഹളോം അധികമായി, എല്ലാ പാമ്പുകളും വീടണയൂ' എന്നര്‍ത്ഥം)

അങ്ങനെയിരിയ്ക്കെ, നമ്പൂതിരിയെ ഒന്ന് കളിപ്പിച്ചാലോ എന്നായി ചിലര്‍ക്ക്‌... എന്നാപ്പിന്നെ അങ്ങനെ തന്ന്യാവട്ടേ എന്നായി തീരുമാനവും...

ഈ ഇല്ലത്തിന്റെ പിന്‍ വശത്തെ വാതില്‍ ഉള്ളിലേക്ക്‌ വലിച്ച്‌ തുറക്കുന്ന ഗോള്‍ഡ്‌ മോഡല്‍ (ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌) ആണ്‌.. തുറക്കുമ്പോള്‍ നല്ല സൗണ്ട്‌ എഫ്ഫക്റ്റും...

ഒരു രാത്രി, കലാപരിപാടി തുടങ്ങുന്നതിന്‌ മുന്‍പ്‌ ഒരുത്തന്‍ ഒരു തെങ്ങിന്‍ പട്ട എടുത്ത്‌ ഈ പിന്‍ വശത്തെ വാതിലില്‍ ചാരിവച്ചിട്ട്‌ തിരികെ പോന്നു.രാത്രി കുറച്ച്‌ കഴിഞ്ഞ്‌ 'ടൈം ഓവര്‍' സിഗ്നല്‍ കാണിക്കാന്‍ തയ്യാറായി നമ്പൂതിരി ടോര്‍ച്ചുമെടുത്ത്‌ വാതില്‍ ഉള്ളിലേക്ക്‌ മലര്‍ക്കെ തുറന്നു......

വാതിലില്‍ അങ്ങനെ സുഖിച്ച്‌ ചാരി നിന്നിരുന്ന തെങ്ങിന്‍ പട്ട ഉള്ളിലേക്ക്‌ നമ്പൂതിരിയുടെ ദേഹത്തേയ്ക്ക്‌ വീഴലും 'ഹെന്റമ്മേ....................' എന്നൊരു അലര്‍ച്ചയും ഒരുമിച്ചായിരുന്നു.

അന്നത്തോടെ രാത്രികാല വാര്‍ണിംഗ്‌ തിരുമേനി നിര്‍ത്തി. വെറുതേ പറമ്പില്‍ കിടക്കുന്ന വഹകള്‍ വീട്ടിനുള്ളില്‍ കയറ്റണ്ടല്ലോ...

Tuesday, June 05, 2007

സൂര്യാസ്തമയവിവാഹം

പെണ്‍കുട്ടിയുടെ പിന്‍ വാങ്ങലില്‍ വിശ്വാസമില്ലാതിരുന്ന അസ്തമയന്‍ അവിടെ കോണ്ടാക്റ്റ്‌ ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അധികം താമസിയാതെ നയതന്ത്രബന്ധങ്ങള്‍ പുന:സ്ഥാപിയ്ക്കാന്‍ കഴിഞ്ഞു എന്ന് തന്നെ വേണം കരുതാന്‍.

മാമന്മാരുടെ നിര്‍ബന്ധത്തിനും അമ്മയുടെ തുടര്‍ച്ചയായുള്ള പ്രേരണയ്ക്കും വഴങ്ങിയാണ്‌ ഈ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി ഫോണ്‍ ചെയ്യേണ്ടിവന്നതെന്ന് ആ പെണ്‍കുട്ടി അസ്തമയനെ അറിയിച്ചു. അങ്ങനെ അന്ന് വിളിച്ച്‌ സംസാരിച്ചതിനാലാണ്‌ ഇപ്പോഴെങ്കിലും ചെറിയതോതിലുള്ള ഫോണ്‍ ആക്സസ്സും മറ്റും ലഭിച്ചത്‌ എന്നും പറഞ്ഞു. ഈ വിവരം അസ്തമയന്‍ എന്നെ അറിയിച്ചെങ്കിലും എനിയ്ക്ക്‌ അപ്പോഴും ഒരു പൂര്‍ണ്ണവിശ്വാസം ഉണ്ടായിരുന്നില്ല.

അസ്തമയന്‍ പല വേഷപ്രച്ഛന്നപരിപാടികളിലൂടെ ആ കുട്ടിയുടെ വീടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും നടത്തി. ഹെല്‍ത്ത്‌ ഇന്‍സ്പെക്ടറായ ഒരു സുഹൃത്തുമൊന്നിച്ച്‌ ആ പരിസരത്ത്‌ ഒന്ന് രണ്ട്‌ വട്ടം കറങ്ങിയത്‌ കൂടാതെ, ബാങ്കില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്തുമൊത്ത്‌ അക്കൗണ്ട്‌ ചേര്‍ക്കാനെന്ന പേരില്‍ ആ വീട്ടില്‍ ചെല്ലുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിലുള്ളവര്‍ അസ്തമയനെ ഇതിനുമുന്‍പ്‌ കാണാത്തതിനാല്‍ അവര്‍ക്ക്‌ സംഗതി പിടികിട്ടിയില്ല.

ആ കുട്ടി ഈ ബന്ധത്തില്‍തന്നെ ഉറച്ച്‌ നില്‍ക്കുന്നതായുള്ള കണ്‍ഫര്‍മേഷന്‍ ലഭിച്ചതിനെത്തുടര്‍ന്ന് അടുത്ത നടപടി എന്ത്‌ എന്നത്‌ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. ശക്തമായി വീട്ടുകാരുടെ പ്രതിരോധങ്ങളെ അവഗണിച്ച്‌ ഇറങ്ങിവരാന്‍ ആ കുട്ടിയ്ക്ക്‌ ധൈര്യം കുറവായിരുന്നു എന്ന് വേണം കരുതാന്‍.

കഴിഞ്ഞ വ്യാഴാഴ്ച (മെയ്‌ 31) രാത്രി 10.30 ന്‌ അസ്തമയന്‌ ഒരു SMS ലഭിച്ചു. പിറ്റേന്ന് വീടിന്നടുത്ത്‌ വന്നാല്‍ ആ കുട്ടി ഇറങ്ങിവരാം എന്നായിരുന്നു അതിന്റെ ഉള്ളടക്കം.

ഇത്ര പെട്ടെന്ന് ഇത്‌ പ്രതീക്ഷിയ്ക്കാത്ത അസ്തമയന്‍ എന്നെ വിളിച്ച്‌ വിവരം പറഞ്ഞു. ഇത്ര തിരക്കിട്ട്‌ വേണോ എന്ന എന്റെ സംശയം അസ്തമയനും ആ കുട്ടിയോട്‌ തിരിച്ച്‌ ചോദിച്ചെങ്കിലും ഇനി യാതൊരു കോംബ്രമൈസ്‌ സംസാരങ്ങള്‍ക്കും ആ കുട്ടിയുടെ വീട്ടില്‍ സ്ഥാനമില്ലെന്ന് ആ കുട്ടി ഉറപ്പിച്ച്‌ പറഞ്ഞു. മാത്രമല്ല, രഹസ്യമായി ഗല്‍ഫില്‍ നിന്നുതന്നെ മറ്റൊരു വിവാഹം അടുത്ത ദിവസങ്ങളില്‍ തന്നെ തീരുമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ആ കുട്ടിയ്ക്ക്‌ ബോധ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ച വെളുപ്പിന്‌ (ജൂണ്‍ 1) 1.30 ന്‌ ആ പെണ്‍കുട്ടി അസ്തമയനെ വിളിച്ച്‌ പദ്ധതി ഉറപ്പിച്ചു.

അന്ന് ഉച്ചയ്ക്ക്‌ മുന്‍പ്‌ 11 മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ കാറുമായി വീടിന്നടുത്തെത്തിയാല്‍ കിട്ടുന്ന അവസരത്തില്‍ വീട്ടില്‍ നിന്നിറങ്ങി വരാം എന്ന് ഉറപ്പിച്ചു. അസ്തമയന്‍ ഈ വിവരം എന്നെ അറിയിച്ചു. ഈ കാര്യങ്ങള്‍ അച്ഛനോടും അമ്മയോടും സംസാരിയ്ക്കാന്‍ ഞാന്‍ അസ്തമയനോട്‌ പറഞ്ഞു. എന്നെ അല്‍പം അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ ഞങ്ങളുടെ അച്ഛനും അമ്മയും യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല.

വെള്ളിയാഴ്ച എനിയ്ക്ക്‌ ഓഫീസില്‍ കാലത്ത്‌ ഒഴിവാക്കാന്‍ കഴിയാത്ത കുറച്ച്‌ ജോലിത്തിരക്കുള്ളതിനാല്‍ കാറുമായി ചെല്ലുവാനുള്ള ബുദ്ധിമുട്ട്‌ അസ്തമയനെ അറിയിച്ചു. എങ്കിലും അമ്മയുടെ ഒരു കസിന്റെ കാര്‍ കൊണ്ടുപോകാന്‍ പറയുകയും ബാക്കി കാര്യങ്ങള്‍ വഴിയെ പ്ലാന്‍ ചെയ്യാമെന്ന് അറിയിയ്ക്കുകയും ചെയ്തു. ഒരു കൊല്ലത്തെ വാലിഡിറ്റിയുള്ള എഗ്രിമന്റ്‌ രജിസ്റ്റ്രേഷന്‍ എന്ന പരിപാടിയുണ്ടെന്ന് അഡ്വക്കേറ്റായ എന്റെ ഒരു സുഹൃത്ത്‌ അസ്തമയനെ അറിയിച്ചിരുന്നു. പക്ഷെ, സൂര്യോദയം വിളിച്ചുപറയാതെ ഇതില്‍ ഇടപെടില്ലെന്ന് അവന്‍ പറഞ്ഞുവെന്നും അസ്തമയന്‍ എന്നെ അറിയിച്ചു. ഞാന്‍ ഉടനെ എന്റെ സുഹൃത്തിനെവിളിച്ച്‌ വേണ്ട നിയമപരമായ സഹായങ്ങളും രജിസ്റ്റ്രേഷനുവേണ്ട നടപടികളും ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച.......

രാവിലെ അസ്തമയന്‍ എന്നെ വിളിച്ച്‌ കാര്യങ്ങള്‍ ഫൈനലൈസ്‌ ചെയ്തു. ഒരു പോലീസുകാരനുള്‍പ്പെടെയുള്ള മൂന്നു സുഹൃത്തുക്കളോടൊപ്പം 11 മണിയോടെ ആ കുട്ടിയുടെ വീടിന്നടുത്ത്‌ ചെല്ലാനുള്ള പദ്ധതി വിവരിച്ചു. രജിസ്റ്റ്രേഷന്‌ എത്താന്‍ ശ്രമിയ്ക്കാം എന്ന് അസ്തമയനെ ഞാന്‍ അറിയിച്ചു. കാര്‍ ഓടിയ്ക്കുവാന്‍ നിശ്ചയിച്ചിരിയ്ക്കുന്ന അസ്തമയന്റെ സുഹൃത്തിനെ ഞാന്‍ വിളിച്ചു. ധൈര്യക്കുറവുണ്ടോ എന്നും ടെന്‍ഷനുണ്ടോ എന്നും അന്വേഷിച്ചു.

"ഇതൊരു ഞാണിന്മേല്‍ കളിയാണ്‌... കിട്ടിയാല്‍ കിട്ടി... പോയാല്‍ പോയി..." അവന്‍ പറഞ്ഞു.

"ഞാന്‍ വരണോ?... കോണ്‍ഫിഡന്‍സ്‌ കുറവുണ്ടെങ്കില്‍ പറയണം..." ഞാന്‍ പറഞ്ഞു.

"ഇല്ലാ... കുഴപ്പമില്ലാ... നോക്കാം.." അവന്‍ പറഞ്ഞു.

ഓഫീസിലേക്ക്‌ കയറുന്നതിനുമുന്‍പ്‌ എന്റെ ഭാര്യ ഒരു അഭിപ്രായം പറഞ്ഞു.

"ചേട്ടന്‍ പോകേണ്ടതായിരുന്നു...അവര്‍ക്ക്‌ എന്തെങ്കിലും സഹായം വേണ്ടിവന്നാലോ... ആ കുട്ടിയുടെ മാമന്മാര്‍ സ്ഥലത്തുള്ളതാണ്‌... വല്ല പ്രശ്നങ്ങളുമുണ്ടായാലോ??"

മനസ്സില്‍ ഇതേക്കുറിച്ച്‌ തന്നെ ചിന്തിച്ചുകൊണ്ടിരുന്ന എനിയ്ക്ക്‌ പിന്നീടൊന്നും ആലോചിയ്ക്കാനുണ്ടായിരുന്നില്ല. ഞാന്‍ വരുന്നുണ്ടെന്ന വിവരം ഞാന്‍ അസ്തമയനെ വിളിച്ച്‌ അറിയിച്ചു. അസ്തമന്‌ അത്‌ വല്ലാത്ത ഒരു കോണ്‍ഫിഡന്‍സ്‌ ഉണ്ടാക്കിയെന്ന് അവന്റെ പ്രതികരണത്തില്‍ നിന്ന് എനിയ്ക്ക്‌ മനസ്സിലായി.

ഓഫീസില്‍ കാലത്ത്‌ തന്നെ തിരക്കുള്ള ജോലികളെല്ലാം തീര്‍ത്ത്‌ മറ്റുള്ള ജോലികള്‍ ടീമിലുള്ളവര്‍ക്ക്‌ വിവരിച്ച്‌ കൊടുത്ത്‌ ഞാന്‍ 11 മണിയോടെ ലീവ്‌ എടുത്ത്‌ ചാലക്കുടിയ്ക്ക്‌ പുറപ്പെട്ടു. പൊതുവേ വല്ല്യ സ്പീഡ്‌ കുറവൊന്നുമില്ലാതിരുന്ന എന്റെ കാര്‍ അന്നും സ്പീഡ്‌ 80-100 കി.മീ. തന്നെ കീപ്പ്‌ ചെയ്തു. വല്ലാത്ത പെര്‍ഫോര്‍മന്‍സ്‌ കാണിച്ച്‌ തട്ടിപ്പോയാല്‍ വെറുതേ ആ രജിസ്റ്റ്രേഷന്‍ ഞാനായിട്ട്‌ മുടക്കേണ്ടല്ലോ എന്ന ചിന്ത എന്നെ ഓവര്‍ സ്പീഡില്‍ നിന്ന് പിന്തിരിപ്പിച്ചു.

വഴിയില്‍ ഞാന്‍ അസ്തമയനെ വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു.
..................................................................................................
അസ്തമയനും സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീടിന്ന് മുന്നിലെ റോഡിലൂടെ കാറില്‍ കടന്നുപോയത്‌ വീടിന്റെ മുന്നില്‍ നിന്ന് ആ കുട്ടി കാണുകയും അകത്തേയ്ക്ക്‌ കയറിപ്പോകുകയും ചെയ്തു. കാര്‍ കുറച്ച്‌ ദൂരം ചെന്ന് തിരിച്ച്‌ വീണ്ടും വീടിന്ന് മുന്നിലൂടെ കടന്ന് അല്‍പം നീക്കി നിര്‍ത്തി. പെണ്‍കുട്ടി വീടിന്നുള്ളില്‍ നിന്ന് നേരെ ഇറങ്ങി വന്ന് കാറില്‍ കയറുകയും കാര്‍ അതിവേഗത്തില്‍ അവിടെ നിന്ന് പോരുകയും ചെയ്തു. (ആ കുട്ടി അമ്മയുടെ കൂടെ പുറത്ത്‌ പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു അത്രേ. ഒരു ഫോണ്‍ വന്ന് അമ്മ അത്‌ അറ്റന്‍ഡ്‌ ചെയ്യാന്‍ അകത്ത്‌ പോയ ടൈമിങ്ങിലാണ്‌ പുറത്തിറങ്ങി കാറില്‍ കയറിയത്‌)
..................................................................................................
11.15 ന്‌ പെണ്‍കുട്ടി കാറില്‍ കയറിയതായും അവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്നമനട എന്ന സ്ഥലം ലക്ഷ്യമാക്കി പാഞ്ഞ്‌ തുടങ്ങിയതായും അറിയിച്ചു.(പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ട്‌ വന്ന സ്ഥലം ഇത്ര കോമ്പ്ലക്സ്‌ ആയിരിയ്ക്കുമെന്ന് അസ്തമയന്റെ സുഹൃത്തുക്കള്‍ പ്രതീക്ഷിച്ചിരുന്നില്ല. ചുറ്റും വീടുകളും എപ്പോഴും ജനസഞ്ചാരമുള്ള റോഡും തോട്ടപ്പുറത്ത്‌ ഓട്ടോറിക്ഷ സ്റ്റാന്‍ഡുമുള്ള വളരെ ലൈവ്‌ ആയ ഒരു ഏരിയ ആയിരുന്നു അത്രേ... ആ കുട്ടിയുടെ അമ്മ ഓടിവന്ന് അലമുറയിടുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ ഇടികൊണ്ട്‌ ജീവിതം ഒടുങ്ങിയേനെ എന്ന് അവര്‍ പിന്നീട്‌ പറയുകയുണ്ടായി)

ചാലക്കുടിയില്‍ അഡ്വക്കേറ്റായ എന്റെ സുഹൃത്തിന്റെ കയ്യില്‍ നിന്ന് രജിസ്റ്റ്രേഷനുവേണ്ട ഡോക്കുമെന്റ്സ്‌ കളക്റ്റ്‌ ചെയ്ത്‌ അവിടേയ്ക്ക്‌ എത്തിക്കൊള്ളാം എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ച്‌ ഡോക്കുമെന്റ്സ്‌ റെഡിയാക്കാനും ഞാന്‍ ഉടനെ എത്തുമെന്നും അറിയിച്ചു.രജിസ്റ്റര്‍ ഓഫീസില്‍ വിളിച്ച്‌ പറഞ്ഞിട്ടുണ്ടെന്നും അവിടുത്തെ കാര്യങ്ങളില്‍ ഒന്നും തടസ്സമില്ലെന്നും അവന്‍ എന്നോട്‌ പറഞ്ഞു.

11.35 ന്‌ ഞാന്‍ ചാലക്കുടിയിലെത്തി. അവിടെ ഡോക്കുമെന്റ്സ്‌ ശരിയാക്കുന്ന ജോലി നടക്കുകയായിരുന്നു. സ്റ്റാമ്പ്‌ പേപ്പറിലും മറ്റുമായി മാറ്റര്‍ പ്രിന്റ്‌ ചെയ്യുകയും അതിനോടനുബദ്ധിച്ചുള്ള മറ്റ്‌ രേഖകള്‍ ശരിയാക്കലും നടന്നുകൊണ്ടിരിയ്ക്കുന്നു.

ഇതിന്നിടയില്‍ എന്റെ അച്ഛന്‍ എന്നെ ഫോണില്‍ വിളിച്ചു. അസ്തമയന്‍ വീട്ടില്‍ വിളിച്ച്‌ സ്റ്റാറ്റസ്‌ അപ്ഡേറ്റ്‌ ചെയ്തിരുന്നു. എന്തെങ്കിലും പോലീസ്‌ ഇടപെടല്‍ ഉണ്ടാകുകയാണെങ്കില്‍ അതിന്ന് തടയിടുന്നതിനായി രാഷ്ട്രീയപരമായ ചില നീക്കങ്ങള്‍ അച്ഛന്‍ ഇതിന്നകം നടത്തിക്കഴിഞ്ഞിരുന്നു. അച്ഛനും ഇതില്‍ വല്ലാതെ ഇന്‍ വോള്‍വ്ഡ്‌ ആയതായി എനിയ്ക്ക്‌ മനസ്സിലായി. രജിസ്റ്റര്‍ ഓഫീസിന്റെ പരിസരത്തും തടസ്സങ്ങളുണ്ടാകാതെ നോക്കാന്‍ അച്ഛന്‍ അവിടെയുള്ള അച്ഛന്റെ ചില പാര്‍ട്ടി സുഹൃത്തുക്കളെ വിളിച്ച്‌ ഏര്‍പ്പാടാക്കി.

കുറച്ച്‌ സമയത്തിനകം അച്ഛന്‍ വീണ്ടും എന്നെ വിളിച്ചു. ആ പെണ്‍കുട്ടിയുടെ അമ്മ ഫോണ്‍ ചെയ്തിരുന്നുവെന്നും കരഞ്ഞുകൊണ്ട്‌ മകളെ കാണാതായവിവരം പറഞ്ഞുവെന്നും എന്നെ അറിയിച്ചു. ഇത്‌ കേട്ട അച്ഛന്‍ പേടിയ്ക്കാനൊന്നുമില്ലെന്നും കൂടുതല്‍ പബ്ലിസിറ്റി കൊടുത്ത്‌ പ്രശ്നം വഷളാക്കാതിരിയ്ക്കുകയാണ്‌ നല്ലതെന്നും അവരെ ഉപദേശിച്ചു. അവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും അതിനുശേഷം രണ്ടു കൂട്ടര്‍ക്കും ചേര്‍ന്ന് തീരുമാനം ആയാല്‍ കുട്ടിയെ വീട്ടിലെത്തിയ്ക്കാമെന്ന് പറഞ്ഞതായും അച്ഛന്‍ എന്നെ അറിയിച്ചു.

12 മണിയോടെ രജിസ്റ്റര്‍ ഓഫീസിലെത്തിയതായി അസ്തമയന്‍ എന്നെ വിളിച്ച്‌ അറിയിച്ചു. അപ്പോഴും ഇവിടെ പേപ്പര്‍ വര്‍ക്ക്‌ തീര്‍ന്നിരുന്നില്ല.

12.15 ന്‌ പേപ്പറുകളെല്ലാം റെഡിയാക്കി എന്റെ സുഹൃത്ത്‌ അവിടെ ഓഫീസിലുള്ള ഒരു പയ്യനെ എന്റെ കൂടെ രജിസ്റ്റര്‍ ഓഫീസിലേക്ക്‌ പോകാന്‍ തയ്യാറാക്കി. എന്റെ തിരക്ക്‌ കണ്ട്‌ ആ പയ്യന്‍ എന്നെ അല്‍പം ലജ്ജയോടെ നോക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ പുറപ്പെട്ടതായി അക്ഷമനായി നിന്നിരുന്ന അസ്തമനെ ഞാന്‍ വിളിച്ചറിയിച്ചു.

12.30 കൊരട്ടി റെയില്‍ വേ ഗെയ്റ്റില്‍ ഞങ്ങള്‍ എത്തി. നല്ല ഭാഗ്യം... കറക്റ്റ്‌ ട്രെയിന്‍ പോകുന്ന സമയം... ഒരു ട്രെയിന്‍ പോയിക്കഴിഞ്ഞും ഗെയിറ്റ്‌ തുറക്കാതായപ്പോള്‍ എനിയ്ക്കും ടെന്‍ഷനായി. അതിന്നിടയില്‍ അസ്തമയന്‍ എന്നെ വിളിച്ച്‌ ഒരു മണികഴിഞ്ഞാല്‍ പിന്നെ 2 മണിയ്ക്കേ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റൂ എന്നറിയിച്ചു.

അവിടെ ഗെയിറ്റില്‍ അക്ഷമയോടെ കാറില്‍ ഇരിയ്ക്കുമ്പോള്‍ കൂടെയുള്ള പയ്യന്‍ എന്നോട്‌ വളരെ ഭവ്യതയോടെയും ലജ്ജയോടെയും ചോദിച്ചു...

"ചേട്ടന്‍ ഗവര്‍ണ്‍മന്റ്‌ ജോലിയാണെന്ന് അറിഞ്ഞു.... എന്താണ്‌ ജോലി??"

"അവന്‍ LD ക്ലര്‍ക്കാണ്‌..." ഇതും പറഞ്ഞ്‌ ഞാന്‍ നോക്കുമ്പോള്‍ ആ പയ്യന്റെ മുഖത്ത്‌ നോട്ടത്തില്‍ എന്തോ ഒരു 'ഇത്‌' എനിയ്ക്ക്‌ തോന്നി.

"രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നത്‌ ഞാനല്ല... എന്റെ അനിയനാണ്‌...." ഞാന്‍ പറഞ്ഞു.

അപ്പോഴാണ്‌ ആ പയ്യന്‍ കയ്യിലിരിയ്ക്കുന്ന ഡോക്കുമെന്റ്സിലെ ഫോട്ടോയിലേയ്ക്കും എന്നെയും മാറിമാറി നോക്കിയത്‌.

"അയ്യോ... സോറി ചേട്ടാ... ഞാന്‍ വിചാരിച്ചൂ....."

"ആ.. എനിയ്ക്ക്‌ തോന്നി... എന്റെ കല്ല്യാണം കഴിഞ്ഞ്‌ രണ്ടരവയസ്സുള്ള ഒരു കുട്ടിയുമുണ്ട്‌... ഇനിയൊരു രജിസ്റ്റ്രേഷന്‌ ബുദ്ധിമുട്ടാണ്‌.." ഞാന്‍ പറഞ്ഞു.

അടുത്ത ട്രെയിനും കടന്നുപോയി....ഗെയ്റ്റ്‌ തുറന്നു... സമയം 12:40

ഇനിയുള്ള റോഡ്‌ ഹൈവേ പോലെ അത്ര സുഖകരമല്ലെന്നെനിയ്ക്കറിയാം.... പക്ഷെ, 1 മണിയ്ക്ക്‌ മുന്‍പ്‌ രജിസ്റ്റ്രേഷന്‍ കഴിഞ്ഞേ തീരൂ...

"മോനേ... മുന്നില്‍ പല ഗട്ടറുകളും ഹമ്പുകളും കാണും... അതെല്ലാം കണ്ടില്ലെന്ന് വിചാരിയ്ക്കുകയോ കണ്ണടച്ച്‌ ഇരിയ്ക്കുകയോ ചെയ്യാം.." ഞാന്‍ പറഞ്ഞു.ആ റോഡിലൂടെ ആദ്യമായായിരിയ്ക്കും ഒരു കാര്‍ 80-100 കി.മീ. വേഗതയില്‍ ഓടുന്നത്‌....

12.50 ന്‌ രജിസ്റ്റര്‍ ഓഫീസ്‌ കോമ്പൗണ്ടിലേക്ക്‌ കാര്‍ എത്തി. അസ്തമയനും പെണ്‍കുട്ടികളും സുഹൃത്തുക്കളും അവിടെ നില്‍പ്പുണ്ട്‌.കൂടെയുള്ള പയ്യന്‍ ഡോക്കുമെന്‍ഡ്സില്‍ അസ്തമയന്റെയും പെണ്‍കുട്ടിയുടേയും ഒപ്പുകള്‍ വാങ്ങിച്ച്‌ രജിസ്റ്റ്രാറുടെ റൂമിലേയ്ക്ക കയറി.1 മണിയോടെ രജിസ്റ്റ്രേഷന്‍ പ്രോസസ്സ്‌ കമ്പ്ലീറ്റ്‌ ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എനിയ്ക്ക്‌ ആ കുട്ടിയുടെ അമ്മയുടെ ഒരു ഫോണ്‍ വന്നു.

"അവളെ നിങ്ങള്‍ ഇന്ന് തന്നെ ഇവിടെ എത്തിയ്ക്കണം... ഇത്‌ ആരും അറിഞ്ഞിട്ടില്ല... ഞങ്ങള്‍ ഇത്‌ ഒരു മാസത്തിനകം നടത്തിത്തരം... ഞാന്‍ ഉറപ്പ്‌ പറയുന്നു.... ഇന്ന് തന്നെ ഇവിടെ എത്തിച്ചില്ലെങ്കില്‍ എല്ലാവരും അറിയും.... അവളുടെ അച്ഛനെ അറിയിച്ചു... ആകെ വിഷമിച്ച്‌ ആത്മഹത്യ ചെയ്യുമെന്നാണ്‌ അച്ഛന്‍ പറഞ്ഞത്‌... ഞാനും അത്‌ തന്നെ ചെയ്യും.... അതുകൊണ്ട്‌ അവളെ പറഞ്ഞ്‌ മനസ്സിലാക്കി ഇങ്ങോട്ട്‌ എത്തിയ്ക്കണം..." ഇത്രയും പറഞ്ഞ്‌ കഴിഞ്ഞപ്പോഴെയ്ക്കും അവര്‍ കരഞ്ഞ്‌ തുടങ്ങിയിരുന്നു.

"ഞാന്‍ അവരോട്‌ പറയാം... അച്ഛനെ വിളിച്ച്‌ ഞാന്‍ സംസാരിയ്ക്കാം... ആ കുട്ടിയ്ക്കും അവനും സമ്മതമാണെങ്കില്‍ വീട്ടിലേയ്ക്ക്‌ വിടുന്നതില്‍ ഇവിടെ ആര്‍ക്കും എതിര്‍പ്പില്ല... പക്ഷെ, അവര്‍ തീരുമാനിക്കുന്നതേ നടക്കൂ... എനിയ്ക്ക്‌ നിര്‍ബദ്ധിക്കാന്‍ കഴിയില്ല... അല്ലെങ്കില്‍ നിങ്ങളുടെ ഭാഗത്ത്‌ നിന്ന് ആരെങ്കിലും എന്റെ വീട്ടില്‍ വന്ന് സംസാരിച്ച്‌ ഒരു തീരുമാനമാക്കാന്‍ ശ്രമിക്കൂ..." ഞാന്‍ പറഞ്ഞു.

"എങ്ങനേയും അവളെ പറഞ്ഞ്‌ മനസ്സിലാക്കി ഇങ്ങോട്ട്‌ വിടണം... അല്ലെങ്കില്‍...." ഇത്രയും പറഞ്ഞ്‌ അവര്‍ ഫോണ്‍ കട്ട്‌ ചെയ്തു.

ആ കുട്ടിയുടെ അച്ഛനെ ദുബായിലേയ്ക്ക്‌ ഫോണ്‍ ചെയ്ത്‌ വിളിച്ച്‌ സംസാരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. അടുത്തുള്ള ബൂത്തില്‍ നിന്ന് എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തെ കോണ്ടാക്റ്റ്‌ ചെയ്യാന്‍ പറ്റിയില്ല. ഞങ്ങള്‍ രജിസ്റ്റ്രേഷനും കഴിഞ്ഞ്‌ തിരിച്ച്‌ വീട്ടിലേക്ക്‌ പുറപ്പെട്ടു.

അസ്തമയനും പെണ്‍കുട്ടിയും എന്റെ കാറിലും കൂട്ടുകാര്‍ മറ്റേ കാറിലുമായി പുറപ്പെട്ടു.എത്തുന്ന സമയം അറിയിയ്ക്കാന്‍ എന്റെ അമ്മ എന്നെ വിളിച്ച്‌ പറഞ്ഞതനുസരിച്ച്‌ ഞങ്ങള്‍ ഒരു 1.30 യോടെ എത്തുമെന്ന് ഞാന്‍ അറിയിച്ചു.

1.35 ന്‌ വീട്ടില്‍ എത്തി.

"കാറില്‍ നിന്നിറങ്ങാന്‍ വരട്ടെ..." ഇത്‌ പറഞ്ഞിട്ട്‌ അമ്മ അകത്തേയ്ക്ക്‌ പോയി.

ഞാനും പിന്നാലെ ചെന്നു.അമ്മ ഒരു നിലവിളക്കും മറ്റ്‌ സാമഗ്രികളുമായി റെഡിയായി.തൊട്ടപ്പുറത്തെ വീട്ടിലെ അമ്മയുടെ കസിനും അവരുടെ മകളും നില്‍പ്പുണ്ടായിരുന്നു. അവരെയും വീട്ടിലേയ്ക്ക്‌ വിളിച്ചു. കുട്ടിയുടെ കയ്യില്‍ വിളക്ക്‌ കൊടുത്ത്‌ അകത്തേയ്ക്ക്‌ കയറ്റി....

ഞാന്‍ എന്റെ കൂടെ വന്ന പയ്യനെ തിരിച്ച്‌ വക്കീല്‍ ഓഫീസിലാക്കാന്‍ പോയി തിരിച്ചുവന്നു. വീട്ടിലെത്തിയപ്പോള്‍ എന്റെ അച്ഛന്‍ പെണ്‍കുട്ടിയുടെ അച്ഛനെ ഗള്‍ഫിലേയ്ക്ക്‌ വിളിച്ച്‌ വിവരം പറയുന്ന കണ്ടു. അച്ഛന്‌ നല്ല തെറിപ്രയോഗങ്ങള്‍ കിട്ടുന്നതായി എനിയ്ക്ക്‌ മനസ്സിലായി... കാരണം "ഞാനല്ല.... ഞാന്‍ വിളിച്ച്‌ അറിയിച്ചു എന്ന് മാത്രം.." എന്ന് പറഞ്ഞുകൊണ്ട്‌ അച്ഛന്‍ ഫോണ്‍ എന്റെ കയ്യിലേയ്ക്ക്‌ തന്നു.

എനിയ്ക്കും കിട്ടി നല്ല കുറേ ദേഷ്യപ്രകടനം.."എന്താടാ... എന്റെ പെര്‍മിഷന്‍ എടുക്കാതെ ചെയ്തതെന്തിനാടാ.." തുടങ്ങിയ ഡയലോഗുകള്‍.

"അവര്‍ തീരുമാനിച്ച്‌ ചെയ്തതാണ്‌ ഈ രജിസ്റ്റ്രേഷന്‍... ഞങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നു എന്ന് മാത്രം... ഇനി ഇതില്‍ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കാതെ എങ്ങനെ നല്ല രീതിയില്‍ കൊണ്ടുപോകാം എന്നാണ്‌ നോക്കേണ്ടത്‌.." ഞാന്‍ പറഞ്ഞു.പക്ഷെ, അല്‍പം മദ്യലഹരിയിലായിരുന്ന അദ്ദേഹം എന്റെ വാക്കുകളെ ഒട്ടും ഗൗനിയ്ക്കാതെ ദേഷ്യത്തില്‍ തന്നെ തുടര്‍ന്നു."അവള്‍ക്ക്‌ ഫോണ്‍ ഒന്ന് കൊടുക്ക്‌... അവിടുത്തെ മരുമോള്‍ക്ക്‌..." അദ്ദേഹം പറഞ്ഞു. ഞാന്‍ ഫോണുമായി ചെന്നപ്പോള്‍ ആ കുട്ടി വേണ്ടെന്ന് ഭയത്തോടെ പറഞ്ഞു.തല്‍ക്കാലം ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.എന്തായാലും അന്ന് തിരികെ വീട്ടില്‍ പോകില്ലെന്ന് ആ പെണ്‍കുട്ടി തറപ്പിച്ച്‌ പറഞ്ഞു.

കുറച്ച്‌ കഴിഞ്ഞ്‌ പെണ്‍കുട്ടിയുടെ അമ്മ വിളിച്ച്‌ അവര്‍ കുട്ടിയെ കൊണ്ടുപോകാന്‍ ഇവിടേയ്ക്ക്‌ വരാന്‍ പോകുന്നതായി അറിയിച്ചു.

"അവര്‍ വന്നാല്‍ കരഞ്ഞ്‌ കാല്‌ പിടിച്ച്‌ എന്നെ കൊണ്ടുപോകും... അതുകൊണ്ട്‌ ഇവിടെ ഇല്ല എന്ന് പറഞ്ഞാല്‍ മതി" ആ കുട്ടി പറഞ്ഞു. എന്റെ അമ്മ അവരെ വിളിച്ച്‌ അവര്‍ ചേട്ടന്റെ വീട്ടില്‍ പോയെന്നും നാളെയേ വരൂ എന്നും അറിയിച്ചു.

3 മണിയോടെ ഞാന്‍ ഓഫീസിലേയ്ക്ക്‌ തിരിച്ചെത്തി....

അന്ന് വൈകീട്ട്‌ ഞാനും ഭാര്യയും ചാലക്കുടിയിലെത്തി. പിറ്റേന്ന് തന്നെ അമ്പലത്തില്‍ വച്ച്‌ താലികെട്ട്‌ നടത്താന്‍ എല്ലാവരും തീരുമാനിച്ചു.

പെണ്‍കുട്ടിയുടെ വീട്ടുകാരെ പങ്കെടുപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവിടെ അവര്‍ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്യുന്നത്‌ പോലും നിര്‍ത്തി.പക്ഷെ, ആ കുട്ടിയുടെ അച്ഛന്‍ രാത്രി വിളിച്ച്‌ അസ്തമയനോടും ആ കുട്ടിയോടും നല്ല രീതിയില്‍ സംസാരിച്ചെന്ന് പറഞ്ഞു.

ശനിയാഴ്ച....

9 മണിയ്ക്കും 10 നും ഇടയില്‍ അമ്പലത്തില്‍ വളരെ അടുത്ത ചില ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ താലികെട്ട്‌ നടന്നു.

തുടര്‍ന്നും അവരുടെ വീട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരുടെ ഭാഗത്ത്‌ നിന്ന് പ്രതികരണം ഒന്നും ലഭിച്ചില്ല. പക്ഷെ, ആ കുട്ടിയുടെ അച്ഛന്‍ ഗള്‍ഫില്‍ നിന്ന് വിളിച്ച്‌ വീട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിയ്ക്കാം എന്ന് പറഞ്ഞു.

ഈ വരുന്ന ഞായറാഴ്ച (ജൂണ്‍ 10) വൈകീട്ട്‌ നാട്ടുകാരെയും വീട്ടുകാരെയും ക്ഷണിച്ച്‌ ഫംഗ്ഷന്‍ നടത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നു.