സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Wednesday, August 30, 2006

കോപ്പിയടി കലയാണോ?

എന്റെ അഭിപ്രായത്തില്‍ കോപ്പിയടിയും ഒരു കലയാണ്‌. സംഗീതമോ സിനിമയോ എന്തും ആയിക്കൊള്ളട്ടെ, അതില്‍ അവനവന്റേതായ കഴിവ്‌ ഉപയോഗിച്ച്‌ പരിപോഷിപ്പിച്ചാല്‍ അതൊരു കലാപരമായ ഇനമാകുന്നു.

ഉദാഹരണത്തിന്‌ മിമിക്രി... അതൊരു കലയാകുന്നത്‌ അതേ പടി പലതും കട്ട്‌ ആന്റ്‌ പേസ്റ്റ്‌ ചെയ്യാതെ, കട്ട്‌ ചെയ്ത്‌ വേണ്ടത്ര ഭേദഗതികളോടെ അവതരിപ്പിക്കുമ്പോഴാണ്‌.

ഇതെല്ലാം എന്റെ വിശ്വാസം... മറ്റുള്ളവര്‍ സമ്മതിക്കണമെന്ന് എനിക്ക്‌ ഒരു നിര്‍ബദ്ധവുമില്ല.. ഞാനതിന്‌ നിര്‍ബദ്ധിക്കുകയുമില്ല.

അതൊക്കെ പോട്ടെ, എന്റെ ശ്രമം പരീക്ഷക്കുള്ള കോപ്പിയടിയും ഒരു കലയാണെന്ന് സമര്‍ത്ഥിക്കാനാണ്‌.

കാരണം .. എന്നാലേ ഞാനൊരു കലാകാരനാണെന്ന് എല്ലാവരും സമ്മതിക്കൂ. അതുകൊണ്ട്‌ ഈ കാര്യത്തില്‍ ഞാന്‍ നിര്‍ബദ്ധിക്കും.. പ്ലീസ്‌.....

സ്കൂള്‍ തലങ്ങളില്‍ ഞാന്‍ കോപ്പിയടിക്കാന്‍ ശ്രമിക്കാറില്ല (അത്യാവശ്യം കൂട്ടുകാര്‍ക്ക്‌ വല്ലതും കാണിച്ച്‌ കോടുക്കുകയോ ഗോഷ്ടി കാണിച്ച്‌ പറഞ്ഞ്‌ കൊടുക്കുകയോ ചെയ്യുന്നതൊഴിച്ചാല്‍). കാരണം... എന്റെ പിതാശ്രീ പഠിപ്പിക്കുകയും ഹെഡ്‌ മാസ്റ്ററായിരിക്കുകയും ചെയ്യുന്ന സ്കൂളിള്‍ പഠിക്കാനും അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് തന്നെ നല്ല ചൂരല്‍പ്രയോഗം കിട്ടാനും ഭാഗ്യം ചെയ്ത ചുരുക്കം ചില മഹാന്മാരില്‍ പെടും ഞാനും.

എന്നാല്‍ കോളേജില്‍ എത്തിയപ്പോള്‍ എന്നിലെ കലാകാരന്‍ ഉണര്‍ന്നു.

'ഹായ്‌.. വെറുതെ പരീക്ഷ എഴുതുന്നതില്‍ എന്താ ഒരു ത്രില്ല്.... എന്തെങ്കിലും പുതിയ രൂപത്തില്‍ കോപ്പിയടിക്കാനുള്ള പദ്ധതി രൂപീകരിക്കുകയും അത്‌ പുഷ്പം പോലെ നടപ്പിലാക്കുകയും ചെയതാലേ ഒരു പരീക്ഷ എഴുതി എന്ന് പറയാന്‍ പറ്റൂ' (അഹങ്കാരം.. അഹങ്കാരം..)

അഞ്ചാറ്‌ കൊല്ലക്കാലം ഞാന്‍ എന്റെ കലയെ പരിപോഷിപ്പിച്ചു പോന്നു. (എന്ന് കരുതി പരീക്ഷ മുഴുവന്‍ കോപ്പിയടിച്ച്‌ ജയിച്ചു എന്ന് കരുതരുത്‌... അല്ലെങ്കില്‍ പിന്നെ പല പരീക്ഷകളും ഞാന്‍ പുല്ലു പോലെ തോല്‍ക്കില്ല്ലായിരുന്നല്ലൊ... അല്ലറ ചില്ലറ കോപ്പിയടി.. അത്രയേ ഉള്ളൂ..)

ഞാന്‍ പ്രയൊഗിച്ചിരുന്ന ചില സമ്പിള്‍സ്‌... (ദുരുപയോഗം ചെയ്താല്‍ അനുഭവിക്കേണ്ടിവരും... എന്റെ പേര്‌ പറയല്ലെ...)

ലോഗരിതം ടേബിള്‍, ഹോള്‍ ടിക്കറ്റ്‌, പേപ്പര്‍ കഷണങ്ങള്‍ എന്നിവയെ കലാപരമായ രീതിയില്‍ ഉപയോഗിക്കാം... (എങ്ങനെ എന്ന് പറയില്ല. കൊന്നാലും പറയില്ല.)

മദ്രാസില്‍ എം.സി.എ. പരീക്ഷക്ക്‌ ഞാന്‍ പുതിയ കലാരൂപം പുറത്തിറക്കി.

കഴിഞ്ഞുപോയ പരീക്ഷകളുടെ ചോദ്യപേപ്പറിന്റെ മറുപുറങ്ങള്‍ ഒന്നും എഴുതാതെ അങ്ങനെ വിശാലമായി കിടക്കുന്നത്‌ എനിക്ക്‌ സഹിച്ചില്ല. ഞാനവനെ അങ്ങ്‌ ഫില്ല് ചെയ്തു.

സ്റ്റെതസ്കോപ്പ്‌.. സോറി... മൈക്രോസ്കോപ്പ്‌ വച്ച്‌ നോക്കിയാല്‍ മാത്രം കാണാവുന്ന വലുപ്പത്തില്‍ പെന്‍സില്‍ കൊണ്ട്‌ ഞാന്‍ ആ മറുപുറങ്ങളെ നിറച്ചു. എന്നിട്ട്‌, പരീക്ഷക്ക്‌ കീശയില്‍ നിന്ന് അവനെ എടുത്ത്‌ മേശപ്പുറത്ത്‌ അഭിമാനത്തോടെ വക്കും. ടീച്ചറെ കാണാതെ മറിച്ച്‌ നോക്കി എന്റേതായ ഭേദഗതികളോടെ ഉത്തരക്കടലാസിലേക്ക്‌ പകര്‍ത്തും. (മിക്കവാറും ടീച്ചര്‍മാര്‍ക്ക്‌ ചോദ്യപേപ്പര്‍ ഏതാണെന്ന് നോക്കേണ്ട ഉത്തരവാദിത്തമില്ലാത്തതിനാലും നോക്കിയാലും മനസ്സിലാവില്ല എന്ന എന്റെ അണ്ടര്‍ എസ്റ്റിമേഷന്‍ കൊണ്ടും ഇതിന്‌ തുടക്കത്തില്‍ വല്ല്സ്യ പ്രശ്നമുണ്ടായില്ല)

താഴെ വിവരിക്കുന്ന സംഭവം നടക്കുന്നത്‌ ഈ കലാരൂപം അവതരിപ്പിക്കുന്ന ഒരു പരീക്ഷാഹോളില്‍.....

പതിവുപോലെ കേമനായ ഞാന്‍ പഴയ ചോദ്യപേപ്പര്‍ പുറത്തെടുത്തു. പക്ഷെ അന്നത്തെ പേപ്പറിന്റെയും പഴയ പേപ്പറിന്റെയും ക്വാളിറ്റിയില്‍ ഒരു മിസ്‌ മാച്ച്‌

'ഓ... പോട്ടെ.. അതിലിത്ര പ്രശ്നമെന്തിരിക്കുന്നു' എന്ന് എന്റെ ഓവര്‍ കോണ്‍ഫിഡന്‍സ്‌ മന്ത്രിച്ചു.

ആ വഴി പോയ ടീച്ചര്‍ക്ക്‌ പേപ്പര്‍ കണ്ടപ്പോള്‍ എന്തോ ഒരു സംശയം പോലെ. അപ്പുറത്തെ വരിയില്‍ ഉത്തരക്കടലാസ്‌ വിതരണം കഴിഞ്ഞ്‌ തിരിച്ചെത്തിയ ടീച്ചര്‍ എന്റെ അടുത്തെത്തിയപ്പോള്‍ ടീച്ചര്‍ക്ക്‌ ഒരു വിഭ്രാന്തി..

പേപ്പറിന്‌ ടീച്ചര്‍ നേരത്തെ ശ്രദ്ധിച്ച മാറ്റം ഇപ്പോള്‍ കാണാനില്ല. (ഞാനാരാ മോന്‍... ടീച്ചറുടെ സംശയ നോട്ടം കണ്ടപ്പോള്‍ ഞാന്‍ പഴയ പേപ്പര്‍ എന്റെ കീശയിലേക്ക്‌ റിവൈന്റ്‌ അടിച്ചിട്ട്‌ ഒറിജിനല്‍ പേപ്പറിനെ മുന്നില്‍ പ്രതിഷ്ഠിച്ചിരുന്നു)

'എനിക്കെന്തു പറ്റി' എന്ന് ആലോചിച്ചുകൊണ്ട്‌ ടീച്ചര്‍ നടന്നകന്നു.

ഞാന്‍ വിടുമോ... 'ഹും... ഇത്ര കഷ്ടപ്പെട്ട്‌ എഴുതി കൊണ്ടുവന്നത്‌ വെറുതെ കളയേ... ഛെ ഛെ.. ഇത്രകാലം ഈ കലാരംഗത്ത്‌ ഞാനുണ്ടാക്കിയ ഇമേജ്‌ ...'

കോപ്പിയടിക്കാന്‍ തന്നെ എന്നിലെ അഹങ്കാരി തീര്‍ച്ചയാക്കി.

'ഈ കുന്റ്രാണ്ടം കണ്ടാലല്ലെ കുഴപ്പമുള്ളൂ' എന്ന് വിചാരിച്ച്‌ പേപ്പറെടുത്ത്‌ ഞാന്‍ ഉത്തരക്കടലാസിന്നടിയില്‍ വച്ചു.

എന്റെ മറിച്ച്‌ നോക്കുവാനുള്ള ശുഷ്കാന്തി കണ്ടിട്ട്‌ ടീച്ചര്‍ ഇടക്ക്‌ ആ വഴി വന്നെങ്കിലും മറിച്ചു നോക്കുന്ന ആ പേജിലല്ല എന്റെ ചോദ്യപേപ്പര്‍ എന്നതിനാല്‍ കുഴപ്പമുണ്ടായില്ല.

എന്തുകൊണ്ടോ.. ടീച്ചര്‍ക്ക്‌ ടീച്ചറുടെ മനസ്സിനെ നിയന്റ്രിക്കാനായില്ല.

എന്റെ അടുത്തു വന്ന് ടീച്ചര്‍ പറഞ്ഞു.

'കൊഞ്ചം പേപ്പറ്‌ കൊടുങ്കോ..'

നിവര്‍ത്തിയില്ലല്ലോ... ഭംഗിയായി അടുക്കിവച്ച്‌ ഞാന്‍ എന്റെ ഉത്തരക്കടലാസ്‌ കെട്ട്‌ കൈമാറി. (ഉള്ളില്‍ ലവന്‍ ഇരിപ്പുണ്ട്‌ എന്നതിനാല്‍ നെഞ്ചിടിപ്പ്‌ ചെവിക്ക്‌ സ്വൈരം തരുന്നില്ല)

പേപ്പര്‍ കൈയ്യിലെടുത്ത്‌ നിവര്‍ത്തലും എന്റെ ചോദ്യപേപ്പര്‍ ഉള്ളില്‍ നിന്ന് നൈസ്‌ ആയി താഴെക്ക്‌ പറന്നിറങ്ങിയതും ഒരുമിച്ച്‌.

താഴെ വീണ ചോദ്യപേപ്പര്‍ എടുത്ത ടീച്ചര്‍ക്ക്‌ ഒരു പ്രത്യേകതയും തോന്നിയില്ല..

'ഒരു സാദാ ചോദ്യപേപ്പറില്‍ എന്തിരിക്കുന്നു'എന്ന് ടീച്ചര്‍ തമിഴില്‍ മനസ്സില്‍ പറഞ്ഞു.

അതിന്റെ മറുപുറം ടീച്ചര്‍ വെറുതെ ഒന്ന് നോക്കി.

ഭാഗ്യം... ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായില്ലെന്ന് മാത്രം... അത്രക്ക്‌ മനോഹരമായി ഫില്ല് ചെയ്തിരിക്കുന്നു.

ടീച്ചര്‍ എന്നെ ആദരപൂര്‍വ്വം ഒന്ന് നോക്കി. ഞാന്‍ ടീച്ചറേയും...

'മോന്‍ പരിപാടി നിര്‍ത്തി ഇറങ്ങിക്കോ' എന്ന് തമിഴില്‍ പറഞ്ഞെങ്കിലും മനസ്സിലാവാത്ത പോലെ ഞാന്‍ നിന്നു. എന്നിട്ട്‌ ഒരു ദയനീയമായ 'സോറി' അങ്ങ്‌ കാച്ചി.

പിന്നെ ഞാന്‍ ഒരു എഴുത്തങ്ങ്‌ തുടങ്ങി. എക്സ്റ്റ്രാ ഷീറ്റുകള്‍ വാങ്ങിക്കൂട്ടി ഞാന്‍ എഴുതിപ്പാഞ്ഞു.

ടീച്ചര്‍ ഞെട്ടി...

'ഇത്രക്ക്‌ എഴുതാന്‍ കഴിവുള്ള ഇവന്‍ എന്തിനാണെടേയ്‌ കോപ്പിയടിക്കുന്നത്‌' എന്ന് ടീച്ചറുടെ മനം മന്ത്രിക്കുന്നത്‌ ഞാനറിഞ്ഞു. (അങ്ങനെ തോന്നിപ്പിക്കുകയാണല്ലോ എന്റെ ലക്ഷ്യം... കോപ്പിയടിച്ച്‌ ജയിക്കേണ്ട ഗതികേട്‌ എനിക്കില്ല എന്ന് ടീച്ചര്‍ക്ക്‌ മനസ്സിലാകണമല്ലോ... ഞാന്‍ ഒരു കലാകാരന്‍ മാത്രമാണല്ലോ).

ഒരു പത്തിരുപത്‌ പേപ്പര്‍ എഴുതിക്കൂട്ടുക മാത്രമല്ല അരമണിക്കൂര്‍ മുന്‍പ്‌ എഴുതി അവസാനിപ്പിക്കുക കൂടി ചെയ്തു. കാരണം... യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സ്ക്വാഡ്‌ അംഗങ്ങള്‍ കഴിയാറാകുമ്പോള്‍ ഒരു വിസിറ്റുണ്ട്‌... അപ്പോഴെക്ക്‌ സ്ഥലം കാലിയാക്കണമല്ലൊ...

എഴുതി അവസാനിപ്പിച്ച്‌ ഉത്തരക്കടലാസുകെട്ട്‌ സമര്‍പ്പിച്ചപ്പോള്‍ ടീച്ചറുടെ മുഖത്ത്‌ ശരിക്കും ഒരു ആദരവ്‌.... കൂട്ടത്തില്‍ എന്റെ 'സോറി മാഡം..' എന്ന പ്രയോഗം കൂടിയായപ്പോള്‍ ടീച്ചറുടെ മുഖത്ത്‌ ഒരു പുഞ്ചിരി.

ടീച്ചറെ നന്ദിയോടെ നോക്കി ചിരിച്ച്‌ ഞാന്‍ സ്ഥലം കാലിയാക്കി.

('ഇനിയിപ്പോ പുതിയ കലാരൂപം കണ്ടുപിടിക്കണമല്ലോ' എന്നതായിരുന്നു എന്റെ മനസ്സ്‌ നിറയെ)

Sunday, August 27, 2006

കൊച്ചിയില്‍ ഒരു ഓട്ടോ യാത്ര

എറണാകുളത്ത്‌ ജോലി ചെയ്തിരുന്ന കാലത്ത്‌ ഓഫീസില്‍ നിന്ന് റെയില്‍ വെ സ്റ്റേഷനിലേക്ക്‌ വൈകീട്ട്‌ സ്ഥിരമായി ഞാനും എന്റെ 2 സുഹൃത്തുക്കളും ഓട്ടോയില്‍ യാത്ര ചെയ്തിരുന്നു.

ഓട്ടോക്കാരുമായി കൂലി സംബദ്ധമായി വാക്കേറ്റമില്ലാത്ത ഒരു ദിവസമെമെങ്കിലും ഉണ്ടാകുക അസാദ്ധ്യം...

കാലത്ത്‌ ട്രെയിന്‍ ലേറ്റ്‌ ആയാല്‍ സ്റ്റേഷനില്‍ നിന്ന് ഓഫീസിലേക്ക്‌ ഓട്ടോ പിടിച്ച്‌ പോകാമെന്ന് വച്ചാല്‍ അവന്മാരുടെ ഒരു ഡിമാന്റ്‌...

നമുക്ക്‌ പോകേണ്ട സ്ഥലം അവനും കൂടി ബോധിച്ചാലേ വണ്ടിയില്‍ കയറ്റൂ.

ഒരിക്കല്‍ ഓട്ടോയില്‍ കയറുന്നതിനു മുന്‍പ്‌ ഒരു ഓട്ടോക്കാരന്റെ ചോദ്യം..

'എവിടേക്കാ???'

ഞാന്‍ പറഞ്ഞു. 'പത്മയുടെ അവിടെ വരെ പോകണം..'

ഉടനെ പുള്ളിയുടെ ചോദ്യം..

'പത്മയുടെ എവിടെവരെ പോകണം?'

എന്താ പറയാ...

(മനസ്സില്‍ നിന്ന് വായിലേക്ക്‌ കുത്തി ഒഴുകി വന്നത്‌ ചവച്ച്‌ വിഴുങ്ങി സഭ്യമായി വിവരിച്ചു. കാരണം, തല്ല് ഓട്ടോക്കരന്റെയാണെങ്കിലും ചോദിച്ച്‌ വാങ്ങേണ്ട ഒന്നല്ലല്ലോ..)

ഒരിക്കല്‍ ശശിചേട്ടനും കൂടെ സുഹ്രുത്തായ ജോസേട്ടനും ഇത്‌ പോലെ സ്റ്റേഷനില്‍ വന്നിറങ്ങി. ശശിചേട്ടന്റെ ഓഫീസ്‌ ഷേണായീസിനടുത്താണ്‌.

ജോസേട്ടന്‍ പോലീസുകാരനാണ്‌. കച്ചേരിപ്പടിക്കടുത്ത്‌ ആരെയോ കാണേണ്ട കാര്യം ഉള്ളതിനാല്‍ വന്നതാണ്‌.

'ജോസേട്ടന്‍ ഉള്ളതല്ലെ, ഒരു ഓട്ടൊ പിടിച്ച്‌ പോയിക്കളയാം' എന്ന് വിചാരിച്ച്‌ ശശിച്ചേട്ടന്‍ ജോസേട്ടനെയും കൂട്ടി ഒരു ഓട്ടോയില്‍ കയറി.

ഓട്ടോക്കാരന്‍ തിരിഞ്ഞ്‌ ഇരുന്ന് ഒരു പതിവു ചോദ്യം...

'എങ്ങോട്ടാ..???'

'ഷേണായീസ്‌ വരെ പോകണം..' എന്ന് ശശിച്ചേട്ടന്റെ മറുപടി. (പോകുന്ന വഴിക്ക്‌ ജോസേട്ടനെ കച്ചേരിപ്പടിയില്‍ ഇറക്കിയാല്‍ മതിയല്ലോ)

'അങ്ങോട്ട്‌ പോകില്ല..' ഓട്ടോക്കാരന്റെ മറുപടി.

'ഓ.. എന്നാ കച്ചേരിപ്പടി' (അവിടെ നിന്ന് ബസ്സില്‍ തനിക്ക്‌ പോയല്‍ മതിയല്ലോ എന്ന് വിചാരിച്ച്‌ ശശിച്ചേട്ടന്‍ പറഞ്ഞു)

'ഇല്ല... പോകില്ലാ... ലോങ്ങ്‌ ആണെങ്കിലേ പോകൂ..' ഓട്ടോക്കാരന്‍ അല്‍പം നീരസത്തോടെ.

ഇത്ര സമയം മിണ്ടാതിരുന്ന ജോസേട്ടനിലെ പോലീസുകാരന്‍ കണ്ണ്‍ ചിമ്മി ഉണര്‍ന്നു.

'എന്നാല്‍ വണ്ടി നേരെ ദുബായിലോട്ട്‌ വിട്‌... കുറച്ച്‌ ലോങ്ങ്‌ ആയിക്കോട്ടെ..' ജോസേട്ടന്‍ പറ്റാവുന്നത്ര സോഫ്റ്റ്‌ ആയി പറഞ്ഞു.

'പോകില്ല ചേട്ടാ... ചേട്ടന്‍ വേറെ ഓട്ടോ നോക്കിക്കോ' എന്ന് ഓട്ട്ടോക്കരന്‍.

'എന്നാല്‍ നീ ഒരു കാര്യം ചെയ്യ്‌... നീ പറ ഞങ്ങല്‍ എവിടേക്ക്‌ പോകണമെന്ന്... എന്നിട്ട്‌ നീ അവിടേക്ക്‌ വണ്ടി വിട്ടോ...' ജോസേട്ടന്‍ അല്‍സ്പം ശബ്ദം ഉയര്‍ത്തി (2 കിലോമീറ്റര്‍ അകലെ കേട്ടു എന്നാണ്‌ പറയപ്പെടുന്നത്‌)

'എടുക്കടാ വണ്ടി... ഡോഗിന്റെ മോന്റെ മോനെ നിന്റെ മതറിനെ കെട്ടിയ ------ ന്റെ -------- ലേക്ക്‌' എന്നോ മറ്റോ പറയലും ഓട്ടോ സെല്‍ഫ്‌ സ്റ്റാര്‍ട്ട്‌ ആയി പാഞ്ഞ്‌ പോകുന്നതും കണ്ടു.

Friday, August 25, 2006

കോളേജിലോ... ഞാനോ?...

സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്‌ ബസ്‌ കണ്ടക്ടര്‍മാരുടെ പീഠനം (വാക്കാലുള്ള പീഠനമേ ഉദ്ധേശിച്ചുള്ളൂ..) കണ്‍സഷനില്‍ യാത്ര ചെയ്തിരുന്ന ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ദിനചര്യയായിരുന്നു.

ചില കണ്ടക്ടര്‍മാര്‍ക്ക്‌ വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഒരു ചൊറിച്ചിലാണ്‌.. (ഡീസന്റ്‌ ആള്‍ക്കാരും ഉണ്ട്‌... കുറവാണെന്ന് മാത്രം.)

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌ കോളേജില്‍ പഠിക്കുന്ന കാലം...

വൈകുന്നേരം അവസാന മണിക്കൂര്‍ ക്ലാസ്സില്‍ കയറിയ ഓര്‍മ്മയേ ഇല്ല.. കാരണം... ബസ്സില്‍ ഇരുന്ന് പോകാന്‍ സീറ്റ്‌ കിട്ടണമെങ്കില്‍ നേരത്തെ സ്റ്റാന്റില്‍ ചെല്ലണം...

(ഇത്‌ കേട്ടാല്‍ തോന്നും മൊര്‍ണിംഗ്‌ സെഷനില്‍ അവസാന മണിക്കൂര്‍ ക്ലാസ്സില്‍ ഇരിക്കാറുണ്ടെന്ന്.. അപ്പൊ ഞങ്ങള്‍ക്ക്‌ നേരത്തെ ഫുഡ്‌ അടിക്കണ്ടെ.. വിശപ്പ്‌ സഹിച്ച്‌ ഇരിക്കാന്‍ പറ്റുമോ...)

ഒരു ദിവസം വൈകീട്ട്‌ നേരത്തെ സ്റ്റാന്റില്‍ എത്തി.

ചാലക്കുടി ഭാഗത്തേക്ക്‌ ഉള്ള ബസ്സുകള്‍ നിരന്ന് കിടപ്പുണ്ട്‌...

ആദ്യം പോകുന്ന ബസ്സില്‍ വന്‍ തിരക്കായതിനാല്‍ അടുത്ത ബസ്സില്‍ കയറാനായി ഞങ്ങള്‍ തീരുമാനിച്ചു. അതിലും സീറ്റ്‌ കിട്ടില്ലെങ്കിലും തിരക്ക്‌ കുറവായതിനാല്‍ നിന്നായാലും പോയിക്കളയാം എന്നാണ്‌ വിചാരം..

ഞങ്ങളുടെ കൂട്ടത്തില്‍ ലിജോ ശരീരപ്രകൃതിയിലാണെങ്കിലും തൊലിക്കട്ടിയുടെ കാര്യത്തിലാണെങ്കിലും ഒന്നാം റാങ്ക്‌ കാരന്‍...

ബസ്സിന്റെ അടുത്തെത്തിയപ്പോള്‍ അതാ ഡോറില്‍ ചൊറിയന്‍ കണ്ടക്ടര്‍ രാജു....

'ങൂം.. എങ്ങോട്ടാ..' രാജുവിന്റെ ചോദ്യം...

'വീട്ടില്‍ പോവാ...' ലിജോയുടെ നിസ്സാരമായ മറുപടി.

ഇത്‌ കേട്ട്‌ അല്‍പം ദേഷ്യം വന്ന കണ്ട്രാവി രാജുവിന്റെ അടുത്ത ചോദ്യം...

'നിനക്കെന്താ ആ ബസ്സില്‍ പോയാല്‍... ഈ ബസ്സില്‍ തന്നെയെ കയറൂ എന്ന് എന്താ ഇത്ര വാശി?..'

ഉടനെ ലിജോ അല്‍സ്പം ലജ്ജാഭാവത്തൊടെ....

'എന്താന്നറിയില്ലാ... എനിക്ക്‌ ഈ ബസ്സിനോട്‌ ലൗവ്വാ...' എന്ന് പറയലും കുത്തിതിരുകി ഉള്ളില്‍ കയറിപ്പറ്റലും കഴിഞ്ഞു. പിന്നാലെ ഞങ്ങളും....

ഇനി ബസ്സില്‍ കയറിയാലോ.. എവിടെ നിന്നാലും കുറ്റമാണ്‌... പിന്നില്‍ നിന്നാല്‍ പറയും മുന്‍പിലോട്ട്‌ കയറിനിക്കാന്‍.... മുന്‍പില്‍ നിന്നാല്‍ പറയും പിന്നിലോട്ട്‌ ഇറങ്ങി നില്‍ക്കാന്‍.. കൂട്ടത്തില്‍ ചിലപ്പോ ബോണസ്സായി സ്ത്രീപീഠന ആരോപണങ്ങളും... ഇത്‌ രണ്ടും വേണ്ടല്ലോ എന്ന് വിചാരിച്ച്‌ ഒരുവിധം മദ്ധ്യത്തില്‍ ഞങ്ങള്‍ നിലയുറപ്പിച്ചു.

ബസ്‌ പുറപ്പെട്ട്‌ അല്‍പം കഴിയുമ്പോഴെക്ക്‌ തുടങ്ങീ രാജുകണ്ടക്ടറുടെ നിലവിളി...

'ആ പച്ച ഷര്‍ട്ട്‌.. അങ്ങോട്ട്‌ നീങ്ങി നില്‍ക്ക്‌... നീല ഷര്‍ട്ട്‌ മുന്‍പോട്ട്‌ കയറി നില്‍ക്ക്‌... വരയന്‍ ഷര്‍ട്ട്‌, ഇടത്തോട്ട്‌ കടന്ന് നില്‍ക്ക്‌...'

ചെവിതല കേള്‍ക്കാതയപ്പോള്‍ ലിജോ വിളിച്ചു പറഞ്ഞു..

'ആ കാക്കി ഷര്‍ട്ട്‌ .. ഒന്ന് മിണ്ടാതിരി..'

അല്‍പം കഴിഞ്ഞ്‌ ഞങ്ങളുടെ വിലയില്ലാത്ത പൈസ വാങ്ങാന്‍ അടുത്തെത്തിയ രാജു കണ്ടക്ടര്‍ ലിജോയോട്‌ എല്ലാ വൈരാഗ്യങ്ങളും ഒരുമിച്ച്‌ തീര്‍ക്കാനുള്ള ദേഷ്യത്തോടെ...

'നീ... കാര്‍ഡ്‌ ഇങ്ങ്‌ എടുത്തെ... കുറെ നാളായി വിചാരിക്കുന്നു...നിന്നെ കണ്ടാല്‍ കോളെജില്‍ പഠിക്കുകയാണെന്ന് നോന്നില്ലല്ലോ... അല്ലാ.... നീ ഏത്‌ കോളേജിലാ പഠിക്കുന്നേ...???'

ഉടനെ ലിജോ നാണം ഭാവിച്ച്‌ കള്ളച്ചിരിയോടെ...

'കോളേജിലോ... ഞാനോ???'

പറഞ്ഞ്‌ തീരലും അപ്പുറത്ത്‌ നിന്ന് ജോബിയുടെ ഉറക്കെയുള്ള വിളി....
'ഡാഡീ....'

('അവിടെ ആരാ ടിക്കറ്റ്‌ പറഞ്ഞെ..' എന്ന് പറഞ്ഞ്‌ മുന്‍പിലോട്ട്‌ റോക്കറ്റ്‌ വിട്ട പോലെ പോകുന്ന രാജുകണ്ടക്ടറെയാണ്‌ പിന്നെ കണ്ടത്‌)

Monday, August 21, 2006

കമ്പ്യൂട്ടര്‍ ലാബ്‌

അങ്ങനെ കെമിസ്റ്റ്രി ഡിഗ്രി കഴിഞ്ഞ്‌ തെണ്ടിതിരിഞ്ഞ്‌ സൈക്കിള്‍ ചവിട്ടി കാല്‌ കഴച്ചപ്പോള്‍ 'ഇനിയെന്ത്‌' എന്ന ചോദ്യം എല്ലാവരും ചോദിച്ച പോലെ ഞാനും എന്നോടു ചോദിച്ചു.

ഇനി എം.എസ്‌.സി. ക്ക്‌ പഠിക്കണമെങ്കില്‍ എന്റെ അച്ഛന്‍ കോളേജ്‌ തുടങ്ങണം..
അല്ലെങ്കില്‍ 80% ന്‌ മുകളില്‍ മാര്‍ക്കുള്ള മണ്ടന്മാരെല്ലാം പഠിപ്പ്‌ നിര്‍ത്തണം.
ഇത്‌ രണ്ടും നടപ്പില്ലെന്ന് മനസ്സിലായപ്പൊള്‍ എം.എസ്‌.സി. ക്ക്‌ വലിയ സ്കോപ്‌ ഇല്ലെന്ന് ഞാന്‍ എന്നെ ഒരുവിധം പറഞ്ഞ്‌ മനസ്സിലാക്കിച്ചു.

എന്നാപ്പിന്നെ 'കെമിസ്റ്റ്‌ ആയി ജോലി കിട്ടുമോ' എന്ന് നോക്കിക്കളയാം എന്ന് വിചാരിച്ച്‌ ഒരു ഇന്റര്‍വ്യൂവിന്‌ പോയപ്പോല്‍ തന്നെ എനിക്ക്‌ എന്റെ മിടുക്ക്‌ മനസ്സിലായി.

എന്റെ പ്രാക്റ്റിക്കല്‍ പരിജ്ഞാനം ടെസ്റ്റ്‌ ചെയ്യാന്‍ എന്നോട്‌ ഒന്ന് രണ്ട്‌ ചോദ്യം ചോദിച്ച അവര്‍ നാണം കെട്ടു. കാരണം ഞാന്‍ ഒന്നും മിണ്ടിയില്ല.

പിന്നെ വിഷമം തോന്നാതിരിക്കാന്‍ പല സിമ്പിള്‍ ചോദ്യങ്ങളും എന്നോട്‌ ചോദിച്ചെങ്കിലും പുഞ്ചിരി മാത്രം ഉത്തരമായി നല്‍കിയാല്‍ ജോലി നല്‍കാന്‍ ആവാത്തതിനാല്‍ അവര്‍ക്ക്‌ എന്റെ സേവനം ലഭിച്ചില്ല.

അപ്പോഴാണ്‌ നാട്ടിലെ ഒരു വലിയ ടൈപ്പ്‌ റൈറ്റിംഗ്‌ പഠിപ്പിക്കുന്ന സ്ഥാപനം കമ്പ്യൂട്ടര്‍ ലാബ്‌ കൂടി ചേര്‍ത്ത്‌ പുനരുദ്ധീകരിക്കുന്നു എന്നറിഞ്ഞത്‌. (ഈ സ്ഥാപനം നടത്തുന്നത്‌ എന്റെ അയല്‍ക്കാരാണ്‌)

എന്നാല്‍ എന്തെങ്കിലും ഒരു ചെറിയയ കോഴ്സ്‌ പഠിച്ചോളാന്‍ അഛനമ്മമാര്‍ പറഞ്ഞപ്പോള്‍ ആദ്യം ഞാനൊന്നു പുഛിച്ചു തള്ളി.

ലാബ്‌ ഒന്ന് കാണാന്‍ എന്റെ കൂട്ടുകാര്‍ നിര്‍ബദ്ധിച്ചപ്പോള്‍ ഒരു ദിവസം ഞാന്‍ ഒന്നു പോയി എത്തി നോക്കി. ചില്ല് കൂടിനുള്ളിന്‍ 5-6 കമ്പ്യൂട്ടര്‍ ചുള്ളന്മാര്‍ ഇരിപ്പുണ്ട്‌. ആളുകള്‍ ആരാധനാലയങ്ങളിന്‍ കയറുന്നതിനേക്കാല്‍ ഭവ്യതയോടെ പാദരക്ഷകള്‍ പുറത്തുവച്ച്‌ ഏ.സി. മുറിയില്‍ കയറി നോക്കുന്നു. ടെന്‍ഷന്‍ കാരണം അന്ന് ഞാന്‍ അവിടെ അധിക സമയം നിന്നില്ല.

രണ്ടാഴ്ച കഴിഞ്ഞപ്പോഴെക്കും അവിടെ ചില കമ്പ്യൂട്ടര്‍ ഗെയിമുകളുണ്ടെന്ന വിവരം എനിക്ക്‌ കിട്ടി. ബൈക്‌ റേസ്‌, കാര്‍ റേസ്‌ തുടങ്ങിയ ഐറ്റാംസിനെക്കുറിച്ച്‌ വിവരണവും കിട്ടി.

ഒടുവില്‍ ഞാനും കമ്പൂട്ടര്‍ പഠിക്കാന്‍ തീരുമാനിച്ചു.

കാര്‍ റേസ്‌, ബൈക്‌ റേസ്‌ തുടങ്ങിയ കോഴ്സുകള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ 2 മാസത്തെ സി പ്രോഗാം പഠിക്കാനായി ചേര്‍ന്നു.

ഒരാഴ്ച കഴിഞ്ഞപ്പോഴെക്ക്‌ ഞാന്‍ കേമനായി. വല്ല്യ തട്ടുമുട്ട്‌ കൂടാതെ കാറ്‌ ഓടിച്ച്‌ ഫിനിഷ്‌ ചെയ്ത്‌ തുടങ്ങി.

ചില പഠിപ്പിസ്റ്റുകള്‍ സി പ്രോഗ്രാം ചെയ്ത്‌ കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കാര്‍ റേസില്‍ എന്റെ എക്ഷ്പര്‍റ്റൈസ്‌ കൂട്ടിക്കൊണ്ടിരുന്നു.

ഒരു ദിവസം ലാബില്‍ ഒരു ബുദ്ധിജീവിയുടെ പരാതി.

'സാര്‍... ഫ്ലോപ്പി കയറുന്നില്ല.'

(ഈ കാലഘട്ടത്തില്‍ കാണാന്‍ കിട്ടാത്ത 1.2 MB ഫ്ലോപ്പി ഡിസ്കാണ്‌... മുറം പോലെയുള്ള ഐറ്റം)

അപ്പുറത്തെ ടൈപ്പ്‌ റൈറ്റിംഗ്‌ സെക്ഷനില്‍ നിന്ന് എത്തി നോക്കി കൊണ്ട്‌ നാരായണന്‍ സാര്‍ പറഞ്ഞു.

'അങ്ങനെ വരില്ലെടൊ.. ഒന്നു കൂടി നോക്ക്‌'

'ഇല്ല സാര്‍.. എന്റെ പരമാവധി ഞാന്‍ ട്രൈ ചെയ്തു.' ചുള്ളന്റെ മറുപടി.

ഒടുവില്‍ വന്ന് നോക്കിയ നാരായണന്‍ സാറിന്റെ തലയില്‍ കൈ വച്ച്‌ കൊണ്ടുള്ള വിലാപം ഞാന്‍ കേട്ടു.

'നീ ആളു നിസ്സാരക്കരനല്ലല്ലൊ.. ഇത്‌ രണ്ടെണ്ണം നീ എങ്ങനെ ഇതിന്റെ ഉള്ളില്‍ കയറ്റി.. അതും പോരാഞ്ഞ്‌ ഈ മൂന്നാമത്തെ ഫ്ലോപ്പി പകുതിയും കയറ്റിയിരിക്കുന്നു. കേമന്‍...'

Thursday, August 17, 2006

മനസ്സിലായില്ലേ? (കോളേജ്‌ സംഭവം)

കോളേജില്‍ ക്ലാസ്സുകളിള്‍ എന്തെങ്കിലും ഒരു പുകില്‌ ഒപ്പിച്ചില്ലെങ്കില്‍ എന്ത്‌ ജീവിതം എന്ന ആശയക്കാരായ എന്റെ ചില സുഹൃത്തുക്കള്‍...

ക്ലാസ്സ്‌ നടന്നുകൊണ്ടിരിക്കുമ്പൊള്‍ പതുക്കെ സ്കൂട്ട്‌ ആയി കാന്റീനില്‍ പോയി പഴം പൊരി വാങ്ങി തിരിച്ചു കയറല്‍...

ക്ലാസ്സ്‌ മുറിയില്‍ ശ്രദ്ധ കൂടുതലായതിനാല്‍ സാറ്‌ അഭിനന്ദിച്ച്‌ പുറത്താക്കുമ്പൊള്‍ അറ്റെന്റന്‍സ്‌ കിട്ടി സ്ഥലം കാലിയാക്കാന്‍ പറ്റിയതിന്റെ അഭിമാനത്തോടെ മറ്റുള്ള ഭാഗ്യദോഷികളെ നോക്കി പുഛത്തോടെ ഇറങ്ങിപ്പോകല്‍...

പൊറോട്ടാ, ചപ്പാത്തി, പഴം പൊരി, പരിപ്പുവട തുടങ്ങിയ ഐറ്റംസിന്‌ ക്വൊട്ടേഷന്‍ റെഡിയാക്കി, ക്ലാസ്സില്‍ കയറി പുറത്ത്‌ സിനിമക്ക്‌ പോകാന്‍ കാത്തുനില്‍ക്കുന്ന 4-5 പേരുടെ അറ്റന്റന്‍സ്‌ വിളിച്ചുപറഞ്ഞ്‌ ഇറങ്ങിപ്പോരല്‍...

ഇതൊക്കെ ചില സാമ്പിള്‍സ്‌...

മാത്തമാറ്റിക്സ്‌ ക്ലാസ്സില്‍ രവി സാര്‍ തന്റെ സ്ഥിരം ശൈലിയില്‍ ബോര്‍ഡില്‍ പ്രോബ്ലംസ്‌ സോള്‍വ്‌ ചെയ്ത്‌ മുന്നേറുന്നു.

ഓരോ സ്റ്റെപ്പ്‌ കഴിഞ്ഞാലും 'മനസ്സിലായില്ലെ..' എന്ന വാക്ക്‌ വെറുതെ ഉപയോഗിക്കലാണ്‌ പുള്ളിയുടെ രീതി.

ഈ ചോദ്യം ആരുടെയും ഉത്തരം പ്രതീക്ഷിച്ചല്ലാ... ബോര്‍ഡില്‍ നോക്കികൊണ്ടുതന്നെ ആ ഒരു ഒഴുക്കില്‍ അങ്ങനെ പറയും.. അത്രതന്നെ....

'ഇന്ന് രവിസാറിനിരിക്കട്ടെ ഗോള്‍' എന്ന് നമ്മുടെ സുഹൃത്തുക്കള്‍ തീര്‍ച്ചയാക്കി.

ബോര്‍ഡില്‍ പ്രോബ്ലം സൊള്‍വ്‌ ചെയ്ത്‌ രണ്ടാമത്തെ സ്റ്റെപ്‌ കഴിഞ്ഞ്‌ 'മനസ്സിലായില്ലെ' എന്ന് ചോദിച്ച്‌ അടുത്ത സ്റ്റെപ്‌ എഴുതാന്‍ മുതിരുമ്പൊള്‍...

'ജിശ്യും' എന്ന് പൂച്ച പാല്‍ കുടിക്കുന്ന 'ഇല്ല' എന്ന് അര്‍ത്ഥമാക്കുന്ന ശബ്ദം...

'ഇത്‌ പതിവില്ലാത്തതാണല്ലൊ' എന്ന് മനസ്സില്‍ വിചാരിച്ച്‌ സാറ്‌ രണ്ട്‌ സ്റ്റെപ്പുകളും ഒന്നു കൂടി വിവരിച്ച്‌ തിരിഞ്ഞതും...

അതാ വീണ്ടും അതേ ശബ്ദം...

ഇപ്പോ സാറിന്റെ മുഖത്ത്‌ ഒരു സംശയഭാവം...

'ഹെയ്‌.. ഇതിത്ര കോംബ്ലിക്കേഷനില്ലല്ലോ..' എന്നായി സാറ്‌...

നിര്‍ത്തി നിര്‍ത്തി പുള്ളി ഒന്നു കൂടി വിവരിച്ചിട്ട്‌ ആശ്വാസത്തൊടെ തിരിഞ്ഞതും...

ദേ വീണ്ടും അതേ ശബ്ദം..

ഇത്തവണ സാറിന്‌ വാശിയായി.

'ആര്‍ക്കാണ്‌ മനസ്സിലാവാത്തത്‌?' എന്ന് പറഞ്ഞുകൊണ്ട്‌ സാറ്‌ ശബ്ദം കേട്ട ഭാഗം ലക്ഷ്യം വച്ച്‌ ഓരോരുത്തരോടായി ചോദ്യം തുടര്‍ന്നു..

'തനിക്ക്‌ മനസ്സിലായോ?'

'ഉവ്വ്‌'

'തനിക്ക്‌ മനസ്സിലായോ?'

'യെസ്‌ സാര്‍'

'തനിക്ക്‌ മനസ്സിലായോ?'

'ഉം..'

'അപ്പൊ എല്ലാവര്‍ക്കും മനസ്സിലായില്ല്ലെ?' എന്ന് പറഞ്ഞ്‌ അടുത്ത സ്റ്റെപ്‌ എഴുതാന്‍ തുടങ്ങുമ്പൊഴെക്കും..

അതാ വീണ്ടും 'ജിയും'...

തിരിഞ്ഞു നോക്കാതെ സാറ്‌ തുടര്‍ന്ന് എഴുതുന്നതിനിടയില്‍ പറഞ്ഞു..

'ഇനി മനസ്സിലായില്ലെങ്കില്‍ വേണ്ടാ..'

Wednesday, August 16, 2006

മദ്രാസിലെ ഒരു റെയില്‍ വെ ക്യൂ

മദ്രാസിലെ ഒരു ലോക്കല്‍ റെയില്‍ വെ സ്റ്റേഷനില്‍ ടിക്കറ്റ്‌ എടുക്കാനുള്ള നീണ്ട ക്യു...

സത്യസന്ധനായ ഞാനും ക്യൂവിലാണ്‌...

ചില തടിമാടന്‍ അണ്ണന്മാര്‍ ക്യു മറികടന്നും ടിക്കറ്റ്‌ എടുക്കുന്നുണ്ട്‌... തമിഴ്‌ ഇടി കിട്ടി ശീലമില്ലാത്തതിനാല്‍ ഞാന്‍ അതിന്‌ മുതിരാതെ ക്യുവില്‍ തന്നെ നിന്നു.

അപ്പൊഴാണ്‌ അപ്പുറത്തെ ലേഡീസ്‌ ക്യൂ ശ്രദ്ധിച്ചത്‌...

അവിടെ തിരക്ക്‌ കുറവായതിനാല്‍ ചില അണ്ണന്മാര്‍ അവിടെ നിന്നും ടിക്കറ്റ്‌ ഒപ്പിക്കുന്നുണ്ട്‌...

ഇത്‌ കണ്ട്‌ ഒരു റെയില്‍ വെ ജീവനക്കാരന്‍ ഗഡി സംഗതികള്‍ ചൊല്‍പ്പടിക്ക്‌ ആക്കാന്‍ ശ്രമം നടത്തുന്നു. ഇടയില്‍ കയറുന്നവരെ പിന്തിരിപ്പിച്ചും ചീത്ത വിളിച്ചും നിന്ന് കസറുകയാണ്‌...

ലേഡീസ്‌ ക്യൂവില്‍ നില്‍ക്കുന്ന രണ്ടു പേരെ വിളിച്ച്‌ മാറ്റി നിര്‍ത്തിയ ശേഷം കുറച്ച്‌ തിരിഞ്ഞ്‌ നടന്ന അണ്ണന്‍ അല്‍പം കഴിഞ്ഞ്‌ പിന്‍ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ അതാ വീണ്ടും ഒരുവന്‍ ലേഡീസ്‌ ക്യൂവില്‍...

അണ്ണന്‌ സഹിച്ചില്ല...

'ഡായ്‌... എന്നാ ഇത്‌.. ശോല്ലത്‌ തെരിയാതാ.....' എന്നൊക്കെ പിന്നില്‍ നിന്ന് വിളി തുടങ്ങി.

'സാര്‍', 'തമ്പി..' എന്നൊക്കെ പല പര്യായങ്ങളിലും അതൊക്കെ തന്നെ പല സൗണ്ട്‌ വാരിയേഷനിലും എഫ്ഫക്റ്റിലും വിളിച്ചിട്ടും കക്ഷി അനങ്ങുന്നില്ല. ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ കല്ലു പോലെ നില്‍ക്കുന്നു.

'കാത്‌ കേള്‍ക്കാതാ..' എന്ന് പറഞ്ഞ്‌ നടന്ന് അടുത്ത്‌ വന്ന് ക്യൂവില്‍ നില്‍ക്കുന്ന ആളെ തോളിള്‍ പിടിച്ച്‌ ഒന്ന് വലിച്ചു.

അവിടെ കണ്ടു കൊണ്ട്‌ നിന്നിരുന്ന ജനം മൊത്തം ഞെട്ടി...

ജീന്‍സും ടിഷര്‍ട്ടും ധരിച്ച്‌ മുടി ബോയ്‌ കട്ട്‌ ചെയ്ത ഒരു കിടിലന്‍ ചേച്ചി...

തിരിഞ്ഞ്‌ നിന്ന ആന്റിയുടെ സ്തനങ്ങള്‍ അണ്ണന്റെ നെഞ്ചകത്തില്‍ തൊട്ടു തൊട്ടില്ല എന്ന പാകത്തില്‍... (ജസ്റ്റ്‌ മിസ്സ്ഡ്‌...)

(പെണ്ണാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ വേറെ തെളിവൊന്നും വേണ്ടാ..)

ഇടിവെട്ടും കൊണ്ട്‌ പാമ്പും പട്ടിയും ഒരുമിച്ച്‌ കടിച്ച പോലെ അണ്ണന്‍....

'സോറി മാഡം.. സോറി അമ്മാ..' എന്നൊക്കെ താണു വീണ്‌ പറഞ്ഞുകൊണ്ട്‌ അണ്ണന്‍ ഗിയര്‍ ഡൗണ്‍ ചെയ്ത്‌ തിരിഞ്ഞു നടന്നു.

പോകുന്ന പോക്കില്‍ അണ്ണന്‍ പിറുപിറുത്ത തമിഴിന്റെ എനിക്ക്‌ മനസസ്സിലായ വെര്‍ഷന്‍ ഇങ്ങനെ..

'ഇന്ത കാലത്തില്‌ ആണ്‍പിളയും പെണ്‍പിളയും കണ്ടാല്‍ ഒന്ന് മാതിരി താന്‍... കലികാലം.. *%്‌*!'

Wednesday, August 02, 2006

ചില നുറുങ്ങു സംഭവങ്ങള്‍...

സുരുവിന്റെ ചായക്കട

കുറച്ചു കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌, എന്റെ വീടിന്നടുത്തുള്ള ഗവ.ആശുപത്രിപരിസരത്ത്‌ സുരുവിന്റെ ചായക്കട മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സുരുവിന്റെ സുഹൃത്തുക്കളയ ചന്ദ്രന്‍, നന്ദന്‍, രാജു എന്നിവര്‍ ചായകുടിക്കാന്‍ കടയിലെത്തി.

ചന്ദ്രന്‍: "എടാ സുരൂ... ഒരു സ്റ്റ്രോങ്ങ്‌ ചായ്‌.."

നന്ദന്‍: "സുരൂ.. എനിക്ക്‌ ലൈറ്റായിട്ടൊരെണ്ണം.."

രാജു: "എനിക്കൊരു മീഡിയം"

ഇത്‌ കേട്ട്‌ സുരു തിരിഞ്ഞു നിന്നിട്ട്‌ കയ്യിലുള്ള അരിപ്പയും കപ്പും കാട്ടി പറഞ്ഞു...

"ദേ... ഈ കപ്പിലുള്ളത്‌ അരിപ്പയിലൂടെ ഒഴിച്ചിട്ട്‌ കിട്ടുന്നത്‌ തരും... അത്‌ വേണേല്‍ കുടിക്കാം..."

വേറെ നിവര്‍ത്തിയില്ലല്ലോ... (എന്നാല്‍ സുരുവിനെ ഒന്നു കൂടി ചൂടാക്കാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു.)

കിട്ടിയ ചായ രണ്ട്‌ സിപ്പ്‌ ചെയ്തിട്ട്‌ ചന്ദ്രന്‍ പറഞ്ഞു.

"എന്തൂട്ട്ര സുരൂ ഇത്‌... എന്ത്‌ ചായാ ഇത്‌... ഹോ..."

സുരുവിന്‌ ദേഷ്യം വന്നു.

"ടാ ചെക്കാ... നിന്നെ ഞാന്‍ എഴുത്തയച്ച്‌ വരുത്തിയതൊന്നുമല്ലല്ലോ ചായ കുടിക്കാന്‍? വേണേല്‍ കുടിച്ചിട്ട്‌ പോ.."

(ഇപ്പോ ആ ഏരിയായില്‍ 3-4 ചായക്കട വന്നതിനാല്‍ സുരു ഇപ്പോള്‍ ആള്‍ ഡീസന്റ്‌ ആണത്രെ)

മാങ്ങണ്ടി ചന്ദ്രന്‍

ഈ കക്ഷി എന്റെ അമ്മയുടെ കസിന്‍ ആണ്‌...

തന്റെ വയസ്സിലും വളരെ പ്രായം കുറഞ്ഞ പിള്ളേര്‍സുമായാണ്‌ പുള്ളിയുടെ കമ്പനി.... അങ്ങനെ ചന്ദ്രന്‍ ചേട്ടന്‍ എന്റെയും ഫ്രണ്ട്‌ ആയി..

ഞാനും ചില സന്ദര്‍ഭങ്ങളില്‍ 'മാങ്ങണ്ടി' എന്നു വിളിക്കേണ്ടി വന്നിട്ടുമുണ്ട്‌.

(എങ്ങനെയാണ്‌ ചന്ദ്രന്‍ ചേട്ടന്‌ 'മാങ്ങണ്ടി' എന്ന പേരു വന്നതെന്ന് എനിക്ക്‌ ഇപ്പോഴും അറിയില്ല. പക്ഷെ ആ പേര്‌ പുള്ളിക്കാരന്‍ സ്വയം അംഗീകരിച്ച ഒരു സംഭവം താഴെ വിവരിക്കാം)

ഞങ്ങളുടെ പരിസരത്തെ ജോബ്‌ ചേട്ടന്‍ ഗല്‍ഫില്‍ പോയതിനുശേഷം ഒരു ദിവസം കൂട്ടുകാരെ മുഴുവന്‍ വിളിച്ച്‌ സംസാരിക്കും എന്ന അറിയിപ്പ്‌ കിട്ടി.

ഞങ്ങളുടെ സുഹ്രുത്തയ സജിയുടെ ടെലഫോണ്‍ ബൂത്തിലേക്ക്‌ വിളിക്കും.. എല്ലാവരും അവിടെ എത്തിയാല്‍ മതി എന്നാണ്‌ അറിയിപ്പ്‌.

എല്ലവരും വൈകീട്ട്‌ ബൂത്തില്‍ ഹാജര്‍...

ജോബ്‌ ചേട്ടന്‍ ഫൊണില്‍ ഓരോരുത്തരോടായി മാറി മാറി സംസാരിച്ചുകൊണ്ടിരിക്കുന്നു...

ചന്ദ്രന്‍ ചേട്ടന്റെ ഊഴം....

ചന്ദ്രന്‍: "എടാ.. ജോബേ.. ഞാനാടാ.. ചന്ദ്രന്‍..."

ജോബ്‌: "ആര്‌... ഏത്‌ ചന്ദ്രന്‍..??"

ചന്ദ്രന്‍: "ടാ.. നീ എന്നെ മറന്നോ... ചന്ദ്രന്‍... കിഴക്കേ വീട്ടിലെ.."

ജോബ്‌: "കിഴക്കേ വീടോ.. എനിക്ക്‌ മനസ്സിലായില്ല... ചന്ദ്രനോ.... ഓര്‍മ്മ വരുന്നില്ല.."

ചന്ദ്രന്‍: "എടാ... രാമചന്ദ്രന്‍ മാഷുടെ മോന്‍.. ചന്ദ്രന്‍... ശ്ശൊ..."

ജോബ്‌: " ഏത്‌.... സോറി.. ചന്ദ്രന്‍ എന്നൊരാളെ...ഓര്‍മ്മ കിട്ടുന്നില്ല.."

ചന്ദ്രന്‍: "ഞാനാടാ... മാങ്ങണ്ടി..."

ജോബ്‌: "ആ... അതു പറ.... ഇപ്പൊ മനസ്സിലായി..."

(എല്ലാവരുടെയും പൊട്ടിച്ചിരികള്‍ക്കിടയില്‍ ചന്ദ്രന്‍ ചേട്ടന്‍ കുശലം പറച്ചില്‍ തുടര്‍ന്നു. ചന്ദ്രന്‍ ചേട്ടനെ ഒന്ന് കളിപ്പിക്കാന്‍ ജോബ്‌ ചേട്ടന്റെ ഒരു നമ്പര്‍ ആയിരുന്നു അതെന്ന് പിന്നീടാണ്‌ മനസ്സിലായത്‌)

ചന്ദ്രന്‍ ചേട്ടന്റെ ജോഗിംഗ്‌

ഒരു ദിവസം ചന്ദ്രന്‍ ചേട്ടനെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ നാരായണന്‍ നായരുടെ ഒരു കമന്റ്‌..

"ടാ.. ചന്ദ്രാ... ഇതെന്തൊരു രൂപാണ്‌ടാ... കോലില്‍ ഉറയിട്ടപോലെ... നീ വല്ലൊം നന്നായി കഴിക്ക്‌...."

"എന്റെ നരായണന്‍ നായരേ... കഴിക്കാഞ്ഞിട്ടല്ലാ.... ഇനിപ്പൊ കഴിപ്പ്‌ കൂടിയാല്‍ ഇങ്ങനെ ഉണ്ടാവോ ആവോ.."

ഉടനെ നരായണന്‍ നായരുടെ ഉപദേശം...

"എങ്കില്‍ നീ നന്നായിട്ട്‌ എക്സര്‍സൈസ്‌ ചെയ്യാഞ്ഞിട്ടാ... രാവിലെ ഒരു 3-4 കിലോമീറ്റര്‍ ഓടിയാല്‍ തന്നെ നല്ലതാ..."

'ഓ.. ശരിയായിരിക്കും... ഒരു കൈ നോക്കിക്കളയാം..' എന്നായി ചന്ദ്രന്‍ ചേട്ടന്‌..

ആദ്യ ഒന്നു രണ്ട്‌ ദിവസം ടൈം പീസില്‍ അലാറം വച്ചു നോക്കിയെങ്കിലും അതിന്റെ തലക്ക്‌ അടിച്ച്‌ നിര്‍ത്തി ഉറക്കം തുടര്‍ന്നതിനാല്‍ ഓട്ടം നടന്നില്ല.

'ഇതൊന്ന് നടപ്പിലാക്കിയിട്ട്‌ തന്നെ കാര്യം' എന്ന് രാത്രി ഷെയര്‍ കൊടുക്കാതെ അടിച്ച കീടനെ (വിലകുറവ്‌ മദ്യം) തൊട്ട്‌ ശപഥം ചെയ്ത്‌ ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് തന്നെ കാലത്ത്‌ ഒരു 5.30 ന്‌ സ്വയം തെറിപറഞ്ഞ്‌ എണീറ്റ്‌ മുഖം കഴുകി ഓടാന്‍ തയ്യാറായി.

(നാട്ടുകാര്‍ തന്റെ പ്രകടനം കാണാതിരിക്കാനാണ്‌ 5.30 ന്‌ ആക്കിയത്‌. തന്റെ കാര്യത്തില്‍ ആശങ്കാകുലരായ നാട്ടുകാര്‍ എഴുന്നേറ്റ്‌ വരുമ്പൊഴെക്ക്‌ സംഗതി തീര്‍ന്ന് കുടുംബം പറ്റണം എന്നതാണ്‌ ലക്ഷ്യം.)

ഒരു കഴുത്തില്ലാത്ത ബനിയനും ബര്‍മുളയും ('വള്ളി ട്രൗസര്‍') ഇട്ട്‌ കഴിഞ്ഞ്‌ കണ്ണാടിയില്‍ നോക്കിയപ്പോള്‍ സ്വയം ഒരു പുഛം തോന്നി.

'ങ്‌ ഹാ... ശരിയാക്കി എടുക്കാം' എന്ന് മനസ്സില്‍ പറഞ്ഞ്‌ വീടിനു പുറത്തിറങ്ങി ചേനത്തുനാട്‌ വഴി ഓട്ടം തുടങ്ങി.

ആശുപത്രി കവല എത്തിയപ്പോഴെക്ക്‌ ഒരു ശ്വാസം കിട്ടായ്ം... മുക്കിയും മൂളിയും ഓട്ടം തുടര്‍ന്നു...

കുറച്ച്‌ കൂടി ചെന്നപ്പോള്‍ ഒരു ഓട്ടൊറിക്ഷ അടുത്തെത്തി ഒന്ന് സ്പീഡ്‌ കുറച്ചിട്ട്‌ അതിലെ ഡ്രൈവര്‍ ചോദിച്ചു...

"ചേട്ടാ... കയറിക്കോ... വീട്ടില്‍ കൊണ്ടാക്കാം..."

(ആ വേഷവും ആ അവശതയും കണ്ടാല്‍ ആരായാലും ചോദിച്ചു പോകും)

ചന്ദ്രന്‍ ചേട്ടന്‍ തന്റെ ഓട്ടം അന്നത്തോടെ നിര്‍ത്തി.