ഇനിയും തീരാത്ത പ്രവാസജീവിതം - 2
പിന്നീടങ്ങോട്ട് മോഹനേട്ടന്‍ തന്റെ ജീവിതകഥ എന്നോട് പറയുകയായിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും ചില ചോദ്യങ്ങളും കമന്റുകളും പറയേണ്ടിവന്നതൊഴിച്ചാല്‍ 2 മണിക്കൂറില്‍ കൂടുതല്‍ മോഹനേട്ടന്‍ എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു.
"എന്റെ വീട് വളരെ മോശം സാമ്പത്തികസ്ഥിതിയുള്ളതായിരുന്നു. 24 വയസ്സുള്ളപ്പോള്‍ ഞാന്‍ ഗള്‍ഫിലേയ്ക്ക് വരുന്നത്. 6 കൊല്ലക്കാലം പണിയെടുത്ത് ഞാന്‍ കാര്യങ്ങള്‍ എല്ലാം ഒന്ന് മെച്ചപ്പെടുത്തി. അച്ചനും അമ്മയും താമസിക്കുന്ന വീട് പുതുക്കി പണിതു. അനിയത്തിയെ കെട്ടിച്ചു വിട്ടു. അതും ഒരുപാട് സ്വര്‍ണ്ണം കൊടുത്ത് തന്നെ കേമമായി നടത്തി. ചേട്ടന്റെ ഷെയറുള്ള സ്ഥലം ഞാന്‍ കാശ് കൊടുത്ത് വാങ്ങി. എന്നിട്ട് ചേട്ടന് വേറൊരു വീട് വച്ചുകൊടുത്തു. എല്ലാ മാസവും വീട്ടിലെ ചിലവിനും ചികില്‍സയ്ക്കുമായി അച്ചനും അമ്മയ്ക്കും പണം അയച്ചുകൊണ്ടിരുന്നു..."
എനിയ്ക്ക് മോഹനേട്ടനോടുള്ള ബഹുമാനം കൂടിക്കൂടി വന്നു.
"കല്ല്യാണം???"
"ങാ.. കല്ല്യാണം ആലോചിച്ച് വന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു. അവരുടെ വീട്ടുകാര്‍ പണ്ട് വല്ല്യ കാശ് കാരായിരുന്നു. അവളുടെ അച്ഛന്‍ പണ്ട് കുവൈറ്റിലായിരുന്നു. വലിയ ആര്‍ഭാടത്തിലായിരുന്നു ജീവിതം... ഞാന്‍ കല്ല്യാണം കഴിക്കുമ്പോള്‍ ആ പഴയ ആര്‍ഭാടജീവിതവും കാര്യങ്ങളുമല്ലാതെ വേറെ ഒന്നും ഉണ്ടായില്ല..."
"എന്ന് വച്ചാല്‍? " എനിയ്ക്ക് സംശയമായി.
"സ്വന്തമായി ഒരു വീടുപോലും ഇല്ലായിരുന്നു അവര്‍ക്ക്. വാടക വീട്ടിലായിരുന്നു താമസം.. കിട്ടുന്ന കാശ് മുഴുവന്‍ ആര്‍ഭാടമായി ജീവിക്കാന്‍ ഉപയോഗിച്ചു. ഒടുവില്‍ ഞാന്‍ 2 ലക്ഷം രൂപ അങ്ങോട്ട് കൊടുത്താണ് കല്ല്യാണം കഴിച്ചത്..."
"പെണ്‍കുട്ടിയുടെ വീട്ടില്‍ വേറെ ആരൊക്കെയുണ്ട്??"
"രണ്ട് അളിയന്മാരുണ്ട് എനിയ്ക്ക്.. പക്ഷെ, എന്ത് കാര്യം? എല്ലാവര്‍ക്കും വേണ്ടി പിന്നേയും ചിലവാക്കി ഒരുപാട് കാശ്... അവരുടെ വീട്ടില്‍ ഒരു കാറുണ്ടായിരുന്നു. ലോണ്‍ അടയ്ക്കാനാവാതെ കാര്‍ പോകുമെന്നായപ്പോള്‍ ഞാന്‍ കാശ് കൊടുത്ത് അത് വാങ്ങി ഏല്‍പ്പിച്ചു. ഒരു അളിയനെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ കാശ് അയച്ചുകൊടുത്ത് ഏര്‍പ്പാട് ചെയ്തു. ആ കാര്‍ അവന് ഒരു വരുമാനമാര്‍ഗ്ഗമാവട്ടെ എന്ന് കരുതി. പക്ഷെ, അവന്‍ സ്വഭാവദൂഷ്യത്തില്‍ ചെന്ന് കലാശിക്കാനാണ് കാര്‍ എന്ന് പിന്നീട് അറിഞ്ഞപ്പോള്‍ ഞാന്‍ ആ കാര്‍ വിറ്റു."
ഞാന്‍ മോഹനേട്ടനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
"കല്ല്യാണം കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ അവള്‍ക്ക് എന്റെ വീട് പിടിക്കുന്നില്ല. എന്റെ അച്ചനേയും അമ്മയേയും പിടിക്കുന്നില്ല. അവര്‍ക്ക് അവളുടെ സ്റ്റാന്‍ഡേര്‍ഡ് ഇല്ലല്ലോ? ശരിയാണ്.. പക്ഷെ, ഒന്ന് അഡ്ജസ്റ്റ് ചെയ്യാനെങ്കിലും ശ്രമിക്കേണ്ടേ... ഞാന്‍ കല്ല്യാണം കഴിച്ചു എന്ന് വച്ച് എനിയ്ക്ക് എന്റെ അച്ചനേയും അമ്മയേയും വേണ്ടാന്ന് വയ്ക്കാന്‍ പറ്റുമോ?"
"അത് ഒരു കോമണ്‍ പ്രശ്നമാണ് മോഹനേട്ടാ.. " ഞാന്‍ പറഞ്ഞു.
"അത് മാത്രമല്ല.... അവളുടെ വീട്ടില്‍ ഭക്ഷണരീതി തന്നെ വ്യത്യസ്തമാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റിന് മിനിമം മൂന്ന് തരം പലഹാരങ്ങളെങ്കിലും കാണും.. ഒരാള്‍ക്ക് പുട്ട്, ഒരാള്‍ക്ക് ഇടിലി, ഒരാള്‍ക്ക് അപ്പം.. അങ്ങനെ അങ്ങനെ... മീന്‍ വാങ്ങുകയാണേല്‍ മുന്തിയ ഇനം മീനുകള്‍ രണ്ട് ടൈപ്പെങ്കിലും വാങ്ങും.. ഇറച്ചിയുടെ കാര്യവും അങ്ങനെ തന്നെ... അങ്ങനെ അത്ര ആര്‍ഭാടമായി ജീവിച്ചിട്ട് എന്റെ വീട്ടില്‍ വന്നപ്പോള്‍ ഭക്ഷണരീതിയും അവള്‍ക്ക് പിടിക്കുന്നില്ല...
ഒടുവില്‍ ഞാന്‍ ഒരു വീട് വച്ചു. 20 സെന്റ് സ്ഥലത്ത് 25 ലക്ഷം രൂപ മുടക്കി ഒരു രണ്ട് നില വീട്... എല്ലാം നല്ല സാധനങ്ങള്‍ തന്നെ ഉപയോഗിച്ച്.... കുറേയൊക്കെ ലോണ്‍ എടുത്തു..."
ഇത്രയും കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി.
"മോഹനേട്ടന് ഇവിടെ ഏകദേശവരുമാനം എത്രയാ...??" ഞാന്‍ ചോദിച്ചു. അത് ചോദിക്കാനുള്ള ഒരു സ്വാതന്ത്ര്യം എനിയ്ക്കും അത് പറയാനുള്ള മനസ്സ് മോഹനേട്ടനും ഉണ്ടെന്ന് എനിയ്ക്ക് തോന്നി.
"2300 റിയാല്‍ ശമ്പളം.. പിന്നെ, വണ്ടി ഓടുന്നതിനനുസരിച്ച് കമ്മീഷനുണ്ട്.... പക്ഷേ, ഞാന്‍ മാസം മിനിമം അമ്പതിനായിരം രൂപയെങ്കിലും നാട്ടിലേയ്ക്ക് അയച്ചിരുന്നു...." മോഹനേട്ടന്‍ പറഞ്ഞു.
"ഞാന്‍ പൊതുവേ കണ്ടിട്ടുള്ള ഒരു കാര്യമാണ്... ആളുകള്‍ വന്‍ തുക ചെലവ് ചെയ്ത് ഉള്ള കാശെല്ലാം എടുത്ത് ഒരു വീടങ്ങ് പണിയും... അതൊരു പ്രസ്റ്റീജ് ആണല്ലോ... പക്ഷേ, അവനവന് ജീവിക്കാന്‍ ആവശ്യമായതില്‍ കവിഞ്ഞ് വലിയ വീട് വയ്ക്കുന്നത് ശരിയ്ക്കും നഷ്ടമാണ്..." ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു.
"എന്തായാലും പണിയുകയല്ല്ലേ.. നല്ല രീതിയില്‍ തന്നെ അയിക്കോട്ടെ എന്ന് വച്ചു. പിന്നെ, താഴെയും മുകളിലുമായി രണ്ട് ബെഡ് റൂം വീതം... കുട്ടികള്‍ വലുതാവുമ്പോള്‍ അവര്‍ക്ക് ഓരോ ബെഡ് റൂം വേണ്ടേ... ഞങ്ങള്‍ക്ക് ഒരു റൂം.. അത് കഴിഞ്ഞ് ഗസ്റ്റ് ആരെങ്കിലും വന്നാല്‍ ഒരു റൂം.. അത്രയല്ലേ ഉള്ളൂ...പിന്നേ.. അവള്‍ക്കും നിര്‍ബദ്ധമായിരുന്നു വീട് നല്ലത് തന്നെ വേണമെന്ന്..." മോഹനേട്ടന്‍ ചിരിച്ചു.
"എന്നിട്ട്??"
"ഞാന്‍ വീടിന്റെ ലോണ്‍ അടയ്ക്കാനായി മാസാമാസം കാശ് അയച്ചുകൊണ്ടിരുന്നു... ഒരു 6 മാസം കഴിഞ്ഞ് നാട്ടില്‍ ചെന്നപ്പോളാണ് അറിയുന്നത് ലോണ്‍ ഒന്നും അടച്ചിട്ടില്ലെന്ന്..."
"പിന്നെ??"
"അവളുടേ ആങ്ങളചെക്കന്‍ ആരുടെ കയ്യില്‍ നിന്നോ കുറേ കാശ് കടം വാങ്ങിയിരുന്നു.. എന്തൊക്കെയോ ഒപ്പിട്ടുകൊടുത്തിരുന്നു.. അവന് കല്ല്യാണ ആലോചനവന്നപ്പോള്‍ ആ ബാധ്യത തീര്‍ക്കാതെ കല്ല്യാണം നക്കില്ലെന്ന് വന്നപ്പോള്‍ അവള്‍ 2 ലക്ഷം രൂപ എടുത്ത് കൊടുത്തു... കൊടുത്തതിലല്ല.. ഒരു വാക്ക് എന്നോട് പറയേണ്ടേ... ഞാന്‍ ഇവിടെയായതിനാല്‍ ഇതൊന്നും അറിഞ്ഞില്ല... ആ കാശ് അങ്ങനെ പോയി."
"മോഹനേട്ടന്‍ ഒന്നും പറഞ്ഞില്ലേ??"
(ആ ചോദ്യം ഞാന്‍ ചോദിക്കാന്‍ കാരണം ഞാനായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്നതിന്റെ ആ കൈത്തരിപ്പ് വികാരം എന്നില്‍ ആവേശിച്ചിരുന്നു.)
"എന്ത് ചോദിക്കാന്‍...??? അവളെ നേരെയാക്കാന്‍ വല്ല്യ ബുദ്ധിമുട്ടാണ്. ഞാന്‍ വഴക്കിട്ടാല്‍ അവള്‍ അതിക്രമം കാണിക്കും.. രണ്ട് തവണ സൂയിസൈഡ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.. തക്കസമയത്ത് ഞാന്‍ ഇടപെട്ടതുകൊണ്ട് കുഴപ്പമുണ്ടായില്ല... അതുകൊണ്ട്, ഞാന്‍ ഒന്നും പറയാതായി... ഇടയ്ക്ക് അവള്‍ പറയും.. അവളെ തല്ലിക്കോളാന്‍.. അവള്‍ ശരിയായിക്കോളും എന്ന്.. എനിയ്ക്ക് അതിനൊന്നും കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു..."
മോഹനേട്ടന്റെ ആ ക്ഷമയും നല്ല മനസ്സും എന്നെ വല്ലാതെ ആകര്‍ഷിച്ചു.
"അത് മാത്രമൊന്നുമല്ലാ.. പിന്നേയും ഒരുപാട് പണം ഞാന്‍ ചിലവാക്കി.... മറ്റേ അളിയന് ഒരു തൊഴിലായിക്കോട്ടെ എന്ന് വച്ച് നാട്ടില്‍ രണ്ട് പീടികമുറി വാങ്ങിയിട്ട് പലചരക്ക് കച്ചവടവും ബേക്കറിയുമെല്ലാം തുടങ്ങി. അളിയനെ അത് നോക്കാന്‍ ഏല്‍പ്പിച്ചു. അത് കടം കൊടുത്ത് കൊടുത്ത് ബിസിനസ് നശിപ്പിച്ച് നഷ്ടം സഹിക്കാതെ വന്നപ്പോള്‍ അത് അവന് തന്നെ ചെറിയ ഒരു വിലയിട്ട് കൊടുത്ത് ഏല്‍പ്പിച്ചു. ഇപ്പോ അതൊക്കെ പൂട്ടി."
"മോഹനേട്ടന്‍ നാട്ടില്‍ കുറേ നാള്‍ ഉണ്ടാവുമായിരുന്നോ??"
"ഞാന്‍ ഇടയ്ക്ക് 2 കൊല്ലം നാട്ടില്‍ നിന്നു... അവിടെ അമ്മാവന്റെ മക്കള്‍ വല്ല്യ കരിങ്കല്ല് ക്വാറിയും കുറേ വാഹനങ്ങളുമൊക്കെ ഉള്ളവരാണ്.. അവര്‍ക്ക് 2 ലക്ഷം രൂപയോളം പണ്ട് കൊടുത്തിട്ടുണ്ട്. അത് അവര്‍ തരും.. അതിനുള്ള സാമ്പത്തികസ്ഥിതി അവര്‍ക്കുണ്ട്.. അവരുടെ കൂടെ നില്‍ക്കാന്‍ പറഞ്ഞു.. മാസം പതിനായിരം രൂപ ശമ്പളവും, വണ്ടിയും പെട്രോള്‍ ചിലവും എല്ലാം തരും.. പക്ഷേ, വീടിന്നടുത്തായതിനാല്‍ ഞാന്‍ എപ്പോഴും വീട്ടില്‍ വേണം എന്നായി ഭാര്യയ്ക്ക്.. ഊണ് കഴിക്കാന്‍ വന്നാല്‍ ഉറങ്ങിയിട്ടേ പോകാവൂ.. വീട്ടില്‍ എന്ത് ആവശ്യമുണ്ടേലും വന്ന് നടത്തിക്കൊടുക്കണം, അങ്ങനെ അങ്ങനെ... മാത്രമല്ല, എല്ലാം നല്ല ആര്‍ഭാടമായിത്തന്നെ വേണം.. ഈ വരുമാനം കൊണ്ട് എനിയ്ക്ക് ജീവിക്കാന്‍ പറ്റാതായി.. പിന്നെ വീണ്ടും ഞാനിങ്ങോട്ട് പോന്നു..."
"പലരും ഇങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാം നിര്‍ത്തി നാട്ടില്‍പോയി വല്ലതും ചെയ്ത് ജീവിക്കാന്‍ കൊതിച്ച് നാട്ടില്‍ വരും. കുറച്ച് നാള്‍ കഴിയുമ്പോഴെയ്ക്ക് സാമ്പത്തിക പരാധീനതകള്‍ തുടങ്ങും, മാനസികമായ ബുദ്ധിമുട്ടുകളും. ഗള്‍ഫിലായിരുന്നപ്പോഴും ഇടയ്ക്ക് വരുമ്പോഴും കിട്ടുന്ന സ്നേഹവും പരിഗണനയും വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കുറഞ്ഞ് കുറഞ്ഞ് വരും..." ഞാന്‍ പറഞ്ഞു.
"എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടേന്നറിയോ?... കിട്ടുന്ന കാശ് മുഴുവന്‍ നാട്ടില്‍ അയച്ച് കൊടുക്കുന്നതിനാല്‍ നാട്ടിലേയ്ക്ക് വരുമ്പോള്‍ കടം വാങ്ങിയാണ് വരിക. ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടും... നാട്ടിലെത്തിയാലോ.....അവിടെ ഇതിലും ചിലവാണ്... ഭാര്യയ്ക്കും കുട്ടികള്‍ക്കും എന്നും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം. ഞാനാണെങ്കില്‍ ഒരു ചായപോലും പുറത്ത് നിന്ന് കഴിക്കില്ല. ഹോട്ടലെന്ന് പറഞ്ഞാല്‍ സാധാരണ ഹോട്ടലിലൊന്നും പോരാ.. നല്ല മുന്തിയ ഹോട്ടലുകളില്‍ തന്നെ കയറണം... എല്ലാ ആഴ്ചയിലും വാട്ടര്‍ തീം പാര്‍ക്കുകളിലും മറ്റ് വിനോദസഞ്ചാരസ്ഥലങ്ങളിലുമായി ടൂര്‍ പോകണം.... അവര്‍ക്ക് കാശിന്റെ ബുദ്ധിമുട്ട് അറിയേണ്ടല്ലോ... "
"അതൊക്കെ ചേട്ടന്‍ പറഞ്ഞ് മനസ്സിലാക്കേണ്ടേ.. അവര്‍ ആഗ്രഹങ്ങള്‍ പറയുന്നതൊക്കെ നടത്താന്‍ നോക്കിയിട്ടല്ലേ..."
"നാട്ടില്‍ വന്നിട്ട് അവരെ പിണക്കി ജീവിക്കാന്‍ പറ്റുമോ? ഞാന്‍ പറഞ്ഞ് നോക്കും.. പിന്നെ അവര്‍ക്ക് വല്ലാത്ത പിടിവാശിയാണ്.. എന്നാല്‍ അങ്ങനെ തന്നെ നടക്കട്ടെ എന്ന് വിചാരിക്കും... ഒരിക്കല്‍ നാട്ടില്‍ നിന്ന് തിരിച്ച് പോരാനായി കാശില്ലാത്തതിനാല്‍ ഒരു കുറഞ്ഞ എയര്‍ലൈന്‍സില്‍ ടിക്കറ്റ് എടുത്തു. ദുബായ് വഴിയാണ് വന്നത്. ദുബായില്‍ മണിക്കൂറുകളോളം വെയിറ്റിംഗ് ഉണ്ടായിരുന്നു. വിശന്നിട്ട് യാതൊരു നിവര്‍ത്തിയുമില്ല.. കയ്യിലാണെങ്കില്‍ റിയാദില്‍ ചെന്നിട്ട് പോകാനുള്ള കാശ് മാത്രമേ ഉള്ളൂ.... പട്ടിണി കിടന്നു.. വിശന്ന് വയറുവേദനയെടുത്തു.. പോരാത്തതിന് എയര്‍പോര്‍ട്ടിലെ ഭയങ്കര തണുപ്പ്... മരിച്ചുപോകുമെന്ന് വരെ തോന്നി എനിയ്ക്ക്...."
"ഇവിടെ ജീവിതവും ജോലിയുമൊക്കെ എങ്ങനെ? സുഖമാണോ? ഇവിടെ ട്രാഫിക് തെറ്റിച്ചാല്‍ വലിയ കുറ്റമാണെന്നൊക്കെ പറയുന്ന കേട്ടല്ലോ? ശരിയാണോ?" ഞാന്‍ ചോദിച്ചു.
"പിന്നേ.. ഞങ്ങള്‍ തറവാട്ടില്‍ പോകുകയാണെന്നാ പറയാ... ഇവിടെ ജയിലില്‍ കിടക്കാത്ത ഒറ്റ ടാക്സി ഡ്രൈവറും ഉണ്ടാവില്ല.. സിഗ്നല്‍ തെറ്റിച്ചാല്‍ 350 റിയാല്‍ പിഴയും 1 ദിവസം ജയിലും... 700 റിയാല്‍ കൊടുത്തല്‍ ജയില്‍ ഒഴിവാക്കിക്കിട്ടും.. പക്ഷേ, അത്രയും കാശ് മുടക്കി ജയില്‍ ശിക്ഷ ആരും ഒഴിവാക്കാറില്ല... അവിടെ നല്ല സുഖമാണ്.. നല്ല ഭക്ഷണം കഴിച്ച് ഉറങ്ങാം.. പക്ഷേ, സഹിക്കാന്‍ പറ്റാത്ത നാറ്റമാണ്.. അത് മാത്രമേ ഉള്ളൂ പ്രശ്നം..."
"അപ്പോ.. ചേട്ടന്‍ ജയിലില്‍ കിടന്നിട്ടുണ്ടോ??"
"പിന്നേ.. രണ്ട് മൂന്ന് പ്രാവശ്യം കിടന്നിട്ടുണ്ട്... ഒരിക്കല്‍ കൊണ്ടുപോകാന്‍ ഓഫീസില്‍ നിന്ന് ആള് വന്നിട്ടും ഞാന്‍ പോയില്ല.. ജോലിക്ക് പോകേണ്ടല്ലോ ഒരുദിവസം കൂടി കിടന്നാല്‍.. ഞാന്‍ അവിടെ കിടന്നുറങ്ങി വിശ്രമിച്ചു..."
എനിയ്ക്ക് ചിരിവന്നു.
"ഇവിടെ വണ്ടി ഓടിക്കാന്‍ വേറെ റിസ്ക് എന്തെങ്കിലും ഉണ്ടോ?"
"നല്ല റിസ്കുണ്ട്.. ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.. ചില ഏരിയായില്‍ പുറം നാട്ടില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത ആളുകള്‍ ഉണ്ട്.. അവര്‍ ടാക്സി വിളിച്ച് ആളുകള്‍ ഇല്ലാത്ത സ്ഥലമെത്തുമ്പോള്‍ കഴുത്തില്‍ കത്തിവച്ച് കയ്യിലുള്ളതെല്ലാം വാങ്ങിക്കൊണ്ട് പോകും.. വിലകുറഞ്ഞ മൊബെയില്‍ വരെ വാങ്ങിക്കൊണ്ട് പോകും... അതുകൊണ്ട് ഞങ്ങള്‍ കാശ് ഫ്ലോര്‍ ഷീറ്റിന്നടിയിലും മറ്റുമായി വയ്ക്കും.. ഇപ്പോ അവന്മാര്‍ക്ക് ഞങ്ങള്‍ ഒളിപ്പിച്ച് വയ്ക്കുന്ന സ്ഥലങ്ങളും മനസ്സിലായിത്തുടങ്ങി."
"ഇവിടെ പോലീസ് സഹായിക്കില്ലേ? വേറെ മാര്‍ഗ്ഗമൊന്നുമില്ലേ?" ഞാന്‍ ചോദിച്ചു.
"എന്ത് മാര്‍ഗ്ഗം... എതിര്‍ത്താല്‍ അവന്‍ കത്തി കയറ്റും.. അവര്‍ക്ക് അതൊരു വിഷയമല്ല... അതുകൊണ്ട് ചോദിച്ചതെല്ലാം കൊടുക്കുക മാത്രമേ വഴിയുള്ളൂ..."
"വേറെ എന്തെങ്കിലും അനുഭവങ്ങള്‍??"
"അനുഭവങ്ങള്‍??? ജീവിതം അങ്ങനെ പോകുന്നു. ഞാന്‍ എനിയ്ക്കായി ഒരു സുഖങ്ങളും അനുഭവിക്കാറില്ല.. പുകവലിക്കില്ല, മദ്യപിക്കില്ല, സ്ത്രീ വിഷയങ്ങളുമില്ല... "
"ജോലി സംബദ്ധമായ വേറേ പ്രശ്നങ്ങള്‍ എന്തെങ്കിലും?"
"കോളേജ് പിള്ളേര്‍ വല്ല്യ ശല്ല്യമാണ്... ചില പെണ്‍കുട്ടികളെ കൊണ്ട് പോകുമ്പോള്‍ ഇവന്മാര്‍ കാറുമായി പിന്നാലെ വരും... അവന്മാര്‍ മൊബെയില്‍ നമ്പര്‍ വലുതായി പേപ്പറില്‍ എഴുതി കാണിക്കും.. ചില പെണ്‍കുട്ടികള്‍ പര്‍ദ മാറ്റി കാണിച്ച് കൊടുക്കും.. ചിലര്‍ ദേഷ്യപ്പെടും...."
ഞങ്ങളുടെ സംഭാഷണം ജീവിതത്തില്‍ നിന്ന് പതുക്കെ ട്രാക്ക് മാറിത്തുടങ്ങിയിരുന്നു.
എന്തോ ഒന്നുകൂടി വാങ്ങാന്‍ വിട്ടുപോയതിനാല്‍ മോഹനേട്ടന്‍ ഉടനെ വരാം എന്ന് പറഞ്ഞ് എഴുന്നേറ്റു പോയി. 10 മിനിറ്റിനകം തിരിച്ച് വന്നു.
"എത്രകാലം ഇവിടെ ജോലിചെയ്യാനാ ഉദ്ദേശം?" ഞാന്‍ ചോദിച്ചു.
"അറിയില്ല... ചിലവാക്കിയ കാശിന് ഒരു കണക്കുമില്ല. രണ്ട് അളിയന്മാരും ഇപ്പോള്‍ ഗള്‍ഫിലാണ്. അവര്‍ പോകുന്ന സമയത്ത് ഒരാള്‍ക്ക് 25000 രൂപ വായ്പയായും മറ്റൊരാള്‍ക്ക് മറ്റ് ചിലവുകളും ഞാന്‍ തന്നെയാ ചെയ്ത് കൊടുത്തത്... ഒന്ന് ഫോണ്‍ ചെയ്യുക പോലും ചെയ്യില്ല അവര്‍. ഒരുത്തന്‍ ഒരു പ്രാവശ്യം വിളിച്ചിരുന്നു. കാശ് താരാനുള്ളവന്‍ വിളിച്ചിട്ടുപോലും ഇല്ല.. ആ കാശ് എനിയ്ക്ക് വേണ്ട..."
"നാട്ടില്‍ വേറെ എന്തെങ്കിലും പരിപാടികളുമായി നില്‍ക്കാന്‍ പറ്റുമോ? പിള്ളേരെയൊക്കെ വിട്ട് എത്രകാലം ഇവിടെ?"
"ആലോചിക്കണം... നാട്ടില്‍ ഒരേക്കര്‍ റബര്‍ ഉള്ള ഒരു സ്ഥലമൊക്കെ വാങ്ങി ഇട്ടിട്ടുണ്ട്.. ആരും നോക്കാനില്ലാതെ അങ്ങനെ കാട് പിടിച്ച് കിടക്കും.. ഞാന്‍ ചെന്നിട്ട് വേണം ആളെ നിര്‍ത്തി വൃത്തിയാക്കാന്‍... ഞാന്‍ പറഞ്ഞില്ലേ നാട്ടില്‍ നില്‍ക്കാനുള്ള ബുദ്ധിമുട്ട്... ഭാര്യയ്ക്കും മക്കള്‍ക്കും ഞാന്‍ നാട്ടില്‍ നിന്നാല്‍ ഇത്ര ആര്‍ഭാടത്തില്‍ ജീവിക്കാന്‍ പറ്റില്ലല്ലോ..."
"മക്കള്‍ എങ്ങനെ? പഠിപ്പൊക്കെ?"
"മൂത്തവന്‍ നന്നായി പഠിച്ചിരുന്നു.. ഇപ്പോ ഭയങ്കര ഉഴപ്പാണെന്നാ പറയുന്നേ... പരീക്ഷയില്‍ മാര്‍ക്കൊക്കെ കുറവാണ് ഇപ്പോള്‍? താഴെയുള്ളവള്‍ ക്ലാസ്സില്‍ മിടുക്കി ആയിരുന്നു. ഇപ്പോള്‍ കുറേശ്ശേ മോശമായിത്തുടങ്ങി..."
"അത് അങ്ങനെയാ മോഹനേട്ടാ... എല്ലാ സൗകര്യത്തിലും കുട്ടികള്‍ വളരുകയും നോക്കാന്‍ ആളില്ലാതെ വരികയും ചെയ്താല്‍ പഠനമൊക്കെ കഷ്ടമാകും... അതാണ് ഞാന്‍ ചേട്ടനോട് പറഞ്ഞത്... ചേട്ടന്‍ നാട്ടിലുണ്ടെങ്കില്‍ പിള്ളേരുടെ പഠിപ്പും മറ്റും നോക്കി അവരോടൊപ്പം ജീവിച്ചുകൂടേ?"
"അറിയില്ല എന്ത് ചെയ്യണമെന്ന്...." മോഹനേട്ടന്റെ വാക്കുകളില്‍ ഒരു നിസ്സഹായാവസ്ഥ.
"മോഹനേട്ടാ.. ഈ വീടും സ്ഥലവും മറ്റും ആരുടെ പേരിലാണ്... മോഹനേട്ടന്റെ പേരില്‍ സ്വത്ത് എന്തെങ്കിലുമുണ്ടോ?" ഞാനെന്റെ സംശയം തുറന്ന് ചോദിച്ചു.
"അതൊക്കെ മിക്കതും ഭാര്യയുടെ പേരിലാ.... എന്തേ?"
"ഞാനെന്റെ അഭിപ്രായം പറയാം മോഹനേട്ടാ.. കാര്യം ഭാര്യയും കുട്ടികളുമൊക്കെ തന്നെയാണ്.. പക്ഷേ, ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യബന്ധങ്ങളൊക്കെ എങ്ങനെ വേണമെങ്കിലും മാറാം... ചേട്ടന് വയസ്സാകുമ്പോള്‍ ഇവരൊക്കെ നോക്കുമെന്നതിന് വല്ല ഉറപ്പുമുണ്ടോ... ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് നോക്കിയാല്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഒരു മുന്‍ കരുതല്‍ നല്ലതാണ്.. പിള്ളേരൊന്നും പറഞ്ഞാല്‍ അനുസരിക്കുന്ന നിലയ്ക്കല്ലെങ്കില്‍ കുഴപ്പമാകും..."
എന്റെ വാക്കുകള്‍ മോഹനേട്ടന്‍ കേട്ടുകൊണ്ടിരുന്നതല്ലാതെ മറുപടി പറഞ്ഞില്ല.
"ചേട്ടന്റെ അച്ചനും അമ്മയും??" ഞാന്‍ ചോദിച്ചു.
"വയസ്സായി... ഇപ്പോഴും അവര്‍ക്ക് ഞാന്‍ ചിലവിനുള്ളത് അയച്ച് കൊടുക്കുന്നുണ്ട്.. അവര്‍ താമസിക്കുന്ന പറമ്പില്‍ നിന്ന് അത്യാവശ്യം ആദായമുണ്ട്.. എന്നാലും അവര്‍ക്കും പരിഭവമാണ് ഞാന്‍ അയയ്ക്കുന്നത് മുടങ്ങിയാല്‍..."
അടുത്തത് എന്റെ ഊഴമായിരുന്നു... ഉപദേശിക്കാന്‍ നമ്മള്‍ പുലിയാണല്ലോ... (എന്നാണല്ലോ വെപ്പ്)
"മോഹനേട്ടാ..... ഇതിപ്പോ അവര്‍ക്കൊക്കെ വേണ്ടി മോഹനേട്ടന്‍ ഒരുപാട് കഷ്ടപ്പെടുന്നു... ഭാര്യയെയും മക്കളെയും നാടിനേയും പിരിഞ്ഞ് ഇവിടെ ജോലിചെയ്യുന്നു.. കാശുണ്ടാക്കി അവര്‍ക്ക് അയച്ചുകൊടുക്കുന്നു..മോഹനേട്ടന്റേതായ യാതൊരു സുഖങ്ങളും ഇല്ല... കുറച്ചൊക്കെ ജീവിതം ആസ്വദിക്കുന്നതിലും തെറ്റില്ല.. കാരണം, അതെല്ലാം വേണ്ടെന്ന് വച്ച് ചേട്ടന്‍ ചെയ്യുന്നത് പാഴായിപ്പോകുന്നു എന്നുള്ളത് കൊണ്ട് തന്നെ... മാത്രമല്ല, ഇനി ചേട്ടന്‍ കുറച്ച് ശ്രദ്ധിക്കണം.. ചേട്ടന്റേതായ എന്തെങ്കിലും സമ്പാദ്യം വേറെ കരുതണം... എല്ലാ കാലത്തും ഇവിടെ ജോലി ചെയ്ത് കഴിയാന്‍ പറ്റില്ലല്ലോ.... നാട്ടില്‍ തിരിച്ച് ചെന്ന് ജീവിക്കുമ്പോള്‍ ആരും നോക്കാനില്ലെങ്കിലും ജീവിക്കാന്‍ കഴിയണം.... ബന്ധങ്ങളൊന്നും ഉറച്ച് വിശ്വസിക്കാന്‍ കഴിയാത്തതാണ് മോഹനേട്ടാ... ചിലപ്പോള്‍ ഞാന്‍ പറയുന്നത് സ്വാര്‍ത്ഥതയായോ മര്യാദകേടായോ തോന്നാം.. പക്ഷേ, ഇന്നത്തെ സ്ഥിതി അതാണ്..." ഞാന്‍ പറഞ്ഞ് നിര്‍ത്തി.
"ശരിയാണ്... അതൊക്കെ ശരിയാണ്.." മോഹനേട്ടന്‍ സമ്മതിച്ചു.
മോഹനേട്ടന്‍ അല്‍പം ഡള്‍ ആയതായി എനിയ്ക്ക് തോന്നി. ഞാന്‍ ടോപ്പിക് മാറ്റി മറ്റ് എയര്‍പോര്‍ട്ട് കാഴ്ചകളെക്കുറിച്ച് സംസാരിച്ചു.
വിദേശത്ത് ജോലി ചെയ്യുന്നതിനെക്കുറിച്ച് എന്നോട് മോഹനേട്ടന്‍ ചോദിച്ചു.
"ജോലി സംബദ്ധമായി കുറഞ്ഞ് കാലയളവിലല്ലാതെ വീട്ടിലുള്ളവരെ വിട്ട് ഞാന്‍ വിദേശത്ത് ജോലി ചെയ്യില്ല എന്നതാണ് എന്റെ തീരുമാനം. കുറേ പണം സമ്പാദിച്ചിട്ട് പണം കൊണ്ട് നേടാനാവാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ മിസ്സ് ചെയ്തിട്ട് എന്ത് നേട്ടം? ഒരത്യാവശ്യത്തിന് അച്ഛനും അമ്മയ്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടാതെ, ഭാര്യയോടും കുട്ടിയോടുമുള്ള നിമിഷങ്ങള്‍ ആസ്വദിക്കാനാവതെ ഒരുപാട് കാശ് സമ്പാദിക്കേണ്ട എന്നത് എന്റെ പോളിസി.." ഞാന്‍ വിശദമാക്കി.
മോഹനേട്ടന്‍ ചിരിച്ചു. "ഒരു കണക്കിന് അത് ശരിയാണ്. പക്ഷേ, ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ വീടും വീട്ടുകാരും കെട്ടിപ്പിടിച്ച് ഇരിക്കാന്‍ പറ്റുമോ?"
"അത് വളരെ ശരിയാണ്. അത്തരം അവസ്ഥയില്‍ വേറെ നിവര്‍ത്തിയില്ല." ഞാനും സമ്മതിച്ചു.
കുറച്ച് സമയം കൂടി ഞങ്ങള്‍ സംസാരിച്ചിരുന്നു.
ഫ്ലൈറ്റ് വരേണ്ട സമയമായി... കൊച്ചിന്‍ ഫ്ലൈറ്റ് വരേണ്ട ഗേറ്റിലേയ്ക്ക് ഞങ്ങള്‍ നടന്നു.
"എറണാകുളത്തോ ചാലക്കുടിയിലോ വരികയാണെങ്കില്‍ ചേട്ടന്‍ വിളിക്കണം... നമുക്ക് കാണാം... മാത്രമല്ല, ജീവിതത്തില്‍ എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യം എന്നെക്കൊണ്ട് ഉണ്ടെന്ന് തോന്നിയാല്‍, വിളിക്കാം..." ഞാന്‍ എന്റെ കാര്‍ഡും അതില്‍ എന്റെ മൊബെയില്‍ നമ്പറും എഴുതി കൊടുത്തു.
മോഹനേട്ടന്റെ സൗദിയിലെ നമ്പര്‍ ഞാന്‍ വാങ്ങി. എന്റെ ഓഫീസിലെ മറ്റ് സഹപ്രവര്‍ത്തകര്‍ വരുകയോ എനിയ്ക്ക് വരേണ്ടിവരികയോ ചെയ്താല്‍ വിളിക്കാം എന്ന് പറയുകയും ചെയ്തു.
മോഹനേട്ടന്‍ എന്ന ആ പ്രവാസി എന്റെ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.... ജീവിതം എന്തിനുള്ളതാണെന്ന ചോദ്യവും.....