സൂര്യോദയം ഡയറിക്കുറിപ്പുകള്‍...

Sooryodayam Diary.... (This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi)

Monday, June 23, 2014

മുഖപുസ്തകം – ആത്മപ്രശംസാമാനിയ


എല്ലാ മനുഷ്യരിലും അന്തര്‍ലീനമായിക്കിടക്കുന്ന ഒരു അസുഖമാണ്‍ ആത്മപ്രശംസാമാനിയ.  പക്ഷേ, ഇത് പുറത്ത് വരുന്ന രീതി പലരിലും പല തരത്തിലായിരിക്കുമെന്ന് മാത്രം. ഈ രോഗം പ്രകടീപ്പിക്കുന്നവര്‍ അതിന്‍റെ തീവ്രത അറിയാതിരിക്കുകയും മറ്റുള്ളവര്‍ അത് ശരിയ്ക്ക് മനസ്സിലാക്കുകയും ചെയ്യും എന്നതാണ്‍ ഈ രോഗത്തിന്‍റെ ഒരു പ്രത്യേകത.
താന്‍ ചെയ്ത ചില വീരകര്‍മ്മങ്ങള്‍ വിവരിക്കുക, തന്‍റെ വളരെ വേണ്ടപ്പെട്ടവരുടെ ഔന്നത്യത്തെക്കുറിച്ച് വര്‍ണ്ണിക്കുക തുടങ്ങിയവയാണ്‍ വളരെ സാധാരണമായി കണ്ടുവരുന്ന പ്രകടനങ്ങള്‍.

അവനവന്‍റെ കുട്ടിയെക്കുറിച്ച്,  അവര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് വാ തോരാതെ മറ്റുള്ളവരോട് സംസാരിക്കുക എന്നത് ഒരു പൊതുലക്ഷണം ആണ്‍.  അറിയാതെ ഒരു എക്സൈറ്റ് മെന്‍റ് ലെവലില്‍ എത്തുന്നത് അവര്‍ സ്വയം അറിയുന്നില്ലെങ്കിലും കേള്വിക്കാര്‍ ആ ഒരു പ്രകടനം ശ്രദ്ധിച്ച് പോകും.  പലപ്പോഴും അത് അയ്യേ എന്ന് തോന്നുന്ന തരത്തില്‍ എത്തുകയും ചെയ്യും.

കുറച്ച് കാലമായി ഈ അസുഖം ഒരു പുതിയ മാധ്യമം കണ്ടെത്തിയിട്ടുണ്ട്.  ഫേസ് ബുക്ക് എന്ന ഗംഭീരവും ജനപ്രിയവുമായ മാധ്യമം.

ഈ മേഖലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ കൌതുകത്തോടുകൂടി വീക്ഷിച്ചാല്‍ മേല്‍പ്പറഞ്ഞ അസുഖത്തിന്‍റെ തീവ്രത  മനസ്സിലാകും.  സ്വയം വിമര്‍ശനാത്മകവുമായ വിശകലനവും നന്ന്.
ഈ മാധ്യമത്തിന്‍റെ നിരവധി ഗുണഗണങ്ങളെ കാണാതെയല്ല ഇനി വിവരിക്കാന്‍ പോകുന്ന സംഗതികള്‍ എന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ.

ഫോട്ടോ പ്രദര്‍ശനം എന്ന ചടങ്ങാണ്‍ അസുഖത്തിന്‍റെ ഈ മാധ്യമത്തിലൂടെ പ്രകടമാകുന്ന പ്രധാന ഐറ്റം.  ഈ ഫോട്ടോകള്‍ പല തരത്തിലുണ്ട്.  അവനവന്‍ തന്നെ പല പോസുകളില്‍ എടുത്തതും നാട്ടുകാരുടേയും വീട്ടുകാരുടേയും സഹായത്താല്‍ എടുത്തതും അതിലെ ഒരു വിഭാഗമാണ്‍.  അത് കഴിഞ്ഞാല്‍ അടുത്ത ഐറ്റം തന്‍റെ ഭാര്യ, കുട്ടികള്‍ എന്നിവരുടെ വിവിധ ഫോട്ടോകള്‍ എന്നതാകുന്നു. 
ഈ ഫോട്ടോ പ്രദര്‍ശിപ്പിച്ച് വെറുതേ സായൂജ്യം അടയുകയല്ല ഉദ്ദേശം.  ആ ഫോട്ടോയ്ക്ക് എത്ര ലൈക് കിട്ടി എന്നത് മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന ഘടകമാണ്‍.  

കിട്ടിയ ലൈക്കുകളുടെ എണ്ണക്കുറവുകൊണ്ട് പലര്‍ക്കും ഡിപ്രഷന്‍ വരെ സംഭവിക്കുന്നു എന്നതാണ് സത്യം.

സ്വന്തം ഭാര്യയുടെയും കുട്ടിയുടേയും ഒക്കെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് നാട്ടുകാരുടെ ലൈക് മേടിക്കേണ്ടിവരുന്നതിന്‍റെ ഒരു സുഖം എന്താണെന്ന് ആലോചിച്ചാല്‍തന്നെ ഈ അസുഖത്തിന്‍റെ സ്വാധീനം വ്യക്തമാകും.

ഇനി ലൈക് കൂടുതല്‍ കിട്ടാന്‍ കുറേ മാര്‍ഗ്ഗങ്ങളുണ്ട്.  പണ്ട് ബ്ലോഗുകള്‍ എഴുതുന്നവര്‍ക്കിടയില്‍ കൂടുതല്‍ കമന്‍റ്  കിട്ടാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.  നാട്ടുകാരുടെ എല്ലാ ബ്ലോഗുകളിലും കയറി വായിച്ചാലും ഇല്ലെങ്കിലും നല്ല പോസ്റ്റ്... നല്ല ലേഖനം, നന്നായിട്ടുണ്ട് എന്നൊക്കെ കമന്‍റ് ഇട്ടുകൊണ്ടിരിക്കുക. പിന്നീട് അവനവന്‍റെ ബ്ലോഗ് പോസ്റ്റ് വരുമ്പോള്‍ അവരൊക്ക് തനിക്കും നല്ല കമന്‍റുകള്‍ സമ്മാനിക്കുമല്ലോ എന്നതാണ്‍ അതിന്‍റെ പിന്നിലെ ആശയം.
ഈ പരിപാടിക്ക് പരസ്പരം പുറം ചൊറിഞ്ഞ് കൊടുക്കല്‍ എന്നാണ്‍ പറയുക.

ഈ പുറം ചൊറിഞ്ഞ് കൊടുക്കലിന്‍റെ വകഭേദം തന്നെയാണ്‍ ഈ ലൈക്ക് അടിക്കുന്നതിന്‍റെ പിന്നിലും കുറെയൊക്കെ എന്നാണ്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ഒരു ഒമ്പത് വയസ്സുകാരി കുട്ടി, തന്‍റെ ഫോട്ടോ അമ്മ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്യം അറിഞ്ഞിട്ട് പിന്നീട് ചോദിച്ച് ചോദ്യം കേട്ടപ്പോആ അമ്മ ഞെട്ടി.  അമ്മേ... എന്‍റെ ഫോട്ടോയ്ക്ക് എത്ര ലൈക് കിട്ടി?’

ഫേസ് ബുക്കിന്‍റെ ഇത്തരം പ്രശംസനീയമായ ഇടപെടലുകള്‍ വരുത്തി വെക്കുന്ന മറ്റ് ചില പ്രശ്നങ്ങളുണ്ട്.  തന്‍റെ കൂടെ പഠിച്ചവരും മറ്റും ഇപ്പോള്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍  എങ്ങനെ ജീവിക്കുന്നു എന്ന് ഫേസ് ബുക്കിലൂടെ കണ്ടെത്തിക്കഴിയുമ്പോള്‍, തന്‍റെ ഇപ്പോഴത്തെ ജീവിതവുമായി അതിനെ താരതമ്യം ചെയ്ത് ഡിപ്രഷന്‍ അടിക്കുന്ന വിഭാഗവുമുണ്ട് എന്ന് മനസ്സിലാകുന്നു.  

ഫേസ് ബുക്കിലൂടെ എല്ലാവരും പൊതുവേ അവരുടെ നല്ല കാര്യങ്ങള്‍ മാത്രമേ വിളംബരം ചെയ്യൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഫേസ് ബുക്കില്‍ കാണുന്ന വേറെ ഒരു വിഭാഗം സ്വയം പൊങ്ങികളുണ്ട്.  ഇരിക്കുന്ന പൊസിഷനില്‍ നിന്ന് എന്ത് മാറ്റം സംഭവിച്ചാലും അത് നാട്ടുകാരെ അറിയിക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍.  
ഇവരുടെ വിചാരം എല്ലാവരും താന്‍ എന്ത് ചെയ്യുകയാണെന്ന് നോക്കിക്കൊണ്ട് ഇരിക്കുകയാണെന്നാണ്‍.

അത്തരക്കാരുടെ ചില ഫേസ് ബുക്ക് ചിത്രങ്ങളോടൊപ്പമുള്ള സന്ദേശങ്ങളുടെ ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ഞാനിപ്പോ എയര്‍പോര്‍ട്ടില്‍’, ഫ്ലൈറ്റ് എത്തി’, ഞാനിപ്പോ ടോയ് ലറ്റില്‍ കയറി (ബാക്കി പറയുന്നില്ല)

‘I am feeling sad’, ‘I am feeling lonely’ etc (ഇതറിഞ്ഞ് സഹായം ഉടനെ എത്തും എന്നാണ്‍ പ്രതീക്ഷ)

ഞാനിപ്പോ കള്ള് ഷാപ്പില്‍ കപ്പയും കഞ്ഞിയും കഴിക്കുന്നു.. നിങ്ങള്‍ക്ക് വേണോ?’  (ദിവസവും ബര്‍ഗ്ഗറും പിസ്സയും കഴിക്കുന്നവരായതുകൊണ്ട് ഒരു ചേഞ്ചിന്‍ കയറിയതാണേ)

ഇത് കൂടാതെ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ വിവരണങ്ങളും അതിന്‍റെ ഫോട്ടോകളും എല്ലം ക്രിത്യമായി ലഭിക്കും.  (അഡ്വാന്സ്ഡ് കള്ളന്മാര്‍ക്ക് ഇപ്പോ കാര്യങ്ങള്‍ എളുപ്പമാണ്‍. വീട്ടില്‍ ആളില്ലാത്ത കാര്യമെല്ലാം ക്രിത്യമായി ഫേസ് ബുക്ക അപ്ഡേറ്റ് വഴി ലഭിക്കുമല്ലോ)
വേറെ ഒരു കൂട്ടരുണ്ട്.  

തന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍ കമന്‍റ് എഴുതിയ ഓരോരുത്തര്‍ക്കും കമന്‍റിലൂടെ തന്നെ മറുപടി കൊടുത്തുകൊണ്ടിരിക്കും.  അപ്പോള്‍ തന്‍റെ ഈ പോസ്റ്റ് വീണ്ടും വീണ്ടും നാട്ടുകാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുമല്ലോ...   

ഇതൊക്കെ സഹിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്‍.
ഈ അസുഖം വല്ലാതെ കൂടുന്നതിനുമുന്പ് ആളുകള്‍ സ്വയം കരുതലെടുത്ത് മുന്നോട്ട് പോയില്ലെങ്കില്‍  മാനസികാവസ്ഥ വളരെ മോശപ്പെടുമെന്നാണ്‍ വിദഗ്ദരായ ഡോക്ടര്‍മാരുടെ അഭിപ്രായം.  J

ഈ അസുഖം തിരിച്ചറിഞ്ഞതിനാലും ലഭിച്ച പല ദുരനുഭവങ്ങളുടേയും വെളിച്ചത്തില്‍  ഫേസ് ബുക്ക് അക്കൌണ്ട്  തന്നെ നശിപ്പിച്ച് രക്ഷപ്പെടുന്നവരും ധാരാളം.  പക്ഷേ, അതൊക്കെ അത്ര സ്ഥായിയായതാണെന്ന് ഉറപ്പില്ലെന്ന് മാത്രം.

ഈ അസുഖം നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യം തോന്നുന്നുവെങ്കില്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കാവുന്നതാണ്‍.

    നാം വിളംബരം ചെയ്യുന്ന കാര്യങ്ങളെല്ലാം എല്ലാ നാട്ടുകാരും അറിയേണ്ടത് തന്നെയാണോ? 
     
            പലരുടെയും വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത് എല്ലാം നമ്മെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നതോ, നാം അറിഞ്ഞിരിക്കേണ്ടതോ ആണോ?
3  
        നമ്മെ നേരിട്ടോ അല്ലാതെയോ അറിയാത്ത നിരവധി പേര്‍ക്ക് വിവരങ്ങള്‍ ഷെയറ് ചെയ്യുക വഴി ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് നാം ആലോചിക്കാറുണ്ടോ?
4   
            ഈ മുഖപുസ്തകത്തില്‍ കയറി സമയം ചെലവിടുന്നതിനാല്‍ നമ്മുടെ ശരിയായ വ്യക്തിത്വം തന്നെ  മാറിപ്പോകുന്നുണ്ടോ? 
5
        നേരിട്ടുള്ള ഇടപെടലുകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും കുറവ് സംഭവിക്കുന്നതിനാല്‍ വ്യക്തിബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും പണ്ടത്തേതില്‍ നിന്ന് ജീര്‍ണ്ണിച്ച് അതിന്‍റെ ആത്മാവ് നഷ്ടപ്പെട്ട് വെറും ആലങ്കാരികവും നൈമിഷികവുമായി മാറുന്നുണ്ടോ?

ഇനിയും ആവശ്യാനുസരണം ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നത് നല്ലതാണ്‍.



ഐ.ടി. കിഡ്സ്‌ (IT Kids)



കഴിഞ്ഞ പതിനഞ്ച്‌ കൊല്ലത്തിലധികമായി ഐ.ടി. ജോലിക്കുണ്ടായിട്ടുള്ള വര്‍ദ്ധനവും ആകര്‍ഷണവും ഒരു തലമുറയെ തന്നെ അതിനോട്‌ വിധേയപ്പെടുത്തുവാന്‍ വഴി വെച്ചിട്ടുണ്ട്‌. ഇതിനെത്തുടര്‍ന്ന് കുറച്ച്‌ കാലമായി, പെട്ടെന്ന് സാമ്പത്തിക കേമത്തവും അതിന്റെ വെട്ടിത്തിളക്കവും നല്ലൊരു ശതമാനം ചെറുപ്പക്കാരെയും ആവേശിച്ചിട്ടുമുണ്ട്‌.

സമൂഹത്തില്‍ പെട്ടെന്ന് ഒരു വലിയ സാമ്പത്തിക വിവേചനം ഇതുമൂലം സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്‌ നേരിട്ടല്ലാത്ത ഗുണഭോക്താക്കളെയും സൃഷ്ടിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ഈ ഐ.ടി. പ്രമാണികള്‍ മേഞ്ഞ്‌ നടന്ന് ഷോപ്പിങ്ങും മറ്റും നടത്തുന്നതിനാല്‍ മറ്റ്‌ ബിസിനസ്‌ സംരംഭകര്‍ക്കും ഗുണം ലഭിച്ചിട്ടുണ്ടെന്നര്‍ത്ഥം.
സാധങ്ങളുടെ വിലയെക്കുറിച്ച്‌ ഒരിക്കലും ഇത്തരക്കാര്‍ വ്യാകുലരല്ലാതിരിക്കുന്നു എന്ന് മാത്രമല്ല, വില കുറഞ്ഞാല്‍ മാത്രം അതില്‍ ഉല്‍ക്കണ്ഠയും തിരസ്കരണവും നടത്തുന്ന തരത്തില്‍ വരെ എത്തപ്പെട്ടിരിക്കുന്നു. വളരെ സാധാരണ കുടുംബങ്ങളില്‍ നിന്ന് വന്നവര്‍ പോലും ഈ മേഖലയില്‍ എത്തപ്പെട്ടതിനെത്തുടര്‍ന്ന് വന്നവഴി മറക്കുകയും ആര്‍ഭാടത്തില്‍ ആകൃഷ്ടരാകുകയും ചെയ്യുന്നു എന്നതാണ്‌ സത്യം.

ഐ.ടി. പാര്‍ക്കുകളില്‍ ലഭിക്കുന്ന വെള്ളിവെളിച്ചത്തിന്റെ ഉഗ്രപ്രഭയില്‍ ഇവര്‍ സ്വയം മറക്കുകയും അതിന്റെ ചാപല്യങ്ങള്‍ക്ക്‌ അടിമപ്പെടുകയും ചെയ്യുന്നത്‌ സ്വാഭാവികം. പക്ഷേ, ആ ചാപല്യങ്ങള്‍ നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും അവഗണിക്കുന്നതരത്തിലും ബഹുമാന്യരെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലും രൂപപ്പെടുന്നത്‌ അനഭിലഷണീയമാണ്‌.

ചെറുപ്രായത്തില്‍ കൈവന്ന സാമ്പത്തിക ആധിപത്യം മൂലം, സ്വന്തം വീടുകളില്‍ തന്നെ ഒരു സ്വാധീനശകതിയാവാന്‍ ഇവര്‍ക്ക്‌ സാധിക്കുന്നുണ്ടാവാം. അതുകൊണ്ട്‌ തന്നെ, അവരവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ബന്ധങ്ങള്‍ക്കും വിവാഹജീവിതത്തിനും കാര്യമായ എതിര്‍പ്പുകളില്ലാതെ എത്തിപ്പെടുന്നതിനും കഴിയുന്നുണ്ട്‌.

ഈ ഐ.ടി. മേഖലയിലെ തിളക്കത്തില്‍ കണ്ണ്‍ മഞ്ഞളിച്ച്‌ ജീവിക്കുമ്പോഴും അതിന്റെ സമ്പന്നതയില്‍ പല നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും വിലമതിക്കാന്‍ കഴിയാത്ത പലതും കൈമോശം വരുന്നത്‌ ഈ തലമുറ അറിയാതെ പോകുന്നുണ്ട്‌ എന്നതാണ്‌ ദുഖകരമായ സത്യം.

ജോലിയിലെ ഉന്നമനത്തിനും മറ്റ്‌ നേട്ടങ്ങള്‍ക്കുമായി വിദേശരാജ്യങ്ങളില്‍ പോയി തിരക്കുകളില്‍ നിന്ന് തിരക്കുകളിലേയ്ക്ക്‌ കൂപ്പ്‌ കുത്തുമ്പോഴും മക്കളെ ഉന്നതിയില്‍ എത്തിക്കാണാന്‍ അശ്രാന്തം പരിശ്രമിച്ച മാതാപിതാക്കള്‍ അവരുടെ വാര്‍ദ്ധക്യകാലത്തിലും അത്യാവശ്യകതകളിലും ഇവരുടെ സാമീപ്യമോ സാന്ത്വനമോ ലഭിക്കാതെ നിരാശപ്രകടിപ്പിക്കാതെ ജീവിതം തള്ളിനീക്കുന്നുണ്ട്‌. പക്ഷേ, ഈ മക്കളുടെ നേട്ടം കൊണ്ട്‌ തന്നെ ജീവിതനിലവാരവും സാഹചര്യങ്ങളും വന്‍ തോതില്‍ മെച്ചപ്പെട്ട മാതാപിതാക്കളും കുടുംബങ്ങളുമുണ്ട്‌ എന്ന സത്യവും വിസ്മരിക്കുന്നില്ല.

ഈ ഐ.ടി. തലമുറ ആഘോഷത്തിന്റെയും തിരക്കുകളുടേയും ഒരു കാലം അതിജീവിച്ച്‌ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തിലേക്ക്‌ കടക്കുമ്പോഴാണ്‌ പ്രധാനമായ ഒരു പ്രശ്നം ഉടലെടുക്കുന്നത്‌. ജോലിയിലെ കടുത്ത വെല്ലുവിളികള്‍ക്കിടയില്‍ അതിജീവനത്തിനായി ദിവസത്തിലെ ഭൂരിഭാഗം സമയവും നീക്കിവെച്ച്‌ മിച്ചം കിട്ടുന്ന വിരളമായ സമയത്തെ ദാമ്പത്യത്തിന്റെ മനോഹാരിതയില്‍ വിരിയുന്ന അടുത്ത തലമുറയാണ്‌ ശരിയ്ക്കുമുള്ള വെല്ലുവിളി നേരിടാന്‍ പോകുന്നത്‌.

ഒരു കുഞ്ഞ്‌ ജനിക്കുന്നതോടെ അതുവരെ ഉണ്ടായിട്ടുള്ള ജീവിത ശൈലിയും പരിസ്ഥിതികളും നിയന്ത്രിക്കാനാകാത്ത മാറ്റത്തിലേയ്ക്ക്‌ കടക്കുന്നു. ഭൂരിഭാഗം ദമ്പതികളും സ്വന്തം മാതാപിതാക്കളില്‍ നിന്നും തറവാട്ടില്‍ നിന്നും അകന്ന് പട്ടണങ്ങളുടെ ആര്‍ഭാടങ്ങളിലും സൗകര്യങ്ങളിലും ചേക്കേറിക്കഴിഞ്ഞതിനാല്‍ കുഞ്ഞ്‌ ജനിച്ചതിനോടനുബന്ധിച്ച്‌ സ്വന്തം കുടുംബങ്ങളില്‍ നിന്നുള്ള സഹായങ്ങളും വാല്‍സല്യവും ദീര്‍ഘകാലം ലഭിക്കുന്നതില്‍ പ്രയാസം നേരിടുന്നു. തങ്ങളുടെ മാതാപിതാക്കളുടെ നിരന്തരമായ നിര്‍ദ്ദേശങ്ങളും മേല്‍നോട്ടവും പുതുതായി ജനിച്ച കുഞ്ഞിന്റെ വളര്‍ച്ചയില്‍ സ്ഥിരമായി കിട്ടുന്നതില്‍ പലപ്പോഴും വെല്ലുവിളി നേരിടുന്നു. സ്വന്തം നാട്ടില്‍ നിന്ന് മാറി പട്ടണത്തില്‍ വന്ന് പേരക്കുട്ടികള്‍ക്ക്‌ വേണ്ടി ജീവിക്കുവാന്‍ പലപ്പോഴും പ്രായോഗിക തടസ്സങ്ങള്‍ കാരണമാകുന്നു.

ഇതിനെത്തുടര്‍ന്ന്, വിലപിടിപ്പുള്ള സൗകര്യങ്ങളുടെ സാന്നിദ്ധ്യത്തിലും ഈ കുഞ്ഞ്‌ പരിമിതമായി ലഭ്യമായ പരിചരണത്തില്‍ വളരാന്‍ നിര്‍ബന്ധിതമാകുന്നു. ചെറുപ്രായത്തിലേ തന്നെ വീട്ടില്‍ ഒരു ജോലിക്കാരിയുടേയൊ ആയയുടേയോ സംരക്ഷണത്തിലും പുറമേ ഒരു ഡേ കെ യര്‍ / പ്ലേ സ്കൂള്‍ സംവിധാനത്തിലും പകല്‍ സമയത്തിന്റെ ഭൂരിഭാഗവും ചിലവിടുവാന്‍ ഈ കുഞ്ഞ്‌ വിധിക്കപ്പെടുന്നു.

ജോലിഭാരത്തിന്റെ മാനസികവും ശാരീരികവുമായ അസ്വസ്ഥതയില്‍ രാത്രി വൈകി കുടുംബത്തെത്തുന്ന ഈ കുഞ്ഞിന്റെ മാതാപിതാക്കള്‍ കുഞ്ഞിനെ താലോലിക്കാനും അതിനെ പരിലാളിക്കാനും കഴിയാതെ ദിവസങ്ങള്‍ തള്ളി നീക്കുന്നു. പലപ്പോഴും ഈ ഒരു ന്യൂനതയെ ഓര്‍ത്ത്‌ മനസ്സ്‌ ചഞ്ചലപ്പെടുമ്പോള്‍ അതിനൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കുമെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം തന്നെ വിജയിക്കുകയും കുഞ്ഞ്‌ തുടര്‍ച്ചയായ തിരസ്കരണം നേരിടുകയും ചെയ്യുന്നു.

ജോലിയിലെ പരിചയസമ്പന്നതയും പ്രാഗത്ഭ്യവും കൂടുന്നതനുസരിച്ച്‌ വരുമാനത്തിനൊപ്പം ജോലിഭാരത്തിലും ഉത്തരവാദിത്വത്തിലും വലിയതോതില്‍ വര്‍ദ്ധനവുണ്ടാകുന്നതിനാല്‍ കുടുംബത്തോടൊപ്പം ചെലവിടുന്ന സമയത്തില്‍ സ്വാഭാവികമായ കുറവും സംഭവിക്കുന്നു.

അമ്മയും അച്ഛനും എത്തുന്നതിന്റെ ചലനങ്ങളും ശബ്ദങ്ങളും പ്രതീക്ഷയോടെ നോക്കി ഇരിക്കുന്ന കുഞ്ഞ്‌, അവരെത്തുമ്പോള്‍ ആര്‍ത്തിയോടെ ഓടിയടുക്കുമെങ്കിലും , അതിന്‌ വേണ്ടത്ര ലാളന കൊടുക്കാന്‍ കഴിയാതെ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഒരു മാതാപിതാക്കളുടെ തലമുറ രൂപപ്പെട്ട്‌ വരുന്നുണ്ട്‌.

എത്ര വിലകൊടുത്തും കുഞ്ഞിന്‌ വേണ്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റ്‌ സൗകര്യങ്ങളും നേടിക്കൊടുക്കുമ്പോഴും അതിനേക്കാല്‍ വലുതും പണം കൊണ്ട്‌ നേടാന്‍ കഴിയാത്തതുമായ പല നിര്‍ണ്ണായക അനുഭവസന്ദര്‍ഭങ്ങള്‍ ഈ കുഞ്ഞിന്‌ നഷ്ടപ്പെടുന്നത്‌ ഇവര്‍ അറിയാതിരിക്കുകയോ അറിഞ്ഞിട്ട്‌ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്നു.

തുടര്‍ന്ന് ഈ കുഞ്ഞ്‌ സ്കൂള്‍ വിദ്യാഭ്യാസത്തിലേയ്ക്ക്‌ പ്രവേശിക്കുമ്പോഴാണ്‌ അടുത്ത ഘട്ടം തുടങ്ങുന്നത്‌. സമൂഹത്തിലെ ഉന്നതിയുടെ വലുപ്പം നിശ്ചയിക്കുന്നത്‌ കുട്ടി പഠിക്കുന്ന സ്കൂളാണെന്ന നാട്ട്‌ നടപ്പ്‌ നിലവിലുള്ളതിനാല്‍ അതിനൊത്ത സ്കൂളില്‍ തന്നെ അഡ്മിഷന്‍ കിട്ടാന്‍ നെട്ടോട്ടമാണ്‌. അത്തരം സ്കൂളുകളിലെ പഠനരീതികളുടെ ഗുണദോഷങ്ങളൊന്നും ചിന്തിക്കലല്ല, മറിച്ച്‌ മറ്റുള്ളവര്‍ക്ക്‌ മുന്നില്‍ മേനി നടിക്കാവുന്ന സ്കൂള്‍ ലേബല്‍ മാത്രം ചിന്തിച്ചിട്ടാവും ഭൂരിഭാഗം പേരും ഈ പണിക്കിറങ്ങുന്നത്‌. പണവും മറ്റ്‌ സ്വാധീനവും കൊണ്ട്‌ ഇത്തരം ഒരു സ്കൂളില്‍ കുട്ടിക്ക്‌ സീറ്റ്‌ കണ്ടെത്തുന്നതോടെ പ്രധാന കടമ്പ കഴിഞ്ഞു.

നഴ്‌സറി ജീവിതം കഴിഞ്ഞ്‌ കുഞ്ഞ്‌ അടുത്ത ക്ലാസ്സുകളില്‍ പ്രവേശിച്ച്‌ ഒന്ന് രണ്ട്‌ വര്‍ഷം കഴിയുന്നതോടെ പഠനകാര്യങ്ങളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുന്നു. മാതാപിതാക്കളുടെ നിരന്തരമായ ശ്രദ്ധയോ സഹായമോ ഇല്ലാതെ ഒരു കുഞ്ഞും അതിജീവിക്കാന്‍ പറ്റാത്ത തരത്തില്‍ ഇത്തരം സ്കൂളുകളിലെ വിദ്യഭ്യാസരീതികള്‍ മാറിക്കഴിഞ്ഞു എന്ന സത്യം പലരും ഓര്‍ക്കുന്നില്ല. നിരന്തരം പ്രൊജക്റ്റുകളും ആക്റ്റിവിറ്റികളും പരീക്ഷകളുമായി കുട്ടിയുടെ സ്കൂള്‍ ജീവിതം മുന്നോട്ട്‌ പോകുമ്പോള്‍ അതില്‍ ഇടപെടാന്‍ കഴിയാതെ സ്വന്തം ജോലിയില്‍ ഉന്നതി കൈവരിക്കാന്‍ നെട്ടോട്ടമോടുന്ന ഈ രക്ഷിതാക്കള്‍ കുഞ്ഞിനെ വൈകാരികമായ നിരാശയിലേയ്ക്കും വിദ്യാഭ്യാസപരമായ പരാജയത്തിലേയ്ക്കും തള്ളിവിടുന്നു.

പലപ്പോഴും കുഞ്ഞിന്റെ നൈസര്‍ഗ്ഗികവാസനകളെ തിരിച്ചറിയാനും പ്രോല്‍സാഹിപ്പിക്കാനും കഴിയാതെ വരുന്നതിനാല്‍ ഒരു കുഞ്ഞിന്റെ പല കഴിവുകളും മുരടിച്ച്‌ ഒടുങ്ങുന്നു.

സ്വന്തം കുട്ടികള്‍ തങ്ങളുടെ അശ്രദ്ധയും പിന്തുണക്കുറവും മൂലം ക്ലാസ്സില്‍ വളരെ മോശപ്പെട്ട പ്രകടനം തുടരുന്നു എന്ന് തിരിച്ചറിയുമ്പോഴേയ്ക്കും വളരെ വൈകിയിരിക്കും. അത്‌ നേരത്തേ തിരിച്ചറിഞ്ഞാല്‍ പോലും തങ്ങള്‍ പെട്ടുപോയിരിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയാതെ പലരും തങ്ങളുടെ നിസ്സഹായാവസ്ഥയില്‍ തുടരുന്നു.

പക്ഷേ, ഒരു ഘട്ടതില്‍ ആ അനിവാര്യതയെ അവഗണിക്കാനാവാതെ ജോലി പോലും ഉപേക്ഷിച്ച്‌ കുഞ്ഞിനെ രക്ഷിച്ചെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുപാട്‌ പേരെ കാണാനാകും. പല സ്കൂളുകളിലും, മോശപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഇത്തരം സമയപരിമിതിയുള്ള ഉന്നതരായ ജോലിക്കാരുടെ കുട്ടികളാണെന്നുള്ളതാണ്‌ വസ്തുത.

അവരവരുടെ ഉന്നതിക്ക്‌ വേണ്ടി നിരന്തരം പരിശ്രമിച്ച്‌, എന്നും തിരക്ക്‌ പിടിച്ച്‌ ഓടിക്കൊണ്ടിരിക്കുന്ന ഈ മാതാപിതാക്കള്‍ അവരുടെ അടുത്ത തലമുറയ്ക്ക്‌ ലഭിക്കേണ്ട ഒരുപാട്‌ മൂല്ല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ പുതിയ തലമുറയ്ക്ക്‌ നവലോകത്തിന്റെ പല നേട്ടങ്ങളും കൈവരിക്കാന്‍ സാധിക്കുമെങ്കിലും, ഒരു പരിശീലനം കൊണ്ടും പണം കൊണ്ടും നേടാന്‍ സാധിക്കാത്ത ഒരുപാട്‌ അനുഭവങ്ങളും മാനസിക അടിത്തറയും സാംസ്കാരിക വിദ്യാഭ്യാസവും തുടര്‍ന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 'ഐ.ടി. കിഡ്സ്‌' എന്ന വരും തലമുറ ഈ നാടിനെ എങ്ങനെ സ്വാധീനിക്കുമെന്നത്‌ വരും കാലം തെളിയിക്കും.


Friday, November 11, 2011

മലയാളിയുടെ ആത്മനിര്‍വ്വൃതി

ചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങളിലേയ്ക്ക്‌ കണ്ണോടിച്ചപ്പോള്‍ തോന്നിയ ഒരു അഭിപ്രായമാണ്‌ 'മലയാളിയുടെ ആത്മനിര്‍വ്വൃതി' എന്ന ഈ ഒരു ലേഖനം എഴുതാന്‍ പ്രേരണയായത്‌. പലതരം കാര്യങ്ങളിലൂടെ ജീവിതത്തില്‍ മനുഷ്യര്‍ ആത്മനിര്‍വ്വൃതി കൊള്ളുന്നുണ്ട്‌. പക്ഷേ, ഒട്ടും പോസിറ്റീവ്‌ അല്ലാത്ത ചില മാനസികവികാരങ്ങളിലൂടെയും പ്രവര്‍ത്തികളിലൂടെയും നല്ലൊരു വിഭാഗം ആളുകള്‍ മാനസികോല്ലാസം കണ്ടെത്തുന്നുണ്ട്‌ എന്നതാണ്‌ മനസ്സിലാക്കാന്‍ സാധിച്ചത്‌. ഇതിന്റെ പ്രവര്‍ത്തികളില്‍ പങ്കെടുക്കുന്നില്ലെങ്കിലും അത്‌ കണ്ട്‌ രസിച്ചും നല്ലൊരു വിഭാഗം ആളുകള്‍ സായൂജ്യമടയുന്നുണ്ട്‌. 'മലയാളി'യുടെ ആത്മനിര്‍വ്വൃതി എന്ന് പറയാന്‍ കാരണം, എന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും നല്ലൊരുശതമാനവും മലയാളിലേ അര്‍പ്പിക്കാന്‍ സാധിച്ചുള്ളൂ എന്നൊരു ന്യൂനതകൊണ്ട്‌ കൂടിയാണ്‌. അതിനുള്ള അനുഭവജ്ഞാനവും അവസരവുമേ ലഭിച്ചിട്ടുള്ളൂ എന്നും കരുതാവുന്നതാണ്‌.

ഒരു സഹജീവിയെ പരിഹസിക്കുന്നതിനോ ആ പരിഹാസത്തെ കണ്ട്‌ ആനന്ദിക്കുന്നതിനോ വളരെയധികം ഉത്സാഹം നല്ലൊരുശതമാനം മലയാളികള്‍ക്കുണ്ട്‌ എന്നതാണ്‌ പ്രധാനനിരീക്ഷണം. ഈ സഹജീവി എന്നത്‌ ഏതെങ്കിലും തരത്തില്‍ നമ്മെക്കാള്‍ ഒരല്‍പ്പം കഴിവ്‌ കൂടുതലോ, കഴിവ്‌ കുറവോ, കൂടുതല്‍ ജനശ്രദ്ധയോ ഉള്ളതാണെങ്കില്‍ കാര്യങ്ങള്‍ ഗംഭീരമായി, ആഘോഷമായി.

ഒരാള്‍ക്ക്‌ ഒരു അബദ്ധം സംഭവിക്കുമ്പോള്‍ പെട്ടെന്ന് ചിരിവരുക എന്നത്‌ ഒരു പാപമായി കരുതാനാവില്ല. അത്‌ ആ അപ്രതീക്ഷിതസംഭവത്തിന്റെ ഒരു സ്വാഭാവിക പ്രതികരണം മാത്രമാണ്‌. ഇത്തരം സന്ദര്‍ഭങ്ങള്‍ മലയാള സിനിമയിലും മറ്റ്‌ കലാരൂപങ്ങളിലും ധാരാളം ഉണ്ടാകുകയും പ്രേക്ഷകരെ ഒരുപാട്‌ ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്‌. പക്ഷേ, അതില്‍ നിന്ന് വിഭിന്നമായി, ആളുകളെ തിരഞ്ഞ്‌ പിടിച്ച്‌ പൊതുമധ്യത്തില്‍ പരിഹാസ്യനാക്കി ആനന്ദസായൂജ്യം അടയാനും അത്‌ കണ്ട്‌ നിര്‍വൃതി നേടാനുമുള്ള ഒരുപാട്‌ ശ്രമങ്ങളും സംഭവങ്ങളും കുറച്ചുകാലമായി വളരെയധികം അരങ്ങേറുന്നുണ്ടെന്ന് തോന്നുന്നു.

ആദ്യമായി, ടി.വി. പരിപാടികളിലെ റിയാലിറ്റി ഷോ തന്നെ എടുക്കാം.

മല്‍സരാര്‍ത്ഥിക്ക്‌ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച്‌ കൊടുക്കാനും നേര്‍വഴി പറഞ്ഞുകൊടുക്കാനും പല വിധികര്‍ത്താക്കളും പല വഴികളും അവലംബിക്കുന്നുണ്ട്‌. അതില്‍ ചിലതെല്ലാം നര്‍മ്മവും പരിഹാസവും കലര്‍ന്നിട്ടുണ്ടെന്‍ങ്കിലും ഒരു പരിധിവരെ സഹനീയമാണ്‌. പക്ഷേ, 'അപകടമേഖല' (Danger Zone) അല്ലെങ്കില്‍ എലിമിനേഷന്‍ എന്ന ഒരു ഘട്ടം സൃഷ്ടിച്ച്‌ മല്‍സരാര്‍ത്ഥികളെയും പ്രേക്ഷകരേയും ഒരേപോലെ പിരിമുറുക്കത്തില്‍ നിര്‍ത്തി, ഭാവാഭിനയത്തിലൂടെ വിഡ്ഢികളാക്കുന്ന ഒരു പ്രക്രിയ മിക്കവാറും എല്ലാ റിയാലിറ്റി ഷോ കളുടേയും പ്രത്യേകതയാണ്‌.

ഏതൊരു മല്‍സരത്തിന്റേയും പരീക്ഷയുടേയും ഫലം ഒരു വിധിപ്രഖ്യാപനത്തിലൂടെ പുറത്തുവരേണ്ടതാണ്‌. അതിനുമുന്‍പുള്ള നാടകവും മാനസികപീഠനവും മനുഷ്യത്വത്തോടുള്ള അവഹേളനമാണെന്നതാണ്‌ എന്റെ അഭിപ്രായം. പ്രത്യേകിച്ചും കുട്ടികളോട്‌ ഇത്‌ ചെയ്യുന്നത്‌ ക്രൂരതയാണ്‌. കുറച്ച്‌ കുട്ടികളെ സ്റ്റേജില്‍ വിളിച്ച്‌ നിര്‍ത്തിയിട്ട്‌ അവതാരകയും കൂടെ ഒരു സ്പെഷല്‍ അവതാരവും വന്നു നിന്നിട്ട്‌ കുട്ടികളോട്‌ ചോദിക്കും 'എന്ത്‌ തോന്നുന്നു? ഔട്ട്‌ ആയാല്‍ എന്ത്‌ ചെയ്യും?'. പാവങ്ങള്‍, എന്ത്‌ ചെയ്യാന്‍? ഔട്ട്‌ ആയാല്‍ ഇറങ്ങിപ്പോകാതെ പറ്റുമോ?

ഇനി, ഇതൊന്നും കേട്ട്‌ കാര്യമായി തളരാതെ നില്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ കുത്തി കുത്തി ചോദിച്ചും ഭാവാഭിനയവും കോപ്രായങ്ങളും കാണിച്ച്‌ കരയിപ്പിക്കാന്‍ പരമാവധി ശ്രമിക്കും. എന്നിട്ടും കരയാത്ത കുട്ടികളെ അറിയാതെ ഹീല്‍ ഉള്ള ചെരിപ്പ്‌ കൊണ്ട്‌ കാല്‍ വിരലില്‍ അമര്‍ത്തി ഞെരിച്ച്‌ കരയിപ്പിക്കും... ആ കരച്ചില്‍ കണ്ട്‌ അവതാരകരും അവതാരങ്ങളും പ്രേക്ഷകലക്ഷങ്ങളും ആനന്ദലബ്ധിയില്‍ ആറാടും.

മലയാള സിനിമാരംഗം തന്നെ മറ്റൊരു ഉദാഹരണമായി എടുക്കാം. പുതുമുഖങ്ങള്‍ (പ്രത്യേകിച്ചും ചെറുപ്പക്കാര്‍) സിനിമാരംഗത്തേയ്ക്ക്‌ വരുന്നത്‌ ഒരല്‍പ്പം അസഹിഷ്ണുതയോടെയാണോ മലയാളികള്‍ നോക്കിക്കാണുന്നതെന്ന് പരിശോധിക്കേണ്ടതാണ്‌. മറ്റ്‌ ഭാഷകളില്‍ (പ്രത്യേകിച്ചും തമിഴ്‌ സിനിമകളില്‍) പുതുമുഖങ്ങളുടെ സിനിമകളെ നല്ല പ്രോല്‍സാഹനത്തോടെയാണ്‌ പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്‌. മലയാളി പ്രേക്ഷകരാകട്ടെ, 'ഒരുത്തന്‍ അങ്ങനെ വന്ന് ഒറ്റയടിക്ക്‌ കേമനാവണ്ട' എന്നൊരു മനോവിചാരത്തോടെയാണോ ഇതിനെ നോക്കിക്കാണുന്നതെന്ന് തോന്നും. 'ഒരുത്തന്‍ അങ്ങനെ ചുമ്മാ വന്ന് ഷൈന്‍ ചെയ്ത്‌ ഹീറോ ആകണ്ടാ...' പകരം , അല്‍പസ്വല്‍പം കോമാളിത്തവും പരാധീനതകളുമൊക്കെയായി വന്ന് പയ്യെ പയ്യെ വേീണമെങ്കില്‍ ഹീറോ ലെവലിലൊക്കെ ആയാല്‍ മതി എന്നൊരു രഹസ്യ അജന്‍ഡ മനസ്സിലുള്ളപോലെയാണ്‌ സ്ഥിതിഗതികള്‍.

ഇനി ആ മനോഭാവം പോകട്ടെ... ഒരുത്തന്‍ കുറച്ച്‌ കഷ്ടപ്പെട്ട്‌ പ്രതിസന്ധികളെ ഒരുവിധം തരണം ചെയ്ത്‌ നായകപദവിയില്‍ എത്തിപ്പെട്ടാലോ, പിന്നെ അവരെ എങ്ങനെ താറടിക്കാന്‍ അവസരം കിട്ടും എന്ന് പാത്ത്‌ നോക്കി ഇരിപ്പാണ്‌. അതിന്‌ കാരണം ഉണ്ടാക്കിക്കൊടുക്കാന്‍ ഇവരും മിടുക്കരാണ്‌.

ഉദാഹരണത്തിന്‌, പൃഥ്യിരാജിനെ തന്നെ എടുക്കാം. ഈ ഉദാഹരണം വിവരിക്കുന്നതിനുമുന്‍പ്‌ തന്നെ ഞാന്‍ ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. ഞാന്‍ ഒരു നടന്റെയും അന്ധമായ ആരാധകനല്ല. മലയാളസിനിമ ഉള്‍പ്പെടെ എല്ലാ ഭാഷകളിലേയും ഒരുവിധം നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്ത്‌ പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന എല്ലാ നടന്മാരെയും എനിക്ക്‌ ഇഷ്ടമാണ്‌. അതുപോലെ തന്നെ ഇവര്‍ പലപ്പോഴും തെരെഞ്ഞെടുക്കുകയോ കൈകാര്യം ചെയ്യുകയോ ആകുന്ന പല സിനിമകളുടെയും ഗുണനിലവാരക്കുറവുകൊണ്ട്‌ അതേ അളവില്‍ തന്നെ നീരസവും തോന്നാറുണ്ട്‌. ഇനി പൃഥ്യിരാജിലേയ്ക്ക്‌ വരാം...
ഇദ്ദേഹത്തിന്റെ അഭിനയനിലവാരമോ കഴിവുകളോ വിശകലനം ചെയ്യുന്നില്ല. ഇദ്ദേഹം ചില ഇന്റര്‍വ്യൂകളിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങളും അതിലെ ധ്വനിയും ചില പ്രവര്‍ത്തികളും എടുത്ത്‌ കാട്ടി ഇദ്ദേഹത്തെ താറടിച്ച്‌ ക്രൂശിക്കാന്‍ ഒരു കൂട്ടം ആളുകള്‍ കാണിച്ച വ്യഗ്രത കണ്ട ആര്‍ക്കും തോന്നാവുന്ന ഒരു അല്‍ഭുതമുണ്ട്‌. എത്രയോ സമയവും അധ്വാനവും പൈസയും ബുദ്ധിയും ഒരാളെ അവഹേളിക്കാനായി ആളുകള്‍ ചിലവാക്കുന്നു എന്നത്‌ തന്നെയാണ്‌ ആ അത്ഭുതം. ഇന്റര്‍വ്യൂകളില്‍ നിന്ന് അടര്‍ത്തിയെടുത്ത്‌ സാഹചര്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തി വാക്കുകളെയും സംഭാഷണങ്ങളെയും തെറ്റായും ശരിയായും വ്യാഖ്യാനിച്ച്‌ നിരന്തരമായി പ്രചരിപ്പിച്ച്‌ ആനന്ദക്കടലില്‍ ആറാടുന്ന ആ വികാരത്തെ എന്ത്‌ വിളിക്കും നമ്മള്‍? ഈ പ്രക്രിയയ്ക്ക്‌ നല്ലൊരു ശതമാനം ആളുകളുടെ പിന്തുണയും ആസ്വാദനവും ലഭിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ കാര്യങ്ങള്‍ വിവിധ തലങ്ങളിലേയ്ക്ക്‌ വ്യാപിച്ചു. ഈമെയിലുകള്‍, വീഡിയോകള്‍, മൊബെയില്‍ സന്ദേശങ്ങള്‍ തുടങ്ങിയ പലവിധതലങ്ങളിലൂടെ വ്യാപരിച്ച്‌ ജനങ്ങള്‍ക്ക്‌ മാനസികതൃപ്തി സമ്മാനിച്ചു എന്ന് വേണമെങ്കില്‍ പറയാം. എന്ത്‌ നേടി? ആനന്ദനിര്‍വ്വൃതി...

ഇതേപോലെ മറ്റൊരു ചങ്ങാതിയുണ്ട്‌... ഇന്ത്യന്‍ ക്രിക്കറ്റില്‍ മലയാളിയുടെ സാന്നിധ്യം ഉച്ഛത്തില്‍ ഉദ്‌ ഘോഷിച്ച ഈ മലയാളിയാണ്‌ ശ്രീശാന്ത്‌. ഇദ്ദേഹത്തിനും അല്ലറ ചില്ലറ വൈകല്ല്യങ്ങളില്ലാതില്ല. പൊതുജനമദ്ധ്യത്തിലും കളിക്കളത്തിലും ഒരല്‍പ്പം സഭ്യതയ്ക്ക്‌ പുറത്തേയ്ക്ക്‌ ഇദ്ദേഹത്തിന്റെ തീവ്രത വ്യാപിച്ചിട്ടില്ലെന്ന് പറയാനാകില്ല. പക്ഷേ, അതിന്റെ പേരില്‍ ഒരാളെ ഇത്രയും ക്രൂശിക്കാമോ? ഇദ്ദേഹത്തിന്റെ പല നേട്ടങ്ങളിലും മനസുകൊണ്ട്‌ സന്തോഷിച്ചിട്ടുളവര്‍ ഇദ്ദേഹത്തിന്റെ വീഴ്ചകളിലും ഒരേപോലെ ആനന്ദിച്ചിട്ടുണ്ടെന്ന് തോന്നുന്നു. കളിക്കളത്തില്‍ ഒരിക്കല്‍ ഒരു സഹകളിക്കാരനില്‍ നിന്ന് അടി വാങ്ങിയത്‌ കണ്ട്‌ അതില്‍ ഒരുപാട്‌ സന്തോഷിക്കുന്ന മലയാളിയില്‍ നമ്മള്‍ എന്ത്‌ വികാരമാണ്‌ ദര്‍ശിക്കേണ്ടത്‌... അതും ഒരു ആത്മനിര്‍വ്വൃതി....

ഒടുവിലായി ഇതാ ഒരു കേമന്‍.. സന്തോഷ്‌ പണ്ടിറ്റ്‌ എന്ന ഒരു അഭ്യാസി.... ഇദ്ദേഹം ഒരു കടും കൈ ചെയ്തു എന്നത്‌ സത്യമാണ്‌. അതിന്റെ പേരില്‍ ഇദ്ദേഹത്തെ തെറികൊണ്ട്‌ സ്തോത്രം ചൊല്ലി മലയാളി ആസ്വദിക്കുകയാണ്‌. ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചും ഇന്റര്‍നെറ്റിലെ അഭിപ്രായപ്രകടനങ്ങളിലൂടെയും സ്തുതിക്കുന്നവര്‍ തെറിപ്രയോഗങ്ങളുടെ പുതിയ മാനങ്ങള്‍ തേടുകയാണ്‌. എന്തൊരു രസം ഒരുത്തനെ തെറിവിളിക്കാന്‍... ഇതും നിര്‍വ്വൃതി...

ഇദ്ദേഹത്തിന്റെ സിനിമ കാശും സമയവും ചിലവാക്കി തീയ്യറ്ററില്‍ പോയി കണ്ട്‌ തെറിപ്പാട്ടോടെ ആസ്വദിക്കുമ്പോള്‍ അത്‌ കേട്ട്‌ ആസ്വദിക്കുന്ന ഒരു വിഭാഗവും തീയ്യറ്ററില്‍ ഉണ്ട്‌. പണവും സമയവും മുടക്കി ഇദ്ദേഹത്തിന്റെ വലിയ പോസ്റ്ററുകള്‍ പതിച്ചും ഇദ്ദേഹത്തിന്‌ ജയ്‌ വിളിച്ചും ആനന്ദിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ എന്ത്‌ വികാരമാണ്‌ പ്രകടിപ്പിക്കുന്നത്‌? എന്തെങ്കിലും വൈകല്ല്യമുള്ള ഒരാളേ വെറുതേ വിടുന്നതിനുപകരം ആ വൈകല്ല്യത്തെ മുതലെടുത്ത്‌ ആനന്ദിക്കുന്നത്‌ എന്തിന്റെ പേരിലാണാവോ? അതും പോരാഞ്ഞ്‌, ഇദ്ദേഹത്തെ എല്ലാ ചാനലുകളും വിളിച്ച്‌ ഇരുത്തി ഇന്റര്‍വ്യൂ എന്ന വ്യാജേന പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ കോമാളിവേഷം കെട്ടിയാടാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രേക്ഷകരുടെ മേല്‍പ്പറഞ്ഞ ആത്മനിര്‍വ്വൃതി വികാരത്തെ ചൂഷണം ചെയ്ത്‌ കാശുണ്ടാക്കാന്‍ മാധ്യമങ്ങളും പരമാവധി അദ്ധ്വാനിക്കുന്നുണ്ടെന്ന് വ്യക്തം. ഒരു ചാനലാകട്ടെ, പ്രേക്ഷകര്‍ക്ക്‌ നേരിട്ട്‌ തെറി വിളിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുക വഴി മലയാളിയുടെ ആത്മഹര്‍ഷത്തിന്‌ ഉശിര്‌ കൂട്ടി. ഹാവൂ.. എന്തൊരു നിര്‍വ്വൃതി...

ചുരുക്കിപ്പറഞ്ഞാല്‍ ഒരല്‍പ്പം വൈകല്ല്യം നിറഞ്ഞ, നെഗറ്റീവ്‌ സ്വഭാവമുള്ള ഒരു ആസ്വാദനവും അതുകൊണ്ടുണ്ടാകുന്ന നിര്‍വ്വൃതിയും സത്യസന്ധമായി സംഭവിക്കുന്നുണ്ട്‌. അത്‌, മലയാളിയുടെ മനസ്സിണ്റ്റെ നന്‍മയെ വികലപ്പെടുത്തുകയും സഹജീവികളോടുള്ള സഹിഷ്ണുതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.

Friday, December 31, 2010

"പുതുവല്‍സരാശംസകള്‍..."

കൊഴിഞ്ഞുവീണ വര്‍ഷത്തെ സാക്ഷിയായ്‌
പൊഴിഞ്ഞുവീണ നിരവധി ഇഷ്ടങ്ങള്‍

അടര്‍ന്നുപോകുന്ന വര്‍ഷത്തില്‍ നേടിയ
വിടര്‍ന്നുനില്‍ക്കുന്ന മോഹന നേട്ടങ്ങള്‍

എല്ലാം മനസ്സിന്റെ കോലായില്‍ ഭദ്രമായ്‌
നെല്ലും പതിരും പോലായി ചേരവേ...

പുതിയവര്‍ഷത്തിന്‍ വിസ്മയ സ്വപ്നങ്ങള്‍
പതിയെ ഹര്‍ഷമായ്‌ നിറഞ്ഞു തുളുമ്പട്ടെ..

നന്മ നിറഞ്ഞൊരു ജീവിത സൗന്ദര്യം
വെണ്മ പടര്‍ത്തട്ടെ പുതുവര്‍ഷദിനങ്ങളില്‍

Thursday, August 19, 2010

ഓണസംശയങ്ങള്‍..ഓണാശംസകള്‍..!!!

സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ആണോ എന്ന് തോന്നാമെങ്കിലും സംഗതി അതല്ല... ഓണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ എന്നു തന്നെയാണ്‌ ഉദ്ദേശിച്ചത്‌..

ഓണത്തെക്കുറിച്ചുള്ള ഐതിഹ്യവും കഥകളും കുട്ടിക്കാലം മുതല്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ എവിടെയോ ഒരു വിഷാദം കലര്‍ന്ന സംശയം എപ്പോഴും ബാക്കിയായിരുന്നു. ഈ സംശയങ്ങളൊക്കെ ചോദിക്കുന്നത്‌ പാപമാണോ അതോ അധികപ്രസംഗമാണോ എന്നൊക്കെ സംശയമുണ്ടായിരുന്നതിനാലാവാണം വളരെ അടുപ്പമുള്ള കുറച്ചുപേരോട്‌ മാത്രമായി അതിനെക്കുറിച്ച്‌ സംസാരിച്ച്‌ അടക്കി വച്ചിരുന്നത്‌.

മഹാബലി അസുരചക്രവര്‍ത്തിയായിരുന്നെങ്കിലും വലിയ ഈശ്വരഭക്തനും പ്രജാതല്‍പരനുമായിരുന്നു എന്ന് ആര്‍ക്കും തര്‍ക്കമില്ല. അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ കള്ളവും ചതിവും അസൂയയും എന്തിനേറെ വര്‍ഗ്ഗീയതയും തീവ്രവാദവും ഒന്നുമില്ലാത്ത ഒരു സോഷ്യലിസ്റ്റ്‌ സംസ്കാരത്തില്‍ ജനങ്ങളെല്ലാം ആമോദത്തോടെ വസിച്ചിരുന്നു എന്നാണല്ലോ പറയുന്നത്‌.

പിന്നെ എന്തിനാണ്‌ ഇദ്ദേഹത്തെ ചവിട്ടിത്താഴ്തി നാടുകടത്തിയത്‌ എന്നതാണ്‌ ഒരു സംശയം.

മഹാബലിയ്ക്ക്‌ ഒരല്‍പ്പം അഹങ്കാരമുണ്ടായിരുന്നെന്നും അത്‌ മാറ്റിക്കൊടുക്കാന്‍ വേണ്ടി ചെയ്ത സംഭവമാണെന്നും ഒരു കാര്യം അറിയുകയുണ്ടായി. താന്‍ വലിയ ധര്‍മ്മിഷ്ഠനാണെന്നതും ദാനശീലനാണെന്നതും ഒരു അഹങ്കാരമാണോ? ഇനി അഥവാ അതൊരു അഹങ്കാരമാണെങ്കില്‍ കൂടി, അത്‌ മാറ്റാന്‍ ഒന്ന് വിളിച്ച്‌ ഉപദേശിച്ചാല്‍ പോരായിരുന്നോ? അതിനു പകരം, ഒരു ജനതയെ മുഴുവന്‍ നാശത്തിലേയ്ക്ക്‌ ചവിട്ടിത്താഴ്ത്തണമായിരുന്നോ?

മഹാബലിയുടെ ഭരണത്തിന്‍ കീഴില്‍ ജനങ്ങളെല്ലാം പൂര്‍ണ്ണ തൃപ്തിയോടെ ജീവിച്ചപ്പോള്‍ അവര്‍ക്ക്‌ ഈശ്വരനെ വിളിച്ച്‌ അപേക്ഷിക്കേണ്ടതരത്തിലുള്ള ആവശ്യങ്ങളോ യാതനകളോ ഇല്ലായിരുന്നത്രേ. അതുകൊണ്ട്‌ ദേവന്മാര്‍, ദൈവങ്ങള്‍ എന്നിവരുടെ പ്രസക്തി നഷ്ടപ്പെട്ടുതുടങ്ങി. അവരുടെ പ്രസക്തി വീണ്ടെടുക്കണമെങ്കില്‍ ജനങ്ങള്‍ വീണ്ടും യാതനാപൂര്‍ണ്ണമായ ജീവിതത്തിലേയ്ക്ക്‌ വരണം. ഈ അജന്‍ഡയാണോ മഹാബലിയെ ചവിട്ടിത്തേച്ചിട്ട്‌ നടപ്പിലാക്കിയത്‌?

പണ്ട്‌ മുതലേ പുരാണകഥകളും മറ്റും വായിക്കുമ്പോള്‍ എനിക്കെന്തോ ഈ ദേവന്മാര്‍ എന്ന ടീമിനോട്‌ ഒരു നീരസം തോന്നിയിരുന്നു. മൊത്തത്തില്‍ അസൂയക്കാരും അഹങ്കാരികളും സുഖലോലുപരുമായ ഒരു ക്രീമി ലെയര്‍ ആയാണ്‌ ഇവരെ തോന്നിയിരുന്നത്‌.

ഏതെങ്കിലും ഒരു അസുരന്‍ തപസ്സ്‌ ചെയ്ത്‌ കൂടുതല്‍ വരം നേടിയെടുക്കുന്നത്‌ ഇവര്‍ക്ക്‌ പിടിക്കില്ല. അതില്‍ മുഴുവന്‍ തെറ്റ്‌ പറയാനും പറ്റില്ല. കാരണം, ഈ അസുരന്‍ വിനാശകാരിയും ദുഷ്ടനുമാണെങ്കില്‍ അയാളെ തടസ്സപ്പെടുത്തുന്നത്‌ നല്ല കാര്യം തന്നെ. പക്ഷേ, അവിടേയും ഒരു സംശയം... ഈ വരം കൊടുക്കുന്ന ആളുകള്‍ക്ക്‌ ചോദിക്കുന്നവന്റെ ഉദ്ദേശം അറിയാമല്ലോ... അതുകൊണ്ട്‌ തന്നെ, വിവരം നേരിട്ട്‌ പറയാമല്ലോ... അതായത്‌, 'മോനേ.. നിന്റെ മനസ്സിലിരുപ്പ്‌ പിടികിട്ട്‌... അതുകൊണ്ട്‌ നീ വെറുതേ ഇവിടെ ഇരുന്ന് സമയം മെനക്കെടുത്തിയിട്ട്‌ കാര്യമില്ല... വണ്ടി വിട്ടോ' എന്ന് പറഞ്ഞാല്‍ അവര്‍ എഴുന്നേറ്റ്‌ പോയ്ക്കൊള്ളും.

അത്‌ പോട്ടെ, നമ്മുടെ വിഷയം ആ സംശയം അല്ല. ഈ മഹാബലിയുടെ കാര്യത്തില്‍ ആണ്‌.

മഹാബലി ഭരിച്ച്‌ ഭരിച്ച്‌ ജനങ്ങള്‍ക്ക്‌ ദൈവത്തെ ആവശ്യമില്ലാത്ത സ്ഥിതി വരും എന്ന ആശങ്ക വളരെ ബാലിശമായിപ്പോയി എന്നാണ്‌ എനിക്ക്‌ തോന്നിയത്‌. മഹാബലിക്ക്‌ എന്തായാലും പ്രപഞ്ച ശക്തിയാകാന്‍ കഴിയില്ലല്ലോ... അതുകൊണ്ട്‌ തന്നെ, മനുഷ്യര്‍ക്കിടയില്‍ ആ പ്രപഞ്ച ശക്തിയുടെ സ്വാധീനത്താലുണ്ടാകുന്ന പല കാര്യങ്ങളിലും ഇടപെടാനുമാകില്ല. എന്നിട്ടും ഈ പേടി എന്തിനായിരുന്നു?

മഹാബലിയുടെ ഭരണം കൊണ്ട്‌ അസുരന്മാര്‍ ദേവന്മാരുടെ അത്ര തന്നെ ശക്തിയും പ്രീതിയും കൈവരിച്ചാല്‍ പിന്നെ 'ദേവന്‍', 'അസുരന്‍' എന്നീ ചേരിതിരിവ്‌ തന്നെ ഉണ്ടാവില്ലെന്നും ദേവന്മാരുടെ സുന്ദരിമാരായ സ്ത്രീപ്രജകള്‍ അസുരന്മാരെ ഇഷ്ടപ്പെട്ട്‌ കുടുംബജീവിതം നയിച്ച്‌ 'ദേവാസുരന്മര്‍' ജന്മമെടുക്കുമല്ലോ എന്ന ഭയം കൊണ്ടും ആവാം.

അസുരന്മാര്‍ അങ്ങനെ ശക്തി പ്രാപിച്ച്‌ മഹാബലിയുടെ കാലശേഷം വീണ്ടും ദുഷ്‌ പ്രവര്‍ത്തികളിലേയ്ക്ക്‌ തിരിഞ്ഞാലോ എന്ന് ന്യായമായും തോന്നാം... അടുത്ത വര്‍ഷം വെള്ളപ്പൊക്കം വരുമെന്ന് അറിഞ്ഞാല്‍ ഇപ്പോഴേ മുണ്ട്‌ ഊരി കയ്യില്‍ പിടിക്കണോ?

അതായത്‌, അങ്ങനെ അസുരന്മാര്‍ ദുഷ്‌ പ്രവര്‍ത്തികളിലേയ്ക്ക്‌ തിരിയുമ്പോള്‍ സര്‍വ്വശകതനായ ദൈവത്തിനെ ഇടപെടീച്ചാല്‍ പോരായിരുന്നോ?

അപ്പോള്‍ മറ്റൊരു സംശയം.... മഹാബലിയുടെ കാലശേഷം എന്നത്‌ പ്രസക്തമാണോ? അദ്ദേഹത്തിന്‌ മരണമുണ്ടോ? മരിച്ചോ?

അദ്ദേഹം പരോളിലിറങ്ങി ഇപ്പോഴും പ്രജകളെ കാണാന്‍ വരുന്നു എന്നാണല്ലോ വിശ്വാസം... അതോ.. അങ്ങനെ കാണാന്‍ വന്നിരുന്നു എന്നതിന്റെ ഓര്‍മ്മപുതുക്കലാണോ ഓണം? അങ്ങനേയും പറയാം അല്ലേ....

എന്തൊക്കെ കാരണം പറഞ്ഞാലും, സര്‍വ്വസമ്മതനായ മഹാബലിയെ ചവിട്ടിത്താഴ്ത്തി, ഈ നാടിനെ ശോചനീയമായ ഇന്നത്തെ അവസ്ഥയിലേയ്ക്കെത്തിച്ചത്‌ ആരായാലും എനിയ്ക്ക്‌ പൊറുക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ ദുഖകരമായ ഒരു സത്യം....


എല്ലാവര്‍ക്കും സമൃദ്ധമായ ആ കാലഘട്ടത്തിന്റെ മാധുര്യവും നന്മയും മനസ്സില്‍ നിറയട്ടെ... ഓണാശംസകള്‍!

Friday, July 16, 2010

റിക്രൂട്ട്‌ മെന്റ്‌

"അളിയാ... ഈ റിസെഷന്‍ അഥവാ ജോലിക്ക്‌ ആളെ വേണ്ടാത്ത സമ്പ്രദായമൊക്കെ അവസാനിച്ചോ?"

"അതെന്തൂട്ട്‌ ചോദ്യാണിഷ്ടാ....?"

"നീ കാണുന്നിലേ... എല്ലാ ആഴ്ചയിലും ദേ എല്ലാ മുട്ടന്‍ കമ്പനികളിലും വാക്ക്‌ ഇന്‍...PCS ലും GTS ലും OST യിലും എന്നുവേണ്ടാ എല്ലാവന്മാരും നിറയേ ആളെ വേണം എന്നു പറഞ്ഞ്‌ അട്ടഹാസമാണല്ലോ?"

"ഓ.. എന്റെ പൊന്നു ഗഡീ.... ഇതൊക്കെ കമ്പ്ലീറ്റ്‌ ഉഡായിപ്‌ കേസാണ്‌ ട്ടോ..."

"ഉഡായിപ്പോ?"

"അതന്നേ.... ഉഡായിപ്പ്‌... വെറുതേ ആളെ കോഴിയാക്ക്‌ ണ തട്ടിപ്പ്‌ കേസ്‌ കെട്ടില്ലേ... അത്‌..."

"അതെന്താ മച്ചുനന്‍ അങ്ങനെ പറാഞ്ഞത്‌.."

"അനുഭവം കൊണ്ട്‌... അല്ലാണ്ടെന്താ...."

"നീ കാര്യം ക്ലിയര്‍ ആയിട്ട്‌ പറ.."

"ഈ ഗഡികളുടെ കമ്പനികളിലൊക്കെ പണി ഇല്ല്യാണ്ടാവുമ്പോ, അവിടെ ഇരിക്കണ പിള്ളേര്‍ക്ക്‌ ആകെ ഒരു സംഭ്രമം... ഇതിപ്പോ ഇവിടെ പണി ഇല്ല്യാന്നും പറഞ്ഞ്‌ കിട്ടണ ശമ്പളം പിന്നെ തരാട്ടോന്നും പറഞ്ഞ്‌ പിടിച്ച്‌ വയ്ക്ക്യോന്ന്... അതും പോരാണ്ട്‌ നിങ്ങടെ സേവനം മതീട്ടോന്ന് പറയോന്നും ആകെ ഒരു ഹൊററ്‌.."

"അതിന്‌?"

"ങാ..ഈ ഹൊററ്‌ സീന്‍ വന്നപ്പോ കമ്പനി ടോപ്പ്‌ ഗഡികള്‍ക്കൊരു ബുദ്ധി....ഒരു ലോഡ്‌ പ്രൊജക്റ്റ്‌ വരാനുണ്ടെന്നും പറഞ്ഞ്‌ കുറേ എണ്ണത്തിനെ റിക്രൂട്ട്‌ ചെയ്യാണ്‍ പോണൂന്ന് ഒരു പൂശാ പൂശി..."

"എന്ത്‌ പൂശ്‌?"

"ഈ മെയിലും മറ്റ്‌ ജോബ്‌ സൈറ്റുകളിലും ഒക്കെ ആയിട്ടേ... ഒരു ജാതി പൂശ്‌... ഇത്‌ കണ്ട്‌ അവിടെയുള്ള ഗഡികളൊക്ക്‌ ഒന്ന് ഒതുങ്ങി... നമ്മടെ സേവനം പോരാണ്ട്‌ ദേ പുതിയ ഗഡികളെ പരണ്ടാന്‍ പോണൂ... അപ്പോ പിന്നെ നമ്മള്‌ സേഫാ ഇഷ്ടാ ന്ന് അവര്‌.."

"അത്‌ കൊള്ളാലോ? അല്ലാ.. എന്നിട്ട്‌??"

"എന്നിട്ടെന്താ? ഇത്‌ കണ്ടട്ട്‌ വേറെ തരക്കേടില്ലാത്ത കമ്പനി സെറ്റപ്പില്‍ ജോലി ചെയ്യുന്ന ഗഡികള്‍ക്ക്‌ ഒരു ഇളക്കം... നമുക്കൊന്ന് നോക്ക്യാല്ലോന്ന്.... ഹേയ്‌... വല്ല്യ പേരുള്ള കമ്പനീസല്ലേ... കാശ്‌ കാര്യായിട്ട്‌ കൂട്ടി കിട്ടീല്ലേലും നാലാളോട്‌ ഞെളിന്ന് നിന്നും നടന്നും പറയാലോ.. ഏത്‌..."

"അത്‌ ഉള്ളതാ... പക്ഷേ.. കുടുംബം വെളിച്ചത്ത്‌ കാണാന്‍ പറ്റാത്തത്ത്ര പണി ഉണ്ടെന്നാ അവിടെയുള്ള ടീമുകള്‍ പറയണേ?"

"ഹേയ്‌... അതായിക്കോട്ടേന്ന്.. അതൊക്കെ അപ്പോളല്ലേ... ഇതതല്ലാ കൂത്ത്‌.."

"പിന്നെ?"

"ഇത്‌ കണ്ടപ്പോ മറ്റ്‌ ടോപ്പ്‌ കമ്പനീസിനും കുരു പൊട്ടി.... അവരു മാത്രം റിക്രൂട്ട്‌ ചെയ്യുമ്പോ നമ്മളെന്താ ചീള്‌ ടീം സോ... അതോണ്ട്‌ അവരും പൂശി ഇടിവെട്ട്‌ ആഡ്‌..."

"അതു ശാരി..."

"അങ്ങനെ ഈ ടോപ്പ്‌ ടീംസ്‌ തമ്മില്‌ റിക്രൂട്ട്‌ മെന്റ്‌ ആഡ്‌ എറിഞ്ഞ്‌ കളിക്കലായീ പണി... ഇതിന്നിടയില്‍ പെട്ട്‌ അങ്ങോട്ടും ഇങ്ങോട്ടും അപ്ലിക്കേഷന്‍ അയച്ച്‌ കളിക്കണ നമ്മടെ പാവം ഗഡീസിന്‌ പണീം കിട്ടി..."

"എന്ത്‌ പണീ.."

"എന്ത്‌ പണീന്നോ? ഒരു ഒന്ന് ഒന്നര പണിയല്ലേ കിട്ടീത്‌... ഇന്റര്‍വ്യൂവിന്‌ ചെന്ന് എല്ലാം ഓക്കെ ആയീന്നും പറഞ്ഞ്‌ വിടും... ദിപ്പോ അറിയിക്കാട്ടോ അടുത്ത ഇന്റര്‍വ്യൂ... ഒടുക്കത്തെ ഇന്റര്‍വ്യൂന്നൊക്കെ പറഞ്ഞ്‌ പിള്ളേരോട്‌ അവിടന്ന് സ്കൂട്ടാവാന്‍ പറയും... ഈ പാവം പിടിച്ച പിള്ളേര്‌ ഇപ്പോ വിളിക്കും ഇപ്പോ വിളിക്കും ന്ന് പറഞ്ഞ്‌ മൊബയില്‍ ഫോണിലേക്കും മെയില്‍ ബോക്സിലേക്കും കണ്ണും തള്ളി ഒരേ ഇരിപ്പാണ്‌..."

"ഓഹോ.. എന്നിട്ട്‌?"

"എന്നിട്ടെന്താ.... കുറേ നാള്‌ കഴിഞ്ഞിട്ടും ഒരു അനക്കവും ഇല്ല്യാണ്ടാകുമ്പോ പതുക്കേ ഒരു മെയില്‍ അയച്ച്‌ നോക്കും... അപ്പോ ഭാഗ്യേണ്ടെങ്കില്‍ അവിടത്തെ HR കൊച്ചമ്മ 'പ്രോസസ്സിംഗ്‌ ആണ്‌.. അറിയിക്കാട്ടോ ചേട്ടാ..' ന്ന് ഒരു മറുപടി തരും... പിന്നെ പിന്നെ മെയിലിന്‌ മറുപടീം ഇല്ല്യാണ്ടാവും..."

"ഫോണ്‍ ചെയ്ത്‌ ചോദിച്ചാലോ?"

"ഫോണോ? ബെസ്റ്റ്‌... ഈ ടീംസ്‌ ആരോടാണാവോ ഇഷ്ടാ ഫുള്‍ ടൈം കത്തി... ഫോണ്‍ വിളിച്ച്‌ ഈ ഐറ്റംസുമായി സംസാരിക്കാന്‍ പറ്റിയാല്‍ ഉടനേ ഒരു ലോട്ടറി ടിക്കറ്റ്‌ എടുത്തോളണം... ഇനി അഥവാ ഫോണില്‍ കിട്ടിയാല്‍ മെയിലില്‍ അയച്ച പോലുള്ള അതേ ഡയലോഗ്‌ അവളുടെ ഉറുളക്കിഴങ്ങ്‌ വായിലിട്ടുള്ള ആക്സന്റില്‍ വച്ചൊരു പൂശാ പൂശും... അതോടെ നമ്മുടെ ഗഡീസ്‌ ക്ലീന്‍.."

"എന്നിട്ട്‌ അവസാനം എന്തായി അതു പറ.."

"അവസാനം എന്താവാന്‍... എല്ലാം അവസാനിക്കും.. അത്ര തന്നേ... വെറും പറ്റീര്‌ കേസാണെന്ന് മനസ്സിലാവാത്ത ഗഡികള്‌ അടുത്ത ആഡ്‌ കാണുമ്പോള്‍ പിന്നേം അയക്കും... "

"ഹേയ്‌... അവര്‍ക്കൊക്കെ ഒരു തവണ ഇന്റര്‍വ്യൂ അറ്റന്‍ഡ്‌ ചെയ്താല്‍ അടുത്ത 6 മാസം കഴിയാതെ അപ്ലൈ ചെയ്യാന്‍ പറ്റുമോ?"

"എന്തൂട്ട്‌ 6 മാസം ന്ന്? അതിന്‌ നേരത്തെ അയച്ച അപ്ലിക്കേഷനും ഇന്റര്‍വ്യൂമൊക്കെ വെറും ഷോ ആയതോണ്ട്‌ അതിന്റെ ഒരു ഡീറ്റയില്‍സും ആ ടീംസിന്റേല്‌ ഇല്ല്യാന്ന്... നേരത്തേ അറ്റന്‍ഡ്‌ ചെയ്ത്‌ ചുരുക്ക ലിസ്റ്റില്‍ പെട്ടതാണെന്ന് പറഞ്ഞതാണെന്ന് അറിയിച്ചപ്പോ പറയാത്രേ.. അങ്ങനെ ഒരു ലിസ്റ്റ്‌ അവിടെ കാണാല്ല്യാന്ന്.. എലി കൊണ്ടുപോയീട്ടുണ്ടാവും ന്ന്... വേസ്റ്റ്‌ ബാസ്കറ്റില്‍ കേറാന്‍ എലിക്ക്‌ കാര്‍ഡ്‌ സ്വൈപ്‌ ചെയ്യണ്ടാന്ന്..."

"ശരിക്കും?"

"നട്ടെല്ലുള്ള ചില ആണ്‍പിള്ളേര്‍ അവള്‌ മാരെ നാല്‌ മാര്‍ക്കറ്റ്‌ ലേറ്റസ്റ്റ്‌ പീസ്‌ എടുത്ത്‌ കീച്ചീട്ട്‌ പരിപാടി അവസാനിപ്പിക്കും , അത്ര തന്നേ.."

"അപ്പോ ശരിക്കും ഒരു റിക്രൂട്ട്‌ മെന്റും നടക്കുന്നില്ല്യാന്നാണോ?"

"എന്റെ പൊന്നിഷ്ടാ... ആര്‍ക്കറിയാം? എന്തായാലും ഞാനറിയുന്ന കുറേ എണ്ണം ഈ കേസ്‌ കെട്ടില്‍ പെട്ട്‌ വില കൂടിയിട്ട്‌ പോലും കണ്ണില്‌ എണ്ണേം ഒഴിച്ച്‌ കുറേ കാത്തിരുന്ന് വലഞ്ഞ്‌ ആ കമ്പനീസിന്റെ പേരിനെ ഒന്ന് വികസിപ്പിച്ചു..."

"വികസിപ്പിക്കേ.. എങ്ങനെ?"

"ഈ PCS എന്നാല്‍ "പറ്റീര്‌ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ എന്നും, GTS എന്നാല്‍ ഗോവിന്ദാ ടെക്നോളജി സൊല്യൂഷന്‍സ്‌ എന്നും, OST എന്നാല്‍ 'ഓടടാ..ശവ്യേ ടെക്നോളജീസ്‌ ന്നും.."

Wednesday, April 28, 2010

എറണാകുളത്തേക്കുള്ള വണ്ടി

അയല്‍ വാസിയായ രാജി ചേച്ചി ആദ്യമായാണ്‌ ഒരു സഹായം ആവശ്യപ്പെടുന്നത്‌. രാജി ചേച്ചിക്ക്‌ മകനേയും കൊണ്ട്‌ എറണാകുളത്ത്‌ പോയി ഒരു ഡോക്ടറെ കാണണം. എറണാകുളം അത്ര പരിചിതമല്ലാത്തതിനാലും പ്രത്യേകിച്ചും ട്രെയിനില്‍ എറണാകുളത്തേക്ക്‌ പോയിട്ടില്ലാത്തതിനാലുമാണ്‌ രാജിചേച്ചിക്ക്‌ ഈ സഹായം വേണ്ടി വന്നത്‌.

ജയ ചേച്ചി ഈ സഹായം രണ്ടും കയ്യും കാലും നീട്ടി സ്വീകരിക്കാനുള്ള കാരണം വളരെ സിമ്പിള്‍.. തന്റെ ഭര്‍ത്താവ്‌ മോഹന്‍ ചേട്ടന്‍ വര്‍ഷങ്ങളായി ട്രെയിനില്‍ എറണാകുളത്ത്‌ പോയി ജോലി ചെയ്ത്‌ വരുന്ന ആളാണ്‌. എന്നിട്ട്‌, ഇങ്ങനെ ഒരു സഹായം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ അയല്‍ വാസിയാണെന്ന് പറഞ്ഞിട്ട്‌ എന്ത്‌ കാര്യം?

സംഗതി ജയച്ചേച്ചി മോഹന്‍ ചേട്ടനോട്‌ പറഞ്ഞു. 'അതിനെന്താ? ഞാന്‍ നാളെ പോകുമ്പോള്‍ എല്ലാം പറഞ്ഞു കൊടുത്തോളാം.. ഞാന്‍ പോകുന്ന ട്രെയിന്‌ തന്നെ പോകുകയും എറണാകുളത്ത്‌ അവര്‍ക്ക്‌ പോകേണ്ടിടത്ത്‌ കൊണ്ട്‌ വിടുകയും ചെയ്യാം..' മോഹന്‍ ചേട്ടനും സസന്തോഷം സമ്മതിച്ചു. തന്റെ ട്രെയിനില്‍ യാത്രാ പരിചയവും എറണാകുളത്തെ ഭൂമിശാസ്ത്രവിജ്ഞാനവും പ്രകടിപ്പിക്കാനുള്ള അവസരം.. അത്രയേ വിചാരിച്ചുള്ളൂ..

പിറ്റേന്ന് കാലത്ത്‌ ചെന്നൈ ആലപ്പി ട്രെയിനില്‍ പോകാന്‍ ധാരണയാകുകയും 7.30 ന്‌ ചാലക്കുടി സ്റ്റേഷനില്‍ എത്താമെന്ന് തീരുമാനിക്കുകയും ചെയ്തു.

പിറ്റേന്ന്, മോഹന്‍ ചേട്ടന്‍ ആലപ്പി ചെന്നൈ ട്രെയിനിനായി വീട്ടില്‍ നിന്ന് തിരക്കിട്ട്‌ പാഞ്ഞ്‌ എത്തിയപ്പോഴേക്കും ട്രെയിന്‍ പോയിക്കഴിഞ്ഞിരുന്നു. അയല്‍ വാസിയെ റെയില്‍ വേ സ്റ്റേഷനില്‍ കാണാമെന്ന് പറഞ്ഞിരുന്നതാണെങ്കിലും തന്റെ സമയ നിഷ്ഠ കാരണം അതിനൊരു തീരുമാനമായി. സ്റ്റേഷനിലാണെങ്കില്‍ ആ സ്ത്രീയെ കാണാതായപ്പോള്‍ അവര്‍ ട്രെയിനില്‍ കയറിയിട്ടുണ്ടാകുമെന്ന് മോഹന്‍ ചേട്ടന്‌ മനസ്സിലായി.

മോഹന്‍ ചേട്ടന്‍ ഓഫീസിലിരിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍.... താന്‍ സഹായിക്കാമെന്നേറ്റിരുന്ന അയല്‍ക്കാരിയാണ്‌.

"ഞാന്‍ എറണാകുളത്ത്‌ എത്തി കേട്ടോ....കുറച്ച്‌ ബുദ്ധിമുട്ടിയിട്ടാണെങ്കിലും സ്ഥലമൊക്കെ ഞാന്‍ അന്വേഷിച്ച്‌ കണ്ടു പിടിച്ചു" ആ ചേച്ചിയുടെ സ്വരത്തില്‍ ഒരല്‍പ്പം പരിഹാസം ഉണ്ടോ എന്ന് മോഹന്‍ ചേട്ടന്‌ തോന്നിയതല്ല... പരിഹാസമുണ്ടായിരുന്നു... കൂടെ ഒരു ചിരിയും..

"എനിയ്ക്ക്‌ തിരിച്ചുപോകാന്‍ ഇനി ഏത്‌ ട്രെയിനാണ്‌ കിട്ടുക? അതിനൊന്ന് സഹായിക്കാമോ?" പാവം ചേച്ചിയുടെ നിഷ്കളങ്കമായ ഒരു ആവശ്യം.

"പിന്നെന്താ? 1 മണിക്ക്‌ ബോംബേ ജയന്തിയുണ്ട്‌... ഞാന്‍ സ്റ്റേഷനില്‍ വരാം... എല്ലാം ഞാനേറ്റു.." നേരത്തേ പറ്റിയതിന്റെ ക്ഷീണവും കൂടി ഈ ഹെല്‍പ്പില്‍ തീര്‍ക്കണമെന്ന് നിശ്ചയിച്ചാണ്‌ മോഹന്‍ ചേട്ടനും..

ഇത്തവണ പറഞ്ഞതിലും 10 മിനിട്ട്‌ മുന്‍പ്‌ മോഹന്‍ ചേട്ടന്‍ സ്റ്റേഷനിലെത്തി.

ടിക്കറ്റടുത്ത്‌ ചേച്ചിയേയും കുട്ടിയേയും ട്രെയിനില്‍ കയറ്റി ഇരുത്തി. മാത്രമല്ല, ട്രെയിനില്‍ ഇരുന്ന് ബോറടിക്കാതിരിക്കാന്‍ ഒരു കിലോ പഴവും വാങ്ങിക്കൊടുത്തു.

ട്രെയിന്‍ സ്റ്റേഷന്‍ വിട്ടപ്പോള്‍ ചേച്ചിയോടും കുട്ടിയോടും 'റ്റാറ്റാ' പറഞ്ഞ്‌ നിറഞ്ഞ മനസ്സുമായി മോഹന്‍ ചേട്ടന്‍ ഓഫീസിലേയ്ക്കും പോയി.

അങ്ങനെ ട്രെയിനില്‍ റിലാക്സ്‌ ചെയ്ത്‌ യാത്ര ചെയ്യുമ്പോള്‍ രാജി ചേച്ചിയെ ഒരല്‍പ്പം അമ്പരപ്പിച്ചുകൊണ്ട്‌ ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ നിര്‍ത്താതെ പോയി.

ആ അമ്പരപ്പും അതിന്റെ കാരണവും ആലോചിച്ച്‌ തീരുമാനമാകും മുന്‍പേ അങ്കമാലി സ്റ്റേഷനും പാഞ്ഞുപോയി....

ഇതോടെ ചേച്ചിക്ക്‌ ഒരു കാര്യം ബോദ്ധ്യമായി... ചാലക്കുടി സ്റ്റേഷനും ഇങ്ങനെ പാഞ്ഞുപോകുന്നത്‌ കാണാനേ യോഗമുള്ളൂ എന്നത്‌...

പതുക്കെ ട്രെയിനില്‍ യാത്രക്കാരോട്‌ അന്വേഷിച്ചപ്പോഴാണ്‌ വിവരം അറിഞ്ഞത്‌.. അത്‌ ഹൈദരാബാദിലേക്കുള്ള ഏതോ ട്രെയിന്‍ ആണെന്നും തൃശ്ശൂരില്‍ എന്തായാലും നിര്‍ത്തുമെന്നും... 'ഹോ.. ആശ്വാസം.. ഹൈദരാബാദ്‌ വരെ ടിക്കറ്റില്ലാതെ പോകേണ്ടി വന്നില്ലല്ലോ...' ചേച്ചിക്ക്‌ സമാധാനം.

അങ്ങനെ തൃശ്ശൂര്‍ ഇറങ്ങി അടുത്ത ബസ്സ്‌ പിടിച്ച്‌ ചേച്ചിയും കുട്ടിയും വൈകുന്നേരമായപ്പോഴേയ്ക്കും വീട്ടിലെത്തി.

അന്ന് വൈകീട്ട്‌ വീട്ടിലെത്തിയ മോഹന്‍ ചേട്ടനോട്‌ ജയച്ചേച്ചിയുടെ ചോദ്യം..

"നിങ്ങളിന്ന് കാലത്ത്‌ അവരെ എറണാകുളത്ത്‌ പോകുന്നതിന്‌ ഒരുപാട്‌ സഹായിച്ചു അല്ലേ?"

"അത്‌ പിന്നേ.... അതൊക്കെ പോട്ടെ.... തിരിച്ച്‌ വരുമ്പോള്‍ ഞാന്‍ അതിന്റെ കൂടി കുറവ്‌ നികത്തിയിട്ടുണ്ട്‌.."

"തിരിച്ച്‌ നിങ്ങള്‍ അവരെ കയറ്റി വിട്ടോ?"

"പിന്നല്ലാതെ.. ഞാനാണ്‌ ടിക്കറ്റടുത്ത്‌ അവരെ സീറ്റില്‍ കൊണ്ട്‌ ഇരുത്തിയത്‌... ഒരു കിലോ പഴവും വാങ്ങിക്കൊടുത്തു.." മോഹന്‍ ചേട്ടന്‍ ഉറപ്പിച്ചു പറഞ്ഞു.

"പഴം വാങ്ങിക്കൊടുത്തതേതായലും നന്നായി... ഏത്‌ ട്രെയിനാണ്‌ കയറ്റി വിട്ടത്‌ എന്ന് വല്ല പിടിയുമുണ്ടോ?"

ജയചേച്ചിയുടെ ഒരു ആകാംക്ഷയും ചോദ്യത്തിന്റെ രീതിയും കണ്ടപ്പോള്‍ മോഹന്‍ ചേട്ടന്‌ എന്തോ പന്തി കേട്‌ മണത്തു.

"അത്‌... ബോബേ ജയന്തിക്ക്‌.. എന്തേ? അവര്‌ വന്നില്ലേ?"

"പിന്നേ.. അവര്‌ വന്നു.... നിങ്ങള്‍ കയറ്റി വിട്ടത്‌ എറണാകുളത്ത്‌ നിന്നാണെങ്കിലും അവര്‍ വന്നത്‌ തൃശ്ശൂരില്‍ നിന്നാണെന്ന് മാത്രം.. ഉച്ചയ്ക്ക്‌ എത്തേണ്ടവര്‍ സന്ധ്യയായപ്പോഴേയ്ക്കും ഇങ്ങെത്തി...."

പതുക്കെ മോഹന്‍ ചേട്ടന്‌ കാര്യങ്ങളുടെ സത്യ സ്ഥിതി മനസ്സിലായി. ജയച്ചേച്ചി നല്ല ഭാഷയില്‍ അതൊക്കെ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുത്തു.

പിറ്റേന്ന് അയല്‍ക്കാരിയോട്‌ മോഹന്‍ ചേട്ടന്റെ ചോദ്യം..

"ഇന്നലെ ബുദ്ധിമുട്ടായില്ലല്ലോ അല്ലേ?"

"ഏയ്‌.. എന്ത്‌ ബുദ്ധിമുട്ട്‌? ഇപ്പോ എറണാകുളത്തും തൃശ്ശൂരുമൊക്കെ ഒറ്റയ്ക്ക്‌ ട്രെയിനില്‍ പോകാന്‍ നല്ല കോണ്‍ഫിഡന്‍സ്‌ ആയി... പിന്നെ.. ആ പഴം ഉണ്ടായിരുന്നതുകൊണ്ട്‌ ഉപകാരവുമായി.."

മോഹന്‍ ചേട്ടന്‍ വേഗത്തില്‍ വലിഞ്ഞ്‌ നടന്നു.

Tuesday, March 16, 2010

അവൈവാ... അവ്വാ.. ഉവ്വാ..

അവൈവാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌.... ഈ സാധനത്തില്‍ തലവച്ചതിന്‌ കിട്ടിയ (പോയികിട്ടിയ) അനുഭവത്തില്‍ നിന്നുണ്ടായ ഒരു നിലവിളി...

സാധാരണഗതിയില്‍ നല്ലൊരുശതമാനം ആളുകളും ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നത്‌, ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ സ്നേഹശല്ല്യം സഹിക്കവയ്യാതാകുമ്പോഴാണെന്ന് തോന്നുന്നു.

ആദ്യകാലങ്ങളില്‍ LIC ഏജന്റുമാരുടെ ശല്ല്യം കൊണ്ട്‌ പിന്‍ വാതില്‍ വഴി രക്ഷപ്പെട്ട്‌ , ഒടുവില്‍ ഒരു പോളിസി തരപ്പെടുത്തി മറ്റുള്ള ഏജന്റുമാരില്‍ നിന്ന് രക്ഷ നേടുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു.

പിന്നീട്‌ ന്യൂ ജനറേഷന്‍ ഇന്‍ഷുറന്‍സ്‌ പുലികള്‍ (കടലാസ്‌ പുലികള്‍) ഇറങ്ങിയപ്പോള്‍ അതില്‍ ജോലി കിട്ടിയ ബന്ധുക്കളോ സുഹൃത്തുക്കളോ, അവരുടെ ജീവിതപ്രശ്നമാണീ ജോലി എന്ന് പറഞ്ഞ്‌ കാല്‌ പിടിച്ച്‌ വീട്‌ കയറിയപ്പോള്‍ അതിലും ചെന്ന് പലരും തലവച്ചുകൊടുക്കുന്ന ന്യൂ ജനറേഷന്‍ ഇടപാടും വ്യാപകമായി.

ഈ ന്യൂ ജനറേഷന്‍ പരിപാടി, വെറും കാലുപിടുത്തത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇവര്‍ ലാപ്‌ ടോപ്പുമൊക്കെയായി വീട്ടില്‍ വരും.. എന്നിട്ട്‌ ഈ പോളിസിയില്‍ ചേര്‍ന്നാല്‍ ഭാവിയില്‍ കിട്ടാന്‍ പോകുന്ന ലോഡ്‌ കണക്കിന്‌ പണത്തിന്റെ കണക്കുകള്‍ ഗ്രാഫുകളും കുറേ ഫോര്‍മുലകളുമായി കാണിച്ചുതരും... ഒന്നുകില്‍ കാണാനും മനസ്സിലാക്കാനും സമയമില്ലാത്തതിനാല്‍ ഈ ശല്ല്യം ഒന്നവസാനിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ എല്ലാം തലയാട്ടി സമ്മതിക്കും, അല്ലെങ്കില്‍ ഒന്നും മനസ്സിലായില്ലെങ്കിലും ഈ സെറ്റപ്പില്‍ നിന്നും വിവരണത്തില്‍ നിന്ന് ആകെ മനസ്സിലായ കിട്ടാന്‍ പോകുന്ന വലിയ തുകയെക്കുറിച്ചുള്ള ധാരണയുടെയും പേരില്‍ അതങ്ങ്‌ സമ്മതിക്കും...

ഈ പരിപാടിയില്‍ ചേരുന്ന സമയത്ത്‌ നമ്മള്‍ ചോദിക്കുന്ന ചില സംശയങ്ങള്‍ അവര്‍ വിവരിച്ച്‌ വെറും ബാലിശമാക്കിക്കളയും... അത്തരത്തില്‍ പെട്ട ഒരു ചെറിയ അനുഭവ ഉദാഹരണം താഴെ...

റിട്ടയര്‍മന്റ്‌ ജീവിതം സമാധാനമായി ജീവിച്ചുപോന്നിരുന്ന എന്റെ ഭാര്യയുടെ അച്ഛനമ്മമാരെ ഒരു ദിവസം ഇവരുടെ വളരെ പരിചയക്കാരിയായ ഒരു സ്ത്രീ വന്ന് കണ്ട്‌ ഒരുപാട്‌ വിഷമം പറഞ്ഞു. വീട്ടിലെ ദുരിതവും, ജീവിക്കാനുള്ള ബുദ്ധിമുട്ടും, മകന്‌ ഒരു നല്ല ജോലിയാകാത്തതിന്റെ വിഷമവും എല്ലാം ഈ വിവരണത്തിലുണ്ടായിരുന്നു.

മകന്‌ അവൈവാ ലൈഫ്‌ ഇന്‍ഷുറന്‍സില്‍ ജോലി കിട്ടിയിട്ടുണ്ടെങ്കിലും അത്‌ സ്ഥിരമാവാന്‍ കുറച്ച്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ എടുപ്പിച്ചാലേ സാധിക്കൂ എന്നതാണത്രേ ഇപ്പോഴത്തെ പ്രശ്നം. കരച്ചിലും പിഴിച്ചിലും വിഷമങ്ങളും കുറച്ച്‌ കേട്ടുകഴിഞ്ഞപ്പോള്‍ 'ഒരു ചെറുപ്പം പയ്യന്റെ ഭാവിയുടെ കാര്യമല്ലേ?' എന്നൊരു തോന്നല്‍ ജനിക്കുകയും മകളുടെ പേരില്‍ ഒരു പോളിസി എടുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു.

പിറ്റേന്ന് ആ സ്ത്രീയുടെ പുത്രന്‍ വീട്ടില്‍ റെഡി. ഈ പോളിസ്‌ വര്‍ഷം 6000 രൂപ വീതം അടക്കുവാനുള്ളതാണെന്നും, അത്‌ വളര്‍ന്ന് വലുതായി ഒരുപാട്‌ വല്ല്യ സംഖ്യ ആയിത്തീരുമെന്നും ഉള്ള പ്രഖ്യാപനം കേട്ട്‌ 'അത്രക്ക്‌ വലുതാവണ്ട മോനേ... ഇത്‌ മിനിമം എത്ര കൊല്ലം അടച്ചിട്ട്‌ പരിപാടി അവസാനിപ്പിക്കാം?' എന്നൊരു ചോദ്യം ഭാര്യാമാതാവ്‌ അങ്ങോട്ട്‌ ചോദിച്ചു.

"3 വര്‍ഷം അടച്ചാല്‍ മതി... അത്‌ കഴിഞ്ഞാല്‍ പിന്‍ വലിക്കാം.. അപ്പോള്‍ അതിന്റെ കൂടെ അപ്പോഴത്തെ വാല്യൂ അനുസരിച്ചുള്ള തുകയും കിട്ടും"

"3 വര്‍ഷം അടച്ചിട്ട്‌ അവസാനിപ്പിക്കാം എന്നത്‌ ഉറപ്പല്ലേ? ഞങ്ങള്‍ പെന്‍ഷനില്‍ നിന്ന് എടുത്ത്‌ അടക്കുന്നതാണ്‌... മോന്‌ ജോലി ശരിയാവണമെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതി മാത്രം.. 3 വര്‍ഷം കഴിഞ്ഞ്‌ അടച്ച കാശ്‌ തിരിച്ച്‌ കിട്ടിയാലും മതി" അമ്മ തന്റെ സ്റ്റാന്‍ഡ്‌ വ്യക്തമാക്കി.

"പിന്നേയ്‌.. ഒരു പ്രശ്നവുമില്ലാ... അടച്ച തുകയല്ലാ.. ഷുവര്‍ ആയിട്ടും അതില്‍ കൂടുതല്‍ കിട്ടും.." അവന്റെ ഒരു ഉറപ്പ്‌.

അങ്ങനെ ആദ്യവര്‍ഷത്തെ കാശ്‌ കൊടുത്തു.

രണ്ടാം വര്‍ഷമായപ്പോള്‍ കാശ്‌ അടക്കേണ്ട അറിയിപ്പ്‌ വന്നു. കഴിഞ്ഞ തവണ വീട്ടില്‍ വന്ന് വാങ്ങിയ പോലല്ല ഇത്തവണ.

ആ പയ്യന്‍ വേറെ എന്തോ ജോലി കിട്ടി നാട്‌ വിട്ടു. തപ്പിപ്പിടിച്ച്‌ പാലക്കാട്‌ അവൈവാ ഓഫീസില്‍ വിളിച്ച്‌ ചോദിച്ചപ്പോള്‍ 'വേണേല്‍ കൊണ്ട്‌ അടച്ചാല്‍ മതി, അല്ലെങ്കില്‍ കഴിഞ്ഞ തവണ അടച്ച്‌ കാശും നഹി നഹി..' എന്ന മറുപടി.

"ഇനി അടക്കുന്നില്ലേങ്കില്‍ എന്ത്‌ സംഭവിക്കും?" ഭാര്യാപിതാവ്‌ അന്വേഷിച്ചു.

"ഒന്നും സംഭവിക്കില്ല...പിന്നെ ഇങ്ങോട്ട്‌ വരണ്ടാ.." മറുപടി.

"അയ്യോ.. ഇത്‌ അടക്കുകാണെങ്കില്‍ എത്ര കൊല്ലം അടച്ചാല്‍ പരിപാടി അവസാനിപ്പിക്കാം?"

"3 കൊല്ലം അടച്ചാലേ പരിപാടി അവസാനിപ്പിക്കാന്‍ സാധിക്കൂ.."

അങ്ങനെ, രണ്ടാം വര്‍ഷം അവരുടെ ഓഫീസില്‍ പോളിസി തുക അടക്കാന്‍ ചെന്നു. ആദ്യവര്‍ഷം വലിയ ഓഫീസ്‌ സെറ്റപ്പ്‌ ആയിരുന്ന സ്ഥലത്ത്‌ ഇപ്പോള്‍ ജോലിക്കാര്‍ കാര്യമായില്ല. അവിടെ ഫോം പൂരിപ്പിച്ച്‌ കാശ്‌ വാങ്ങിയിട്ട്‌ ഒരു റെസീപ്റ്റ്‌ തരാന്‍ പോലും സംവിധാനമില്ല. ഒടുവില്‍ ഒരുത്തന്‍ കൂടെ ചെന്ന് ബാങ്കില്‍ വന്ന് DD എടുത്ത്‌ അതിന്റെ ഒരു കോപ്പി ഭാര്യാപിതാവിന്‌ കൊടുത്തിട്ട്‌ പറഞ്ഞു 'ഈ ഓഫീസിന്റെ പ്രവര്‍ത്തനം തൃശ്ശൂരിലേക്ക്‌ മാറ്റി.. ഇത്‌ അവിടെ അയച്ച്‌ കൊടുത്ത്‌ റെസീപ്റ്റ്‌ അവിടെ നിന്ന് വരണം..'

'ഓ ആയിക്കോട്ടെ... പെട്ടുപോയില്ലേ' എന്ന് പറഞ്ഞ്‌ അദ്ദേഹം തിരിച്ചുവന്നു.

മൂന്നാം വര്‍ഷം അടക്കാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ അവിടെ ഒരു സെക്യൂരിറ്റി മാത്രം.

വീണ്ടും പഴയ പടി എല്ലാം ചെയ്ത്‌ തൃശ്ശൂരിലേക്ക്‌ അയച്ചു. 'എന്തായാലും ഇതോടെ തീര്‍ന്നല്ലോ പരിപാടി' എന്നൊരു നെടുവീര്‍പ്പും.

ഈ പോളിസിയുടെ രേഖകളെല്ലാമായി ഭാര്യാപിതാവ്‌ എന്റെ അടുത്ത്‌ തന്നിട്ട്‌, ഇതവസാനിപ്പിച്ച്‌ കാശ്‌ വാങ്ങാന്‍ ആവശ്യപ്പെട്ടു.

'ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെയുള്ള പരിപാടികളല്ലേ.. ഇത്‌ എറണാകുളത്ത്‌ നിന്ന് വാങ്ങാവുന്നതേയുള്ളൂ' എന്ന് ഞാന്‍ അഹങ്കാരം പറഞ്ഞു.

എറണാകുളം അവൈവാ ഓഫീസിന്റെ നമ്പര്‍ അന്വേഷിച്ച്‌ തരപ്പെടുത്തി വിളിയോട്‌ വിളി.. ആര്‌ ഫോണ്‍ എടുക്കാന്‍? ജോലിത്തിരക്കിന്നിടയില്‍ ഓര്‍മ്മയും സമയവും ഒത്ത്‌ വരുമ്പോള്‍ ഫോണ്‍ വിളിച്ചു നോക്കും.. ആരും ഫോണ്‍ എടുക്കില്ല.

പിന്നീട്‌ അറിഞ്ഞത്‌ അവൈവാ ഇന്‍ഷുറന്‍സ്‌ ഓഫീസില്‍ സമരം നടക്കുന്നു എന്നതാണ്‌...

ഈ പുലിവാല്‌ കയ്യില്‍ പിണയുമോ എന്ന പേടികാരണം ഒരു സുഹൃത്തിനെ വിളിച്ച്‌ പറഞ്ഞ്‌ ഇതിന്റെ ഓഫീസ്‌ അന്വേഷിച്ച്‌ കണ്ടെത്തി. അവന്‍ അവിടെ ചെന്നപ്പോള്‍ കൊടിയും ചുവപ്പ്‌ മാലയും മുദ്രാവാക്യങ്ങളുമായി കുറേ ആളുകള്‍...

'ഇതീന്റെ ഉള്ളില്‍ കയറാന്‍ പറ്റുമോ മച്ചുനാ?' എന്ന ചോദ്യത്തിന്‌ കിട്ടിയ ഉത്തരം കടുപ്പമായിരുന്നു.

'ഈ സംഗതി പൂട്ടി.. ഇനി വല്ലതും കിട്ടാനുണ്ടെങ്കില്‍ കമ്പ്ലയിന്റ്‌ ചെയ്ത്‌ കോടതി വഴി വാങ്ങണം..'

ഇത്‌ കേട്ടപ്പോള്‍ ഒന്ന് ഞെട്ടിയെങ്കിലും എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല.

അവൈവായുടെ കോള്‍ സെന്ററില്‍ വിളിച്ച്‌ തൃശ്ശൂര്‍ ഓഫീസിന്റെ നമ്പര്‍ തരപ്പെടുത്തി. അവിടെ വിളിച്ച്‌ അന്വേഷിച്ചപ്പോള്‍ ഓഫീസിന്റെ അഡ്രസ്സ്‌ തന്നു. മനസ്സില്‍ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടി.

അവരോട്‌ സംസാരിച്ചപ്പോള്‍ പോളിസി രേഖകളുമായി ചെന്നാല്‍ പൈസ കിട്ടുമെന്ന് പറഞ്ഞു. മനസ്സില്‍ സന്തോഷത്തിന്റെ രണ്ടാമത്തെ ലഡ്ഡു പൊട്ടി.

അങ്ങനെ, ഒരു ശനിയാഴ്ച (ശനിയുടെ അപഹാരം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല), അവൈവാ ഓഫീസിലേക്ക്‌ പുറപ്പെട്ടു.

'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒക്കെയായിരുന്നു അവൈവായുടെ പരസ്യത്തില്‍ വന്നിരുന്നത്‌... അതുകൊണ്ട്‌ അത്ര മോശമാവാന്‍ വഴിയില്ല' ഭാര്യ തന്റെ കോണ്‍ഫിഡന്‍സ്‌ വെളിപ്പെടുത്തി.

മൂന്നു വര്‍ഷത്തെ തുകയായി 18000 രൂപയെങ്കിലും കിട്ടുമായിരിക്കും.. അതില്‍ കുറച്ചെടുത്ത്‌ അങ്ങനെ ചെയ്തിട്ടു ബാക്കി കുറച്ച്‌ ഇങ്ങനെ ചെയ്യാം... ഞാനും ഭാര്യയും കണക്കുകള്‍ കൊണ്ടൊരു കളി നടത്തിയാണ്‌ അവിടെ എത്തിയത്‌.

ഞങ്ങളുടെ തൊട്ട്‌ മുന്‍പ്‌ അവിടെ നിന്നിരുന്ന രണ്ടുപേര്‍ നിരാശയുടെ കണ്ണീര്‍പാടങ്ങള്‍ താണ്ടുന്ന കാഴ്ച ഞങ്ങള്‍ കണ്ടു... 3 കൊല്ലം കഴിയാതെ രക്ഷയില്ലെന്നും മറ്റും പറയുന്നതും ശ്രദ്ധിച്ചു. 'ഓ... നമ്മള്‍ 3 കൊല്ലം തികച്ചല്ലോ... പിന്നെന്താ? മാത്രമല്ല... സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍....' എന്ന് ഒരു ആശ്വാസവും.

ഞാന്‍ കൊടുത്ത പോളിസി രേഖകള്‍ നോക്കി, കമ്പ്യൂട്ടറില്‍ പരതിയിട്ട്‌ ആ മഹാന്‍ പറഞ്ഞു "3 വര്‍ഷം കൊണ്ട്‌ ക്ലോസ്‌ ചെയ്യുമ്പോള്‍ ക്ലോസിംഗ്‌ ചാര്‍ജസ്‌ വരും...."

"ഓ.. ആയിക്കോട്ടെ... എന്നാലും ആകെ എന്ത്‌ കിട്ടും?" നമുക്ക്‌ അറിയേണ്ടത്‌ അത്രയല്ലേയുള്ളൂ..

"ഒരു 6500 രൂപയോളം വരും..."

എനിക്ക്‌ അതത്ര ക്ലിയര്‍ ആയില്ല... "6500 രൂപ കുറയും എന്നാണോ?" ഞാന്‍ ചോദിച്ചു.

"ഇത്‌ ഇപ്പോള്‍ പിന്‍ വലിച്ചാല്‍ 6500 രൂപയോളമേ കിട്ടൂ"

അത്‌ മനസ്സിലാക്കാന്‍ എനിക്ക്‌ ഒരു 2 മിനിട്ട്‌ എടുത്തു... കിലുക്കം സിനിമയില്‍ ഇന്നസെന്റ്‌ ലോട്ടറി നമ്പര്‍ വായിച്ചു കേട്ടപ്പോള്‍ പ്രകടിപ്പിച്ച അതേ എക്സ്പ്രഷന്‍...

"എത്ര്യാന്നാ പറഞ്ഞേ?" ഞാന്‍ വീണ്ടും..

"അതല്ല സാര്‍.. 6500 രൂപയേ ആകേ കിട്ടൂ..."

"അപ്പോ ബാക്കി നിങ്ങള്‍ കട്ടോ?" ഞാന്‍ അറിയാതെ ചോദിച്ചുപോയി.

"ആദ്യത്തെ തുകയില്‍ നിന്ന് അഡ്മിനിസ്റ്റ്രേഷന്‍ കോസ്റ്റ്‌ എല്ലാം കഴിഞ്ഞ്‌ ബാക്കി തുക ഷെയറില്‍ നിക്ഷേപിക്കും.. അതിന്റെ വാല്യൂ കൂടി വരുന്നതനുസരിച്ച്‌..................." ആ പയ്യന്‍ പുസ്തകം കാണിച്ച്‌ എന്നെ പഠിപ്പിക്കാന്‍ ഒരു ശ്രമം.

"നിക്ക്‌ നിക്ക്‌... അതൊക്കെ പോട്ടെ.... എന്നാലും ഇതല്‍പ്പം കടന്ന കൈയ്യായിപ്പോയി... പാവം പിടിച്ച ആളുകള്‍ പെന്‍ഷനില്‍ നിന്നും മറ്റും എടുത്ത്‌ അടക്കുന്ന കാശാണ്‌ നിങ്ങള്‍ ...." ദേഷ്യവും വിഷമവും നാക്കില്‍ വന്ന് കുമിഞ്ഞ്‌ കൂടിയിട്ട്‌ എനിക്ക്‌ മുഴുമിപ്പിക്കാന്‍ ആയില്ല.

ഞാന്‍ ഭാര്യയെ നോക്കി.. "നിന്റെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍..."

ഭാര്യ ഇത്‌ കേട്ട്‌ കണ്ണും മിഴിച്ച്‌ നില്‍പ്പാണ്‌... ഉടനേ ഫോണില്‍ അമ്മയെ വിളിച്ച്‌ വിവരം ചോദിച്ചു. അവര്‍ വളരെ കൃത്യമായി പറഞ്ഞു... ഈ പോളിസി എടുപ്പിച്ചപ്പോള്‍ വ്യക്തമായി ചോദിച്ചതാണെന്ന്... 3 വര്‍ഷം അടച്ചാല്‍ തുക തിരികെ കിട്ടും എന്ന് ഉറപ്പ്‌ പറഞ്ഞിട്ടാണ്‌ ഈ പോളിസി എടുത്തതെന്ന്..

"അതൊക്കെ പഴയ കഥ... ഇനി ഇപ്പോള്‍ എന്ത്‌ ചെയ്യാന്‍ പറ്റും? കിട്ടിയതുമായി പരിപാടി അവസാനിപ്പിക്കട്ടേ?" ഞാന്‍ ചോദിച്ചു.

വേറെ എന്താ വഴിയെന്ന് പറഞ്ഞു തരാന്‍ ആര്‍ക്കാ കഴിയുക?

ഒടുവില്‍ ഞാന്‍ നിര്‍വ്വികാരതയില്‍ ഇരിക്കുന്ന അവിടത്തെ പയ്യനോട്‌ ഒരല്‍പ്പം കടുപ്പിച്ചു..
"സുഹൃത്തേ... ഒന്നുകില്‍ നിങ്ങളുടെ പോളിസി എടുപ്പിക്കാന്‍ വരുന്ന ഡോഗിന്റെ മക്കള്‍ക്ക്‌ യാതൊരു വിവരവുമില്ല... അതല്ലെങ്കില്‍ 'പറ്റിച്ചിട്ട്‌ വാടാ' എന്ന് പറഞ്ഞ്‌ പഠിപ്പിച്ച്‌ വിടുന്ന വഹ.... ഇതിലേതാടോ ശരി?"

ചെക്കന്‍ മിണ്ടുന്നില്ല...

ഇവനോട്‌ പറഞ്ഞിട്ട്‌ എന്താക്കാനാ.... എന്നാല്‍ പിന്നെ അവന്റെ അഭിപ്രായം കൂടി അറിഞ്ഞേക്കാം എന്ന് വിചാരിച്ച്‌ ചോദിച്ചു..
"ഈ സംഭവം അധികം കാശ്‌ പോകാതെ എത്ര കാലം അടച്ചാല്‍ കിട്ടും?"

"സാര്‍.. ഇത്‌ ലൈഫ്‌ ലോങ്ങ്‌ പോളിസിയാണ്‌..."

"എന്ന് വച്ചാല്‍ എന്റെ കാലം കഴിയുന്നതുവരെ ഞാന്‍ നിങ്ങള്‍ക്ക്‌ കാശ്‌ തന്നുകൊണ്ടിരിക്കണം എന്നോ?"

"അതല്ല സാര്‍... ഒരു 10 വര്‍ഷമൊക്കെ കഴിഞ്ഞ്‌ പിന്‍ വലിച്ചാല്‍ ചാര്‍ജസ്‌ കുറയും, വാല്യൂ കൂടും.. അപ്പോള്‍ നഷ്ടം വരില്ല.." അവന്‍ വിശദീകരിച്ചു.

"ദിവസം തോറും പൂട്ടിപ്പോകുന്ന ഓഫീസുകളുള്ള നിങ്ങളുടെ കയ്യില്‍ 10 വര്‍ഷം?..." ഞാന്‍ അവനെ നോക്കി കോക്രി കാട്ടി.

"എടോ ഭാര്യേ... കിട്ടിയതും വാങ്ങി നമുക്ക്‌ അവസാനിപ്പിക്കണോ.. അതോ 5-10 വര്‍ഷം ഭാഗ്യം പരീക്ഷിച്ച്‌ ഭണ്ടാരത്തില്‍ ഇടണോ?" ഞാന്‍ അഭിപ്രായം ചോദിച്ചു.

"കിട്ടിയതും കൊണ്ട്‌ അവസാനിപ്പിക്കാം..." അവള്‍ക്കും സമ്മതം.

അങ്ങനെ, ഉള്ളത്‌ തന്ന് സഹായിച്ച്‌ ഞങ്ങളെ വിടണമേ എന്ന് അപേക്ഷിച്ച്‌ ഒരു കടലാസ്‌ പൂരിപ്പിച്ച്‌ നല്‍കി.

"നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ.." എന്ന് പ്രാകണമെന്നുണ്ടായിരുന്നു. പക്ഷേ, ഇനി പ്രാകാന്‍ പാകത്തിന്‌ സെറ്റപ്പ്‌ ഈ കമ്പനിക്ക്‌ ഉണ്ടോ എന്നറിയാത്തതിനാലും, നമ്മുടെ പ്രാകല്‍ കൊണ്ട്‌ ഇതിലും കൂടുതല്‍ കാശ്‌ വേറെ ആളുകള്‍ക്ക്‌ നഷ്ടപ്പെടേണ്ടല്ലെ എന്ന് കരുതിയും ആ പ്രാക്ക്‌ ഞാനങ്ങ്‌ വിഴുങ്ങി.

ഭാര്യയോട്‌ ഈ പോളിസി എടുപ്പിച്ച പോഴന്‍ ചെക്കന്റെ നമ്പര്‍ തരപ്പെടുത്താന്‍ പറഞ്ഞു. അവനിട്ട്‌ രണ്ട്‌ കീറ്‌ കൊടുത്തെങ്കിലും സമാധാനിക്കാന്‍ വേണ്ടി മാത്രം. പക്ഷേ, അവന്‍ ഇപ്പോള്‍ മദ്രാസില്‍ ആണത്രേ...

"ഇനി അവനെ മദ്രാസില്‍ അന്വേഷിച്ച്‌ കണ്ടുപിടിച്ച്‌.. ഹോ.... പോട്ടെ....3 വര്‍ഷം കൊണ്ട്‌ 12000 രൂപ പോയന്നല്ലേയുള്ളൂ.... വല്ല അസുഖവും വന്ന് ചിലവായാല്‍ ഇതിലും കഷ്ടം അല്ലേ... നമ്മളേ പറ്റിച്ചിട്ടാണെങ്കിലും അല്ലെങ്കിലും അവന്‍ നന്നായെങ്കില്‍ അങ്ങനെ ആകട്ടെ....." ഇങ്ങനെയെല്ലാം പിറുപിറുത്ത്‌ ഞങ്ങള്‍ അവൈവായുടെ പടിയിറങ്ങി...

അപ്പോഴും മനസ്സിന്റെ അഗാധ ഗര്‍ത്തത്തിലെവിടെയോ ഒരു നിലവിളി തങ്ങി നിന്നു...
"അവൈവാ.. അവ്വാ.. ഉവ്വാ..."