സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Sunday, March 30, 2008

അഭയം (വീണ്ടുമൊരു മദ്ധ്യസ്ഥം)

ജോലിചെയ്യുന്ന കമ്പനിയുടെ അടുത്ത്‌ പ്രദേശത്ത്‌ തന്നെ ഒരു വീടിന്റെ ഒന്നാം നിലയിലാണ്‌ ഞങ്ങള്‍ താമസം. താഴെ വീട്ടുടമയും ഫാമിലിയും... ഒരു പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയില്‍ ജോലിക്കാരനായ അദ്ദഹവും, ടീച്ചറായ ഭാര്യയും എഞ്ചിനീയറിങ്ങിന്‌ ചേര്‍ന്ന് പഠിക്കുന്ന മകനും...

(ഈ സംഭവം നടക്കുമ്പോള്‍... അതായത്‌ 3 കൊല്ലം മുന്‍പ്‌)

വീട്ടുടമയുടെ ഫാമിലിയുമായി ഞങ്ങള്‍ മിതമായ ബദ്ധം പുലര്‍ത്തി... അതായത്‌, വല്ല്യ അടയും ചക്കരയും ആയിരുന്നില്ല.. പക്ഷെ, അത്യാവശ്യം വേണ്ട നല്ല ഒരു ഇടപെടലുകള്‍..... വീട്ടുടമ ചേട്ടന്‍ ആളൊരു പരുക്കന്‍ ലുക്കാണേലും നല്ല ദൈവവിശ്വാസിയുടേതും തരക്കേടില്ലാത്ത ഒരു പിശുക്കന്റെ മട്ടും ഭാവവും സ്ഫുരിക്കുന്നത്‌ കാണാം...

മിന്നൂസ്‌ ഉദരത്തില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലം.... ഒരു ദിവസം രാത്രി 8 മണിയായിക്കാണും.... അറിയാന്‍ പാടില്ലാത്ത അടുക്കളപ്പണിയൊക്കെ ഭാര്യാനിര്‍ദ്ദേശാനുസ്സരണം അങ്ങനെ ആര്‍മ്മാദിച്ച്‌ ചെയ്തുകൊണ്ടിക്കുമ്പോഴാണ്‌ ഒരു നിലവിളി ഞങ്ങളുടെ കര്‍ണ്ണപടങ്ങളില്‍ വന്നലച്ചത്‌... (ഡോസ്‌ കൂടിപ്പോയെങ്കില്‍ ഒരു ചെറിയ കറക്‌ ഷന്‍.. വന്ന് 'പതിച്ചത്‌').

"ഏതോ സ്ത്രീ കരയുന്ന ശബ്ദമാണല്ലോ??" എന്ന് പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ രണ്ടുപേരും വാതില്‍ തുറന്ന് ബാല്‍ക്കണിയില്‍ വന്നു.

"അയ്യോ എന്നെ കൊല്ലുന്നേ... അയ്യോ....." എന്നാണ്‌ നിലവിളിയെന്ന് ഞങ്ങള്‍ ഡീകോഡ്‌ ചെയ്തെടുത്തു... പക്ഷെ, ക്ലാരിറ്റി പോരാ.... എവിടെ നിന്നാണെന്ന് ഗസ്സ്‌ ചെയ്യാനും വല്ല്യ ബുദ്ധിമുട്ട്‌...

തൊട്ടപ്പുറത്തെ വീട്ടിലാണോ എന്ന് വിചാരിച്ച്‌ അങ്ങോട്ട്‌ കണ്ണും നട്ട്‌ ഉല്‍കണ്ഠയോടെ ഇരിക്കുമ്പോള്‍ അതാ ആ വീട്ടിലെ ചേട്ടന്‍ വാതില്‍ തുറന്ന പുറത്തിറങ്ങി. എന്നിട്ടും നിലവിളി തുടരുന്നകണ്ടപ്പോള്‍ അവിടെ നിന്നല്ല ഉല്‍ഭവം എന്ന് ഞങ്ങള്‍ക്ക്‌ ബോദ്ധ്യപ്പെട്ടു. പക്ഷെ, പുറത്തിറങ്ങിയ ചേട്ടന്‍ നേരെ മുകളിലേയ്ക്ക്‌ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഞങ്ങളെ ഒരു നോട്ടം... 'എന്തുവാടേയ്‌ അടിപിടി?' എന്നൊരു ഭാവം ചേട്ടന്റെ മുഖത്ത്‌..

"ഹേയ്‌.. ഇവിടുന്ന് അല്ലാ ട്ടോ..." എന്ന ഭാവത്തില്‍ ഞാന്‍ ഒന്ന് ഇളിച്ച്‌ കാണിച്ചു.

ഞങ്ങള്‍ രണ്ടുകൂട്ടര്‍ക്കും പരസ്പരവിശ്വാസം വര്‍ദ്ധിച്ചു. അപ്പോഴും നിലവിളി വീണ്ടും തുടരുന്നു.... താഴെ വീട്ടുടമസ്തന്റെ വീടിനുള്ളില്‍ നിന്നാണ്‌ നിലവിളി എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.

"വല്ല കള്ളന്മാരും വന്നതായിരിക്കുമോ?" എന്ന് വിചാരിച്ച്‌ ഇറങ്ങാന്‍ (ഓടാനല്ല) തുടങ്ങിയ എന്നെ എന്റെ പത്നി കയ്യില്‍ കയറി പിടിച്ചു. 'വെറുതേ വല്ലവന്റേയും തല്ല് കൊണ്ട്‌ എനിക്കും ജനിക്കന്‍ പോകുന്ന കുഞ്ഞിനും നാണക്കേടുണ്ടാക്കല്ലേ..?' എന്ന ദയനീയഭാവം മുഖത്ത്‌...

അപ്പോഴാണ്‌ അയല്‍ വീട്ടിലെ ചേട്ടന്‍ കാര്യം പറഞ്ഞത്‌...

"ഇത്‌ ഇടയ്ക്കിടയ്ക്ക്‌ ഉള്ളതാ... നിങ്ങളുടെ ഹൗസ്‌ ഓണറാ... ആ ടീച്ചറെ തല്ലുന്നതായിരിയ്ക്കും..." (ടീച്ചര്‍ തല്ലി എന്ന് കേട്ടിട്ടുണ്ട്‌.. ടീച്ചറെ തല്ലുന്നത്‌ ഇപ്പോഴാ അറിയുന്നത്‌)

ഇപ്പോ തീരും ഇപ്പോ തീരും എന്ന് വിചാരിച്ച്‌ നിന്നിട്ടും താഴെ നിന്ന് നിലവിളിയില്‍ ശമനമൊന്നുമില്ലെന്ന് മാത്രമല്ല എന്തൊക്കെയോ തട്ടിമറിഞ്ഞ്‌ വീഴുന്ന ശബ്ദവും....

'തല്ല് നടന്നിട്ട്‌ പിടിച്ച്‌ മാറ്റിയില്ലേല്‍ മോശക്കേടല്ലേ?' എന്ന ചോദ്യവും 'സ്വന്തം വീട്ടില്‍ ഭാര്യയും ഭര്‍ത്താവും വാതിലടച്ച്‌ തല്ല് കൂടുന്നത്‌ തടയാന്‍ പാടുണ്ടോ?' എന്ന ചോദ്യവും തമ്മില്‍ എന്റെ മനസ്സില്‍ കിടന്ന് പൊരിഞ്ഞ തല്ല്....

"ചേട്ടന്‍ എന്നാ വേഗം ചെല്ല്.... " ഭാര്യയുടെ ഉപദേശം..

"അത്‌ പിന്നേയ്‌... നമ്മള്‍ ഇടപെടുന്നത്‌ മോശമാവുമോ? നമ്മള്‍ ചെന്ന് കഴിയുമ്പോള്‍ അവര്‍ കൂട്ടായിട്ട്‌ 'എന്തേ പോന്നേ?...' എന്നെങ്ങാനും ചോദിച്ചാല്‍ എന്താ പറയാ..?" ഞാനെന്റെ സംശയം വെളിപ്പെടുത്തി.

'പോകണോ വേണ്ടയോ... പോകണോ വേണ്ടയോ...' എന്ന പാരഡി പാട്ടിന്റെ ഈരടികള്‍ മനസ്സില്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുമ്പോഴേയ്ക്ക്‌ താഴെനിന്ന് നിലവിളിയുടെ ഉല്‍ഭവം സ്റ്റെപ്പ്‌ സ്‌ ഓടിക്കയറിക്കൊണ്ട്‌ ഞങ്ങളുടെ അടുത്തേയ്ക്ക്‌ വന്നു...... സൗണ്ട്‌ എഫ്ഫക്റ്റ്‌ മാത്രമല്ല... വിഷ്വല്‍ എഫ്ഫക്റ്റും വേണ്ടുവോളമുണ്ടെന്നത്‌ അപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌....

നിലവിളിയോടെ ഓടിവന്ന ആ ചേച്ചി "എന്നെ രക്ഷിക്കണം........" എന്ന് കരഞ്ഞുകൊണ്ട്‌ ഉള്ളിലേയ്ക്ക്‌ ഓടിക്കയറി.... മുഖമെല്ലാം അടികൊണ്ടതിന്റെ ഫലമായി പലയിടത്തും വീര്‍ത്ത്‌ വന്നിരിയ്ക്കുന്നു... ചുണ്ടില്‍ നിന്നും മറ്റും ചോര ഒലിക്കുന്നുണ്ട്‌....

ഇത്‌ കണ്ട്‌ എന്റെ ധൈര്യശാലിയായ ഭാര്യയും ചെറുതായി കരച്ചില്‍ തുടങ്ങി......

ഞാനും അകത്തേയ്ക്ക്‌ ചെന്നു.....

"അയാള്‍ വന്നാല്‍ എന്നെ വിട്ടുകൊടുക്കരുത്‌.... എന്നെ അങ്ങേര്‌ കൊല്ലും... കുറേ കാലമായി ഇത്‌ തുടങ്ങിയിട്ട്‌.... ഇത്‌ കണ്ടോ.... എന്റെ വിരല്‍ ഒടിച്ചു.... എന്നെ തല്ലി കൊല്ലാറാക്കി... ഞാന്‍ ഒരു കണക്കിന്‌ വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ടതാണ്‌..." കരച്ചിലിനിടയില്‍ ആ ചേച്ചി പറഞ്ഞൊപ്പിച്ചു.

മുഖത്ത്‌ പലയിടത്തും ചതവുണ്ട്‌... ഒരു വിരല്‍ ഒടിഞ്ഞ പരുവത്തില്‍ അനക്കാനാവാത്ത വിധം കാണപ്പെട്ടു. വളരെ ദയനീയമായ രംഗം....

'ഇങ്ങനേയും മനുഷ്യന്മാര്‍ ചെയ്യുമോ?' എന്ന് ശരിയ്ക്കും തോന്നിപ്പോകുന്ന അവസ്ഥ.

"സൂര്യോദയം... വേഗം പോയി വാതിലടയ്ക്ക്‌... അല്ലെങ്കില്‍ അങ്ങേര്‍ ഇങ്ങോട്ട്‌ വരും..." കരഞ്ഞുകൊണ്ട്‌ ചേച്ചി വീണ്ടും...

ഞാനാകെ ഒരു വല്ലാത്ത അവസ്ഥയിലായി.... വാതിലടച്ച്‌ ഇരിയ്ക്കുന്നത്‌ ഭീരുത്വമാവും... വാതില്‍ തുറന്ന് കിടക്കുകയാണെങ്കില്‍ പുള്ളിക്കാരന്‍ കയറിവന്നാല്‍ എങ്ങനെ ഡീല്‍ ചെയ്യണം എന്നത്‌ മറ്റൊരു പ്രശ്നം...

"പേടിക്കണ്ടാ... ഞാന്‍ പറഞ്ഞ്‌ നോക്കാം..." ഞാന്‍ സമാധാനിപ്പിച്ചു.

"പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല... കുഴപ്പമില്ലെന്നൊക്കെ അങ്ങേര്‍ പറയും... എന്നെ ദയവായി വിട്ടുകൊടുക്കരുത്‌.. എന്നെ അങ്ങേര്‌ കൊല്ലും..." ചേച്ചി തുടര്‍ന്നു.

"സൂര്യോദയം ചേട്ടാ.. പ്ലീസ്‌.. എങ്ങനെയെങ്കിലും ആ ചേട്ടനെ പറഞ്ഞ്‌ മനസ്സിലാക്കൂ.... ചേച്ചിയെ ഇന്ന് വിടണ്ടാ..... വേഗം ചെല്ലൂ..." എന്റെ ഭാര്യയും വെപ്രാളത്തോടെ പറഞ്ഞു.

ഞാന്‍ ബാല്‍ക്കണിയില്‍ ചെന്ന് നിന്നു. ഇപ്പോ താഴെ നിന്ന് അങ്ങേര്‍ കയറിവരും എന്ന് ഞാന്‍ ഊഹിച്ചു. എനിയ്ക്ക്‌ വല്ലാത്ത ടെന്‍ഷന്‍.... എങ്ങനെ അങ്ങേരെ തളയ്ക്കും എന്നത്‌ തന്നെ പ്രധാന വിഷയം... എന്നെക്കാള്‍ നല്ല പ്രായവ്യത്യാസമുള്ള ആളെ ഞാന്‍ ഉപദേശിക്കാന്‍ ചെന്നാല്‍ നടക്കുമോ... പുള്ളിക്കാരന്‍ ബലപ്രയോഗത്തിന്‌ മുതിര്‍ന്നാല്‍ ഞാനും ആ നിലയ്ക്ക്‌ നില്‍ക്കേണ്ടിവരില്ലേ... അങ്ങേരെ കൈ വയ്ക്കേണ്ടിവന്നാല്‍ പിന്നെ പിറ്റേ ദിവസം തന്നെ വേറെ വീട്‌ നോക്കേണ്ടിവരില്ലേ.... തുടങ്ങിയ കാര്യങ്ങളാണ്‌ ചിന്തകളുടെ മുഖ്യധാരയില്‍ ഉണ്ടായിരുന്നത്‌...

"അഭയം ചോദിച്ച്‌ വന്ന ഒരു സ്ത്രീയെ വിട്ടുകൊടുക്കാനാവില്ല.." എന്ന ഉറച്ച്‌ തീരുമാനം ഞാനെടുത്തു. (അഭയം എന്ന വാക്ക്‌ എനിയ്ക്ക്‌ വല്ല്യ പ്രാധാന്യമുള്ളതുമാണേ..)

താഴെ നിന്ന് ചേട്ടന്‍ സ്റ്റെപ്പ്‌ സ്‌ കയറി മുകളിലേയ്ക്ക്‌ വന്നു.

ഞാന്‍ വളരെ ശാന്തഭാവം മുഖത്തും വാക്കുകളിലും വരുത്താന്‍ പരമാവധി ശ്രദ്ധിച്ചു.

"അവള്‍ ഇങ്ങോട്ട്‌ വന്നോ.... ഇങ്ങ്‌ ഇറക്കി വിട്ടേക്ക്‌..." അപകടകരമല്ലാത്ത ഒരു ഭാവത്തോടെ ചേട്ടന്‍ പറഞ്ഞു.

"ങാ... അകത്ത്‌ അവര്‍ എന്തോ സംസാരിച്ച്‌ നില്‍ക്കുകയാണ്‌....ഒരല്‍പസമയം കഴിഞ്ഞോട്ടെ... " ഞാന്‍ വളരെ നിസ്സാരമായി മറുപടി പറഞ്ഞു.

"വായിലെ നാവ്‌ സഹിക്കുന്നതിനും ഒരു ലിമിറ്റുണ്ടേ... മനുഷ്യന്റെ ക്ഷമ കെട്ടാല്‍ പിന്നെ എന്താ ചെയ്യാ....പരമാവധി ഞാന്‍ ക്ഷമിച്ചതാ..." ചേട്ടന്റെ വിശദീകരണം.

ഞാന്‍ വല്ല്യ സീരിയസ്‌ ആകാതെ ശ്രദ്ധിച്ചുകൊണ്ട്‌ നിന്നു.

"ഇങ്ങോട്ട്‌ ഇറക്കി വിട്ടേക്ക്‌..." ചേട്ടന്‍ വീണ്ടും.

"ചേട്ടന്‍ പൊക്കോളൂ.... ഒന്ന് ശാന്തമാകുമ്പോള്‍ ഞാന്‍ കൊണ്ട്‌ വിടാം... കുറച്ച്‌ സംസാരിച്ച്‌ കഴിയുമ്പോള്‍ ശരിയാവും... ഈ ടെന്‍ഷന്‍ ഒന്ന് മാറട്ടെ..." ഞാന്‍ പുള്ളിക്കാരനെ ഒന്ന് മയപ്പെടുത്താന്‍ ശ്രമിച്ചു.

"ഹേയ്‌... അത്‌ വേണ്ടാ.... ഇനി പ്രശ്നമൊന്നും ഉണ്ടാവില്ല... ഇങ്ങ്‌ വിട്ടേയ്ക്ക്‌..." എന്നും പറഞ്ഞ്‌ ചേട്ടന്‍ പതുക്കെ അകത്തേക്ക്‌ കടന്നു.

"ഞാന്‍ കുറച്ച്‌ കഴിഞ്ഞ്‌ കൊണ്ടുവിടാം ന്നേ.... ചേച്ചി ആകെ പേടിച്ചിട്ടുണ്ട്‌...കുറച്ച്‌ സമയം കഴിഞ്ഞോട്ടെ..." പുറകേ ചെന്ന് കൊണ്ട്‌ ഞാന്‍ പറഞ്ഞു.

അടുക്കളയില്‍ ദുഖം പങ്കുവച്ചുകൊണ്ടിരിക്കുന്നതിന്നിടയിലേയ്ക്ക്‌ ചേട്ടന്‍ ചെന്നു.

"വന്നേ.. വന്നേ.... മതി...." ചേട്ടന്‍ ആധികാരികമായി പറഞ്ഞു.

"ഇല്ലാ... ഞാന്‍ വരുന്നില്ലാ...."

"നീ മര്യാദയ്ക്ക്‌ വരുന്നോ അതോ ഞാന്‍ ബലം പ്രയോഗിക്കണോ??..." ചേട്ടന്‍ ചൂടില്‍ തന്നെ.

ഇത്രയും പറഞ്ഞുകൊണ്ട്‌ ആള്‍ നേരെ ചേച്ചിയെ 'ദില്‍ വാലേ ദുല്‍ ഹനിയാ ലേ ജായേംഗേ..' എന്ന സിനിമയയിലെപ്പോലെ പൊക്കിയെടുക്കാനൊരു ശ്രമം...

കരഞ്ഞുകൊണ്ട്‌ ചേച്ചി പിടികൊടുക്കാതെ കുതറുന്നു... "അയ്യോ... എന്നെ വിടല്ലേ... എന്നെ വിട്ടുകൊടുക്കലേന്ന് സൂര്യോദയത്തോട്‌ പറയ്‌ മോളേ....."

ഞാന്‍ ഒന്ന് ഞെട്ടി... വല്ലാത്തൊരു സിറ്റുവേഷന്‍... ഞാന്‍ നോക്കുമ്പോള്‍ ചേച്ചിയുടെ ഒരു കയ്യില്‍ പിടിച്ച്‌ എന്റെ ഗര്‍ഭിണിയായ ധര്‍മ്മപത്നി നിന്ന് പുറകോട്ട്‌ വലിക്കുന്നൂ... രക്ഷിക്കാനുള്ള കിണഞ്ഞ ശ്രമം... ആ വലിക്കുന്നതിന്റെ കൂടെ അവളും കരയുന്നുണ്ട്‌...

ഇത്രയും കണ്ടിട്ട്‌ നോക്കി നില്‍ക്കാന്‍ ഞാന്‍ ഒരു കോന്തുണ്ണ്യാരൊന്നുമല്ലല്ലോ......

'ഇനി വാടകയ്ക്ക്‌ വേറെ വീടന്വേഷിക്കുക തന്നെ.... വരുന്നത്‌ വരട്ടെ...' തീരുമാനം മനസ്സ്‌ പ്രഖ്യാപിച്ച്‌ 'ആക്‌ ഷന്‍' ഓര്‍ഡര്‍ ഇട്ടു.

ഞാന്‍ ചേട്ടന്റെ കയ്യില്‍ കയറി ബലമായി ഒന്ന് പിടിച്ചു (അങ്ങനെ ഭീകര ബലം എന്നൊന്നും വിചാരിയ്ക്കണ്ടാ... ഉള്ള ബലം മാക്സിമം വെയ്റ്റ്‌ ഇട്ട്‌ അങ്ങ്‌ നോക്കി.. അത്ര തന്നേ...)

ആ പിടിയില്‍ ചേട്ടന്‌ ഒരു പന്തികേട്‌ ഫീല്‍ ചെയ്തിട്ടുണ്ടാവണം... (ഗതികെട്ടവന്റെ പിടിയാണേ...)

"ചേട്ടന്‍ ഇപ്പോ പോ... കുറച്ച്‌ കഴിഞ്ഞ്‌ ഞാന്‍ കൊണ്ടുവിടാം..." ഞാന്‍ പറഞ്ഞു.

ആ പറച്ചിലില്‍ ഒരു ബഹുമാനക്കുറവ്‌ കൃത്യമായി മനസ്സിലാവും...

എന്റെ മനസ്സില്‍ കുളിര്‍കാറ്റ്‌ സമ്മാനിച്ചുകൊണ്ട്‌ ചേട്ടന്‍ പിടി വിട്ടു.

"നീ വരുന്നോ ഇല്ലയോ....ഇപ്പോ വരുന്നില്ലെങ്കില്‍ ഇനി അങ്ങോട്ട്‌ വരണ്ടാ.." ചേട്ടന്‍ പ്രഖ്യാപിച്ചു.

"ഇല്ലാ.. ഞാന്‍ വരുന്നില്ലാ.." ചേച്ചിയും ഉറച്ച്‌ തന്നെ.

അത്‌ കേട്ട്‌ ഞാന്‍ ചെരുതായൊന്ന് ഞെട്ടി. അമ്പ്‌ പെരുന്നാളും കുടയും മറ്റും എന്റെ മനസ്സിലൂടെ ഒന്ന് മിന്നിമറഞ്ഞു.

ചേട്ടന്‍ കലിപ്പിച്ച്‌ താഴേയ്ക്ക്‌ പോയി.

തല്‍ക്കാലം കിട്ടിയ സമാധാനം വച്ച്‌ ബാക്കി പരിപാടികള്‍ ഞങ്ങള്‍ ആലോചിച്ചു.

ചേട്ടന്റെ പെങ്ങള്‍ക്കും പെങ്ങളുടെ ഭര്‍ത്താവിനും ഈ പ്രശ്നങ്ങള്‍ മുന്‍പേ അറിയാമെന്നും അവരോട്‌ പറയും എന്ന് പറഞ്ഞതിന്‌ 'നീ പറയുമോടീ...' എന്ന് ചോദിച്ചാണ്‌ ഇടി കൂടുതല്‍ കിട്ടിയതെന്നും ചേച്ചി വെളിപ്പെടുത്തി.

"എന്നാല്‍ ഇനി നമുക്ക്‌ അവരെ വിളിക്കാം..." ഞാന്‍ പറഞ്ഞു.

"ഞാന്‍ വിളിച്ചു എന്നെങ്ങാനും അറിഞ്ഞാല്‍ അങ്ങേര്‌ എന്നെ കൊല്ലും..."

"എന്തായാലും ഒരു തീരുമാനമാകണമല്ലോ... എന്താ ചേച്ചിയുടെ ഉദ്ദേശം? നാളെ രാവിലെയായാല്‍ സോള്‍വ്‌ ആകുമോ?"

"ഇല്ലാ.. ഞാനിനി അങ്ങേരുടെ അടുത്തേക്കില്ലാ...." ചേച്ചി തറപ്പിച്ച്‌ പറഞ്ഞു.

കടുത്ത തീരുമാനങ്ങള്‍ ഇപ്പോ എടുക്കേണ്ടെന്നും സംസാരിച്ച്‌ സോള്‍വ്‌ ആക്കാം എന്നൊക്കെപറഞ്ഞിട്ടും യാതൊരു കോമ്പ്രമൈസിനും സാദ്ധ്യതയില്ലെന്നും ചേച്ചി ഇനി സഹിക്കാന്‍ തയ്യാറല്ലെന്നും അസന്ദിഗ്ദമായി പ്രഖ്യാപിച്ചു.

"എന്നാല്‍ പിന്നെ നമുക്ക്‌ വിളിക്കേണ്ടവരെ വിളിച്ച്‌ വരുത്താം.. അവര്‍ വന്ന് കാര്യങ്ങള്‍ തീരുമാനമാക്കട്ടെ..." ഞാന്‍ നിര്‍ദ്ദേശിച്ചു.

അങ്ങനെ തീരുമാനിച്ച്‌ ചേച്ചി തന്ന നമ്പര്‍ ഞാന്‍ വിളിച്ച്‌ ചേട്ടന്റെ അളിയനുമായി സംസാരിച്ചു. ഇവിടുത്തെ സിറ്റുവേഷന്‍ ഞാന്‍ വിവരിച്ചു.

"നിങ്ങള്‍ അവരെ താഴെയ്ക്ക്‌ വിടാഞ്ഞത്‌ നന്നായി.... ഞങ്ങള്‍ വരാതെ വിടരുത്‌.... ഞങ്ങള്‍ ഇപ്പോള്‍ തന്നെ വരാം..." അദ്ദേഹം എന്നോട്‌ പറഞ്ഞു.

ചേച്ചിയോട്‌ ഉറങ്ങിക്കോളാന്‍ പറഞ്ഞ്‌ ഒരു ബെഡ്‌ റൂമില്‍ സൗകര്യം ഒരുക്കിക്കൊടുത്തു.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴെയ്ക്ക്‌ ഒരു ഓട്ടോറിക്ഷയില്‍ രണ്ട്‌ പേര്‍ വന്നിറങ്ങി. ഹൗസ്‌ ഓണര്‍ ചേട്ടന്റെ അളിയനും മറ്റൊരു ബന്ധുവും....

കുറേ നേരം താഴെ സംസാരമെല്ലാം കഴിഞ്ഞാണ്‌ അവര്‍ മുകളിലേയ്ക്ക്‌ കയറിവന്നത്‌.

ചേച്ചിയുടെ പരിക്കുകള്‍ കണ്ട്‌ അവര്‍ വല്ലാതായിപ്പോയി. ഈ മര്‍ദ്ദനത്തിന്‌ ആസ്പദമായ കാരണങ്ങള്‍ എന്തെല്ലാം പറഞ്ഞ്‌ ബോധ്യപ്പെടുത്തിയാലും ചേച്ചിയുടെ പരിക്കുകള്‍ കണ്ടാല്‍ പിന്നെ ആ കാരണങ്ങള്‍ക്കെല്ലാം ഒരു പ്രസക്തിയുമില്ലാതാകും. അത്രയും സഹതാപതരംഗം സൃഷ്ടിക്കാവുന്നതാണ്‌ അവസ്ഥ.... ഇതിനുമുന്‍പും ഇവരുടെ പല വഴക്കുകളിലും ഇവര്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായ നടപടി ആദ്യമായാണെന്ന് അവര്‍ പറഞ്ഞു.

അവരില്‍ നിന്നാണ്‌ ചേട്ടന്‍ മര്‍ദ്ദിക്കാനുണ്ടായ കാരണം അറിഞ്ഞത്‌... സ്വന്തം സ്ത്രീയായുപോലും 'ബന്ധ'മില്ലാത്ത ആ ചേട്ടനെ ഈ ചേച്ചി പരസ്ത്രീബന്ധം ആരോപിച്ചു എന്ന്....

ചേച്ചിയോട്‌ അവര്‍ കുറേ നേരത്തെ സംസാരത്തിനുശേഷം ഇനി അവിടെ തുടരുന്നില്ലെന്ന് തീരുമാനിക്കുകയും അന്ന് രാത്രി തന്നെ മാറാന്‍ തീരുമാനിക്കുകയും ചെയ്തു.

ഉടനെ ഡോക്ടറുടെ അടുത്ത്‌ പോകാം എന്ന് അവര്‍ പറഞ്ഞു. പക്ഷേ, ഹോസ്പിറ്റലില്‍ ചെന്നാല്‍ ഉറപ്പായിട്ടും ഇത്‌ തല്ല് കേസ്‌ തന്നെയെന്ന് ബോധ്യമാകും... പിന്നെ, അത്‌ പ്രശ്നമാകും എന്നൊക്കെയായി സംസാരങ്ങള്‍....

ചേച്ചിക്ക്‌ അഭയം കൊടുക്കുകയും താഴെയ്ക്ക്‌ വിടാതെ ഇവരെ വിളിച്ച്‌ അറിയിച്ചതിനും ഞങ്ങളോട്‌ നന്ദി പറഞ്ഞ്‌ അവര്‍ ചേച്ചിയേയും കൊണ്ട്‌ താഴെയ്ക്ക്‌ പോയി.

കുറച്ച്‌ സമയത്തിന്നകം ചേച്ചി രണ്ട്‌ മൂന്ന് ബാഗുകളില്‍ കുറേ ഡ്രസ്സും മറ്റും പാക്ക്‌ ചെയ്ത്‌ ഓട്ടോയില്‍ കയറി ആ പാതിരാത്രി തന്നെ (12.30 ആയിക്കാണും) അവിടെ നിന്ന് പോയി.

......................
രണ്ട്‌ മൂന്ന് ദിവസം കഴിഞ്ഞ്‌ ചേച്ചി ഒരു ഹോസ്റ്റലില്‍ നിന്നാണ്‌ ഇപ്പോള്‍ ജോലിയ്ക്ക്‌ പോയിക്കൊണ്ടിരിക്കുന്നതെന്നും ഭര്‍ത്താവുമായി യാതൊരു കോമ്പ്രമൈസിനും ഇല്ലെന്നും ഞങ്ങളെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു.
......................

രണ്ട്‌ മാസങ്ങള്‍ക്ക്‌ ശേഷം വീട്ടുകാരും അവരുടെ നാട്ട്‌ പ്രമാണിമാരും ചേര്‍ന്ന് കാര്യങ്ങള്‍ രമ്യതയിലാക്കുകയും ചേച്ചി തിരിച്ചെത്തുകയും ചെയ്തു..
......................

മാസങ്ങള്‍ കടന്നുപോയി.... അവര്‍ തമ്മിലുള്ള മാനസിക അകലം കുറയുന്നതായി അവരുടെ ബാഹ്യപ്രകടനങ്ങളിലൂടെ ഞങ്ങള്‍ മനസ്സിലാക്കി. ചേട്ടന്റെ ബൈക്കിന്റെ പിന്നില്‍ തോളില്‍ കയ്യിട്ട്‌ പോകാനും കാറില്‍ അമ്പലങ്ങളില്‍ പോകാനും തുടങ്ങിയത്‌ സന്തോഷത്തോടെ ഞങ്ങള്‍ കണ്ടു.

എത്ര വലിയ അകലത്തിലും ദുഖത്തിലും കലാശിക്കുമായിരുന്ന ആ സംഭവം കുറേ നാളത്തേയ്ക്ക്‌ ഞങ്ങള്‍ക്ക്‌ മാനസികവിഷമം നല്‍കിയെങ്കിലും ഇപ്പോള്‍ ആ കുടുംബം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നകാണുമ്പോള്‍ ആ സംഭവം ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞുതുടങ്ങി.....

Tuesday, March 11, 2008

കോണ്ടാക്റ്റ്‌ ക്ലാസ്സിന്റെ അന്ത്യം

ക്ലാസ്സില്‍ കയറിയപ്പൊഴല്ലേ പുകില്‌... ഇരിയ്ക്കാന്‍ സീറ്റില്ല... അതായത്‌ എന്നെപ്പൊലുള്ള കേമന്മാര്‍ സാധാരണ ഇരിയ്ക്കാറുള്ള ഏരിയയിലൊന്നും സീറ്റില്ല.. അവിടെയൊക്കെ എന്നെക്കാള്‍ കേമന്മാരായവര്‍ നേരത്തേ എത്തി സീറ്റുറപ്പിച്ചു.

'നമ്മളിതെത്ര കണ്ടതാ?' എന്ന ഭാവത്തില്‍ ഏറ്റവും മുന്നിലെ ബഞ്ചില്‍ ഞാന്‍ കയറി ഇരുന്നു.

വേറ ഒരുത്തന്‍ കൂടി ഇരിപ്പുണ്ട്‌ ആ ബഞ്ചില്‍...
'എന്നെക്കാള്‍ മുന്‍പ്‌ എത്തിയ ഹതഭാഗ്യനായിരിയ്ക്കും.. ഗതികേടുകൊണ്ടാവും മുന്നില്‍ തന്നെ ഇരിക്കേണ്ടിവന്നത്‌...' ഞാന്‍ ഊഹിച്ചു.

ആ സാറിനെ അല്‍പ സമയത്തിനകം എനിയ്ക്ക്‌ ബോധിച്ചു. ക്ലാസ്സിലിരിയ്ക്കുന്നവരൊട്‌ പുള്ളിക്കാരന്‌ നല്ല റെസ്പെക്റ്റ്‌..

"നിങ്ങളൊക്കെ ആവശ്യത്തിന്‌ വിദ്യാഭ്യാസവും വിവരവും ഉള്ളവരാണെന്ന്‌ എനിയ്ക്കറിയാം... അതുകൊണ്ട്‌ നിങ്ങളൊക്കെ ഈ കോഴ്സ്‌ സുഖമായി പാസ്സാവും. പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന്‌ പറഞ്ഞു തരിക എന്ന്‌ മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ.. അല്ലാതെ, വിശദമായ ഒരു പഠനത്തിനുള്ള സമയവും ഇല്ലല്ലൊ.." ഇതൊക്കെയാണ്‌ പുള്ളിക്കാരന്‍ പറഞ്ഞതിന്റെ സാരാംശം.

ഇടയ്ക്കിടയ്ക്ക്‌ ചില പ്രധാന പോയിന്റ്സ്‌ എഴുതിക്കോളൂ എന്ന്‌ സാര്‍ പറയുന്നുണ്ട്‌. ഞാന്‍ എവിടെ എഴുതാന്‍? ഇടം കണ്ണിട്ട്‌ ഞാന്‍ എന്റെ പത്നിയെ ഒന്ന്‌ നോക്കി. 'നിനക്കിത്‌ തന്നെ വേണമെടാ..' എന്ന ഒരു പുഞ്ചിരി ഭാവം മുഖത്ത്‌...

ഞാന്‍ അടുത്തിരിയ്ക്കുന്ന സുഹൃത്തിനോട്‌ രണ്ട്‌ പേപ്പര്‍ അങ്ങേരുടെ ബുക്കില്‍ നിന്ന്‌ കീറിത്തരാമോ എന്ന്‌ ചോദിക്കുകയും പുള്ളിക്കാരന്‍ കീറിത്തരികയും ചെയ്തു.

അധികമൊന്നും എഴുതേണ്ടി വന്നില്ല. അപ്പൊഴേയ്ക്കും ആ ക്ലാസ്സ്‌ തീര്‍ന്നു. പ്ലാനിങ്ങിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്ന സാര്‍ ക്ലാസ്സ്‌ നിര്‍ത്തിയപ്പൊള്‍ ഒരു ഡയലൊഗ്‌..

"നിങ്ങള്‍ ഇപ്പൊള്‍ മുങ്ങാന്‍ പ്ലാന്‍ ചെയ്യേണ്ടാ.. അറ്റന്‍ഡന്‍സ്‌ കുറച്ച്‌ കഴിഞ്ഞ്‌ കൊണ്ടുവരും.. അത്‌ നാ്‌ ദിവസവും തുടര്‍ച്ചയായി കിട്ടിയാലേ നാലാം ദിവസം അറ്റന്‍ഡന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിയ്ക്കൂ.."

പത്ത്‌ മിനിട്ട്‌ ഇന്റര്‍വെല്‍...

ഞാന്‍ പൊയി ഒരു ബുക്ക്‌ വാങ്ങി. ഇനി അതിന്റെ കുറവില്ലാതെ നമ്മള്‍ മോശക്കാരനാവണ്ടല്ലോ... പുസ്തകം വാങ്ങി ക്ലാസ്സ്‌ എത്തിയപ്പോഴാണ്‌ അതിന്റെ പുറം ചട്ട ശ്രദ്ധിച്ചത്‌.. 'കരീനാ കപൂര്‍... ' ബെസ്റ്റ്‌...

അതും പിടിച്ച്‌ വീണ്ടും ക്ലാസ്സില്‍...

ഇത്തവണ ക്ലാസ്സ്‌ എടുക്കാന്‍ വന്നത്‌ ഒരു ചെറുപ്പം ടീച്ചര്‍ ആയിരുന്നു. മൊത്തത്തില്‍ തടിച്ച്‌ ഉരുണ്ട്‌ ടാറിന്‍ പാട്ടയുടെ ബോഡി കളറുമായി ഒരു ടീച്ചര്‍... മാര്‍ക്കറ്റിംഗ്‌ ആണത്രേ പുള്ളിക്കാരത്തി വച്ച്‌ കീച്ചാന്‍ പോകുന്നത്‌.

സ്റ്റഡി മറ്റീരിയല്‍ തുറന്ന്‌ വച്ച്‌ ടീച്ചര്‍ അവിടുന്നും ഇവിടുന്നും വായന തുടങ്ങി. എല്ലാവരും അന്തം വിട്ട്‌ ഇരിക്കുന്ന കണ്ടപ്പോള്‍ ടീച്ചര്‍ അല്‍പം വിശദീകരണങ്ങള്‍ ഒക്കെ നടത്താന്‍ നോക്കി. എവിടെ.. ആകെ ഒരു അങ്കലാപ്പ്‌ എല്ലാവരുടേയും മുഖത്ത്‌...

ഇംഗ്ലീഷില്‍ വല്ല്യ സ്കൊപ്പില്ലെന്ന്‌ തോന്നിയതുകൊണ്ടാണെന്ന്‌ തോന്നുന്നു, ടീച്ചര്‍ ഭാഷ സെലക്റ്റ്‌ ചെയ്യാന്‍ ഓപ്ഷന്‍ തന്നു..

"തമിഴ്‌ വേണമാ, മലയാളം വേണമാ... തമിഴ്‌ എനക്ക്‌ തെരിയും.. മലയാളം കൊഞ്ച കൊഞ്ചം തെരിയും..."

'അതായത്‌ ഇംഗ്ക്ല‍ീഷ്‌ തെരിയാത്‌' അതാണ്‌ പറഞ്ഞ്‌ വരുന്നത്‌.

"അമ്മാ.. എതാവത്‌ ഭാഷയില്‌ ശൊല്ലി മുടിയ്ക്കമ്മാ..' എന്ന്‌ പറയണമെന്നുണ്ടായിരുന്നെങ്കിലും ആരും ഒന്നും തീരുമാനം പറഞ്ഞില്ല. അതുകൊണ്ട്‌ അവര്‍ മൂന്ന്‌ ഭാഷയുടേയും ഒരു മിക്സ്‌ സ്വയം സെലക്റ്റ്‌ ചെയ്ത്‌ ക്ലാസ്സ്‌ തുടങ്ങി.

ക്ലാസ്സ്‌ എന്തായാലും മുതലായി...മണ്ടത്തരങ്ങളും കോമഡികളും കൊണ്ട്‌ സമ്പുഷ്ടം...

'വുമണ്‍സ്‌, മെന്‍സ്‌, ചില്‍ഡ്രന്‍സ്‌... എന്നീ പദപ്രയോഗങ്ങള്‍ പലവട്ടം കേള്‍ക്കേണ്ടിവന്നു.
ചില ഇംഗ്കീഷ്‌ വാക്കുകളൊടൊപ്പം തമിഴ്‌ ഫിനിഷിംഗ്‌ ...

പ്രൊഡക്റ്റ്‌ റേഞ്ചിന്‌ എക്സാമ്പിള്‍ പറഞ്ഞത്‌... 'അപ്‌ റ്റു 10-20 ഏജ്‌ വരേക്ക്‌ പണ്ണലാം, 20-40 ഏജ്‌ വരേക്കും പണ്ണലാം...' ഞാന്‍ ചെവി പൊത്തി.

ആ ക്ലാസ്സിനിടയില്‍ അറ്റന്‍ഡന്‍സ്‌ ഷീറ്റ്‌ കൊണ്ടുവന്നു. അത്‌ ക്ലാസ്‌ മുഴുവന്‍ കറങ്ങിത്തിരിഞ്ഞ്‌ എന്റെ കയ്യില്‍ കിട്ടിയപ്പോഴാണ്‌ എനിയ്ക്ക്‌ അന്ന് വരാതിരുന്ന എന്റെ സുഹൃത്തുക്കളോട്‌ സ്നേഹം തോന്നിയത്‌.

എന്നാ പിന്നെ അവരുടെ അറ്റന്‍ഡന്‍സ്‌ കൂടെ ഇട്ടേക്കാം എന്ന് വിചാരിക്കുകയും എന്റെ ഭാവനയനുസരിച്ച്‌ ബിജുവിന്റെയും ഗോപിയുടേയും അറ്റന്‍ഡന്‍സ്‌ കോളങ്ങളിലും ഞാന്‍ ഒപ്പങ്ങ്‌ വച്ച്‌ കാച്ചി. എന്നിട്ട്‌ ക്ലാസ്സിലിരുന്ന് അവര്‍ക്ക്‌ ഓരോ SMS വിട്ടു.

'നന്ദി' പ്രകടിപ്പിച്ചുകൊണ്ട്‌ അവറുടെ റിപ്ലേ വരികയും ചെയ്തു.

ഈ പരിപാടി തരക്കേടില്ലല്ലോ എന്ന് എനിക്കു തോന്നി. അപ്പോ അവര്‍ വരുന്ന ദിവസങ്ങളില്‍ എനിയ്ക്കും മുങ്ങാലോ.. അവര്‍ ഒപ്പിട്ട്‌ കൊള്ളുമല്ലോ... പ്രത്യുപകാരം ചെയ്യാതെ അവരെ സഹായിച്ചാല്‍ അവര്‍ക്ക്‌ വിഷമമാവും തീര്‍ച്ചാ...

ലഞ്ച്‌ ബ്രേക്‌.... ഞാനും പത്നിയും വീട്ടിലേയ്ക്ക്‌ തിരിച്ചു... മിന്നൂസിനെ പ്ലേ സ്കൂളില്‍ നിന്ന് കൊണ്ടുവരണം.. ഒന്ന് ഓഫീസ്‌ വരെ പോകണം.. അങ്ങനെ ഒരുപാട്‌ പരിപാടികളുള്ളതല്ലേ...

എന്തായാലും അറ്റന്‍ഡന്‍സിന്റെ ഗുട്ടന്‍സ്‌ പിടി കിട്ടി. കാലത്തും വൈകീട്ടും രണ്ടാമത്തെ പിരീഡ്‌ ആകുമ്പോഴേ ഇത്‌ കൊണ്ടുവരൂ... അല്ലെങ്കില്‍ എല്ലാവരും ഒപ്പിട്ടിട്ട്‌ മുങ്ങുമെന്ന് വളരെ നിശ്ചയം.

ഉച്ച കഴിഞ്ഞ്‌ ഭാര്യയോട്‌ വീട്ടിലിരുന്നോളാന്‍ ഞാന്‍ പറഞ്ഞു. അവളുടെ ഒപ്പ്‌ അവളെക്കാള്‍ നന്നായി ഇടാന്‍ അറിയാവുന്ന ഞാനുള്ളപ്പോള്‍ വെറുതേ എന്തിന്‌ ക്ലാസ്സ്‌ അറ്റന്‍ഡ്‌ ചെയ്യണം?

ഉച്ച കഴിഞ്ഞ്‌ കോളേജില്‍ എത്തിയപ്പോള്‍ ഞാന്‍ ഞങ്ങളുടെ സ്റ്റഡി സെന്ററിലെ സ്റ്റാഫിനെ കാണുകയുണ്ടായി. ലീവ്‌ എടുത്താണ്‌ ക്ലാസ്സ്‌ അറ്റന്‍ഡ്‌ ചെയ്യുന്നതെന്നും എങ്ങനെയെങ്കിലും അറ്റന്‍ഡന്‍സ്‌ അഡ്ജസ്റ്റ്‌ ചെയ്യാന്‍ മാര്‍ഗ്ഗമുണ്ടോ എന്ന് അങ്ങേരോട്‌ ചോദിക്കുകയും ചെയ്തു.

'ഹേയ്‌.. അറ്റന്‍ഡന്‍സ്‌ നിര്‍ബദ്ധമാണ്‌... ക്ലാസ്സ്‌ അറ്റന്‍ഡ്‌ ചെയ്യുകയല്ലാതെ വേറെ വഴിയൊന്നുമില്ല..' പുള്ളിക്കാരന്‍ കൈ മലര്‍ത്തി (മലര്‍ത്തിയോ കമിഴ്ത്തിയോ എന്നതല്ല പ്രശ്നം.. പുള്ളിക്കാരന്‍ സമ്മതിക്കില്ല അത്ര തന്നെ)

ഉച്ച കഴിഞ്ഞ്‌ 2.30 ന്‌ ഞാന്‍ വീണ്ടും ക്ലാസ്സില്‍ കയറി... ദേ പിന്നേം ആ ടീച്ചര്‍ തന്നെ...

ഇത്തവണ ക്ലാസ്സില്‍ ഇരിയ്ക്കാന്‍ ബുദ്ധിമുട്ടായിരുന്നു... മേല്‍ക്കൂരയും ചുവരുകളും പാട്ട കൊണ്ട്‌ നിര്‍മ്മിതമായ ആ ക്ലാസ്സ്‌ റൂം ചുട്ടു പഴുത്ത്‌ ഞങ്ങളെ വേവിച്ചുകൊണ്ടിരിക്കുന്നു... ഇത്‌ അവര്‍ കരുതിക്കൂട്ടി തന്നെ ചെയ്തതാവും... MBA ഇ- ബിസിനസ്സ്‌ എന്നതിന്‌ ചേര്‍ന്നിരിക്കുന്നവരില്‍ മിക്കവാറും പേര്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ അത്തരക്കാര്‍ക്ക്‌ പൊതുവേ അഹങ്കാരം കൂടുതലായിരിക്കും എന്നതിനാലും അവരെ ഒതുക്കാന്‍ ചെയ്ത പണി പോലെ തന്നെയുണ്ട്‌.

ഇപ്രാവശ്യവും അറ്റന്‍ഡന്‍സ്‌ വന്നപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കളുടെ അറ്റന്‍ഡന്‍സ്‌ മാര്‍ക്ക്‌ ചെയ്തു ...

പിറ്റേ ദിവസം 10.30 ന്‌ എത്തിയ ഞങ്ങള്‍ രണ്ടാമത്തെ പിരീഡ്‌ ആയപ്പോഴേയ്ക്ക്‌ ക്ലാസ്സില്‍ കയറുകയും അറ്റന്‍ഡന്‍സ്‌ പരിപാടി തുടരുകയും ചെയ്തു. അന്ന് വൈകീട്ട്‌ വരെ ഗതികേടുകൊണ്ട്‌ ക്ലാസ്സിലിരുന്നു. (15 കിലോമീറ്ററോളം വീട്ടില്‍ വന്ന് തിരിച്ച്‌ പോകുക അത്ര എളുപ്പമല്ല.. അതും എറണാകുളത്തെ വിജനമായ വീഥികളിലൂടെ.. 'വിജനം' എന്നാല്‍ വിത്ത്‌ ജനം എന്നാണ്‌ ഉദ്ദേശിച്ചത്‌)

യൂണിവേര്‍സിറ്റിയുടെ നോട്ടീസില്‍ പ്രത്യേകം പറഞ്ഞിരുന്നത്‌ എന്തെന്നാല്‍ 'കോണ്ടാക്റ്റ്‌ ക്ലാസ്സ്‌ അറ്റന്‍ഡ്‌ ചെയ്യാതെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല' എന്നതായിരുന്നു. 'മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ മറ്റോ പ്രയോജനകരമല്ലെ'ന്നും വ്യക്തമാക്കിയിട്ടുണ്ട്‌. ഈ നോട്ടിഫിക്കേഷന്റെ കാരണം അപ്പോഴാണ്‌ മനസ്സിലായത്‌... പിടിച്ച്‌ കെട്ടിയിട്ടാലല്ലാതെ ആരും ആ ക്ലാസ്സുകള്‍ മുഴുവന്‍ അറ്റന്‍ഡ്‌ ചെയ്യാന്‍ യാതൊരു സാദ്ധ്യതയുമില്ല.. അത്രയ്ക്ക്‌ കേമം..


ശനി, ഞായര്‍ ദിവസങ്ങളില്‍ ബിജുവും ഗോപിയും അറ്റന്‍ഡ്‌ ചെയ്യാം എന്ന് അറിയിച്ചതിനാല്‍ എനിയ്ക്ക്‌ അന്ന് സൗകര്യം പോലെ എത്തിയാല്‍ മതി എന്ന ആശ്വാസം തോന്നി.

അങ്ങനെ മൂന്നാം ദിവസം (ശനിയാഴ്ച) ഗോപി നേരത്തേ ക്ലാസ്സില്‍ എത്തുകയും എന്റെയും എന്റെ ഭാര്യയുടേയും ഒപ്പിടുന്നതില്‍ വിജയം കൈവരിക്കുകയും ചെയ്തതായി അറിയിച്ചു. ബിജു എത്താന്‍ അല്‍പം ലേറ്റ്‌ ആയതിനാല്‍ ബിജുവിന്റെ ഒപ്പും ഗോപി തന്നെ ഇട്ടിരുന്നു.

സംഭവം ഗോപി ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയിലെ ക്വാളിറ്റി മാനേജര്‍ ആണെങ്കിലും ഇത്തരം ഒപ്പിടല്‍ പരിപാടികളില്‍ ക്വാളിറ്റി ഒട്ടും തന്നെ ഇല്ല എന്ന് മനസ്സിലാക്കിത്തരുന്നതായിരുന്നു തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍.

കാലത്തെ സെഷന്‍ തീരാറായപ്പോള്‍ അറ്റന്‍ഡര്‍ വന്ന് ഞങ്ങള്‍ നാലു പേരുടേയും പേര്‌ വിളിച്ചിട്ട്‌ കോ ഓര്‍ഡിനേറ്ററെ കാണാന്‍ ആവശ്യപ്പെട്ടു. അറ്റന്‍ഡന്‍സ്‌ ഷീറ്റില്‍ ഇട്ടിരുന്ന ഒപ്പുകളുടെ ആ മിഴിവും മികവും തന്നെ കാരണം...

എന്റെ തുടര്‍ച്ചയായ 4 ഒപ്പുകള്‍ക്ക്‌ ശേഷം വന്നിരിക്കുന്ന ഒപ്പ്‌ (ഗോപി ഇട്ടത്‌) അമിതാബ്‌ ബച്ചനും വെട്ടൂര്‍ പുരുഷനും പോലത്തെ സാമ്യം...

കോ ഓര്‍ഡിനേറ്ററും കൂട്ടരും ചേര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഗോപി വിവരം പറഞ്ഞു..

"ദേ.. ബിജുവിന്റെ ഒപ്പ്‌ ഞാനാണ്‌ ഇട്ടത്‌.. പുള്ളിക്കാരന്‍ വരാന്‍ ലേറ്റ്‌ ആയതാണ്‌.. ദേ വന്നല്ലോ... പ്രശ്നം തീര്‍ന്നേ.. ഇനി, മറ്റ്‌ രണ്ട്‌ പേര്‍ ഓണ്‍ ദ വേ ആണ്‌.. ഇപ്പോ എത്തും..."

"നല്ല ന്യായീകരണം..." എന്ന് പറഞ്ഞ്‌ അവര്‍ യാതൊരു കോമ്പ്രമൈസിനും തയ്യാറല്ല...

അപ്പോഴേയ്ക്കും എനിയ്ക്ക്‌ മെസ്സേജ്‌ വന്നു... "കം ഫാസ്റ്റ്‌ ... സം പ്രോബ്ലം..." ഇതായിരുന്നു മെസ്സേജ്‌..

കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും ഗോപി എന്നെ ഫോണില്‍ വിളിച്ചു.

"ഇവിടെ ആകെ പ്രശ്നമായി മോനേ.. വേഗം വാ... എന്റെയും ബിജുവിന്റെയും കാര്യം പോക്കാ.. നീ വന്ന് നിന്റെയും ഭാര്യയുടേയും അറ്റന്‍ഡന്‍സ്‌ ശരിയാക്കാന്‍ നോക്ക്‌.. നിങ്ങള്‍ കഴിഞ്ഞ 2 ദിവസം അറ്റന്‍ഡ്‌ ചെയ്തതല്ലേ..."

"എന്താ ഇപ്പോഴത്തെ സിറ്റുവേഷന്‍?" ഞാന്‍ ചോദിച്ചു.

"ഞാനാണ്‌ 4 ഒപ്പും ഇന്ന് ഇട്ടതെന്ന് ഞാന്‍ സമ്മതിച്ചു.. അത്‌ എന്റെ കയ്യക്ഷരവും പേനയുടെ മഷിയും വച്ചു നോക്കിയാല്‍ ക്ലിയര്‍ ആണ്‌.. പിന്നെ, എന്റെ റിയല്‍ ഒപ്പ്‌ കമ്പയര്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ എന്റെ കയ്യില്‍ ഐഡന്റിറ്റി കാര്‍ഡ്‌ ഇല്ല... ബിജുവിന്റെ ഇതുവരെയുള്ള നീ ഇട്ടിരിയ്ക്കുന്ന ഒപ്പ്‌ അവന്റെ ഐഡന്റിറ്റി കാര്‍ഡിലേതുമായി കമ്പയര്‍ ചെയ്തപ്പോള്‍ ഒരു ബന്ധമേയില്ലാ.... അതുകൊണ്ട്‌ 4 പേരുടേയും അറ്റന്‍ഡന്‍സ്‌ ക്യാന്‍സല്‍ ചെയ്തു എന്നാണ്‌ അവര്‍ പറയുന്നത്‌.."

"അതെങ്ങനെ ക്യാന്‍സല്‍ ചെയ്യും.. നമുക്ക്‌ പറഞ്ഞു നോക്കാം..."

"നീ വന്ന് നിങ്ങളുടെ കാര്യം ശരിയാക്കാന്‍ നോക്ക്‌.. അത്‌ കഴിഞ്ഞിട്ടാകാം ഞങ്ങളുടെ കാര്യം... നീ വരുന്ന വരെ ഞങ്ങള്‍ നിക്കണോ അതോ പോണോ...."

"പോകല്ലേ... ഞാന്‍ വന്നുകൊണ്ടിരിയ്ക്കയാണ്‌.... നമുക്ക്‌ എന്തേലും വഴിയുണ്ടോന്ന് ചോദിച്ച്‌ നോക്കാം..." ഞാന്‍ പറഞ്ഞു.

കാറിലിരുന്ന് ഭാര്യയുടെ വേവലാതികള്‍ തുടര്‍ന്നു...

"നിങ്ങളെയൊക്കെ വിശ്വസിച്ച്‌ ആവശ്യമില്ലാത്ത പണിയ്ക്ക്‌ നിന്നതാ പ്രശ്നം... ഞാനല്ലാതെ ഇങ്ങനത്തെ തരികിടകളുടെ കൂടെ ഇതൊക്കെ പഠിയ്ക്കാന്‍ ചേരുമോ?... ദൈവമേ... എല്ലാവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ... ഞാന്‍ ക്ലാസ്സിലേയ്ക്കില്ല... എനിയ്ക്ക്‌ വയ്യ അവരുടെ ചീത്ത കേള്‍ക്കാന്‍..."

"നീയൊന്ന് സമാധാനപ്പെട്‌... ആരുടേയും സ്വത്തും മുതലും ഒപ്പിട്ട്‌ മേടിച്ചതൊന്നുമല്ലല്ലോ... അറ്റന്‍ഡന്‍സ്‌ ഷീറ്റില്‍ ഒരു സഹായം ചെയ്യാനായി ഒപ്പിട്ടു, അത്രേ ഉള്ളൂ... അതിന്‌ ഇവര്‍ ഇത്ര പ്രശ്നമാക്കേണ്ട എന്തിരിയ്ക്കുന്നു... നമുക്ക്‌ ചോദിക്കാം..."

"നിങ്ങള്‍ക്ക്‌ അതൊക്കെ പറയാം.. എനിയ്ക്ക്‌ വയ്യാ നാണം കെടാന്‍..." ഭാര്യ തുടര്‍ന്നു.

"എന്ത്‌ നാണം കെടാന്‍? എല്ലാവരും ജോലിയും മറ്റ്‌ കാര്യങ്ങളുമൊക്കെ ഉള്ളവരാണ്‌.. അപ്പോള്‍ ക്ലാസ്സ്‌ മുഴുവന്‍ അറ്റന്‍ഡ്‌ ചെയ്യാന്‍ ഇത്തിരി ബുദ്ധിമുട്ടൊക്കെ സ്വാഭാവികം.. അതൊക്കെ ഒന്ന് അഡ്ജസ്റ്റ്‌ ചെയ്യേണ്ടേ... എന്തായാലും അവിടെ ചെല്ലട്ടേ... നീ കിടന്ന് പിടയാതെ..."

കാര്‍ അവിടെ എത്തിയപ്പോഴെയ്ക്ക്‌ ഞങ്ങളെക്കാത്ത്‌ ബിജുവും ഗോപിയും സുസ്മേരവദനരായി നില്‍പ്പുണ്ടായിരുന്നു.

"ഞങ്ങള്‍ ഇവിടെ നില്‍ക്കാം... നിങ്ങള്‍ ചെന്ന് പറഞ്ഞ്‌ നോക്ക്‌.." ഗോപി പറഞ്ഞു.

ഞങ്ങള്‍ അവിടെ കോ-ഓര്‍ഡിനേറ്ററും മറ്റും ഇരിയ്ക്കുന്ന റൂമിലേയ്ക്ക്‌ ചെന്നു. അവിടെയിരിയ്ക്കുന്ന ഒരാളോട്‌ വിവരം പറഞ്ഞു.

"ഞങ്ങള്‍ ഇന്നലെ വരെ ക്ലാസ്സ്‌ അറ്റന്‍ഡ്‌ ചെയ്തതാണ്‌. ഇന്ന് അല്‍പം ലേറ്റ്‌ ആയി. എന്റെ ഫ്രണ്ട്‌സിനോട്‌ ലേറ്റ്‌ ആവുമെന്ന് അറിയിച്ചപ്പോള്‍ അവര്‍ അറ്റന്‍ഡന്‍സ്‌ ഷീറ്റില്‍ സൈന്‍ ചെയ്തു. "

"ഓ.. ഷോ മി യുവര്‍ ഐഡന്റിറ്റി കാര്‍ഡ്സ്‌.."

ഒപ്പ്‌ മാച്ചിംഗ്‌ ആണോ എന്ന് നോക്കാനാണെന്ന് നമുക്കറിയില്ലേ...

ഞങ്ങള്‍ രണ്ടുപേരും ഐഡന്റിറ്റി കാര്‍ഡ്‌ കൊടുത്തു. ഞങ്ങളോട്‌ അപ്പുറത്തെ റൂമില്‍ നിന്ന് അറ്റന്‍ഡന്‍സ്‌ ഷീറ്റ്‌ വാങ്ങി വരാന്‍ അയാള്‍ ആവശ്യപ്പെട്ടു.

അവിടെ സ്റ്റഡി സെന്ററിലെ സ്റ്റാഫ്‌ ആയ തലേന്ന് ഞാന്‍ ചെന്ന് അറ്റന്‍ഡന്‍സ്‌ റിക്വസ്റ്റ്‌ ചെയ്ത ചെറുപ്പക്കാരന്‍ ഇരിപ്പുണ്ട്‌.

അങ്ങേരോട്‌ ഞാന്‍ വിവരം പറഞ്ഞപ്പോഴേയ്ക്ക്‌ ആള്‍ ആകെ വല്ല്യ ചൂട്‌..

"ഹേയ്‌.. ഇനി ഒന്നും നടക്കില്ല.. അറ്റന്‍ഡന്‍സ്‌ ക്യാന്‍സല്‍ ചെയ്തു.. കോ-ഓര്‍ഡിനേറ്റര്‍ കണ്ടുപിടിച്ചു... ഇനി ഒന്നും ചെയ്യാനില്ല.."

"അതെന്താ സുഹൃത്തേ അങ്ങനെ... ഞങ്ങള്‍ കഴിഞ്ഞ രണ്ടുദിവസവും ഇവിടെ വന്നത്‌ താങ്കളും കണ്ടതല്ലേ...??"

"കണ്ടതൊക്കെ ശരിതന്നെ... പക്ഷേ, നിങ്ങളുടെ സമ്മതമില്ലാതെ മറ്റ്‌ ആരെങ്കിലും ഒപ്പിടുമോ?" അങ്ങേര്‍ വാദപ്രദിവാദത്തിനു തന്നെ.

"എന്തായാലും വരും.. അപ്പോള്‍ അറ്റന്‍ഡന്‍സ്‌ മിസ്സ്‌ ആവണ്ടല്ലോ എന്ന് വിചാരിച്ച്‌ ഇട്ടതയിരിയ്ക്കും.." ഞാന്‍ പറഞ്ഞു നോക്കി.

"അതിനിങ്ങനെയാണോ? എന്നോട്‌ വന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒപ്പിടാന്‍ സമ്മതിക്കുമായിരുന്നല്ലോ..."

"ഹേയ്‌.. ഇന്നലെ വന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അങ്ങനെയല്ലല്ലോ പറഞ്ഞത്‌.... "

"അത്‌....., പലരും അങ്ങനെ ആവശ്യപ്പെടും.. പക്ഷേ, വളരെ ജനുവിന്‍ കേസ്‌ ആണെങ്കില്‍ ഞങ്ങള്‍ സമ്മതിക്കുന്നതേയുള്ളൂ..."

"എന്തായാലും സംഭവിച്ചുപോയില്ലേ.. ഇതിപ്പോ ഞങ്ങള്‍ കഴിഞ്ഞ രണ്ട്‌ ദിവസവും വന്നതാണ്‌.. ഇന്നും എത്തിയിട്ടുണ്ട്‌.. അപ്പോള്‍ ഞങ്ങള്‍ക്ക്‌ അറ്റന്‍ഡന്‍സ്‌ തന്ന് പ്രൊസീഡ്‌ ചെയ്യാന്‍ അനുവദിച്ചുകൂടേ??"

"ഹേയ്‌.. അത്‌ പറ്റില്ലാ.. നിങ്ങള്‍ ബിജുവിന്റെ കോളത്തില്‍ കഴിഞ്ഞ രണ്ട്‌ ദിവസം ഒപ്പിട്ടില്ലേ... അത്‌ ചീറ്റിംഗ്‌ അല്ലേ...??"

"സുഹൃത്തേ... ഒരു അറ്റന്‍ഡന്‍സ്‌ ഒപ്പിടുന്നതാണോ ഇത്ര വല്ല്യ ചീറ്റിംഗ്‌... ഞാന്‍ ആരുടേയും വീടും പറമ്പും ഒന്നും ഒപ്പിട്ടെടുത്തതല്ലല്ലോ... കള്ള ചെക്ക്‌ ഒപ്പിട്ടതുമല്ലാ... ഒരു സുഹൃത്തിന്‌ വരാന്‍ കഴിയാഞ്ഞപ്പോള്‍ ഒന്ന് സഹായിച്ചു... അതിനിത്ര പ്രശ്നമാക്കാന്‍ എന്തിരിക്കുന്നു.... ഒന്ന് അഡ്ജസ്റ്റ്‌ ചെയ്യാവുന്നതല്ലേയുള്ളൂ..." ഞാന്‍ വീണ്ടും പറഞ്ഞു നോക്കി.

"ഒരു രക്ഷയുമില്ല.. നിങ്ങള്‍ ചെയ്തത്‌ ശരിയായില്ല.. ആദ്യമായാണ്‌ ഇവിടെ അങ്ങനെ ഒപ്പിടുന്നത്‌.. ഇങ്ങനെ സമ്മതിച്ചാല്‍ ഇത്‌ എല്ലാവരും ചെയ്യില്ലേ??"

"പറ്റിയത്‌ പറ്റി.. ഇനി അങ്ങനെ സംഭവിക്കാതിരുന്നാല്‍ പോരേ..."

"വേണമെങ്കില്‍ ഒരു കാര്യം ചെയ്യാം... ഞാന്‍ പറഞ്ഞ്‌ നിങ്ങളുടെ വൈഫിന്റെ അറ്റന്‍ഡന്‍സ്‌ ശരിയാക്കാം.. നിങ്ങളുടെ കാര്യം രക്ഷയില്ലാ..."

പകുതി ആശ്വാസമായെങ്കിലും ബാക്കി പകുതി കൂടി ശരിയാക്കാനായി എന്റെ ശ്രമം..

"ശരി... എന്തായാലും ഞാന്‍ കോ-ഓര്‍ഡിനേറ്ററോട്‌ ഒന്ന് പറഞ്ഞു നോക്കട്ടെ..നിങ്ങള്‍ സപ്പോര്‍ട്ട്‌ ചെയ്തില്ലേലും എതിര്‍പ്പ്‌ പറയാതിരുന്നാല്‍ മതി.."

"അത്‌ ശരിയാവില്ല... ഞാന്‍ അങ്ങേരെ കണ്ട്‌ നിങ്ങളുടെ ഭാര്യയുടെ അറ്റന്‍ഡന്‍സ്‌ ശരിയാക്കാം.. പക്ഷേ, നിങ്ങള്‍ സംസാരിക്കാന്‍ നില്‍ക്കരുത്‌... " അയാള്‍ക്ക്‌ നിര്‍ബദ്ധം.

"അതെന്താ.. ഞാനൊന്ന് പറഞ്ഞ്‌ നോക്കട്ടെ..."

"അതൊന്നും ശരിയാവില്ലാ..." എന്നും പറഞ്ഞു പുള്ളിക്കാരന്‍ അവിടെ നിന്ന് പോയി.

ഞാന്‍ നോക്കിയപ്പോള്‍ എന്റെ ഭാര്യ അവിടെ നിന്ന് ദൂരെ മാറി നില്‍പ്പുണ്ട്‌. ഇവളെ കൂടെ കൂട്ടി ഒരു സഹതാപതരംഗം വര്‍ക്ക്‌ ഔട്ട്‌ ചെയ്യാന്‍ നോക്കിയ എന്നെ വേണം പറയാന്‍..

"നീയെന്താ വ്യഭിചാരക്കുറ്റത്തിന്‌ അറസ്റ്റ്‌ ചെയ്ത ഫീലിങ്ങോടെ നില്‍ക്കുന്നത്‌?..." ഞാന്‍ ചോദിച്ചു.

"പിന്നേ.. എനിയ്ക്ക്‌ ഇങ്ങനെ കുറ്റം ചാര്‍ത്തി ചോദ്യം ചെയ്യുന്ന തരത്തിലൊന്നും ഇതിനുമുന്‍പ്‌ നില്‍കേണ്ടിവന്നിട്ടില്ല... ഇതൊന്നും ശീലവുമില്ല... നിങ്ങളുടെ കൂടെ കൂടിയശേഷമാ ഇങ്ങനെയൊക്കെ... ഞാനില്ല ഒന്നിനും.."

"നീ ഒന്ന് അടങ്ങ്‌.. പറഞ്ഞ്‌ നോക്കട്ടെ.. ഇപ്പോ നിന്റെ അറ്റന്‍ഡന്‍സ്‌ ശരിയാക്കാം എന്ന് ഏറ്റിട്ടുണ്ട്‌.. അതെങ്കില്‍ അത്‌.. ബാക്കി നോക്കാം.." ഞാന്‍ പറാഞ്ഞു..

എന്നെ ഞെട്ടിച്ച്‌ കൊണ്ട്‌ എന്റെ ഭാര്യയുടെ മറുപടി വന്നു. "അത്‌ വേണ്ടാ...അങ്ങനെ അങ്ങേരുടെ ഔദാര്യം വേണ്ടാ.. നമുക്ക്‌ അയാളുടെ അറ്റന്‍ഡന്‍സ്‌ വേണ്ടാന്നേ..."

'ഹോ.. എന്തൊരു ഇന്റഗ്രിറ്റി.. എനിയ്ക്ക്‌ കിട്ടാത്ത അറ്റന്‍ഡന്‍സ്‌ അവള്‍ക്കും വേണ്ട...' എന്നൊക്കെ മനസ്സില്‍ വിചാരിച്ച്‌ ഒരല്‍പ്പം ആരാധനയോടെ നോക്കിയപ്പോഴേയ്ക്ക്‌ അവള്‍ ബാക്കി കൂടി പറഞ്ഞു.

"എന്തായാലും ഞാന്‍ ഈ കൊല്ലം പരീക്ഷയൊന്നും എഴുതാന്‍ പോകുന്നില്ലാ.. പിന്നെന്തിനാ അറ്റന്‍ഡന്‍സ്‌..?? അത്‌ അടുത്ത കൊല്ലം അറ്റന്‍ഡ്‌ ചെയ്യാലോ.."

"ഓഹോ.. അത്‌ തരക്കേടില്ലാ... എന്നാപ്പിന്നെ അങ്ങനെയാവട്ടെ അല്ലേ.." എനിയ്ക്കും ആ ഐഡിയ ബോധിച്ചു. മാത്രവുമല്ല, ഇതങ്ങോട്ട്‌ കഴിഞ്ഞ്‌ ചെന്നാല്‍ നേരേ MD ആക്കാമെന്നൊന്നും ആരും ഓഫര്‍ തന്നിട്ടും ഇല്ലല്ലോ...

"എന്നാല്‍ പിന്നെ അടുത്ത കൊല്ലം അറ്റന്‍ഡ്‌ ചെയ്ത്‌ അറ്റന്‍ഡന്‍സ്‌ ശരിയാക്കിയാല്‍ മതിയോ എന്ന കാര്യങ്ങള്‍ ആ കോ-ഓര്‍ഡിനേറ്ററോട്‌ ചോദിച്ചറിഞ്ഞാലോ?" എന്ന് ഞാന്‍ പറഞ്ഞ്‌ കഴിഞ്ഞതും അതാ അങ്ങേര്‍ എത്തിക്കഴിഞ്ഞു.

ഞങ്ങള്‍ അടുത്തെത്തി.. കഴിഞ്ഞ രണ്ട്‌ ദിവസവും വന്നിരുന്നെന്നും ഇന്ന് ലേറ്റ്‌ ആയെന്നുമൊക്കെ മുഖവുരയോടെ തുടങ്ങിയപ്പോള്‍ ഞങ്ങളെ ക്ലാസ്സില്‍ കണ്ട കാര്യം പുള്ളിക്കാരന്‍ സ്ഥിരീകരിച്ചു, എന്നിട്ട്‌ ഇന്നത്തെ അറ്റന്‍ഡന്‍സ്‌ ശരിയാക്കാം എന്ന ഭാവത്തോടെ സംസാരിച്ച്‌ തുടങ്ങിയപ്പോഴേയ്ക്ക്‌ അവിടെ നിന്നിരുന്ന അറ്റന്‍ഡര്‍ ഇടപെട്ടു..

"സാര്‍.. അത്‌ ആ സിഗ്‌ നേച്ചര്‍ പ്രോബ്ലം ഇല്ലയാ... ആ കേസ്‌ താന്‍..."

"ഓ.. അത്‌ താനാ.... സാറി....അത്‌ യുവര്‍ സ്റ്റഡി സെന്റര്‍ പേര്‍സണ്‍ താന്‍ കണ്ട്‌ പുടിച്ചത്‌... ഐ ആം റെഡി റ്റു ഹെല്‍പ്‌ യു..... യു ഡിസ്‌ കസ്‌ വിത്ത്‌ ഹിം...."

അപ്പോഴല്ലേ സംഗതികളുടെ കിടപ്പ്‌ പിടികിട്ടിയത്‌. ഇങ്ങേര്‍ക്കല്ല പ്രശ്നം... എത്ര നല്ലവനായ അയല്‍ സംസ്ഥാനക്കാരന്‍... പുള്ളിക്കാരന്‍ മുല്ലപ്പെരിയാര്‍ പ്രശ്നമൊന്നും അറിഞ്ഞിട്ടില്ലാ.. പാവം...
പ്രശ്നം നമ്മ സ്വന്തം ആള്‌ താന്‍...

ഞാന്‍ ബിജുവിന്റെ അടുത്തേയ്ക്ക്‌ ചെന്ന് വിവരം പറഞ്ഞു.

"ങാ.. ശരിയാണെന്നേ... ഞാനും ആദ്യം സ്റ്റഡി സെന്ററിലുള്ളവനല്ലേ...., നമ്മളെ ഹെല്‍പ്പ്‌ ചെയ്യുമല്ലോ എന്നൊക്കെ വിചാരിച്ച്‌ അവന്റെ അടുത്ത്‌ ചെന്ന് പറഞ്ഞു. അപ്പോള്‍ അവന്‍ ഭയങ്കര ചൂട്‌... അവനാണ്‌ പ്രശ്നമെന്ന് എനിയ്ക്കും തോന്നി.. പക്ഷെ, അവന്‍ പറയുന്നത്‌ കോ-ഓര്‍ഡിനേറ്റര്‍ ആണ്‌ പ്രശ്നമ്മെന്ന്...."

"ഇവനെന്താ നമ്മോടിത്ര വൈരാഗ്യത്തിന്‌ കാരണം??" ഞാന്‍ ചോദിച്ചു.

അപ്പോഴാണ്‌ ബിജു ആ രഹസ്യം വെളിപ്പെടുത്തിയത്‌...

"ഞാന്‍ ഫീസ്‌ അടയ്ക്കാന്‍ സ്റ്റഡി സെന്ററില്‍ ചെന്നപ്പോള്‍ ഇങ്ങേരാണ്‌ അസ്സൈന്‍ മെന്റ്‌ എഴുതാതെ കാശ്‌ കൊടുത്തിട്ടുള്ള പരിപാടി പറഞ്ഞത്‌... അതായത്‌ 4000 രൂപ കൊടുത്താല്‍ ഇക്കൊല്ലത്തെ എല്ലാ പേപ്പറിന്റെയും അസ്സൈന്‍ മെന്റ്‌ അങ്ങേര്‌ അറേഞ്ച്‌ ചെയ്ത്‌ കൊടുക്കാം എന്ന് പറഞ്ഞിരുന്നു..."

ബിജു ഈ കാര്യം എന്നോടും നേരത്തേ സൂചിപ്പിച്ചിരുന്നു. ഇത്രയും കാശ്‌ കൊടുത്ത്‌ ഇത്‌ എഴുതിപ്പിക്കുന്ന കാര്യത്തില്‍ എനിയ്ക്കും ഗോപിയ്ക്കും വല്ല്യ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട്‌ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. മാത്രമല്ല, ഈ കോണ്ടാക്റ്റ്‌ ക്ലാസ്സ്‌ തുടങ്ങുന്നതിനുമുമ്പ്‌ തീരുമാനം പറഞ്ഞ്‌ കാശ്‌ കൊടുക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കോണ്ടാക്റ്റ്‌ ക്ലാസ്സിന്‌ വന്നപ്പോള്‍ അതിന്റെ മുന്നില്‍ വില്‍ക്കുന്ന ഗൈഡുകളില്‍ അസ്സൈന്‍ മെന്റ്‌ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളുടെ പേജ്‌ നമ്പറുകളും വരെ കൃത്യമായി കൊടുത്തിരിയ്ക്കുന്നു. എല്ലാ സബ്ജക്റ്റിന്റെ ബുക്കുകളും ചേര്‍ന്ന് വില 630 രൂപ മാത്രം. ഇത്‌ കണ്ടാല്‍ പിന്നെ ആരെങ്കിലും 4000 രൂപ മുടക്കി വേറെ എഴുതിപ്പിക്കുമോ... അതാണ്‌, ഈ ക്ലാസ്സ്‌ തുടങ്ങുന്നതിനുമുമ്പ്‌ കണ്‍ഫര്‍മേഷന്‍ പറഞ്ഞ്‌ കാശ്‌ കൊടുക്കണമെന്ന് അങ്ങേര്‌ നിര്‍ബന്ധം പിടിച്ചതെന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായി.

"അപ്പോള്‍ നമ്മള്‍ പുള്ളിക്കാരന്‌ അസ്സൈന്‍ മെന്റ്‌ ബിസിനസ്സ്‌ ശരിയാക്കിക്കൊടുക്കാത്തതാണ്‌ പ്രശ്നം അല്ലേ??" ഞാന്‍ ചോദിച്ചു.

"അത്‌ തന്നെയാവണം..."ബിജു ഏതാണ്ട്‌ ഉറപ്പിച്ചു.

"വാ.. നമുക്ക്‌ ആ കോ-ഓര്‍ഡിനേറ്ററോട്‌ അടുത്ത സെമസ്റ്ററിന്‌ ഈ മിസ്സായ കോണ്ടാക്റ്റ്‌ ക്ലാസ്സുകള്‍ അറ്റന്‍ഡ്‌ ചെയ്താല്‍ മതിയോ എന്ന് ചോദിച്ചു നോക്കാം.." എന്റെ ഭാര്യയ്ക്ക്‌ നിര്‍ബന്ധം.

ഞങ്ങള്‍ കോ-ഓര്‍ഡിനേറ്ററുടെ അടുത്തെത്തി.

"സാര്‍.. ഈഫ്‌ അറ്റന്‍ഡന്‍സ്‌ ഈസ്‌ നോട്ട്‌ പോസ്സിബിള്‍ നൗ... ഷാല്‍ വി അറ്റന്‍ഡ്‌ ദിസ്‌ ക്ലാസ്‌ ഇന്‍ നെക്സ്റ്റ്‌ ഇയര്‍?"

"അത്‌ താന്‍ നല്ലത്‌ അമ്മാ... അറ്റന്‍ഡന്‍സ്‌ കറകറ്റ്‌ പണ്ണത്‌ റൊമ്പ കഷ്ടം.. അതെല്ലാം വിട്ടിടുങ്കോ... ഗൊ ഹോം ഹാപ്പിലി ആന്‍ഡ്‌ അറ്റന്‍ഡ്‌ നെക്സ്റ്റ്‌ ടൈം... ഇതെല്ലാം ജസ്റ്റ്‌ ഫോര്‍മാലിറ്റി... ഓണ്‍ലി തിംഗ്‌ ഈസ്‌ ദാറ്റ്‌ യു പാസ്സ്‌ ദ കോഴ്സ്‌ ഇന്‍ ദ ടൈം ഫ്രയിം.." അദ്ദേഹം ഉപദേശിച്ചു.

"സര്‍... വി ഹാവ്‌ 7 ഇയേര്‍സ്‌ ടൈം ആസ്‌ പെര്‍ യൂണിവേര്‍സിറ്റി ഗൈഡ്‌ ലൈന്‍സ്‌..." എന്റെ ഭാര്യ നിഷ്കളങ്കമായി പറഞ്ഞു.

"അയ്യയ്യോ അമ്മാ... 7 ഇയേര്‍സാ..... പാസ്സ്‌ ദിസ്‌ കോഴ്സ്‌ ഇന്‍ 2 ഇയേര്‍സ്‌ ടേം എന്നത്‌ താന്‍ മീന്‍ പണ്ണത്‌..."

ഒരു ചമ്മിയ ചിരിയോടെ അവള്‍ സംതൃപ്തിയടഞ്ഞു.

എനിയ്ക്ക്‌ ചിരിവന്നു.

"നമ്മള്‍ എത്രകൊല്ലം കൊണ്ട്‌ എഴുതി എടുക്കാന്‍ പോകുന്നു എന്നൊക്കെ ഇങ്ങേരോട്‌ പറയാന്‍ നിക്കണോ, മണ്ടി... "

'എന്തായാലും ഈ കൊടും ചൂടത്ത്‌ കത്തിയും കേട്ട്‌ ഇരിയ്ക്കാതെ വീട്ടില്‍ പോയി കിടന്നുറങ്ങാമല്ലോ..' എന്ന ആശ്വാസമായിരുന്നു എനിയ്ക്ക്‌.

അങ്ങനെ ഒരു ജൂസും കുടിച്ച്‌ കാറില്‍ കയറി വീട്ടിലേയ്ക്ക്‌...

കാറിലിരിയ്ക്കുമ്പോള്‍ എന്റെ മനസ്സില്‍ 'എങ്ങനെയൊക്കെ ആ സ്റ്റഡി സെന്ററിലെ അവനിട്ട്‌ ഒരു പണികൊടുക്കാം..' എന്നതിന്റെ പദ്ധതികള്‍ മിന്നിമറയുകയായിരുന്നു...

അതേ സമയം, കാറിലിരുന്നുകൊണ്ട്‌ ഭാര്യയുടെ ഒരു ആത്മഗതം ഇത്തിരി ഉച്ഛത്തിലായിപ്പോയി...

"ഏത്‌ നശിച്ച സമയത്താണാവോ ഈ കുരുത്തക്കൊള്ളികളുടെ കൂടെ ഈ കോഴ്സിന്‌ ചേരാന്‍ തോന്നിയത്‌..... വെറുതേ വേലീല്‍ കിടക്കണ പാമ്പിനെ...."

Thursday, March 06, 2008

കോണ്ടാക്റ്റ്‌ ക്ലാസ്സ്‌ - ഭാഗം 1

ആവശ്യത്തിന്‌ ജീവിയ്ക്കാന്‍ വേണ്ട വിദ്യഭ്യാസയോഗ്യതയുണ്ടെങ്കിലും അത്യാഗ്രഹത്തിനുള്ള വിദ്യാഭ്യാസം സിദ്ധിയ്ക്കാനായി കുറച്ച്‌ നാള്‍ മുമ്പ്‌ MBA കോഴ്സിന്‌ ചേരാന്‍ ഞാന്‍ തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനം എടുപ്പിക്കുന്നതില്‍ എന്റെ ധര്‍മ്മപത്നിയുടെ തലയണമന്ത്രവും തെറിവിളിയും വലിയ പങ്ക്‌ വഹിച്ചു എന്നതാണ്‌ സത്യം.

അവള്‍ക്ക്‌ MBA പഠിക്കാന്‍ താല്‍പര്യമുണ്ടെന്നും അത്‌ ഞാനില്ലാതെ തന്നെ പഠിക്കാന്‍ കെല്‍പ്പില്ലെന്നും മാത്രമല്ല പ്രിയതമന്റെ വിദ്യഭ്യാസം മെച്ചപ്പെടുത്താന്‍ താല്‍പര്യമാണെന്നുമൊക്കെയുള്ള പ്രചാരണങ്ങളാണ്‌ എന്റെ ചെവിയിലേക്ക്‌ എത്തിച്ചുകൊണ്ടിരുന്നത്‌. എന്നെക്കൊണ്ട്‌ പഠിക്കാനാവില്ലെന്നൊക്കെപ്പറഞ്ഞ്‌ കുറേ ഉടക്കി നിന്നെങ്കിലും ഇനി അവള്‍ തന്നെ MBA പഠിച്ച്‌ എന്നെ നോക്കി കൊഞ്ഞനം കുത്തിയാലൊ എന്ന്‌ വിചാരിച്ച്‌ ഞാനതങ്ങ്‌ സമ്മതിച്ചു. മാത്രമല്ല, ഭാവിയില്‍ വല്ല കമ്പനിയുടേയും ഉന്നതസ്ഥാനം അലങ്കരിക്കേണ്ടി വരുമ്പോള്‍ (പ്യൂണിന്റെ പണി അല്ല ഉദ്ദേശിച്ചത്‌) വിദ്യാഭ്യാസ യോഗ്യതകള്‍ നിരത്തി എഴുതിവച്ച്‌ ആള്‍ക്കാരെ പറ്റിക്കാമല്ലോ.

നമുക്ക്‌ അണ്ണന്‍ മാരുടെ യൂണിവേര്‍സിറ്റിയോടാണ്‌ പ്രതിപത്തി എന്നതിനാല്‍ തന്നെ (നേരേ ചൊവ്വേയുള്ള നല്ല കോഴ്സുകള്‍ക്ക്‌ കിട്ടാഞ്ഞിട്ടല്ലാ... ശ്രമിക്കാഞ്ഞിട്ടാ... വെറുതേ എന്തിനാ നാണം കെടുന്നേ..) ഇത്‌ അണ്ണാമലൈ യൂണിവേര്‍സിറ്റിയുടെ അക്കൗണ്ടില്‍ ആവട്ടെ എന്ന്‌ കരുതി അതിന്റെ ഡിസ്റ്റന്‍ഡ്‌ എഡ്യൂക്കേഷനാണ്‌ ചേര്‍ന്നത്‌. കൊണ്ടാക്റ്റ്‌ ക്ലാസ്സുകള്‍ എറണാകുളത്ത്‌ ഉണ്ടെന്നുള്ളതിനാല്‍ കെട്ട്യോളും പെട്ടിയും കുട്ടിയുമൊക്കെയായി പാണ്ടിനാട്ടിലേയ്ക്ക്‌ വണ്ടി കേറണ്ടാ എന്നത്‌ തന്നെ ആശ്വാസം.

വല്ലാത്ത വേദനയോടെ (കാശില്ലാതെ മാല പണയം വച്ചൊക്കെ ഫീസ്‌ കൊടുക്കേണ്ടിവരുമ്പോള്‍ അങ്ങനെയാ... മാത്രമല്ല, 'എന്തൊക്കെ ത്യാഗം സഹിച്ചാണ്‌ പഠിച്ചതെന്നോ' എന്ന്‌ ചെറുപ്പത്തിലേ അച്ഛനും അമ്മയും പറഞ്ഞതിന്‌ പ്രതികാരം വീട്ടാന്‍ നമ്മുടെ വരും തലമുറയോടും നമുക്ക്‌ പറയാന്‍ എന്തെങ്കിലും വേണ്ടേ..) കോഴ്സിന്‌ ചേരാന്‍ ഫീസ്‌ അടച്ചപ്പൊള്‍ അവര്‍ ഓരോ കെട്ട്‌ പുസ്തകങ്ങള്‍ തന്നു.

അങ്ങനെ രണ്ട്‌ കെട്ട്‌ പുസ്തകലോഡുമായി ഞങ്ങല്‍ വീട്ടിലെത്തി. അന്ന്‌ തന്നെ ഒരു കെട്ട്‌ മിന്നൂസിന്‌ ഡെഡിക്കേറ്റ്‌ ചെയ്യുകയും ചെയ്തു. അവള്‍ക്കെന്തോ അത്‌ തന്നെ വേണമെന്ന്‌ വല്ലാത്ത താല്‍പര്യം, ഞാനാണെങ്കില്‍ അത്‌ തുറന്നുനൊക്കാനുള്ള സാദ്ധ്യത ഇല്ലാത്തതിനാല്‍ ചോദിച്ച ഉടനേ തന്നെ എടുത്ത്‌ കൊടുക്കുകേം ചെയ്തു. അത്‌ കണ്ട്‌ എന്റെ ഭാര്യ എന്റെ പഠനത്തോടുള്ള ആ താല്‍പര്യത്തെ ആരാധനയൊടെ നോക്കി. എന്നിട്ട്‌ പറഞ്ഞു..

"പുസ്തകൊം ചോദിച്ചൊണ്ട്‌ എന്റെ അടുത്തേയ്ക്ക്‌ വന്നേക്കരുത്‌, പറഞ്ഞേക്കാം.."

"പിന്നേ.. നീ പുസ്തകം തന്നിട്ടാണല്ലൊ ഞാന്‍ ഇതുവരെ പഠിച്ച്‌ കേമനായത്‌..."

"ഓ.. പിന്നേ.. കേമത്തമൊന്നും അധികം പറയണ്ടാ.. "
(അവള്‍ എന്റെ പഴയ കോപ്പിയടി കഥകളുടെ ബ്ലോഗുകള്‍ വായിച്ചുണ്ടെന്ന്‌ അറിയാമായിരുന്ന ഞാന്‍ ഒരു ഗോമ്പറ്റീഷന്‌ നിന്നില്ല. പാവം, എന്തേലും പറഞ്ഞ്‌ ജയിച്ചൊട്ടെ...)

അങ്ങനെ നാളുകള്‍ കഴിഞ്ഞപ്പൊള്‍ യൂണിവേര്‍സിറ്റിയില്‍ നിന്ന്‌ പലതരം കാര്യങ്ങള്‍ പോസ്റ്റലായി വന്നു. അതിന്റെ കൂട്ടത്തില്‍ കോണ്ടാക്റ്റ്‌ ക്ലാസ്സിന്റെ ഷെഡ്യൂളും.

4 ദിവസങ്ങള്‍ തുടര്‍ച്ചയായി ഫെബ്രുവരി അവസാനം മുതലും , അടുത്ത സെറ്റ്‌ മാര്‍ച്ചിലും...

'ഇതൊക്കെ വെറും ചീള്‌ കേസ്‌... അറ്റന്‍ ഡി ചെയ്തില്ലേലും കുഴപ്പമുണ്ടാവില്ല' എന്ന്‌ വിചാരിച്ചെങ്കിലും അറ്റന്‍ഡന്‍സ്‌ നിര്‍ബദ്ധമാണെന്ന സത്യം സ്റ്റഡി സെന്ററില്‍ നിന്ന്‌ മനസ്സിലാക്കിയപ്പൊള്‍ ദേഷ്യം ഭാര്യയോടാണ്‌ തോന്നിയത്‌... അവളാണല്ലോ എന്നെ ഈ പരിപാടിയില്‍ കൊണ്ട്‌ കയറ്റിയത്‌...

പിന്നെ, എന്ത്‌ കുന്തോം ആവട്ടെ... കിട്ടുന്ന അവസരങ്ങളെ എങ്ങനെ രസകരമായി ആസ്വദിക്കാം എന്ന പോളിസിയുള്ള എന്നോടാ കളി... കോണ്ടാക്റ്റ്‌ ക്ലാസ്സെങ്കില്‍ അങ്ങനെ....

"അവിടെ നല്ല പെണ്‍ കൊച്ചുങ്ങള്‍ ഉണ്ടായാല്‍ മതിയായിരുന്നു" എന്ന എന്റെ ആഗ്രഹം ഞാനങ്ങ്‌ ഭാര്യയൊടും തുറന്ന്‌ പറഞ്ഞു. (നിഷ്കളങ്കത കൊണ്ടാണേ...)

"നല്ല പെങ്കൊച്ചുങ്ങള്‍ ഉണ്ടായിട്ടെന്തിനാ... നീഗ്രോസും ഈ കൊഴ്സ്‌ പഠിക്കുന്നുണ്ടോ എന്ന്‌ അവര്‍ വിചാരിക്കും, അത്ര തന്നെ.." അവള്‍ എന്റെ കളറിനും ഗ്ലാമറിനും ഇട്ടൊന്ന്‌ താങ്ങി.

'പാവം.. വെറുതേ എന്തിനാ സൗന്ദര്യക്കാര്യത്തില്‍ ഒരു തര്‍ക്കം..' എന്ന്‌ വിചാരിച്ച്‌ ഞാനൊന്നും പറയാന്‍ പോയില്ല.

അങ്ങനെ ഓഫീസില്‍ ചെന്ന്‌ ലീവും എടുത്ത്‌ "ഞാനൊന്ന്‌ പോയി വല്ല തരികിടയും ഒപ്പിച്ച്‌ അറ്റന്‍ഡന്‍സ്‌ ശരിയാക്കി വരാന്‍ പറ്റുമോ എന്ന്‌ നോക്കട്ടേ" എന്നും പറഞ്ഞ്‌ പത്നീസമേതനായി കാറില്‍ പുറപ്പെട്ടു.

പള്ളുരുത്തി സെന്റ്‌ ജൊസഫ്‌ വുമണ്‍സ്‌ കൊളേജില്‍ വച്ചാണ്‌ സംഭവം... ക്ലാസ്സിന്റെ ടൈം 9 മണിയാണെങ്കിലും ഞങ്ങള്‍ അങ്ങൊട്ട്‌ പുറപ്പെടുന്നത്‌ 9.15 ന്‌.

ഈ പഠിപ്പിസ്റ്റ്‌ പെണ്‍പിള്ളേരുടെ ഒരു മാനസികാവസ്ഥയുണ്ട്‌...

"അയ്യോ.. വൈകിയല്ലോ... ഇനി എന്താ ചെയ്യാ.. അവിടെ ചെന്ന്‌ കയറുമ്പൊള്‍ ചീത്ത പറയോ..." തുടങ്ങിയ നമ്പറുകള്‍.. ഇത്തരം ജല്‍പനങ്ങള്‍ നടത്തിക്കൊണ്ട്‌ എന്റെ ഭാര്യ സൈഡ്‌ സീറ്റില്‍ ഇരിപ്പുണ്ടെങ്കിലും എന്റെ മുഖത്ത്‌ അത്‌ കേട്ടതിന്റെ യാതൊരു ഭാവവും കാണാതായപ്പൊള്‍ അവള്‍ക്ക്‌ അതിലായി പരാതി.

"ഇവിടെ ഇതൊന്നും ഒരു വിഷയമല്ലല്ലൊ... ഭയങ്കര തൊലിക്കട്ടിയാണല്ലോ..."

"അതേ.. അവിടെ ബഞ്ചിന്റെ മുകളില്‍ മുട്ട്‌ കുത്തി നിര്‍ത്തിയ്ക്കും.. അല്ലെങ്കില്‍ വെയിലത്ത്‌ രണ്ട്‌ കയ്യും പൊക്കിപ്പിടിച്ച്‌ നിര്‍ത്തിക്കും...നിനക്ക്‌ വേറേ പണിയില്ലേ... ചുമ്മാ ഒരൊന്ന്‌ പറഞ്ഞ്‌ ടെന്‍ഷനടിക്കാനായിട്ട്‌...
അവിടെ നല്ല പെണ്‍ കൊച്ചുങ്ങളൊക്കെ ഉണ്ടായാല്‍ മതിയായിരുന്നു..."

"ഓ.. ഇപ്പൊഴും ആ പൂതി വിട്ടില്ലേ???"

"നീ അവിടെ ചെന്നിട്ട്‌ എന്റെ കൂടെ നടക്കണ്ടാ ട്ടൊ... നീ എന്റെ ഭാര്യയാണെന്നറിഞ്ഞാല്‍ എന്റെ മാര്‍ക്കറ്റ്‌ വാല്യൂ പോകും പറഞ്ഞേക്കാം.."

"പിന്നേ.. ഒരു മാര്‍ക്കറ്റ്‌ വാല്യൂ.... ഞാന്‍ പിന്നാലെ തന്നെ ഉണ്ടാകും... അല്ലാ... എഴുതാന്‍ പുസ്തകമൊന്നും വാങ്ങുന്നില്ലേ??" അവള്‍ ചൊദിച്ചു.

"ഹേയ്‌.. അതൊന്നു വേണ്ടിവരില്ലാ..." എനിയ്ക്ക്‌ ഭയങ്കര ആത്മവിശ്വാസം.

"ഇങ്ങനെ നാണമില്ലാത്തവരുണ്ടോ? ഒരു പുസ്തകമെങ്കിലും വാങ്ങി കയ്യില്‍ വയ്ക്ക്‌.. കയ്യില്‍ ഒന്നുമില്ലാതെ എങ്ങനെയാ ക്ലാസ്സില്‍ കയറി ചെല്ലുന്നത്‌.. അതും ലേറ്റായിട്ട്‌?.. എന്റെ കയ്യില്‍ സ്റ്റഡിമെറ്റീരിയത്സും നോട്ട്‌ ബുക്കും ഉണ്ട്‌.."

"ഓ.. നിന്നെപ്പൊലെ വിവരമില്ലാത്തവര്‍ക്ക്‌ അതൊക്കെ വേണം... എന്നെപ്പൊലുള്ളവര്‍ പുസ്തകമുണ്ടായിട്ടൊന്നുമല്ല ഈ നിലയിലെത്തിയത്‌ അറിയൊ??"

അഹങ്കാരം പറഞ്ഞ്‌ പറഞ്ഞ്‌ ഞങ്ങള്‍ സ്ഥലത്തെത്തി. ആ കോമ്പൗണ്ടില്‍ പിന്‍ ഭാഗത്ത്‌ കാര്‍ ഒരു വാഴക്കൂട്ടത്തില്‍ പാര്‍ക്ക്‌ ചെയ്ത്‌ ക്ലാസ്സ്‌ അന്വേഷിച്ച്‌ നടപ്പായി.

ഈ അന്വേഷണത്തില്‍ എനിയ്ക്ക്‌ അല്‍പം സന്തോഷം കൂടി. കാരണം, നല്ല കളക്‌ ഷന്‍... ധാരാളം കളറുകള്‍... അവസാനം ഞങ്ങളുടെ ക്ലാസ്സ്‌ നടക്കുന്ന സ്ഥലം കണ്ടെത്തി.

മറ്റ്‌ എല്ലാ ക്ലാസ്സുകളും ശരിയായ കോളേജ്‌ ക്ലാസ്സ്‌ റൂമുകളിലാണെങ്കിലും ഞങ്ങളുടെ ക്ലാസ്സ്‌ ഒരു കാര്‍ ഷെഡ്‌ പൊലുള്ള സ്ഥലത്ത്‌... മേല്‍ക്കൂരയും ചുമരുമെല്ലാം പാട്ട കൊണ്ട്‌ നിര്‍മ്മിതം... നല്ല അസ്സല്‍ തീച്ചൂളയാവാനുള്ള ലക്ഷണം...

ലേറ്റ്‌ ആയതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ ഞാന്‍ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു.. നാണവും പേടിയും മൂലം എന്റെ ഭാര്യ നമ്രശിരസ്കയായി പുറകേ... എന്തൊരു വിനയം....

ക്ലാസ്സില്‍ അത്യാവശ്യം ആളുകളുണ്ട്‌... ഒരു മദ്ധ്യവയസ്കനായ സാര്‍ നിന്ന്‌ കസറുന്നുണ്ട്‌...

"എക്സ്‌ ക്യൂസ്‌ മീ സാര്‍..." ഞാന്‍ പറഞ്ഞു..

"കയറി ഇരുന്നൊളൂ..." എന്ന ആംഗ്യം കണ്ടതും ഞങ്ങള്‍ ഉള്ളിലേയ്ക്ക്‌ കയറി.

എല്ലാവരും എന്നെ നോക്കുന്നത്‌ ഞാന്‍ അറിയാത്ത പോലെ നടിച്ചു. കയ്യില്‍ പുസ്തകമോ മുഖത്ത്‌ പഠിയ്ക്കാനുള്ള ലക്ഷണമോ ഇല്ലാത്ത എന്നെ അവര്‍ നോക്കിയതില്‍ കുറ്റം പറയരുതല്ലോ...


(ക്ലാസ്സുകളും സംഭവബഹുലമായ അറ്റന്‍ഡന്‍സുകളും അടുത്ത ലക്കത്തില്‍ തുടരും...)