സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Tuesday, October 30, 2007

പെണ്ണുകാണല്‍ സീരീസ്‌ - 3

രംഗം 3
എന്റെ ഒരു കസിനുവേണ്ടിയുള്ള പെണ്ണുകാണല്‍ ചടങ്ങ്‌ കഴിഞ്ഞ്‌ വീട്ടില്‍ നിന്ന് ഇറങ്ങുന്നു. പതിവുപോലെ ഡ്രൈവറായ ഞാന്‍ നേരെ ചെന്ന് കാറില്‍ കയറി. കസിനാണെങ്കില്‍ ഒട്ടും സ്റ്റൈല്‍ കുറയ്ക്കേണ്ടല്ലോ എന്ന് വിചാരിച്ച്‌ നല്ലൊരു ഷൂവും കാലില്‍ തള്ളിക്കയറ്റിയാണ്‌ വന്നിരുന്നത്‌.

ഷൂവിന്റെ ഉള്ളില്‍ കാല്‌ തിരുകിക്കയറ്റുകയും അതിനുശേഷം അതിന്റെ വള്ളി കെട്ടുകയും ചെയ്യുക എന്നത്‌ 5 മിനിറ്റേ എടുത്തുള്ളുവെങ്കിലും അന്ന് അവിടെ അത്‌ ഒരു അരമണിക്കൂര്‍ തോന്നിച്ചു എന്നതാണ്‌ സത്യം.

ഈ പ്രക്രിയയ്ക്ക്‌ സാക്ഷ്യം വഹിയ്ക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ സന്നിഹിതരായിരുന്നവരൊക്കെയും ഉണ്ടായിരുന്നെന്ന് മാത്രമല്ല, അവരുടെയെല്ലാം മുഖത്ത്‌ ഇതൊന്ന് ശരിയാവാനുള്ള ടെന്‍ഷന്‍ പ്രതിഫലിച്ചിരുന്നു. ഒടുവില്‍ സംഗതി കാലില്‍ സെറ്റപ്പ്‌ ചെയ്ത്‌ കഴിഞ്ഞപ്പോള്‍ എല്ലാവരും ദീര്‍ഘനിശ്വാസമിടുന്ന കണ്ടെങ്കിലും കാറിനടുത്തെത്തിയ കസിന്‍ നല്ലപോലെ വിയര്‍ത്ത്‌ ഒഴുകുന്നുണ്ടായിരുന്നു.

"എന്റെ ചേട്ടോ.. ഇനി ഒരു പെണ്ണുകാണലിന്‌ ഷൂ ഇടുന്ന പ്രശ്നമേയില്ല.... ഈ കാണികളുടെ ഇടയില്‍ കുനിഞ്ഞ്‌ നിന്ന് ഈ സംഭവം ഒന്ന് കെട്ടിയുറപ്പിയ്കാന്‍ ഞാന്‍ പെട്ട പാട്‌" അവന്‍ തന്റെ സാഹചര്യം വെളിപ്പെടുത്തി.

"എന്നാലും നീ അവരെ ഇത്ര ടെന്‍ഷനിടിപ്പിക്കേണ്ടിയില്ലായിരുന്നു" എന്ന് പറഞ്ഞ്‌ ഞങ്ങള്‍ അവിടെ നിന്ന് യാത്രയായി.

ഗുണപാഠം:
എസ്കേപ്പ്‌ സാഹചര്യങ്ങളില്‍ ('എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിയാല്‍ മതി' എന്ന് തോന്നുന്ന പെണ്ണുകാണല്‍ ലൊക്കേഷനുകളില്‍) വളരെ ലളിതമായി ഞോണ്ടിക്കൊണ്ട്‌ പോരാവുന്ന പാദരക്ഷകള്‍ മാത്രം ധരിയ്ക്കുക.

പലപ്പോഴും ഒരു പ്രൊപ്പോസലുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് കണ്‍ഫിയൂഷന്‍ വരുമ്പോള്‍ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു ഫോര്‍മുലയാണ്‌ താഴെ പ്രദിപാദിക്കുന്നത്‌.

A B C D E F എന്ന അക്ഷരങ്ങളെ ആസ്പദമാക്കിയുള്ള ചില ഘടകങ്ങള്‍ പരിശോധിച്ച്‌ അതിന്റെ വെയ്റ്റേജും മാര്‍ക്കും നിശ്ചയിച്ച്‌ അതിന്റെ ആവറേജ്‌ കണ്ടുപിടിക്കുകയാണ്‌ ഈ ഫോര്‍മുലയുടെ പ്രത്യേകത. ഈ ഫോര്‍മുല ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേപോലെ ഉപയോഗപ്രദമാണ്‌.

A - Age- പ്രായത്തിന്റെ മുന്‍ ഗണനയനുസരിച്ച്‌ ഒരു മാര്‍ക്ക്‌ നിശ്ചയിക്കാവുന്നതാണ്‌.
ഉദാഹരണത്തിന്‌ പെണ്‍കുട്ടിയ്ക്ക്‌ വേണ്ട പ്രായം ഏകദേശം എത്രയാണെന്ന സങ്കല്‍പ്പവും പെണ്‍കുട്ടിയുടെ ഒറിജിനല്‍ പ്രായവും തമ്മില്‍ താരതമ്യം ചെയ്ത്‌ മാര്‍ക്കിടാവുന്നതാണ്‌.കണ്ടീഷന്‍ പ്രകാരം 25 ആണ്‌ താല്‍പര്യമുള്ള പ്രായമെങ്കില്‍ പെണ്‍കുട്ടിയ്ക്ക്‌ 30 വയസ്സുണ്ടെങ്കില്‍ അത്‌ നല്ല മാര്‍ക്ക്‌ കൊടുക്കാന്‍ സാധിക്കില്ലാത്തതാകുന്നു. അപ്പോള്‍ മാര്‍ക്ക്‌ ഏകദേശം 50 കൊടുക്കാം....

B-Beauty- സൗന്ദര്യം...
സൗന്ദര്യവും ഇതുപോലെ അവനവന്റെ ആഗ്രഹവും റിയാലിറ്റിയും തമ്മില്‍ കമ്പയര്‍ ചെയ്ത്‌ മാര്‍ക്ക്‌ നിശ്ചയിയ്ക്കാം..

ഇതുപോലെ താഴെ പറയുന്ന മറ്റ്‌ ഘടകങ്ങള്‍ക്കും മാര്‍ക്ക്‌ നിശ്ചയിക്കുക..

C-Character- സ്വഭാവം.
തനി സ്വഭാവം പിന്നെ അനുഭവിച്ചറിയുകയേ നിവര്‍ത്തിയുള്ളൂ.. :-)
(അതൊക്കെ ഒരു യോഗം പോലെ വരും)

D-Dowry- സ്ത്രീധനം അല്ലെങ്കില്‍ സാമ്പത്തികം
(പെണ്‍കുട്ടിയെ സംബദ്ധിച്ച്‌ കൂടുതല്‍ കൊടുക്കേണ്ടിവരുന്നതിന്റെ അളവനുസരിച്ച്‌ മാര്‍ക്ക്‌ കുറയ്ക്കാം... ആണ്‍കുട്ടിയെ സംബദ്ധിച്ച്‌ സാമ്പത്തികം ഒരു മാനദണ്ഠമല്ലെങ്കില്‍ അതിനനുസരിച്ച്‌ മാര്‍ക്ക്‌ നിശ്ചയിയ്ക്കാം... മറിച്ച്‌ പെണ്ണ്‍ കെട്ടുന്നതില്‍ അതും ഒരു ഘടകമാണെങ്കില്‍ കിട്ടുന്നതിന്റെ (ഷെയറിന്റെ) കണക്കനുസരിച്ച്‌ മാര്‍ക്കിടാം.

E-Education- വിദ്യാഭ്യാസം

F-Family- കുടുംബം, കുടുംബപശ്ചാത്തലം

മുകളില്‍ പ്രദിപാദിച്ച ABCDEF യുടെ മാര്‍ക്ക്‌ എടുത്ത്‌ അതിന്റെ ആവറേജ്‌ റീസണബിളാണെങ്കില്‍ ആ പ്രൊപ്പോസല്‍ പോസിറ്റീവ്‌ ആയി എടുക്കാം എന്നതാണ്‌ ഈ ഫോര്‍മുല നിര്‍ദ്ദേശിക്കുന്നത്‌.

ഇനി ഒരു പ്രൊപ്പോസലുമായി മുന്നോട്ട്‌ പോകുന്നില്ല എന്ന് തീരുമാനിക്കുകയാണെങ്കില്‍ അത്‌ എങ്ങനെ അറിയിയ്ക്കും എന്ന ടെന്‍ഷനും പൊതുവേ ഉള്ളതാണ്‌. പെണ്‍ കുട്ടിയെ ഇഷ്ടപ്പെടാത്തതാണെന്ന് ആ കുട്ടി വിചാരിയ്ക്കും എന്ന വ്യാകുലത ഇതിന്റെ ഒരു ഭാഗമാണ്‌.

ജാതകപ്പൊരുത്തം നോക്കാതെയുള്ള പെണ്ണുകാണലുകളാണെങ്കില്‍ ജാതകത്തിന്റെ ചേര്‍ച്ചക്കുറവ്‌ ഒരു കാരണമായി ഉന്നയിയ്ക്കാം. അതില്‍ നിന്ന് തന്നെ 'താല്‍പര്യമില്ലാ' എന്ന സന്ദേശം മറുഭാഗത്തിന്‌ കിട്ടിക്കോളും. ('ഞങ്ങള്‍ നോക്കിയിട്ട്‌ നല്ല ചേര്‍ച്ചയാണല്ലോ... അതെന്തേ നിങ്ങള്‍ നോക്കിയപ്പോ ഒരു ചേര്‍ച്ചക്കുറവ്‌' എന്ന ചോദ്യം പൊതുവേ ഉണ്ടാവില്ല എന്നാണ്‌ പ്രതീക്ഷ.)

മറ്റൊരു സേഫ്‌ ആയ ഒഴിവാക്കല്‍ എന്തെന്നാല്‍ 'ഈ പ്രൊപ്പോസലുമായി മുന്നോട്ട്‌ പോകാന്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്‌' എന്ന് അറിയിയ്ക്കലാണ്‌.
('അതെന്റ്‌ ബുദ്ധിമുട്ട്‌??? അതറിഞ്ഞിട്ടേയുള്ളൂ ബാക്കി കാര്യം..' എന്ന ചോദ്യവും മറുഭാഗത്ത്‌ നിന്ന് ഉണ്ടാവില്ലെന്ന് തന്നെ പ്രതീക്ഷ. അഥവാ അത്തരം ചോദ്യം ഉണ്ടായാല്‍ 'പറയാന്‍ സൗകര്യമില്ല...' എന്നും പറയാം..)

വളരെ സിമ്പിളായ മറ്റൊരു മറുപടി 'ഞങ്ങള്‍ ഈ പ്രൊപ്പോസല്‍ പ്രൊസീഡ്‌ ചെയ്യുന്നില്ല.. സോറി..' എന്ന് പറയുന്നതാണ്‌.

പെണ്ണ്‍ കാണല്‍ ചടങ്ങിന്‌ ശേഷം തിരികെ വരുമ്പോള്‍ 'ഞങ്ങള്‍ അറിയിയ്ക്കാം' എന്നാണ്‌ പറയുന്നതെങ്കില്‍ നിര്‍ബദ്ധമായും ഒരു മറുപടി കൊടുത്തിരിക്കേണ്ടതാണ്‌.. അതാണ്‌ മര്യാദ.

'ഞങ്ങള്‍ ആലോചിച്ചിട്ട്‌ പോസിറ്റീവ്‌ ആണെങ്കില്‍ രണ്ട്‌ ദിവസത്തിനകം അറിയിയ്ക്കാം' എന്ന് പറഞ്ഞാണ്‌ ഇറങ്ങുന്നതെങ്കില്‍ ആ പ്രൊപ്പോസല്‍ പ്രൊസീഡ്‌ ചെയ്യുന്നില്ലെങ്കില്‍ ആ വിവരം അറിയിയ്ക്കണമെന്നില്ല.

ഒരു പെണ്‍കുട്ടിയെ കണ്ട്‌ കഴിഞ്ഞ്‌ പ്രൊസീഡ്‌ ചെയ്യാനാണ്‌ തീരുമാനമെങ്കില്‍ അത്‌ അറിയിയ്ക്കാന്‍ കാലതാമസം എടുക്കാതിരിയ്ക്കുകയാവും നല്ലത്‌.
(എന്റെ അനുഭവമനുസരിച്ച്‌ അത്‌ തിരികെ വീട്ടിലേയ്ക്ക്‌ പോരുന്ന വഴി തന്നെ കാറിലിരുന്ന് ഫോണ്‍ ചെയ്ത്‌ അറിയിയ്ക്കാനുള്ള തത്രപ്പാടായിരുന്നു. 'നീയൊന്ന് അടങ്ങ്‌.. വീട്ടില്‍ ചെന്നിട്ട്‌ അറിയിയ്ക്കാം' എന്ന് പറഞ്ഞ്‌ വീട്ടുകാര്‍ എന്നെ ഒതുക്കി)

ഒരു പെണ്ണ്‍ കണ്ട്‌ ബോധിച്ച ശേഷം താല്‍പര്യമാണെന്ന് അറിയിച്ച ശേഷം അവിടെ നിന്നുള്ള കണ്‍ഫര്‍മേഷന്‍ കിട്ടുന്നവരെ ഒരു പ്രത്യേകതരം ടെന്‍ഷന്‍ തന്നെയാണ്‌. ആ കണ്‍ഫര്‍മേഷനും കൂടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ വല്ലാത്തൊരു ആശ്വാസവും സന്തോഷകരമായ മാനസികാവസ്ഥയുമായിരിയ്ക്കും.

പ്രതീക്ഷകളും സ്വപ്നങ്ങളും തമ്മില്‍ കോമ്പറ്റീഷനില്‍ ഏര്‍പ്പെടുന്ന ഈ മനോവികാരം ഭാവിയില്‍ 'അനുഭവിയ്ക്കാന്‍' പോകുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ യാതൊരു ധാരണയുമില്ലാതെയായിരിയ്ക്കും. ധാരണയില്ലായ്മ തന്നെയാണ്‌ ഈ വികാരത്തിന്റെ സുഖവും.

Sunday, October 28, 2007

പെണ്ണുകാണല്‍ സീരീസ്‌ - 2

പെണ്ണുകാണല്‍ ചടങ്ങുകള്‍ പലതരം നിര്‍ബദ്ധങ്ങളാല്‍ സംഭവിക്കാറുണ്ട്‌. ബ്രോക്കര്‍മാരുടെ തുടര്‍ച്ചയായ അവകാശവാദങ്ങളും നിര്‍ബദ്ധങ്ങളും മൂലമോ ബന്ധുക്കള്‍ വഴിയുള്ള വിവാഹാലോചനയാണെങ്കിലോ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാം.

ഒരു പെണ്‍കുട്ടിയെ കണ്ട്‌ സംസാരിച്ചതിനുശേഷം അത്‌ വേണ്ടെന്ന് പറയാന്‍ വലിയ മനോവിഷമം ഉള്ള നല്ലൊരുവിഭാഗം ആളുകളുണ്ട്‌. ഈ വികാരത്തെ മുതലെടുക്കാന്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ഒരു ശ്രമം പലപ്പോഴും നടക്കാറുണ്ട്‌.

ഒരാളുടെ മനസ്സില്‍ ഭാവിവധുവിനെക്കുറിച്ചുള്ള പല കാര്യങ്ങളില്‍ ചിലത്‌ സാക്ഷാല്‍ക്കരിക്കപ്പെടുകയാണെങ്കില്‍ ഒരു കൂടിക്കാഴ്ചയില്‍ മറ്റ്‌ പല കണ്ടീഷനുകളേയും ഒഴിവാക്കാന്‍ മനസ്സ്‌ നിര്‍ബദ്ധിക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ട്‌. 'പെണ്‍കുട്ടിയെ കണ്ടു, സംസാരിച്ചു' എന്ന കാരണത്താല്‍ സഹതാപം തോന്നി, തനിയ്ക്ക്‌ നൂറുശതമാനവും താല്‍പര്യം തോന്നാതെ തന്നെ വിവാഹത്തിന്‌ സമ്മതിച്ചേക്കാവുന്ന മാനസികാവസ്ഥ ഉണ്ടാവാറുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ വളരെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ രക്ഷകരായി അവതരിച്ചില്ലെങ്കില്‍ പല വിവാഹങ്ങളും നടന്നുപോയേക്കാം. പക്ഷെ, അതിന്റെ ഭാവി ശുഭമോ അശുഭമോ എന്ന് ഊഹിക്കുന്നത്‌ ശരിയല്ലാത്തതിനാല്‍ ഞാനും ഒരു വ്യക്തമായ അഭിപ്രായം പറയുന്നില്ല.

പലപ്പോഴും ചില കണ്ടീഷന്‍സ്‌ ശരിയാകാത്തതിനാല്‍ ചില പെണ്‍കുട്ടികളെ വിവാഹം കഴിക്കുവാന്‍ വിമുഖത കാണിക്കുമ്പോള്‍ തന്നെ 'ഇത്രയും പോലും മാച്ചിംഗ്‌ ഉള്ള വേറൊന്നും ഇനി കിട്ടില്ലേ ആവോ' എന്ന വ്യാകുലതയും പലര്‍ക്കും ഉണ്ട്‌. അത്തരം വ്യാകുലതകളെ കുറ്റം പറയാനാകില്ല. ചിലപ്പോള്‍ ഭാവിയില്‍ ഇതിലും നല്ല കേസുകള്‍ ഉണ്ടായെന്നുവരാം, അല്ലെങ്കില്‍ ഇത്രത്തോളം പോലും സംതൃപ്തകരമായ കേസുകള്‍ കിട്ടിയില്ലെന്നും വരാം.

രംഗം 2

എന്റെ ഒരു കസിനുവേണ്ടി പെണ്ണുകാണാനായി ഒരു സ്ഥലത്ത്‌ ചെന്നപ്പോള്‍ അവിടെ ഒരു ഉത്സവത്തിനുള്ള ജനമുണ്ട്‌. അവരുടെ എല്ലാ ബന്ധുജനങ്ങളും അവിടെ ഹാജര്‍. ഇത്‌ ഒരു പ്രഷര്‍ സിറ്റുവേഷനാണെന്ന് എനിയ്ക്ക്‌ അല്‍പസമയത്തിനകം മനസ്സിലായി. എല്ലാ ബന്ധുക്കളേയും പരിചയപ്പെടുത്തുന്നത്‌ കൂടാതെ ഈ കല്ല്യാണം ഉറച്ചപോലെ ഒരു മാനസികവികാരത്തോടെയുള്ള ചോദ്യങ്ങളും സംസാരങ്ങളും.

പെണ്‍കുട്ടിയെ കണ്ട്‌ കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്ക്‌ സംസാരിയ്ക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ഞാന്‍ ആരാഞ്ഞപ്പോള്‍ അവന്‌ വല്ല്യ താല്‍പര്യമില്ല എന്ന് എനിയ്ക്ക്‌ മനസ്സിലായി. പക്ഷെ, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവര്‍ നേരിട്ട്‌ സംസാരിക്കട്ടെ എന്ന് വളരെ നിര്‍ബദ്ധിച്ചു. ഒടുവില്‍ ഞാനും കൂടി നിര്‍ബദ്ധിച്ചിട്ടാണ്‌ എന്റെ കസിന്‍ ആ പെണ്‍കുട്ടിയുമായി മറ്റൊരു റൂമില്‍ പോയി സംസാരിക്കാന്‍ തയ്യാറായത്‌.

ആ സംസാരം കഴിഞ്ഞ്‌ അവിടെ നിന്ന് ഇറങ്ങിയ ശേഷം അവന്‍ ഒരു തീരുമാനമെടുക്കാനാവാതെ വല്ലാതെ കുഴങ്ങുന്നതായി എനിയ്ക്ക്‌ ബോദ്ധ്യപ്പെട്ടു. പെണ്‍കുട്ടിയ്ക്ക്‌ ജോലിവേണമെന്നത്‌ അവന്റെ ഏറ്റവും വലിയ കണ്ടീഷനായിരുന്നു. അതിനവന്‍ പറഞ്ഞ കാരണവും വളരെ റീസണബിളായിരുന്നു. അവന്റെ മാത്രം വരുമാനം കൊണ്ട്‌ ജീവിക്കുന്ന അവന്റെ കുടുംബത്തില്‍ ഒരു പെണ്‍കുട്ടികൂടി അവനെ മുഴുവന്‍ ആശ്രയിക്കേണ്ടിവന്നാല്‍ അതിന്റെ റിസ്ക്‌ വീണ്ടും കൂടുകയാണെന്നതായിരുന്നു അവന്റെ വാദം. അതുകൊണ്ട്‌ തന്നെ പെണ്‍കുട്ടിയ്ക്ക്‌ ഒരു ജോലിയുണ്ടെങ്കില്‍ ആ കുട്ടിയുടെ വീട്ടുകാരുടെ പല താല്‍പര്യങ്ങളും ആവശ്യങ്ങളും ആ കുട്ടിയുടെ തന്നെ പല ആവശ്യങ്ങളും അവനെ ആശ്രയിക്കാതെ തന്നെ സാധിക്കാവുന്നതാണ്‌. അവന്‌ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ ഒരു ടോട്ടല്‍ ഡിസാസ്റ്റര്‍ ഉണ്ടാവില്ലല്ലോ എന്ന ചിന്തയും.

ഈ പെണ്‍കുട്ടിയ്ക്ക്‌ ജോലി ലഭിക്കാനുള്ള വിദ്യാഭ്യാസമുണ്ടെങ്കിലും അത്‌ ലഭിക്കുമോ എന്നും എവിടെയായിരിയ്ക്കുമെന്നും യാതൊരു മുന്‍ വിധിയ്ക്കും സ്കോപ്പ്‌ ഇല്ലെന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി. എന്നിരുന്നാലും ആ പെണ്‍കുട്ടിയോട്‌ സംസാരിച്ച്‌ കഴിഞ്ഞപ്പോള്‍ അവന്‌ ഒരു തീരുമാനമെടുക്കാന്‍ വലിയ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു.

'അതൊരു നല്ല കുട്ടിയാണ്‌... ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ ആ കുട്ടിയ്ക്ക്‌ വലിയ വിഷമമായിരിയ്ക്കില്ലേ?' എന്ന ചിന്തകാരണം അവന്‍ വലിയ വിഷമത്തിലായിരുന്നു.

ഒടുവില്‍ വളരെ ആലോചിച്ച്‌ രണ്ടുകൂട്ടരുടേയും നന്മയെ കരുതി ആ ബന്ധം വേണ്ടെന്ന് തീരുമാനിക്കുകയാണുണ്ടായത്‌.

ഇത്തരം തീരുമാനമെടുക്കുമ്പോള്‍ സ്വതന്ത്രമായി ചിന്തിക്കാവുന്ന മറ്റൊരു കാര്യം എന്തെന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവര്‍ക്ക്‌ പൂര്‍ണ്ണ താല്‍പര്യം ഇല്ലാത്ത കേസുകളില്‍ ആണ്‍കുട്ടിയുടെ പ്രൊപ്പോസല്‍ വേണ്ടെന്ന് വയ്ക്കുന്നതും സാധാരണമാണ്‌. അത്തരം ഘട്ടങ്ങളില്‍ അവരും സഹതാപമനസ്ഥിതിയോടെയല്ല അതിനെ കാണുന്നത്‌, അല്ലെങ്കില്‍ അങ്ങനെയല്ല അതിനെ കാണേണ്ടത്‌. ആ പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും ഭാവിയ്ക്ക്‌ ഏതാണോ നല്ലത്‌ എന്നതിന്‌ മാത്രം മുന്‍ ഗണന നല്‍കുകയും വികാരങ്ങള്‍ക്ക്‌ പ്രാധാന്യം കുറച്ച്‌ നല്‍കുകയും മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളിലുള്ള ഏക മാര്‍ഗ്ഗം.

പക്ഷെ, യാതൊരു മനോവിഷമവുമില്ലാതെ പെണ്ണ്‌ കണ്ടതിനുശേഷം അത്‌ വേണ്ടെന്ന് പറയുന്ന ഒരുപാട്‌ പേരുമുണ്ട്‌. അവിടെ വികാരത്തിന്‌ ഒട്ടും തന്നെ സ്കോപ്പ്‌ ഇല്ലെന്ന് മാത്രമല്ല, അവരുടെ പ്രയോറിറ്റീസിന്‌ തന്നെയാണ്‌ എപ്പോഴും പരിഗണിക്കുക. 'തന്റെ ജീവിതമാണ്‌..സഹതാപത്തിന്റെ പുറത്ത്‌ ഒരു തീരുമാനമെടുക്കാനാവില്ല' എന്നതാണ്‌ ഇത്തരക്കാരുടെ ചിന്താഗതി.

ഇവിടുത്തെ ഗുണപാഠം എന്തെന്നാല്‍...
പ്രഷര്‍ സിറ്റുവേഷന്‍ ഉണ്ടായാല്‍ തന്നെയും വികാരത്തിന്‌ അടിമപ്പെടാതെ വിവേകത്തോടെ വിശകലനം ചെയ്ത്‌ മാത്രം തീരുമാനമെടുക്കുക എന്നതാണ്‌...

ഇതിനോട്‌ അനുബദ്ധമായ മറ്റൊരു കാര്യമുണ്ട്‌.....
ഒരിയ്ക്കല്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ എടുത്ത തീരുമാനം ശരിയായോ തെറ്റായോ എന്ന് ആലോചിച്ച്‌ പ്രഷര്‍ കൂട്ടാതെ അതിന്റെ പോസിറ്റീവ്‌ സൈഡ്‌ മാത്രം ആലോചിക്കുക. തീരുമാനമെടുക്കുന്നതിനുമുന്‍പ്‌ അത്തരം ചിന്തകള്‍ക്ക്‌ ധാരാളം സമയമുണ്ടല്ലോ.....

(അടുത്ത ലക്കത്തില്‍ തീരുമാനമെടുക്കുന്നതില്‍ പൊതുവേ സ്വീകാര്യമായ ഫോര്‍മുലയും പ്രായോഗിക വശങ്ങളും...)

Wednesday, October 24, 2007

പെണ്ണുകാണല്‍ സീരീസ്‌ - 1

ഫോട്ടോയും കണ്ട്‌ മറ്റ്‌ കണ്ടീഷനുകളും ബോധിച്ച ശേഷമേ പെണ്ണുകാണാന്‍ പോകൂ എന്ന് ദൃഢശപഥമെടുത്തിരുന്നാലും ചിലപ്പോള്‍ അങ്ങനെയല്ലാതെ തന്നെ പെണ്ണുകാണല്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടതായി വരും എന്ന് സ്വന്തം അനുഭവത്തില്‍ നിന്നും മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നും തെളിയിക്കപ്പെട്ടതാകുന്നു.

സ്വന്തം ആവശ്യത്തിനു പുറമേ എന്റെ പല സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ഇത്തരം പെണ്ണുകാണല്‍ ചടങ്ങുകള്‍ ധാരാളം അറ്റന്‍ഡ്‌ ചെയ്യേണ്ടിവന്നിട്ടുള്ളതിനാല്‍ അതില്‍നിന്നെല്ലാം ഉള്‍ക്കൊണ്ട ചില പാഠങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.

പലപ്പോഴും ഫോട്ടോ മാത്രം കണ്ട്‌ പെണ്‍കുട്ടിയുടെ (ആണ്‍കുട്ടിയുടേയും) ഭംഗി നിശ്ചയിക്കാനാവില്ലെന്നതാണ്‌ സത്യം. ഫോട്ടോയില്‍ വന്‍ ഗ്ലാമര്‍ തോന്നുമെങ്കിലും ആ എഫ്ഫ്കറ്റ്‌ ശരിയായ രൂപത്തില്‍ ഉണ്ടാവില്ലെന്നുള്ളതിന്‌ ഞാന്‍ തന്നെ ഉത്തമ ഉദാഹരണം. (ഫോട്ടോഗ്രാഫേര്‍സിന്റെ ഒരു കഴിവേ... സമ്മതിക്കണം).

അതുപോലെ, ഫോട്ടോയില്‍ വല്ല്യ ഭംഗി തോന്നിയില്ലെങ്കിലും നേരിട്ട്‌ കണ്ട്‌ ഒന്ന് സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ ആ സൗന്ദര്യത്തില്‍ ഒരു ആകര്‍ഷണീയത തോന്നാം. ഇങ്ങനെയൊക്കെയാണെങ്കിലും ഫോട്ടോയും ഒറിജിനല്‍ രൂപവും തമ്മില്‍ അങ്ങനെ എലി-പുലി വ്യത്യാസമൊന്നുമുണ്ടാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട്‌ തന്നെ ഫോട്ടോ കണ്ടിട്ട്‌ 'ഏകദേശം കൊള്ളം' എന്നൊരു അഭിപ്രായം വന്നാല്‍ നേരിട്ട്‌ കാണാന്‍ തീരുമാനിക്കുന്നത്‌ തന്നെയാവും നല്ലത്‌.

ഇനി പെണ്‍കുട്ടിയെ കണ്ടിട്ട്‌ ഇഷ്ടപ്പെട്ടില്ല എന്ന് എങ്ങനെ അറിയിയ്ക്കും എന്ന് വൈക്ലബ്യപ്പെടുന്നവര്‍ നിരവധിയാണ്‌. ഈ വൈക്ലബ്യം മുതലെടുക്കുന്ന 'ഇടനിലക്കാരും', 'വീട്ടുകാരും' വളരെ നിര്‍ണ്ണായകമാണ്‌. ഇത്തരം സ്വാധീനങ്ങളെ മനസ്സിലാക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതും വളരെ അത്യാവശ്യം വേണ്ട ഒരു കഴിവാണ്‌.

രംഗം 1

ഫോട്ടോ കണ്ടിട്ട്‌ തന്നെ ആകാരത്തിന്റെ കാര്യത്തിലെ 'വല്ല്യ ചേര്‍ച്ച പോരാ' എന്ന അഭിപ്രായമുണ്ടായിട്ടും പെണ്‍കുട്ടി പ്ലസ്‌ ടുവിനുവേണ്ട അദ്ധ്യാപികാ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുണ്ടെന്ന കാരണത്താല്‍ (എന്റെ അമ്മ ഒരു അദ്ധ്യാപികയാണ്‌ എന്നതു തന്നെ കാരണം) ഈ പെണ്‍കുട്ടിയെ കാണണം എന്നും കണ്ടാല്‍ ഇഷ്ടപ്പെടുമെന്നും മാതാശ്രീ ഉറപ്പ്‌ പറയുകയും ചെയ്തു. ഈ ഉറപ്പിനുള്ള മറ്റൊരു കാരണം അമ്മയുടെ സ്കൂളില്‍ ഒരു ടെമ്പററി പോസ്റ്റിന്‌ ഈ പെണ്‍കുട്ടിയെ അമ്മ വിളിച്ച്‌ വരുത്തുകയും അങ്ങനെ കാണാനും സംസാരിയ്ക്കാനും സാധിക്കുകയും ചെയ്തു എന്നതും കൂടിയാണ്‌.

അമ്മയുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ 200 കി.മീ. സഞ്ചരിച്ച്‌ ആ പെണ്ണുകാണല്‍ അറ്റന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഈ ലോങ്ങ്‌ ഡ്രൈവിന്‌ ഞാനെന്റെ അടുത്ത സുഹൃത്തിന്റെ കൂടെ കൂട്ടുകയും ചെയ്തു. (അവന്റെ അഭിപ്രായം കൂടി അറിയാമല്ലോ എന്നതായിരുന്നു അമ്മയുടെ അജണ്ട.)

അങ്ങനെ പെണ്ണുകാണല്‍ ചടങ്ങിനായി (ചോദിച്ച്‌ ചോദിച്ച്‌ പോയി..) പെണ്‍കുട്ടിയുടെ വീട്ടിലെത്തി. അവിടെ ചായയും അനുബന്ധനടപടികള്‍ക്കുമായി വെയ്റ്റ്‌ ചെയ്ത്‌ ഇരിപ്പായി.

പെണ്‍കുട്ടിയുടെ ചേച്ചിയുടെ കുട്ടിയെ അവിടെ കാണുകയും സ്വാഭാവികമായും ആ കുട്ടിയോട്‌ കുശലാന്വേഷണത്തിന്‌ ശ്രമിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് ചേച്ചിയുടെ ഭര്‍ത്താവിന്റെ ജോലിയും മറ്റും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി.

ഞാനും എന്റെ സുഹൃത്തും ആ ഉള്‍പ്രദേശത്ത്‌ എത്തിപ്പെട്ടാലുള്ള ദുരവസ്ഥയെക്കുറിച്ചും മറ്റും കൂലം കഷമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി വന്ന് ചായയും മറ്റ്‌ ടച്ചിങ്ങ്സും ഞങ്ങളുടെ മുന്‍പില്‍ കൊണ്ടുവച്ചു. ശരീരപ്രകൃതിയും മുഖത്തെ പ്രായവും വച്ച്‌ നോക്കി കോമണ്‍ സെന്‍സുകൊണ്ട്‌ അത്‌ പെണ്‍ കുട്ടിയുടെ ചേച്ചിയാണെന്ന് എനിയ്ക്കും എന്റെ സുഹൃത്തിനും ബോദ്ധ്യപ്പെട്ടു.

"നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ... ഇവരല്ലേ കാണാത്തത്‌.."
പെണ്‍കുട്ടിയെ നോക്കി അമ്മ പറഞ്ഞു.

അത്‌ കേട്ട്‌ ഞാനും എന്റെ സുഹൃത്തും പരസ്പരം ഒന്ന് നോക്കി.
'ഓഹോ.. കുട്ടിയുടെ ചേച്ചിയേയും അമ്മ കണ്ടോ.. അതെപ്പോ??' എന്ന് ഞങ്ങള്‍ മനസ്സില്‍ പരസ്പരം ചോദിച്ചു.

അല്‍പം വര്‍ത്തമാനത്തിനുശേഷം ആ പെണ്‍കുട്ടി അകത്തേയ്ക്ക്‌ പോയതും ഞാന്‍ അമ്മയോട്‌ രഹസ്യമായി ചോദിച്ചു..

"അമ്മ ഈ കുട്ടിയെ എങ്ങനെ കണ്ടു?.. അതൊക്കെ പോട്ടെ, എവിടെ നമ്മള്‍ കാണാന്‍ വന്ന പെണ്‍കുട്ടി...???"

അമ്മയുടെ മുഖത്ത്‌ ഒരു തരം' മന്ദാക്രാന്താ മഭനതജകം നാലുമാറേഴുമായ്കം' എന്ന ഒരു വികാരം (അതായത്‌ ഒന്നും മനസ്സിലാവാത്ത ഒരു വികാരം എന്നേ ഉദ്ദേശിച്ചുള്ളൂ).

"എടാ.. ഇതാടാ ആ പെണ്‍ കുട്ടി..." അമ്മ അല്‍പം ജാള്യതയോടെ പറഞ്ഞു.

'അപ്പോള്‍ ചേച്ചിയെവിടേ??' എന്ന് ചോദിക്കണമെന്നുണ്ടായെങ്കിലും അത്‌ ഞാനങ്ങ്‌ വിഴുങ്ങി.

ഞാന്‍ എന്റെ സുഹൃത്തിനെ ഒന്ന് ദയനീയമായി നോക്കി. അപ്പോഴേയ്കും അവന്‍ എന്റെ മുഖഭാവം മനസ്സിലാക്കിക്കഴിയുകയും എന്റെ അതേ ഭാവം അവന്റെ മുഖത്തും പ്രകടമാവുകയും ചെയ്തു.

"എന്നാ നമുക്ക്‌ വിടാം ല്ലേ..." അവന്‍ ചോദിച്ചു.

"പിന്നേ.. എപ്പോഴേ വിടാം..." ഞാന്‍ പറഞ്ഞു.

പെണ്‍കുട്ടിയോടും വീട്ടുകാരോടും അമ്മ വലിയ പ്രതീക്ഷയോടെ യാത്രപറഞ്ഞ്‌ ഇറങ്ങി.

കാറില്‍ കയറിക്കിട്ടിയതും അമ്മയ്ക്ക്‌ ഞങ്ങളുടെ വക അഭിനന്ദനപ്രവാഹമായിരുന്നു.

"അമ്മ എനിയ്ക്ക്‌ കല്ല്യാണം കഴിയ്ക്കാന്‍ ഒരു പെണ്‍ കുട്ടിയേയാണോ അതോ ഒരു അമ്മായിയെയാണോ അന്വേഷിക്കുന്നത്‌?"

"അതെന്താ... ആ കുട്ടിയ്ക്ക്‌ ഒരു ഇത്തിരി വണ്ണം കൂടുതല്‍ ഉണ്ടെന്നല്ലേയുള്ളൂ..." അമ്മയുടെ വക ഒരു ജസ്റ്റിഫിക്കേഷന്‍ ശ്രമം.

ആ ശ്രമം പൂര്‍ത്തിയാവുന്നതിനുമുന്‍പ്‌ എന്റെ സുഹൃത്തിന്റെ വക ചോദ്യം..

"അല്ലാ.. കണ്ടാല്‍ അമ്മയുടെ പ്രായമൊന്നും തോന്നില്ലാട്ടോ..."

"ഹെയ്‌... അത്ര പ്രായമൊന്നുമില്ലാ.. അത്‌ ആ കുട്ടി സാരി ഉടുക്കാതെ നിന്നതിനാല്‍ തോന്നിയതാ.."

"എന്ത്‌ സാരിയുടുക്കാതെയോ?"

"അല്ല, ആ ചുരിദാര്‍ ഇട്ട്‌ നിന്നതിനാല്‍ പ്രായം തോന്നിയതാന്നേ.. സാരിയായിരുന്നെങ്കില്‍ ഇത്ര തോന്നുകില്ലായിരുന്നു..." അമ്മ വീണ്ടും ശ്രമം തുടങ്ങി.

"അല്ലമ്മേ.. ചിലര്‍ പറയും സാരി ഉടുത്താലാ പ്രായം കൂടുതല്‍ തോന്നുക എന്ന്.. അമ്മ പറയുന്നത്‌ തിരിച്ചും..." ഞങ്ങളും വിടാനുള്ള ഭാവമില്ല.

"നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേണ്ടാ.. ഇനി അതും പറഞ്ഞ്‌ കളിയാക്കാന്‍ നില്‍ക്കേണ്ടാ.." അമ്മയ്ക്ക്‌ കുറേശ്ശേ ദേഷ്യം വന്ന് തുടങ്ങി.

"ങാ.. അപ്പോ അതാ നല്ലത്‌... അല്ലാ ഇനി അമ്മയ്ക്ക്‌ ആ കുട്ടിയെ അത്രയ്ക്കങ്ങ്‌ ബോധിച്ചുവെങ്കില്‍ മകളായി ദത്തെടുക്കാന്‍ വല്ല വകുപ്പുമുണ്ടോ എന്ന് അന്വേഷിയ്ക്കൂ.." എന്റെ വക ഒരു ചെറിയ ഉപദേശം കൂടിയായതോടെ ഇനി ഈ മേഖലയില്‍ വര്‍ത്തമാനം പറഞ്ഞിട്ട്‌ വല്ല്യ കാര്യമില്ലെന്ന് അമ്മയ്ക്ക്‌ മനസ്സിലായി.

ഈ സംഭവത്തിനുശേഷവും ആ പെണ്‍കുട്ടിയ്ക്ക്‌ ഒന്ന് രണ്ട്‌ തൊഴിലവസരങ്ങള്‍ അമ്മ ചൂണ്ടിക്കാണിച്ചുകൊടുക്കയും ഒന്നോ രണ്ടോ പ്രൊപ്പോസല്‍സ്‌ അയച്ചുകൊടുക്കുകയും ചെയ്തു എന്നത്‌ ഞങ്ങളുടെ വീട്ടില്‍ പരസ്യമായ രഹസ്യം.

(മറ്റുള്ളവര്‍ക്ക്‌ വേണ്ടി കൂടെ പോയപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളും പാഠങ്ങളും അടുത്ത ലക്കത്തില്‍ ബാച്ചികള്‍ക്കായി സമര്‍പ്പിക്കുന്നതാണ്‌..)

Sunday, October 14, 2007

ഒരു പാലക്കാടന്‍ യാത്ര

ഭാര്യാഗൃഹം ഓലവക്കോടും ഞാനൊരു ചാലക്കുടിക്കാരനും ജോലിചെയ്യുന്നത്‌ എറണാകുളവുമാണ്‌ എന്നതിനാല്‍ തന്നെ മാസത്തില്‍ ഒരു തവണയെങ്കിലും ചാലക്കുടി-പാലക്കാട്‌ റൂട്ടില്‍ ഒരു യാത്ര പതിവായിരുന്നു. മിന്നുമോളുടെ ജനനത്തോടെ മിക്കവാറും ആ യാത്ര കാറില്‍ തന്നെയായിരുന്നു.

കഴിഞ്ഞ മാസം പാലക്കാട്‌ പോയപ്പോള്‍ റോഡിന്റെ സ്ഥിതി നേരിട്ട്‌ അനുഭവിക്കാന്‍ യോഗം ഉണ്ടാവുകയും 'ഇനി ഈ റോഡ്‌ നേരെയാവാതെ പാലക്കാട്‌ വരികയാണെങ്കില്‍ റെയില്‍ മാര്‍ഗ്ഗം മാത്ര' മായിരിക്കുമെന്ന് ദൃഢശപഥമെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം യാത്രചെയ്തപ്പോള്‍ മഴവെള്ളം റോഡിലെ കുഴികളില്‍ കെട്ടിക്കിടന്നിരുന്നതിനാല്‍ അതിന്റെ നീളവും വീതിയും ആഴവുമെല്ലാം മനസ്സിലായിരുന്നില്ല. അതിനാല്‍ തന്നെ വല്ല്യ പേടിയും തോന്നിയിരുന്നില്ല. മുന്നില്‍ പോകുന്ന വാഹനം കുഴിയിലൂടെ ഇറങ്ങി കയറുന്ന കണ്ട്‌ അതിനനുസരിച്ച്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ കുഴിയിലൂടെ ഇറക്കിയാണ്‌ അന്ന് യാത്ര സാദ്ധ്യമായത്‌. ആ യാത്രയില്‍ പല വാഹനങ്ങളും കുഴിയില്‍ പെട്ട്‌ പോലീസും നാട്ടുകാരും ചേര്‍ന്ന് പൊക്കിമാറ്റുന്നതും കണ്ടിരുന്നു.

'വിവരമില്ലാത്തവന്‍', 'മണ്ടന്‍' എന്നീ വിളികള്‍ ഈ വഴി ഞാന്‍ യാത്രചെയ്തു എന്നറിഞ്ഞപ്പോള്‍ എനിയ്ക്ക്‌ ചില സുഹൃത്തുക്കളില്‍ നിന്ന് കിട്ടിയ പ്രോല്‍സാഹനങ്ങളാണ്‌.

അങ്ങനെ റോഡിന്റെ സ്ഥിതികളെക്കുറിച്ച്‌ വാര്‍ത്തകളും 'പാലക്കാട്‌ ഭാഗത്തേയ്ക്ക്‌ റോഡില്ല' എന്ന കോടതിയുടെ അഭിപ്രായവും കേട്ട്‌ പലരും അതിശയോക്തിയാണെന്ന് വിചാരിച്ചപ്പോള്‍ 'സത്യം തന്നെയാണ്‌' എന്ന് കണ്ടവരോടൊക്കെ ഞാന്‍ വിലപിച്ചു. ഒടുവില്‍ നമ്മുടെ കേമനായ മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനത്തിലെ ഊര്‍ജ്ജസ്വലത കണ്ട്‌ ഞാനൊന്ന് ഉത്സാഹിയായോ എന്ന് ഒരു സംശയം. അതായത്‌, ഒക്ടോബര്‍ 15 നകം എല്ലാ റോഡ്‌ പണികളും തീര്‍ക്കും അത്രേ... എന്ന് അദ്ദേഹത്തിന്‌ ഉദ്യോഗസ്ഥര്‍ വാക്ക്‌ കൊടുത്തു അത്രേ.. അങ്ങേര്‌ അതങ്ങ്‌ വിശ്വസിച്ചിട്ട്‌ നാട്ടുകാരോടും പത്രക്കാരോടും വീമ്പും പറഞ്ഞ്‌ പൊടിയും തട്ടി എണീറ്റ്‌ പോയി.

'ഓഹോ.. പൊളിച്ചടുക്കാന്‍ മാത്രമല്ല, പൊളിഞ്ഞത്‌ ശരിയാക്കാനും ഇങ്ങേര്‍ക്ക്‌ പറ്റും അല്ലേ..' എന്ന് ഞാനും വിചാരിച്ചു.

കഴിഞ്ഞ ആഴ്ച രണ്ട്‌ മൂന്ന് ദിവസം ലീവ്‌ എടുത്ത്‌ എന്റെ പത്നിയും മോളും പാലക്കാട്‌ അച്ചനമ്മമാരോടൊത്ത്‌ ആര്‍മ്മാദിക്കാന്‍ താല്‍പര്യപ്പെട്ടതിനാല്‍ അവരെയും കൊണ്ടുള്ള പാലക്കാട്‌ യാത്ര ട്രെയിനില്‍ ആയിരുന്നു. 'ഇത്‌ കൊള്ളാല്ലോ... വല്ല്യ ബുദ്ധിമുട്ടില്ലാത്ത യാത്ര' എന്ന് എനിയ്ക്കും തോന്നാതിരുന്നില്ല. ജോലി സംബദ്ധമായ തിരക്കുകളാല്‍ എനിയ്ക്ക്‌ ലീവ്‌ എടുക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ തിരിച്ച്‌ വന്നു. ഓഫീസ്‌ അത്യാവശ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരെ തിരിച്ച്‌ കൊണ്ടുവരാന്‍ പോകുന്നത്‌ കാറില്‍ ആവാമെന്ന് ഞാന്‍ വിചാരിച്ചു. 'റോഡ്‌ പണിയെല്ലാം തകൃതിയായി നടക്കുന്നു' എന്ന് ഹെഡിങ്ങും സെറ്റ്‌ ചെയ്ത്‌ റോഡ്‌ പണിയുടെ ചിത്രങ്ങള്‍ സഹിതം ചില പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ ഞാനതങ്ങ്‌ വിശ്വസിച്ചു.

വൈകീട്ട്‌ 4.30 ന്‌ ചാലക്കുടിയില്‍ നിന്ന് പുറപ്പെട്ട ഞാന്‍ മണ്ണൂത്തി കഴിഞ്ഞപ്പോഴേയ്ക്കും റോഡെല്ലാം നന്നാക്കിയതിന്റെ പ്രതീക്ഷകളോടെ മുന്നോട്ട്‌ പോയിക്കൊണ്ടിരുന്നു. യാത്ര പുരോഗമിക്കും തോറും റോഡിന്റെ കണ്ടീഷനില്‍ വല്ല്യ പുരോഗതിയൊന്നും കാണാഞ്ഞപ്പോളും ഞാന്‍ പ്രതീക്ഷ വിടാതെ പോയിക്കൊണ്ടിരുന്നു. കുതിരാന്‍ ഏരിയ ആയപ്പോഴേയ്ക്കും എനിയ്ക്ക്‌ കാര്യങ്ങളുടെ കിടപ്പ്‌ ഏകദേശം ഒരു പിടിപാടായി. ഇപ്പോള്‍ വെള്ളം കെട്ടിക്കിടക്കാത്തതിനാല്‍ കുഴികളുടെ നീളവും വീതിയും ആഴവുമെല്ലാം ഒരു വിധം ക്ലിയര്‍. അതുകൊണ്ട്‌ തന്നെ മുന്നോട്ട്‌ പോകാന്‍ ഭയങ്കര ടെന്‍ഷന്‍... കുഴി കണ്ടാല്‍ തന്നെ അത്‌ താണ്ടി അക്കരെ എത്തുക അസാദ്ധ്യമെന്ന് ഏതൊരാള്‍ക്കും വ്യക്തം. പിന്നെ, ഗതിമുട്ടുമ്പോള്‍ എല്ലാവരും ചെയ്യുന്ന പോലെ മനസ്സില്‍ ദൈവത്തെ നീട്ടി വിളിച്ച്‌ സ്ലോ മോഷനില്‍ വണ്ടി ഓരോ കുഴികളിലൂടെ കടത്തിക്കൊണ്ടിരുന്നു. ഹൃദയമിടിപ്പാണെങ്കില്‍ 'തൈ തക താളം തട്ടി..' എന്ന പാട്ട്‌ റാപ്പ്‌ മിക്സ്‌ കൂടി ചെയ്താല്‍ എങ്ങനെയിരിക്കുമോ അത്തരത്തിലുള്ള ഒരു എഫ്ഫക്റ്റ്‌...എങ്കിലും പ്രതീക്ഷ ഞാന്‍ കൈവിട്ടില്ല. 'പേപ്പറില്‍ പടം കണ്ടതല്ലേ, റോഡ്‌ കുറച്ചുദൂരം കഴിയുമ്പോഴേയ്ക്ക്‌ അടിപൊളിയായിട്ടുണ്ടാവും' എന്ന് എന്റെ മനസ്സ്‌ ഞാന്‍ നിര്‍ബദ്ധിപ്പിച്ച്‌ മന്ത്രിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങനെ റോഡിലുള്ള ഒരു വന്‍ കിടങ്ങ്‌ ഞാന്‍ മറികടക്കാന്‍ ശ്രമിക്കവേ, കാറിന്റെ ചേസ്‌ കുഴിയുടെ ഒരു ഭാഗത്ത്‌ ഉറയ്ക്കുകയും വണ്ടി മുന്നോട്ടോ പിന്നോട്ടോ അനക്കാനാവാത്തവിധം നില്‍ക്കുകയും ചെയ്തു. ഞാന്‍ കാറില്‍ നിന്നിറങ്ങി. പിന്നില്‍ മറ്റ്‌ വാഹനങ്ങള്‍ ബ്ലോക്ക്‌ ആയി തുടങ്ങിയപ്പോഴേയ്കും പിന്നിലുള്ള ഒരു വാഹനത്തില്‍ നിന്ന് രണ്ട്‌ പേര്‍ ഇറങ്ങി വന്ന് എന്നോടൊപ്പം കാര്‍ പൊക്കി കുഴിയില്‍ നിന്ന് മാറ്റാന്‍ ശ്രമം തുടങ്ങി. ഒടുവില്‍ കുഴിയില്‍ വലിയ പാറക്കല്ലുകള്‍ എടുത്തിട്ട്‌, കാര്‍ അല്‍പം പൊക്കി കയറ്റി, ആ കുഴിയില്‍ നിന്ന് ഞാന്‍ കരപറ്റി.

അപ്പോഴേയ്ക്കും എന്റെ ഡ്രൈവിങ്ങില്‍ എനിയ്ക്കുണ്ടായിരുന്ന അനാവശ്യമായ ഓവര്‍ കോണ്‍ഫിഡന്‍സും അഹങ്കാരവും ആവിയായിപ്പോയി. പിന്നീടങ്ങോട്ട്‌ എനിയ്ക്ക്‌ ഭയം തുടങ്ങി. നേരത്തേ കാര്‍ കുടുങ്ങിയതും അതിലും ഭീകരവുമായ കിടങ്ങുകള്‍ ഒരു പഞ്ഞവുമില്ലാതെ വഴിനീളെ.... 'അത്‌ കഴിഞ്ഞ്‌ വാ.. ഉടനേ വേറെ തരാം ട്ടോ' എന്ന ഭാവത്തോടെ നിരന്ന് കിടക്കുന്നു...

വഴിയില്‍ വച്ച്‌ തന്നെ ഞാന്‍ ഭാര്യയെ ഫോണില്‍ വിളിച്ച്‌ തിരികെ വരുന്നത്‌ ഈ വഴി അസാദ്ധ്യമെന്ന് അറിയിച്ചു. ഒന്നുകില്‍ ട്രെയിനില്‍ തിരികെ വരണം, അല്ലെങ്കില്‍ വേറെ ഏതെങ്കിലും വഴിയിലൂടെ വരണം എന്നകാര്യം തീര്‍ച്ചയാക്കി.

റോഡിന്റെ ഘടനയില്‍ കണ്ട മറ്റൊരു വസ്തുത എന്തെന്നാല്‍ പല സ്ഥലങ്ങളിലും ചില കുഴികള്‍ പഞ്ചറൊട്ടിച്ചിട്ടുണ്ട്‌ എന്നതാണ്‌. 'ഹെയ്‌.. ദേ റോഡ്‌ പണി നടന്നിട്ടുണ്ടല്ലോ...' എന്ന് വിചാരിച്ച്‌ തുടങ്ങുമ്പോഴേയ്ക്കും ആ ചിന്തയെ ക്യാന്‍സല്‍ ചെയ്യുന്ന തരം കാഴ്ചകള്‍ മുന്നില്‍... ഈ പഞ്ചറൊട്ടിച്ചതിലും ഒരു സാമ്യവുമില്ല.... ഒരേ ഏരിയയിലെ ചില കുഴികള്‍ പഞ്ചറൊട്ടിച്ചിട്ടുണ്ടെങ്കില്‍ മറ്റ്‌ പലതും വൈരാഗ്യബുദ്ധിയോടെ ഉപേക്ഷിച്ചിട്ടുണ്ട്‌. ഇനി, കുഴിയുടെ വലുപ്പം നോക്കിയാണ്‌ പഞ്ചറൊട്ടിച്ചതെന്ന ലോജിക്ക്‌ വച്ചുനോക്കിയിട്ടും രക്ഷയില്ല... പല ഉഗ്രന്‍ കുഴികളും തൊട്ട്‌ കൂടാത്തവയായി അങ്ങനെ തന്നെ കിടപ്പുണ്ട്‌.

അങ്ങനെ ഈ യാത്രയില്‍ ഞാന്‍ റോഡിന്റെ സ്ഥിതിയുടെ ഒരു എസ്റ്റിമേറ്റ്‌ എടുത്തു.

1) വണ്ടി നിര്‍ത്തി ഫസ്റ്റ്‌ ഗിയറില്‍ പതുക്കെ പതുക്കെ ഇറക്കി കയറ്റിയാലും വണ്ടി വഴിയില്‍ കിടപ്പിലാവാന്‍ 80% സാദ്ധ്യതയുള്ള കുഴികള്‍ = 17

2) 40 കി.മീ. സ്പീഡില്‍ യാത്രചെയ്താല്‍ ഒന്ന് ചാടിപ്പോയാല്‍ വണ്ടിയുടെ ഇടപാട്‌ തീര്‍ക്കാന്‍ കഴിവുള്ള തരം വ്യാപ്തിയുള്ള ഏരിയ കുറഞ്ഞ കുഴികള്‍ = 42

3) 'ഓ.. എന്തേലുമാവട്ടെ, ചാടിയാലും കാര്യമായി കുഴപ്പമുണ്ടാകില്ല' എന്ന് ശുഭാപ്തിവിശ്വാസം തോന്നുന്ന ഇനം കുഴികള്‍ ഒരു എസ്റ്റിമേറ്റ്‌ എടുക്കാന്‍ കഴിയാത്തത്രയും.

അങ്ങനെ 7.30 ന്‌ 100 കി.മീ. യാത്ര ഞാന്‍ പൂര്‍ത്തിയാക്കി. എന്തായാലും അപ്പോഴെങ്കിലും അവിടെ എത്തിച്ചരാന്‍ സാധിച്ചതിന്‍ ഞാന്‍ ദൈവത്തോട്‌ നന്ദി പറഞ്ഞു.

ഉത്തരവാദിത്വവും കൃത്യതയുമുള്ള ഉദ്യോഗസ്ഥരെയും, മുഖ്യമന്ത്രിയെ പറ്റിക്കാനുള്ള അവരുടെ കഴിവിനെക്കുറിച്ചും, അവരാല്‍ പറ്റിക്കപ്പെടാന്‍ അവതരിച്ച മുഖ്യമന്ത്രിയും, അങ്ങേര്‍ തട്ടിവിടുന്നത്‌ പ്രസിദ്ധീകരിക്കാന്‍ തയ്യാറായ മാധ്യമങ്ങളും, അത്‌ വായിച്ച്‌ വിശ്വസിക്കാന്‍ ശ്രമിക്കുന്ന ഞാനടക്കമുള്ള വിഡ്ഢികളായ ജനങ്ങളും എല്ലാം ഓര്‍ത്ത്‌ എനിക്ക്‌ രോമഞ്ചം വന്നു. പതുക്കെ ഒന്ന് തടവി ആ രോമാഞ്ചം ഞാനങ്ങ്‌ ഒതുക്കി.

പിറ്റേന്ന് രാവിലെ 6 മണിയോടെ പാലക്കാട്‌, ലക്കിടി, തിരുവില്ല്വാമല, പഴയന്നൂര്‍, ചേലക്കര, ത്രിശ്ശൂര്‍ വഴി ചാലക്കുടിയ്ക്ക്‌ പുറപ്പെട്ടു. വഴിയില്‍ കണ്ട ചുരുക്കം ചില ചെറിയ കുഴികള്‍ 'വെടിക്കെട്ട്‌ കാരന്‌ പൊട്ടാസ്‌ പൊട്ടുമ്പോള്‍ തോന്നുന്ന പുച്ഛം' മാത്രം തോന്നാവുന്നവ.

125 കി.മീ. ഉണ്ടെങ്കിലും ടെന്‍ഷനില്ലാതെ, ജീവഭയമില്ലാതെ, വാഹനത്തിന്റെ ആരോഗ്യഭയമില്ലാതെ 8.30 ന്‌ ചാലക്കുടി എത്തിച്ചേര്‍ന്നു.

മിക്കവാറും അടുത്ത വര്‍ഷം ഒക്ടോബര്‍ 15 ആയിരിയ്ക്കും റോഡ്‌ പണി തീര്‍ക്കാന്‍ ഉദ്ദേശിച്ച്‌ പറഞ്ഞതെന്ന് ഉദ്യോഗസ്ഥരും, മുഖ്യമന്ത്രിയും പത്രങ്ങളും ഉടനെ അറിയിയ്ക്കും എന്ന പ്രതീക്ഷയോടെ ഞാനും കാത്തിരിയ്ക്കുന്നു.