സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Thursday, November 30, 2006

തത്ത്വമറിയാത്ത നായ

കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും അമ്പ്‌ തിരുന്നാളുമാണ്‌ ചാലക്കുടിയിലെ ദേശീയ ഉത്സവങ്ങള്‍. ഈ രണ്ട്‌ ആഘോഷങ്ങളിലും ആ നാട്ടിലെ ജനങ്ങളും അവരുടെ മറ്റ്‌ പ്രദേശങ്ങളിലെ ബന്ധുക്കളും ഉടുത്തൊരുങ്ങി നല്ല തിരക്കുള്ള റോഡുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക എന്നതാണ്‌ പൊതുവായ ഒരു നാട്ടുനടപ്പ്‌.

സൗത്ത്‌ ജങ്ങ്ഷന്‍ മുതല്‍ നോര്‍ത്ത്‌ ജങ്ങഷന്‍ വരെയുള്ള ഡെക്കറേഷന്‍സ്‌ മുഴുവന്‍ കവര്‍ ചെയ്യുക എന്നതാണ്‌ പുറത്ത്‌ പറയുന്ന ലക്ഷ്യമെങ്കിലും ഒരു സെല്‍ഫ്‌ ഡെമോണ്‍സ്റ്റ്രേഷന്‍ കം മൗത്ത്‌ ലുക്കിംഗ്‌ ആക്റ്റ്‌ ആണ്‌ പ്രബല്ല്യത്തിലുണ്ടായിരുന്നത്‌.

അതെന്തുമാകട്ടെ, അതിനെ കുറ്റം പറയാന്‍ എനിക്കല്ലെ ഏറ്റവും യോഗ്യത, കാരണം ഒരു 5 പ്രാവശ്യമെങ്കിലും ഈ റൗണ്ടിംഗ്‌ നടത്തുന്നതില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതു കൂടാതെ പല കളര്‍ ഡെന്‍സിറ്റി കൂടിയ ഏരിയ കളിലും വെയ്റ്റ്‌ ചെയ്ത്‌ റസ്റ്റ്‌ എടുക്കുന്നപോലെ നിന്ന് ഒന്നും മിസ്സ്‌ ആവാതിരിക്കാന്‍ പ്രത്യേകം ശ്രമിച്ചിരുന്നു.

ക്വാളിറ്റി കുറഞ്ഞതിനാലും വില അധികമയതിനാലും ചിലവാകാതെയുള്ള ഗോഡൗണുകളിലെ ഐറ്റംസ്‌ ഉത്സവസീസണുകളില്‍ റിഡക്ഷന്‍ സെയില്‍, ക്ലോസിംഗ്‌ സെയില്‍ എന്നൊക്കെ ഓമനപ്പേരിട്ട്‌ വിളിച്ച്‌ വിലകുറച്ച്‌ വില്‍ക്കുന്നപോലെ എല്ലാ വീടുകളില്‍ നിന്നും മേല്‍പ്പറഞ്ഞ തരത്തിലുള്ള എല്ലാതരവും റോഡുകളില്‍ സുലഭമായി കാണാവുന്ന ദിവസങ്ങളായതിനാല്‍ സൗന്ദര്യാസ്വാദകരായ എന്നെപ്പോലുള്ളവര്‍ക്ക്‌ അന്നത്തെ ദിവസം കണ്ണും വായും അടയ്ക്കാന്‍ സമയം കിട്ടാറില്ല.

ഈ പറഞ്ഞ രീതിയിലോക്കെ ഈ ദിനങ്ങളെ ആസ്വദിക്കുന്നതിനും വളരെ മുന്‍പ്‌, അതായത്‌.... ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴത്തെ ഉത്സവം എന്നെ പഴമക്കാര്‍ പറയുന്ന തത്ത്വങ്ങളൊന്നും ഇക്കാലത്ത്‌ വിശ്വസിക്കാന്‍ കൊള്ളാത്തവയാണെന്ന് മനസ്സിലാക്കിത്തന്നു. അതും ഒരു വഴിപോക്കന്‍ നായയിലൂടെ....

ഉത്സവത്തിന്റെ അന്ന് ഫുള്‍ ഡെ ലീവ്‌ എടുത്ത്‌ ആഘോഷിക്കാന്‍ അന്ന് സാങ്ങ്ഷന്‍ ഉണ്ടായിരുന്നില്ലാത്തതിനാല്‍ ഉച്ച തിരിഞ്ഞ്‌ സ്കൂളില്‍ നിന്ന് അനുവാദം വാങ്ങി ഞാനും എന്റെ കൂട്ടുകാരനായിരുന്ന ഷിജിത്തും വീട്ടിലെത്തി. പൊള്ളുന്ന വെയിലാണെങ്കിലും 'നമ്മളില്ലെങ്കില്‍ എന്തോന്ന് ഉത്സവം' എന്ന അഹങ്കാരം കാരണം ഉത്സവപ്പറമ്പില്‍ എത്രയും പെട്ടെന്ന് എത്തുക എന്ന ഉദ്ദേശ്യത്തോടെ ഊണ്‌ കഴിച്ചു എന്ന് വരുത്തി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. പറഞ്ഞപോലെ ഷിജിത്ത്‌ ആശുപത്രിക്കവലയില്‍ കൃത്യസമയത്ത്‌ ഹാജര്‍.

ഉത്സവപ്പറമ്പില്‍ എത്താനുള്ള ആക്രാന്തത്താല്‍ നടന്നും ഓടിയും ഞങ്ങള്‍ മുന്നേറുന്നു. അമ്പലത്തിലേക്ക്‌ എത്താന്‍ ഒരു ഷോര്‍ട്ട്‌ കട്ട്‌ ഉണ്ട്‌. ഹേവേ ക്രോസ്സ്‌ ചെയ്യാതെ, ഹൈവേയുടെ അടിയിലൂടെ ഒരു വഴി. അതിലേ പോയാല്‍ വെയിലും കുറവ്‌, വേഗം എത്തുകയും ആവാം എന്ന ചിന്തയില്‍ ഞങ്ങള്‍ ആ വഴിക്ക്‌ തിരിഞ്ഞു. കുറച്ച്‌ അകലെ ഏതോ ഒരു പട്ടി വെറുതെ കിടന്ന് ഓരിയിടുന്ന ശബ്ദം കേട്ട്‌ ഞാന്‍ ആ പട്ടിയുടെ പിതാമഹന്റെ പേരില്‍ ഒരു ചീത്തവിളിച്ചു. വെറുതേ ഒരു രസത്തിന്‌ വിളിച്ചെന്നേയുള്ളൂ... ഞങ്ങള്‍ തമ്മില്‍ ഒരു പൂര്‍വ്വ പരിചയമോ വഴക്കോ ഒന്നും ഉണ്ടായിട്ടല്ല.

ഞങ്ങള്‍ നടപ്പ്‌ തുടര്‍ന്നു... ഹൈവേ ക്രോസ്സ്‌ ചെയ്യുന്ന ആ ചെറിയ പാലത്തിന്നടിയില്‍ ഞങ്ങള്‍ എത്തിയതും അതാ ഒരു നായ എതിര്‍ ദിശയില്‍ നിന്ന് ഓടിവരുന്നു. ആ നായയുടെ വരവ്‌ കണ്ടാല്‍ അറിയാം അതിന്‌ ഞങ്ങള്‍ ഒരു ടാര്‍ജറ്റേ അല്ല എന്ന്... കാരണം, അത്‌ ഒരു ഓരം ചേര്‍ന്ന് അങ്ങനെ ഓടിപ്പോകുന്ന ഒരു ഫേസ്‌ എക്സ്പ്രഷനാണ്‌ പ്രകടിപ്പിച്ചത്‌....... അല്ലെങ്കില്‍ എനിക്കങ്ങനെയാണ്‌ മനസ്സിലായത്‌. ഇനി അഥവാ നമുക്ക്‌ നേരെയാണെങ്കിലും എന്തിനാ പേടിക്കുന്നത്‌... 'ഓടിയാലേ നായ കടിയ്ക്കൂ.... വെറുതെ നിന്ന് കൊടുത്താല്‍ അതങ്ങ്‌ പോയിക്കൊള്ളും' എന്നുള്ള തത്ത്വം അറിയാവുന്ന ഞാന്‍ അല്‍പം പേടിയോടെയാണെങ്കിലും 'സ്റ്റാച്ച്യൂ' എന്ന് വിളിച്ച്‌ അനങ്ങാതെ നിര്‍ത്തുന്ന കളിയിലെപ്പോലെ നില്‍പ്പുറപ്പിച്ചു.

പക്ഷെ, എന്റെ സുഹൃത്ത്‌ ഒരൊറ്റ ഓട്ടം...

'ഓടല്ലെടാ..' എന്ന് ഞാന്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിന്‌ ഗ്യാപ്‌ കിട്ടുന്നതിന്‌ മുന്‍പ്‌ നായ എന്റെ നേരെ ചാടിക്കഴിഞ്ഞിരുന്നു.

വെറും എല്ലും കൂട്‌ മാത്രമായ എന്റെ ദേഹത്ത്‌ നിന്ന് മാംസം കിട്ടാവുന്ന ഏരിയകളെക്കുറിച്ചുള്ള ജനറല്‍ അവെയര്‍നസ്‌ വച്ചുകൊണ്ടാവാം ആ നായ ആദ്യം ലക്ഷ്യമിട്ടത്‌ എന്റെ നെഞ്ചകം തന്നെ. ആദ്യകടിയില്‍ തന്നെ നിരാശനായ ആ ജന്തുവിന്റെ അടുത്ത ലക്ഷ്യം എന്റെ ഇടത്തേ തുടയിലായിരുന്നു. അവിടെയും പ്രതീക്ഷ നശിച്ച ആ നായ 'ഇനിയെവിടെ ട്രൈ ചെയ്യും' എന്ന് ആലോചിക്കുന്നതിനിടയില്‍ ഞാന്‍ ഉരുണ്ട്‌ വീഴുകയും എന്റെ കാല്‍പാദം നായയുടെ മുഖത്ത്‌ കൊള്ളുകയും ചെയ്തു.

'ദേ പിന്നേ എല്ല്..' എന്ന് പ്രാകിക്കൊണ്ട്‌ നായ ഓടി മറഞ്ഞു.

വീണിടത്തുനിന്ന് പൊടിയും തട്ടി കീറിയ ഷര്‍ട്ടുമായി കരഞ്ഞുകൊണ്ട്‌ എണീറ്റ്‌ ഞാന്‍ മുന്നോട്ട്‌ നടക്കുമ്പോള്‍ അതാ ഷിജിത്ത്‌ ഒരു ധീരയോദ്ധാവിനെപ്പോലെ രണ്ട്‌ ചേട്ടന്മാരെ വിളിച്ചുകൊണ്ട്‌ ഓടിവരുന്നു.

'നായ കടിച്ചുപറിച്ചിട്ടിരിക്കുന്ന എന്നെ എന്ത്‌ കാട്ടാനാടാ..' എന്ന് ചോദിക്കാനുള്ള ആഗ്രഹം ഞാന്‍ കരഞ്ഞുകൊണ്ട്‌ സഹിച്ചു. അവര്‍ ഒരു ഓട്ടോ പിടിച്ച്‌ നേരെ എന്റെ വീട്ടിലെത്തി.

ഒരു ഉച്ചയുറക്കം വീണുകിട്ടിയ സന്തോഷത്താല്‍ മയങ്ങുകയായിരുന്ന അമ്മയെ കോളിംഗ്‌ ബെല്‍ അടിച്ച്‌ ഉണര്‍ത്തി. വാതില്‍ തുറന്ന അമ്മ കണ്ടത്‌ കരഞ്ഞ്‌ കൊണ്ട്‌ കീറിപ്പറഞ്ഞ്‌ നില്‍ക്കുന്ന എന്നെയും കൂട്ടരെയും... ആദ്യം ഒന്ന് പകച്ചെങ്കിലും സംയമനം വീണ്ടെടുത്ത അമ്മ എന്നെയും കൂട്ടി തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ട്‌ പോയി മുറിവുകള്‍ ഡ്രസ്സ്‌ ചെയ്തു.

പിന്നീടല്ലേ വിവരം അറിയുന്നത്‌... പിറ്റേ ദിവസം മുതല്‍ ഒരു 10 ഇഞ്ചക്ഷന്‍ വയറ്റില്‍ കുത്തിക്കേറ്റിക്കോളാന്‍ ഡോക്ടര്‍ ഓര്‍ഡര്‍ ഇട്ടിട്ടുണ്ടെന്ന്....

അന്നത്തെ ഉത്സവം വീട്ടിലെ പടിയ്ക്കല്‍ നിന്ന് ആ വഴി പോകുന്ന മേളവും താലവും നോക്കിക്കണ്ട്‌ സംതൃപ്തി അടയേണ്ടിവന്നു എന്ന് മാത്രമല്ല, പിറ്റേ ദിവസം മുതലുള്ള സൂചികുത്തിന്റെ സുഖം ആസ്വദിക്കാനുള്ള ഭാഗ്യവും ലഭിച്ചു.

നെഞ്ചിലും തുടയിലും കടിച്ച ശേഷം വീണ്ടും കടിയ്ക്കാന്‍ ശ്രമിച്ച നായയെ പുറം കാല്‍ കൊണ്ട്‌ ഞാന്‍ മുഖത്ത്‌ തൊഴിച്ചതിനാലാണ്‌ അത്‌ ഓടി രക്ഷപ്പെട്ടതെന്ന് ഞാന്‍ പരമാവധി പബ്ലിസിറ്റി കൊടുത്ത്‌ എന്നെ ഒരു ഹീറോ ആക്കി മാറ്റി (ആ നായ ഇത്‌ അറിയാത്തത്‌ എന്റെ ഭാഗ്യം)

(വെളുത്ത്‌ തുടുത്ത ഷിജിത്തിനെ ഓടിച്ചിട്ട്‌ പിടിയ്ക്കാതെ കരിഞ്ഞ വിറക്‌ കൊള്ളിപോലെ ഇരുന്നിരുന്ന എന്റെ നേരെ ഈ പണ്ടാരം എന്തിനാണാവോ ചാടിക്കേറിയതെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അകലെ എവിടെയോ ഓരിയിട്ട നായയെ ചീത്തവിളിച്ചതിന്‌ ദൈവം തന്നതാണെന്നാണ്‌ ആദ്യം കുറച്ച്‌ കാലം ഞാന്‍ വിചാരിച്ചിരുന്നത്‌)

Monday, November 27, 2006

SSLC പഠനം/ഉറക്കം

സ്കൂളില്‍ പഠിക്കുന്ന കാലം.. അത്യാവശ്യം അമ്മയുടെ ആക്രമണങ്ങളില്‍ നിന്ന് ഒഴിഞ്ഞും ഓടിയും രക്ഷപ്പെടാനുള്ള ത്രാണിയായപ്പോള്‍, അതായത്‌ ഏഴം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍, എന്റെയൊരു വിശ്വാസം ഞാന്‍ പഠിക്കുന്നത്‌ അച്ഛനും അമ്മയ്ക്കും വേണ്ടിയാണെന്നായിരുന്നു. എന്നുവച്ചാല്‍, ഞാന്‍ പഠിക്കണമെങ്കില്‍ അവര്‍ എന്റെ താളത്തിനും തഞ്ചത്തിനും നിന്നോളണം.

ഉദാഹരണമായി, ഞാന്‍ പഠിക്കുകയാണ്‌ എന്ന് അവകാശപ്പെടുന്ന സമയത്ത്‌ എന്റെ സ്റ്റഡി സര്‍ക്കിളില്‍ മാതാശ്രീയുടെ അപ്രഖ്യാപിത സന്ദര്‍ശനത്തില്‍ സംശയം തോന്നിയാല്‍ ഉടനെ 'എന്നാല്‍ ഞാന്‍ പഠിക്കുന്നില്ല' എന്ന് പ്രഖ്യാപിച്ച്‌ ഇറങ്ങിപ്പോക്ക്‌ നടത്തും. (അമ്മ അത്ര നിഷ്കളങ്കമായി സന്ദര്‍ശിക്കുന്നതൊന്നുമല്ല... ഒരു വെരിഫിക്കേഷന്‍ അജണ്ടയില്‍ വച്ചുകൊണ്ടുതന്നെയായിരിക്കും മാതാശ്രീയുടെ വിസിറ്റ്‌)

അദ്ധ്യാപികയായ അമ്മയുടെ നിതാന്ത ജാഗ്രതയുടെ ഫലമായി ഞാന്‍ കുരുടന്‍ നാട്ടില്‍ കോങ്കണ്ണന്‍ രാജാവെന്ന പോലെ ക്ലാസ്സിലെ എന്റെ സ്ഥാനം നിലനിര്‍ത്തിപ്പോന്നു.

അങ്ങനെ പത്താം ക്ലാസ്സിലെത്തി. ഇനിയിപ്പോ കുരുടന്‍ നാട്ടില്‍ കേമത്തം കൊണ്ട്‌ കാര്യമില്ലല്ലോ.... നല്ല മാര്‍ക്കുണ്ടെങ്കിലേ കോളെജില്‍ എഞ്ചിനീയറാവാനുള്ള ഗ്രൂപ്പില്‍ അഡ്മിഷന്‍ കിട്ടൂ അത്രേ... ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങാനുള്ള പഠിപ്പിനുള്ള ആക്‌ ഷന്‍ പ്ലാന്‍ തയ്യാറായി. ടൈം ടേബിളുകള്‍ ഉണ്ടാക്കലും, അത്‌ മാറ്റലും മറയ്കലും മറ്റുമായി കാര്യങ്ങള്‍ കടന്നുപോകുന്നു.

രാത്രി നേരത്തേ കിടന്നുറങ്ങി രാവിലേ നേരത്തേ എഴുന്നേറ്റ്‌ പഠിച്ചാലേ കേമനാവൂ എന്ന് ഏതൊക്കെയോ ബുദ്ധീശ്വരന്മാരും ആരോഗ്യശ്രീമാന്മാരുമൊക്കെ പറഞ്ഞിട്ടുണ്ടത്രെ. മാത്രമല്ല, 6 മണിക്കൂര്‍ ഉറക്കം മതി എന്നും...അങ്ങനെ ആ നിയമം എനിക്കും പ്രാബല്ല്യത്തില്‍ വന്നു. രാത്രി 10 മണിക്ക്‌ ഉറങ്ങാം... രാവിലെ 4 മണിക്ക്‌ എഴുന്നേല്‍ക്കണം (എന്നിട്ട്‌ മൂത്രമൊഴിച്ച്‌ വീണ്ടും കിടന്നുറങ്ങാം എന്ന് വിചാരിക്കണ്ട, മാതാശ്രീ ഒരു കട്ടന്‍ കാപ്പി ഉണ്ടാക്കിത്തന്ന് പഠിക്കാനുള്ള സെറ്റപ്പ്‌ റെഡിയാക്കും).

അങ്ങനെ മേശയ്ക്ക്‌ മുകളില്‍ നിവര്‍ന്നിരിക്കാന്‍ വിധിക്കപ്പെട്ട പുസ്തകത്തിന്റെ ആ തുറന്ന് വച്ച പേജില്‍ തന്നെ കണ്ണും നട്ട്‌ നേരം വെളുപ്പിക്കേണ്ട ഗതികേട്‌ എനിക്കുണ്ടായി. ഒരു പേജില്‍ കൂടുതല്‍ കവര്‍ ചെയ്യാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല.

ചൂടന്‍ കാപ്പിയുടെ ഉഷാറില്‍ വായിച്ച്‌ തുടങ്ങി കുറച്ച്‌ കഴിയുമ്പോള്‍ ഇടയ്ക്കിടയ്ക്ക്‌ തുറന്നും അടഞ്ഞും കൊണ്ടിരിക്കുന്ന കണ്ണുകള്‍ക്ക്‌ അടയുന്നതില്‍ മാത്രം താല്‍പര്യം കൂടുകയും തുറക്കാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം സംജാതമാകും. കണ്ണ്‌ അടഞ്ഞുകഴിയുമ്പോള്‍ ഉറക്കം പുറത്തേക്ക്‌ പോകാനാവാതെ തലയില്‍ തന്നെ കുമിഞ്ഞുകൂടുകയും തലയ്ക്ക്‌ ഭാരം കൂടിക്കൂടി തല ഒരു വശത്തേക്ക്‌ ചരിയുകയും ചെയ്യും. ഇതിന്റെ സീരിയസ്‌ നസ്‌ മനസ്സിലാക്കിയ ഞാന്‍ തല മേശയില്‍ ഇടിച്ച്‌ പരിക്ക്‌ പറ്റാതിരിക്കാനുള്ള നടപടിയുടെ ഭാഗമായി മേശയില്‍ തലവച്ച്‌ അങ്ങനെ കിടക്കും. (സാധാരണ ഉറക്കങ്ങളെക്കാള്‍ പതിന്മടങ്ങ്‌ സുഖപ്രദമായി തോന്നിയിരുന്നു ഇങ്ങനെയുള്ള ഉറക്കങ്ങള്‍ എന്നതാണ്‌ സത്യം)

ഈ പ്രതിഭാസം കുറേ നാള്‍ തുടര്‍ന്നപ്പോള്‍ എപ്പോഴോ അവിചാരിതമായി പിതാശ്രീ ഈ രംഗം കാണാനിടയായി.

'ഇത്ര കഷ്ടപ്പാടാണെങ്കില്‍ കട്ടിലില്‍ കിടന്നുറങ്ങിക്കൂടെ?' എന്ന അച്ഛന്റെ ചോദ്യം എനിക്ക്‌ ന്യായമായി തോന്നിയെങ്കിലും അമ്മയ്ക്ക്‌ അതില്‍ വല്ല്യ ന്യായമൊന്നും തോന്നിയില്ല.

അടുത്ത ദിവസം മുതല്‍ അമ്മ സ്റ്റ്രാറ്റജി മാറ്റി. എന്നെ 4 മണിക്ക്‌ വിളിച്ചുണര്‍ത്തി കാപ്പി തന്നിട്ട്‌ അമ്മ വന്ന് എന്റെ മേശയ്ക്കരികിലുള്ള കട്ടിലില്‍ കിടന്നുറങ്ങും. എന്നിട്ടും പഴയ പ്രതിഭാസത്തിന്‌ ഒരു മാറ്റവും സംഭവിച്ചില്ല. പ്രത്യേകിച്ച്‌ ഡിസംബര്‍-ജനുവരി മാസങ്ങളിലെ നല്ല തണുപ്പുള്ള വെളുപ്പാന്‍ കാലങ്ങളില്‍...... ഞാന്‍ പതുക്കെ എഴുന്നേറ്റ്‌ കട്ടിലിനടിയില്‍ നിലത്ത്‌ കിടന്നുറങ്ങും...

കുറേകഴിഞ്ഞ്‌ അമ്മയെങ്ങാന്‍ ഉണര്‍ന്ന് എന്നെ വിളിച്ചാല്‍ ഉടന്‍ ഞാന്‍ പറയും.. 'ദേ.. ഇപ്പോ കിടന്നതേയുള്ളൂ.... അല്‍പം റസ്റ്റ്‌ എടുക്കാന്‍...'

അങ്ങനെ റസ്റ്റ്‌ എടുത്ത്‌ എടുത്ത്‌ പഠിച്ച്‌ പഠിച്ച്‌ പരീക്ഷ എഴുതി.....

കൂട്ടലും കുറയ്ക്കലുമായി അമ്മ എന്റെ മാര്‍ക്കിന്റെ ഏകദേശരൂപം തയ്യാറാക്കി. റിസല്‍ട്ട്‌ വരുമ്പോഴെക്ക്‌ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വരെ റെഡിയാക്കിയെന്നാണ്‌ കേള്‍വി (എന്റെ ഒരു ആരോപണം മാത്രമാണിത്‌).

അവധിക്കാലം തിമര്‍ത്ത്‌ ആഘോഷിക്കുന്നതിനിടയില്‍ റിസല്‍ട്ട്‌ വന്നു.

ഡിസ്റ്റിങ്ങ്ഷന്‍ മുട്ടി മുട്ടിയില്ല എന്ന നിലയില്‍ എന്റെ മാര്‍ക്ക്‌ പരിതാപകരമായി നിന്നു. ഡിസ്റ്റിങ്ങ്ഷന്‍ എത്താത്തതില്‍ അല്‍പം വിഷമം എനിക്ക്‌ ആദ്യം തോന്നിയെങ്കിലും ഞാന്‍ എന്റെ അവധിക്കാലം ആഘോഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച്‌ ആ വിഷമത്തെ ലജ്ജിപ്പിച്ചു.

പക്ഷെ, മാതാശ്രീയ്ക്ക്‌ അത്‌ ഒരു വിഷമമായി കുറേ നാള്‍ നിലനിന്നു എന്ന് ഞാന്‍ പിന്നീടാണ്‌ മനസ്സിലാക്കിയത്‌.

മാതാപിതാക്കളുടെ ന്യായമായ പ്രതീക്ഷകളെ സാക്ഷാല്‍കരിക്കേണ്ടതിന്റെ പ്രാധാന്യവും അതുമൂലം അവര്‍ക്ക്‌ നല്‍കാവുന്ന സന്തോഷവും എത്രമാത്രമാണെന്ന് തിരിച്ചറിയാന്‍ ഇത്‌ എന്നെ സഹായിച്ചിരിക്കാം.

Tuesday, November 07, 2006

സൂക്ഷ്മമില്ലാത്തവന്റെ മുതല്‌

എന്റെ ഉള്ള പഠിപ്പ്‌ തന്നെ അധികമായതിനാലും, നാട്ടില്‍ എന്റെ അത്ര കേമന്മാരെ വേണ്ടാത്തതിനാലും എം.സി.എ. പഠനം ജോലി കിട്ടിയശേഷം വിദേശത്ത്‌ ചെയ്യേണ്ടിവന്നു. പല മഹാന്മാരുടേയും ജീവചരിത്രം വായിച്ചപ്പോള്‍ (അല്ല, പറഞ്ഞ്‌ കേട്ടപ്പോള്‍) അവരൊക്കെ 'ഉപരിപഠനം മദിരാശിയിലായിരുന്നു' എന്നതിനാല്‍ ഞാനും 'മദിരാശി' തന്നെ എന്റെ എം.സി.എ. ഡിസ്റ്റന്റ്‌ എഡ്യൂക്കേഷനായി തിരഞ്ഞെടുത്തു. മാത്രമല്ല, യൂണിവേര്‍സിറ്റിയും മദിരാശി തന്നെ. സേം പിച്ച്‌...

'തരുണീമണികളുടെ സാന്നിധ്യമുണ്ടാവണേ..' എന്ന് എത്ര പ്രാര്‍ത്ഥിച്ച്‌ റിസര്‍വ്വ്‌ ചെയ്താലും ട്രെയിനില്‍ എന്റെ പരിസരത്ത്‌ 70 വയസ്സിന്‌ താഴെയുള്ള ഒരൊറ്റ തരുണീമണിപോലും ഉണ്ടാവാറില്ല. അതുകൊണ്ട്‌ തന്നെ, പാലക്കാട്‌ സ്റ്റേഷന്‍ എത്തുമ്പോഴെക്ക്‌ ഫുഡ്‌ വിഴുങ്ങി തട്ടിന്‍പുറത്ത്‌ കയറി വേഗം കിടന്നുറങ്ങും. മദിരാശി എത്തുന്നതിന്‌ മുന്‍പത്തെ സ്റ്റേഷന്‍ എത്തിയാല്‍ ദിവസേന സാധകം ചെയ്യുന്ന കാപ്പി, ചായ വില്‍പ്പനക്കാരുടെ മധുരസ്വരം കര്‍ണ്ണപുടങ്ങളെ കുത്തിക്കീറുമ്പോള്‍, ചാടി എണീക്കാറാണ്‌ പതിവ്‌. അഥവാ എണീറ്റില്ലെങ്കില്‍ അവര്‍ ചെവിയില്‍ വന്ന് ഓളിയിട്ട്‌ ഉണര്‍ത്തിയിട്ടേ പോകൂ... ഇതിലൊന്നും ഉണര്‍ന്നില്ലെങ്കിലും മദ്രാസിന്റെ ആ സുഗന്ധം മൂക്കിലേക്ക്‌ ഇരച്ച്‌ കയറുമ്പോള്‍ ഒന്നുകില്‍ ഉണരും, അല്ലെങ്കില്‍ ബോധം കെടും.

മദ്രാസ്‌ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി പുറത്തേക്ക്‌ നടക്കുമ്പോള്‍ ഒരു മദ്ധ്യവയസ്കനായ ഒരാള്‍ എന്നെ ഒരു ചെറുപുഞ്ചിരിയോടെ നോക്കുന്നു. ഞാനും ഒന്ന് പുഞ്ചിരിച്ചു.
ആ അങ്കിള്‍ എന്റെ അടുത്തേക്ക്‌ ചേര്‍ന്ന് നടന്നു, എന്നിട്ട്‌ ചോദിച്ചു.. 'മലയാളിയാണല്ലെ??'

'അതെ...'

'എന്നെ അറിയോ? നല്ല മുഖപരിചയം... നാട്ടില്‍ എവിടെയാ??' പുള്ളിക്കാരന്റെ അടുത്ത ചോദ്യം.

'ചാലക്കുടി... ആശുപത്രിയ്ക്കടുത്ത്‌..' എന്റെ വിശദമായ മറുപടി.

'ഓ... അതെയോ... അവിടെ എവിടെ??? കിഴക്കോട്ട്‌ പോയിട്ട്‌???' അങ്ങേര്‍ക്ക്‌ എന്നെ അറിയാം എന്ന ലാഞ്ചനയോടെ.

'അവിടെ മാഷുടെ വീടില്ലേ...' എന്ന് ഞാന്‍ പറഞ്ഞ്‌ തുടങ്ങിയപ്പോഴെക്ക്‌ പുള്ളിക്കാരന്‍ കണ്ട്രോള്‍ ഏറ്റെടുത്തു..

'ആ... മാഷെ ഞാനറിയും... ഞാന്‍ അവിടെ പലവട്ടം വന്നിട്ടുണ്ട്‌... അവിടെ ആ പോസ്റ്റോഫീസില്‍ വര്‍ക്ക്‌ ചെയ്യുന്ന രാഘവനില്ലേ.... എന്റെ വല്ല്യച്ഛന്റെ നാത്തൂന്റെ അനിയന്റെ...' അങ്കില്‍ വിശദീകരിച്ചു.

എനിക്ക്‌ ആകെ ഒരു കണ്‍ഫിയൂഷന്‍.... അച്ഛനെ അറിയുന്നത്‌ പോട്ടെ... അവിടെ എവിടെ പോസ്റ്റോഫീസില്‍ വര്‍ക്ക്‌ ചെയ്യുന്നാ....??? ഞാന്‍ ആലോചിച്ചു. ഒടുവില്‍ ഞാന്‍ തന്നെ ആലോചിച്ച്‌ ഒരു വീട്‌ കണ്ടുപിടിച്ചു. അവിടുത്തെ ആള്‍ പോസ്റ്റോഫീസിലാണെന്ന് കേട്ടിട്ടുണ്ട്‌. ആളുടെ പേരറിയില്ല.

ഞാന്‍ ഇങ്ങനെ മന്ദിച്ച്‌ നില്‍ക്കുന്ന കണ്ട്‌ പുള്ളിക്കാരന്‍ തന്റെ വാചകക്കസര്‍ത്ത്‌ തുടര്‍ന്നു.

'അച്ഛന്‍ എന്തുപറയുന്നു... എന്റെ അന്വേഷണം പറയണം... പിന്നെയ്‌... എനിക്കൊരു സഹായം ചെയ്യണം... ചോദിക്കുന്നതുകൊണ്ട്‌ ഒന്നും തോന്നരുത്‌... വേറെ നിവര്‍ത്തിയില്ലാഞ്ഞിട്ടാ... മോനാണെങ്കില്‍ ഞാന്‍ അറിയുന്ന ആളായത്‌ എന്റെ ഭാഗ്യം... ഞങ്ങള്‍ കല്‍ക്കട്ടയില്‍ നിന്ന് വരുന്ന വഴി ട്രെയിന്‍ ചെറിയ ആക്സിഡന്റ്‌ ആയി.... ഇവിടെ വരെ എത്തി... നാട്ടിലേക്ക്‌ പോകാനോ ഭക്ഷണത്തിനോ കാശില്ല.. സ്ത്രീകളും കുട്ടികളും എല്ലാം ഉണ്ട്‌... എന്തെങ്കിലും സഹായിക്കണം... ഞാന്‍ നാട്ടില്‍ വരുമ്പോള്‍ വീട്ടില്‍ എത്തിച്ചോളാം...'

എനിക്ക്‌ എന്താണ്‌ പറയേണ്ടത്‌ എന്ന് ഒരു എത്തും പിടിയുമില്ലാതായി. സംശയിച്ച്‌ നില്‍ക്കുന്ന എന്ന കണ്ടപ്പോള്‍ അങ്ങേര്‍ വീണ്ടും തന്റെ നിസ്സഹായാവസ്ഥയും എന്നെ കണ്ടെത്തിയ ഭാഗ്യവും വിവരിച്ചു.

'ഇയാളെ സഹായിച്ചില്ലെങ്കില്‍ നാണക്കേടല്ലേ... അച്ഛനെ അറിയുന്ന ആളാണ്‌, നാട്ടുകാരനാണ്‌... എന്താ ചെയ്യാ....' എന്നൊക്കെ ആലോചിച്ച്‌ കീശയില്‍ കയ്യിട്ടപ്പോളാണ്‌ ചെറിയ ഐറ്റംസ്‌ ഒന്നും ഇല്ല (50 രൂപവരെയേ ചെറിയതുള്ളൂ... ബാക്കി 500 ന്റെ പടങ്ങള്‍.. അധികമൊന്നും ഇല്ല... ഒരു മൂന്നെണ്ണം...) 50 രൂപ കൊടുക്കുന്നത്‌ മോശമല്ലെ.. ഒരു 100 രൂപയെങ്കിലും കൊടുക്കണ്ടെ... എന്നൊക്കെ ആലോചിച്ച്‌ അവസാനം 500 ന്റെ ഒരു പടം എടുത്തങ്ങ്‌ കൊടുത്തു.

'മോനേ.. വല്ല്യ ഉപകാരം...ഞാനിത്‌ വീട്ടില്‍ എത്തിച്ചോളാം കേട്ടോ... നന്ദി...' എന്നൊക്കെപറഞ്ഞ്‌ ആള്‍ പോയി.

മദ്രാസില്‍ ജോലിചെയ്യുന്ന സുഹൃത്തുക്കള്‍ താമസിക്കുന്ന വീട്ടിലാണ്‌ ഞാന്‍ താമസം. അവിടെ എത്തി എല്ലാവരോടും കുശലം പറഞ്ഞ്‌ അങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു..

'ഒരു ട്രെയിന്‍ ആക്സിഡന്റ്‌ ഉണ്ടായി അത്രെ... കുറേ പേര്‍ക്ക്‌ പരിക്കേറ്റു... ഇന്ന് സ്റ്റേഷനില്‍ ഒരാളെ കണ്ടു... നാട്ടുകാരനാണ്‌... എന്നോട്‌ സഹായം ചോദിച്ചു...'

ഞാനിത്രയും പറഞ്ഞ്‌ കഴിഞ്ഞപ്പോഴെക്ക്‌ അവിടെ കൂട്ടച്ചിരി തുടങ്ങി...

'എന്നിട്ട്‌..... നീ എത്ര കൊടുത്തു???' എന്നുള്ള സിറിളിന്റെ ചോദ്യം കേട്ടപ്പോള്‍ 'എന്തോ പ്രശ്നമുണ്ടല്ലോ..' എന്ന് എന്റെ മനസ്സില്‍ തോന്നി...

'100 രൂപ കൊടുത്തു...' ഞാന്‍ പറഞ്ഞു.

'എന്റെ മോനേ... 100 രൂപയോ.... നിന്നെ പറ്റിച്ചുവല്ലോ... ഇത്‌ ഇവിടെ സ്ഥിരം പരിപാടിയാണ്‌.. ദേ ഇരിക്കുന്നു ഇതുപോലെ പറ്റിയവര്‍....പിന്നെ അവരൊക്കെ 20, 50 രൂപവരെയേ കൊടുത്തുള്ളൂ... നീ 100 രൂപയും... കഷ്ടം.. ' സിറിള്‍ പറഞ്ഞു.

'ഹേയ്‌... ഇത്‌ അങ്ങനെയല്ലെന്നേ... അങ്ങേര്‍ എന്നെ ശരിക്കും അറിയുന്ന ആളാ...' ഞാന്‍ വിട്ടുകൊടുത്തില്ല.

'എന്നാല്‍ നീ പേപ്പര്‍ നോക്ക്‌... അങ്ങനെ ഒരു ആക്സിഡന്റ്‌ ഉണ്ടെങ്കില്‍ പേപ്പറില്‍ കാണുമല്ലോ...' പേപ്പര്‍ എന്റെ നേരെ നീട്ടി അവന്‍ പറഞ്ഞു.

ആകെ ചമ്മലും വിഷമവും എല്ലാം കൂടി ഒരുമിച്ച്‌ വന്ന ഞാന്‍ മനസ്സിലോര്‍ത്തു. '500 കൊടുത്തു എന്ന് ഇവരോട്‌ പറയാഞ്ഞത്‌ ഭാഗ്യം..'

'ങാ... പോയത്‌ പോട്ടെ.. വിട്ട്‌ കള..' എന്ന് അവര്‍ പറഞ്ഞെങ്കിലും 500 രൂപ ഒരാള്‍ പറ്റിച്ചെടുത്ത വിഷമം അവര്‍ക്കറിയില്ലല്ലോ.

***********************************************
ഒരു വര്‍ഷം കഴിഞ്ഞ്‌ വീണ്ടും അതേ റെയില്‍ വേ സ്റ്റേഷന്‍....

ഞാന്‍ ട്രെയിന്‍ ഇറങ്ങി പുറത്തേക്ക്‌ നടക്കുന്നു.നടന്ന് നീങ്ങുന്ന ആള്‍ക്കൂട്ടത്തിന്നിടയില്‍ ഒരാള്‍ എന്നെത്തന്നെ ഒരു ചെറുപുഞ്ചിരിയോടെ സൂക്ഷിച്ച്‌ നോക്കുന്നു.....

'അതെ... അതേ ആള്‍... എന്റെ നാട്ടുകാരന്‍... 500 ന്റെ പടം അടിച്ചുകൊണ്ടുപോയ അതേ അങ്കിള്‍'

ഞാനും ഒന്ന് പുഞ്ചിരിച്ചു.... പുള്ളിക്കാരന്‍ പതുക്കെ എന്റെ അടുത്തേക്ക്‌ നടന്നു.... എന്നിട്ട്‌ പതിവ്‌ ചോദ്യം...

'മലയാളിയാണല്ലേ....'

'അതേ...' ഉള്ളില്‍ നിറഞ്ഞ ദേഷ്യത്തെ ഒരു ചിരികൊണ്ട്‌ പൊതിഞ്ഞ്‌ ഞാന്‍ പറഞ്ഞു.

'നല്ല മുഖ പരിചയം... നാട്ടില്‍ എവിടെയാ.... എന്നെ പരിചയമുണ്ടോ??' അങ്ങേരുടെ അടുത്ത ചോദ്യം.

'ഉവ്വ്‌... ചേട്ടനെ എനിക്ക്‌ പരിചയമുണ്ട്‌...'

എന്റെ മറുപടികേട്ട്‌ പുള്ളിക്കാരന്‍ ഒന്ന് ഞെട്ടി.

'എന്നെ എങ്ങിനെയാ പരിചയം....???' ആള്‍ ഒരു വെപ്രാളത്തോടെ ചോദിച്ചു.

'ചേട്ടന്‍ എന്നെ ഒന്ന് ശരിക്ക്‌ നോക്ക്യേ.... കഴിഞ്ഞ തവണ ഒരു 500 രൂപ എന്നെ പറ്റിച്ച്‌ കൊണ്ടുപോയില്ലേ....' ഞാന്‍ ചോദിച്ചു.

'ഹേയ്‌... നിങ്ങള്‍ക്ക്‌ ആള്‌ തെറ്റിയതാ... ഞാന്‍ നിങ്ങളെ ആദ്യമായിട്ടാ കാണുന്നേ...' ആള്‍ വേഗത്തില്‍ നടന്നുതുടങ്ങി.

'അങ്ങനങ്ങ്‌ പോകാതെ ചേട്ടാ... അപ്പൊ ചേട്ടന്‍ തന്നെയല്ലെ ഇത്തിരി മുന്‍പേ പറഞ്ഞത്‌ എന്നെ കണ്ട്‌ പരിചയം ഉണ്ടെന്ന്..???' ഞാന്‍ വിടാതെ പിന്തുടര്‍ന്നു.

'ഇല്ലില്ല.... എനിക്ക്‌ യാതൊരു പരിചയവും ഇല്ല....' എന്നുപറഞ്ഞ്‌ വേഗം നടന്ന് അവിടെയുള്ള ടാക്സിസ്റ്റാന്‍ഡിനടുത്തുള്ള കുറേ ആള്‍ക്കാരോട്‌ ചെന്ന് ഇയാള്‍ സഹായം ആവശ്യപ്പെടുന്ന കണ്ടപ്പോള്‍ ഒരു ബലപ്രയോഗത്തിനുള്ള സ്കോപ്പ്‌ അവിടെ ഇല്ല എന്നും അഥവാ അങ്ങനെ സംഭവിച്ചാല്‍ എല്ല് മാത്രമുള്ള എന്റെ ശരീരത്തില്‍ ആ തമിഴ്‌ മക്കള്‍ കൈ വച്ചാല്‍ അവരുടെ കയ്യില്‍ പിണയും എന്ന് അറിയാമായിരുന്നതിനാലും അവിടെ നിന്ന് തടി തപ്പുന്നതാണ്‌ നല്ലതെന്ന് എനിക്ക്‌ ബോധ്യം വന്നു.

പക്ഷെ, അങ്ങനെ വെറുതേ പോകാന്‍ മനസ്സില്ലാത്ത അഭിമാനിയായ ഞാന്‍ വിളിച്ചു പറഞ്ഞു.

'ഞാന്‍ ഇപ്പോ വരാം.. എന്റെ കൂട്ടുകാരന്റെ അങ്കില്‍ ഇവിടുത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്‌... ഇന്ന് ഒക്കെ ശരിയാക്കിത്തരാം ട്ടോ...'

ഞാന്‍ വേഗം നടന്ന് ബസ്‌ സ്റ്റോപ്പിലേക്ക്‌ പോയി. പോകുന്ന പോക്കില്‍ ഒന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ ഭീഷണി ഏറ്റു എന്നെനിക്ക്‌ മനസ്സിലായി. അങ്ങേര്‍ അതാ സ്റ്റേഷന്റെ അപ്പുറത്തെ വഴിയിലൂടെ ഇറങ്ങി ഓടുന്നു.

(അതിനുശേഷവും പലവട്ടം മദ്രാസിലുള്‍പ്പെടെ പലയിടങ്ങളിലും എന്റെ നേരെ കൈ നീട്ടുന്നവര്‍ക്ക്‌ ഞാന്‍ എന്റേതായ ഒരു സംഭാവന നല്‍കിപ്പോന്നു. 'അവരെല്ലാം നിന്നെ പറ്റിക്കുകയാണ്‌' എന്ന് പറഞ്ഞ എന്റെ സുഹൃത്തുക്കളോട്‌ ഞാന്‍ എന്റെ ചിന്താഗതി വിശദമാക്കി.

'ഇതില്‍ എത്ര പേര്‍ പറ്റിക്കുന്നവരും എത്ര പേര്‍ ശരിക്കും ബുദ്ധിമുട്ടുന്നവരും ഉണ്ടാവും എന്നറിയാന്‍ നമുക്ക്‌ പറ്റില്ലല്ലോ... കുറച്ച്‌ തട്ടിപ്പുകാര്‍ ഉണ്ടെന്ന് വിചാരിച്ച്‌ അര്‍ഹിക്കുന്നവര്‍ക്ക്‌ കിട്ടാതെ പോകരുതെന്നേയുള്ളൂ... ബാക്കി ഞാന്‍ പറ്റിക്കപ്പെട്ടോട്ടെ...' )

Friday, November 03, 2006

കോപ്പിയടി കല = കറുത്ത കല

കോപ്പിയടി കലയാണെന്ന് സമര്‍ത്ഥിക്കാന്‍ ഞാന്‍ പാടുപെട്ട്‌ ഒരു പോസ്റ്റിലൂടെ ശ്രമിച്ചിരുന്നു. ഇത്തവണ എന്റെ ശ്രമം കോപ്പിയടിക്കാന്‍ സഹായിച്ചാല്‍ അത്‌ നമ്മുടെ റിസല്‍ട്ടില്‍ ഒരു 'കറുത്ത കല' (Black mark ... അതു തന്നെ) വീഴ്ത്തും എന്ന് പറയാനാണ്‌.

ഡിഗ്രി ഫൈനല്‍ പ്രാക്റ്റിക്കല്‍ പരീക്ഷ... മുന്‍പത്തെ 'കെമിസ്റ്റ്രി ലാബ്‌' എന്ന പോസ്റ്റില്‍ പറഞ്ഞ അതേ ലാബ്‌... അതേ പരീക്ഷ.....

എന്റെ അടുത്ത്‌ നില്‍ക്കുന്ന ശ്രേഷ്ഠ ദേഹത്തിന്റെ പേര്‌ അനീഷ്‌... അവനെ ഒന്ന് പുകഴ്ത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു... വിവരക്കുറവിന്‌ ഒരു കുറവുമില്ലാത്ത പുള്ളി.... അല്ല... വിവരം എന്നുവച്ചാല്‍ ഈ സബ്ജറ്റിലുള്ള വിവരമല്ല ഉദ്ദേശിച്ചത്‌.. അതുപിന്നെ എനിക്കും ഇല്ലാത്തതിനാല്‍ മറ്റുള്ളവരെ കുറ്റം പറയാമോ.... ഞാനുദ്ദേശിച്ചത്‌, പൊതുവേ ഒരു മന്ദിപ്പ്‌.... പ്രാക്റ്റിക്കല്‍ ലാബില്‍ അവന്‍ എന്നും എനിക്കൊരു ബാധയായിരുന്നു. എന്റെ പേരും അവന്റെ പേരും അക്ഷരമാലാക്രമത്തില്‍ അടുത്തടുത്താണ്‌ എന്നതാണ്‌ അവനെ ഡിഗ്രികാലഘട്ടം മുഴുവന്‍ ലാബുകളിലും പരീക്ഷകളിലും അടുത്ത്‌ കിട്ടി അനുഭവിക്കാന്‍ എനിക്ക്‌ യോഗമുണ്ടായത്‌.

ഓ... അവനെ പേടിതോന്നാനുള്ള കാരണം പറഞ്ഞില്ലല്ലോ അല്ലെ.... ലാബില്‍ എന്റെ പിന്നിലെ ടേബിളിലാണ്‌ അവന്റെ സ്ഥാനം. ബാക്കിയുള്ളവര്‍ പുസ്തകത്തില്‍ അച്ചടിച്ച്‌ വച്ചത്‌ അതെ പടി ചെയ്ത്‌ നോക്കിയിട്ട്‌ തന്നെ നേരെയാവാതെ കഷ്ടപ്പെടുമ്പോള്‍ അവന്‍ അവിടെ നിന്ന് കൈയ്യില്‍ കിട്ടുന്ന രാസവസ്തുക്കളെ പലപല ആസിഡുകളില്‍ പല പല കോമ്പിനേഷനുകളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കും.... എന്തോ പരീക്ഷിച്ചോട്ടെ... പക്ഷെ, അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നത്‌ ഞാനും...

പലപ്പോഴും അവന്റെ ടെസ്റ്റ്‌ ട്യൂബില്‍ നിന്നും റോക്കറ്റ്‌ പോലെ പല ഐറ്റംസും എന്റെ ശരീരഭാഗങ്ങളെ ജസ്റ്റ്‌ മിസ്സ്‌ ചെയ്ത്‌ കടന്നുപോകുന്ന കണ്ട്‌ ജീവന്‍ രക്ഷപ്പെട്ട ആശ്വാസത്തില്‍ അവനിട്ട്‌ രണ്ട്‌ തെറിവിളിച്ച്‌ 'എന്നെ കൊലയ്ക്ക്‌ കൊടുക്കല്ലെടാ ദുഷ്ടാ..' എന്നഭ്യര്‍ത്ഥിച്ച്‌ ഞാനെന്റെ ശിഷ്ട ബിരുദകാലം കഴിച്ചുകൂട്ടി.

അങ്ങനെ പ്രക്റ്റിക്കല്‍ ലാബ്‌ പരീക്ഷ.....

മറ്റ്‌ ഭൂരിപക്ഷം പരീക്ഷാര്‍ത്ഥികളെപ്പോലെ ഞാനും എന്റെ കല ഉപയോഗിച്ച്‌ എല്ലാ സ്റ്റെപ്പുകളും അച്ചടിച്ച കടലാസില്‍ നിന്ന് ഉത്തരക്കടലാസിലേക്ക്‌ പകര്‍ത്തി എഴുതി അതെല്ലാം ടെസ്റ്റ്‌ ചെയ്ത്‌ അങ്ങനെ ഫുള്‍ കോണ്‍ഫിഡന്‍സില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. (മൂന്ന് ദിവസമാണ്‌ പ്രക്റ്റിക്കല്‍)

രണ്ടാം ദിവസം അവസാനിക്കാറായപ്പൊഴെക്ക്‌ എന്റെ ടെസ്റ്റുകളെല്ലാം തീരാറായി.... എഹെഡ്‌ ഓഫ്‌ ഷെഡ്യൂള്‍... (ഞാന്‍ ആളൊരു കേമനാണെ...) ഇനി ബാക്കികൂടി ചെയ്താല്‍ നാളെ ചെയ്യാന്‍ ഒന്നുമില്ലാതാവുമല്ലോ എന്ന ഒറ്റ കാരണത്താല്‍ ഞാന്‍ റിലാക്സ്ഡ്‌ ആയി അങ്ങനെ നില്‍ക്കുമ്പോള്‍ അതാ അനീഷ്‌ നിന്ന് വെപ്രാളപ്പെടുന്നു.

ഒരാവശ്യവുമില്ലെങ്കിലും 'ഒരു വയ്യാവേലി തലയില്‍ കയറിക്കോട്ടെ' എന്ന് എന്റെ മനസ്സിന്‌ എന്റെ സമ്മതമില്ലാതെ തോന്നിയതിനാലാവണം, ഞാന്‍ ചോദിച്ചു

'എന്തേ... ചെയ്ത്‌ തീര്‍ന്നില്ലേ...???'

'ഇല്ലെന്നേ... ആ ചെയ്യേണ്ട സ്റ്റെപ്പുകളെല്ലാം ബുക്കില്‍ നിന്ന് നോക്കി പേപ്പറിലേക്ക്‌ എഴുതാന്‍ പറ്റിയില്ല... അതൊന്ന് എഴുതി തരാമോ?' അവന്റെ ദയനീയമായ ആവശ്യം.
ഏത്‌ എക്സ്‌ പിരിമന്റ്‌ ആണ്‌ എന്ന് മനസ്സിലായാലല്ലെ ബുക്കില്‍ നിന്ന് പകര്‍ത്താന്‍ പറ്റൂ.... ലവനുണ്ടോ അത്‌ വല്ലോം അറിയുന്നു... എന്തായാലും, ഞാന്‍ വെറുതെ നില്‍ക്കുകയാണല്ലോ... എഴുതികൊടുത്തുകളയാം എന്ന് വിചാരിച്ചു.

ഒരു ഫില്‍ട്ടര്‍ പേപ്പര്‍ (ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ഒരു പേപ്പര്‍) എടുത്ത്‌ സ്റ്റെപ്പുകളെല്ലാം അക്കമിട്ട്‌ അങ്ങ്‌ എഴുതിയിട്ട്‌ ആ പേപ്പര്‍ അവന്‌ കൊടുത്തു. എന്നിട്ട്‌, ഞാന്‍ അന്നത്തെ അഭ്യാസം മതിയാക്കി നേരത്തെ ലാബില്‍ നിന്ന് ഇറങ്ങി.

അന്നത്തെ ലാബ്‌ കഴിഞ്ഞ്‌ എന്റെ മറ്റ്‌ സുഹൃത്തുക്കള്‍ വന്നപ്പോള്‍ ഒരു സന്തോഷവര്‍ത്തമാനം അറിഞ്ഞു.

'അനീഷിന്റെ കയ്യില്‍ നിന്ന് കോപ്പിയടിക്കാന്‍ ഉപയോഗിച്ച ഫില്‍ട്ടര്‍ പേപ്പര്‍ പരീക്ഷാ നിരീക്ഷകന്‍ പിടിച്ചെടുത്തു... അവനെ ഒന്നും പറഞ്ഞില്ല... പക്ഷെ, അത്‌ ആരുടെ കൈയ്യക്ഷരമാണെന്നറിയാന്‍ ഉത്തരക്കടലാസുകള്‍ അത്‌ വച്ച്‌ വെരിഫൈ ചെയ്തുകൊണ്ടിരിക്കുന്നു.'

'എന്റെ കോപ്പിയടിക്കാവിലമ്മേ... കാത്തോളണേ..' എന്ന് പ്രാര്‍ത്ഥിക്കാനല്ലാതെ വേറൊന്നിനും ശേഷിയില്ലാതെ ഞാന്‍ തളര്‍ന്നിരുന്നു. ഒടുവില്‍ 'ഒരാളെ സഹായിക്കയല്ലെ ചെയ്തുള്ളൂ... കുഴപ്പമുണ്ടാവില്ല' എന്ന് സ്വയം ആശ്വസിച്ചു.

പ്രാക്റ്റിക്കല്‍ ലാബ്‌ മൂന്നാം ദിവസം ....

ഉച്ചയായപ്പോഴെക്ക്‌ എന്റെ കമ്പ്ലീറ്റ്‌ ചെയ്ത്‌ തീര്‍ന്നു. 'നീ ഇനി എന്റെ ഭാഗത്തേക്ക്‌ നോക്കിപ്പോകരുത്‌...' എന്ന് അനീഷിനോട്‌ ഭീഷണി മുഴക്കി ഞാന്‍ ഇങ്ങനെ മേശപ്പുറമൊക്കെ വൃത്തിയാക്കി നില്‍ക്കുന്നു.

പരീക്ഷാനിരീക്ഷകനായ സാറ്‌ പതുക്കെ ഉലാത്താനിറങ്ങിയ കൂട്ടത്തില്‍ എന്റെ ഭാഗത്തേക്ക്‌ വന്നു. എന്നിട്ട്‌ കുശലം ചോദിക്കുന്നപോലെ ചിരിച്ചുകൊണ്ട്‌...'എല്ലാം തീര്‍ന്നു അല്ലെ...' എന്നൊരു ചോദ്യം.

'ങാ... തീര്‍ന്നു... ' എന്ന് ഒരു മന്ദഹാസത്തോടെ ഞാന്‍ പറഞ്ഞു.

'നേരത്തേ തീര്‍ന്നാല്‍ മറ്റുള്ളവരെ സഹായിക്കും അല്ലെ...' തന്റെ മുഖത്തെ ചിരിയില്‍ ഒരു മാറ്റവും വരുത്താതെ സാറിന്റെ അടുത്ത ചോദ്യം.

ഇത്തവണ എന്റെ മുഖത്തെ മന്ദഹാസം മാറി... അതൊരുതരം വളിഞ്ഞ ചിരിയായി രൂപാന്തരപ്പെട്ടു... ആകെ ഒരു എരിപൊരി...ഇനിയിപ്പോ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല... കീഴടങ്ങുകയാണ്‌ ബുദ്ധി...

'സോറി സാര്‍...' ഞാന്‍ ദയനീയമായി മൊഴിഞ്ഞു.

'ങാ... ഇറ്റ്‌ സ്‌ ഓകെ..' എന്നുപറഞ്ഞ്‌ സാറ്‌ അതേ ലാഘവത്തോടെ പോകുകയും ചെയ്തു.

'ഹോ... കുഴപ്പമില്ല എന്ന് തോന്നുന്നു... നല്ലോരു സാറ്‌' എന്നൊക്കെ കൂട്ടുകാരോടൊക്കെ പറഞ്ഞ്‌ സന്തോഷത്തോടെ വീട്ടില്‍ പോയി.

മാസങ്ങള്‍ക്ക്‌ ശേഷം റിസല്‍ട്ട്‌ വന്നു....എന്നെക്കാള്‍ മണ്ടേശ്വരന്മാരായവര്‍ക്കും അണ്ടനും അടകോടനും ഒക്കെ 90% ന്‌ മുകളില്‍ മാര്‍ക്ക്‌.... എനിക്ക്‌ മാത്രം 80% ന്‌ അല്‍പം മുകളില്‍....അങ്ങനെ കോപ്പിയടി എന്ന കല ഒരു കറുത്ത കലയായി എന്റെ മാര്‍ക്ക്‌ ലിസ്റ്റിനെ സ്വാധീനിച്ചു.

Thursday, November 02, 2006

അഡ്രസ്സില്ലാത്ത ലവ്‌ കാര്‍ഡ്

അതാ വീടിന്നകത്ത്‌ ഒരു ഗ്രീറ്റിംഗ്‌ കാര്‍ഡ്‌ കിടക്കുന്നു. പോസ്റ്റ്‌ മാന്‍ കൊണ്ട്‌ ഇട്ടിരിക്കുന്നതാണ്‌. അഡ്രസ്സില്‍ ആളുടെ പേര്‍ ഇല്ല....

എന്തായാലും ഗ്രീറ്റിംഗ്‌ കാര്‍ഡ്‌ അല്ലെ, തുറന്ന് നോക്കാം എന്ന് വിചാരിച്ച്‌ ഞാന്‍ തുറന്നു നോക്കി. ഏതൊരു ഗ്രീറ്റിംഗ്‌ കാര്‍ഡിലേയും പോലെ അല്‍പം ഇംഗ്ലീഷ സാഹിത്യവചനങ്ങളും ആ വചനങ്ങളെ നിഷ്‌ പ്രഭമാക്കുന്ന രീതിയില്‍ വലിയ അക്ഷരത്തില്‍ I Love U എന്നൊരു മുദ്രണവും...

'ഓ... എനിക്കല്ല... അഥവാ എനിക്കാണെങ്കില്‍ ഇത്‌ നേരത്തെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു' എന്നൊക്കെ ചിന്തിച്ച്‌ വിഷണ്ണനായി നില്‍ക്കുന്ന എന്നെക്കണ്ട്‌ എന്റെ ഭാര്യ അടുത്തുവന്ന് ആ കാര്‍ഡ്‌ വാങ്ങി.

'നീ സന്തോഷിക്കണ്ടാ... എന്തായാലും നിനക്കല്ല, കാരണം... നിന്നെ ഞാന്‍ കല്ല്യാണം കഴിച്ച്‌ കുറച്ചു നാളല്ലെ ആയുള്ളൂ... അതുകൊണ്ട്‌ ഇത്രപെട്ടെന്ന് നിനക്ക്‌ എത്തിക്കാന്‍ മാത്രം ഒരു വല്ല്യ സംഭവമൊന്നുമല്ലല്ലോ എന്റെ പത്നി..' എന്ന എന്റെ ജല്‍പനം കേട്ട്‌ അവള്‍ അത്‌ ഡൈനിംഗ്‌ ടേബിളില്‍ വച്ചു.

അനുജത്തിയുടേതായിരുന്നു അടുത്ത ഊഴം... കല്ല്യാണം കഴിഞ്ഞതിനാലാണോ എന്നറിയില്ല, അവളും ഒരു ദീര്‍ഘനിശ്വാസത്തോടെ അത്‌ അവിടെ തന്നെ ഇട്ടു.

അതാ... എന്റെ അനിയന്‍ സൂര്യാസ്തമയന്‍ വരവായി.... ഓ... അവനെക്കുറിച്ച്‌ അറിയില്ലല്ലെ.... വായില്‍ നോട്ടത്തില്‍ ഗിന്നസ്‌ ബുക്കില്‍ കയറാന്‍ പഠിക്കുകയും തൊലിക്കട്ടി കൂട്ടുന്നതില്‍ റിസര്‍ച്ച്‌ ചെയ്യുകയുമാണ്‌ പുള്ളിക്കാരന്‍.... (സൂര്യാസ്തമയലീലകള്‍ പിന്നിടൊരു പോസ്റ്റാക്കാം... കാരണം, അങ്ങനെ ഒറ്റയടിക്ക്‌ വിവരിക്കാവുന്ന ഒരു ചെറിയ സംഭവമല്ല പുള്ളി)

ഞങ്ങളെല്ലാം അവിടെ നില്‍ക്കുന്നതിനാലാവണം അവന്‍ അതെടുത്ത്‌ നോക്കിയിട്ട്‌

'ലവ്‌ കാര്‍ഡാണല്ലോ.... ഇവിടെ ആര്‍ക്കാ ഇത്‌ വരുന്നത്‌??? പേരും വച്ചിട്ടില്ല...' എന്ന് വളരെ നിഷ്കളങ്കമായി പറഞ്ഞു.

അവന്‌ ലവ്‌ കാര്‍ഡ്‌ അയക്കാന്‍ മാത്രം വിവരമില്ലാത്ത പെണ്‍കുട്ടികള്‍ അവന്റെ കോളെജിലോ മറ്റോ പഠിച്ചിട്ടുണ്ടാവില്ല എന്ന ഉറപ്പില്‍ ഞാന്‍ പറഞ്ഞു..

'നിനക്ക്‌ തന്നെയാവും.... നീ തന്നെ പോസ്റ്റ്‌ ചെയ്തതാവും അല്ലെ.....'

'ഹേയ്‌... എനിക്കല്ല.... എനിക്കാണെങ്കില്‍ പേരുവച്ച്‌ വരില്ലെ..??' അവന്റെ മുഖത്ത്‌ കള്ളച്ചിരിയുടെ ഒരു നിഴലാട്ടം...

ഈ സംഭവവികാസങ്ങള്‍ ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുമ്പോഴാണ്‌ അപ്പുറത്ത്‌ അമ്മ സംഭവം അവ്യക്തമായി അറിയുന്നത്‌... ഇവിടെ ഒരു ഗ്രീറ്റിംഗ്‌ കാര്‍ഡ്‌ വന്നിട്ടുണ്ടെന്നും, ആളുടെ പേര്‌ ഇല്ലെന്നും മാത്രമേ മാതാശ്രീയ്ക്ക്‌ മനസ്സിലായുള്ളൂ...

'എന്നാല്‍ അത്‌ എനിക്ക്‌ വന്നതാവും...' എന്ന് പറഞ്ഞുകൊണ്ട്‌ വേഗം വന്ന് കാര്‍ഡ്‌ എടുത്തു. (പൊതുവേ പഠിപ്പിച്ച കുട്ടികളൊന്നും കാര്‍ഡുകള്‍ അയയ്ക്കാറില്ലെങ്കിലും ഈ അടുത്ത കാലത്തായി അമ്മ തലപ്പത്തിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരിക്കല്‍ ഒരു കാര്‍ഡ്‌ അയച്ചിരുന്നു)

'ങാ... എന്നാപ്പിന്നെ അമ്മയ്ക്ക്‌ തന്നെയാവും...' സൂര്യാസ്തമയന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

കാര്‍ഡ്‌ എടുത്ത്‌ തുറന്ന അമ്മ അല്‍പം ചമ്മലോടെ നില്‍ക്കുന്ന കണ്ട്‌ ചിരിച്ചുകൊണ്ടുള്ള അച്ഛന്റെ കമന്റ്‌..

'അമ്മ അത്‌ ഏറ്റത്‌ എന്റെ ഭാഗ്യം... ഇനി അത്‌ എനിക്കാണെന്ന് പറയില്ലല്ലോ...'