സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, September 25, 2006

മദ്യപാനചരിതം ഭാഗം 3

എന്റെ സുഹൃത്തുക്കളില്‍ ചില ആസ്ഥാന കുടിയന്മാരുണ്ട്‌..... ദിവസവും വൈകുന്നേരമാകാന്‍ കാത്തിരിക്കുന്നവര്‍...

ബാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ വാച്ച്‌ മാന്‌ ഒരു 5 രൂപ കൊടുക്കും... അയാള്‍ നീട്ടി ഒരു സല്യൂട്ട്‌ അടിക്കും.... ജീവിതത്തില്‍ ആരില്‍നിന്നും ഒരു സല്യൂട്ട്‌ കിട്ടില്ലെന്ന് അറിയാവുന്നതിനാല്‍ 5 രൂപയ്ക്ക്‌ ആ സല്യൂട്ട്‌ വാങ്ങി അതിന്റെ സുഖം അങ്ങനെ ആസ്വദിക്കും...

നമ്പൂതിരിമാരായാല്‍ ഇങ്ങനെ ജനിക്കണം..... രാജനും ഗോവിന്ദനും..... മദ്യപിക്കാതെ വീട്ടില്‍ചെന്നാലെ അമ്മമാര്‍ക്ക്‌ സംശയം തോന്നൂ... കാരണം സ്ഥിരം ആ വൃത്തികെട്ട മണം അടിച്ചിട്ട്‌ ഒരു ദിവസം അത്‌ ഇല്ലാതെ വന്നാല്‍ 'ഹെയ്‌... ഇവനെന്തോ മാറ്റമുണ്ടല്ലോ' എന്ന് ചോദിക്കുമത്രെ.

പിന്നെ മല്‍സ്യമാംസാദികളുടെ മണം പുറത്തുവരാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്വം ഉള്ളില്‍ കിടക്കുന്ന വിലകുറവ്‌ ബ്രാന്റ്‌ മദ്യം ഏറ്റെടുത്തോളും.

പാതിരയ്ക്ക്‌ വീട്ടില്‍ചെന്നാല്‍ വാതില്‍ തുറന്ന് തരില്ലെന്ന ഭീഷണിക്കുമുന്‍പില്‍ വഴങ്ങാതെ ഒരു ദിവസം ലേറ്റ്‌ ആയി.

'ഇന്ന് ഇവിടെ കൂടിക്കോ...' രാജനോട്‌ ഗോവിന്ദ്‌ പറഞ്ഞു.

'പക്ഷെ, എങ്ങനെ അകത്തു കടക്കും?' രാജന്റെ ന്യായമായ സംശയം.

'അതല്ലെ ഓടിട്ട വീടിന്റെ ഗുണം... നീ വടക്കെ വാതിലെന്റെ മുന്‍പില്‍ വരാന്തയില്‍ നിന്നോ... ഞാന്‍ ഇതിലെ കയറി അപ്പുറത്തെ ഓട്‌ ഇളക്കി അകത്ത്‌ കടന്ന് ആ വാതില്‍ തുറന്ന് തരാം...'

'ഓഹോ... നീ ഇത്‌ സ്ഥിരം പരിപാടിയാണോ?... കൊള്ളാം...' എന്ന് പറഞ്ഞ്‌ രാജന്‍ വടക്കെ വരാന്തയില്‍ നില്‍പ്പുറപ്പിച്ചു.

ഗോവിന്ദ്‌ പെരപ്പുറത്ത്‌ കയറി പതുക്കെ വടക്കെ വാതിലിന്റെ ഭാഗം എത്തി..... അഞ്ചാറ്‌ ഓട്‌ ഇളക്കി മാറ്റി, ഊര്‍ന്ന് താഴെക്ക്‌ ഇറങ്ങി...നോക്കിയപ്പോള്‍ അതാ രാജന്‍ മുന്‍പില്‍.....

'ഹെയ്‌... നിനക്ക്‌ ഉള്ളില്‍ കയറാനുള്ള വാതില്‍ തുറക്കാന്‍ അറിഞ്ഞിട്ടാണോ ഞാന്‍ കഷ്ടപ്പെട്ട്‌ ഓടിളക്കി ഇറങ്ങിയത്‌?' അല്‍പം ദേഷ്യത്തോടെ ഗോവിന്ദിന്റെ ചോദ്യം...

'ആര്‌ ഉള്ളില്‍ കയറിയെന്നാ?... നീയാണ്‌ പുറത്തേക്ക്‌ ഇറങ്ങിയത്‌...'

(സംഭവം ഗോവിന്ദിന്റെ ഉന്നം അല്‍പം പിഴച്ചതാണ്‌... പുള്ളി ഇരുട്ടത്ത്‌ ഇളക്കിമാറ്റിയ ഓടുകള്‍ വരാന്തയുടെ ഭാഗത്തെയായിരുന്നു)

Friday, September 22, 2006

ഹോസ്റ്റലിലെ കട്ടുതീറ്റ

പല ഹോസ്റ്റല്‍ നിവാസികളും അനുഭവിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും അവനവന്റെ സാധനങ്ങള്‍ കട്ട്‌ തിന്നപ്പെടുന്നതും അല്ലെങ്കില്‍ മറ്റുള്ളവരുടേതില്‍ കയ്യിട്ട്‌ വാരുന്നതും.

വല്ലവന്റെയും ടൂത്ത്‌ പേസ്റ്റ്‌ ആണെങ്കില്‍ അങ്ങ്‌ ഞെക്കി അമര്‍ത്തി പോരാവുന്നിടത്തോളം എടുത്ത്‌ വലിയ വായില്‍ പല്ലുതേക്കല്‍... (അതും ദിവസത്തില്‍ രണ്ടും മൂന്നും പ്രാവശ്യം.... )
വിവിധയിനം ക്രീമുകള്‍ നിര്‍ലോഭം വാരിത്തേക്കല്‍... കുളിമുറിയില്‍ കയറുന്നതിന്‌ മുന്‍പ്‌ വെളിച്ചെണ്ണയില്‍ ഒരു കുളി.... ഫുഡ്‌ ഐറ്റംസ്‌ എന്തെങ്കിലും ഉണ്ടെങ്കില്‍ കാലിയാക്കല്‍....

ഇതെല്ലാം ചില വിദ്വാന്മാരുടെ സ്ഥിരം പരിപാടികളില്‍ പെടും.... സ്വന്തം മുറിയിലുള്ളവരല്ലായിരിക്കും എന്ന് മാത്രം... മറ്റു മുറികളില്‍ നിന്നും ആളുകള്‍ പലപ്പോഴും കയറിയിറങ്ങുന്നത്‌ കാരണം ഇത്‌ തടയുക വലിയ വിഷമം പിടിച്ച പണിയുമാണ്‌. പലരും പല സമയങ്ങളില്‍ എത്തുന്നതിനാല്‍ പലപ്പോഴും റൂം പൂട്ടാതെ പോകേണ്ടിവരും...

സംഭവം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു ഹോസ്റ്റലില്‍...നാലുപേര്‍ ഒരുമിച്ച്‌ താമസിക്കുന്ന ഒരു ഹോസ്റ്റല്‍ മുറി....

മേല്‍പറഞ്ഞ പോലുള്ള പലതും ഇവിടെയും സംഭവിക്കുന്നു. പിന്നെ, ആരും അതത്ര കാര്യമാക്കാന്‍ നില്‍ക്കാത്തതിനാല്‍ സംഭവം തുടര്‍ന്നു....

ഒരിക്കല്‍ സുരേഷിന്റെ ലേഹ്യത്തിന്റെ അളവ്‌ ദിവസം തോറും ഗണ്യമായി കുറയാന്‍ തുടങ്ങി.

'കളിച്ച്‌ കളിച്ച്‌ ലേഹ്യത്തിലും തൊട്ട്‌ തുടങ്ങിയോ? ഇത്‌ ശരിയാവില്ലല്ലോ....' രാജു പറഞ്ഞു.

'എന്നാ ശരി... ഇത്‌ നമുക്ക്‌ സെറ്റപ്പാക്കാം...' എന്ന് തീരുമാനവുമായി.

അടുത്ത തവണ നാട്ടില്‍ പോയപ്പോള്‍ ശങ്കരന്‍ വൈദ്യരെ കണ്ട്‌ വിവരങ്ങള്‍ പറഞ്ഞ്‌ മരുന്ന് റെഡിയാക്കി. വൈദ്യര്‍ കൊടുത്ത പൊടി രഹസ്യമായി ലേഹ്യത്തില്‍ ഇട്ടണ്ട്‌ ഇളക്കി.... അതും നല്ല സ്റ്റ്രോങ്ങായിട്ട്‌....

രാത്രി സമയം... എല്ലാവരും കാര്യമായ ചര്‍ച്ചകളില്‍ മുഴുകിയിരിക്കുമ്പോള്‍ ബിനുവിന്‌ മാത്രം തിരക്കോട്‌ തിരക്ക്‌... ഇടക്കിടക്ക്‌ ടോയ്‌ലറ്റിലേക്ക്‌ ഓടുന്നു.... തിരിച്ചു വരുന്നു... വീണ്ടും വച്ചു പിടിക്കുന്നു....

'എന്തുപറ്റിയെടാ ബിനൂ...' രാജു വിളിച്ചു ചോദിച്ചു.

'ഹേയ്‌, ഇന്നത്തെ ഫുഡ്‌ ശരിയായില്ലെന്ന് തോന്നുന്നു....' ബിനുവിന്റെ മറുപടി.

ടോയ്‌ലറ്റിലേക്ക്‌ ഓടിയോടി ബിനു ക്ഷീണിച്ചു തുടങ്ങി..... ഓടലുമാത്രമല്ലല്ലോ... ഉള്ളില്‍ചെന്നാലും പണിയല്ലേ....

കുറച്ച്‌ കഴിഞ്ഞപ്പോള്‍ രാജു അല്‍പം ഉച്ചത്തില്‍ പറഞ്ഞു.

'ഈ എലിശല്ല്യം അവസാനിപ്പിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചെടാ... ഈ സുരേഷിന്റെ ലേഹ്യത്തില്‍ ഞാന്‍ എലിവിഷം കലര്‍ത്തിവച്ചിട്ടുണ്ട്‌... ഇനി അതെടുത്ത്‌ പുറത്ത്‌ വക്കാം...'

ഇത്‌ കേള്‍ക്കലും...

'അയ്യോ... ഞാനിപ്പോ ചാകുമേ... എന്നെ ആശുപത്രിയില്‍ കൊണ്ടുപോടാ ദുഷ്ടാ...' എന്ന് പറഞ്ഞുകൊണ്ട്‌ ബിനു അലമുറയിടലും ഒരുമിച്ച്‌.....

'ഓ.. ആളെക്കിട്ടിയല്ലോ... ഇനി ഒന്ന് തീ തീറ്റിച്ചിട്ട്‌ തന്നെ കാര്യം' രാജുവിന്റെ മനസ്സിലെ കുറ്റാന്വേഷകനും അഭിനേതാവും ഒരുമിച്ച്‌ ഉണര്‍ന്നു.

'അയ്യോ.. നീ എന്ത്‌ പണിയാ കാണിച്ചത്‌?... നല്ല സ്റ്റ്രോങ്ങ്‌ ആയിട്ടാണ്‌ കലര്‍ത്തിയത്‌... തട്ടിപ്പോകുമെന്ന് ഉറപ്പാ..... എടാ.. ഇവന്റെ വീട്ടിലറിയിക്കാനുള്ള പരിപാടി തുടങ്ങ്‌.... ഹോസ്പിറ്റലില്‍ കൊണ്ടുപോകാം..... എന്തായാലും പോസ്റ്റുമാര്‍ട്ടം ചെയ്യണമല്ലോ....'

'അയ്യോ.......... അയ്യോ.....' കരച്ചില്‍ നല്ല മൂര്‍ദ്ധന്ന്യത്തില്‍......

'എടാ... ഒന്ന് പതുക്കെ... ഞാന്‍ വെറുതെ പറഞ്ഞതാ... എലിവിഷം അല്ല... നോണ്‍സ്റ്റോപ്പ്‌ ആയി വയറ്റില്‍ നിന്ന് പോകാനുള്ള സംഭവമാണെന്നേയുള്ളൂ.... ആശുപത്രിയില്‍ കൊണ്ടുപോകാം..... പക്ഷെ അതിനു മുന്‍പ്‌ നീ ഉള്ള സത്യം പറയണം... . നീ തന്നെയാണോ ഇവിടത്തെ എല്ലാ ഐറ്റംസിന്റെയും കസ്റ്റമര്‍...?'

'സോറി ടാ... ഞാനിനി ചെയ്യില്ല രാജൂ... നീ വണ്ടി വിളിക്ക്‌... എന്നെ ആശുപത്രിയില്‍ കോണ്ടുപോ...'

എല്ലാ നഷ്ടങ്ങള്‍ക്കും കണക്കിട്ട്‌ അതിന്‌ നഷ്ടപരിഹാരം നല്‍കാം എന്ന് തീരുമാനമാക്കി.

എന്നിട്ട്‌ തയ്യാറാക്കി വച്ചിരുന്ന തൈര്‌ എടുത്ത്‌ കൊടുത്തു.

'ഇത്‌ അങ്ങ്‌ കാച്ച്‌... ചെറിയ ഒരു ശമനം കിട്ടും... എന്നിട്ട്‌ പോകാം ആശുപത്രിയില്‍....'

മിക്സിംഗ്‌ ഇത്തിരി കൂടിപ്പോയതിനാല്‍ ബിനുവിനെ ആ രാത്രിതന്നെ ആശുപത്രിയിലേക്ക്‌ എടുക്കേണ്ടിവന്നു.

Thursday, September 21, 2006

മദ്യപാനചരിതം ഭാഗം 2

മദ്യപാനം വല്ലപ്പോഴും നിയന്ത്രിതമായ തോതില്‍ ആവുന്നതില്‍ തെറ്റില്ലെന്നും തൊടാന്‍ തന്നെ പാടില്ലെന്നുമുള്ള രണ്ട്‌ പ്രധാന അഭിപ്രായങ്ങളാണ്‌ നിലവിലുള്ളത്‌.

അല്‍പമൊക്കെ ആവാമെന്ന് സമ്മതിക്കുന്നവര്‍ അവരെ 'മദ്യപാനികള്‍' എന്ന് വിളിക്കരുത്‌ എന്നും കരഞ്ഞു പറയുന്നു.

'പിന്നെ എന്ത്‌ വിളിക്കും?' എന്നത്‌ ഒരു പ്രശ്നം തന്നെയാണ്‌. കാരണം, മദ്യപിക്കാത്തവര്‍ എന്ന് വിളിച്ചാല്‍ ഒട്ടും തന്നെ മദ്യപിക്കാത്തവരുടെ സ്ഥാനം നഷ്ടപ്പെടും. തല്‍ക്കാലം അവരെ നമുക്ക്‌ 'മിതമദ്യപാനികള്‍' എന്ന് വിളിക്കാം... (ഞാന്‍ പറഞ്ഞെന്നേയുള്ളൂ... ഇഷ്ടമില്ലെങ്കില്‍ വേണ്ട....)

ചില അനുഭവ സംഭവങ്ങളാണ്‌ ഈ തുടര്‍ ലേഖനത്തില്‍ പ്രദിപാദിക്കാന്‍ ഉദ്ദേശിക്കുന്നത്‌.

രംഗം ഒന്ന്
ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന ഞങ്ങള്‍ കുറേ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍മാര്‍ (പേരിലേയുള്ളൂ ഈ മഹത്ത്വം... കള്ള്‌ ചെന്നാല്‍ എല്ലാവരെപ്പോലെയും തനി തറകള്‍...) ഒരു ബാറില്‍ ഒത്തുകൂടി.

പതിവുപോലെ എന്നെപ്പോലെ കുടിക്കാത്ത ഒന്ന് രണ്ട്‌ കുടിയന്മാര്‍... കുടിയന്മാര്‍ക്ക്‌ വേണ്ട സഹായങ്ങളൊക്കെ നല്‍കി അവരുടെ ഭാവവ്യതിയാനങ്ങള്‍ കണ്ട്‌ മതിമറന്ന് ചിരിച്ച്‌, തീറ്റയിലും കീടം കുടിയിലും ശ്രദ്ധിച്ച്‌ ഞങ്ങളും....

കൂട്ടത്തില്‍ 3 പേര്‍ തമിഴ്‌ നാട്ടുകാര്‍.... അതിനാല്‍ തന്നെ അല്‍പം കഴിഞ്ഞപ്പോള്‍ മൊത്തം ലാങ്ക്വേജ്‌ തന്നെ മാറി....ആര്‍ക്കും ഏത്‌ ഭാഷയും വഴങ്ങും എന്ന് മനസ്സിലായി.... ഇംഗ്ലീഷും തമിഴും മലയാളവും ചേര്‍ന്നൊരു കിടിലന്‍ ഭാഷ....

പ്രത്യേകതയെന്താണെന്ന് വച്ചാല്‍... മലയാളികളെല്ലാം മലയാളം ഒഴിച്ചുള്ള ഭാഷകളിലും, തമിഴ്‌ ഭാഷക്കാര്‍ മലയാളത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പരസ്പര ബഹുമാനവും സ്നേഹവും വിഴിഞ്ഞൊഴുകുന്നു.....

'ബാര്‍ അടക്കാന്‍ സമയമായി...' എന്ന് വിവരം കിട്ടുന്നവരെ തുടര്‍ന്നു ഈ പ്രകടനം... ('വെളുക്കുന്നവരെ തുറന്ന് വക്കാന്‍ എത്ര കാശ്‌ വേണം?' എന്ന് വെള്ളത്തിന്റെ അഹങ്കാരത്തില്‍ ചോദിച്ച സാജനെ ഒരുവിധം അടക്കിനിര്‍ത്താന്‍ പെട്ട പാട്‌...).

പിറ്റേന്ന് ഉറക്കമുണര്‍ന്ന് ഹാങ്ങ്‌ ഓവറൊക്കെ മാറി ഉച്ചയായപ്പോഴാണ്‌ ഗുരുരാജന്‍ തന്റെ മൊബെയില്‍ ഫോണ്‍ കാണാനില്ലെന്ന വിവരം പറഞ്ഞത്‌. വീട്ടില്‍ ആകെ അരിച്ച്‌ പെറുക്കിയിട്ടും സാധനം കിട്ടിയില്ല.... അന്നത്തെ ലേറ്റസ്റ്റ്‌ മോഡല്‍ നോക്കിയ മൊബെയില്‍ ആണ്‌....

'ഇനിയിപ്പോ ഇന്നലെ ബാറില്‍ വച്ചെങ്ങാനും മറന്നോ....?' ഞാന്‍ ചോദിച്ചു.

'ആ... ഡൗട്ട്‌ ഇറുക്ക്‌' ഗുരുരാജന്‍ പറഞ്ഞു.

'യെസ്റ്റര്‍ഡെ ബാത്ത്‌ റൂമുക്കുള്ളെ ഫേസ്‌ വാഷ്‌ പണ്ണുമ്പോഴ്‌ പോക്കറ്റുക്ക്‌ ഉള്ളെ നിന്ന് വാഷ്‌ ബേസിനില്‍ വീണിറുക്ക്‌...'

('ഹൗ... നല്ല ഭാഷ... ഒന്നുകില്‍ തമിഴ്‌, അല്ലെങ്കില്‍ മലയാളം, അല്ലെങ്കില്‍ ഇംഗ്ലീഷ്‌... ഇതിലേതെങ്കിലും ഒന്ന് മൊഴിയെടാ മറ്റവനെ....' എന്ന് എത്രപ്രാവശ്യം പറഞ്ഞിട്ടും കാര്യമില്ലാത്തതിനാല്‍ ഞാന്‍ വായില്‍ വന്നതങ്ങ്‌ വിഴുങ്ങി.)

'എന്നാല്‍ വാ.. ബാറില്‍ പോയി ചോദിക്കാം' ഞാന്‍ പുറപ്പെട്ടു.

കാഷ്‌ കൗണ്ടറില്‍ ഇരിക്കുന്നയാള്‍ക്ക്‌ ഞങ്ങളെ പരിചയം ഉണ്ട്‌... ഇടക്കിടെ സന്ദര്‍ശിക്കുന്നതിന്റെ സൗഹൃദം...

വിവരം പറഞ്ഞപ്പോള്‍ അയാള്‍ ഉടന്‍ പറഞ്ഞു...

'ആ... ഞങ്ങള്‍ എടുത്ത്‌ വച്ചിട്ടുണ്ട്‌... നിങ്ങളുടെ ആരുടെയോ ആണെന്ന് തോന്നി... കാലത്ത്‌ ബാത്ത്‌ റൂം കഴുകാന്‍ ചെന്നയാള്‍ക്കാണ്‌ കിട്ടിയത്‌... ഇതെങ്ങനെ ക്ലോസറ്റില്‍ വീണു?'

ഞാന്‍ ഞെട്ടി....

'എന്റമ്മോ... അപ്പോ ഇന്നലെ യെവന്‍ മുഖം കഴുകിയ വാഷ്ബേസിന്‍ ????....'ഞാന്‍ മുഖം ചുളിച്ച്‌ ഗുരുരാജനെ ഒന്ന് നോക്കി. എന്നിട്ട്‌ ചോദിച്ചു....

'നീ വാങ്ങിക്കുന്നോ അതോ കളയുന്നോ... എന്തായാലും വാങ്ങീര്‌... നീ മുഖം കഴുകിയതിനെക്കാള്‍ വലുതല്ലല്ലോ അത്‌ കൈയ്യില്‍ പിടിക്കുന്നത്‌?'

Tuesday, September 19, 2006

ഒരു മദ്യപാനചരിതം

'മദ്യപിക്കാത്തവര്‍ വെറും കിഴങ്ങന്മാര്‍... ആണത്തമില്ലാത്തവര്‍..... '
ഇത്‌ പല മദ്യപന്മാരുടെയും സ്ഥിരം കമന്റ്‌....

എന്നാല്‍ 'ആണത്തം വരണമെങ്കില്‍ നിങ്ങള്‍ക്കൊക്കെ മദ്യപിക്കണമല്ലെ...' എന്ന് ഒരിക്കല്‍ ചോദിച്ചതേയുള്ളൂ... ആ ഡയലോഗ്‌ നിര്‍ത്തലായി.

മിക്കവാറും പല ക്രിസ്തുമസ്‌, ന്യൂ ഇയര്‍ തുടങ്ങിയ ദിവസങ്ങളോടനുബദ്ധിച്ച്‌ നടക്കുന്ന ഒരു സ്ഥിരം പരിപാടിയുണ്ട്‌.

അലങ്കരിച്ച ഒരു മരത്തിന്‌ ചുറ്റും (ക്രിസ്തുമസ്‌ ട്രീ എന്നും പറയും... ന്യൂ ഇയറിന്‌ ആ മരത്തിന്‌ എന്ത്‌ പേര്‌ പറയുമോ ആവോ... ഞാന്‍ അന്വേഷിക്കാറില്ല) സി.ഡി. പ്ലെയറില്‍ ഉറക്കെ നാട്ടുകാര്‍ക്ക്‌ ചെവിക്ക്‌ സ്വൈര്യം കൊടുക്കാതെ പാട്ട്‌ വച്ച്‌ ഇച്ചിരി അധികം കള്ള്‌ കുടിച്ച്‌തുള്ളുന്നതാണ്‌ മുടങ്ങാതെ അനുഷ്ഠിച്ചുവരുന്ന ആ ചടങ്ങ്‌...

ഞാന്‍ നിര്‍ബദ്ധമായും പങ്കെടുക്കണം എന്നതാണ്‌ നിയമം... 'ഹേയ്‌... നീ ഇല്ലെങ്കില്‍ ശരിയാവില്ല....' (ഔ... എന്തൊരു സ്നേഹം)...

കാരണം...മിക്കവാറും തല്ലുകള്‍ കോമ്പ്രമൈസ്‌ ആക്കലും എല്ലാവരും തുള്ളിയടങ്ങുമ്പോള്‍ പൊട്ടിയതും പൊട്ടാത്തതും എല്ലാം കൂടി വാരിക്കൂട്ടി എടുത്തുവയ്ക്കലും എനിക്ക്‌ പതിച്ച്‌ കിട്ടിയ ജോലിയാണ്‌. ഇത്‌ സഹിക്കുന്നതിനുമപ്പുറമാകുമ്പോള്‍ പലപ്പോഴും ആ കുപ്പി എടുത്തൊന്ന് മോന്തി സൈഡാവാന്‍ തോന്നാഞ്ഞിട്ടല്ല... പിന്നെ... ഇത്രകാലം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമിടയില്‍ ഉണ്ടാക്കിയെടുത്ത പേര്‌ കളയാന്‍ പാടില്ലല്ലോ...

ആദ്യമൊക്കെ വെള്ളംകുടിമല്‍സരങ്ങളില്‍ (മിക്കവാറും അതൊരു കുടിമല്‍സരമാകാറാണ്‌ പതിവ്‌) ചെന്നാല്‍ 'ഇതേ വരെ മദ്യപിച്ചിട്ടില്ല' എന്നും 'ഇനി അതിനൊട്ട്‌ നിര്‍ബദ്ധിക്കണ്ട മോനെ..' എന്നും പറഞ്ഞ്‌ കഴിഞ്ഞാല്‍ പറയും... 'നന്നായി... കഴിക്കാതിരിക്കുന്നതാ നല്ലത്‌.... ' (അവരുടെ ഷെയറ്‌ കുറയില്ലല്ലോ... )...

എന്നിട്ട്‌ അല്‍പം കഴിഞ്ഞ്‌ സ്നേഹം മൂക്കുമ്പോള്‍ പറയും.. 'ഒരെണ്ണം ഒഴിച്ച്‌ നോക്ക്‌'

കൂട്ടത്തിലിരുന്ന് തിരക്ക്‌ കൂട്ടി മുന്‍പിലിരിക്കുന്ന വേവിച്ചുവച്ചിരിക്കുന്ന എല്ലാ ജീവജാലങ്ങളെയും വെട്ടിവിഴുങ്ങുന്നതിന്‌ അതൊരിക്കലും എനിക്കൊരു തടസ്സമായിരുന്നില്ല.

ഇങ്ങനെയുള്ള മദ്യപിക്കാതെ കമ്പനികൊടുക്കുന്ന ആളുകളുടെ എണ്ണം കൂടുന്നത്‌ അവര്‍ക്ക്‌ അത്ര രസിക്കറില്ല.. കാരണം... മിക്സ്‌ ചെയ്യാന്‍ വച്ചിരിക്കുന്ന എല്ലാ കീടങ്ങളും (കോളകളും) എടുത്ത്‌ മോന്തുന്നതും പ്ലേറ്റുകള്‍ കാലിയാവുന്നതും തന്നെ കാരണം....

ചിലര്‍ക്ക്‌ ആസ്വദിച്ച്‌ കുടിക്കുന്നതിലല്ല.. മറിച്ച്‌ മാക്സിമം അടിച്ച്‌ കയറ്റാന്‍ പറ്റുമോ എന്നതിലാണ്‌ താല്‍പര്യം... കഷ്ടപ്പെട്ട്‌ മുഖം ചുളിച്ച്‌ കുടിക്കുന്നത്‌ കണ്ട്‌ പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട്‌..
'ഇത്ര കഷ്ടമാണെങ്കില്‍ പിന്നെ എന്തിനാ ഇങ്ങനെ വലിച്ചുകയറ്റുന്നത്‌' എന്ന്....(ആരോട്‌ പറയാന്‍....)

അന്നത്തെ ഇന്നിങ്ങ്സ്‌ ഒന്ന് നിര്‍ത്തി വീട്ടില്‍പോകാനാണ്‌ പാട്‌... ഇറങ്ങാന്‍ നേരത്ത്‌ ചിലരുടെ ഒരു സ്ഥിരം പരിപാടിയുണ്ട്‌.. 'ഒന്നു കൂടി പറ.... അത്‌ കഴിഞ്ഞ്‌ ബില്ല് ആക്കാം...'

ഇവിടെയും എനിക്ക്‌ സ്ഥിരം ജോലിയുണ്ട്‌... ഡ്രൈവിംഗ്‌....

വീട്ടില്‍ ചെന്ന് കയറിയാല്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പോലും അറിയാത്ത നിഷ്കളങ്കരായ ചില മാതാപിതാക്കളും ചിലര്‍ക്ക്‌ കരുത്തേകുന്നു.

***************
ഒരുദിവസം ലാലു അടിച്ച്‌ ഫിറ്റ്‌ ആയി നിലം പരിശായി (റോഡില്‍ കിടന്നു എന്നര്‍ത്ഥം). ഒടുവില്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടിവന്നു.

ഡോക്ടറുടെ തെറി ഒന്നു പോലും വിടാതെ മുഴുവന്‍ കേള്‍ക്കാനും രാത്രിമുഴുവന്‍ ഉറക്കമൊഴിച്ച്‌ കൊതുകിന്‌ സ്വന്തം ദേഹം വിട്ടുകൊടുക്കാനുമായിരുന്നു അന്ന് എന്റെ നിയോഗം...

പിറ്റേന്ന് അവന്റെ വീട്ടില്‍ പോയി അച്ഛനോട്‌ വിവരം പറയണമല്ലോ... കര്‍ത്താക്കന്മാരാ.... മദ്യപാനം എന്തെന്ന് കേട്ടിട്ടുപോലുമില്ലത്രെ....

ഒടുവില്‍ ഒരുത്തന്‍ വളച്ചൊടിച്ച്‌ കാര്യം പറഞ്ഞു.

'ഇന്നലെ ലാലു കുറച്ച്‌ സോഡ കുടിച്ചു...ഛര്‍ദ്ദിച്ച്‌ അവശതയായി ആശുപത്രിയിലായി... രാത്രി വൈകിയതിനാലാണ്‌ ഇവിടെ വന്ന് പറയാതിരുന്നത്‌... ഞങ്ങള്‍ക്ക്‌ വീട്ടില്‍ പോയി വന്നാല്‍ കൊള്ളാം എന്നുണ്ട്‌..'

ഉടനെ അച്ഛന്റെ നിഷ്കളങ്കമായ മറുപടി....

'അവന്‌ ഇതൊന്നും കുടിച്ച്‌ ശീലമില്ലാ... അതാ ഛര്‍ദ്ദിച്ചത്‌..' പാവം അച്ഛന്‍...

പിന്നീട്‌ ലാലുവിന്‌ നാട്ടില്‍ നല്ല പേരായി.. 'സോഡകുടിച്ച്‌ ഫ്ലാറ്റായവന്‍ ലാലു...'
***********
ഒരിക്കല്‍ ഞാന്‍ ജോബിയോട്‌ ചോദിച്ചു...

'എടാ.. വീട്ടില്‍ ചെന്ന് കയറുമ്പോള്‍ ആര്‍ക്കും മനസ്സിലാവില്ലെ?'

'ഹേയ്‌ .. എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും... അനിയന്‍ വന്ന് വാതില്‍ തുറന്ന് തരും'

'അപ്പോ അനിയന്‌ മനസ്സിലാവില്ലെ' എന്റെ സംശയം...

'ഹേയ്‌ ഇല്ലല്ലോ... ഷൂ ഇട്ട്‌ കുളിച്ചാല്‍ പിന്നെ മനസ്സിലാവാതിരിക്കോ...'
*******

(തുടരും...)

Wednesday, September 13, 2006

വര്‍ക്കിച്ചേട്ടന്റെ ക്രിസ്തു വേഷം

വര്‍ക്കിച്ചേട്ടന്‍ ആള്‌ ജിമ്മിലൊക്കെ സ്ഥിരം പോയിക്കൊണ്ടിരുന്നതിനാല്‍ നല്ല കട്ട മസില്‍സാണ്‌. പക്ഷെ ആള്‌ ഒരു പാവം... ഒരു അലമ്പിനും ഇല്ലാതെ പള്ളിയും നാട്ടുകാരുമൊക്കെയായി കഴിഞ്ഞുകൂടുന്നു.

ക്രിസ്തുമസ്സ്‌ കാലത്ത്‌ ഒരു ടാബ്ലോ മല്‍സരമുണ്ട്‌. വിവിധ ഇടവകകളില്‍ നിന്നും മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഓരോ ടീ ഉണ്ടാവും.

പക്ഷെ, വര്‍ക്കിച്ചേട്ടന്റെ ക്രിസ്തുവേഷത്തിനാണ്‌ എല്ലാ കൊല്ലവും ഒന്നാം സമ്മാനം. തലയില്‍ മുള്‍ക്കിരീടവും വച്ച്‌ അല്‍പസ്വല്‍പം മേക്കപ്പ്‌ കയറ്റിയാല്‍ 'ഒറിജിനല്‍ ക്രിസ്തു ദേവന്‍ വന്ന് ഒരു ഷേക്ക്‌ ഹാന്റ്‌ കൊടുക്കും' എന്ന് പള്ളീലച്ചന്‍ പറഞ്ഞു എന്ന് ഒരിക്കല്‍ വര്‍ക്കിച്ചേട്ടന്‍ വീമ്പ്‌ പറയുന്ന കേട്ടിട്ടുണ്ട്‌.
(അല്‍പം അഹങ്കാരം ഉണ്ടോ എന്ന് തോന്നിയാല്‍ തെറ്റില്ല. ഈ അഹങ്കാരം ക്രിസ്തു ദേവനായിട്ട്‌ തന്നെ മാറ്റിക്കൊടുത്തു. കുറച്ച്‌ കൂടിപ്പോയോ എന്നേ സംശയമുള്ളൂ)

ഒരു തവണ വര്‍ക്കിച്ചേട്ടന്റെ ക്രിസ്തുവിന്‌ ഒന്നാം സമ്മാനം കിട്ടിയില്ല.

ഇടവകയിലെ എല്ലാവരും നിരാശരായി.

'ക്രിസ്തുവിനെന്താ കുടവയറുണ്ടോ???' എന്ന് ജഡ്ജസ്സ്‌ ചോദിച്ചപ്പോളാണ്‌ എല്ലാവര്‍ക്കും ആ സംശയം ഉദിച്ചത്‌. (ക്രിസ്തുവിന്‌ കുടവയറുണ്ടോ ഇല്ലായോ എന്നതല്ല... കുടവയറില്ലാത്ത ഒരു ക്രിസ്തുവേഷം വേറെ ഉണ്ടായിരുന്നതിനാല്‍ ഒന്നാം സമ്മാനം അവര്‍ക്ക്‌ കൊടുത്തു.)

അപ്പോഴാണ്‌ വര്‍ക്കിച്ചേട്ടനും കൂട്ടരും ഒരു സെല്‍ഫ്‌ അനാലിസിസ്‌ നടത്തിനോക്കിയത്‌. ശരിയാണ്‌.. കുറച്ച്‌ മാസമായി ജിമ്മിന്‌ പോക്ക്‌ നിര്‍ത്തിയിട്ട്‌... ചെസ്റ്റ്‌ മസില്‍സിന്‌ വലിയ കോട്ടം തട്ടിയിട്ടില്ലെങ്കിലും വയര്‍ അല്‍പം ചാടിയിട്ടുണ്ട്‌.

അടുത്ത തവണ എങ്ങനെ നഷ്ടപ്പെട്ട ഒന്നാം സമ്മാനം നേടിയെടുക്കാം എന്നതിനെക്കുറിച്ചായി ചര്‍ച്ച. 'തീറ്റ കുറക്കാന്‍ പറ്റില്ല, പക്ഷെ, വയറ്‌ കുറക്കാന്‍ ശ്രമിക്കാം' എന്ന് വര്‍ക്കിച്ചേട്ടന്റെ വാക്കില്‍ തല്‍ക്കാലം ചര്‍ച്ച അവസാനിപ്പിച്ചു.

വീണ്ടും ക്രിസ്തുമസ്‌ ......

വര്‍ക്കിച്ചേട്ടന്റെ കുടവയര്‍ കുറഞ്ഞില്ലെന്ന് മാത്രമല്ല, അല്‍പം കൂടി കൂടിയോ എന്ന് ഒരു സംശയം....

ഇനി ഇപ്പോ എന്താ ചെയ്കാ... മല്‍സരത്തിന്‌ ഇനി രണ്ട്‌ ദിവസം മാത്രം ബാക്കി.

പെട്ടെന്ന് വര്‍ക്കിച്ചേട്ടന്‌ തന്നെ ഐഡിയ ഉദിച്ചു.

'ഒരു കാര്യം ചെയ്യാം... ജഡ്ജസ്‌ നില്‍ക്കുന്ന ഏരിയ എത്തുമ്പോള്‍ വയര്‍ ഉള്ളിലേക്ക്‌ വലിച്ചു പിടിക്കാം'

ഇത്‌ പറഞ്ഞ്‌ പുള്ളിക്കാരന്‍ ഒരു ഡെമോ കൂടി കാണിച്ചു.

'കൊള്ളാല്ലോ... ഉള്ളിലേക്ക്‌ വലിച്ച്‌ പിടിച്ചപ്പോള്‍ കുടവയര്‍ കാണുന്നില്ല' എല്ലാവരും സമ്മതിച്ചു.

മല്‍സര ദിനം...

വിവിധ ഇടവകകളില്‍ നിന്നുമുള്ള നിശ്ചല രൂപങ്ങള്‍ വാഹനങ്ങളിലായി റോഡിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു.ഞങ്ങളുടെ

ഇടവകയിലെ വണ്ടി അതാ വരുന്നു. കുരിശില്‍ കൈകള്‍ മുകളിലോട്ട്‌ കെട്ടി, തലയില്‍ മുള്‍ക്കിരീടവും വച്ച്‌, ചോരയൊലിപ്പിച്ച്‌ ആ ദയനീയമായ കിടപ്പ്‌ കണ്ടാല്‍ ശരിക്കും കിടിലന്‍... അടുത്തായി നാല്‌ കുന്തം പിടിച്ച കാവല്‍ക്കാരും.....

ജഡ്ജസ്സിന്റെ അടുത്ത്‌ ഞങ്ങളും നിലയുറപ്പിച്ചു.

അടുത്തെത്താറായപ്പോള്‍ കുന്തക്കാരന്‍ മന്ത്രിച്ചു..

'വര്‍ക്കിച്ചേട്ടാ... റെഡി... വലിച്ചു പിടിച്ചോ....'

വര്‍ക്കിച്ചേട്ടന്‍ വയര്‍ ഒന്ന് ആഞ്ഞ്‌ ഉള്ളിലേക്ക്‌ വലിച്ചു. 'ഹായ്‌... ബെസ്റ്റ്‌....'

വണ്ടി ഇഴഞ്ഞു നീണ്ടുന്നതിനാല്‍ അങ്ങ്‌ കടന്നു പോകുന്നില്ല... ശ്വാസം ഇപ്പൊ പോകും. പുള്ളി ശ്വാസം ഒന്ന് വിട്ട്‌ വീണ്ടും ഉള്ളിലേക്ക്‌ വലിച്ചു.

ഇത്‌ ഒരു രണ്ട്‌ മൂന്ന് വട്ടം കഴിഞ്ഞപ്പോള്‍ അതാ ഉടുത്തിരുന്ന ഒറ്റ മുണ്ട്‌ കുത്തഴിഞ്ഞ്‌ ഇഴുകി താഴെ... വല്ലതും ചെയ്യാന്‍ പറ്റുമോ?... ഒറിജിനാലിറ്റിക്കു വേണ്ടി കൈ നല്ല സ്റ്റ്രോങ്ങ്‌ ആയി കെട്ടിയിട്ടിരിക്കുകയല്ലെ...

'പൗലോസേ.. പൗലോസേ..' എന്ന് വിളികേട്ട്‌ തിരിഞ്ഞ്‌ നോക്കിയ കുന്തക്കാരന്‍ പൗലോസ്‌ കണ്ടത്‌ അണ്ടര്‍വെയറിട്ട്‌ ദയനീയമായ ഭാവത്തോടെ തന്നെ നോക്കുന്ന വര്‍ക്കി ക്രിസ്തുവിനെ.

'ക്രിസ്തുവിന്റെ കാലത്ത്‌ കുന്നത്ത്‌ അണ്ടര്‍വെയര്‍ ഉണ്ടോ??' എന്ന ചോദ്യം ഉയരുന്നതിനു മുന്‍പ്‌ അതാ അനങ്ങാതെ നിന്നിരുന്ന കുന്തക്കാരന്‍ ഓടി വന്ന് ക്രിസ്തുവിനെ മുണ്ടുടുപ്പിച്ചു.